"കൃഷി ഇല്ലാത്ത ദിവസങ്ങളിൽ, ഞാൻ കാട്ടിലെ കർമത ഫലങ്ങളും മറ്റും ശേഖരിക്കും", ഗംഗെ പറഞ്ഞു. ബാലേംഗ പാഡ എന്ന ഇവരുടെ വാസസ്ഥലത്തിന് ചുറ്റുമുള്ള, ലാഊഡ് എന്ന വിശുദ്ധ ചെറുവനങ്ങളെ കുറിച്ചാണ് ഇവർ പറയുന്നത്. വലിയ ഇരുണ്ട പാറ കല്ലുകൾ ഈ പ്രദേശത്തു ചിതറിക്കിടക്കുന്നു. ചിലതു വീടുകളുടേയും, കാറുകളുടേയും വലുപ്പമുള്ളവയാണ്. കൂറ്റൻ വടവൃക്ഷങ്ങൾ ഗ്രാമത്തിനു തണലായി നിവർന്നു നിൽക്കുന്നു. അവയ്ക്കു ചുറ്റും പല വള്ളികളും പടർന്നു കയറിയിരിക്കുന്നു. ബസ്തറിലെ അമരാവതി വനത്തോട് ചേർന്നാണ് ബാലേംഗ പാഡ സ്ഥിതിചെയ്യുന്നത്. തെക്കൻ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് പട്ടണത്തിൽ നിന്നും എട്ടു മണിക്കൂർ ബസിൽ കുടുങ്ങിയും പിന്നെ വീണ്ടും രണ്ടു മണിക്കൂർ കാൽനടയായും യാത്ര ചെയ്തു വേണം ഈ ഗ്രാമത്തിൽ എത്താൻ. ഈ കൊച്ചു ഗ്രാമത്തിലെ പ്രധാന പാത മാത്രമേ ടാർ ചെയ്തിട്ടുള്ളൂ. ബാക്കി വഴികളെല്ലാം പൊടിയും പശുവിൻചാണകവും നിറഞ്ഞ മൺപാതകളാണ്. ബാലേംഗ പാഡയിലെ 336 (2011 സെൻസസ് പ്രകാരം) അന്തേവാസികൾ അവിടുത്തെ പ്രധാന റോഡിനു സമീപത്തായി 60 ഓളം വരുന്ന ചെറിയ ഒരുനില പുരകളിൽ താമസിക്കുന്നു. പുരകളിൽ മിക്കതും മണ്ണും ഇഷ്ടികയും ഉപയോഗിച്ച് നിർമ്മിച്ചവയാണ്. കോൺക്രീറ്റും തകരവും ആസ്ബെസ്റ്റോസും മറ്റും ഉപയോഗിച്ച് നിർമ്മിച്ച താരതമ്യേന പുതിയ വീടുകൾ പച്ചയും ഇളം ചുവപ്പുo കലർന്ന നിയോൺ നിറങ്ങളിൽ കാണാം.
ഗോണ്ഡ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഗംഗെയ്ക്കു 33 വയസാണ്. ഹൽബിയും ഗോണ്ഡിയും കുറച്ച് ഹിന്ദിയും ഇവർ സംസാരിക്കും. ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് അവരുടെ ജീവിതത്തെക്കുറിച്ച് എഴുതാൻ അവർ ഞങ്ങളെ അനുവദിച്ചു. വീട്ടുവേലകളിൽ മുഴുകിയും, അച്ഛന്‍റെ വയലിൽ സഹായിച്ചും, മഹുവ പൂക്കൾ ഉപയോഗിച്ച് പ്രതിവാര ചന്തയിൽ ( ഹാട് ) വിൽക്കാൻ മദ്യം നിർമ്മിച്ചും ഗംഗെ ദിവസങ്ങൾ ചിലവിടുന്നു. പുലർച്ചെ 5 മണിക്ക് ഇവരുടെ ദിവസം തുടങ്ങുന്നു. "ആദ്യം അന്നത്തെ പാചകത്തിന് ആവശ്യമുള്ള നെല്ല് കുത്തി തവിടു കളയും, പിന്നെ പാത്രങ്ങൾ കഴുകി അടുത്തുള്ള പമ്പിൽ നിന്ന് വെള്ളം നിറയ്ക്കും, വിറകു ശേഖരിക്കും, പ്രാതൽ തയ്യാറാക്കി 10 മണിയോടെ പാടത്തേക്കു പോകും." ഉച്ചക്ക് തിരികെ വന്ന് ഒരു കൊച്ചൂണിന് ശേഷം വീണ്ടും പാടത്തേക്കു മടങ്ങും. എന്നിട്ടു എല്ലാം കഴിഞ്ഞു 4 മണിക്ക് തിരിച്ചു വരും. "കുളിച്ച് കൂടുതൽ വെള്ളവും വിറകും കൊണ്ടുവരും, ചിലപ്പോൾ ചാണകത്തറ ഒന്നുകൂടെ മെഴുക്കും, എന്നിട്ടു അത്താഴത്തിന് ചോറും കറിയും (സസ്യാഹാരവും മാംസാഹാരവും) തയ്യാറാക്കും. വിശേഷ ദിവസങ്ങളിൽ പൂരിയും പായസവും (നുറുക്ക് ഗോതമ്പിന്‍റേത്) വെക്കും."
റോഡിനു തൊട്ടരികെയുള്ള വീട്ടിൽ ഗംഗെ താമസിക്കുന്നത് അമ്മ കുമേന്തി, അച്ഛൻ മംഗൽറാം, സഹോദരങ്ങളായ ശിവരാജ്, ഉമേഷ്, സഹന്ദയി, രത്നി, മക്കൾ - ജിതേശ്വരി (15), ജ്യോതി (13), പ്രതിമ (11) - എന്നിവരുടെ കൂടെയാണ്. ഗ്രാമത്തിന്‍റെ ഏക ജലസ്രോതസ്സായ വാട്ടർ പമ്പിന്‍റെ അടുത്താണ് ഇവരുടെ വീട്. ഇഷ്ടികകൊണ്ടുള്ള വീട്ടിലെ കളിമണ്ണിന്‍റെ മേൽക്കൂരയ്ക്ക് തെളിഞ്ഞ പച്ച നിറമാണ്. കതകിനു താഴെ നിലത്ത് നിറംകൊടുത്ത കുപ്പിവളകൾ കൊണ്ടുള്ള സൂത്രപ്പണികൾ കാണാം.
"പാടത്ത് (അച്ഛന്‍റെ 4 ഏക്കർ പാടം) ഞാൻ വരമ്പ് കെട്ടാനും വിളവെടുക്കാനും സഹായിക്കും". 5-ാം വയസ്സ് തൊട്ട് ഗംഗെ ഈ പാടത്തു പണിയെടുക്കുന്നതാണ്. ഇവിടെ നെല്ല്, പയർ വർഗ്ഗങ്ങൾ, മുതിര, എണ്ണക്കുരു തുടങ്ങിയവയാണ് കൃഷി. ഇവരുടെ വീടിനു പുറകിലുള്ള വലിയ പറമ്പിൽ റാഗി, ഉഴുന്ന്, ചില പച്ചക്കറികൾ തുടങ്ങിയവയും വളർത്തുന്നു. ജൂണിനും നവംബറിനും ഇടയ്ക്കുള്ള മഴയെ ആശ്രയിച്ചാണ് കൃഷി നനയ്ക്കുന്നത്.
"വേനൽ മാസങ്ങളിൽ നിലത്ത് വീണു കിടക്കുന്ന മഹുവ പൂക്കൾ ഞാൻ പെറുക്കി വലിയ പാറകൾക്കു മീതെ വെച്ച് ഉണക്കും. കുറച്ചു നാൾ മാറ്റിവച്ച ശേഷം അവ വെള്ളത്തിൽ കുതിർത്ത് പുളിപ്പിച്ചു മഹുവ മദ്യം (മാണ്ഡ്) ഉണ്ടാക്കും." ഗോണ്ഡ് ആദിവാസികളിൽ പലരും ഇതുപോലെ മഹുവ മദ്യം നിർമിക്കുന്നുണ്ട്. "ഒരു കുപ്പിക്ക് 50 രൂപ എന്നതാണ് കണക്ക്". 650 മില്ലിയുടെ ഒഴിഞ്ഞ ബിയർ കുപ്പികൾ ആണ് ഇവർ ഉപയോഗിക്കുന്നത്. 450-500 മില്ലി വരുന്ന ഒരു പൈന്‍റിനു (അഡ്ഡി) 25 രൂപയാണ് വില.
നൂറിലധികം സ്റ്റാളുകളുള്ള വെള്ളിയാഴ്ച ഹാട് കമ്പോളത്തിൽ കാൽനടയായോ ഇരുചക്ര വാഹനങ്ങളിലോ സൈക്കിളുകളിലോ 20 കി.മീ. അകലെ നിന്ന് വരെ ആളുകൾ വരും. വന വിഭവങ്ങൾ, പച്ചക്കറികൾ, പലഹാരങ്ങൾ, വറപൊരികൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക് സാധനങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ വാങ്ങാനും വിൽക്കാനുമായി ആളുകൾ കൂടും.
പൊതുവേ ശാന്തമായ സ്ഥലത്തെ, ഹാട് കമ്പോളം വര്‍ണ്ണശബളമാക്കുന്നു. ഇവിടെ വില്പനയ്ക്കായും കാഴ്ച്ചയ്ക്കായും മറ്റും വാളൻപുളി, മാങ്ങ, ആംചൂർ (ഉണക്കിയ മാങ്ങാ), കോലിയാരി ഭാജി (പച്ചക്കറിയായി ഉപയോഗിക്കുന്ന ഒരു തരം ഇല), ബോഹാഡ് ഇലകളും ഫലങ്ങളും, കർമത ഫലം (പച്ചക്കറിയായി ഉപയോഗിക്കുന്നത്), ബെഹഡ , ഹിർദാ (ഔഷധ ഫലങ്ങൾ), തേൻ, ടിക്കൂർ (ഒരു പ്രേത്യേക രുചിയുള്ള ഔഷധ വേര്), കോസം പഴം, തോര (മഹുവ എണ്ണക്കുരു), മഹുവ പൂക്കൾ, സാൽഫി (സാൽഫി പനയുടെ കറ), നെല്ലിക്ക, ചാർ കുരുക്കൾ ( ശ്രീഖണ്ഡ് പോലുള്ള പലഹാരങ്ങളുടെ മീതെ ഇടുന്നവ), ഔഷധ ഗുണമുള്ള ഭേൽവാ കുരു, പലതരം കൂണുകൾ, കുറെ കിഴങ്ങുകൾ, ഈന്തപ്പഴം, അത്തിപ്പഴം, ഞാവൽപ്പഴം, തേന്ദു പഴങ്ങള്‍ എന്നിവ ഉണ്ടാവും.
ഭക്ഷ്യവസ്തുക്കളല്ലാത്ത വനവിഭവങ്ങളും വിപണിയിൽ ലഭ്യമാണ്: സാൽ കുരുക്കൾ, കരഞ്ചി കുരുക്കൾ, ഗിർച്ചി കുരുക്കൾ, വഡാംഗുൽ കുരുക്കൾ. എല്ലാം എണ്ണക്കുരുക്കൾ ആക്കി സോപ്പായും മരുന്നായും ഉപയോഗിക്കാവുന്നവയാണ്. ഈന്തപ്പന ഇലകളുടേയോ, പുല്ലിന്‍റെയോ, മുളയുടെയോ ചൂലുകളും ഇവിടെ ലഭിക്കും.
ഉച്ചയ്ക്ക് തുടങ്ങുന്ന ചന്ത രാത്രി 7 മണിവരെ തിരക്കോടെ നീളും. സൂര്യൻ അസ്തമിച്ചു വെളിച്ചം മങ്ങി തുടങ്ങുമ്പോൾ എല്ലാം ഒതുക്കി കെട്ടി കടകൾ അടയ്ക്കാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങും. കച്ചവടക്കാർ അടുത്ത ചന്തയ്ക്കായി സാധനങ്ങൾ മാറ്റും. മേടിച്ച സാമഗ്രികളുമായി ബാലേംഗ പാഡയിലെ നിവാസികൾ വീടുകളിലേക്ക് മടങ്ങും. ഗംഗെയും അവരോടൊപ്പം പഴങ്ങളും പച്ചക്കറികളും ചിലപ്പോൾ ഒന്ന് രണ്ട് കുപ്പി ബാക്കിയുള്ള മദ്യവുമായി ( മാണ്ഡ് ) മടങ്ങും.
ചെറുപ്പത്തിൽ ഗംഗെക്ക് സ്കൂളിൽ പോകണമെന്നുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. "ഇന്ന് എന്‍റെ പെൺകുട്ടികൾ പഠിക്കുന്നത് ഓർത്തു അഭിമാനമുണ്ട്", ഗംഗെ പറഞ്ഞു. അവർ എന്നെങ്കിലും വിവാഹം ചെയ്തു സ്വന്തം ഭവനങ്ങളിൽ സന്തുഷ്ടരായി ജീവിക്കണം എന്ന് ഗംഗെ ആഗ്രഹിക്കുന്നു.
2002 ൽ, 17-ാമത്തെ വയസ്സിൽ, ഛേദിലാൽ സോധിയുമായി ഗംഗെ വിവാഹിതയായി. ഇവരുടെ സമുദായത്തിൽ പുരുഷന്‍റെയും സ്ത്രീയുടെയും സമ്മതത്തോടെയാണ് വിവാഹം നടക്കുക. ചടങ്ങുകൾ മണവാട്ടിയുടെ ഗ്രാമത്തിലും, പിന്നീട് ആഘോഷങ്ങൾ മണവാളന്‍റെ ഗ്രാമത്തിലുമായിരിക്കും.
"അച്ഛനും അമ്മയുമാണ് ഛേദിലാലിനെ എനിക്കുവേണ്ടി കണ്ടെത്തിയത്", ഗംഗെ പറഞ്ഞു. "പക്ഷെ കുറച്ചു വർഷങ്ങൾക്ക് മുൻപ്, അയാളുടെ മദ്യപാനവും മർദ്ദനവും കാരണം അയാളെ ഉപേക്ഷിച്ച് ഞാൻ കുട്ടികളുമായി ഇങ്ങോട്ടു പൊന്നു. എന്‍റെയും അയാളുടെയും മാതാപിതാക്കളും ഗ്രാമത്തിലെ മറ്റാളുകളും അയാളോട് സംസാരിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. കുറച്ചു നാളുകൾ കഴിഞ്ഞ് അയാൾ മരിച്ചു. പിന്നെ ഞാൻ അങ്ങോട്ട് പോയിട്ടില്ല."
ഗംഗെ പുനർവിവാഹം കഴിച്ചോ? "ഇല്ല, എന്‍റെ മക്കളെ വിട്ട് ഞാൻ ഇനി വേറെ വിവാഹം ചെയ്യില്ല. സ്വന്തം കാര്യത്തില്‍ ഞാൻ സന്തുഷ്ടയാണ്. എനിക്കിവിടെ എന്‍റെ വീട്ടിൽ കഴിഞ്ഞാൽ മതി".
ഞങ്ങളോടൊപ്പം സമയം ചിലവഴിച്ചതിനാൽ ഞങ്ങളുടെ ലേഖകർ പ്രയാഗ് ജോഷിയോടു നന്ദി അറിയിക്കുന്നു . സി . എഫ് . എലിലെ ഞങ്ങളുടെ അധ്യാപകരോടും , അവരുടെ സഹായത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും , നന്ദി പറയുന്നു .
ബാംഗ്ലൂരിലെ സെന്‍റർ ഫോർ ലേർണിംഗിലെ രണ്ടു ഹൈസ്കൂൾ വിദ്യാർത്ഥികൾ ഛത്തീസ്‌ഗഢിലേക്കു നടത്തിയ വിനോദയാത്രയിൽ കണ്ടുമുട്ടിയ കർഷകസ്ത്രീയുമായി പാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തിയ കൂടിക്കാഴ്ചയാണ് ഇവിടെ പകർത്തിയിരിക്കുന്നത് . ഗ്രാമീണ ഇന്ത്യയെ കുറിച്ചും , അവരുടെ പഠനങ്ങളെ എങ്ങനെ രേഖപെടുത്താം എന്നതിനെ കുറിച്ചും പാരി ഇവർക്ക് ഒരു സംക്ഷിപ്ത വിവരണം നൽകിയിട്ടുണ്ട് .
പരിഭാഷ: ഗ്രെയ്‌സ് പോൾ വല്ലൂരാൻ