ഷബോർപാഡയിൽ ഞാൻ എത്തുമ്പോൾ ഇരുട്ട് വീണിരുന്നു. ബാൻദുവാൻ താലൂക്കയിലെ കുൻചിയാ ഗ്രാമത്തിന്റെ അതിരിലായി, റോഡിൽനിന്ന് അല്പം മാറിയാണ് ആ പ്രദേശത്തെ പതിനൊന്ന് വീടുകൾ  പണിതിരിക്കുന്നത്- മണ്ണുകൊണ്ട് തീർത്തിട്ടുള്ള ഈ ചെറുവീടുകൾ സവർ (ഷബോർ എന്നും അറിയപ്പെടുന്നു) സമുദായക്കാരുടേതാണ്.

പാതി ഇരുൾമൂടിക്കിടക്കുന്ന ഈ വീടുകളുടെ പരിസരത്തുനിന്ന് ആരംഭിക്കുന്ന വനപ്രദേശം ക്രമേണ ഇടതൂർന്ന വനമായി വളർന്ന്  ദുവാർസിനി മലനിരകളിൽ ലയിക്കുന്നു. ഷാൽ, ഷേഗുൻ, പിയാൽ, പലാഷ് എന്നീ മരങ്ങൾ സമൃദ്ധമായിട്ടുള്ള  ഈ വനം ഷബോർ സമുദായക്കാർക്ക് പുഷ്പങ്ങളും ഫലങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെയും  ഉപജീവനമാർഗ്ഗങ്ങളുടെയും സ്രോതസ്സാണ്.

ഷബോർ സമുദായത്തെ പശ്ചിമ ബംഗാളിൽ പട്ടികവർഗ്ഗ സമുദായമായും ഡീനോട്ടിഫൈഡ് ട്രൈബായും (ഡി.എൻ.ടി)  പട്ടികപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന്റെ ക്രിമിനൽ ട്രൈബ്സ് ആക്ട് (സി.ടി.എ) പ്രകാരം 'ക്രിമിനൽ' എന്ന് മുദ്രകുത്തപ്പെട്ടിരുന്ന അനേകം സമുദായങ്ങളിൽ ഉൾപ്പെട്ടവരായിരുന്നു ഇക്കൂട്ടർ. 1952-ൽ ഇന്ത്യൻ സർക്കാർ ഈ നിയമം പിൻവലിച്ചതിനുശേഷം ഈ സമുദായങ്ങൾ ഡീനോട്ടിഫൈഡ് ട്രൈബ്സ് (ഡി.എൻ.ടി) അഥവാ നൊമാഡിക് ട്രൈബ്സ് (എൻ.ടി) എന്നാണ് അറിയപ്പെടുന്നത്.

ഷബോർപാഡയിലെ (ഷബോർപാറ എന്നും അറിയപ്പെടുന്നു) കുടുംബങ്ങൾ ഇന്നും വനത്തെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. അവരിലൊരാളാണ് 26  വയസ്സുകാരിയായ നേപ്പാളി ഷബോർ. ഭർത്താവ് ഘോൽട്ടുവും രണ്ട് പെൺമക്കളും കൈക്കുഞ്ഞായ മകനും ഉൾപ്പെടുന്ന നേപ്പാളിയുടെ കുടുംബം പുരുലിയ ജില്ലയിൽ ഒരു മൺകുടിലിലാണ് താമസിക്കുന്നത്. മൂത്ത കുട്ടി ഒമ്പത് വയസ്സുള്ള മകൾ 1-ആം ക്ലാസ്സിൽ പഠിക്കുന്നു. രണ്ടാമത്തെ മകൾ പിച്ചവെച്ചുനടക്കുന്ന പ്രായമാണ്. ഏറ്റവും ഇളയത് മകൻ. മുലകുടി മാറാത്ത കുഞ്ഞ്. സാലവൃക്ഷത്തിന്റെ (ഷോറിയ റോബസ്റ്റ) ഇലകളാണ് ഈ കുടുംബത്തിന്റെ വരുമാന സ്രോതസ്സ്.

PHOTO • Umesh Solanki

നേപ്പാളി ഷബോർ(വലത്) ഇളയ മകളായ ഹേമമാലിനിക്കൊപ്പം അവരുടെ വീടിന് പുറത്തിരിക്കുന്നു; അരികിൽ മകൻ സൂർദേബ്. ഇലകൊണ്ടുള്ള പ്ളേറ്റ് നിർമ്മിക്കാനായി അവർ സാൽ ഇലകൾ മുളക്കഷ്ണം കൊണ്ട് കോർക്കുന്നു

ഗ്രാമത്തിൽ താമസിക്കുന്ന 11 കുടുംബങ്ങളിൽ ഏഴെണ്ണത്തിലെ അംഗങ്ങൾ സാൽ ഇലകൾകൊണ്ടുള്ള പ്ളേറ്റുകൾ നിർമ്മിച്ച്, വിറ്റാണ് വരുമാനം കണ്ടെത്തുന്നത്. ദുവാർസിനി വനത്തിന്റെ ഭാഗമായ മരങ്ങൾ. മലനിരകളിലേയ്ക്ക് നീളുന്ന വനം. ഗ്രാമത്തിന് അതിരിടുന്ന മലനിരകൾ. "ഞങ്ങൾ ഇവിടെനിന്ന് രാവിലെ ഏകദേശം ഒൻപthuമണിക്ക് പുറപ്പെടും. ദുവാർസിനിയിൽ എത്താൻ ഒരു മണിക്കൂറെടുക്കും," നേപ്പാളി പറയുന്നു.

നേപ്പാളിയും ഭർത്താവും വനത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ്,  എല്ലാവർക്കും വേണ്ട ഭക്ഷണം പാകം ചെയ്യേണ്ടതുണ്ട്. വീടിന്റെ മുറ്റത്ത് അതിന്റെ തിരക്കുകളിൽ വ്യാപൃതയാണ് നേപ്പാളി. ഭർത്താവിനും മക്കൾക്കും ഭക്ഷണം നൽകി, മൂത്ത മകളെ സ്കൂളിലേയ്ക്ക് പറഞ്ഞയച്ച്, ഏറ്റവും ഇളയ കുഞ്ഞിനെ രണ്ടാമത്തെയാളെ ഏല്പിച്ചതിnuശേഷം വേണം അവർക്ക് ജോലിക്ക് പോകാൻ. അയൽവാസികൾ ആരെങ്കിലും ചുറ്റുവട്ടത്തുണ്ടെങ്കിൽ അവർ കുട്ടികളെ ഇടയ്ക്ക് ശ്രദ്ധിച്ചേക്കും.

നേപ്പാളിയും ഭർത്താവും ദുവാർസിനി വനത്തിൽ എത്തിയതും ജോലി തുടങ്ങി. 33 വയസ്സുകാരനായ ഘോൽട്ടു മരത്തിൽ കയറി ഒരു ചെറുകത്തി ഉപയോഗിച്ച് ചെറുതും വലുതുമായ ഇലകൾ മുറിച്ചു. അതേസമയം, നേപ്പാളി നിലത്തുനിന്ന് എളുപ്പത്തിൽ എത്തിപ്പിടിക്കാവുന്ന മരക്കൊമ്പുകളിലുള്ള ഇലകൾ പറിച്ചു. "ഞങ്ങൾ ഉച്ചയ്ക്ക് പന്ത്രണ്ടുമണിവരെ ഇലകൾ പറിക്കുകയും മുറിക്കുകയും ചെയ്യും. രണ്ട്, മൂന്ന് മണിക്കൂറെടുക്കുന്ന ജോലിയാണത്," അവർ പറയുന്നു. ഉച്ചയോടുകൂടി ഇരുവരും വീട്ടിലേയ്ക്ക് മടങ്ങും.

"വീട്ടിൽ എത്തിയതിനുശേഷം ഞങ്ങൾ ഒരിക്കൽക്കൂടി ഭക്ഷണം കഴിക്കും." അതിനുശേഷം ഘോൽട്ടുവിന് വിശ്രമിക്കാനുള്ള സമയമാണ്.  അദ്ദേഹത്തിന് ഉച്ചമയക്കം നിർബന്ധമാണെങ്കിലും നേപ്പാളി അപൂർവമായേ പകൽ ഉറങ്ങാറുള്ളൂ. ഒട്ടും സമയം കളയാതെ അവർ ഇലകളിൽനിന്ന് പ്ളേറ്റുകൾ ഉണ്ടാക്കാൻ തുടങ്ങുന്നു. എട്ടുമുതൽ പത്ത് സാൽ ഇലകൾ നേരിയ മുളക്കഷ്ണങ്ങൾകൊണ്ട് യോജിപ്പിച്ചാണ് ഒരു പ്ളേറ്റ് നിർമ്മിക്കുന്നത്. "അങ്ങാടിയിൽനിന്നാണ് ഞാൻ മുള വാങ്ങിക്കുന്നത്. 60 രൂപയ്ക്ക് ഒരു കഷ്ണം മുള വാങ്ങിച്ചാൽ, മൂന്ന് മുതൽ നാല് മാസംവരേയ്ക്ക് അത് ധാരാളമാണ്. നേപ്പാളിയാണ് മുള മുറിച്ച് ചെറുകഷണങ്ങളാക്കുന്നത്," ഘോൽട്ടു പറയുന്നു.

നേപ്പാളിക്ക് ഒരു പ്ളേറ്റുണ്ടാക്കാൻ ഒന്നോ രണ്ടോ നിമിഷം മതി. "ഞങ്ങൾ ഒരു ദിവസം 200-300 ഖാലി പത്തകൾ ഉണ്ടാക്കാറുണ്ട്," അവർ പറയുന്നു. ഖാലി പത്ത അഥവാ താല എന്നാണ് ഷബോർ സമുദായം ഈ പ്ളേറ്റുകളെ വിളിക്കുന്നത്. നേപ്പാളി ഒരു ദിവസത്തിൽ 8 മണിക്കൂർ ജോലി ചെയ്താൽ മേൽപ്പറഞ്ഞ അത്രയും പ്ളേറ്റുകളുടെ നിർമ്മാണം  പൂർത്തിയാക്കാനാകും.

PHOTO • Umesh Solanki

'അങ്ങാടിയിൽനിന്നാണ് ഞാൻ മുള വാങ്ങിക്കുന്നത്. 60 രൂപയ്ക്ക് ഒരു കഷ്ണം മുള വാങ്ങിച്ചാൽ, മൂന്ന് മുതൽ നാല് മാസം വരേയ്ക്ക് അത് ധാരാളമാണ്. നേപ്പാളിയാണ് മുള മുറിച്ച് ചെറുകഷണങ്ങളാക്കുന്നത്,' ഘോൽട്ടു ഷബോർ പറയുന്നു

പ്ളേറ്റുകളുടെ നിർമ്മാണം നേപ്പാളിയും വിൽപ്പന ഘോൽട്ടുവുമാണ് കൈകാര്യം ചെയ്യുന്നത്.

"ഞങ്ങൾക്ക് ഈ ജോലിയിൽനിന്ന് അധികം വരുമാനമൊന്നും ലഭിക്കുന്നില്ല. 100 പ്ളേറ്റുകൾക്ക് 60 രൂപയോ? ഒരു ദിവസത്തെ ജോലിക്ക് ഞങ്ങൾക്ക് കഷ്ടി 150-200 രൂപയാണ് സമ്പാദിക്കാനാകുന്നത്. ഒരു കച്ചവടക്കാരൻ ഇവിടെ വീട്ടിൽ വന്ന് ഞങ്ങളുടെ അടുക്കൽനിന്ന് പ്ളേറ്റുകൾ വാങ്ങിക്കുകയാണ് പതിവ്," ഘോൽട്ടു പറയുന്നു. ഒരു പ്ളേറ്റിന് 60 മുതൽ 80 പൈസയാണ് ഇവർക്ക് ലഭിക്കുന്നത്. സംസ്ഥാനത്ത്  മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ അവിദഗ്ധ തൊഴിലാളികൾക്ക് ലഭിക്കുന്ന താരതമ്യേന തുച്ഛമായ ദിവസക്കൂലിയേക്കാൾ കുറവാണ് ഇരുവരും ചേർന്ന് ഒരു ദിവസം സമ്പാദിക്കുന്ന 250 രൂപ.

"അദ്ദേഹം എന്നെ സഹായിക്കാറുണ്ട്," നേപ്പാളിയുടെ കഠിനാധ്വാനമോർത്ത് ഞാൻ അത്ഭുതം കൂറിയതിനു പ്രതികരണമായി അവർ തന്റെ ഭർത്താവിനെ ന്യായീകരിക്കാനെന്നോണം പറഞ്ഞു. "അദ്ദേഹം ഒരു പച്ചക്കറിക്കച്ചവടക്കാരന് കീഴിലും ജോലി ചെയ്യുന്നുണ്ട്. എല്ലാ ദിവസവും ജോലി ഉണ്ടാകില്ലെങ്കിലും അവർ വിളിക്കുന്ന ദിവസങ്ങളിൽ 200 രൂപ കൂലി കിട്ടും. ആഴ്ചയിൽ രണ്ട്, മൂന്ന് തവണ ആ ജോലിയുണ്ടാകും," അവർ കൂട്ടിച്ചേർക്കുന്നു.

"ഈ വീട് എന്റെ പേരിലാണ്," നേപ്പാളി പൊടുന്നനെ കൂട്ടിച്ചേർക്കുന്നു. ഒരു നിമിഷത്തെ മൗനത്തിനുശേഷം പൊട്ടിച്ചിരികളുയർന്നു. നേപ്പാളിയുടെ കണ്ണുകളിൽ തിളക്കം. അവയിൽ അവളുടെ കുഞ്ഞ് മൺകുടിലും പ്രതിഫലിക്കുന്നു.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Umesh Solanki

उमेश सोलंकी अहमदाबाद स्थित छायाचित्रकार, बोधपटकार आणि लेख आहेत. त्यांनी पत्रकारितेत पदव्युत्तर शिक्षण घेतलं असून मुशाफिरी करायला त्यांना आवडतं.

यांचे इतर लिखाण Umesh Solanki
Editor : Pratishtha Pandya

प्रतिष्ठा पांड्या पारीमध्ये वरिष्ठ संपादक असून त्या पारीवरील सर्जक लेखन विभागाचं काम पाहतात. त्या पारीभाषासोबत गुजराती भाषेत अनुवाद आणि संपादनाचं कामही करतात. त्या गुजराती आणि इंग्रजी कवयीत्री असून त्यांचं बरंच साहित्य प्रकाशित झालं आहे.

यांचे इतर लिखाण Pratishtha Pandya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

यांचे इतर लिखाण Prathibha R. K.