"ഗുലാം നബി, നിന്റെ കണ്ണുകൾ നാശമാവുമല്ലോ. എന്താണീ ചെയ്യുന്നത്? പോയി കിടന്നുറങ്ങൂ."
ഞാൻ രാത്രിയാവോളം മരപ്പണിയിൽ ഏർപ്പെട്ടിരിക്കുന്നത് കാണുമ്പോൾ അമ്മയിതാണ് പറയാറുള്ളത്. എത്ര ചീത്ത കേട്ടാലും ഞാൻ നിർത്താറുമില്ലായിരുന്നു! 60 കൊല്ലത്തോളം ഈ ശില്പവിദ്യ പരിശീലിച്ചാണ് ഞാൻ ഇന്നിവിടെയെത്തി നിൽക്കുന്നത്.
എപ്പോഴാണ് ജനിച്ചതെന്ന് കൃത്യമായി അറിയില്ലെങ്കിലും, പ്രായം എഴുപതുകളിലാണ് ഇന്ന്. ഈ നഗരത്തിലെ മാലിക് സാഹിബ് സഫക്കദൽ പ്രദേശത്താണ് ഇക്കാലമത്രയും ഞാൻ ജീവിച്ചത്. ഞാൻ പഠിച്ചത് ഇവിടെയടുത്തുള്ളൊരു പ്രൈവറ്റ് സ്കൂളിലാണ്, പക്ഷേ എന്റെ കുടുംബത്തിന്റെ അന്നത്തെ സാമ്പത്തികസ്ഥിതി കാരണം എനിക്ക് മൂന്നാം ക്ലാസ്സിൽ പഠനം നിർത്തേണ്ടിവന്നു. എന്റെ അച്ഛൻ, അലി മുഹമ്മദ് ദാർ, തൊട്ടടുത്തുള്ള ജില്ലയായ അനന്ത്നാഗിൽ ജോലി ചെയ്തിരുന്നുവെങ്കിലും, എനിക്ക് 10 വയസ്സുള്ളപ്പോൾ അദ്ദേഹം ശ്രീനഗറിലേക്കുതന്നെ മടങ്ങിവന്നു.
അങ്ങനെ എന്റെ അമ്മയും അസിയും പിന്നെ 12 മക്കളുമടങ്ങുന്ന കുടുംബത്തെ പരിപാലിക്കാനായി, അദ്ദേഹം നഗരത്തിൽ പച്ചക്കറികളും പുകയിലയും വിൽക്കാൻ തുടങ്ങി. ഏറ്റവും മൂത്ത മകനെന്ന നിലക്ക് ഞാനും എന്റെ സഹോദരൻ ബഷീർ അഹമ്മദ് ദാറും അച്ഛനെ സഹായിച്ചിരുന്നു. അധികം പണിതിരക്കുകളൊന്നുമില്ലാതിരിക്കുമ്പോൾ ഞങ്ങൾ കറങ്ങിനടക്കുന്നത് കണ്ട് എന്റെ മാമനാണ് (മാതൃസഹോദരൻ) ഒരിക്കൽ എന്റെയച്ഛനെ ഉപദേശിച്ചത്. ഞങ്ങളെ മരംകൊത്തുപണിക്കു വിടാൻ അദ്ദേഹമാണ് പ്രേരിപ്പിച്ചത്.
അങ്ങനെ ഞങ്ങൾ മറ്റ് കൈത്തൊഴിലാളികളോടൊപ്പം പോളിഷ് ചെയ്ത് മിനുസപ്പെടുത്തിയ അകരോട്ടു മരത്തിന്റെ തടിയിൽ, കൊത്തുപണി ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ ആദ്യത്തെ തൊഴിലുടമ ഏകദേശം രണ്ടര രൂപ വീതമാണ് ഞങ്ങൾക്ക് നൽകിയിരുന്നത്. 2 കൊല്ലത്തോളം അദ്ദേഹത്തോടൊപ്പം ജോലി ചെയ്തതിനുശേഷമായിരുന്നു അതുപോലും കിട്ടിത്തുടങ്ങിയത്.
ഞങ്ങളുടെ രണ്ടാമത്തെ ഗുരു, അബ്ദുൾ അസീസ് ഭട്ട്, ഞങ്ങളുടെ അയൽക്കാരനായിരുന്നു. കരകൗശലവസ്തുക്കൾ നിർമിക്കുന്ന കശ്മീരിലെ ഒരു വലിയ കമ്പനിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മറ്റു രാജ്യങ്ങളിൽനിന്നുപോലും ആവശ്യക്കാർ വരാറുണ്ടായിരുന്നു അവിടെ. ശ്രീനഗറിലെ റൈനാവാരി പ്രദേശത്തുള്ള ഞങ്ങളുടെ നിർമാണശാലയിൽ വേറെയും ധാരാളം വിദഗ്ദ്ധരായ കൊത്തുപണിക്കാരുണ്ടായിരുന്നു. ഞാനും ബഷീറുമവിടെ 5 വർഷമാണ് തൊഴിലാളികളായി ജോലിചെയ്തത്. ഓരോ ദിവസവും 7 മണിക്ക് തുടങ്ങിയാൽ സന്ധ്യയാവോളം ഞങ്ങൾ പണിപ്പുരയിലായിരിക്കും. ആഭരണപ്പെട്ടികൾ, മേശകൾ, വിളക്കുകൾ തുടങ്ങി എല്ലാറ്റിലും ഞങ്ങൾ ശില്പങ്ങൾ കൊത്താറുണ്ടായിരുന്നു. വീട്ടിൽ തിരിച്ചെത്തിയത്തിനുശേഷം ചെറിയ മരക്കഷണങ്ങളിൽ ഞാൻ കൊത്തി പരിശീലിക്കുകയും ചെയ്തിരുന്നു.
കൊത്തുപണി കഴിഞ്ഞ ഉത്പന്നങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന ഒരു മുറിയുണ്ടായിരുന്നു കമ്പനിയിൽ. അതെപ്പോഴും പൂട്ടിയിട്ടിരിക്കുകയാവും. ഒരു ദിവസം, ഞാൻ ആരുമറിയാതെ അതിനുള്ളിലേക്ക് കയറി നോക്കി. അവിടെയെമ്പാടും നിറച്ചുവെച്ചിരിക്കുന്ന മരങ്ങളുടെയും പക്ഷികളുടെയും മറ്റ് സൃഷ്ടികളുടേയും ചിത്രങ്ങൾ കണ്ടപ്പോൾ, സ്വർഗവാതിൽ കടന്നുചെന്നെത്തിയ പ്രതീതിയായിരുന്നു എനിക്ക്. കൊത്തുപണിയെന്ന ഈ കലയിൽ പാടവം നേടുകയെന്നതായി. അങ്ങനെ അന്നുമുതൽ എന്റെ ജീവിതലക്ഷ്യം. അവിടുത്തെ വൈവിധ്യമാർന്ന കൈപ്പണികൾ നിരീക്ഷിക്കാനായി ആരുമറിയാതെ ആ മുറിയിലേക്ക് ഇടയ്ക്കിടെ കയറുകയും, അവ സ്വയം മരത്തിൽ കൊത്തി പരീക്ഷിച്ചുനോക്കുകയും എന്റെ പതിവായിമാറി. അങ്ങനെയൊരിക്കൽ ഞാൻ കയറിയത് മറ്റൊരു തൊഴിലാളി കാണുകയും ഞാനെന്തോ മോഷ്ടിക്കാൻ കയറിയതാണെന്ന് തെറ്റിദ്ധരികയും ചെയ്തു. പക്ഷേ എനിക്കീ കലയോടുള്ള സ്നേഹം ബോധ്യമായപ്പോൾ, അദ്ദേഹം എന്നെ വെറുതെ വിടുകയാണുണ്ടായത് .
ആ മുറിയിലെ കൊത്തുപണികൾ നിരീക്ഷിച്ച് സ്വായത്തമാക്കിയതിൽക്കവിഞ്ഞൊരു പഠനം എനിക്കെവിടെനിന്നും ലഭിച്ചിട്ടില്ല.
പണ്ട് ചിനാർ മരങ്ങളും (പ്ലറ്റാനസ് ഒറിയന്റാലിസ്), മുന്തിരികളും റോസാപ്പൂവും താമരപ്പൂവുമെല്ലാം കൊത്തുപണികളിൽ ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴാകട്ടെ റോസാപ്പൂക്കൾക്ക് പകരം കൂടുതൽ എളുപ്പമുള്ള രൂപങ്ങൾ കൊത്തുന്നതിനോടാണ് ആളുകൾക്ക് താത്പര്യം. ഇത്തരം പരമ്പരാഗതമായ ചിത്രപ്പണികൾ വീണ്ടെടുക്കാനും സവിശേഷമായ 12 ചിത്രണങ്ങളെങ്കിലും രൂപകൽപ്പന ചെയ്യാനും എനിക്ക് സാധിച്ചിട്ടുണ്ട്. അവയിൽ 2 എണ്ണം വിറ്റു പോയി; അതിലൊന്ന് മേശയിൽ കൊത്തിയ താറാവിന്റെയും മറ്റൊന്ന് ഒരു വള്ളിച്ചെടിയുടെയും രൂപങ്ങളായിരുന്നു.
1984-ൽ ഞാൻ രൂപകല്പന ചെയ്ത 2 കൊത്തുപണികൾ, ജമ്മു കാശ്മീരിന്റെ, ഡയറക്ടറേറ്റ് ഓഫ് ഹാൻഡിക്രാഫ്റ്റ്സ് കൊടുക്കുന്ന സംസ്ഥാന അവാർഡിനായി സമർപ്പിച്ചിരുന്നു. എന്റെ 2 ചിത്രങ്ങൾക്കും അവാർഡ് ലഭിച്ചു. അതിലൊരു ദൃശ്യം ജമ്മു കശ്മീരിലെ ഒരു ഗ്രാമത്തിൽ നടന്ന പഞ്ചായത്ത് സഭയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വിവിധ സമുദായങ്ങളിൽപ്പെട്ട മനുഷ്യർ - സിഖുകാർ, മുസ്ലിങ്ങൾ, പണ്ഡിറ്റുകൾ എന്നിങ്ങനെ പലരും - ഒരു മേശക്ക് ചുറ്റും ഇരിക്കുന്ന ചിത്രമായിരുന്നു അതിലൊന്ന്. അവരുടെ കൂടെ കുറച്ചു കുട്ടികളേയും കോഴികളേയും ഞാൻ കൊത്തിവെച്ചു. കൂട്ടത്തിൽ ഒരു മേശപ്പുറത്ത് സമോവറും ചായ നിറച്ച പാത്രങ്ങളും ഒരു ഹുക്കയും പുകയിലയും ഇരിക്കുന്നതായും കാണിച്ചു.
അതിൽ വിജയിച്ചുകഴിഞ്ഞപ്പോൾ, 1995-ലെ ദേശീയ അവാർഡിനായി എന്റെ തനതായ ചില കൊത്തുപണികൾ സമർപ്പിക്കാനുള്ള പ്രചോദനം കിട്ടി. ഇത്തവണ ഒരു പെട്ടിയിലായിരുന്നു ഞാൻ കൊത്തുപണി ചെയ്തത്. ഓരോ മൂലയിലും ഓരോ മുഖഭാവവും വികാരവും ഞാൻ കൊത്തിപണിയിലൂടെ ആവിഷ്കരിച്ചു; ചിരിയിലൂടെ ആനന്ദവും, കണ്ണീരിലൂടെ ദുഖവും, ദേഷ്യവും ഭയവും അങ്ങിനെ നിരവധി ഭാവങ്ങൾ. ഈ ചിത്രങ്ങൾക്കിടയിലായി ഞാൻ 3D പുഷ്പങ്ങളും തീർത്തു. എന്റെ ആദ്യത്തെ ശ്രമത്തിനും എനിക്ക് അവാർഡുകൾ ലഭിച്ചിരുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ തുണിവ്യവസായ മന്ത്രാലയത്തിലെ, ഹാൻഡിക്രാഫ്റ്റ്സ് വികസനകാര്യ കമ്മിഷണർക്കും ഹാൻഡ്‌ലൂം വികസനകാര്യ കമ്മിഷണർക്കും വേണ്ടി, അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ശങ്കർ ദയാൽ ശർമ്മയാണ് എനിക്ക് അവാർഡ് നൽകിയത്. "ഇന്ത്യൻ കരകൗശല സംസ്കാരത്തിലെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള" എന്റെ സംഭാവനകളെ അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു അവാർഡ്.
ഇതോടുകൂടി, കൊത്തുപണികൾക്ക് 1,000 രൂപ തന്നിരുന്ന ആളുകൾ എനിക്ക് 10,000 രൂപയോളം തന്നുതുടങ്ങി. ഈ സമയത്താണ് എന്റെ ആദ്യഭാര്യയായിരുന്ന മെഹ്ബൂബയുടെ വേർപാടുണ്ടായത്. ഞങ്ങളുടെ മൂന്ന് മക്കളും തീരെ ചെറുതായിരുന്നതിനാൽ എന്നോട് മാതാപിതാക്കൾ പുനർവിവാഹം ചെയ്യാൻ പറഞ്ഞു. എന്റെ മകനും മകളും പന്ത്രണ്ടാം ക്ലാസ്സുവരെയും എറ്റവും ഇളയമകൾ അഞ്ചാം ക്ലാസ്സുവരെയുമാണ് പഠിച്ചത്. മൂത്തമകനായ ആബിദിനു 34 വയസ്സായി, അവൻ എന്നോടൊപ്പമാണ് ജോലി ചെയ്യുന്നത്. 2012-ൽ ആദ്യ ശ്രമത്തിൽത്തന്നെ അവന് സംസ്ഥാന അവാർഡ് കിട്ടിയിരുന്നു.
എന്റെ ചില ഗുരുക്കന്മാരാണ് എന്റെ ജീവിതത്തെ ഇക്കാലത്തിനുള്ളിൽ മാറ്റിമറിച്ചത്. അവരിൽ ഒരാൾ നൂർ ദിൻ ഭട്ടായിരുന്നു, ശ്രീനഗറിലെ ഞങ്ങളുടെ പ്രദേശത്തു അദ്ദേഹം നൂർ-റോർ-തോയ്ക് എന്നാണറിയപ്പെട്ടിരുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യരിലൊരാളാണ് അദ്ദേഹം.
അദ്ദേഹത്തിനെ ഞാൻ കണ്ടുമുട്ടുന്നത്, ശരീരത്തിന്റെ വലതുഭാഗം തളർന്ന് അദ്ദേഹം കിടപ്പിലായിരിക്കുമ്പോഴാണ്. എനിക്കന്ന് നാല്പത് കഴിഞ്ഞിരുന്നു. ഫാക്ടറികളിൽനിന്ന് ആളുകൾ മരപ്പലകകളും ടീപ്പോയികളും അദ്ദേഹത്തെ ഏൽപ്പിക്കാറുണ്ടായിരുന്നു. അദ്ദേഹം കിടക്കയിലിരുന്നുകൊണ്ടുതന്നെ അവയിൽ കൊത്തുപണികൾ ചെയ്യും. അതിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ട് തന്റെ ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തെ പരിപാലിക്കുകയും എന്നെയും എന്റെ സഹോദരനെയുംപോലുള്ള ചില ചെറുപ്പക്കാർക്ക് ഈ കരവിരുത് അഭ്യസിപ്പിച്ചുതരികയും ചെയ്തിരുന്നു. ഞങ്ങളെയും ഈ കൈത്തൊഴിൽ അഭ്യസിപ്പിക്കുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ, "നിങ്ങൾ കുറച്ചു വൈകിപ്പോയല്ലോ", എന്നാണദ്ദേഹം തമാശയെന്നോണം പറഞ്ഞത്.
ഉപകരണങ്ങളും ഉരകടലാസ്സുമുപയോഗിച്ച് ജീവനുള്ള ചിത്രങ്ങൾ മരത്തിൽ തീർക്കുവാൻ പഠിപ്പിച്ചത് എന്റെ ആ ഗുരുവാണ്. മുന്നോട്ടുള്ള വഴിയറിയാതെ എന്നെങ്കിലും നിൽക്കേണ്ടിവന്നാൽ ഒരു പൂന്തോട്ടത്തിൽ പോയാൽ മതിയെന്നാണ് മയ്യത്താവും മുന്നേ, അദ്ദേഹമെന്നെ ഉപദേശിച്ചത്. "അല്ലാഹുവിന്റെ പടപ്പുകളിലുള്ള വളവുകളും വരകളും കണ്ട് പഠിക്കൂ." മറ്റുള്ളവർക്കും ഇത് പകർന്നുനൽകി ഈ പാരമ്പര്യം തുടർന്നുപോരാൻ എനിക്ക് പ്രചോദനമായത് അദ്ദേഹമാണ്.
പണ്ടൊക്കെ എന്റെ കൈകൾ ഇതിലും വേഗത്തിൽ ചലിച്ചിരുന്നു; ഒരു യന്ത്രംപോലെ പണിയെടുത്തിരുന്നു ഞാൻ. വയസ്സായതോടെ കൈകൾക്ക് വേഗം നഷ്ടപ്പെട്ടിരിക്കുന്നു, പക്ഷേ ഞാനെപ്പോഴും കൃതാർത്ഥനാണ്.
പരിഭാഷ: ആർദ്ര ജി. പ്രസാദ്