ടക്ക്-ടക്ക്-ടക്ക് !
താളത്തിലുള്ള ഈ ശബ്ദം ഉയരുന്നത് കൊടവട്ടിപൂഡിയിലുള്ള, ടാർപ്പായകൊണ്ട് മറച്ച ഒരു കുടിലിനുള്ളിൽനിന്നാണ്. മൂലംപാക ഭദ്രരാജു, ഒരു ചെക്ക സുത്തികൊണ്ട് ഒരു കലത്തിൽ മേടുകയാണ്. കലത്തിന് പൂർണ്ണവൃത്താകൃതി പകരാൻ ഉപയോഗിക്കുന്ന, തുഴയുടെ ആകൃതിയിലുള്ള, തടിയിൽ തീർത്ത ചെറിയ ചുറ്റികയാണ് ചെക്ക സുത്തി.
"കട്ടിയുള്ള ചെക്ക സുത്തി കലത്തിന്റെ അടിഭാഗം മൂടുന്നതിനുള്ളതാണ്. സാധാരണ വലിപ്പത്തിലുള്ളത് അടിഭാഗം മിനുസപ്പെടുത്താനും. ഏറ്റവും കട്ടി കുറഞ്ഞ ചെക്ക സുത്തികൊണ്ടാണ് കലം ഒന്നാകെ മിനുസപ്പെടുത്തുന്നത്," ആവശ്യത്തിനനുസരിച്ച് ചുറ്റികകൾ മാറ്റി ഉപയോഗിക്കുന്ന 70 വയസ്സുകാരൻ ഭദ്രരാജു പറയുന്നു.
സാധാരണ വലിപ്പത്തിലുള്ള, കട്ടി കുറഞ്ഞ ചുറ്റിക പനമരത്തിന്റെ (ബൊറാസസ് ഫ്ലാബല്ലിഫർ) തടികൊണ്ടും ഏറ്റവും കട്ടിയുള്ളത് അർജ്ജുന മരത്തിന്റെ (ടെർമിനാലിയ അർജ്ജുന) തടികൊണ്ടുമാണ് നിർമ്മിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഏറ്റവും നേരിയ ചുറ്റികകൊണ്ട് അദ്ദേഹം ജോലി ചെയ്ത് തുടങ്ങുമ്പോൾ, മേടുന്നതിന്റെ ശബ്ദവും കുറഞ്ഞുവരുന്നു.
20 ഇഞ്ച് വ്യാസമുള്ള ഒരു വലിയ കലത്തിന് ആകൃതി പകരാൻ അദ്ദേഹത്തിന് ഏകദേശം 15 നിമിഷമെടുക്കും. അതിനിടെ, കലത്തിന്റെ ഒരു വശത്ത് വിള്ളൽ വീഴുകയോ പൊട്ടുകയോ ചെയ്താൽ, ആ ഭാഗത്ത് അല്പം കളിമണ്ണ് ചേർത്ത് അത് മേടുന്ന പ്രക്രിയ അദ്ദേഹം തുടരുന്നു.
ഭദ്രരാജു 15 വയസ്സ് മുതൽ മൺപാത്രങ്ങൾ നിർമ്മിക്കുന്ന ജോലി ചെയ്യുകയാണ്. അനകാപള്ളി ജില്ലയിലെ കൊടവട്ടിപൂഡി ഗ്രാമത്തിൽ താമസിച്ച് ജോലി ചെയ്യുന്ന അദ്ദേഹം, ആന്ധ്രാ പ്രദേശിൽ മറ്റ് പിന്നാക്കവിഭാഗമായി പരിഗണിക്കപ്പെടുന്ന കുമ്മാര സമുദായാംഗമാണ്.
എഴുപതുകളിലെത്തിയ ഈ മൺപാത്ര നിർമ്മാതാവ്, 15 വർഷം മുൻപ് അദ്ദേഹം 1,50,000 രൂപ നൽകി വാങ്ങിയ അരയേക്കർ ഭൂമിയിലുള്ള കുളത്തിൽനിന്നാണ് കലം നിർമ്മിക്കാനുള്ള കളിമണ്ണെടുക്കുന്നത്. ഇതിനുപുറമേ, അയൽഗ്രാമമായ കോട്ട ഉരട്ട്ലയിൽനിന്നുള്ള, മണലും മണ്ണും ചരൽക്കല്ലും ലഭ്യമാക്കുന്ന വിതരണക്കാരനിൽനിന്ന് 400 കിലോ എറ മട്ടി (ചുവന്ന കളിമണ്ണ്) തന്റെ ഭൂമിയിലെത്തിക്കാൻ അദ്ദേഹം ഒരു വർഷം 1,000 രൂപയും ചിലവാക്കുന്നു.
പനയോലയും ടാർപ്പായയുംകൊണ്ട് മേൽക്കൂര തീർത്ത രണ്ട് കുടിലുകൾ അദ്ദേഹം തന്റെ ഭൂമിയിൽ നിർമ്മിച്ചിട്ടുണ്ട്. മഴക്കാലത്തും തടസ്സങ്ങളൊന്നും നേരിടാതെ വർഷത്തിലുടനീളം ജോലി ചെയ്യാൻ അടച്ചുറപ്പുള്ള ഈ കൂരകൾ അദ്ദേഹത്തെ സഹായിക്കുന്നു. ഒരു കുടിലിൽവെച്ച് കലങ്ങൾ ഉണ്ടാക്കുകയും ആകൃതിപ്പെടുത്തുകയും രണ്ടാമത്തെ, ചെറിയ കൂരയിൽവെച്ച് അവ ചുട്ടെടുക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. "200-300 കലങ്ങൾ ഉണ്ടെങ്കിൽ, ഞങ്ങൾ അവ ഉണങ്ങിയ വിറക് കത്തിച്ച്, അതിനുമുകളിൽവെച്ച് ചുട്ടെടുക്കും," അദ്ദേഹം പറയുന്നു. സമീപത്തുള്ള തുറസ്സായ മൈതാനത്തുനിന്നാണ് വിറക് ശേഖരിക്കുന്നത്. "കുടിലിനുള്ളിലാണ് അവ (കലങ്ങൾ) ഉണക്കാൻ വെക്കുന്നത്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തന്റെ സമ്പാദ്യം ഉപയോഗിച്ചാണ് അദ്ദേഹം ഈ ഭൂമി വാങ്ങിച്ചത്. "അവർ (പ്രാദേശിക ബാങ്കുകൾ) എനിക്ക് വായ്പ തന്നില്ല. ഞാൻ ഇതിനുമുൻപ് പലതവണ അവരുടെ അടുക്കൽ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ആരും എനിക്ക് വായ്പ അനുവദിച്ചിട്ടില്ല." തനിക്ക് ഉത്പാദിപ്പിക്കാനാകുന്ന കലങ്ങളുടെ എണ്ണത്തിൽ അനിശ്ചിതത്വം ഉള്ളതുകൊണ്ട് സ്വകാര്യ പണമിടപാടുകാരിൽനിന്ന് കടം വാങ്ങാൻ അദ്ദേഹത്തിന് താത്പര്യമില്ല- അദ്ദേഹം ഓരോ 10 കാലം ഉണ്ടാക്കുന്നതിനിടെയും 1-2 എണ്ണം പൊട്ടിപ്പോകാറുണ്ട്. "എല്ലാ കലങ്ങളും ശരിക്ക് ഉണങ്ങില്ല, ചിലത് ഉണങ്ങുന്നതിനിടെ പൊട്ടിയടരും," കുടിലിന്റെ ഒരു മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന ഒരു ഡസനോളം പൊട്ടിയ കലങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു.
ഒരു കലത്തിന്റെ നിർമ്മാണപ്രക്രിയ തുടക്കംമുതൽ ഒടുക്കംവരെ പൂർത്തിയാക്കാൻ സാധാരണ ഒരുമാസമെടുക്കും; ദിവസേന ഏതാണ്ട് 10 മണിക്കൂർ അദ്ദേഹം ജോലി ചെയ്യാറുണ്ട്. "എന്റെ ഭാര്യകൂടി സഹായിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് ഒരു ദിവസം 20-30 കലങ്ങൾവരെ ആകൃതിപ്പെടുത്താനാകും," മേടുന്നതിനൊപ്പം സംസാരം തുടരുമ്പോഴും ഇടയ്ക്കിടെ ചില കാര്യങ്ങൾ ഊന്നിപ്പറയാനായി ജോലി നിർത്തുന്ന അദ്ദേഹം പറയുന്നു. ഒരുമാസം അവസാനിക്കുമ്പോഴേക്കും അദ്ദേഹം കഷ്ടി 200-300 കലങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും.
ഭാര്യയും മൂന്ന് പെൺമക്കളും ഒരു മകനുമുൾപ്പെടെ ആറ് പേരടങ്ങുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഒരേയൊരു വരുമാനമാർഗ്ഗമാണിത്. "ഇതിൽനിന്നുള്ള വരുമാനം മാത്രം" കൊണ്ടാണ് താൻ വീട്ടുചിലവുകളും മക്കളുടെ വിവാഹവും നടത്തിയതെന്ന് അദ്ദേഹം പറയുന്നു.
വിശാഖപ്പട്ടണം, രാജമണ്ഡ്രി എന്നിവിടങ്ങളിൽനിന്നുള്ള മൊത്തക്കച്ചവടക്കാർക്കാണ് ഭദ്രരാജു തന്റെ കലങ്ങൾ വിൽക്കുന്നത്. അവർ എല്ലാ ആഴ്ചയും ഗ്രാമത്തിലെ ഏതാണ്ട് 30 കുമ്മരന്മാരിൽനിന്ന് കലങ്ങൾ ശേഖരിക്കുന്നുണ്ട്. പിന്നീട്, ഈ കലങ്ങൾ വിവിധ ആവശ്യങ്ങൾക്കായി വിപണിയിൽ വിൽക്കുന്നു. "പാചകത്തിനും പശുക്കിടാങ്ങൾക്ക് വെള്ളം വയ്ക്കുവാനും അങ്ങനെ എന്ത് ആവശ്യത്തിനും ഇവ ഉപയോഗിക്കാം," കലത്തിന്റെ നിർമ്മാതാവ് പറയുന്നു.
വിശാഖപ്പട്ടണത്തെ മൊത്തക്കച്ചവടക്കാർ ഒരു കലത്തിന് 100 രൂപ തരുമ്പോൾ, രാജമണ്ഡ്രിയിൽനിന്നുള്ളവർ ഒരു യൂണിറ്റിന് 120 രൂപ തരും," എന്ന് പറഞ്ഞ് ഭദ്രരാജു കൂട്ടിച്ചേർക്കുന്നു, "എല്ലാം നല്ലപടി നടന്നാൽ, എനിക്ക് ഒരു മാസം 30,000 രൂപ സമ്പാദിക്കാനാകും."
പത്തുവർഷം മുൻപ് ഭദ്രരാജു ഗോവയിലെ ഒരു കരകൗശലക്കടയിൽ മൺപാത്ര നിർമ്മാതാവായി ജോലി ചെയ്തിട്ടുണ്ട്. "വ്യത്യസ്തമായ കരകൗശല ജോലികൾ ചെയ്യുന്ന, പല സംസ്ഥാനക്കാരായ ആളുകൾ അവിടെ ഉണ്ടായിരുന്നു, " അദ്ദേഹം പറയുന്നു. അവിടെ ഓരോ കലത്തിനും അദ്ദേഹത്തിന് 200-250 രൂപ വീതം ലഭിച്ചിരുന്നു. "പക്ഷെ അവിടത്തെ ഭക്ഷണം എനിക്ക് തീരെ പിടിക്കാതിരുന്നതുകൊണ്ട് ആറുമാസം കഴിഞ്ഞപ്പോൾ ഞാൻ ആ ജോലി വിട്ടു," അദ്ദേഹം പറയുന്നു.
'കഴിഞ്ഞ 6-7 വർഷമായി എനിക്ക് വയറ്റിൽ പുണ്ണുണ്ട്,' മാനേപ്പള്ളി പറയുന്നു. കൈകൊണ്ട് കറക്കുന്ന ചക്രം ഉപയോഗിക്കുമ്പോൾ അദ്ദേഹത്തിന് വേദന അനുഭവപ്പെട്ടിരുന്നു; എന്നാൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന യന്ത്രവത്കൃത ചക്രം ഉപയോഗിച്ച് തുടങ്ങിയതിൽപ്പിന്നെ അദ്ദേഹം വേദനയിൽനിന്ന് മുക്തനാണ്. കുമ്മര സമുദായത്തിൽനിന്നുതന്നെയുള്ള ഈ 46 വയസ്സുകാരൻ കൗമാരകാലം തൊട്ട് ഈ ജോലിയാണ് ചെയ്യുന്നത്
ഏതാനും മീറ്റർ അകലെയാണ് മറ്റൊരു മൺപാത്ര നിർമ്മാതാവായ കാമേശ്വരറാവു മാനേപ്പള്ളിയുടെ വീട്. ഇവിടെ, ചെക്ക സുത്തിയുടെ മുഴക്കത്തിന് പകരം യന്ത്രസഹായത്താൽ പ്രവർത്തിക്കുന്ന ചക്രത്തിന്റെ മൂളലാണ് ഉയരുന്നത്. ഈ യന്ത്രം, ചക്രത്തിന് മുകളിൽവെച്ചുതന്നെ കലത്തെ ആകൃതിപ്പെടുത്തുന്നു.
ഗ്രാമത്തിലെ മൺപാത്ര നിർമ്മാതാക്കൾ എല്ലാവരും യന്ത്രവത്കൃത ചക്രത്തിലേയ്ക്ക് മാറിക്കഴിഞ്ഞു. ഭദ്രരാസു മാത്രമാണ് ഇപ്പോഴും കൈകൊണ്ട് ചക്രം പ്രവർത്തിപ്പിക്കുന്നത്. എന്നാൽ യന്ത്രസഹായത്താൽ പ്രവർത്തിക്കുന്ന ചക്രത്തിലേയ്ക്ക് മാറാൻ അദ്ദേഹത്തിന് താത്പര്യമില്ല. "എനിക്ക് 15 വയസ്സുള്ളപ്പോൾ തൊട്ട് ഞാൻ ഈ ജോലിയാണ് ചെയ്യുന്നത്," മണിക്കൂറുകൾ നീളുന്ന കഠിനാധ്വാനം തനിക്ക് ശീലമായെന്ന് കൂട്ടിച്ചേർത്ത് അദ്ദേഹം പറയുന്നു. ഭദ്രരാജു ഉണ്ടാക്കുന്ന, പരമ്പരാഗത ശൈലിയിലുള്ള, 10 ലിറ്റർ കൊള്ളുന്ന കലങ്ങൾ ഉണ്ടാക്കാൻ യന്ത്രവത്കൃത ചക്രങ്ങൾകൊണ്ട് കഴിയില്ലെന്ന വസ്തുതയുമുണ്ട്. തീരെ ചെറിയ കലങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന തരത്തിലാണ് അത്തരം ചക്രങ്ങളുടെ ഘടന.
പല മുതിർന്ന മൺപാത്ര നിർമ്മാതാക്കളെയുംപോലെ മാനേപ്പള്ളിയും യന്ത്രവത്കൃത ചക്രം ഉപയോഗിച്ച് തുടങ്ങുകയായിരുന്നു. അഞ്ചുവർഷം മുൻപ്, തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവരികയും ചെയ്തതിന് ശേഷമായിരുന്നു അത്. "കഴിഞ്ഞ 6-7 വർഷമായി എനിക്ക് വയറിൽ പുണ്ണുണ്ട്," അദ്ദേഹം പറയുന്നു. കൈകൊണ്ട് കറക്കുന്ന ചക്രം ഉപയോഗിക്കുമ്പോൾ അദ്ദേഹത്തിന് വേദന അനുഭവപ്പെട്ടിരുന്നു; എന്നാൽ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന യന്ത്രവത്കൃത ചക്രം ഉപയോഗിച്ച് തുടങ്ങിയതിൽപ്പിന്നെ അദ്ദേഹം വേദനയിൽനിന്ന് മുക്തനാണ്.
"ഞാൻ ആദ്യം 12,000 രൂപയ്ക്ക് ഒരു യന്ത്രവത്കൃത ചക്രം വാങ്ങിച്ചു. പിന്നീട് അത് കേടുവന്നപ്പോൾ ഖാദി ഗ്രാമീണ സൊസൈറ്റിയിൽനിന്ന് എനിക്ക് ഒരു ചക്രം സൗജന്യമായി ലഭിച്ചു. ഇപ്പോൾ അതുപയോഗിച്ചാണ് ഞാൻ കലങ്ങൾ ഉണ്ടാക്കുന്നത്."
"ഒരു സാധാരണ (ചെറിയ) കലത്തിന് 5 രൂപയാണ് വില. എന്നാൽ അതിൽ ഡിസൈൻ പതിപ്പിച്ചാൽ വില 20 രൂപയാകും," ഡിസൈൻ അലങ്കാരത്തിനുവേണ്ടി മാത്രമുള്ളതാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. കുമ്മര സമുദായത്തിൽനിന്നുതന്നെയുള്ള ഈ 46 വയസ്സുകാരൻ തന്റെ കൗമാരകാലം തൊട്ട് അച്ഛനൊപ്പം ഈ ജോലി ചെയ്തു തുടങ്ങിയതാണ്. 15 വർഷത്തിന് മുൻപ് അച്ഛൻ മരിച്ചതിനുശേഷവും അദ്ദേഹം തനിയെ ജോലി തുടരുകയായിരുന്നു.
അമ്മയും ഭാര്യയും മൂന്ന് മക്കളും ഉൾപ്പെടുന്ന ആറംഗ കുടുംബത്തിൽ മാനേപ്പള്ളിയ്ക്ക് മാത്രമാണ് വരുമാനമുള്ളത്. "ഞാൻ എല്ലാ ദിവസവും ജോലി ചെയ്താൽ, എനിക്ക് ഒരുമാസം 10,000 രൂപ സമ്പാദിക്കാനാകും. കലങ്ങൾ ചുടാൻ ആവശ്യമായ കരിക്കട്ടയ്ക്ക് 2,000 രൂപ ചിലവാകും. അത് കഴിച്ച് വെറും 8,000 രൂപയാണ് എന്റെ പക്കൽ ബാക്കിയുണ്ടാകുക."
പരിചയസമ്പന്നനായ ഈ മൺപാത്ര നിർമ്മാതാവിന് ആരോഗ്യപ്രശ്നങ്ങൾമൂലം പലപ്പോഴും ജോലി ചെയ്യാൻ കഴിയാറില്ല. ചിലപ്പോഴെല്ലാം ഒരു മുഴുവൻ ദിവസം ജോലിയിൽനിന്ന് വിട്ടുനിൽക്കേണ്ടി വരും. "എനിക്ക് മറ്റെന്താണ് ചെയ്യാനാകുക?" വേറെ എന്തെങ്കിലും ജോലി ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകി അദ്ദേഹം കൂട്ടിച്ചേർക്കുന്നു, "എനിക്ക് ആകെയുള്ളത് ഈ ജോലിയാണ്."
പരിഭാഷ: പ്രതിഭ ആര്‍. കെ.