മണിപ്പൂരിലെ കാംഗ്പോക്പി ജില്ലയിലെ 40 കുക്കി-സോ ഗോത്ര കുടുംബങ്ങളുള്ള ഒരു ചെറിയ ഗ്രാമമായ നഹാമുൻ ഗുൻഫൈജാങ്ങിലെ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക്, രണ്ട് പുരുഷന്മാർ ഇടതൂർന്ന കുറ്റിക്കാടുകൾ മുറിച്ച് ഒരു കുന്നിൻമുകളിലേക്ക് നടന്നുനീങ്ങുകയാണ്. 2023  സെപ്റ്റംബർ മാസത്തിലെ ആകാശം മേഘാവൃതമായിരുന്നു. കുറ്റിച്ചെടികൾ നിറഞ്ഞ ഒരു കുന്നിൻപ്രദേശമാണ് അവർക്ക് ചുറ്റും.

കുറച്ച് വർഷങ്ങൾക്കുമുമ്പ്, ഈ കുന്നുകൾ പോപ്പിച്ചെടിയുടെ (പാപ്പാവേർ സോംനിഫെറം) വെളുപ്പും  ധൂമ്ര- പിങ്ക് നിറങ്ങളിലുള്ളമുള്ള പൂക്കളാൽ മൂടപ്പെട്ടിരുന്നു.

"1990 കളുടെ ആരംഭത്തിൽ ഞാൻ കഞ്ചാവ് (കന്നാബിസ് സാറ്റിവ) വളർത്തിയിരുന്നു, പക്ഷേ അന്ന് അതിൽനിന്ന് വലിയ വരുമാനമുണ്ടായിരുന്നില്ല",  യാത്ര ചെയ്തിരുന്ന ആ കർഷകരിലൊരാളായ പാഒലാൽ പറയുന്നു. "2000- കളുടെ തുടക്കത്തിൽ ആളുകൾ ഈ കുന്നുകളിൽ കാനി [പോപ്പി] കൃഷി ചെയ്യാൻ തുടങ്ങി. കുറച്ച് വർഷങ്ങൾക്കുമുമ്പ് അത് നിരോധിക്കപ്പെടുന്നതുവരെ  ഞാനും അത് വളർത്തിയിരുന്നു". അദ്ദേഹം പറയുന്നു.

2020-ലെ ശൈത്യകാലത്തെക്കുറിച്ചാണ് പാഒലാൽ പരാമർശിക്കുന്നത്. അപ്പോഴായിരുന്നു നഗാമുൻ ഗുൻഫൈജാങ്ങിന്റെ തലവനായ എസ്. ടി. താംഗ്ബോയി കിപ്ഗെൻ, ഗ്രാമത്തിലെ പോപ്പി കൃഷിയിടങ്ങൾ  ഇല്ലാതാക്കാനും കൃഷി പൂർണ്ണമായി നിർത്താനും കർഷകരോട് അഭ്യർത്ഥിച്ചത്. അദ്ദേഹത്തിന്റെ തീരുമാനം ഒറ്റപ്പെട്ട ഒന്നായിരുന്നില്ല,  മറിച്ച് 'മയക്കുമരുന്നിനെതിരായ യുദ്ധം'  എന്ന സംസ്ഥാന ബിജെപി. സർക്കാരിന്റെ തീവ്രപ്രചാരണത്തെ പിന്തുണച്ചുകൊണ്ടുള്ള ഒന്നായിരുന്നു.

കറുപ്പെന്ന വളരെ ആസക്തിയുളവാക്കുന്ന ഒരു മയക്കുമരുന്ന് നിർമ്മിക്കാനാണ് പോപ്പി ഉപയോഗിക്കപ്പെടുന്നത്.  മണിപ്പൂരിലെ മലയോര ജില്ലകളായ ചുരചന്ദ്പൂർ, ഉഖ്രുൽ, കാംജോങ്, സേനാപതി, തമെങ്ലോങ്, ചാന്ദേൽ, തെങ്നൌപൽ, കാംഗ്പോക്പി എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത് കൃഷി ചെയ്യുന്നത്. കാംഗ്പോക്പിയിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും കുക്കി-സോ ഗോത്രത്തിൽപെട്ടവരാണ്.

അഞ്ച് വർഷങ്ങൾക്കുമുമ്പ്, 2018 നവംബറിലാണ് മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സംസ്ഥാന സർക്കാർ മയക്കുമരുന്നിനെതിരെയുള്ള യുദ്ധം ആരംഭിച്ചത്. മലയോര ജില്ലകളിലെ ഗ്രാമത്തലവന്മാരോടും പള്ളികളോടും ആ പ്രദേശങ്ങളിൽ പോപ്പി കൃഷി നിർത്തണമെന്ന് സിംഗ് അഭ്യർത്ഥിച്ചു.

Left: Poppy plantations in Ngahmun village in Manipur's Kangpokpi district .
PHOTO • Kaybie Chongloi
Right: Farmers like Paolal say that Manipur's war on drugs campaign to stop poppy cultivation has been unsuccessful in the absence of  consistent farming alternatives.
PHOTO • Makepeace Sitlhou

ഇടത് : മണിപ്പൂരിലെ കാംഗ്പോക്പി ജില്ലയിലെ നഹാമുൻ ഗ്രാമത്തിലുള്ള പോപ്പി തോട്ടങ്ങൾ. വലത്: പാഒലാലിനെപ്പോലുള്ള കർഷകരുടെ അഭിപ്രായത്തിൽ  പോപ്പി കൃഷി തടയാൻ മണിപ്പൂരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന് കഴിയാതിരുന്നത്, പോപ്പിക്ക് ബദലായ സുസ്ഥിര കാർഷികരീതികൾ ഇല്ലാത്തതുമൂലമാണ്

'മയക്കുമരുന്നിനെതിരായ യുദ്ധം' എന്ന പ്രചാരണം തങ്ങൾക്കെതിരായ നേരിട്ടുള്ള ആക്രമണമായിരുന്നുവെന്ന് കുക്കി-സോ ഗോത്രത്തിൽനിന്നുള്ള പ്രദേശവാസികൾ പറയുന്നു, 2023 മേയ് മാസത്തിൽ ഭൂരിപക്ഷ മെയ്‌തേയ് സമുദായവും ന്യൂനപക്ഷമായ കുക്കി-സോ ഗോത്രക്കാരും തമ്മിൽ പൊട്ടിപ്പുറപ്പെട്ട രക്തരൂക്ഷിതമായ വംശീയ സംഘർഷത്തിനുപോലും ഇത് വഴിവെച്ചു. നാഗാ, കുക്കി-സോ മലയോര ജില്ലകളിൽ പോപ്പി കൃഷി ചെയ്യുന്നുണ്ടെങ്കിലും മണിപ്പൂരിലെ മയക്കുമരുന്ന് വ്യാപാരത്തിന്റെ ഉത്തരവാദികളെന്ന് ആരോപിച്ച്, മുഖ്യമന്ത്രി ബിരേൻ സിംഗ് (ബജെപി) കുക്കികളെ ഒറ്റപ്പെടുത്തിയെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

പാഒലാലിനെപ്പോലുള്ള നഹാമുൻ ഗുൻഫൈജാങ്ങിലെ 30 കർഷക കുടുംബങ്ങൾ പോപ്പി കൃഷി ഉപേക്ഷിച്ച് നിലക്കടല, കാബേജ് ഉരുളക്കിഴങ്ങ്, വാഴപ്പഴം തുടങ്ങിയ പച്ചക്കറികളും പഴങ്ങളും വളർത്താൻ നിർബന്ധിതരായി. ഇതിലൂടെ അവരുടെ പണ്ടത്തെ വരുമാനത്തിന്റെ ഒരംശം മാത്രമാണ് അവർക്ക് ലഭിച്ചത്. "അവരെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതിന് സമമായിരുന്നു അത്", ആക്ടിങ് ഗ്രാമത്തലവനായ സാംസൺ കിപ്ഗെൻ പറഞ്ഞു. ഇവിടെ, ഭൂമിയുടെ ഉടമസ്ഥത സമൂഹത്തിന്റേതാണ്. ഗ്രാമത്തലവന്റെ മേൽനോട്ടത്തിനു  കീഴിൽ വരുന്നതുമാണ് അത് - ഗ്രാമത്തലവന്റേതു ഒരു കുടുംബത്തിൽ പാരമ്പര്യമായി കൈമാറുന്നൊരു പദവിയാണ്. "എന്നാൽ ഇത് ഗ്രാമത്തിന്റെയും പരിസ്ഥിതിയുടെയും നന്മയ്ക്കാണെന്ന് അവർ (പോപ്പി കൃഷി ഉപേക്ഷിച്ച കർഷകർ) മനസ്സിലാക്കി", അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കർഷകരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന സർക്കാരിന്റെ ഭീഷണിയാണ് ആത്യന്തികമായി ഈ സമ്പ്രദായം നിർത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് 45 കാരനായ കർഷകൻ പാഒലാൽ പറയുന്നു. ഗ്രാമവാസികൾ സഹകരിച്ചില്ലെങ്കിൽ പ്രാദേശിക പോലീസ് പോപ്പി പാടങ്ങൾ വെട്ടി ചുട്ടുകളയുമെന്ന് പ്രചാരണത്തിലൂടെ മുന്നറിയിപ്പ് നൽകി. പോപ്പി പാടങ്ങളിൽ വ്യോമാക്രമണം നടത്താൻ കേന്ദ്രം സമ്മതിച്ചതായി താഴ്വര ആസ്ഥാനമായുള്ള ഒരു പൗരസമൂഹക്കൂട്ടായ്മ അടുത്തിടെ അവകാശപ്പെട്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

2018 മുതൽ 18,000 ഏക്കറിലധികം പോപ്പി കൃഷി നശിപ്പിച്ചതായും 2,500 കർഷകരെ അറസ്റ്റ് ചെയ്തതായും സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു. എന്നിരുന്നാലും, മണിപ്പൂർ പോലീസിന്റെ പ്രത്യേക യൂണിറ്റായ നാർക്കോട്ടിക്സ് ആൻഡ് അഫയേഴ്സ് ഓഫ് ബോർഡറിന്റെ 2018 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം മൊത്തം 13,407 ഏക്കർ പോപ്പി തോട്ടങ്ങൾ നശിപ്പിക്കപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ പോപ്പി ഉത്പാദകരായ മ്യാൻമറുമായി മണിപ്പൂർ അതിർത്തി പങ്കിടുന്നു.  മോർഫിൻ, കോഡിൻ, ഹെറോയിൻ, ഓക്സികോഡോൺ തുടങ്ങിയ മറ്റ് ശക്തമായ മയക്കുമരുന്ന് ഉത്പന്നങ്ങളുടെ വിൽപ്പനയും ഉത്പാദനവും നടക്കുന്ന രാജ്യമാണ് മ്യാന്മർ. മയക്കുമരുന്നും മറ്റ് നിയമവിരുദ്ധ വ്യാപാരങ്ങളും മണിപ്പൂരിലേക്കൊഴുകാൻ ഈ സാമീപ്യം ഇടവരുത്തുന്നു. 2019-ലെ ഇന്ത്യയിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിന്റെ വ്യാപ്തി അളക്കുന്ന (സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം) ഒരു സർവേ പ്രകാരം, വടക്കുകിഴക്കൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് കുത്തിവെപ്പിന് അടിമപ്പെട്ടവരുള്ള സംസ്ഥാനമാണ് മണിപ്പൂർ.

"യുവാക്കളെ രക്ഷിക്കാൻ മയക്കുമരുന്നിനെതിരെ യുദ്ധം ആരംഭിച്ചത് തെറ്റായിരുന്നോ?" 2023 ഡിസംബറിൽ ഇംഫാലിലെ ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിൽ മുഖ്യമന്ത്രി സിംഗ് പാർട്ടി പ്രവർത്തകരോട് ചോദിച്ചു. വംശീയ സംഘർഷത്തിന് ബിജെപി ഉത്തരവാദിയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Demza, a farmer who used to earn up to three lakh rupees annually growing poppy, stands next to his farm where he grows cabbage, bananas and potatoes that he says is not enough to support his family, particularly his children's education
PHOTO • Makepeace Sitlhou

പോപ്പി കൃഷിയിലൂടെ പ്രതിവർഷം മൂന്ന് ലക്ഷം രൂപവരെ സമ്പാദിച്ചിരുന്ന കർഷകനായ ഡെംസ, കാബേജ്, വാഴപ്പഴം, ഉരുളക്കിഴങ്ങ് എന്നിവ കൃഷി ചെയ്യുന്ന തന്റെ കൃഷിയിടത്തിനടുത്തായി നിൽക്കുന്നു, അത് തന്റെ കുടുംബത്തെ പോറ്റാൻ, പ്രത്യേകിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിന് തികയുന്നില്ലെന്ന് അദ്ദേഹം പറയുന്നു

വിരോധാഭാസമെന്നു പറയട്ടെ, മയക്കുമരുന്നിനെതിരായ യുദ്ധമാണ് ഡെംസയുടെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടുത്തിയത്.

നാല് വർഷങ്ങൾക്ക്  മുമ്പുവരെ, ഡെംസയും കുടുംബവും നഹാമുൻ ഗുൻഫൈജാങ്ങിൽ പോപ്പി കൃഷി ചെയ്ത് സുഖകരമായ ജീവിതം നയിച്ചിരുന്നു. ഇത് നിരോധിച്ചതിനുശേഷം ഡെംസ മിശ്രവിള കൃഷിയിലേക്ക് നീങ്ങുകയും അദ്ദേഹത്തിന്റെ വരുമാനം കുറയുകയും ചെയ്തു. "വർഷത്തിൽ രണ്ടുതവണ [പച്ചക്കറികൾ] കൃഷിചെയ്യുകയും നല്ല വിളവ് നേടുകയും ചെയ്താൽ പ്രതിവർഷം ഒരുലക്ഷം രൂപവരെ സമ്പാദിക്കാനാവും ഞങ്ങൾക്ക്", പാരീയോട് സംസാരിച്ചുകൊണ്ട് ഡെംസ പറയുന്നു. "എന്നാൽ ഒരു വിളവെടുപ്പ് മാത്രം ഉണ്ടായിരുന്നിട്ടും പോപ്പിയിലൂടെ ഞങ്ങൾ പ്രതിവർഷം കുറഞ്ഞത് മൂന്ന് ലക്ഷം രൂപവരെ സമ്പാദിക്കാറുണ്ടായിരുന്നു".

വരുമാനത്തിലെ ഈ ഗണ്യമായ കുറവുമൂലം അദ്ദേഹത്തിന്  തന്റെ കുട്ടികളെ ഇംഫാലിലെ സ്കൂളിൽ തുടർന്ന് പഠിപ്പിക്കാൻ കഴിഞ്ഞില്ല. അവരിൽ ഒരാളെ മാത്രമേ കാംഗ്പോക്പി ജില്ലാ ആസ്ഥാനത്തെ ഒരു പ്രാദേശിക സ്കൂളിൽ പ്രവേശിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചുള്ളൂ.

മണിപ്പൂരിലെ ആദിവാസി കർഷകർക്കിടയിൽ കറുപ്പ് കൃഷിയെ വ്യാപിപ്പിക്കുന്നത്, ദാരിദ്ര്യം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ഭൌതികാവശ്യങ്ങൾ എന്നിവയാണെന്ന് മലയോര ജില്ലകളായ കാംഗ്പോക്പി, ചുരചന്ദ്പൂർ, തെങ്നൌപാൽ എന്നിവയെക്കുറിച്ചുള്ള 2019 ലെ ഒരു പഠനം പറയുന്നു. ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) സോഷ്യോളജിയുടെ  അസോസിയേറ്റ് പ്രൊഫസറായ നഹാംജാവോ കിപ്ഗെനാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. 60 വീടുകളിൽ നടത്തിയ സർവേയിൽ ഒരു ഹെക്ടർ ഭൂമിയിൽ 5-7 കിലോഗ്രാം കറുപ്പ് ഉത്പാദിപ്പിക്കുന്നതായും, കിലോയ്ക്ക് 70,000-150,000 രൂപയ്ക്ക് വിൽക്കപ്പെടുന്നതായും അദ്ദേഹം കണ്ടെത്തി.

*****

പോപ്പി വിളവെടുപ്പ് കാലത്തോടനുബന്ധിച്ച് വാർഷിക കുട്ട് ഉത്സവം ആഘോഷിക്കുന്നതിനാൽ ന്യൂനപക്ഷമായ കുക്കി-സോ ഗോത്രത്തിന് നവംബർ സന്തോഷത്തിന്റെ സമയമാണ്. ഉത്സവവേളയിൽ, സമുദായങ്ങൾ ഒത്തുചേരുകയും വലിയ വിരുന്നുകൾ തയ്യാറാക്കുകയും പാടുകയും നൃത്തം ചെയ്യുകയും സൌന്ദര്യമത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. എന്നാൽ 2023 ഒരു വ്യത്യസ്തമായ വർഷമായിരുന്നു. മേയ് മാസത്തിൽ, മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തേയ് സമുദായവും കുക്കി-സോയും തമ്മിൽ രക്തരൂക്ഷിതമായ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടു.

2023 മാർച്ച് അവസാനത്തോടെ മണിപ്പൂർ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് മെയ്തേയ് സമുദായത്തിന്റെ ഒരു ദീർഘകാല അഭ്യർത്ഥന - പട്ടികവർഗപ്പട്ടികയിൽ ഉൾപ്പെടുത്തുക - പരിഗണിക്കാൻ നിർദ്ദേശിച്ചു.  ഇത് അവർക്ക് സാമ്പത്തിക ആനുകൂല്യങ്ങളും സർക്കാർ ജോലികളിൽ സംരക്ഷണവും നൽകും. കൂടാതെ, പ്രധാനമായും കുക്കി ഗോത്രക്കാർ താമസിക്കുന്ന മലയോര പ്രദേശങ്ങളിൽ ഭൂമി വാങ്ങാനും  മെയ്തേയ്കൾക്ക് ഇതുവഴി സാധിക്കും. സ്വന്തം ഭൂമിയുടെമേലുള്ള തങ്ങളുടെ നിയന്ത്രണം അപകടത്തിലാകുമെന്ന് കരുതിയ മണിപ്പൂരിലെ എല്ലാ ആദിവാസി സമൂഹങ്ങളും കോടതിയുടെ ശുപാർശയെ എതിർത്തു.

Farmers and residents of Ngahmun village slashing the poppy plantations after joining Chief Minister Biren Singh’s War on Drugs campaign in 2020
PHOTO • Kaybie Chongloi

2020-ൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ മയക്കുമരുന്നിനെതിരെയുള്ള യുദ്ധം എന്ന പ്രചാരണത്തിൽ ചേർന്നതിനുശേഷം പോപ്പി തോട്ടങ്ങൾ വെട്ടിനശിപ്പിക്കുന്ന നഹാമുൻ ഗ്രാമത്തിലെ കർഷകരും താമസക്കാരും

സംസ്ഥാനത്തുടനീളം അക്രമ പരമ്പരതന്നെ അരങ്ങേറി. ക്രൂരമായ കൊലപാതകങ്ങളും, ശിരച്ഛേദങ്ങളും,  കൂട്ട ബലാത്സംഗങ്ങളും, തീയിടലും പതിവായി

പാരി ഗ്രാമം സന്ദർശിക്കുന്നതിന് രണ്ടുമാസം മുമ്പ്, ഭയാനകമായ ഒരു സംഭവത്തിന്റെ വീഡിയോ വൈറലായി: കാംഗ്പോക്പിയിലെ ബി ഫൈനോം ഗ്രാമത്തിൽനിന്നുള്ള രണ്ട് സ്ത്രീകളെ മെയ്തെയ് പുരുഷന്മാരുടെ ഒരു ജനക്കൂട്ടം നഗ്നരാക്കി നടത്തി. മേയ് ആദ്യം ബി ഫൈനോമിനെ ആക്രമിച്ച്‌ നിലംപരിശാക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്. വീഡിയോ ചിത്രീകരിച്ചതിനുശേഷം അവരുടെ പുരുഷന്മാരായ ബന്ധുക്കളെ കൊല്ലുകയും നെൽവയലുകളിൽവെച്ച് ആ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.

ഇതുവരെ, സംഘർഷത്തിൽ ഏകദേശം 200-ൽ‌പ്പരം ജനങ്ങൾ കൊല്ലപ്പെടുകയും 70,000 ത്തിലധികം പേർ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.  അവരിൽ ഭൂരിഭാഗവും ന്യൂനപക്ഷമായ കുക്കികളാണ്. ഈ ആഭ്യന്തര യുദ്ധത്തിൽ മെയ്തേയ് തീവ്രവാദികളെ സർക്കാരും പോലീസും പ്രോത്സാഹിപ്പിച്ചതായും അവർ ആരോപിക്കുന്നു.

രക്തരൂഷിതമായ ആഭ്യന്തരയുദ്ധത്തിൻറെ കേന്ദ്രം പോപ്പി ചെടിയാണ്. "രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഈ ശൃംഖലയുടെ മുകളിലാണ്, അതുപോലെത്തന്നെ കർഷകരിൽനിന്ന് വാങ്ങി നല്ല പണം സമ്പാദിക്കുന്ന ഇടനിലക്കാരും", ഐ.ഐ.ടി. പ്രൊഫസർ കിപ്ഗെൻ പറയുന്നു. പോപ്പി കൃഷിയിടങ്ങളുടെ നശീകരണവും കൂട്ട പിടിച്ചെടുക്കലുകളും അറസ്റ്റുകളും ഉണ്ടായിരുന്നിട്ടും, ഈ രാജാക്കന്മാർ നിയമത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ടുനിൽക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. മിക്ക ചെറുകിട കർഷകരും പോപ്പി വ്യാപാരത്തിൽ ഏറ്റവും കുറഞ്ഞ വരുമാനം മാത്രമാണ് നേടിയിരുന്നതെന്ന് കിപ്ഗെൻ പറയുന്നു.

മ്യാൻമർ അതിർത്തിക്കപ്പുറത്ത് മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കുക്കി നാഷണൽ ഫ്രണ്ട് (കെ. എൻ. എഫ്) പോലുള്ള കുക്കി-സോ സായുധഗ്രൂപ്പുകളുടെ പിന്തുണയോടെ  കുക്കി-സോ ഗോത്രത്തിൽ നിന്നുള്ള പാവപ്പെട്ട പോപ്പി കർഷകരാണ് സംഘർഷത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് ആരോപിച്ചിരുന്നു. സംരക്ഷിത വനങ്ങളുടെ വ്യാപകമായ നാശത്തിനും  മെയ്തെയ് ആധിപത്യമുള്ള താഴ്വരയിലെ ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധിക്കും ഉത്തരവാദി കുന്നുകളിലെ പോപ്പി കൃഷിയാണെന്നാണ്  സംസ്ഥാന സർക്കാർ കരുതുന്നത്.

മരങ്ങൾ മുറിച്ചും വനപ്രദേശങ്ങൾ കത്തിച്ചും തുടർന്ന് കീടനാശിനികൾ, വിറ്റാമിനുകൾ, യൂറിയ എന്നിവയുടെ ഉപയോഗത്തിലൂടെയുമൊക്കെ വലിയ ഭൂപ്രദേശങ്ങൾ നികത്തിയാണ്  പോപ്പിയുടെ കാർഷികചക്രം ആരംഭിക്കുന്നതെന്ന് കർഷകർ പറയുന്നു. ചുരാചന്ദ്പൂർ ജില്ലയിലെ പുതുതായി നികത്തിയ പോപ്പി കൃഷിയിടത്തിന് സമീപമുള്ള ഗ്രാമങ്ങളിൽ അരുവികൾ വറ്റുകയും കുട്ടികൾക്കിടയിൽ ജലജന്യ രോഗങ്ങൾ വർദ്ധിക്കുകയും ചെയ്തതായി 2021-ൽ പ്രസിദ്ധീകരിച്ച ഈ പ്രബന്ധത്തിൽ പറയുന്നു. എന്നിരുന്നാലും, മണിപ്പൂരിലെ പോപ്പി കൃഷിയുടെ പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് മതിയായ ശാസ്ത്രീയ ഗവേഷണത്തിന്റെ അഭാവമുണ്ടെന്ന് പ്രൊഫസർ കിപ്ഗെൻ പറഞ്ഞു.

Paolal harvesting peas in his field. The 30 farming households in Ngahmun Gunphaijang, like Paolal’s, were forced to give up poppy cultivation and grow vegetables and fruits like peas, cabbage, potatoes and bananas instead, getting a fraction of their earlier earnings
PHOTO • Makepeace Sitlhou

പാഒലാൽ തൻറെ വയലിൽ നിലക്കടലയുടെ വിളവെടുക്കുന്നു.  പാഒലാലിനെപ്പോലെ നഹാമുൻ ഗുൻഫൈജാങ്ങിലെ 30 കർഷക കുടുംബങ്ങൾ പോപ്പി കൃഷി ഉപേക്ഷിച്ച് നിലക്കടല, കാബേജ്, ഉരുളക്കിഴങ്ങ്, വാഴപ്പഴം തുടങ്ങിയ പച്ചക്കറികളും പഴങ്ങളും വളർത്താൻ നിർബന്ധിതരായി. ഇതിലൂടെ പണ്ട് ലഭിച്ചിരുന്ന വരുമാനത്തിന്റെ ഒരംശം മാത്രമാണ് ഇപ്പോൾ അവർക്ക് ലഭിക്കുന്നത്

അയൽരാജ്യമായ മ്യാൻമറിലെ കറുപ്പ് പോപ്പി കൃഷിയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (യു. എൻ. ഒ. ഡി. സി) റിപ്പോർട്ടിൽ പോപ്പി വളർത്തുന്ന ഗ്രാമങ്ങളിൽ വനത്തിന്റെ ഗുണനിലവാരം പോപ്പി കൃഷി ചെയ്യാത്ത ഗ്രാമങ്ങളേക്കാൾ വേഗത്തിൽ വഷളാകുന്നതായി കണ്ടെത്തി. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്താൽ 2016 മുതൽ 2018 വരെയുള്ള കാലയളവിൽ പോപ്പി, നോൺ-പോപ്പി ഭൂമികൾ രണ്ടിലും വിളവ് കുറയുന്നതായി കാണപ്പെട്ടു. പോപ്പി കൃഷിയുടെ പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് നിർണ്ണായകമായ വിവരങ്ങളൊന്നുമില്ല എന്നതാണ് വസ്തുത.

"പോപ്പി മണ്ണിനെ ബാധിക്കുമായിരുന്നെങ്കിൽ  ഞങ്ങൾക്ക് ഈ പച്ചക്കറി തോട്ടം ഇവിടെ കൃഷി ചെയ്യാൻ കഴിയുമായിരുന്നില്ലല്ലോ" എന്ന് കർഷകനായ പാഒലാൽ ഇതിനെ എതിർത്തുകൊണ്ടു പറയുന്നു. നേരത്തെ തങ്ങളുടെ ഭൂമിയിൽ കറുപ്പ് കൃഷി ചെയ്തിട്ടും പഴങ്ങളോ പച്ചക്കറികളോ കൃഷി ചെയ്യുന്നതിൽ തങ്ങൾക്ക് ഒരു പ്രശ്നവും നേരിടേണ്ടിവന്നില്ലെന്ന് മറ്റ് നഹാമുൻ കർഷകർ പറയുന്നു.

*****

പോപ്പി തങ്ങൾക്ക് നൽകിയ ഉയർന്ന വരുമാനത്തിന് പകരമായുള്ള സംസ്ഥാനതല ബദലുകളുടെ അഭാവമാണ് യഥാർത്ഥ പ്രശ്നമെന്ന് കർഷകർ പറയുന്നു. എല്ലാ ഗ്രാമീണർക്കും ഉരുളക്കിഴങ്ങ് വിത്തുകൾ വിതരണം ചെയ്തതായി ഗ്രാമത്തലവൻ അവകാശപ്പെടുന്നുണ്ടെങ്കിലും, പാഒലാലിനെപ്പോലുള്ള മുൻ പോപ്പി കർഷകർ തങ്ങൾക്ക് അതുകൊണ്ട് പ്രയോജനം ലഭിച്ചിട്ടില്ലെന്ന് പറയുന്നു. "വിപണിയിൽനിന്ന് 100 രൂപ വിലയുള്ള ഒരു പാക്കറ്റ് വിത്ത് വാങ്ങിയത് വളരെ ബുദ്ധിമുട്ടിയാണ്. അങ്ങനെയാണ് ഞാൻ അങ്കം (പച്ചക്കറികൾ) വളർത്തിയത്", അദ്ദേഹം പാരിയോട് പറഞ്ഞു.

സർക്കാർ സംരംഭത്തിൽ നഹാമുൻ ചേർന്ന് ഒരു വർഷത്തിന് ശേഷം, തങ്ഖുൽ നാഗ ആധിപത്യമുള്ള ഉഖ്രുൽ ജില്ലയിലെ പെഹ് ഗ്രാമസഭയും കുന്നുകളിലെ പോപ്പി തോട്ടങ്ങൾ നശിപ്പിക്കാൻ ആരംഭിച്ചു.. മുഖ്യമന്ത്രി ഉടൻതന്നെ 10 ലക്ഷം രൂപ പാരിതോഷികമായി 2021-ൽ പ്രഖ്യാപിച്ചു. ഹോർട്ടികൾച്ചർ ആൻഡ് സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റും മണിപ്പൂർ ഓർഗാനിക് മിഷൻ ഏജൻസിയും ഗ്രാമസഭയുടെ കൂടെ ചേർന്ന് ഗുണഭോക്താക്കളെ കണ്ടെത്താനും കിവി, ആപ്പിൾ തോട്ടങ്ങൾ പോലുള്ള ബദൽ ഉപജീവന മാർഗ്ഗങ്ങൾ നൽകാനുമുള്ള പ്രവർത്തനത്തിലാണ്..

പാരിതോഷികത്തിന് പുറമേ, ഗ്രാമത്തിന് 20.3 ലക്ഷം രൂപ അധിക ഗ്രാന്റും, കൂടാതെ നിലം ഉഴുന്നതിനുള്ള യന്ത്രങ്ങളും ഉപകരണങ്ങളും, വളത്തിന്റെ 80 ബാഗുകളും, പ്ലാസ്റ്റിക് പാക്കേജിംഗും, ആപ്പിൾ, ഇഞ്ചി, ക്വിനോവ എന്നിവയ്ക്കുള്ള തൈകളും ലഭിച്ചതായി പെഹ് ഗ്രാമ ചെയർമാൻ മൂൺ ഷിംറ പാരിയോട് പറഞ്ഞു. "യഥാർത്ഥത്തിൽ, ഗ്രാമസഭ ഇടപെടുന്നതുവരെ വെറും ഒരു കുടുംബം മാത്രമാണ് പോപ്പി വളർത്താൻ തുടങ്ങിയത്, അതിനായി സർക്കാർ ഞങ്ങൾക്ക് അവാർഡ് നൽകി", ഷിംറ പറഞ്ഞു. ചേന, നാരങ്ങ, ഓറഞ്ച്, സോയാബീൻ, തിന, ചോളം, നെല്ല് എന്നിവ കൃഷി ചെയ്യുന്ന ഉഖ്രുൾ ജില്ലാ ആസ്ഥാനത്തിൽനിന്ന് 34 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ 703 കുടുംബങ്ങൾക്കും സർക്കാർ ഗ്രാന്റ് ഗുണം ചെയ്യും.

എന്നിരുന്നാലും, ഈ പുതിയ വിളകളുടെ കൃഷിയെക്കുറിച്ച് ഞങ്ങൾക്ക് ശരിയായ പരിശീലനം നൽകണമെന്നും പദ്ധതി വിജയിക്കുന്നതിനായി സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. നമ്മുടെ കന്നുകാലികൾ സ്വതന്ത്രമായി മേഞ്ഞ്, വിളകൾ നശിപ്പിക്കുവാൻ സാധ്യതയുള്ളതിനാൽ തോട്ടത്തിന് വേലി കെട്ടുന്നതിനായി നമുക്ക് മുള്ളുകമ്പികളും ആവശ്യമാണ് ", അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവേഷണാവശ്യങ്ങൾക്കായി ഒരു സംസ്ഥാന സർവകലാശാലയിൽനിന്നും പിന്നെ ഒരു എംഎൽഎയിൽനിന്നും തന്റെ ഗ്രാമത്തിന് ഒരേയൊരു തവണ, കോഴി, പച്ചക്കറി വിത്തുകൾ തുടങ്ങിയ ഉപജീവന ബദലുകൾ  ലഭിച്ചുവെങ്കിലും, സർക്കാരിന്റെ ഇടപെടലിന് ഒരു തുടർച്ചയുണ്ടായില്ല എന്ന് നഹാമുൻ ആക്ടിംഗ് തലവനായ കിപ്ഗെൻ പാരിയോട് പറഞ്ഞു. 'മയക്കുമരുന്നിനെതിരായ യുദ്ധത്തിൽ' ചേരുന്ന കുന്നുകളിലെ ആദ്യത്തെ ആദിവാസി ഗ്രാമം ഞങ്ങളായിരുന്നു", അദ്ദേഹം പറഞ്ഞു. "എന്നിട്ടും സർക്കാർ ചില ഗോത്രവർഗസമൂഹങ്ങൾക്ക് മാത്രം പ്രതിഫലം നൽകുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്നതായി തോന്നുന്നു."

Left: Samson Kipgen, the acting village chief,  says that switching from poppy cultivation has 'strangled' the farmers.
PHOTO • Makepeace Sitlhou
Right: Samson walks through a patch of the hill where vegetables like bananas, peas, potatoes and cabbages are grown
PHOTO • Makepeace Sitlhou

ഇടത്: പോപ്പി കൃഷിയിൽനിന്ന് മാറിയത് കർഷകരുടെ 'കഴുത്ത് ഞെരിച്ചു' എന്ന് ആക്ടിംഗ് ഗ്രാമത്തലവൻ സാംസൺ കിപ്ഗെൻ പറയുന്നു. വലത്: വാഴപ്പഴം, നിലക്കടല, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങിയ പച്ചക്കറികൾ വളരുന്ന കുന്നിൻപ്രദേശത്തിലൂടെ നടക്കുന്ന സാംസൺ

എന്നിരുന്നാലും, സംസ്ഥാന സർക്കാരിനകത്തുള്ളവർ കുറ്റപ്പെടുത്തുന്നത് അപര്യാപ്തമായ ഉപജീവനമാർഗങ്ങളെയല്ല, മറിച്ച് ഈ മാതൃകയെത്തന്നെയാണ്. "മലയോര ഗോത്രവർഗ കർഷകർ വിത്തുകളും കോഴികളും ശേഖരിച്ചിട്ടുണ്ടെങ്കിലും ഇത് കൂടുതലും ഉപജീവന കൃഷിക്കാണ്", നാഗാ, കുക്കി-സോ ആധിപത്യമുള്ള മലയോര ജില്ലകളിലെ പോപ്പി കർഷകരുടെ ഉപജീവന സംരംഭങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന മണിപ്പൂർ സർക്കാരിലെ ഒരുദ്യോഗസ്ഥൻ പറയുന്നു.

പച്ചക്കറികൾ വളർത്തുന്നതിലൂടെയോ കോഴി വളർത്തുന്നതിലൂടെയോ ലഭിക്കുന്ന വരുമാനം കർഷകർക്ക് പോപ്പിയിലൂടെ ലഭിച്ചിരുന്ന വരുമാനവുമായി ഒരിക്കലും താരതമ്യപ്പെടുത്തുവാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു - പോപ്പിയിൽനിന്നും വാർഷിക വരുമാനമായി ഏകദേശം  15 ലക്ഷം രൂപയാണ് ലഭിച്ചിരുന്നതെങ്കിൽ പച്ചക്കറികളിൽനിന്നും പഴങ്ങളിൽ നിന്നും മറ്റും വെറും ഒരുലക്ഷം രൂപയാണ് ഇവർക്കു ലഭിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള ബദൽ ഉപജീവനമാർഗങ്ങൾ നൽകുന്നത് പോപ്പി കൃഷിയെ ഇല്ലാതാക്കില്ല. "മയക്കുമരുന്നിനെതിരായ യുദ്ധം" എന്ന പ്രചാരണം കുന്നുകളിൽ വിജയിച്ചിട്ടില്ല", പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സർക്കാർ ജീവനക്കാരൻ പറയുന്നു. "ഇതൊരു കൺകെട്ടുവിദ്യ മാത്രമാണ്".

പോപ്പി കൃഷിക്ക് ബദലാവാൻ കഴിവുള്ള സുസ്ഥിര ഉപജീവനമാർഗ്ഗങ്ങളും എം.എൻ.ആർ.ഇ.ജി.എ പോലുള്ള വിശാലമായ വികസന സംരംഭങ്ങളും ഇല്ലെങ്കിൽ, പോപ്പി കൃഷിയുടെ നിർബന്ധിത നിർമാർജനം അർത്ഥശൂന്യമാണ്. അത്തരമൊരു ബദൽ ഉരുത്തിരിഞ്ഞുവന്നില്ലെങ്കിൽ "സാമൂഹിക പിരിമുറുക്കങ്ങൾ വർദ്ധിക്കുകയും പ്രാദേശിക സർക്കാരും കർഷകസമൂഹങ്ങളും തമ്മിൽ ശത്രുത വർദ്ധിക്കുകയും ചെയ്യും" എന്ന് പ്രൊഫസർ കിപ്ഗെൻ പറയുന്നു.

"പോപ്പി കൃഷി നിരോധിച്ചത് ഫലപ്രദമാകണമെങ്കിൽ, കർഷകർക്ക് അവരുടെ പഴയ വരുമാന നിലവാരം നിലനിർത്താൻ സാധിക്കുന്ന തരത്തിലുള്ള അവസരങ്ങളുണ്ടായേ തീരൂ” എന്നാണ് യു.എൻ.ഒ.ഡി.സിയുടെ റിപ്പോർട്ടിലെ നിഗമനം.

താഴ്വരയിൽ ഇനി വ്യാപാരത്തിലേർപ്പെടാനോ വാണിജ്യം നടത്താനോ കഴിയാത്തവിധം മലയോര ഗോത്രവർഗ കർഷകരുടെ ദുരിതങ്ങൾ വർദ്ധിപ്പിക്കുക മാത്രമാണ് വംശീയ സംഘർഷം ചെയ്തത്.

"[വാർഷിക] പോപ്പി കൃഷി അവസാനിച്ചതിനുശേഷം ക്വാറിയിൽനിന്നുള്ള മണൽ മെയ്തെയ് സമുദായക്കാർക്ക് വിൽക്കുന്നതിലൂടെ ഞങ്ങൾക്ക് അധിക വരുമാനം ലഭിക്കാറുണ്ടായിരുന്നു. അതും ഇപ്പോൾ ഇല്ലാതായി ", ഡെംസ പറയുന്നു. "ഇത് (സംഘർഷം) തുടരുകയാണെങ്കിൽ, ഞങ്ങളുടെ കുട്ടികളെ സ്കൂളുകളിൽ അയക്കുവാനോ ഞങ്ങളുടെ ഉപജീവനമാർഗം നിലനിർത്താനോ കഴിയാതെ വരും”.

പരിഭാഷ: വിശാലാക്ഷി ശശികല (വൃന്ദ)

Makepeace Sitlhou

Makepeace Sitlhou is an independent journalist reporting on human rights, social issues, governance and politics.

यांचे इतर लिखाण Makepeace Sitlhou
Editor : PARI Desk

PARI Desk is the nerve centre of our editorial work. The team works with reporters, researchers, photographers, filmmakers and translators located across the country. The Desk supports and manages the production and publication of text, video, audio and research reports published by PARI.

यांचे इतर लिखाण PARI Desk
Translator : Visalakshy Sasikala

Visalakshy Sasikala is a doctoral scholar at IIM Kozhikode. A postgraduate in business management from IIM Lucknow and a qualified architect from NIT Calicut, she explores the impact of business on disrupting and creating sustainable livelihoods.

यांचे इतर लिखाण Visalakshy Sasikala