ഗുജറാത്തിലെ നൽ സരോവർ പക്ഷിസങ്കേതത്തിന്റെ ഭാഗമായ തടാകത്തിലെ വഞ്ചിക്കാരനും പ്രകൃതിവാദിയുമാണ് 37 വയസ്സുകാരനായ ഗനി സമ. അഹമ്മദാബാദ് ജില്ലയിലെ വിരംഗാം തെഹ്‌സിലിൽ 120 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ തടാകത്തിൽ, ആർട്ടിക്ക് സമുദ്രത്തിൽനിന്ന് ഇന്ത്യൻ മഹാസമുദ്രംവരെ നീളുന്ന സെൻട്രൽ ഏഷ്യൻ ഫ്ളൈവേയിലൂടെ സഞ്ചരിക്കുന്ന ഒട്ടനേകം ദേശാടനപ്പക്ഷികൾ വന്നെത്താറുണ്ട്.
"എനിക്ക് 350-ലധികം ഇനം പക്ഷികളെ തിരിച്ചറിയാനാകും," ഗനി പറയുന്നു. നൽ സരോവറിൽ എത്തുന്ന പല ദേശാടനപ്പക്ഷികളും അവയിൽ ഉൾപ്പെടും. "നേരത്തെ ഈ പ്രദേശത്ത് ഏകദേശം 240 ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു, എന്നാൽ ഇപ്പോൾ അവയുടെ എണ്ണം 315-ൽ കൂടുതലുണ്ട്."
തടാകത്തിലും പരിസരത്തുമായിട്ടായിരുന്നു ഗനി തന്റെ ബാല്യകാലം ചിലവിട്ടത്. "എന്റെ അച്ഛനും മുത്തച്ഛനും ഈ പക്ഷികളുടെ സംരക്ഷണത്തിനായി വനംവകുപ്പിനെ സഹായിച്ചിട്ടുണ്ട്. അവർ ഇരുവരും വനംവകുപ്പിന് കീഴിൽ വഞ്ചിക്കാരായി ജോലി ചെയ്തിരുന്നു. ഇപ്പോൾ ഞാനും അതേ ജോലി ചെയ്യുന്നു," അദ്ദേഹം പറയുന്നു. "1997-ൽ ഞാൻ ജോലി തുടങ്ങിയ കാലത്ത്, വല്ലപ്പോഴുമാണ് എനിക്ക് ജോലി കിട്ടിയിരുന്നത്; ചിലപ്പോൾ ഒന്നും ഉണ്ടാകില്ല," അദ്ദേഹം ഓർത്തെടുക്കുന്നു.
എന്നാൽ 2004-ൽ വനംവകുപ്പ് ഗനിയെ നിരീക്ഷണത്തിനും പക്ഷികളുടെ സംരക്ഷണത്തിനും ചുമതലയുള്ള വഞ്ചിക്കാരനായി നിയമിച്ചതോടെ സ്ഥിതിഗതികൾ മാറി. "നിലവിൽ ഞാൻ ഒരുമാസം ഏകദേശം 19,000 രൂപ സമ്പാദിക്കുന്നുണ്ട്."
വഞ്ചിക്കാരനായി ജോലി ചെയ്യുന്ന മൂന്നാം തലമുറക്കാരനും പക്ഷിശാസ്ത്രത്തിൽ അതീവതല്പരനുമായ ഗനി, നൽ സരോവറിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള വെകാറിയ ഗ്രാമത്തിലാണ് വളർന്നത്. തടാകത്തിൽ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന ജോലികൾ മാത്രമാണ് ഈ ഗ്രാമത്തിലുള്ളവരുടെ വരുമാനസ്രോതസ്സ്.
ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിൽ ഗനി വിദ്യാഭ്യാസം തുടങ്ങിയെങ്കിലും കുടുംബത്തിന് മുന്നോട്ട് പോകാൻ അദ്ദേഹത്തിന്റെ വരുമാനം കൂടി ആവശ്യമാകുമെന്ന് വന്നതോടെ, ഏഴാം ക്ലാസിനുശേഷം പഠനം ഉപേക്ഷിക്കുകയായിരുന്നു. ഗനിയ്ക്ക് രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. 14-ആം വയസ്സിലാണ് അദ്ദേഹം നൽ സരോവറിൽ സ്വകാര്യ വഞ്ചിക്കാരനായി ജോലി ചെയ്യാൻ തുടങ്ങിയത്.
ഔപചാരിക വിദ്യാഭ്യാസം ചെറുപ്രായത്തിൽത്തന്നെ നിലച്ചെങ്കിലും, ഏത് പക്ഷിയെയും ഒറ്റനോട്ടത്തിൽത്തന്നെ തിരിച്ചറിയാനുള്ള അറിവ് ഗനി ആർജ്ജിച്ചെടുത്തിട്ടുണ്ട്. തുടക്കത്തിൽ അദ്ദേഹത്തിന്റെ കയ്യിൽ പ്രൊഫഷണൽ ക്യാമറ ഉണ്ടായിരുന്നില്ലെങ്കിലും വന്യജീവികളുടെ മനോഹരമായ ചിത്രങ്ങൾ എടുക്കുന്നതിൽ അതൊന്നും അദ്ദേഹത്തിന് തടസ്സമായില്ല. "എന്റെ കയ്യിൽ ക്യാമറ ഇല്ലാതിരുന്ന കാലത്ത്, നിരീക്ഷണത്തിനായുള്ള ടെലസ്കോപ്പിൽ എന്റെ ഫോൺ ഘടിപ്പിച്ചാണ് ഞാൻ പക്ഷികളുടെ ചിത്രങ്ങൾ എടുത്തിരുന്നത്." ഒടുവിൽ 2023-ലാണ് ഗനി ഒരു നിക്കോൺ കൂൾപിക്‌സ് പി.950 ക്യാമറയും ബൈനോക്കുലറും വാങ്ങിച്ചത്. "ആർ.ജെ പ്രജാപതിയും (ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്) ഡി.എം സോളങ്കിയും (റേഞ്ച് ഫോറസ്ററ് ഓഫീസർ) ആണ് ക്യാമറയും ബൈനോക്കുലറും വാങ്ങാൻ എന്നെ സഹായിച്ചത്."
തടാകത്തിൽ പഠനം നടത്താൻ എത്തിയ ഗവേഷകർക്കൊപ്പം സഹകരിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി, അദ്ദേഹം എടുത്ത, നൽ സരോവറിലെ ദേശാടനപ്പക്ഷികളുടെ ചിത്രങ്ങൾക്ക് ആഗോള അംഗീകാരം ലഭിക്കുകയുണ്ടായി. "റഷ്യയിൽനിന്ന് വന്ന, ഒരേ ഗണത്തിൽപ്പെട്ട യു.3, യു.4 എന്നിങ്ങനെ പേര് നൽകിയിട്ടുള്ള രണ്ടു പക്ഷികളുടെ ചിത്രങ്ങൾ ഞാൻ എടുത്തിരുന്നു. 2022-ൽ യു.3 ഇവിടെ വന്നപ്പോഴാണ് ഞാൻ അതിനെ കണ്ടെത്തിയത്. ഈ വർഷം (2023-ൽ) ഞാൻതന്നെ യു.4-ന്റെ ചിത്രവുമെടുത്തു. വൈൽഡ്‌ലൈഫ് ഫെഡറേഷൻ ഓഫ് ഇന്ത്യ വഴി ഈ ചിത്രങ്ങൾ ഒരു റഷ്യൻ ശാസ്ത്രജ്ഞന് അയച്ചുകൊടുത്തപ്പോൾ, ആ ശാസ്ത്രജ്ഞനാണ് ഈ രണ്ട് പക്ഷികളും ഒരേ ഗണത്തിൽപ്പെട്ടവയാണെന്ന് ഞങ്ങളെ അറിയിച്ചത്. രണ്ട് പക്ഷികളും നൽ സരോവറിൽ വന്നിട്ടുണ്ട്," ഗനി ആവേശഭരിതനായി പറയുന്നു.
റഷ്യൻ ശാസ്ത്രജ്ഞർ തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഗനി പറയുന്നു. "ഡെമോയ്സ്സെൽ ക്രെയ്ൻ (ഗ്രസ് വേർഗോ) എന്ന ഇനത്തിൽപ്പെട്ട, നേരത്തെതന്നെ തിരിച്ചറിയുകയും വിവരങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തിട്ടുള്ളതായ 8 പക്ഷികളെ ഞാൻ കണ്ടെത്തിയിരുന്നു. ഞാൻ അവയുടെ ചിത്രങ്ങൾ എടുത്ത് അയയ്ക്കുകയും അവർ അത് രേഖപ്പെടുത്തുകയും ചെയ്തു."
കാലാവസ്ഥാ വ്യതിയാനംമൂലം നൽ സരോവറിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഗനി ശ്രദ്ധിക്കുന്നുണ്ട്. "ജൂണിൽ ഗുജറാത്തിൽ വീശിയ ബിപർജോയ് ചുഴലിക്കാറ്റുമൂലം, ചില പുതിയ ഇനം കടൽപ്പക്ഷികളെ ഇവിടെ ആദ്യമായി കണ്ടെത്തിയിരുന്നു. ബ്രൗൺ നോഡി (അനൗസ് സ്റ്റോളിഡസ്) സൂട്ടി ടേൺ (ഒനിക്കോപ്രയോൺ ഫസ്ക്കേറ്റസ്), ആർട്ടിക്ക് സ്‌ക്വ (സ്റ്റെർക്കോരാരിയസ് പാരാസിറ്റിക്കസ്) ബ്രൈഡിൽഡ് ടേൺ (ഒനിക്കോപ്രയോൺ അനാതീറ്റസ്) തുടങ്ങിയവ ഇതിൽ ഉൾപ്പെടും."
സെൻട്രൽ ഏഷ്യൻ ഫ്ളൈവേയിലൂടെ സഞ്ചരിച്ചെത്തുന്ന റെഡ്-ബ്രെസ്റ്റഡ് ഗൂസ് ഇനത്തിൽപ്പെട്ട പക്ഷിയാണ് (ബ്രാന്റാ റൂഫികോളിസ്) ശൈത്യകാലത്ത് നൽ സരോവറിന്റെ പ്രധാന ആകർഷണം. കഴിഞ്ഞ മൂന്ന് വർഷമായി ഈ പക്ഷി ഇവിടെ എത്തുന്നുണ്ട്. മംഗോളിയ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷമാണ് അത് ഇവിടെ വരുന്നത്. "ആ ഒരു പക്ഷി കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെ വരുന്നുണ്ട്. തുടർച്ചയായി അതിനെ ഇവിടെ കാണുന്നുണ്ട്," ഗനി ചൂണ്ടിക്കാണിക്കുന്നു. ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന സോഷ്യബിൾ ലാപ്‌വിങ് (വനല്ലസ് ഗ്രെഗേറിയസ്) ഇനത്തിൽപ്പെട്ട പക്ഷികളും പക്ഷിസങ്കേതത്തിൽ എത്താറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
"ഒരു പക്ഷിക്ക് എന്റെ പേര് നൽകിയിട്ടുണ്ട്," തന്റെ പേരിൽ അറിയപ്പെടുന്ന ഒരു കൊക്കിനെ പരാമർശിച്ച് ഗനി പറയുന്നു. "ആ കൊക്ക് ഇപ്പോൾ റഷ്യയിലാണുള്ളത്. അത് റഷ്യയിലേക്ക് പോയി, അവിടെനിന്ന് ഗുജറാത്തിലേക്ക് വന്ന്, വീണ്ടും റഷ്യയിലേക്ക് മടങ്ങി," അദ്ദേഹം ഓർത്തെടുക്കുന്നു.
"ഞാൻ സ്ഥിരമായി പത്രങ്ങൾക്ക് ഒരുപാട് ചിത്രങ്ങൾ കൊടുക്കാറുണ്ട്. പക്ഷെ അവർ എന്റെ പേര് പ്രസിദ്ധീകരിക്കാറില്ല. എന്നാലും എന്റെ ചിത്രങ്ങൾ അതിൽ കാണുന്നത് എനിക്ക് സന്തോഷമാണ്," ഗനി പറയുന്നു.
പരിഭാഷ: പ്രതിഭ ആര്‍. കെ .