കാൽമുട്ടുകൾക്കിടയിൽ കള്ളിമുണ്ട് തിരുകി, 30 സെക്കൻഡിനുള്ളിൽ 40 അടി ഉയരമുള്ള പനമരത്തിന്റെ പകുതിദൂരംവരെ അജയ് മഹാത്തോ കുതിച്ചുകയറും.
എല്ലാ ദിവസവും അദ്ദേഹം ഈ ജോലി ചെയ്യുന്നു. ഉയരമേറിയ പനമരത്തിൽ കയറി, മടലുകൾക്കിടയിലുള്ള അതിന്റെ തളിരിൽനിന്ന് ചാറെടുക്കുന്നു.
ബിഹാറിലെ സമസ്തിപുർ ജില്ലയിൽ മേയ് മാസത്തിലെ തെളിച്ചമുള്ള
ഒരു പകലിൽ, കള്ള് ചെത്തിയെടുക്കുന്നതിന് പനയിൽ കയറാൻ തയ്യാറെടുക്കുകയാണ് 27
വയസ്സുള്ള അദ്ദേഹം. “ഇതും പനമരംപോലെ തഴമ്പിച്ചിരിക്കുന്നു. മുള്ളുപോലും കയറില്ല”
രണ്ട് കൈകളിലെയും തഴമ്പ് കാണിച്ചുകൊണ്ട് അജയ് പറയുന്നു.
“മുകളിലേക്ക് കയറുമ്പോൾ, മരത്തിലെ പിടുത്തത്തിന് ബലം വേണം. രണ്ട് കൈകളും കാലുംമുപയോഗിച്ച് മുറുക്കിപ്പിടിക്കണം”, കൈപ്പത്തികൾ കൂട്ടിപ്പിടിച്ച്, അയാൾ അത് കാണിച്ചുതന്നു. ദിവസേനയുള്ള ഈ കയറ്റം, അജയുടെ നെഞ്ചിലും കൈകളിലും കണങ്കാലിലുമൊക്കെ അടയാളങ്ങൾ ശേഷിപ്പിച്ചിരിക്കുന്നു.
“15 വയസ്സുള്ളപ്പോൾ കയറാൻ തുടങ്ങിയതാണ് ഞാൻ”, പന്ത്രണ്ട് കൊല്ലമായി ഈ പണി ചെയ്യുന്ന ആ കള്ളുചെത്തുകാരൻ പറയുന്നു.
റസുൽപുർ ഗ്രാമത്തിലെ താമസക്കാരനായ അജയ്, പാസി സമുദായക്കാരനാണ്. പരമ്പരാഗതമായി കള്ള് ചെത്തുന്ന സമുദായക്കാരാണ് അവർ. അജയ്‌യുടെ കുടുംബത്തിൽത്തന്നെ ചുരുങ്ങിയത് മൂന്ന് തലമുറകൾ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നു..
“ആദ്യമൊക്കെ ഞാൻ പകുതി ദൂരം കയറി ഇറങ്ങിപ്പോരും”,
കുട്ടിയായിരുന്നപ്പോൾ അച്ഛന്റെ പ്രോത്സാഹനത്തോടെ പന കയറ്റം സ്വായത്തമാക്കിയതോർത്ത്
അദ്ദേഹം പറയുന്നു. “പനയുടെ മുകളിൽനിന്ന് താഴത്തേക്ക് നോക്കുമ്പോൾ ഹൃദയം താഴെ
വീഴുമെന്ന് എനിക്ക് തോന്നിയിരുന്നു”.
“ആദ്യമായിട്ട് പനയിൽ കയറിയപ്പോൾ എന്റെ നെഞ്ചും, കൈകാലുകളും മുറിഞ്ഞ് ചോര പൊടിഞ്ഞു”, അജയ് പറയുന്നു. മുകളിലേക്കും താഴേക്കുമുള്ള നിരന്തരമായ യാത്രയിൽ മരവുമായി ഉരഞ്ഞ് ബലിഷ്ഠമായ നെഞ്ചത്തുണ്ടായ പാടുകൾ വിവരിച്ച് അയാൾ പറയുന്നു.
രാവിലെയും വൈകീട്ടും ശരാശരി അഞ്ച് പനകളിൽ അജയ് കയറുന്നു.
ചൂടിൽനിന്ന് രക്ഷപ്പെടാൻ, ഉച്ചയ്ക്ക് വിശ്രമിക്കും. റസുൽപുരത്ത് 10 മരങ്ങൾ, ഓരോ
മരത്തിനും വർഷത്തിൽ 500 രൂപവെച്ച് (അതല്ലെങ്കിൽ അതിന് തുല്യമായ അളവിൽ ചാറ്) ഒരു
ജന്മിയിൽനിന്ന് പാട്ടത്തിനെടുത്തിട്ടുണ്ട് അയാൾ.
ബൈശാഖമാസത്തിൽ (ഏപ്രിൽ-മേയ്) ഒരു മരത്തിൽനിന്ന് 10 കുപ്പി ചാറ് കിട്ടും. അതിനുശേഷമുള്ള മാസങ്ങളിൽ കുറവായിരിക്കും”, അദ്ദേഹം പറയുന്നു.
പതയുന്ന ഈ ചാറിനെ ചക്കരയോ പുളിച്ച കള്ളോ ആക്കി മാറ്റും. “ഈ ചാറ് ഞങ്ങൾ ഒരു മൊത്തക്കച്ചവടക്കാരന്, കുപ്പിക്ക് 10 രൂപവെച്ച് കൊടുക്കും”, അജയ് പറയുന്നു. ഓരോ കുപ്പിയിലും 750 മില്ലീലിറ്റർ ചാറുണ്ടാവും. ബൈശാഖ് മാസങ്ങളിൽ, ദിവസത്തിൽ 1,000 രൂപവെച്ച് അജയിന് സമ്പാദിക്കാൻ സാധിക്കും. എന്നാൽ അടുത്ത 9 മാസങ്ങളിൽ വരുമാനം, 60 മുതൽ 70 ശതമാനംവരെ കുറയാൻ തുടങ്ങും.
രാവിലെയും വൈകീട്ടും ശരാശരി അഞ്ച് പനമരങ്ങളിൽവീതം കയറുന്ന അജയ്. ചൂടിൽനിന്ന് രക്ഷപ്പെടാൻ, ഉച്ചയോടടുപ്പിച്ച് അല്പനേരം വിശ്രമിക്കും
സീസണല്ലാത്തപ്പോൾ, തന്റെ സ്ഥിരം ഉപഭോക്താക്കൾക്ക് അജയ്, കുപ്പിക്ക് 20 രൂപവെച്ച് ചാറ് നേരിട്ട് വിൽക്കും. ഈ പണിയിൽനിന്ന് കിട്ടുന്ന വരുമാനംകൊണ്ടാണ് ഭാര്യയും മൂന്ന് മക്കളുമുള്ള കുടുംബം നിലനിൽക്കുന്നത്.
രാജ്യത്ത്, തൊഴിലിനായി പുരുഷന്മാർ ഏറ്റവുമധികം കുടിയേറ്റം നടത്തുന്ന ജില്ലകളിലൊന്നാണ് സമസ്തിപുർ. തന്റെ ചുറ്റും കാണുന്ന പ്രവണതയോട് മത്സരിച്ച്, സമസ്തിപുരിൽത്തന്നെ താമസിച്ച് കള്ള് ചെത്തി ജീവിക്കുകയാണ് അജയ്.
*****
കയറുന്നതിനുമുൻപ്, അജയ് ഒരു നൈലോൺ ബെൽറ്റ് അരയിൽ
കെട്ടുന്നു. ബെൽറ്റിൽനിന്ന് തൂങ്ങിനിൽക്കുന്ന കൊളുത്തിൽ ഒരു പ്ലാസ്റ്റിക്ക് ജാറും
അരിവാളും കെട്ടിവെക്കുന്നു. “ഈ ബെൽറ്റ് നന്നായി മുറുക്കിക്കെട്ടണം. 10 ലിറ്റർ ചാറ്
നിറച്ചാലും പൊട്ടിപ്പോവരുത്”, അജയ് വിശദീകരിച്ചു.
40 അടി ഉയരമുള്ള പനയിലേക്ക് കയറി, വഴുക്കലുള്ള
പാതിഭാഗത്ത് അയാൾ എത്തി. കാലുകൾക്കിടയിലിട്ട തളകൊണ്ട് – റെക്സിൻകൊണ്ടോ
തുകലുകൊണ്ടോ ഉണ്ടാക്കുന്ന ഒന്നാണത് – അയാൾ മരത്തിൽ അള്ളിപ്പിടിക്കുന്നത് ഞാൻ
കണ്ടു.
തലേന്ന് വൈകീട്ട്, അജയ്, മരത്തിന്റെ തുമ്പത്ത് ഒരു ചാല് കീറി ഒഴിഞ്ഞ ഒരു മൺകുടം വെച്ചിരുന്നു. പന്ത്രണ്ട് മണിക്കൂറിനുശേഷം വീണ്ടും ആ മരത്തിൽ കയറി കുടത്തിൽ ശേഖരിക്കപ്പെട്ടിരുന്ന കഷ്ടി അഞ്ച് ലിറ്റർ വരുന്ന ചാറ് അയാൾ മാറ്റി. മൺകുടത്തിന്റെ താഴത്തെ ഭാഗത്തിൽ കീടനാശിനി പുരട്ടണമെന്ന് പിന്നീട് അയാൾ എന്നോട് പറഞ്ഞു. തേനീച്ചകളും കടന്നലുകളും ഉറുമ്പുകളും വരാതിരിക്കാനാണത്രെ അത്.
മുകൾഭാഗത്തുള്ള തണ്ടുകൾക്കിടയിൽ അപകടകരമായ വിധത്തിൽ ഇരുന്ന്, അജയ് പനയുടെ തണ്ടിൽ അരിവാളുകൊണ്ട് ഒരു ചാലുണ്ടാക്കുന്നു. ഒഴിഞ്ഞ മൺകുടം അവിടെവെച്ച് അയാൾ ഇറങ്ങുന്നു. ഇതിനെല്ലാംകൂടി അയാൾ കഷ്ടി 10 മിനിറ്റാണ് അയാളെടുക്കുന്നത്.
കുറച്ച് സമയം കഴിഞ്ഞാൽ ഈ ചാറ് ഘരരൂപത്തിലാവുകയും പുളിക്കാനും തുടങ്ങും. “പനയിൽനിന്ന് എടുത്തയുടൻ കള്ള് കുടിക്കുന്നതാണ് നല്ലത്. എന്നാലേ ഗുണമുള്ളു”, അജയ് എനിക്ക് പറഞ്ഞുതരുന്നു.
കള്ളുചെത്തുന്ന ജോലി അപകടം പിടിച്ച ഒന്നാണ്. ഒരല്പം അശ്രദ്ധ മതി, മരണമോ, സ്ഥായിയായ അംഗഭംഗമോ സംഭവിക്കാൻ.
മാർച്ചിൽ അജയ്ക്ക് പരിക്കേറ്റു. “എന്റെ കൈ വഴുക്കി, ഞാൻ താഴത്തേക്ക് വീണു. കണങ്കൈക്ക് പരിക്കുപറ്റി”, ഒരുമാസത്തോളം ജോലിക്ക് പോകാൻ സാധിച്ചില്ല അദ്ദേഹത്തിന്. ഈ വർഷമാദ്യം, അജയുടെ ഒരു ബന്ധുവിനും – അയാൾക്കും കള്ളുചെത്തായിരുന്നു ജോലി- പനയിൽനിന്ന് വീണ് അരയ്ക്കും കാലിനും പരിക്കുപറ്റുകയുണ്ടായി.
അജയ് മറ്റൊരു പനയിൽ കയറി, അതിൽനിന്ന് ഫലങ്ങൾ താഴത്തേക്കിട്ടുതന്നു. ഐസ് ആപ്പിളുകൾ. അരിവാളുകൊണ്ട് അതിന്റെ ബലമുള്ള പുറന്തോട് മുറിച്ച്, അതിനകത്തുള്ള മാംസളമായ കാമ്പ് അയാൾ എനിക്ക് തന്നു.
“കഴിക്കൂ, ഇത് ഫ്രഷാണ്. പട്ടണത്തിൽ ഇതിന് 15 രൂപ കൊടുക്കണം”, ചിരിച്ചുകൊണ്ട് അയാൾ പറയുന്നു.
കുറച്ചുകാലം നഗരജീവിതവും അനുഭവിച്ചിരുന്നു അയാൾ.
എന്നാൽ ഫലമുണ്ടായില്ല. നിർമ്മാണസൈറ്റുകളിൽ ജോലിചെയ്യാനായി കുറച്ചുവർഷങ്ങൾക്ക്
മുമ്പ്, അയാൾ ദില്ലിയിലേക്കും സൂറത്തിലേക്കും
പോയിരുന്നു. ദിവസത്തിൽ 200-250 രൂപവരെ സമ്പാദിക്കുകയും ചെയ്തിരുന്നു
എന്നാൽ, “എനിക്കവിടെ ജോലി ചെയ്യാൻ തോന്നിയില്ല. വരുമാനവും കുറവാണ്”, അയാൾ പറഞ്ഞു.
കള്ളുചെത്തിയുണ്ടാക്കുന്ന വരുമാനത്തിൽ അയാൾ
സംതൃപ്തനാണ്.
പൊലീസിന്റെ റെയ്ഡുകളും ഈ തൊഴിലിൽ സ്വാഭാവികമാണ്. നുരയുന്ന കള്ളടക്കം, ഒരുവിധത്തിലുമുള്ള മദ്യമോ ലഹരിയോ “നിർമ്മിക്കാനോ, കുപ്പിയിലാക്കാനോ, വിതരണം ചെയ്യാനോ, ഗതാഗതം നടത്താനോ, ശേഖരിക്കാനോ, കൈവശം വെക്കാനോ, വാങ്ങാനോ, വിൽക്കാനോ, ഉപയോഗിക്കാനോ” 2016-ലെ ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്സൈസ് ആക്ട് അനുവദിക്കുന്നില്ല. ഇതുവരെ പൊലീസ് റസൂൽപുരിൽ റെയ്ഡ് നടത്തിയിട്ടില്ല. എന്നാൽ, “ഇതുവരെ വന്നിട്ടില്ല എന്നതുകൊണ്ട് ഇനിയൊരിക്കലും വരില്ല എന്ന് അർത്ഥമില്ല” എന്ന് പറയുന്നു അജയ്.
മറ്റ് പലരേയും പൊലീസ് പലപ്പോഴും വ്യാജകേസുകളിൽ ഉൾപ്പെടുത്താറുണ്ട് എന്ന അറിവാണ് അജയിനെ ഭയപ്പെടുത്തുന്നത്. “ഏത് നിമിഷവും പൊലീസ് വരാനിടയുണ്ട്”, അജയ് പറയുന്നു.
അത്തരം അപകടങ്ങളെ നേരിടാൻ അയാൾ തയ്യാറാണ്. “ഇവിടെ റസുൽപുരിൽ, എന്റെ കുടുംബത്തോടൊപ്പം എനിക്ക് ജീവിച്ചേ മതിയാകൂ”, കൈപ്പത്തിയിൽ പുകയില വെച്ച് തിരുമ്മിക്കൊണ്ട് അയാൾ പറയുന്നു.
മുളവടിയിൽ മണലിട്ട് അരിവാൾ അതിലുരച്ച് അജയ് മൂർച്ചകൂട്ടി. ആയുധങ്ങൾ തയ്യാറാക്കി, അയാൾ മറ്റൊരു പനയെ ലക്ഷ്യമാക്കി നടന്നു.
സംസ്ഥാനത്തിലെ അധസ്ഥിതരുടെ സമരങ്ങളുടെ മുന്നിൽനിന്ന് പ്രവർത്തിച്ച ബിഹാറിലെ ഒരു തൊഴിലാളി നേതാവിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ഫെല്ലോഷിപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റിപ്പോർട്ടാണിത്.
പരിഭാഷ: രാജീവ് ചേലനാട്ട്