25 മീറ്റർ പൊക്കമുള്ള മരത്തിന്റെ മുകളിൽനിന്ന് താഴേക്ക് നോക്കി ഹുമയൂൺ ഹിന്ദിയിൽ ഒച്ചയിടുന്നു. “മാറിനിൽക്ക്, ഇല്ലെങ്കിൽ പരിക്ക് പറ്റും”.
തൊട്ട് താഴെ ആരുമില്ലെന്ന് ഉറപ്പുവരുത്തി, അയാൾ തന്റെ വളഞ്ഞ കത്തി മനോഹരമായൊരു ചലനത്തോടെ ഒരൊറ്റത്തവണ ആഞ്ഞുവീശി. അതാ, തേങ്ങകൾ ഒരു വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുന്നു, ഠും!
നിമിഷങ്ങൾക്കകം പണി തീർത്ത് അയാൾ താഴത്തെത്തി. അയാളുടെ അസാധാരണമായ വേഗതയ്ക്ക് കാരണം തെങ്ങുകയറാൻ അയാളുപയോഗിക്കുന്ന യന്ത്രമാണ്. മറ്റ് തെങ്ങുകയറ്റക്കാരിൽനിന്ന് വ്യത്യസ്തമായി, വെറും നാലുമിനിറ്റാണ് അയാൾ ഒരു തെങ്ങിൽ കയറാനും ഇറങ്ങാനും എടുക്കുന്ന സമയം.
രണ്ട് കാൽപ്പാദങ്ങളും വെക്കാവുന്ന രീതിയിൽ, അതിന്റെ ആകൃതിയിലുള്ള ഒരു യന്ത്രമാണ് അത്. അതിൽ ഘടിപ്പിച്ച ഒരു നീണ്ട കയർ തെങ്ങിന്റെ തടിയിൽ ചുറ്റിയിരിക്കുന്നു. ചവിട്ടുപടികൾ കയറുന്നതുപോലെ തെങ്ങിൽ കയറാൻ അത് ഹുമയൂണിനെ സഹായിക്കുന്നു.
“ഈ യന്ത്രമുപയോഗിച്ച് തെങ്ങിൽ കയറാൻ ഞാൻ ഒന്നുരണ്ട് ദിവസത്തിനുള്ളിൽ പഠിച്ചു”, അയാൾ പറയുന്നു.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഗോൾചന്ദ്പുർ ഗ്രാമത്തിൽനിന്ന് കുടിയേറിയ ഹുമയൂൺ നാട്ടിൽ തെങ്ങ് കയറാറുണ്ടായിരുന്നു. അതുകൊണ്ട് തെങ്ങുകയറ്റം പഠിക്കാൻ എളുപ്പമായിരുന്നു.
“ഈ യന്ത്രം ഞാൻ 3,000 രൂപയ്ക്കാണ് വാങ്ങിയത്. കുറച്ചുദിവസം കൂട്ടുകാരുടെ കൂടെ പോയി. പിന്നെ ഒറ്റയ്ക്ക് പോയിത്തുടങ്ങി”, അയാൾ പറയുന്നു.
വരുമാനം എത്ര കിട്ടുമെന്ന് കൃത്യമായി പറയാനാവില്ല. “ചിലപ്പോൾ ഒരു ദിവസം എനിക്ക് 1,000 രൂപ സമ്പാദിക്കാൻ പറ്റും, ചിലപ്പോൾ 500 രൂപ. മറ്റ് ചിലപ്പോൾ ഒന്നും കിട്ടുകയുമില്ല”, അയാൾ പറയുന്നു. ഒരു വീട്ടിൽ എത്ര തെങ്ങുകൾ കയറാനുണ്ട് എന്നത് കണക്കാക്കിയാണ് അയാൾ കൂലി പറയുക. “രണ്ട് മരങ്ങളേയുള്ളുവെങ്കിൽ ഞാൻ ഒരു മരത്തിന് 50 രൂപ പറയും. കൂടുതലുണ്ടെങ്കിൽ, 25 രൂപയ്ക്കും ചെയ്തുകൊടുക്കും. എനിക്ക് മലയാളം അറിയില്ല. എന്നാലും എങ്ങിനെയെങ്കിലുമൊക്കെ വിലപേശും”, അയാൾ പറയുന്നു.
“നാട്ടിൽ (പശ്ചിമ ബംഗാളിൽ), തെങ്ങ് കയറാൻ ഈ യന്ത്രമില്ല”, അയാൾ പറയുന്നു. കേരളത്തിൽ ഇതിന് പ്രചാരം കൂടിക്കൂടി വരുന്നുവെന്നും അയാൾ സൂചിപ്പിച്ചു.
രണ്ട് കാൽപ്പാദങ്ങളും വെക്കാവുന്ന രീതിയിൽ, അതിന്റെ ആകൃതിയിലുള്ള ഒരു യന്ത്രമാണ് അത്. അതിൽ ഘടിപ്പിച്ച ഒരു നീണ്ട കയർ തെങ്ങിന്റെ തടിയിൽ ചുറ്റിയിരിക്കുന്നു. ചവിട്ടുപടികൾ കയറുന്നതുപോലെ തെങ്ങിൽ കയറാൻ അത് ഹുമയൂണിനെ സഹായിക്കുന്നു
മൂന്ന് വർഷം മുമ്പ്, മഹാവ്യാധിക്ക് മുമ്പാണ് (2020 ആദ്യം), ഹുമയൂൺ കേരളത്തിലേക്ക് കുടിയേറിയത്. “വന്ന കാലത്ത് ഞാൻ കൃഷിയിടങ്ങളിൽ ദിവസക്കൂലിക്ക് തൊഴിലാളിയായി ജോലി ചെയ്തിരുന്നു”, അയാൾ പറയുന്നു.
“ജോലി ചെയ്യാൻ കേരളമാണ് നല്ലത്” അതുകൊണ്ടാണ് ഇങ്ങോട്ട് വന്നതെന്ന് അയാൾ പറയുന്നു.
“അപ്പോഴേക്കും കൊറോണ വന്നു. അതോടെ ഞങ്ങൾക്ക് തിരിച്ചുപോകേണ്ടിവന്നു”, അയാൾ സൂചിപ്പിച്ചു.
2020 മാർച്ചിൽ കുടിയേറ്റത്തൊഴിലാളികൾക്കുവേണ്ടി കേരള സർക്കാർ ഒരുക്കിക്കൊടുത്ത സൌജന്യ ട്രെയിനിൽ അയാൾ പശ്ചിമ ബംഗാളിലേക്ക് തിരിച്ചുപോയി. അതേവർഷം ഒക്ടോബറിൽ തിരിച്ചുവരികയും ചെയ്തു. തിരിച്ചുവന്നതിനുശേഷം തെങ്ങുകയറ്റക്കാരനായി ജോലി തുടങ്ങി.
ദിവസവും രാവിലെ 5.30-ന് അയാൾ എഴുന്നേൽക്കും. ആദ്യം ചെയ്യുന്നത് ഭക്ഷണമുണ്ടാക്കലാണ്. “രാവിലെ ഞാൻ ഭക്ഷണം കഴിക്കാറില്ല. എന്തെങ്കിലും ചെറുതായി കഴിച്ച് പണിക്ക് പോവും. എന്നിട്ട് തിരിച്ചുവന്ന് കഴിക്കും.”, അയാൾ വിശദീകരിച്ചു. തിരിച്ചുവരുന്നതിന് കൃത്യമായ സമയമൊന്നുമില്ല.
“ചില ദിവസം ഞാൻ രാവിലെ 11 മണിക്ക് തിരിച്ചെത്തും. ചിലപ്പോൾ വൈകുന്നേരം 3-4 മണിയാവും”.
മഴക്കാലത്ത് വരവ് കൂടിയും കുറഞ്ഞുമിരിക്കും. എന്നാലും യന്ത്രമുള്ളതുകൊണ്ട് വലുതായി ബാധിക്കാറില്ല.
“യന്ത്രമുള്ളതുകൊണ്ട് മഴക്കാലത്ത് തെങ്ങിൽക്കയറാൻ എനിക്ക് പ്രശ്നമില്ല”, അയാൾ പറഞ്ഞു. പക്ഷേ ആ കാലത്ത്, അധികമാളുകാളും തെങ്ങിൽ കയറാൻ വിളിക്കാറില്ല. “മഴക്കാലം തുടങ്ങിയാൽ പണി അല്പം കുറയും”, അയാൾ കൂട്ടിച്ചേർത്തു.
അതുകൊണ്ട് ആ സമയത്ത്, ഭാര്യ ഹാലിമ ബീഗത്തെയും അമ്മയേയും മൂന്ന് മക്കളേയും കാണാൻ അയാൾ ഗോൾചന്ദ്പുരിലെ വീട്ടിലേക്ക് പോവും. 17 വയസ്സുള്ള ഷൻവർ ഷെയ്ക്കും, 11 വയസ്സുള്ള സാദിഖ് ഷെയ്ഖും ഒമ്പത് വയസ്സുള്ള ഫർഹാൻ ഷെയ്ക്കും സ്കൂൾ വിദ്യാർത്ഥികളാണ്.
“കാലാവസ്ഥയനുസരിച്ച് കുടിയേറുന്നയാളല്ല ഞാൻ. കേരളത്തിൽ 9-10 മാസമുണ്ടാകും. നാട്ടിൽ (പശ്ചിമ ബംഗാളിൽ, രണ്ട് മാസവും”, അയാൾ പറയുന്നു. എന്നാൽ, കേരളത്തിൽ കഴിയുമ്പോൾ അയാൾക്ക് കുടുംബത്തെ കാണാൻ വല്ലാതെ തോന്നാറുണ്ട്.
“ദിവസത്തിൽ മൂന്ന് തവണയെങ്കിലും ചുരുങ്ങിയത് ഞാൻ വീട്ടിലേക്ക് വിളിക്കും”, ഹുമയൂൺ പറയുന്നു. വീട്ടിലെ ഭക്ഷണം കഴിക്കാനും തോന്നാറുണ്ട്. “വീട്ടിൽ ഉണ്ടാക്കുന്നതുപോലെ ഇവിടെ ഭക്ഷണമുണ്ടാക്കാൻ പറ്റാറില്ല. എന്നാലും ഒപ്പിച്ചുപോവുന്നു”, അയാൾ പറഞ്ഞു.
“നാലുമാസത്തിനുള്ളിൽ (ജൂണിൽ) വീട്ടിൽ പോകാമല്ലോ എന്ന ചിന്ത മാത്രമാണ് ഇപ്പോൾ എന്റെ മനസ്സിൽ”.
പരിഭാഷ: രാജീവ് ചേലനാട്ട്