“ഞങ്ങള്‍ക്ക് ഭക്ഷണപൊതികള്‍ നല്‍കരുത്, റേഷന്‍ കടയില്‍നിന്നും ഞങ്ങള്‍ക്ക് അരി വാങ്ങാന്‍ പറ്റും. പ്രളയജലത്തിനൊരു പരിഹാരം കാണൂ!”, സെമ്മഞ്ചേരിയില്‍ ചേര്‍ന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും സ്ത്രീകള്‍ വിളിച്ചു പറഞ്ഞു.
ചെന്നൈ നഗരത്തില്‍നിന്നും 30 കിലോമീറ്റര്‍ തെക്കോട്ട് മാറി കാഞ്ചീപുരം ജില്ലയിലെ പഴയ മഹാബലിപുരം റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം 2020 നവംബര്‍ 25-ന് കടുത്ത പ്രളയത്തിലകപ്പെട്ടു.
ഈ താഴ്ന്ന പ്രദേശത്തെ ആളുകളെ സംബന്ധിച്ചിടത്തോളം വെള്ളത്തില്‍ മുങ്ങുക എന്നത് പുതിയതോ അസാധാരണമോ ആയ കാര്യമല്ല. ചരിത്രത്തില്‍തന്നെ മോശമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ട പ്രളയത്തില്‍ 2015-ല്‍ ചെന്നൈ മുങ്ങിയപ്പോള്‍ സെമ്മഞ്ചേരിയും മുങ്ങിയിരുന്നു. പക്ഷെ അടുത്ത ചില പ്രദേശങ്ങളിലെങ്കിലും തെരുവില്‍നിന്നും കൊടുങ്കാറ്റില്‍ നിന്നുമുള്ള മലിനജലം വൃത്തിയാക്കുന്നതിനുള്ള സംവിധാനം (streets and storm water drains) വരുന്ന വര്‍ഷങ്ങളില്‍ കുറച്ച് മെച്ചപ്പെട്ടതായി കാണപ്പെട്ടു.
ഈ മാറ്റം സെമ്മഞ്ചേരി ഹൗസിംഗ് ബോര്‍ഡ് പ്രദേശങ്ങളിലല്ലായിരുന്നു. കാലങ്ങളായി വിവിധ നഗര ‘വികസന’, പശ്ചാത്തല പദ്ധതികള്‍ മൂലം മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കുടുംബങ്ങളുടെ വാസകേന്ദ്രമായതിനാല്‍ ഒരുപക്ഷെ അവഗണിക്കപ്പെട്ടതാണ് പ്രദേശം. ഇവിടെയുള്ള നിരവധി താമസക്കാര്‍ ചെന്നൈ നഗരത്തില്‍ വീട്ടുജോലിക്കാരോ അല്ലെങ്കില്‍ ശുചീകരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ എന്നിങ്ങനെയുള്ളവരോ അനൗപചാരിക മേഖലയില്‍ മറ്റ് ജോലികള്‍ ചെയ്യുന്നവരോ ആണ്.
കടലൂരില്‍ ഏകദേശം 250 മില്ലിമീറ്ററും ചെന്നൈയില്‍ 100 മില്ലിമീറ്ററിന് മീതെയും മഴ പെയ്യിച്ചുകൊണ്ട് നിവര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ചപ്പോള്‍ വെള്ളം സെമ്മഞ്ചേരിയിലെ വീടുകളുടെ അകത്തേക്ക് ഇരച്ചുകയറുകയും തെരുവുകളില്‍ തളംകെട്ടി കിടക്കുകയും ചെയ്തു – വീടുകള്‍ക്കകത്ത് ഒരു മീറ്ററും പുറത്ത് രണ്ട് മീറ്ററും ഉയരത്തില്‍.
മൂന്നു പേരുടെ മരണത്തിനും , 1.38 ലക്ഷം പേര്‍ ഒഴിഞ്ഞുപോകുന്നതിനും , 16,500 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശത്തിനും, തീരദേശ നഗരങ്ങളിലെയും പട്ടണങ്ങളിലെയും പ്രളയത്തിനും കാരണമായിക്കൊണ്ട് ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് ചെന്നൈയുടെ തെക്കന്‍ തീരം കടന്നതിനു (നവംബര്‍ 25 രാത്രി 11:15-ന്) തൊട്ടടുത്ത ദിവസം, നവംബര്‍ 27-ന്, പാരി (PARI) സെമ്മഞ്ചേരി സന്ദര്‍ശിച്ചു.
സെമ്മഞ്ചേരിയിലെ ഏതാണ്ട് 30,000 നിവാസികള്‍ക്കും ഇതൊക്കെ (വീട്ടിലേക്ക് വെള്ളം ഇരച്ചുകയറുന്നത്, അവരുടെ വസ്തുവകകള്‍ നശിക്കുന്നത്, ദിവസങ്ങളോളം വൈദ്യുതി ഇല്ലാത്തത്, അയല്‍വീടുകളുടെ മുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് എന്നിവയൊക്കെ) പരിചിതമായ ഒരു കാഴ്ചയാണ്. കക്കൂസുകള്‍ വെള്ളത്തിലായി, ഓവുചാലുകള്‍ നിറഞ്ഞു കവിഞ്ഞു, പാമ്പുകളും തേളുകളും വീടിനകത്തായി, വീടിന്‍റെ ഭിത്തികള്‍ തകര്‍ന്നു.
എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്? ഇത് താഴ്ന്ന പ്രദേശം ആയതുകൊണ്ട് മാത്രമല്ല. ഉയര്‍ന്ന കെട്ടിടങ്ങളും ഇതിന് കാരണമാണ്. വെള്ളം ഒഴുക്കി കളയുന്നതിന് നേരത്തെതന്നെ അപര്യാപ്തമായിരുന്ന സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. പ്രാദേശിക തടാകങ്ങള്‍ നിറഞ്ഞു കവിഞ്ഞു. സംസ്ഥാനത്തെ ജലസംഭരണികളിലുണ്ടായിരുന്ന അമിതജലം പുറത്തുവിട്ടു. ഇതെല്ലാം പ്രളയം ആവര്‍ത്തിക്കുന്നതിന് കാരണമായി. ഇതിനൊക്കെ പുറമെയാണ് ഇതെല്ലാം മറച്ചുവച്ചുകൊണ്ട് പുനരധിവാസ കോളനിയില്‍ നിര്‍മ്മിച്ച, ഏതാണ്ട് 10 അടി ഉയരമുള്ള, ഭിത്തി നില്‍ക്കുന്നത്. വരുമാനം കുറഞ്ഞ ഇവിടുത്തെ നിവാസികളെ പുറത്തുനിന്നുള്ളവര്‍ കാണരുത് എന്നതായിരുന്നിരിക്കണം ഇതിന്‍റെ ലക്ഷ്യം.
അതിനാല്‍ വലിയ മഴയുള്ളപ്പോഴൊക്കെ തെരുവുകള്‍ നദികളായി മാറുകയും വാഹനങ്ങള്‍ ബോട്ടുകളായി ഒഴുകിനടക്കുകയും ചെയ്യും. റോഡിന്‍റെ നടുവില്‍ തുണികള്‍ വലകളാക്കിക്കൊണ്ട് കുട്ടികള്‍ മീന്‍ പിടിക്കും. അമ്മമാര്‍ വീടുകളില്‍ നിന്നും വൃഥാ വെള്ളം ഒഴുക്കി കളയാന്‍ നോക്കും – ഓരോ തവണയും 5 ലിറ്ററിന്‍റെ ഒരു ബക്കറ്റില്‍.
“എല്ലാ വര്‍ഷവും ഞങ്ങള്‍ക്കിവിടെ സുനാമി ഉണ്ടാകുന്നു. പക്ഷെ ആരും ഞങ്ങളെ സന്ദര്‍ശിക്കുന്നില്ല, വോട്ട് ചോദിക്കാന്‍ വരുന്നതോഴികെ”, സ്ത്രീകള്‍ പറഞ്ഞു. “ഫോര്‍ഷോര്‍ എസ്റ്റേറ്റ്, ഉരൂര്‍ കുപ്പം എന്നിവിടങ്ങളില്‍ നിന്നും, ചെന്നൈയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്നും 2005-ല്‍ ഞങ്ങള്‍ എത്തിയതാണിവിടെ. ഞങ്ങളെ പുറത്താക്കിയ അധികാരികളും രാഷ്ട്രീയക്കാരും മാളികകളില്‍ സന്തോഷമായി ജീവിക്കുന്നു. ഞങ്ങളെ നോക്കൂ!”
വെള്ളക്കെട്ടില്‍ നില്‍ക്കുന്ന സ്ത്രീകളും കുട്ടികളും ചെറിയൊരു കാര്യമാണ് ചോദിക്കുന്നത് - വെള്ളം പുറത്തുകളയാനുള്ള ഒരുവഴി.
പരിഭാഷ: റെന്നിമോന്‍ കെ. സി.