"ഈ വർഷം ആരെങ്കിലും ഗണേശ വിഗ്രഹങ്ങൾ വാങ്ങുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?" വിശാഖപട്ടണത്തെ കുമ്മാരി വീഥി (കുശവന്മാരുടെ തെരുവ് എന്നർത്ഥം) നിവാസിയായ യു. ഗൗരി ശങ്കർ ചോദിക്കുന്നു. "എല്ലാ കൊല്ലവും ഞങ്ങൾ ദൈവത്തിൽ വിശ്വാസമർപ്പിച്ച് ഈ പ്രതിമകൾ നിർമ്മിക്കുന്നു. ദൈവകൃപയാൽ തുച്ഛമായ ലാഭമെങ്കിലും കിട്ടാറുണ്ടായിരുന്നു," അയാൾ പറയുന്നു. "എന്നാൽ ഈ വർഷം ദൈവമില്ലെന്ന് തോന്നുന്നു, വെറും ലോക്ക്‌ഡൗണും വൈറസുകളും മാത്രം."
ആന്ധ്രയിലെ ഈ പട്ടണത്തിലുള്ള വീട്ടിൽവെച്ച് 63ക്കാരനായ ശങ്കർ, 42-കാരനായ മകൻ വീരഭദ്രനും 32-കാരിയായ മരുമകൾ മാധവിക്കുമൊപ്പം എല്ലാ വർഷവും ഏപ്രിൽ മാസം ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കാൻ ആരംഭിക്കും. പക്ഷേ ഈ വർഷം മഹമാരിയായതിനാൽ ജൂൺ മാസം പകുതിയോടെ മാത്രമേ ഇവർക്ക് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞുള്ളൂ.
സാധാരണയായി ഒരുവർഷം ജൂലൈമുതൽ ഒക്ടോബർവരെ (ഉത്സവകാലം), വിനായക ചതുർത്ഥി– ദീപാവലി ഓർഡറുകളുടെ വിതരണം കഴിഞ്ഞാൽ, മാസത്തിൽ 20,000 രൂപ മുതൽ 23,000 രൂപവരെ അവർ സമ്പാദിക്കാറുണ്ട്. ഇക്കൊല്ലം വിനായക ചതുർത്ഥിക്ക് കഷ്ടിച്ച് 48 മണിക്കൂർ മാത്രം അവശേഷിക്കേ, അവർക്ക് ഗണപതി പ്രതിമകൾക്കായുള്ള ഒരൊറ്റ വലിയ ഓർഡറുകൾപോലും ലഭിച്ചിട്ടില്ല.
കേവലം 15 വർഷങ്ങൾ മുമ്പുവരെ കുമ്മാരി വീഥി, ഈ ഉപജീവനമാർഗത്തിൽ ഏർപ്പെട്ടിരുന്ന ഇവിടുത്തെ മുപ്പതോളം വരുന്ന കുമ്മാര കുടുംബങ്ങളുടെ പ്രവർത്തനംകൊണ്ട് സജീവമായിരുന്നു ഇപ്പോഴത് നാലായി ചുരുങ്ങി. മാർച്ച് മാസം അവസാനവാരം ആരംഭിച്ച ലോക്ക്‌ഡൗണോടെ സ്ഥിതി വഷളാവുന്നത് ഈ കുടുംബങ്ങൾ മനസ്സിലാക്കി.
"പ്രതിമകൾ വിതരണം ചെയ്യുന്ന കച്ചവടക്കാരുടെ പക്കൽനിന്നും ഞങ്ങൾക്ക് ഭീമമായ ഓർഡറുകൾ ലഭിക്കാറുണ്ട്, ഈ വർഷം ഒന്നുംതന്നെ കിട്ടിയില്ല," മാധവി പറയുന്നു, അവർ ആന്ധ്രപ്രദേശിലെ ജില്ലയായ ശ്രീകാകുളത്തുകാരിയാണ്. ഇപ്പോൾ വിജയനഗരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമത്തിൽനിന്നും ഇവിടേക്ക് വന്നവരാണ് അവരുടെ ഭർത്താവിന്റെ മുത്തശ്ശനും മുത്തശ്ശിയും.
വീട്ടിൽവെച്ച് വിൽപന നടത്തുന്നവയിൽ ചെറിയ ഗണപതി വിഗ്രഹങ്ങൾക്ക് വലിപ്പത്തിനനുസരിച്ച് 15 മുതൽ 30 രൂപവരെയാണ് വില. കഴിഞ്ഞ നാലഞ്ചുകൊല്ലങ്ങളായി ഉത്സവകാലത്ത് ചെറിയ ഗണപതി വിഗ്രഹങ്ങൾ മാത്രം വിറ്റ് അവരുടെ കുടുംബം കിട്ടുന്ന മാസത്തിൽ സമ്പാദിച്ചിരുന്നത് 7,000 മുതൽ 8,000 രൂപവരെയായിരുന്നു.
കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ജോലിചെയ്ത്, പ്രതിദിനം ഇതുപോലുള്ള 100 വിഗ്രഹങ്ങൾവരെ നിർമ്മിക്കും. "അതിൽ ചിലപ്പോൾ ഒരറുപത് എഴുപതെണ്ണം നന്നായിവരും. ചിലത് നിറം കൊടുക്കുമ്പോൾ ഉടയും," ശങ്കർ പറയുന്നു. കൈ ഉടഞ്ഞുപ്പോയ ഒരു പുതിയ കളിമൺ വിഗ്രഹം മാധവി എനിക്ക് കാണിച്ചുതന്നു. "തകർന്ന വിഗ്രഹങ്ങൾ പിന്നീട് ശരിയാക്കാൻ പറ്റില്ല," അവർ പറയുന്നു. "ഞങ്ങളുടെ പാഴായിപ്പോയ സമയത്തിന്റെ പ്രതീകമാണവ." പകുതി ചായം പൂശിയ മൂന്ന് വലിയ ഉടഞ്ഞ ദുർഗ്ഗാ വിഗ്രഹങ്ങളും അവരുടെ വീടിന് പുറത്തുണ്ട്.
കളിമൺ വിഗ്രഹങ്ങളെ കൂടാതെ കുടങ്ങൾ, 'പിഗ്ഗ് ബാങ്കുകൾ' (ചെറിയ പണപ്പെട്ടി), മൺഭരണികൾ, കപ്പുകൾ, മറ്റ് കൗതുകവസ്തുക്കൾ തുടങ്ങിയ കൊച്ചുകൊച്ചു ഇനങ്ങളും അവർ നിർമ്മിക്കുന്നുണ്ട്. ഇവയിൽ പലതും വീടിന് പുറത്ത് ഒന്നിനുമേലെ ഒന്നായി അടുക്കിവെച്ചിട്ടുണ്ട്. ഓരോ വസ്തുവിനും 10 മുതൽ 300 രൂപ വരെയാണ് വില. "ഇക്കാലത്ത് ഇവ വാങ്ങുന്നവർ കുറവാണ്. എല്ലാവരും സ്റ്റീലോ ചെമ്പോ കൊണ്ടുണ്ടാക്കിയ വസ്തുക്കളാണ് വാങ്ങുന്നത്," മാധവി പറയുന്നു.
"ഇവയിൽനിന്നുള്ള മാസവരുമാനം 700- 800 രൂപയിൽ കൂടില്ല," ശങ്കർ പറയുന്നു. "വിനായക ചതുർത്ഥിക്കും ദീപാവലിക്കും കിട്ടുന്ന വരുമാനത്തിലാണ് ഞങ്ങൾ ജീവിക്കുന്നത്." അതില്ലാതായാൽ അവർ വലിയ കുഴപ്പത്തിലാകും.
"ഏഴെട്ടു വർഷങ്ങൾക്കുമുമ്പ്, ഓരോ ആറുമാസം കൂടുമ്പോഴും ഏകേദേശം 500 ചട്ടികൾവരെ ഞങ്ങൾ ഉണ്ടാക്കിയിരുന്നു. പക്ഷേ ഇപ്പോൾ കഷ്ടിച്ച് 100-150 ചട്ടികൾപോലും ഉണ്ടാക്കുന്നില്ല," അദ്ദേഹം കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ വർഷം 500 മൺച്ചട്ടികളും 200 പൂച്ചട്ടികളും പിന്നെ കുറച്ച് കളിമൺ വസ്തുക്കളും ഇവർ വിൽപന നടത്തിയിരുന്നു. 2019- ൽ ഇതിൽനിന്നും കിട്ടിയ വരുമാനം, ശങ്കറിന്റെ കണക്കുപ്രകാരം, 11,000 രൂപ മുതൽ 13,000 രൂപവരെയായിരുന്നു. ഇക്കൊല്ലം വെറും 200 മൺച്ചട്ടികളും 150 പൂച്ചട്ടികളും മാത്രമേ വിൽപന നടന്നുള്ളു – അതിൽ അധികവും ലോക്ക്‌ഡൗണിന് മുൻപാണ്.
മാധവിക്ക് തന്റെ രണ്ടു മക്കളുടെ പഠനത്തെക്കുറിച്ചാലോചിച്ച് വേവലാതിയാണ്. "എന്തുകൊണ്ടോ എനിക്കീ ഓൺലൈൻ ക്ലാസ്സുകൾ അവർക്ക് വേണ്ടത്ര അറിവ് പകരുന്നില്ലെന്ന് തോന്നും," കളിമണ്ണ് കുഴയ്ക്കുന്നതിനിടയിൽ അവർ എന്നോട് പറയുന്നു. ലോക്കഡൗണായതിനാൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നില്ലെങ്കിലും കഴിഞ്ഞ രണ്ടുമാസങ്ങളായി കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്വാശ്രയ സ്കൂൾ നിരന്തരമായി ഫീസടക്കാൻ ആവശ്യപ്പെടുകയാണ്. "പക്ഷേ ഞങ്ങൾക്കടക്കാൻ പറ്റിയില്ല," മാധവി പറയുന്നു.
അവർക്കെങ്ങനെ പറ്റും? രണ്ട് ആൺകുട്ടികളുടെ പഠനച്ചിലവ് കണക്കാക്കിയാൽ അത് ഒരുകൊല്ലത്തേക്ക് ഒന്നര ലക്ഷത്തിനടുത്ത് വരും. 13 വയസ്സുള്ള ഏഴാം തരത്തിൽ പഠിക്കുന്ന ഗോപിനാരായണന് മാസംതോറും കൊടുക്കേണ്ട 8,000 രൂപ യും മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന 8 വയസ്സുകാരൻ ശ്രാവൺകുമാറിന്റെ 4,500 രൂപയുമുൾപ്പെടെയാണ് ഈ ഫീസ്.
"പേരക്കുട്ടികളുടെ പഠനത്തിനായി ഓരോവർഷവും 70,000 തൊട്ട് 80,000 രൂപ വരെ ഞങ്ങൾ കടമെടുക്കും," ശങ്കർ പറയുന്നു. മിക്കപ്പോഴും പലിശ ഒഴിവാക്കാൻ സുഹൃത്തുക്കളിൽനിന്നോ കുടുംബക്കാരിൽനിന്നോ ആണ് അവർ കടമെടുക്കുന്നത്.
ശങ്കറും കുടുംബവും ഗണപതിയുടെ വലിയ കളിമൺ വിഗ്രഹങ്ങളും നിർമ്മിക്കാറുണ്ട്. ഒരഞ്ചാറടി പൊക്കംവരുന്ന ഇത്തരം പ്രതിമകൾക്ക്, ഒന്നിന് 10,000 രൂപ മുതൽ 12,000 വരെയാണ് വില. "എന്നാൽ വലിയ പ്രതിമകൾ വെളിയിൽ സ്ഥാപിക്കരുതെന്ന് പോലിസ് ഞങ്ങളോട് പറഞ്ഞു. അതിനാൽ അവയ്ക്കുള്ള ഓർഡറുകളും ഞങ്ങൾക്ക് ലഭിച്ചില്ല," അദ്ദേഹം പറയുന്നു. "വലിയ പ്രതിമകളാണ് ഞങ്ങൾക്ക് നല്ല ലാഭം കൊണ്ടുതരുന്നത്."
പ്രധാനപാതയിൽനിന്നും ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ കുമ്മാരി വീഥിക്ക് വേണ്ട ശ്രദ്ധ കിട്ടാറില്ല, വളരെ ചുരുക്കം സന്ദർശകർ മാത്രമേ ഇവിടെയെത്താറുള്ളു.
ഈ അടുത്തകാലംവരെ ആ തെരുവുൾപ്പെടുന്ന വലിയ പ്രദേശം കൊറോണ വൈറസ് കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചിരുന്നു. അന്നേരം ശങ്കറിന്റെ പുതിയ സന്ദർശകർ പോലീസുകാരായിരുന്നു
കുറച്ചു ദിവസങ്ങൾക്കുമുമ്പ് അവരെന്നോട് കുടങ്ങളും മറ്റ് കളിമൺവസ്തുക്കളും വിൽക്കുന്നത്
നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു," അദ്ദേഹം പറയുന്നു. "അത് നല്ല തമാശതന്നെ, കാരണം ഇവിടെ ആരും
അങ്ങനെ സാധനങ്ങൾ വാങ്ങുവാനായി വരാറില്ല. ചിലപ്പോൾ ആഴ്ചയിൽ ഒരാൾ, അല്ലെങ്കിൽ അതും
കാണില്ല. അക്കയപാളം മെയിൻറോഡിൽ അദ്ദേഹം ഉന്തുവണ്ടിയിൽ ഒരു ചെറിയ 'കട' സ്ഥാപിച്ചിട്ടുണ്ട്.
അവിടെ അദ്ദേഹം ഒരുപാട് ദീപങ്ങളും ചായംതേച്ച് അലങ്കരിച്ച ചെറിയ വസ്തുക്കളും പ്രദർശനത്തിന്
വെക്കും. വലിപ്പം കൂടിയ അലങ്കാരവസ്തുക്കൾ അധികവും വീടിനുപുറത്തുള്ള റാക്കിൽ
അടുക്കിവെക്കുകയാണ് ചെയ്യാറ്.
"ഇപ്പോൾ പോലിസ് പറയുന്നു ഇതൊക്കെ എടുത്ത് അകത്തുവെക്കാൻ. പക്ഷേ ഞാനിതൊക്കെ എവിടെ എടുത്തുവെക്കും?" ശങ്കർ ചോദിക്കുന്നു. പുതുതായി നിർമ്മിച്ച ഗണേശവിഗ്രഹങ്ങളും മുൻവർഷങ്ങളിൽ ബാക്കിവന്നവയും മറ്റ് കളിമൺ വസ്തുക്കളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭവനം.
"നിങ്ങൾക്കറിയാമോ, കുറേപ്പെരുടെ കണ്ണിൽ കളിമൺവസ്തുക്കൾ മൂല്യം കുറഞ്ഞവയാണ്. പക്ഷേ ഞങ്ങൾക്കിതിൽ ഒരു വലിയ തുകതന്നെ നിക്ഷേപിക്കേണ്ടതുണ്ട്," അദ്ദേഹം പറയുന്നു. "ഇതൊരുതരം ചൂതാട്ടമാണ്," മാധവി കൂട്ടിച്ചേർക്കുന്നു.
കുമ്മാരി വീഥിയിലെ കുശവന്മാർ ഓരോവർഷവും 15,000 രൂപ മുടക്കി 5-6 ടണ്ണോളം കളിമണ്ണ്
വാങ്ങിക്കും. ഇതിനും മറ്റുമായി പ്രാദേശിക പണമിടപാടുകാരുടെ പക്കൽനിന്നും
കടമെടുക്കും – 36 ശതമാനമാണ് വാർഷികപലിശ. വിനായക ചതുർത്ഥിയും ദീപാവലിയും അവസാനിക്കുന്നതോടെ ദീപങ്ങളും വിഗ്രഹങ്ങളും
വിറ്റുകിട്ടിയ കാശുകൊണ്ട് ഈ കടം വീട്ടും. "ഇത്തവണ വേണ്ടത്ര വിൽപന
നടന്നില്ലെങ്കിൽ കടം വാങ്ങിയ പണം തിരികെ നൽകാൻ എനിക്ക് പറ്റിയെന്നുവരില്ല," വ്യാകുലതയോടെ അദ്ദേഹം
പറയുന്നു.
വാങ്ങിയ കളിമണ്ണ് 2-3 ദിവസം വെയിലത്തിട്ട് ഉണക്കിയതിനുശേഷം വെള്ളവും ചേർത്ത് കുഴച്ച് കാലുകൊണ്ട് ചവിട്ടി മെതിക്കുന്നു. മാധവിയാണ് മണ്ണ് ചവിട്ടിമെതിക്കുന്ന ജോലി പൊതുവേ ചെയ്യാറ്. "അതൊരു നാലഞ്ച് മണിക്കൂറെടുക്കും," അവർ വ്യക്തമാക്കുന്നു. ഇതിനുശേഷം പ്ലാസ്റ്റർ ഓഫ് പാരീസ് അച്ചുകൾ ഉപയോഗിച്ച് വിഗ്രഹങ്ങൾക്ക് രൂപം നൽകുന്നു. "മുമ്പ് ഇതിനായി ഉപയോഗിച്ചിരുന്ന അച്ചുകൾ 3-4 കൊല്ലത്തോളം നിലനിന്നിരുന്നു. എന്നാലിപ്പോൾ അവയ്ക്ക് ഗുണം പോര, വർഷാവർഷം മാറ്റണം," ശങ്കർ പറയുന്നു. ഓരോ അച്ചിനും 1,000 രൂപയോളമാണ് വില.
ആകൃതി നൽകിയതിനുശേഷം ഓരോ വിഗ്രഹവും ഒരാഴ്ച ഉണക്കാൻ മാറ്റിവെക്കും. ഉണങ്ങിയതിനുശേഷം അവയ്ക്ക് ചായം നൽകുന്നു. "ഉത്സവകാലത്തേക്കായി ചായവും മറ്റും വാങ്ങിക്കാനായി 13,000 തൊട്ട് 15,000 രൂപയോളംവരെ ചിലവ് വരും," ശങ്കർ പറയുന്നു. 'ഈവർഷം ഞാൻ ഒന്നും വാങ്ങിയിട്ടില്ല. വില്പന നടക്കുമെന്ന് തോന്നുന്നില്ല. പക്ഷേ എന്റെ മകന് ആ അഭിപ്രായമല്ല. എങ്ങനെയായാലും ഇതു വിറ്റുവേണം ഞങ്ങൾക്ക് അതിജീവിക്കാൻ."
"സാധാരണയായി ജൂൺമാസംതൊട്ടുതന്നെ ആളുകൾ പണം നൽകിത്തുടങ്ങും. എന്നാൽ ഇത്തവണ ഏപ്രിൽമുതൽ വരുമാനമൊന്നുമില്ല," ശങ്കർ പറയുന്നു. "കുടങ്ങളും മറ്റും വിറ്റുകിട്ടുന്ന വരുമാനവും ഇല്ലാതായിരിക്കുന്നു."
കുറച്ചു വീടുകൾക്കപ്പുറമാണ് എസ്. ശ്രീനിവാസ റാവുവിന്റെ മൂന്നുമുറികളുള്ള വീട്. ഇപ്പോൾ ആ വീടിന്റ് ഭൂരിഭാഗവും ചായം പൂശാത്ത ഗണേശവിഗ്രഹങ്ങളാൽ നിറഞ്ഞിരിക്കുന്നു. കളിമൺ പ്രതിമാനിർമ്മാണം കൂടാതെ, 46-ക്കാരനായ ശ്രീനിവാസ റാവു, പത്തുപന്ത്രണ്ട് വർഷമായി അടുത്തുള്ള ഒരു സ്വാശ്രയ കോളേജിലെ ഗുമസ്തനായും ജോലി ചെയ്യുന്നു.
അദ്ദേഹത്തിന്റെ ഭാര്യ എസ്. സത്യവതി മൺപാത്രനിർമ്മാണത്തിൽ ഉറച്ചുനിൽക്കുകയാണ്. "മൺപാത്ര നിർമ്മാണം അത്യാവശ്യം വരുമാനംതരുന്ന ഞങ്ങളുടെ കുലത്തൊഴിലാണ്," അവർ പറയുന്നു. "എനിക്ക് വിദ്യാഭ്യാസമില്ല, ആകെ അറിയാവുന്നത് കുടങ്ങളും, ദീപങ്ങളും വിഗ്രഹങ്ങളും ഉണ്ടാക്കാനാണ്. മൂന്ന് പെൺക്കുട്ടികളടക്കം ഒമ്പതുപേരടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്. എല്ലാവർക്കും അദ്ദേഹം ഒരാളുടെ വരുമാനത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ല."
സത്യവതി ചെറിയ ഗണേശവിഗ്രഹങ്ങളേ ഉണ്ടാക്കുന്നുള്ളു. അവ 30 രൂപക്ക് വിൽക്കും. "ഇതുവരെ ഞാൻ 40 വിഗ്രഹങ്ങൾ നിർമ്മിച്ചുകഴിഞ്ഞു," അവർ പറയുന്നു – ജൂലൈ പകുതിയിൽ ഞങ്ങൾ പരിചയപ്പെടുന്നതിനും മുമ്പുള്ള 10 ദിവസത്തെ കാര്യമാണ് അവർ പറഞ്ഞത്. ഉത്സവത്തിന് ഇവ വിറ്റാൽ കിട്ടുന്ന ലാഭം രൂപ 3,000-ത്തിനും 4,000- ത്തിനും ഇടയിലാവും.
ശ്രീനിവാസ റാവുവിന് തന്റെ മേയ് മാസം തൊട്ടുള്ള മാസശമ്പളമായ 8,000 രൂപ ഇതുവരെ
ലഭിച്ചിട്ടില്ല, എന്നാലും ജൂൺതൊട്ട് കോളേജിൽ ജോലിക്ക് പോവുന്നുണ്ട്. "ഈ
മാസമെങ്കിലും ശമ്പളം കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ," അദ്ദേഹം പറയുന്നു.
ഒഴിവുസമയങ്ങളിൽ അദ്ദേഹം ഭാര്യയെ കളിമൺവിഗ്രഹങ്ങൾ നിർമ്മിക്കാൻ സഹായിക്കും. "വിഗ്രഹങ്ങളുടെ എണ്ണം കൂടുംതോറും വരുമാനവും കൂടും," അദ്ദേഹം പറയുന്നു. ഓർഡറുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഈവർഷം തങ്ങളുടെ വിഗ്രഹങ്ങളെല്ലാം വിൽക്കാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് ശ്രീനിവാസ്. "സമയം നന്നല്ല, അതിനാൽ കുറെപേർ ദൈവത്തോട് പ്രാർത്ഥിക്കാനും പൂജ ചെയ്യാനും ആഗ്രഹിക്കും," അദ്ദേഹം പറയുന്നു.
സത്യവതിക്ക് അവരുടെ മൂത്ത രണ്ട് പെൺമക്കളെക്കുറിച്ചാലോചിച്ചാണ് വേവലാതി. "അവർ രണ്ടുപേരും പത്താംതരം വിജയിച്ചവരാണ്. മിക്ക ഇന്റർമീഡിയറ്റ് കോളേജുകളും 45,000 രൂപയാണ് ഫീസ് പറയുന്നത്– ഇപ്പോൾ ഓൺലൈൻ ക്ലാസ്സുകളാണെങ്കിൽക്കൂടി," അവർ പറയുന്നു. "അവരെ ഇതുവരെ എവിടെയും ചേർത്തിട്ടില്ല. ഫീസ് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ." അവരുടെ 10 വയസ്സുള്ള നാലാംതരത്തിൽ പഠിക്കുന്ന ഇളയമകളെ ഇംഗ്ലീഷ് മീഡിയം സ്വാശ്രയ സ്കൂളിൽ അയക്കുന്നത് വർഷത്തിൽ 25,000 രൂപ മുടക്കിയാണ്.
കുമ്മാരി വീഥിയിൽ സന്തോഷം അലതല്ലിയിരുന്ന ഒരു കാലത്തെക്കുറിച്ച് അവരോർക്കുന്നു, പ്രത്യേകിച്ചും വിനായക ചതുർത്ഥിക്കും ദീപാവലിക്കും തൊട്ടുമുമ്പുള്ള നാളുകൾ. "ഈ തെരുവ് സന്തോഷത്തിൽൽ ഇരമ്പിമറിയും. എങ്ങും നനഞ്ഞ കളിമണ്ണിന്റെ ഗന്ധമുണ്ടാവുമായിരുന്നു," അവർ പറയുന്നു. "എന്നാലിപ്പോൾ ആകെ നാല് കുടുംബങ്ങളേ ഈ ഉപജീവനം തുടരുന്നവരായിട്ടുള്ളു."
ഇത്തവണ ഇവിടെ നിമജ്ജനം ചെയ്യപ്പെടുന്നത് ഗണപതിയായിരിക്കില്ല, മറിച്ച് കടത്തിൽ മുങ്ങിയ ഈ കുടുംബങ്ങളായിരിക്കും.
പരിഭാഷ: നതാഷ പുരുഷോത്തമൻ