34 വയസ്സുകാരിയായ ജുനാലി റിസോങ് 'അപോങ്' തയ്യാറാക്കുന്നതിൽ വിദഗ്ധയാണ്. "ചില ദിവസങ്ങളിൽ ഞാൻ 30 ലിറ്ററിൽ കൂടുതൽ അപോങ് വരെ ഉണ്ടാക്കാറുണ്ട്," അവർ പറയുന്നു. അപോങ് വാറ്റിയെടുക്കുന്ന മിക്കവർക്കും ഒരാഴ്ചയിൽ ഏതാനും ലിറ്ററുകൾ മാത്രമാണ് ഉണ്ടാക്കാൻ സാധിക്കാറുള്ളത്. അപോങ് നിർമ്മിക്കുന്ന പ്രക്രിയ മുഴുവനായും കായികമായി ചെയ്യുന്നതാണ്.

അസമിലെ ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന മജുലി ദ്വീപിലെ ഗാരാമൂർ പട്ടണത്തിന് സമീപത്തുള്ള ജുനാലിയുടെ മൂന്ന് മുറി വീടും അതിന്റെ പുറകിലുള്ള മുറ്റവും തന്നെയാണ് അവരുടെ മദ്യനിർമ്മാണ കേന്ദ്രം. അടിയ്ക്കടി കരകവിയുന്ന നദിയിൽ നിന്ന് വെള്ളം ഒഴുകിയെത്തി രൂപപ്പെട്ടിട്ടുള്ള ചെറിയ ഒരു കുളത്തിന് സമീപത്താണ് ആ വീട്.

രാവിലെ 6 മണിക്ക് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ജുനാലിയെ ഞങ്ങൾ കാണുമ്പോൾ, ഇന്ത്യയുടെ കിഴക്കേ ഭാഗത്തുള്ള ഈ പ്രദേശത്ത് സൂര്യൻ ഉദിച്ച് ഉയർന്ന് കഴിഞ്ഞിരുന്നു. വാറ്റൽ പ്രക്രിയ തുടങ്ങുന്നതിനായി വീടിന്റെ പുറകുവശത്തെ മുറ്റത്ത് തീപൂട്ടുകയാണ് ജുനാലി. അവരുടെ ഉപകരണങ്ങളും മറ്റു സാധനങ്ങളും വീടിനകത്ത് സൂക്ഷിച്ചിരിക്കുകയാണ്.

പുളിപ്പിച്ചെടുക്കുന്ന പാനീയമായ അപോങ് ഉണ്ടാക്കുന്നത് അസമിലെ പട്ടിക വർഗ്ഗ വിഭാഗമായ മിസിങ് സമുദായക്കാരാണ്. സാധാരണയായി ഭക്ഷണത്തോടൊപ്പം അപോങ് കുടിക്കുന്നതിന് പുറമേ, മിസിങ് ഭാരത് ചാന്ദി പറയുന്നത് പോലെ "ഞങ്ങൾ മിസിങ് സമുദായക്കാർക്ക്, അപോങ് ഇല്ലാതെ ഒരു പൂജയോ ആഘോഷമോ നടത്താനാകില്ല," ഗാരാമൂർ അങ്ങാടിയിൽ  മജുലി കിച്ചൻ എന്ന പേരിൽ, നാടൻ ഭക്ഷണം നൽകുന്ന ഒരു ഭക്ഷണശാല നടത്തുകയാണ് ചാന്ദി.

ചോറും പച്ചിലകളും ചേർത്ത് ഉണ്ടാക്കുന്ന, മങ്ങിയ, ക്രീം നിറത്തിലുള്ള ഈ പാനീയം ജുനാലിയെപ്പോലെയുള്ള മിസിങ് സ്ത്രീകൾ മാത്രമാണുണ്ടാക്കുന്നത്. ഗാരാമൂറിലെ കടകൾക്കും ഹോട്ടലുകൾക്കും അവർ അത് വിൽക്കുന്നു. "പുരുഷന്മാർക്ക് ഇത് ചെയ്യാൻ താല്പര്യമില്ല. അപോങ് നിർമ്മിക്കുന്ന പ്രക്രിയ ഏറെ ശ്രമകരവും മരുന്ന് ചെടികളും ഇലകളുമെല്ലാം ശേഖരിക്കുന്ന ജോലി ഏറെ മടുപ്പിക്കുന്നതുമായി അവർക്ക് അനുഭവപ്പെടുന്നു," ജുനാലി ചിരിച്ചുകൊണ്ട് പറയുന്നു.

PHOTO • Priti David

അപോങ് ഉണ്ടാക്കുന്നതിനായി അരി പാകം ചെയ്യാൻ ജുനാലി റിസോങ് വലിയ ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുന്നു

PHOTO • Priti David

വീടിന് സമീപത്ത് തന്നെയായി നിലത്ത് നിരത്തിയിട്ടുള്ള ഒരു ലോഹ ഷീറ്റിലിട്ട് പോറോ (നെൽച്ചെടിയുടെ തണ്ടുകൾ) കത്തിക്കുകയാണ് ജുനാലി. രാവിലെ 6 മണിക്ക് കത്തിത്തുടങ്ങിയ തണ്ടുകൾ 3-4 മണിക്കൂർ കൂടി എരിയണം. അതിനു ശേഷം തണ്ടുകളുടെ ചാരം പാകം ചെയ്ത ചോറിൽ കലർത്തുന്നു

ജുനാലിയുടെ ഭർത്താവ് അർബോർ റിസോങ്, അവരുടെ വീട്ടിൽ നിന്ന് അഞ്ച് മിനുറ്റ് ദൂരം നടന്നാലെത്തുന്ന അങ്ങാടിയിൽ ഒരു കട നടത്തുകയാണ്. ഈ ദമ്പതികളുടെ മകൻ 19 വയസ്സുകാരനായ മൃദു പബോങ് റിസോങ് ജോർഹാത്തിൽ ഹോട്ടൽ മാനേജ്‌മന്റ് പഠിക്കുന്നു. ബ്രഹ്മപുത്രയിലൂടെ ഒരു മണിക്കൂർ ഫെറിയിൽ സഞ്ചരിച്ചാൽ ജോർഹാത്തിലെത്താം.

ജുനാലിയുടെ ഭർത്തൃമാതാവായ ദീപ്തി റിസോങാണ് അവരെ അപോങ് ഉണ്ടാക്കാൻ പഠിപ്പിച്ചത്. അപോങ് രണ്ടു തരത്തിലുണ്ട്: ചോറ് മാത്രം പ്രധാന ചേരുവയായ നോങ്സിൻ അപോങും കത്തിച്ചെടുത്ത നെൽച്ചെടിത്തണ്ടുകളുടെ രുചി കൂടി ചേരുന്ന പോറോ അപോങും. ഒരു ലിറ്റർ അപോങിന്റെ വിലയായ 100 രൂപയിൽ കഷ്ടി പകുതി നിർമ്മിക്കുന്നയാൾക്ക് ലഭിക്കും.

ഒരു ദശാബ്ദത്തോളം നീളുന്ന അനുഭവസമ്പത്തുള്ള ജുനാലിയ്ക്ക് അപോങ് നിർമ്മാണ പ്രക്രിയ ഇപ്പോൾ മനഃപാഠമാണ്. മജുലി ജില്ലയിലെ കമലാബാരി ബ്ലോക്കിലുള്ള വീട്ടിൽ വച്ച് പാരി ജുനാലിയെ കാണുമ്പോൾ അവർ പോറോ അപോങ് ഉണ്ടാക്കുകയായിരുന്നു. അതിരാവിലെ 5:30 മണിക്ക്, വീടിന് പുറകുവശത്തെ മുറ്റത്ത് നിരത്തിയ ടിൻ ഷീറ്റിൽ 10,15 കിലോ നെൽച്ചെടിത്തണ്ടുകൾ കത്തിക്കാനിട്ടാണ് അവർ ജോലി തുടങ്ങിയത്. തണ്ടുകൾ ഒറ്റയടിക്ക് കത്തിക്കാതെ അവയെ പുകഞ്ഞ്, പതിയെ എരിയാൻ വിടുകയാണ് ചെയ്യുന്നത്. "അത് കത്തിത്തീരാൻ 3-4 മണിക്കൂറെടുക്കും," ധൃതിയിൽ ഓടിനടക്കുന്നതിടെ ചോറ് പാകം ചെയ്യാനായി അടുപ്പ് കത്തിക്കുമ്പോൾ അവർ പറയുന്നു. ചില ദിവസങ്ങളിൽ, നെൽച്ചെടിത്തണ്ടുകൾ തലേന്ന് രാത്രി തന്നെ കത്തിക്കാനിട്ട്, രാവിലെ പതിവിലും നേരത്തെ അവർ ജോലി തുടങ്ങാറുണ്ട്.

പുകഞ്ഞ് കൊണ്ടിരിക്കുന്ന തണ്ടുകൾക്ക് സമീപത്ത് തന്നെയുള്ള അടുപ്പിൽ അവർ ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുന്നു. വെള്ളം തിളച്ചു തുടങ്ങുമ്പോൾ കുറച്ച് കുറച്ചായി 25 കിലോ അരി ചേർക്കുകയാണ് അടുത്ത പടി. "ഈ ജോലി ചെയ്യുന്നത് കാരണം എനിക്ക് ചെറുതായി നടുവേദന വരാറുണ്ട്," അവർ തുറന്ന് പറയുന്നു.

മാഗ്‌ ബിഹു, ബൊഹാഗ് ബിഹു, കാതി ബിഹു തുടങ്ങിയ അസമീസ് ആഘോഷ വേളകളിൽ ബിയറിന് ആവശ്യക്കാരേറുമ്പോൾ, ഒരു ദിവസം തന്നെ രണ്ടു തവണയായി അപോങ് ഉണ്ടാക്കുന്ന തരത്തിലേക്ക് ജുനാലിയുടെ തിരക്ക് വർദ്ധിക്കും

വീഡിയോ കാണുക: മിസിങ് സമുദായത്തിന്റെ പരമ്പരാഗത റൈസ് ബിയറായ പോറോ അപോങ് തയ്യാറാക്കുന്നു

രണ്ടിടത്തായി തീയെരിഞ്ഞ് തുടങ്ങിയതോടെ, അരി തിളയ്ക്കുന്നത് ശ്രദ്ധിക്കുന്നതിനൊപ്പം പുകഞ്ഞു കൊണ്ടിരിക്കുന്ന തണ്ടുകൾക്കിടയിൽ ചൂട് തുല്യമായി പടരാനായി നീളമുള്ള ഒരു തടിക്കഷണം കൊണ്ട് അവയെ ഇളക്കിക്കൊടുക്കുകയും ചെയ്തുകൊണ്ട് ദ്രുതഗതിയിൽ ജുനാലി നീങ്ങുന്നു. തിളച്ചു കൊണ്ടിരിക്കുന്ന 25 കിലോ അരി ഇളക്കുക എളുപ്പമല്ലെന്നത് കൊണ്ട് തന്നെ, ഒരു ഞരക്കത്തോടെയാണ് അവർ അത് ചെയ്യുന്നത്. റേഷൻ കടയിൽ നിന്നാണ് അപോങ് ഉണ്ടാക്കുന്നതിനു വേണ്ട അരി വാങ്ങിക്കുന്നത്. "ഞങ്ങൾ നെൽകൃഷിയും ചെയ്യുന്നുണ്ടെങ്കിലും അത് ഭക്ഷണാവശ്യത്തിന് മാറ്റിവച്ചിരിക്കുകയാണ്," അവർ പറയുന്നു.

ഏകദേശം അര മണിക്കൂർ കൊണ്ട് പാകമാകുന്ന ചോറ് സ്വല്പം ചൂടാറുമ്പോൾ ജുനാലി അതിൽ നെൽച്ചെടിത്തണ്ടുകളുടെ ചാരം കലർത്തും. കേൾക്കുമ്പോൾ എളുപ്പമുള്ള പ്രക്രിയയെന്ന് തോന്നുമെങ്കിലും ആവിപറക്കുന്ന ചോറിൽ ചൂടാറാത്ത ചാരം കലർത്തി, കുഴച്ച്, ഉടച്ചെടുക്കുകയാണ് ചെയ്യേണ്ടത്. വെറും കൈകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ മിശ്രിതം അവർ മുള കൊണ്ടുണ്ടാക്കിയ ഒരു കൂടയിൽ പരത്തിയിടുന്നു. "ഈ കൂടയിൽ വച്ചാൽ ഇത് പെട്ടെന്ന് തണുക്കും. ചോറും ചാരവും ചൂടോടെ കലർത്തിയില്ലെങ്കിൽ അത് കൃത്യമായി കൂടിച്ചേരില്ല," മിശ്രിതത്തിന്റെ ചൂട് കൊണ്ട് കൈത്തലം പൊള്ളുമ്പോഴും ഭാവഭേദമൊന്നുമില്ലാതെ ജുനാലി വിശദീകരിക്കുന്നു.

ചോറും നെൽച്ചെടിത്തണ്ടുകളുടെ ചാരവും കുഴച്ചെടുക്കുന്ന ഘട്ടത്തിൽ, അപോങ് ഉണ്ടാക്കാനായി തയ്യാറാക്കി വച്ചിട്ടുള്ള പച്ചിലകൾ ജുനാലി അതിൽ ചേർക്കുന്നു. "നൂറ് വ്യത്യസ്ത ചെടികളും ഇലകളും ഇതിലുണ്ട്," അവർ പറയുന്നു. തന്റെ രഹസ്യങ്ങൾ എല്ലാം വെളിപ്പെടുത്തുന്നതിൽ വിമുഖയെങ്കിലും, മിശ്രിതത്തിൽ ചേർക്കുന്ന ചില ഇലകൾ രക്തസമ്മർദം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുന്നതിനും മിസിങുകൾ ഉപയോഗിക്കാറുണ്ടെന്ന് അവർ പറയുന്നുണ്ട്. പക്ഷെ അത്ര മാത്രമേ അവർ വെളിപ്പെടുത്തുന്നുള്ളൂ.

പകൽ സമയങ്ങളിൽ ജുനാലി ഗാരാമൂറിലുടനീളം നടന്ന് തനിക്ക് ആവശ്യമുള്ള ചെടികളും ഇലകളും സംഭരിക്കും. "ഞാൻ അവയെ ഉണക്കി, എന്റെ മിക്സിയിലിട്ട് (മിക്സർ ഗ്രൈൻഡർ) പൊടിച്ചെടുത്ത്, ചെറിയ (മുഷ്ടിയുടെ വലുപ്പത്തിലുള്ള) ഉരുളകളാക്കും. ഉണക്കി, പൊടിച്ചെടുത്ത ചെടികൾ കൊണ്ടുണ്ടാക്കുന്ന 15-16 ഉരുളകൾ ഞാൻ അപോങ് ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്," അവർ പറയുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ മാത്രം അകലെയുള്ള ഫുടുകി എന്ന ഗ്രാമത്തിൽ ജനിച്ച ജുനാലിയ്ക്ക് ഈ പ്രദേശം സുപരിചിതമാണ്.

PHOTO • Priti David
PHOTO • Riya Behl

തിളയ്ക്കുന്ന വെള്ളത്തിലേക്ക് ജുനാലി അരി കൊട്ടിയിടുന്നു (ഇടത്). അരി തിളയ്ക്കുമ്പോൾ നീളമുള്ള ഒരു തടിക്കഷ്ണം ഉപയോഗിച്ച് (വലത്) അവർ അത് ഇളക്കിയെടുക്കുന്നു

PHOTO • Riya Behl

പുകഞ്ഞു കൊണ്ടിരിക്കുന്ന നെൽച്ചെടിത്തണ്ടുക്കൾക്കിടയിൽ ചൂട് തുല്യമായി പടരാനും അവ കരിഞ്ഞു പോകാതിരിക്കാനുമായി ജുനാലി അവയെ ഇളക്കിമാറ്റിക്കൊണ്ടേയിരിക്കണം

മുളങ്കൂടയിലെ മിശ്രിതം തണുത്തതിനു ശേഷം, അതിനെ പ്ലാസ്റ്റിക് സഞ്ചികളിലാക്കി ഏകദേശം 20 ദിവസം ജുനാലിയുടെ വീട്ടിൽ സൂക്ഷിക്കും. "അത് (പുളിപ്പിച്ച മിശ്രിതം) തയ്യാറായോ എന്ന് മണം കൊണ്ട് എനിക്ക് തിരിച്ചറിയാം," അവർ പറയുന്നു. അപോങ് ഉണ്ടാക്കുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കാനുള്ള സമയമായി : പാകം ചെയ്ത ചോറും പച്ചിലകളും നെൽച്ചെടിത്തണ്ടുകളുടെ ചാരവും കലർത്തിയ, പുളിപ്പിച്ചെടുത്ത മിശ്രിതം, വാഴയില വിരിച്ച കോണാകൃതിയിലുള്ള ഒരു കൂടയിൽ നിറച്ച് ഒരു പാത്രത്തിന് മുകളിൽ തൂക്കിയിടുന്നു. ഈ കൂടയിലേയ്ക്ക് വെള്ളം ഒഴിച്ച് കൊടുക്കുമ്പോൾ അതിലെ മിശ്രിതത്തിൽ  നിന്ന് ഊറിവരുന്ന ബിയർ താഴെയുള്ള പാത്രത്തിൽ ഒറ്റിവീഴും. 25 കിലോ അരിയിൽ നിന്ന് ഏകദേശം 30-34 ലിറ്റർ അപോങ് ഉണ്ടാക്കാനാകും.

മാഗ്‌ ബിഹു, ബൊഹാഗ് ബിഹു, കാതി ബിഹു തുടങ്ങിയ അസമീസ് ആഘോഷ വേളകളിൽ ബിയറിന് ആവശ്യക്കാരേറുമ്പോൾ, ഒരു ദിവസം തന്നെ രണ്ടു തവണയായി അപോങ് ഉണ്ടാക്കുന്ന വിധത്തിലേക്ക് ജുനാലിയുടെ തിരക്ക് വർദ്ധിക്കും. മിസിങ് സമുദായത്തിന്റെ ആഘോഷമായ അലി-ആയ്-ലിഗാങിന്റെ സമയത്തും ഇത് തന്നെയാകും സ്ഥിതി.

അപോങ് ഉണ്ടാക്കി വിൽക്കുന്നത് മാത്രമല്ല ജുനാലിയുടെ ഉപജീവനമാർഗ്ഗം. അവർ അടുത്തുള്ള ഹോട്ടലിൽ  തുണിയലക്കാൻ പോകുകയും മിസിങ് ഭക്ഷണം തയ്യാറാക്കി നൽകുകയും 200 മുട്ടക്കോഴികളെ വളർത്തുകയും സമീപത്തുള്ള  ചെറിയ ഹോംസ്റ്റേകളിലേയ്ക്ക് ചൂടുവെള്ളം ബക്കറ്റുകളിൽ നിറച്ച് കൊണ്ടുകൊടുക്കുകയും പോലും ചെയ്യുന്നുണ്ട്. അപോങ് ഉണ്ടാക്കുന്നതിൽ നിന്ന് തനിക്ക് മാന്യമായ വരുമാനം ലഭിക്കുന്നുണ്ടെന്ന് അവർ പറയുന്നു. "ഞാൻ 1000 രൂപ ചിലവാക്കിയാൽ, പകരം 3000 രൂപ സമ്പാദിക്കാനാകും," അവർ പറയുന്നു."അതുകൊണ്ടാണ് ഈ ജോലി ചെയ്യാൻ ഞാൻ താത്പര്യപ്പെടുന്നത്."

PHOTO • Riya Behl

അപോങ് ഉണ്ടാക്കുന്നതിന്റെ അടുത്ത ഘട്ടത്തിനായി , പാകം ചെയ്ത ചോറും കരിച്ചെടുത്ത നെൽച്ചെടിത്തണ്ടുകളും വലിയ മുളങ്കൂടയിലേയ്ക്ക് മാറ്റാൻ തയ്യാറാക്കി വച്ചിരിക്കുന്നു


PHOTO • Priti David

പാകത്തിന് വേവിച്ചെടുത്ത ചോറ് പാത്രത്തിൽ നിന്ന് എടുത്ത് , ചൂടാറാനായി മുള കൊണ്ടുണ്ടാക്കിയ വലിയ പ്ലേറ്റിലേയ്ക്ക് മാറ്റാൻ ജുനാലി ലോഹത്തിന്റെ ഒരു പ്ലേറ്റ് ഉപയോഗിക്കുന്നു


PHOTO • Priti David

ചോറും കരിയിച്ച നെൽച്ചെടിയും കലർന്ന ആവി പറക്കുന്ന മിശ്രിതത്തിലേക്ക് ജുനാലിയുടെ കൈവശമുള്ള , പച്ചിലകൾ പൊടിച്ച് ഉണ്ടാക്കിയ സവിശേഷ കൂട്ട് ചേർക്കുവാൻ സമയമായിരിക്കുന്നു


PHOTO • Riya Behl

വെറും കൈകൾ ഉപയോഗിച്ച് ജുനാലി ചോറിലെ കട്ടകൾ ഉടയ്ക്കുകയും പച്ചിലകൾ കുഴച്ചു ചേർക്കുകയും ചെയ്യുന്നു


PHOTO • Riya Behl

രാവിലത്തെ തിരക്കിനിടെ കിട്ടിയ ചെറിയ ഇടവേള ആസ്വദിക്കുന്ന ജുനാലി


PHOTO • Riya Behl

' നൂറ് വ്യത്യസ്ത ചെടികളും ഇലകളും ഉപയോഗിച്ചാണ് ഇത് ( അപോങ് ) ഉണ്ടാക്കുന്നത് ,' എല്ലാ ചെടികളുടെയും പേര് വെളിപ്പെടുത്താൻ വിമുഖയായ ജുനാലി പറയുന്നു


PHOTO • Riya Behl

അപോങ് തയ്യാറാക്കാനായി എടുക്കുന്ന ഇലകളിൽ ചിലത് രക്തസമ്മർദ്ദം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനുമായി മിസിങുകൾ ഉപയോഗിക്കാറുണ്ട്


PHOTO • Priti David

' ഞാൻ അവയെ ( പച്ചിലകൾ ) ഉണക്കി , എന്റെ മിക്സിയിലിട്ട് ( മിക്സർ ഗ്രൈൻഡർ ) പൊടിച്ചെടുത്ത് , ചെറിയ ( മുഷ്ടിയുടെ വലുപ്പത്തിലുള്ള ) ഉരുളകളാക്കും . ഉണക്കി , പൊടിച്ചെടുത്ത ചെടികൾ കൊണ്ടുണ്ടാക്കുന്ന 15-16 ഉരുളകൾ ഞാൻ അപോങ് ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട് ,' അവർ പറയുന്നു


PHOTO • Priti David

ചെടികളും ഇലകളും ഉണക്കി , പൊടിച്ചുണ്ടാക്കുന്ന കൂട്ട് അപോങിന് രുചിയും വീര്യവും പകരുമെന്ന് പറയപ്പെടുന്നു


PHOTO • Priti David

പുളിപ്പിക്കാനായി വയ്ക്കുന്ന ചോറ് മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് 15-20 ദിവസം മാറ്റിവയ്ക്കുന്നു


PHOTO • Priti David

ജുനാലിയുടെ അടുക്കളയുടെ ഒരു മൂലയിൽ , ലോഹം കൊണ്ടുണ്ടാക്കിയ ഒരു മുക്കാലിയുടെ മുകളിൽ , മുള കൊണ്ട് നിർമ്മിച്ച , കോണാകൃതിയിലുള്ള ഒരു കൂടയുണ്ട് . അപോങ് തയ്യാറാക്കാനായി അവർ ഉപകരണമാണ് ഉപയോഗിക്കുന്നത്


PHOTO • Priti David
PHOTO • Priti David

അപോങ് തയ്യാറാക്കുന്ന ഉപകരണത്തിന്റെയും ( ഇടത് ) ബിയർ ഒരു പാത്രത്തിൽ ശേഖരിക്കുന്നതിന്റെയും ( വലത് ) സമീപദൃശ്യം


PHOTO • Priti David

ഭരത് ചാന്ദിയുടെ ഉടമസ്ഥതയിലുള്ള മജുലി കിച്ചൻ എന്ന ഭക്ഷണശാലയിൽ മിസിങ് ഭക്ഷണം ലഭ്യമാണ്


PHOTO • Priti David

ജുനാലി , അസമിലെ മജുലി ദ്വീപിലുള്ള ഗാരമുറിലെ തന്റെ വീടിന് മുന്നിൽ നിൽക്കുന്നു


പരിഭാഷ: പ്രതിഭ ആർ. കെ .

Priti David

प्रीती डेव्हिड पारीची वार्ताहर व शिक्षण विभागाची संपादक आहे. ग्रामीण भागांचे प्रश्न शाळा आणि महाविद्यालयांच्या वर्गांमध्ये आणि अभ्यासक्रमांमध्ये यावेत यासाठी ती काम करते.

यांचे इतर लिखाण Priti David
Photographs : Riya Behl

रिया बेहल सोनिपतच्या अशोका युनिवर्सिटीची मदर तेरेसा फेलो (२०१९-२०) असून ती मुंबई स्थित आहे.

यांचे इतर लिखाण Riya Behl
Editor : Vinutha Mallya

विनुता मल्ल्या पीपल्स अर्काइव्ह ऑफ रुरल इंडिया (पारी) मध्ये संपादन सल्लागार आहेत. त्यांनी दोन दशकांहून अधिक काळ पत्रकारिता आणि संपादन केलं असून अनेक वृत्तांकने, फीचर तसेच पुस्तकांचं लेखन व संपादन केलं असून जानेवारी ते डिसेंबर २०२२ या काळात त्या पारीमध्ये संपादन प्रमुख होत्या.

यांचे इतर लिखाण Vinutha Mallya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

यांचे इतर लिखाण Prathibha R. K.