വടക്കു-പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ സത്പുര മലനിരകള്‍ക്കു നടുവിലുള്ള ഫലയി ഗ്രാമത്തിലെ കുടിലിനുള്ളില്‍ എട്ടു വയസ്സുകാരിയായ ശര്‍മിള പാവ്‌ര തന്‍റെ ‘പഠനമേശ’യില്‍ വലിയ കത്രികകളും തുണിയും സൂചികളും നൂലുമായി ഇരിക്കുന്നു.

തലേദിവസം അവളുടെ അച്ഛന്‍ തയ്ച്ചുപൂര്‍ത്തിയാക്കാതെ വച്ചിരുന്ന തുണിയോടു കൂടിയ പഴയൊരു തയ്യല്‍ മെഷീൻ മേശപ്പുറത്തുണ്ടായിരുന്നു. അവളതെടുത്ത് ഓരോ തുന്നലും പരിശോധിച്ച്, തയ്യല്‍പ്പണിയില്‍ തനിക്കുള്ള വൈദഗ്ദ്യം പ്രകടിപ്പിച്ചുകൊണ്ട്, പെഡല്‍ ചവിട്ടാന്‍ തുടങ്ങി.

കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം 2020 മാര്‍ച്ചില്‍ അവളുടെ റെസിഡന്‍ഷ്യല്‍ സ്ക്കൂള്‍ അടച്ചതുമുതല്‍ നന്ദുര്‍ബാര്‍ ജില്ലയിലെ, തോരണ്‍മാല്‍ പ്രദേശത്തുള്ള തന്‍റെ വിദൂരഗ്രാമത്തില്‍ ഈ മേശയാണ് അവളുടെ പഠനയിടം. “അച്ഛനും അമ്മയും തയിക്കുന്നത് കണ്ട്, ഈ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സ്വന്തമായാണ് ഞാന്‍ പഠിച്ചത്”, അവള്‍ പറഞ്ഞു.

എന്നിരിക്കിലും താന്‍ സ്ക്കൂളില്‍ പഠിച്ച കാര്യങ്ങള്‍ 18 മാസങ്ങളുടെ ഇടവേളയ്ക്കുശേഷം ശര്‍മിള കഷ്ടിച്ചേ ഓര്‍ക്കുന്നുള്ളൂ.

ഫലയിയില്‍ സ്ക്കൂളില്ല. വിദ്യാഭ്യാസം ചെയ്യാനുള്ള അവസരം കുട്ടികള്‍ക്കുണ്ടാകണമെന്ന പ്രതീക്ഷയില്‍ ശര്‍മിളയുടെ രക്ഷിതാക്കള്‍ അവളെ 2019 ജൂണില്‍, തങ്ങളുടെ ഗ്രാമത്തില്‍നിന്നും ഏകദേശം 140 കിലോമീറ്റര്‍ അകലെയുള്ള, നന്ദുര്‍ബാര്‍ പട്ടണത്തിലെ അടല്‍ ബിഹാരി വാജ്പേയി ഇന്‍റര്‍നാഷണല്‍ റെസിഡെന്‍ഷ്യല്‍ സ്ക്കൂളില്‍ ചേര്‍ത്തു. മഹാരാഷ്ട്ര അന്താരാഷ്‌ട്ര വിദ്യാഭ്യാസ ബോര്‍ഡിനോട് ബന്ധിപ്പിച്ച് സില്ല പരിഷദ് നടത്തുന്ന അറുപതോളം വരുന്ന ആശ്രമശാലകളില്‍ (പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്കുവേണ്ടി മഹാരാഷ്ട്രയിലുടനീളമുള്ള പ്രത്യേക സ്ക്കൂളുകള്‍) ഒന്നാണിത്. ‘അന്തര്‍ദേശീയ നിലവാര’ത്തിലുള്ള വിദ്യാഭ്യാസം പ്രാദേശികമായി രൂപപ്പെടുത്തി, മറാത്തി മാദ്ധ്യമത്തിലൂടെ നല്‍കുമെന്നാണ് 2018-ല്‍ സ്ഥാപിച്ച ബോര്‍ഡ് അവകാശപ്പെട്ടത്. (ബോര്‍ഡ് പിരിച്ചുവിട്ടതിനു ശേഷം സ്ക്കൂളുകള്‍ സംസ്ഥാന ബോര്‍ഡിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.)

Sharmila Pawra's school days used to begin with the anthem and a prayer. At home, her timetable consists of household tasks and ‘self-study’ – her sewing ‘lessons’
PHOTO • Jyoti
Sharmila Pawra's school days used to begin with the anthem and a prayer. At home, her timetable consists of household tasks and ‘self-study’ – her sewing ‘lessons’
PHOTO • Jyoti

ശര്‍മിള പാവ്‌രയുടെ സ്ക്കൂള്‍ തുടങ്ങിയിരുന്നത് ദേശീയ ഗാനത്തോടെയും പ്രാര്‍ത്ഥനയോടെയുമായിരുന്നു. വീട്ടില്‍ അവളുടെ ടൈംടേബിള്‍ വീട്ടുജോലികളും ‘സ്വയം പഠന’വും (തയ്യല്‍ ‘പാഠങ്ങള്‍’) ആയിരുന്നു

പക്ഷെ സ്ക്കൂളിൽ പോകാൻ തുടങ്ങിയ സമയത്ത് മറാത്തി ശർമിളയ്ക്ക് പുതിയൊരു ഭാഷയായിരുന്നു. പാവ്‌ര സമുദായക്കാരിയായിരുന്ന അവർ പാവ്‌രിയായിരുന്നു വീട്ടിൽ സംസാരിക്കുന്നത്. എന്‍റെ നോട്ട് പുസ്തകത്തിൽ ചില മറാഠി വാക്കുകൾ കണ്ടിട്ട് താൻ പഠിച്ച ചില അക്ഷരങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ച അവൾ എന്നോട് ഹിന്ദിയിൽ പറഞ്ഞു, "ഞാനതെല്ലാം ഓർക്കുന്നില്ല..."

കഷ്ടിച്ച് 10 മാസങ്ങളാണ് അവൾ സ്ക്കൂളിൽ ചെലവഴിച്ചത്. സ്ക്കൂൾ അടച്ചപ്പോൾ അവൾ ഒന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. സ്ക്കൂളിൽ പഠിച്ചിരുന്ന അക്രാണി താലൂക്കിൽ (അവിടെയായിരുന്നു സ്ക്കൂൾ സ്ഥിതി ചെയ്തിരുന്നത്) നിന്നുമുള്ള 476 വിദ്യാർഥികളെയും തിരിച്ച് വീട്ടിലേക്കയച്ചു. "എന്നാണത് വീണ്ടും തുറക്കുകയെന്ന് എനിക്കറിയില്ല”, അവൾ പറഞ്ഞു.

അവളുടെ സ്ക്കൂള്‍ തുടങ്ങിയിരുന്നത് ദേശീയ ഗാനത്തോടെയും പ്രഭാത പ്രാര്‍ത്ഥനയോടെയുമായിരുന്നു. വീട്ടില്‍ അവളുടെ ടൈംടേബിള്‍ വളരെ വ്യത്യസ്തമാണ്. "ആദ്യം ഞാൻ കുഴലിൽ നിന്നും [വീടിനു പുറത്തുള്ള കുഴൽക്കിണറ്റിൽ നിന്നും] വെള്ളം ശേഖരിക്കുന്നു. പിന്നെ അമ്മ പാചകം പൂർത്തിയാക്കുന്നതുവരെ റിങ്കുവിനെ [അവളുടെ ഒരു വയസ്സുകാരിയായ സഹോദരി] നോക്കും.” ഞാനിവിടെയൊക്കെ ചുറ്റി നടന്ന് അവളെ പല കാര്യങ്ങളും കാണിക്കും. രക്ഷിതാക്കൾ മെഷീൻ ഉപയോഗിക്കാത്തപ്പോഴൊക്കെ അവൾ 'സ്വയം-പഠനം’ പുനരാരംഭിക്കുന്നു - അവളുടെ തയ്യല്‍ ‘പാഠങ്ങള്‍’

നാല് സഹോദരങ്ങളിൽ ഏറ്റവും മൂത്തയാളാണ് ശർമിള – സഹോദരനായ രാജേഷിന് 5 വയസ്സും, സഹോദരിയായ ഊർമ്മിളയ്ക്ക് 3 വയസ്സുമാണ്, പിന്നെയുള്ളത് റിങ്കു. "അവൾക്ക് കവിത ചൊല്ലാൻ പറ്റും, എഴുതാറുമുണ്ട് [മറാഠി അക്ഷരങ്ങൾ]”, അവളുടെ 28-കാരനായ അച്ഛൻ രാകേഷ് പറഞ്ഞു. ഇപ്പോഴദ്ദേഹം തന്‍റെ മറ്റു കുട്ടികളുടെ വിദ്യാഭ്യാസത്തേക്കുറിച്ചോർത്ത് ഉത്കണ്ഠാകുലനാണ് – രാജേഷിനും ഊർമിളയ്ക്കും ആറാമത്തെ വയസ്സിലേ സ്ക്കൂളിൽ ചേരാൻ കഴിയൂ. "അവൾക്ക് എഴുതാനും വായിയ്ക്കാനും കഴിയുമായിരുന്നെങ്കിൽ അവളുടെ ചെറു സഹോദരങ്ങളെ പഠിപ്പിക്കാൻ കഴിയുമായിരുന്നു”, അദ്ദേഹം പറഞ്ഞു. " ദോ സാൽ മേം ബച്ചേ സിന്ദഗി കാ ഖേൽ ബൻ ഗയാ ഹേ . ഇൻ ദോ വർഷ് മേം മേരേ ബച്ചേ കാ ജീവൻ ഖേൽ ബൻ ഗയാ ഹേ [ഈ രണ്ടു വർഷത്തിൽ എന്‍റെ കുട്ടിയുടെ ജീവിതം കളിയായി തീർന്നിരിക്കുന്നു]”, തന്‍റെ മകൾ തയ്യൽ മെഷീൻ നന്നായി പ്രവർത്തിപ്പിക്കുന്നത് നോക്കിയിരുന്നുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

Classmates, neighbours and playmates Sunita (in green) and Sharmila (blue) have both been out of school for over 18 months
PHOTO • Jyoti
Classmates, neighbours and playmates Sunita (in green) and Sharmila (blue) have both been out of school for over 18 months
PHOTO • Jyoti

സഹപാഠികളും അൽവാസികളും കളിക്കൂട്ടുകാരുമായ സുനിതയും ( പച്ച ) ശർമിളയും ( നീല ) 18 മാസങ്ങളായി സ്ക്കൂളിനു പുറത്താണ്

"അവൾ അക്ഷരാഭ്യാസവും വിദ്യാഭ്യാസവും നേടി ഒരു ഓഫീസർ ആവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം, ഞങ്ങളേപ്പോലെ തയ്യൽക്കാരല്ല. എഴുതാനും വായിക്കാനും അറിയില്ലെങ്കിൽ ആളുകൾ നിങ്ങളെ ബഹുമാനിക്കില്ല”, ശർമിളയുടെ അമ്മ 25-കാരിയായ സർല പറഞ്ഞു.

സർലയും രാകേഷും കൂടി തയ്യൽ ജോലിയിലൂടെ പ്രതിമാസം 5,000-6,000 രൂപയുണ്ടാക്കുന്നു. കുറച്ചു വർഷങ്ങൾക്കു മുമ്പ് വരെ രാകേഷും സർലയും തോട്ടങ്ങളിൽ ദിവസവേതനാടിസ്ഥാനത്തില്‍ പണിയെടുക്കാനായി ഗുജറാത്തിലേക്കും മദ്ധ്യപ്രദേശിലേക്കും കുടിയേറുമായിരുന്നു. "ശർമിളയുടെ ജനനത്തോടെ ഞങ്ങളത് നിർത്തി, കാരണം അവൾ മിക്കപ്പോഴും അസുഖ ബാധിതയാകുമായിരുന്നു [കുടിയേറുന്ന മാസങ്ങളിൽ അവളെയും ഞങ്ങൾ കൊണ്ടുപോയിരുന്നപ്പോൾ]”, അദ്ദേഹം പറഞ്ഞു, "കൂടാതെ, അവളെ ഞങ്ങൾക്ക് സ്ക്കൂളിലയയ്ക്കുകയും ചെയ്യണമായിരുന്നു.

അമ്മാവനായ ഗുലാബിൽ നിന്നാണ് അദ്ദേഹം തയ്യൽ പഠിച്ചത്. അതേ ഗ്രാമത്തിൽ തന്നെയായിരുന്നു അദ്ദേഹം താമസിച്ചത് (2019-ൽ മരിച്ചു). അദ്ദേഹത്തിന്‍റെ സഹായത്തോടെയാണ് രാജേഷ് തയ്യൽ മെഷീൻ വാങ്ങിയതും സർലയെ പരിശീലിപ്പിക്കാൻ ആരംഭിച്ചതും.

"ഞങ്ങൾക്ക് കൃഷിസ്ഥലമൊന്നുമില്ല. അതുകൊണ്ട് ഞങ്ങൾ രണ്ട് പഴയ മെഷീനുകൾ 2012-ൽ 15,000 രൂപയ്ക്ക് വാങ്ങി”, സർല പറഞ്ഞു. ഇതിനായി അവർ തങ്ങളുടെ മുഴുവൻ സമ്പാദ്യവും ചിലവഴിച്ചു. കുറച്ചു പണം രാജേഷിന്‍റെ മാതാപിതാക്കളിൽ നിന്നും വാങ്ങി – അവർ ജീവിതകാലം മുഴുവൻ കർഷകത്തൊഴിലാളികൾ ആയി പണിയെടുത്ത് സമ്പാദിച്ചതിൽനിന്നും. രാകേഷിന്‍റെയും സർലയുടെയും അമാവനായ ഗുലാബ് അദ്ദേഹത്തിന്‍റെ ചില ഇടപാടുകാരെ ഇവര്‍ക്ക് നല്‍കി സഹായിക്കുകയും ചെയ്തു.

"ഞങ്ങൾക്ക് റേഷൻ കാർഡില്ല. റേഷൻ വാങ്ങാൻ മാത്രമായി ഞങ്ങൾ 3,000-4,000 രൂപ മുടക്കണം”, രാകേഷ് പറഞ്ഞു. സർല അവർക്കാവശ്യമുള്ള സാധനങ്ങളുടെ പട്ടിക നിരത്തി – "ഗോതമ്പ് പൊടി, അരി, പരിപ്പ്, ഉപ്പ്, മുളകുപൊടി …” “ഞങ്ങൾ കുട്ടികളെ വളർത്തുന്നു, അവർക്ക് തിന്നാനും കുടിക്കാനുമുള്ളതിന്‍റെ കാര്യത്തിൽ ഒഴികഴിവുകൾ സാദ്ധ്യമല്ല”, അവർ പറഞ്ഞു.

'If she could read and write, she could have taught her younger siblings. In these two years, my child’s life has turned into a game', Rakesh says
PHOTO • Jyoti
'If she could read and write, she could have taught her younger siblings. In these two years, my child’s life has turned into a game', Rakesh says
PHOTO • Jyoti

‘വായിക്കാനും എഴുതാനും അറിയാമായിരുന്നെങ്കില്‍ അവള്‍ക്ക് ഇളയ സഹോദരങ്ങളെ പഠിപ്പിക്കാൻ കഴിയുമായിരുന്നു. ഈ രണ്ടു വർഷത്തിൽ എന്‍റെ കുട്ടിയുടെ ജീവിതം കളിയായി തീർന്നിരിക്കുന്നു’, രാകേഷ് പറഞ്ഞു

കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പണം സമ്പാദിക്കുക എന്നത് അസാദ്ധ്യമാണ്. അതുകൊണ്ട് അവർ ആശ്രമശാല സ്ക്കൂളുകളോട് കടപ്പെട്ടിരിക്കുന്നു. "അവിടെ കുട്ടികൾക്ക് പഠിക്കാനും, അതുപോലെതന്നെ, കഴിക്കാനുമെങ്കിലും പറ്റുന്നുണ്ട്”, സർല പറഞ്ഞു. പക്ഷേ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലുള്ള കുട്ടികളുടെ ക്ലാസ്സുകള്‍ നടക്കുന്നില്ല.

വിദൂരമായ അക്രാണി താലൂക്കിൽ ഓൺലൈൻ വിദ്യാഭ്യാസം ഒരു നടക്കാത്ത സങ്കല്പമാണ്. ആശ്രമശാലയിലെ 476 വിദ്യാർത്ഥികളിൽ ശർമിള ഉൾപ്പെടെയുള്ള 190 പേരുമായി സമ്പർക്കം പുലർത്തുവാൻ അധ്യാപകർക്ക് സാധിച്ചിട്ടില്ല. അവർ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നു പൂർണ്ണമായും ബന്ധമറ്റു നിൽക്കുന്നു.

"90 ശതമാനത്തിലധികം രക്ഷിതാക്കൾക്കും സാധാരണ മൊബൈൽ ഫോൺ പോലുമില്ല”, ആശ്രമശാലകളിലെ അദ്ധ്യാപകനായ നന്ദുർബാറിൽ നിന്നുള്ള സുരേഷ് പഡവി (45) പറഞ്ഞു. സ്ക്കൂളില്‍നിന്നും അക്രാണിയിലെ ഗ്രാമങ്ങൾ സന്ദർശിച്ച് വിദ്യാർഥികളെ മഹാമാരിയുടെ തുടക്കം മുതലുള്ള പാഠങ്ങൾ പഠിപ്പിക്കുന്ന ഒമ്പത് അദ്ധ്യാപകരിൽ ഒരാളാണ് അദ്ദേഹം.

"മൂന്നു ദിവസങ്ങളിലാണ് ഞങ്ങളിവിടെ വരുന്നത്. രാത്രികളിൽ ഗ്രാമത്തിലുള്ള ഏതെങ്കിലുമൊരു വീട്ടിൽ തങ്ങുന്നു”, സുരേഷ് പറഞ്ഞു. ഓരോ സന്ദർശനത്തിലും ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 10-12 കുട്ടികളെയെങ്കിലും കൂട്ടിവരുത്താൻ  അവർ ശ്രമിക്കുന്നു. “ഒരാൾ 1-ാം ക്ലാസിൽ നിന്നായിരിക്കും, മറ്റൊരാൾ 10-ൽ നിന്നും. പക്ഷെ ഞങ്ങൾക്ക് അവരെ [ഒരുമിച്ചു ചേർത്ത്] പഠിപ്പിക്കേണ്ടിവരും”, അദ്ദേഹം പറഞ്ഞു.

എന്നിരിക്കിലും അദ്ദേഹത്തിന്‍റെ അദ്ധ്യാപക സംഘം ശർമിളയുടെ അടുത്ത് എത്തിയിട്ടില്ല. "വളരെയകലെ, ഉള്ളിലേക്കുള്ള പ്രദേശങ്ങളിൽ, ഫോണ്‍ മുഖേനയും റോഡ് മുഖേനയുമുള്ള ബന്ധങ്ങളൊന്നുമില്ലാതെ, നിരവധി കുഞ്ഞുങ്ങൾ താമസിക്കുന്നു. അവരെ കണ്ടുപിടിക്കുക ബുദ്ധിമുട്ടാണ്”, സുരേഷ് പറഞ്ഞു.

Reaching Sharmila’s house in the remote Phalai village is difficult, it involves an uphill walk and crossing a stream.
PHOTO • Jyoti
Reaching Sharmila’s house in the remote Phalai village is difficult, it involves an uphill walk and crossing a stream.
PHOTO • Jyoti

വിദൂരതയിൽ സ്ഥിതിചെയ്യുന്ന ഫലയി ഗ്രാമത്തിലുള്ള ശര്‍മിളയുടെ വീട്ടില്‍ എത്തിച്ചേരുക ബുദ്ധിമുട്ടാണ്; കയറ്റം കയറി നദി കടന്നുവേണം അവിടെയെത്താൻ

അവിടേക്കുള്ള ഏറ്റവും ചെറിയ ദൂരം പോലും കയറ്റം കയറി നദി കടന്നുവേണം എത്താന്‍. മറ്റൊരു വഴിയുള്ളത് ചെളി നിറഞ്ഞ, വളരെദൂരം യാത്ര ചെയ്യേണ്ട, റോഡാണ്. "ഞങ്ങളുടെ വീട് ഉള്ളിലേക്കാണ്”, രാകേഷ് പറഞ്ഞു. "അദ്ധ്യാപകർ ഈ വഴിക്ക് വന്നിട്ടേയില്ല.”

ഇതിനർത്ഥം സ്ക്കൂളടച്ചതു മുതൽ ശർമിള ഉൾപ്പെടെയുള്ള മറ്റു വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിൽ നിന്നും പൂർണ്ണമായും വിഛേദിക്കപ്പെട്ടിരിക്കുന്നുവെന്നാണ്. 2021 ജനുവരിയിലെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് മഹാമാരിയെത്തുടർന്ന് സ്ക്കൂളുകൾ അടച്ചതുമൂലം 92 ശതമാനം വിദ്യാർത്ഥികൾക്കാണ് കുറഞ്ഞത് ഒരു കഴിവെങ്കിലും നഷ്ടപ്പെട്ടിരിക്കുന്നത്. നഷ്ടപ്പെട്ട കഴിവുകള്‍ ഇനിപ്പറയുന്നവയാണ്: ചിത്രം നോക്കി വിശദീകരിക്കുക അല്ലെങ്കിൽ അനുഭവങ്ങൾ പറയുക, പരിചിതമായ വാക്കുകൾ വായിക്കുക, മനസ്സിലാക്കി വായിക്കുക, മുൻവർഷങ്ങളിലെ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി ലളിതമായ വാചകങ്ങൾ എഴുതുക എന്നിവങ്ങനെ ഉള്ളവ.

*****

"ഞാൻ സ്ക്കൂളിൽ വച്ച് പെൻസിലുപയോഗിച്ച് എന്‍റെ പേരെഴുതാൻ പഠിച്ചിരുന്നു”, ശർമിളയുടെ അയൽക്കാരിയും കളിക്കൂട്ടുകാരിയുമായ 8 വയസ്സുകാരി സുനിത പാവ്‌ര പറഞ്ഞു. കഴിഞ്ഞ വർഷം സ്ക്കൂൾ അടയ്ക്കുന്നതുവരെ അതേ സ്ക്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു അവൾ.

"ഈ വസ്ത്രമാണ് ഞാൻ സ്ക്കൂളിൽ ധരിച്ചിരുന്നത്. ചില സമയത്ത് ഞാനിത് വീട്ടിൽ ധരിക്കുന്നു”, മൺവീടിനു പുറത്തുള്ള അയയിൽ തൂങ്ങിക്കിടക്കുന്ന തന്‍റെ യൂണിഫോമിലേക്ക് ആവേശത്തോടെ കൈ ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ പറഞ്ഞു. " ബായ് [ടീച്ചർ] ഒരു പുസ്തകത്തിലുള്ള [ചിത്ര പുസ്തകം] പഴങ്ങൾ കാണിക്കുമായിരുന്നു. നിറമുള്ള പഴങ്ങൾ. അത് ചുവന്നതായിരുന്നു. എനിക്കതിന്‍റെ പേരറിയില്ല”, ഓർമ്മിച്ചെടുക്കാൻ ബുദ്ധിമുട്ടിക്കൊണ്ടവൾ പറഞ്ഞു. സ്ക്കൂൾ അവളെ സംബന്ധിച്ചിടത്തോളം ഒരുകൂട്ടം മങ്ങിയ ഓർമ്മകളായി മാറിയിരിക്കുന്നു.

Every year, Sunita's parents Geeta and Bhakiram migrate for work, and say, 'If we take the kids with us, they will remain unpadh like us'
PHOTO • Jyoti
Every year, Sunita's parents Geeta and Bhakiram migrate for work, and say, 'If we take the kids with us, they will remain unpadh like us'
PHOTO • Jyoti

എല്ലാവര്‍ഷവും സുനിതയുടെ രക്ഷിതാക്കളായ ഗീതയും ഭാക്കിറാമും ജോലിക്കായി കുടിയേറും . 'കുട്ടികളെ കൂടെ കൂട്ടിയാൽ അവരും ഞങ്ങളെപ്പോലെ പറിക്കാത്തവരാകും’, അവർ പറയുന്നു

സുനിത അവളുടെ നോട്ട് പുസ്തകങ്ങളിൽ ഇപ്പോൾ എഴുതുന്നേയില്ല. പക്ഷെ ശർമിളയോടൊപ്പം കളിക്കുന്നതിനായി (അക്ക് കളി, കക്ക് കളി എന്നൊക്കെ അറിയപ്പെടുന്ന തരത്തിലുള്ള ഒരു കളി) ടാർ റോഡിൽ വെള്ള കല്ലുകൾ കൊണ്ട് ചതുരത്തിലുള്ള കളങ്ങൾ വരയ്ക്കാറുണ്ട്. അവൾക്ക് മൂന്ന് സഹോദരങ്ങളുണ്ട് – 6 വയസ്സുകാരനായ ദിലീപ്, 5 വയസ്സുകാരിയായ അമിത, 4 വയസ്സുകാരനായ ദീപക്. 8 വയസ്സുള്ള സുനിതയാണ് ഏറ്റവും മൂത്തത്. മറ്റു കുട്ടികളേയും സ്ക്കൂളിൽ ചേർക്കണമെന്ന് അവളുടെ മാതാപിതാക്കൾ ആഗ്രഹിക്കുന്നു.

അവളുടെ മാതാപിതാക്കളായ ഗീതയും ഭാക്കിറാമും കുത്തനേ കിടക്കുന്ന ഒരേക്കർ സ്ഥലത്ത് കാലവർഷ സമയത്ത് കൃഷി ചെയ്ത് കുടുംബത്തിന്‍റെ ഭക്ഷണാവശ്യത്തിനായി 2-3 ക്വിന്‍റൽ മണിച്ചോളം ഉണ്ടാക്കുന്നു. "അത് മാത്രം ഉപയോഗിച്ച് കഴിഞ്ഞു കൂടുക സാദ്ധ്യമല്ല. ജോലിക്കായി ഞങ്ങൾ പുറത്ത് പോകുന്നു”, 35-കാരിയായ ഗീത പറഞ്ഞു.

ഒക്ടോബറിലെ വിളവെടുപ്പിനു ശേഷം എല്ലാവർഷവും അവർ ഗുജറാത്തിലേക്ക് കുടിയേറുകയും 200-300 രൂപ ദിവസ വേതനത്തിൽ ഏപ്രിൽ വരെ പരുത്തി പാടങ്ങളിൽ പണിയെടുക്കുകയും ചെയ്യുന്നു. "കുട്ടികളെ ഞങ്ങൾ കൊണ്ടുപോവുകയാണെങ്കിൽ അവരും ഞങ്ങളെപ്പോലെ പഠിക്കാത്തവരായി മാറും. ഞങ്ങൾ പോകുന്നിടത്തൊന്നും ഒരു സ്ക്കൂൾ പോലുമില്ല”, 42-കാരനായ ഭാക്കിറാം പറഞ്ഞു.

"ആശ്രമശാലകളിൽ കുട്ടികൾക്ക് താമസിക്കാനും അതുപോലെ പഠിക്കാനും പറ്റും”, ഗീത പറഞ്ഞു. "സർക്കാർ ഈ സ്ക്കൂളുകൾ വീണ്ടും തുറക്കണം.”

'I used to wear this dress in school. I wear it sometimes at home', Sunita says. School for her is now a bunch of fading memories
PHOTO • Jyoti
'I used to wear this dress in school. I wear it sometimes at home', Sunita says. School for her is now a bunch of fading memories
PHOTO • Jyoti

‘ഈ വസ്ത്രമായിരുന്നു ഞാന്‍ സ്ക്കൂളില്‍ ധരിച്ചിരുന്നത്. ചിലപ്പോൾ ഞാനിത് വീട്ടിൽ ധരിക്കുന്നു ’, സുനിത പറഞ്ഞു. സ്ക്കൂളിലെ ദിവസങ്ങൾ അവൾക്കിപ്പോൾ മങ്ങിയ ഓർമ്മകൾ മാത്രമാണ്

2021, ജൂലൈ 15-ന് പാസ്സാക്കിയ ഒരു സര്‍ക്കാര്‍ പ്രമേയം ഇങ്ങനെ കുറിക്കുന്നു: “സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് റെസിഡന്‍ഷ്യല്‍ സ്ക്കൂളുകളും ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്ക്കൂളുകളും 2021 ഓഗസ്റ്റ് 2 മുതല്‍ കോവിഡ് വിമുക്തമായ പ്രദേശങ്ങളില്‍, 8-ാ‍ം ക്ലാസ്സ് മുതല്‍ 12-ാ‍ം ക്ലാസ്സ് വരെ മാത്രം, തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു.”

“നന്ദുര്‍ബാറില്‍ 22,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 139 റെസിഡന്‍ഷ്യല്‍ സ്ക്കൂളുകള്‍ ഉണ്ട്”, നന്ദുര്‍ബാര്‍ സില്ലാ പരിഷദ് അംഗമായ ഗണേശ് പരാഡ്കെ കണക്കു കൂട്ടുന്നു. ഈ സ്ക്കൂളുകളിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളും അക്രാണി താലൂക്കിലെ മലമ്പ്രദേശങ്ങളില്‍ നിന്നും വനപ്രദേശങ്ങളില്‍ നിന്നും വരുന്നവരാണ്. ഇപ്പോള്‍ “പലര്‍ക്കും പഠനത്തില്‍ താല്‍പ്പര്യമില്ല. മിക്ക പെണ്‍കുട്ടികളും വിവാഹിതരും ആയിരിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*****

ശര്‍മിളയുടെ വീട്ടില്‍നിന്നും ഏകദേശം 40 കിലോമീറ്ററുകള്‍ മാറി അക്രാണി താലൂക്കിലെ സിന്ദിദിഗര്‍ ഗ്രാമത്തിനടുത്ത് 12-വയസ്സുകാരിയായ രഹിദാസ് പാവ്‌രയും അവന്‍റെ രണ്ട് സുഹൃത്തുക്കളും തങ്ങളുടെ കുടുംബവകയായ 12 ആടുകളെയും 5 പശുക്കളെയും മേയ്ക്കുന്നു. “ഞങ്ങളിവിടെ കുറച്ചുനേരം തങ്ങും. ഞങ്ങളിവിടം ഇഷ്ടപ്പെടുന്നു. മലകളും ഗ്രാമങ്ങളും ആകാശവും എല്ലാം നിങ്ങള്‍ക്ക് കാണാം... എല്ലാം ഇവിടെ നിന്നുതന്നെ കാണാം”, രഹിദാസ് പറഞ്ഞു. 150 കിലോമീറ്റര്‍ മാറി, നവാപൂര്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന തന്‍റെ സ്ക്കൂളായ കായി ഡി. ജെ. കോകണി ആദിവാസി ഛാത്രാലയ് ശ്രാവണി കഴിഞ്ഞ വര്‍ഷം പൂട്ടിയിരുന്നില്ലെങ്കില്‍ അവന്‍ ചരിത്രമോ കണക്കോ ഭൂമിശാസ്ത്രമോ, അല്ലെങ്കില്‍ മറ്റു വിഷയങ്ങളോ, പഠിച്ചുകൊണ്ട് അവിടെ കാണുമായിരുന്നു.

രഹിദാസിന്‍റെ അച്ഛന്‍ 36-കാരനായ പ്യാനെയും അമ്മ 32-കാരിയായ ഷീലയും തങ്ങളുടെ രണ്ടേക്കര്‍ ഭൂമിയില്‍ കാലവര്‍ഷ സമയത്ത് ചോളവും മണിച്ചോളവും കൃഷി ചെയ്യുന്നു. “എന്‍റെ മൂത്ത സഹോദരനായ രാംദാസ് അവരെ പാടത്ത് സഹായിക്കുന്നു”, രഹിദാസ് പറഞ്ഞു.

Rahidas Pawra and his friends takes the cattle out to grazing every day since the school closed. 'I don’t feel like going back to school', he says.
PHOTO • Jyoti
Rahidas Pawra and his friends takes the cattle out to grazing every day since the school closed. 'I don’t feel like going back to school', he says.
PHOTO • Jyoti

സ്ക്കൂള്‍ അടച്ചതുമുതല്‍ രഹിദാസ് പാവ്‌രയും അവന്‍റെ സുഹൃത്തുക്കളും കാലികളെ മേയ്ക്കാനായി എല്ലാദിവസവും പുറത്തുപോകുന്നു. ‘സ്ക്കൂളില്‍ തിരികെ പോകാന്‍ എനിക്ക് തോന്നുന്നില്ല’, അവന്‍ പറഞ്ഞു

വാര്‍ഷിക വിളവെടുപ്പിന് ശേഷം പ്യാനെയും ഷീലയും 19-കാരനായ രാംദാസും (4-ാം ക്ലാസ്സ് വിദ്യാഭ്യാസം) കരിമ്പ് പാടങ്ങളില്‍ പണിയെടുക്കുന്നതിനായി അയല്‍ സംസ്ഥാനമായ ഗുജറാത്തിലെ നവ്സാരി ജില്ലയിലേക്ക് കുടിയേറുന്നു. ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള കാലഘട്ടത്തില്‍, വര്‍ഷത്തില്‍ ഏകദേശം 180 ദിവസങ്ങള്‍, അവര്‍ ഓരോരുത്തരും പ്രതിദിനം 250 രൂപവീതം ഉണ്ടാക്കുന്നു.

“കഴിഞ്ഞ വര്‍ഷം കൊറോണ ഭയന്ന് അവര്‍ പോയില്ല. പക്ഷെ ഈ വര്‍ഷം ഞാനും അവരോടൊപ്പം പോകുന്നു”, രഹിദാസ് പറഞ്ഞു. കുടുംബത്തിലെ മൃഗങ്ങള്‍ വരുമാന മാര്‍ഗ്ഗമല്ല. ആടിന്‍റെ പാല്‍ വീട്ടില്‍ ഉപയോഗിക്കുന്നു. ചിലസമയം അവര്‍ ആടുകളില്‍ ഒന്നിനെ പ്രദേശത്തെ കശാപ്പുകാരന്, ആടിന്‍റെ വലിപ്പത്തെയും ആരോഗ്യത്തെയും ആശ്രയിച്ച്, 5,000-നും 10,000-നും ഇടയിലുള്ള തുകയ്ക്ക് വില്‍ക്കുന്നു. പക്ഷെ വളരെ അപൂര്‍വമായേ ഇങ്ങനെ ചെയ്യാറുള്ളൂ – പണത്തിന് വലിയ ആവശ്യം ഉണ്ടാകുമ്പോള്‍.

മൃഗങ്ങളെ മേയ്ക്കുന്ന മൂന്ന് സുഹൃത്തുക്കളും ഒരേ സ്ക്കൂളില്‍, ഒരേ ക്ലാസ്സില്‍ ആണ്. “നേരത്തെയും [മഹാമാരിക്ക് മുന്‍പ്] ഞാന്‍ കാലികളെ മേയ്ക്കാന്‍ പോകുമായിരുന്നു, വേനലവധിക്കും ദീപാവലിക്കും നാട്ടിലെത്തുമ്പോഴൊക്കെ”, രവിദാസ് പറഞ്ഞു. “ഇത് പുതിയ കാര്യമല്ല”

പുതുതായുള്ള കാര്യമേന്തെന്നാല്‍ താല്‍പ്പര്യത്തില്‍ വന്ന ഇടിവാണ്. “സ്ക്കൂളില്‍ തിരികെ പോകാന്‍ തോന്നുന്നില്ല”, അവന്‍ പറഞ്ഞു. സ്ക്കൂള്‍ വീണ്ടും തുറക്കാനുള്ള സാദ്ധ്യതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവരെ ഉണര്‍ത്തുന്നതേയില്ല. “ഞാനൊന്നും ഓര്‍ക്കുന്നുമില്ല”, രഹിദാസ് കൂട്ടിച്ചേര്‍ത്തു. “വീണ്ടും അവരത് അടച്ചാലോ?”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Jyoti

Jyoti is a Senior Reporter at the People’s Archive of Rural India; she has previously worked with news channels like ‘Mi Marathi’ and ‘Maharashtra1’.

यांचे इतर लिखाण Jyoti
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

यांचे इतर लिखाण Rennymon K. C.