"ഒരു കർഷകന്റെ കയ്യിലുള്ള 500 രൂപ നോട്ട് മിക്കപ്പോഴും മങ്ങിയതോ മുഷിഞ്ഞതോ ആയിരിക്കും. കുറഞ്ഞത് മടങ്ങി ചുളിഞ്ഞതെങ്കിലും ആകുമെന്ന് ഉറപ്പാണ്.", വളം വില്പനക്കാരനായ ഉമേഷ് പറയുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിൽ ഉൾപ്പെടുന്ന, വരൾച്ചാബാധിത പ്രദേശമായ താഡിമാരിയിലാണ് ഉമേഷ് കച്ചവടം നടത്തുന്നത്.
താഡിമാരി ഗ്രാമത്തിലെ തന്റെ കടയിൽ വളവും വിത്തുകളും വാങ്ങാനെത്തുന്ന കർഷകർ 500-ന്റെ പുത്തൻ നോട്ടുകൾ കൊണ്ടുവരുന്നത് ഈയടുത്തകാലംവരെ ഉമേഷ് അധികം കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ, നവംബർ 23-ന് ഒരു കർഷകൻ അദ്ദേഹം മുൻപ് വളം വാങ്ങിച്ചതിന്റെ കടം തീർക്കാനായി 500-ന്റെ നാല് പുത്തൻ നോട്ടുകൾ നീട്ടിയപ്പോൾ, ഉമേഷ് ഒന്ന് അമ്പരന്നു. 2014-ൽ അച്ചടിച്ച നോട്ടുകളായിരുന്നു അവ.
"രണ്ട് വർഷമായി കൈമാറ്റം ചെയ്യപ്പെടുന്ന നോട്ടുകൾ ഇത്രയും പുത്തനായി കാണാൻ വഴിയില്ല.", ഉമേഷ് ചിന്തിച്ചു. അവ കള്ളനോട്ടുകളായിരിക്കുമെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. നവംബർ 8-ലെ നോട്ട് നിരോധനത്തിന് മുൻപും താഡിമാരിയിൽ കള്ളനോട്ടുകൾ കാണുന്നത് കുറവായിരുന്നെങ്കിലും, കടയിൽ സ്ഥിരമായി എത്തുന്ന ചിലർ കള്ളനോട്ടുകൾ തരുന്നത് ഉമേഷിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, തനിക്ക് ലഭിച്ച ആ പുത്തൻ നോട്ടുകൾ കടയിലെ കൗണ്ടറിൽവെച്ച് അദ്ദേഹം പരിശോധിച്ചു. എന്നാൽ അവ കള്ളനോട്ടുകളായിരുന്നില്ല.
ഇത്തവണ ഉമേഷ് ശരിക്കും ഞെട്ടിപ്പോയി. നോട്ടുകൾ സൂക്ഷ്മമായി പരീശോധിച്ചപ്പോൾ അവ ബാങ്കിൽനിന്ന് ലഭിക്കുന്നതുപോലെ അടുപ്പിച്ചുള്ള ക്രമനമ്പറുകൾ ഉള്ളവയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഒളിപ്പിച്ചു സൂക്ഷിച്ചിരിക്കുന്ന ഏതോ നോട്ടുശേഖരത്തിൽനിന്നുള്ളവയാണ് ഉപയോഗിക്കാത്ത ഈ നോട്ടുകളെന്ന നിഗമനത്തിലാണ് ഉമേഷ് എത്തിച്ചേർന്നത്. താഡിമാരി മണ്ഡലിലെ 11 ഗ്രാമങ്ങളിൽനിന്നുള്ള കർഷകരിൽനിന്ന് വിളവ് വാങ്ങുന്നതിനായി അനന്ത്പൂരിലെയും സമീപജില്ലകളിലേയും തമിഴ്നാട്ടിലേയും വ്യാപാരികൾ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം സംശയിക്കുന്നു. മണ്ഡലിലെ താമസക്കാരായ 32,385 പേർ പൂർണ്ണമായും ഗ്രാമപ്രദേശങ്ങളിൽ കഴിയുന്നവരും തീരെ കുറഞ്ഞ സാക്ഷരതാനിലവാരം ഉള്ളവരുമാണ്.
ഉമേഷിനെപ്പോലെ ചിലരെയൊഴിച്ച്, താഡിമാരി ഗ്രാമവാസികളെ എല്ലാവരെയുംതന്നെ നോട്ടുനിരോധനം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉമേഷിന്റെ കടയിൽ അസാധുവായ നോട്ടുകൾ സ്വീകരിക്കുമെന്ന് കണ്ട് (അദ്ദേഹം അത് തന്റെ നിയമാനുസൃതമായ വരുമാനമായി ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു) പ്രദേശത്തെ കർഷകർ വളം വാങ്ങിയ വകയിൽ കാലങ്ങളായി ബാക്കി നിൽക്കുന്ന കടം പെട്ടെന്ന് കൊടുത്തുതീർക്കുകയാണ്.
അതേസമയം, വളം വിൽക്കുന്ന കടയിൽനിന്ന് അധികം ദൂരത്തല്ലാതെ, താഡിമാരി ഗ്രാമത്തിലെ മദ്യവില്പനശാലകളിലും കച്ചവടം പൊടിപൊടിക്കുകയാണ്. അംഗീകാരമുള്ളവയും അംഗീകാരമില്ലാത്തവയമായ ഈ കടകളിലും അസാധുവായ പഴയ നോട്ടുകൾ എടുക്കുമെന്നതുതന്നെ കാരണം.
"ഇതാ ഞങ്ങൾക്ക് ബാക്കി കിട്ടിയ 50 രൂപ", സ്വല്പം മദ്യലഹരിയിലായ ചിന്ന ഗംഗണ്ണ ഞങ്ങൾക്ക് കയ്യിലുള്ള പണം കാണിച്ചുതരുന്നു. 1,000 രൂപയുടെ നോട്ട് കൊടുത്താണ് അദ്ദേഹം കടയിൽനിന്ന് മദ്യം വാങ്ങിയത് -തൊഴിൽരഹിതരായ മറ്റ് 8 കർഷകത്തൊഴിലാളികൾകൂടി പങ്കുകാരായുണ്ട്. 500ന്റെ ഒരു നോട്ട് മാറ്റണമെങ്കിൽ കുറഞ്ഞത് 400 രൂപയ്ക്കുള്ള മദ്യം വാങ്ങണം.
പഴയ നോട്ടുകൾ മാറ്റിക്കിട്ടാൻ ഏറ്റവും എളുപ്പമായ വഴിയായി താഡിമാരിക്കാർ പലരും കണ്ടെത്തുന്നത് മദ്യം വാങ്ങുകയാണ്. "നേരത്തെ ഞാൻ ദിവസവും (ജോലിയ്ക്കുശേഷം) ഒരു ക്വാർട്ടർ മദ്യം കുടിക്കുമായിരുന്നു." പാടശേഖങ്ങളിൽ ട്രാക്ടർ ഓടിച്ച് ഉപജീവനം കണ്ടെത്തുന്ന എസ്. നാഗഭൂഷണം പറയുന്നു. ഒരു ക്വാർട്ടർ നാടൻ മദ്യത്തിന് ഈ പ്രദേശത്ത് 60-80 രൂപയാണ് വില. മുൻപ് കുടിച്ചിരുന്നതിന്റെ 4-5 മടങ്ങ് മദ്യം നാഗഭൂഷണം ഇപ്പോൾ കുടിക്കുന്നുണ്ട്. 500 രൂപയാണ് അദ്ദേഹത്തിന്റെ ദിവസക്കൂലി. നിലവിൽ ജോലിയില്ലെന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സമ്പാദ്യമെല്ലാം പഴയ നോട്ടുകളായാണ് ഉള്ളത്. അവയെല്ലാം അദ്ദേഹം മദ്യവില്പനശാലയിൽ ചിലവാക്കുന്നു.
നാഗഭൂഷണത്തെപ്പോലുയുള്ള താഡിമാരിയിലെ കർഷകത്തൊഴിലാളികൾ ജോലി കണ്ടെത്താൻ ഏറെ പാടുപെടുകയാണ്. അനന്ത്പൂർ പ്രദേശത്ത് ഇക്കൊല്ലം മഴ കുറവായിരുന്നതിനാൽ നിലക്കടലയുടെ വിളവ് മഹാമോശമായിരുന്നു. നിരവധി കർഷകർക്ക് വിളനാശം സംഭവിച്ചതിന്റെ ഫലമായി കർഷകത്തൊഴിലാളികളുടെ തൊഴിൽദിനങ്ങളും വല്ലാതെ കുറഞ്ഞു.
താഡിമാരി മണ്ഡലിലെ നിലക്കടല കർഷകർ, നവംബർ മാസത്തിനുശേഷം ദീപാവലിയോടടുപ്പിച്ച് വിളവെടുക്കുകയും ഡിസംബർവരെയുള്ള മാസങ്ങളിൽ അവ വിറ്റഴിക്കുകയുമാണ് ചെയ്യുന്നത്. അവരുടെ നിലത്ത് പണിയെടുക്കുന്ന കർഷകത്തൊഴിലാളികൾക്ക് അവർ ദിവസേനയോ ആഴ്ചക്കണക്കിലോ കൂലി കൊടുക്കില്ല. പകരം, ഒരു സീസണിലെ വിളവെടുപ്പ് കഴിയുമ്പോൾ കൂലി ഒരുമിച്ച് കൊടുക്കുന്ന സമ്പ്രദായമാണ് ഇക്കൂട്ടർ പിൻതുടരുന്നത്. അതുകൊണ്ടുതന്നെ, നവംബർ-ഡിസംബർ മാസങ്ങളിൽ കർഷകർക്ക് വലിയ തുക ആവശ്യമായി വരും.
കർഷകർക്കിടയിൽത്തന്നെയുള്ള അനൗപചാരികമായ കടങ്ങൾ വീട്ടുന്നതും ഈ പണം ഉപയോഗിച്ചാണ്; മാസത്തിന് 2 ശതമാനം പലിശയാണ് ഇത്തരം തുകയ്ക്ക് ഈടാക്കുക. "ഇപ്പോൾ ഈ കടം അടച്ചുതീർത്തില്ലെങ്കിൽ, പലിശ കുന്നുകൂടും.", താഡിമാരി ഗ്രാമത്തിൽ ഏകദേശം 16 ഏക്കർ ഭൂമി സ്വന്തമായുള്ള, കർഷകനായ ടി. ബ്രഹ്മാനന്ദ റെഡ്‌ഡി പറയുന്നു.
നോട്ടുനിരോധനം നിലവിൽ വന്ന് ഒരാഴ്ചയ്ക്കുശേഷം തന്റെ വിളവ് വിറ്റ റെഡ്‌ഡിക്ക്, മറ്റു ജില്ലകളിൽനിന്നുള്ള വ്യാപാരികൾ പകരം കൊടുത്തത് 500-ന്റെയും 1,000-ത്തിന്റെയും അസാധുവായ നോട്ടുകളാണ്. ആ പണം അദ്ദേഹം അക്കൗണ്ടിൽ നിക്ഷേപിച്ചെങ്കിലും, കടം തീർക്കാനും തൊഴിലാളികൾക്ക് വേതനം കൊടുക്കാനും വലിയൊരു തുക റെഡ്‌ഡിക്ക് ആവശ്യമുണ്ട്. എന്നാൽ താഡിമാരി മണ്ഡലിലെ മൂന്ന് ബാങ്കുകളിലും പുതിയ നോട്ടിന് വൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്.
വിളവെടുപ്പുകാലത്ത് ഒരു കർഷകത്തൊഴിലാളിക്ക് ദിവസേന 200 രൂപ വേതനമാണ് റെഡ്‌ഡിയും മറ്റ് കർഷകരും കൊടുക്കുന്നത്. ജോലിയുടെ സ്വഭാവവും തൊഴിലാളികളുടെ ലഭ്യതയും അനുസരിച്ച് ചിലപ്പോൾ അത് 450 രൂപവരെ ഉയരും.
ജോലിദിനങ്ങൾ കുറയുകയും സാധുവായ നോട്ടുകൾ ഏറെക്കുറെ അപ്രത്യക്ഷമാവുകയും ചെയ്ത ഇന്നത്തെ സാഹചര്യത്തിൽ തൊഴിലാളികൾ കടുത്ത ദുരിതത്തിലാണ്. "ഒരു മാസമായി ഞങ്ങൾക്ക് ശമ്പളം കിട്ടിയിട്ടില്ല", മറ്റൊരു ജോലിദിനം നഷ്ടപ്പെട്ടുനിൽക്കുന്ന, കർഷകത്തൊഴിലാളിയായ നാരായണ സ്വാമി പരാതിപ്പെടുന്നു.
"ചില സന്ദർഭങ്ങളിൽ മദ്യലഹരിയിൽ നിൽക്കുന്ന (നിസ്സഹായനായ) തൊഴിലാളികൾ ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ, മാനം പോകാതിരിക്കാൻ ഞങ്ങൾ 500-ന്റെയും 1,000-ത്തിന്റെയും നോട്ടുകൾ കൊടുക്കാറുണ്ട്", 22 ഏക്കർ ഭൂമി സ്വന്തമായുള്ള കർഷകൻ വി. സുധാകർ പറയുന്നു.
കർഷകത്തൊഴിലാളികളിൽ മിക്കവർക്കും ജോലിയന്വേഷണം മാറ്റിവെച്ച് ബാങ്കിൽ പോകാനോ അവിടെ നീണ്ട വരികളിൽ കാത്തുനിൽക്കാനോ ഉള്ള സാഹചര്യമില്ല. പലർക്കും സ്വന്തമായി ബാങ്ക് അക്കൗണ്ടുപോലുമില്ല. അതുകൊണ്ടുതന്നെ, അന്നന്നത്തെ വകയ്ക്കുള്ള ജോലി കണ്ടെത്താനാകാത്തവർ കൈവശമുള്ള 500-ന്റെയും 1,000-ത്തിന്റെയും പഴയ നോട്ടുകൾ എടുക്കുമെന്ന് ഉറപ്പുള്ള, അവർക്ക് പരിചിതമായ പ്രദേശത്തെ മദ്യവില്പനശാലകളിലേയ്ക്ക് പോകുന്നു.
"ശരീരവേദന (പാടങ്ങളിലെ കഠിനാധ്വാനം മൂലമുണ്ടാകുന്നത്) കുറയ്ക്കാൻ ഞങ്ങൾക്ക് കുടിക്കാതെ വഴിയില്ല", രാവിലെ 10 മണിക്കുതന്നെ സ്വല്പം മദ്യപിച്ചിരിക്കുന്ന സ്വാമി പറയുന്നു. പലപ്പോഴും കർഷകരും തൊഴിലാളികളുടെ ഈ ശീലത്തെ പ്രോത്സാഹിപ്പിക്കും - തങ്ങളുടെ ജോലി കൂടുതൽ കാര്യക്ഷമമായി നടത്തിയെടുക്കാനുള്ള തന്ത്രമായിട്ടാണ് അവർ അതിനെ കാണുന്നത്..
"വിളവെടുപ്പ് സീസൺ കഴിയുമ്പോൾ കൊടുക്കുന്ന ശമ്പളത്തിന് പുറമെ, ഞങ്ങൾ അവർക്ക് ദിവസേന 30 - 40 രൂപ കൊടുക്കും. അന്നത്തേയ്ക്ക് ആവശ്യമായ മദ്യം വാങ്ങാനുള്ള പണം.", സുധാകർ പറയുന്നു. ഒരു ദിവസത്തെ ജോലി കഴിയുമ്പോൾ കൂലി കിട്ടിയില്ലെങ്കിൽത്തന്നെ ഉടമയെ വിശ്വസിക്കാനും അടുത്ത ദിവസം രാവിലെ വീണ്ടും പണിയ്ക്ക് വരാനും കർഷകത്തൊഴിലാളികളെ പ്രേരിപ്പിക്കുന്നത് ഈയൊരു പരസ്പര ധാരണയാണ്.
നേരത്തെ, ജോലി തീർന്ന് വൈകുന്നേരങ്ങളിൽമാത്രം മദ്യപിച്ചിരുന്ന താഡിമാരിയിലെ തൊഴിലാളികൾ ഇന്ന് ജോലി കണ്ടത്താനാകാത്ത ദിവസങ്ങളിൽ പകൽനേരത്തും മദ്യം അന്വേഷിച്ചുനടക്കുകയാണ്. തങ്ങളുടെ കയ്യിൽ അവശേഷിച്ചിട്ടുള്ള പഴയ 500 രൂപ നോട്ടുകൾ അവർ അതിന് ഉപയോഗിക്കുകയും ചെയ്യുന്നു.
പരിഭാഷ: പ്രതിഭ ആർ .കെ .