അണുവിട പോലും പിഴവ് സംഭവിച്ചു കൂടാ.
തികഞ്ഞ ശ്രദ്ധയോടെയാണ് അമൻ തന്റെ കയ്യിലുള്ള നേർത്ത സൂചി കസ്റ്റമറുടെ ചെവിയിലേയ്ക്ക് സൂക്ഷ്മമായി ഇറക്കുന്നത്. സൂചിമുനയുടെ കൂർത്ത അറ്റം തട്ടി മുറിവ് പറ്റാതിരിക്കാനായി അതിൽ കുറച്ച് പഞ്ഞി ചുറ്റിയിട്ടുണ്ട്. തൊലിയിൽ പോറൽ വീഴാതെയും കർണ്ണപുടങ്ങൾക്ക് പരിക്ക് പറ്റാതെയും ശ്രദ്ധിച്ച്, ഏറെ സാവധാനത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. "ചെവിക്കായം മാത്രമേ നീക്കം ചെയ്യേണ്ടതുള്ളൂ," അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു.
പടർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു ആൽമരത്തിന്റെ തണലിലിരുന്നാണ് അമൻ പാരിയോട് സംസാരിക്കുന്നത്. തൊട്ടടുത്ത് തന്നെ ഒരു കറുത്ത സഞ്ചിയിൽ അദ്ദേഹത്തിന്റെ ഉപകരണങ്ങളുമുണ്ട്- ഒരു സിലായി (സൂചി പോലെയുള്ള ഉപകരണം), ചിമ്ടി (ചെറു ചവണ), പിന്നെ കുറച്ച് പഞ്ഞിയും. സഞ്ചിയിൽ പിന്നെയുള്ളത് ജടിബൂട്ടി (പച്ച മരുന്നുകൾ) ചേർത്ത് ഉണ്ടാക്കിയ, ഔഷധഗുണമുള്ള എണ്ണയാണ്. ചെവി വൃത്തിയാക്കാനായി തന്റെ കുടുംബം തയ്യാറാക്കിയ രഹസ്യക്കൂട്ടാണ് ആ എണ്ണയെന്ന് അമൻ പറയുന്നു.
"സിലായി സെ മെയ്ൽ ബാഹർ നികാൽതെ ഹേയ് ഓർ ചിമ്ടി സെ ഖീച് ലേതേ ഹേയ് (സിലായി ഉപയോഗിച്ച് ചെവിക്കായം ഇളക്കി മാറ്റുകയും ചവണ ഉപയോഗിച്ച് അത് ചെവിയുടെ കനാലിലൂടെ പുറത്തെടുക്കുകയുമാണ് ചെയ്യുന്നത്)." ചെവിയ്ക്കുള്ളിൽ മുഴ രൂപപ്പെട്ടിട്ടുള്ളവരിൽ മാത്രമേ ഔഷധ എണ്ണ ഉപയോഗിക്കാറുള്ളൂ. "ഞങ്ങൾ അണുബാധയ്ക്ക് ചികിത്സിക്കാറില്ല, ചെവിക്കായം നീക്കി ചെവിയിൽ അനുഭവപ്പെടുന്ന ചൊറിച്ചിൽ മാറ്റുക മാത്രമാണ് ചെയ്യുന്നത്." ചെവിയിലെ ചൊറിച്ചിൽ മാറ്റാൻ ആളുകൾ ശ്രദ്ധയില്ലാതെ ചെവി വൃത്തിയാക്കുമ്പോഴാണ് ചൊറിച്ചിൽ അണുബാധയായി മാറുകയും ചെവിക്ക് പരിക്ക് പറ്റുകയും ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
പതിനാറാം വയസ്സിലാണ് അമൻ പിതാവ് വിജയ് സിംഗിൽ നിന്ന് ചെവി വൃത്തിയാക്കുന്നത് എങ്ങനെയെന്ന് പഠിച്ചത്. ഹരിയാനയിലെ രേവാരി ജില്ലയിലുള്ള രാംപുരയിൽ നിന്നുള്ള തന്റെ കുടുംബത്തിന്റെ ഖാന്താനി കാം (കുലത്തൊഴിൽ) ആണ് ഈ ജോലിയെന്ന് അദ്ദേഹം പറയുന്നു. തന്റെ കുടുംബാംഗങ്ങളിലാണ് അമൻ പരിശീലനം തുടങ്ങിയത്. "ആദ്യത്തെ ആറു മാസം, സിലായിയും ചിമ്ടിയും ഉപയോഗിച്ച് കുടുംബാംഗങ്ങളുടെ ചെവി വൃത്തിയാക്കിയാണ് ഞങ്ങൾ പരിശീലിക്കുക. മുറിവോ വേദനയോ ഉണ്ടാക്കാതെ അത് ശരിയായി ചെയ്യാൻ സാധിച്ചാൽ, ഞങ്ങൾ വീടിന് പുറത്ത് ജോലിയ്ക്ക് പോകാൻ തുടങ്ങും," അദ്ദേഹം പറയുന്നു.
അമന്റെ കുടുംബത്തിൽ, ചെവി വൃത്തിയാക്കുന്ന ജോലി ചെയ്യുന്നവരുടെ മൂന്നാം തലമുറക്കാരനാണ് അദ്ദേഹം. സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് ചോദിക്കുമ്പോൾ, താൻ സ്കൂളിൽ പോയിട്ടേ ഇല്ലെന്നും താനൊരു അംഗൂട്ടാ ചാപ് (അക്ഷരാഭ്യാസമില്ലാത്തയാൾ) ആണെന്നും അദ്ദേഹം മറുപടി നൽകുന്നു. "പൈസ ബഡീ ചീസ് നഹി ഹേയ്. കിസീ കാ കാൻ ഖറാബ് നഹീ ഹോനാ ചാഹിയേ (പൈസ അത്ര വലിയ കാര്യമല്ല. ഞങ്ങൾ ജോലി ചെയ്യുന്നതിനിടെ ആരുടേയും ചെവിക്ക് പരിക്ക് പറ്റരുതെന്നതാണ് പ്രധാനം)," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കുടുംബാംഗങ്ങളിലെ പരിശീലനത്തിന് പിന്നാലെ ഹരിയാനയിലെ ഗുഡ്ഗാവിൽ കുറച്ച് കാലം ജോലി ചെയ്തതിന് ശേഷമാണ് അമൻ ഡൽഹിയിലേക്ക് താമസം മാറിയത്. ഒരിടയ്ക്ക്, ആളൊന്നിന്ന് 50 രൂപ നിരക്കിൽ, ദിവസേന 500-700 രൂപ താൻ സമ്പാദിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. "ഇപ്പോൾ എനിക്ക് ഒരു ദിവസം 200 രൂപ പോലും തികച്ച് ലഭിക്കാറില്ല."
ഡൽഹിയിലെ ഡോക്ടർ മുഖർജി നഗറിലുള്ള വീട്ടിൽ നിന്നിറങ്ങുന്ന അമൻ ഗതാഗതക്കുരുക്കിനിടയിലൂടെ നാല് കിലോമീറ്റർ നടന്ന് ഗ്രാൻഡ് ട്രങ്ക് റോഡിലുള്ള അംബാ സിനിമാസിനു മുന്നിലെത്തുന്നു. അവിടെ എത്തിക്കഴിഞ്ഞാൽ, ആൾക്കൂട്ടത്തിനിടയിൽ, പ്രത്യേകിച്ചും രാവിലത്തെ ഷോ കാണാൻ വന്നവർക്കിടയിൽ അദ്ദേഹം കസ്റ്റമേഴ്സിനെ തിരഞ്ഞ് തുടങ്ങും. തന്റെ ചുവന്ന തലപ്പാവ് , ചെവി വൃത്തിയാക്കുന്ന ജോലി ചെയ്യുന്നവരുടെ അടയാള ചിഹ്നമാണെന്ന് അമൻ പറയുന്നു. "ഞങ്ങൾ അത് ധരിച്ചില്ലെങ്കിൽ, ചെവി വൃത്തിയാക്കി കൊടുക്കുന്നയാൾ സമീപത്തുണ്ടെന്ന് ആൾക്കാർ എങ്ങനെയാണ് മനസ്സിലാക്കുക?"
അംബാ സിനിമാസിന് മുന്നിൽ ഒരു മണിക്കൂറോളം കാത്ത് നിന്നതിന് ശേഷം അമൻ, പത്ത് മിനിറ്റ് നടന്നാൽ എത്തുന്ന, ഡൽഹി സർവ്വകലാശാലയുടെ നോർത്ത് കാമ്പസിന് സമീപത്തുള്ള കമലാ നഗറിലേക്ക് നീങ്ങുന്നു. വിദ്യാർത്ഥികളും തിരക്കുള്ള കച്ചവടക്കാരും ആരെങ്കിലും ജോലിക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തുനിൽക്കുന്ന ദിവസക്കൂലിക്കാരുമെല്ലാം തിങ്ങിനിറയുന്നയിടമാണ് മാർക്കറ്റ്. ഓരോ വ്യക്തിയിലും ഒരു കസ്റ്റമറെ കാണുന്ന അമൻ ഓരോരുത്തരോടും ചോദിക്കുന്നു,"ഭയ്യാ, കാൻ സാഫ് കരേംഗേ ? ബസ് ദേഖ് ലേനേ ദീജിയേ (സഹോദരാ, നിങ്ങൾക്ക് ചെവി വൃത്തിയാക്കാൻ താല്പര്യമുണ്ടോ? എന്നെ ഒന്ന് പരിശോധിക്കാൻ അനുവദിച്ചാൽ മതി)."
എന്നാൽ എല്ലാവരും അദ്ദേഹത്തിന്റെ സേവനം വേണ്ടെന്ന് പറയുന്നു.
സമയം 12:45 ആകുകയും അംബാ സിനിമാസിൽ സെക്കൻഡ് ഷോയുടെ നേരമാകുകയും ചെയ്യുന്നതോടെ അവിടേയ്ക്ക് മടങ്ങാൻ അമൻ തീരുമാനിക്കുന്നു. അവിടെ വച്ചാണ് അദ്ദേഹത്തിന് ഒടുവിൽ ഒരു കസ്റ്റമറെ ലഭിക്കുന്നത്.
*****
കോവിഡ് മഹാമാരിയുടെ സമയത്ത് ജോലി തീരെ കുറഞ്ഞതോടെ അമൻ വെളുത്തുള്ളി വിൽക്കുന്ന ജോലിയിലേക്ക് തിരിഞ്ഞു. "ഇവിടെ നിന്ന് ഏറ്റവും അടുത്തുള്ള മണ്ഡിയിൽ (മൊത്തവ്യാപാരം നടക്കുന്ന അങ്ങാടി) രാവിലെ 7:30-യ്ക്ക് ചെന്ന് ഞാൻ വെളുത്തുള്ളി വാങ്ങിക്കും. 1000 രൂപയ്ക്കോ കിലോ ഒന്നിന് 35-40 രൂപ നിരക്കിലോ വാങ്ങുന്ന വെളുത്തുള്ളി പിന്നീട് കിലോ ഒന്നിന് 50 രൂപ നിരക്കിലാണ് വിൽക്കുക. ഇതിൽ നിന്ന് ദിവസേന 250-300 രൂപ മിച്ചം വയ്ക്കാൻ എനിക്ക് കഴിഞ്ഞിരുന്നു, " അദ്ദേഹം പറയുന്നു.
എന്നാൽ, വെളുത്തുള്ളി വിൽക്കുന്ന ജോലി ഏറെ കഠിനമായത് കൊണ്ടുതന്നെ, അതിലേയ്ക്ക് മടങ്ങാൻ അമന് ഇപ്പോൾ തീരെ താല്പര്യമില്ല. "എല്ലാ ദിവസവും രാവിലെ മണ്ഡിയിൽ പോയി വെളുത്തുള്ളി വാങ്ങി വീട്ടിലേയ്ക്ക് കൊണ്ടുവന്ന് അത് വൃത്തിയാക്കണം. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ മണി 8 കഴിയും." ചെവി വൃത്തിയാക്കുന്ന ജോലിയാകുമ്പോൾ അദ്ദേഹത്തിന് 6 മണിയാകുമ്പോഴേക്ക് വീട്ടിൽ മടങ്ങിയെത്താനാകും.
അഞ്ച് വർഷങ്ങൾക്ക് മുൻപ് അമൻ ഡൽഹിയിലേക്ക് താമസം മാറിയപ്പോൾ, ഡോക്ടർ മുഖർജി നഗറിലുള്ള ബന്ദാ ബഹാദൂർ മാർഗ് ഡിപ്പോയ്ക്ക് സമീപം 3500 രൂപ മാസവാടകയ്ക്ക് ഒരു വീട് എടുത്തിരുന്നു. 31 വയസ്സുള്ള ഭാര്യ ഹീന സിംഗിനും 10 വയസ്സിൽ താഴെ പ്രായമുള്ള മൂന്ന് ആൺമക്കൾക്കും-നേഗി, ദക്ഷ്, സുഹാൻ- ഒപ്പം ഇന്നും അതേ വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. അദ്ദേഹത്തിന്റെ മൂത്ത മക്കൾ സർക്കാർ സ്കൂളിൽ പഠിക്കുന്നു. അവർ ചെവി വൃത്തിയാക്കുന്ന ജോലി ചെയ്യാതെ പഠനത്തിന് ശേഷം സെയിൽസ്മാൻമാരായി ജോലി ചെയ്യണമെന്നാണ് ആ അച്ഛന്റെ ആഗ്രഹം. "ഇസ് കാം മെയ് കോയി വാല്യൂ നഹീ ഹേയ്. നാ ആദ്മി കീ, നാ കാം കീ. ഇൻകം ഭീ നഹീ ഹേയ് (ഈ ജോലിയ്ക്ക് യാതൊരു മൂല്യവുമില്ല. ജോലിക്കോ ജോലി ചെയ്യുന്നയാൾക്കോ യാതൊരു വിലയുമില്ല. ഇതിൽ നിന്ന് വരുമാനവും കുറവാണ്)."
"കമലാ നഗർ മാർക്കറ്റിന്റെ (ഡൽഹി) നിരത്തുകളിൽ സമൂഹത്തിന്റെ എല്ലാ തട്ടിൽ നിന്നുമുള്ള ആളുകളുമുണ്ടാകും. അവരോട് ചോദിക്കുമ്പോൾ (അവർക്ക് ചെവി വൃത്തിയാക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിക്കുമ്പോൾ) തങ്ങൾക്ക് കോവിഡ് ബാധിക്കും എന്നാണ് അവർ മറുപടി പറയുക. ആവശ്യമുണ്ടെങ്കിൽ തങ്ങൾ ഡോക്ടറുടെ അടുത്ത് പോകുമെന്നും അവർ പറയും," അമൻ പറയുന്നു.
"പിന്നെ ഞാൻ അവരോട് എന്താണ് പറയുക? 'എങ്കിൽ ശരി, നിങ്ങൾ ചെവി വൃത്തിയാക്കേണ്ട.' എന്ന് പറയും ഞാൻ."
*****
2022 ഡിസംബറിൽ, ഡൽഹിയിലെ അസാദ്പൂരിൽ വച്ച് അമനെ ഒരു ബൈക്ക് വന്നിടിച്ചു. അപകടത്തിൽ അദ്ദേഹത്തിന്റെ മുഖത്തിനും കൈകൾക്കുമാണ് പരിക്ക് പറ്റിയത്. വലതു കയ്യിലെ പെരുവിരലിന് ഗുരുതരമായി പരിക്കേറ്റതോടെ ചെവി വൃത്തിയാക്കുന്ന ജോലി ചെയ്യുന്നത് ഏറെ ദുഷ്ക്കരമായി.
ഭാഗ്യവശാൽ, ചികിത്സയുടെ ഫലമായി അമന്റെ പരിക്കുകൾ ഭേദപ്പെട്ടിട്ടുണ്ട്. ചെവി വൃത്തിയാക്കുന്ന ജോലി തുടരുന്നുണ്ടെങ്കിലും മെച്ചപ്പെട്ട സ്ഥിരവരുമാനത്തിനായി ഡൽഹിയിൽ നടക്കുന്ന ചടങ്ങുകളിൽ ധോൽ വായിക്കുന്ന ജോലിയും അദ്ദേഹം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഒരു സെഷന് 500 രൂപയാണ് അദ്ദേഹം ഈടാക്കാറുള്ളത്. അമൻ-ഹീന ദമ്പതിമാർക്ക് ഒരു മാസം മുൻപ് ഒരു പെൺകുഞ്ഞ് കൂടി ജനിച്ചു. അതുകൊണ്ടു തന്നെ, ഇനിയങ്ങോട്ട് കുടുംബത്തെ സംരക്ഷിക്കാൻ കൂടുതൽ ജോലി കണ്ടെത്തേണ്ടി വരുമെന്ന് അമൻ പറയുന്നു.
പരിഭാഷ: പ്രതിഭ ആർ. കെ .