നാലുവർഷം മുമ്പ് വിജയ ഫർത്താഡെ അമ്മൂമ്മയായി. 34 വയസ്സേ ഉള്ളു അവൾക്ക്. “14 വയസ്സിൽ ഞാൻ വിവാഹിതയായി” മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അർവി ഗ്രാമത്തിലെ തന്റെ തകരം മേഞ്ഞ കുടിലിന്റെ മുമ്പിലുള്ള കൽത്തിണ്ടിൽ ഇരുന്ന് അവർ പറയുന്നു. ബണ്ടുവിന് അപ്പോൾ പതിനെട്ട് കഴിഞ്ഞിരുന്നില്ല. “രണ്ട് കൊല്ലം കൂടി കാക്കാൻ ഞാൻ അച്ഛനമ്മമാരോട് പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു, ഇതാണ് നല്ല സമയമെന്ന്. എന്റെ കൂട്ടുകാരൊക്കെ ഈ പ്രായത്തിൽ കല്യാണം കഴിഞ്ഞിരുന്നു. അപ്പോൾ എനിക്കും തോന്നി, ‘ഇവർ പറയുന്നത് ശരിയായിരിക്കും’”, വിജയ പറയുന്നു.

വിവാഹം കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ അവൾ അമ്മയായി. അടുത്ത അഞ്ച് കൊല്ലത്തിനുള്ളിൽ, കൌമാരം കഴിയുന്നതിന് മുന്നേ, അവൾക്ക് രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയും ജനിച്ചു. ആറ് വർഷം മുമ്പ്, അന്ന് 13 വയസ്സുണ്ടായിരുന്ന അവളുടെ മൂത്ത മകൾ സ്വാതി വിവാഹിതയായി. നാലുവർഷം കഴിഞ്ഞ് രണ്ടാമത്തെ മകൾ ശീതൾ 15-ആം വയസ്സിൽ കല്യാണം കഴിച്ചു. ഇന്ന് സ്വാതിക്ക് നാല് വയസ്സുള്ള മകളും, ശീതളിന് ഒരു വയസ്സുള്ള മകനും ഉണ്ട്.

ഫർത്താഡെ കുടുംബത്തിലേതുപോലുള്ള ബാല്യവിവാഹങ്ങൾ മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിൽ സാധാരണമാണ്. ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ (നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ - എൻ.എഫ്.എച്ച്.എസ്) 2015-16 സ്ഥിതിവിവരക്കണക്കനുസരിച്ച്, ഗ്രാമത്തിലെ 20-24 വയസ്സിനിടയിലുള്ള മൂന്നിൽ ഒരുഭാഗം പെൺകുട്ടികൾ 18 വയസ്സ് തികയുന്നതിനുമുൻപ് വിവാഹിതകളാവുന്നുണ്ട്.  സർവ്വേ നടക്കുന്ന സമയത്ത്, മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശത്തുള്ള 15-19 വയസ്സിനിടയിലുള്ള 10.4 ശതമാനം പെൺകുട്ടികൾ അമ്മമാരോ ഗർഭിണികളോ ആയിക്കഴിഞ്ഞിരുന്നു.

സ്ത്രീകളുടെ വിവാഹപ്രായം 18-ഉം പുരുഷന്മാരുടേത് 21-ഉം ആവണമെന്ന് ഇന്ത്യയിൽ നിയമമുണ്ട്. ബാല്യവിവാഹങ്ങൾ നിയമവിരുദ്ധവുമാണ്. ഇതെല്ലാമറിയുമ്പോഴും കാർഷികവരുമാനം വളരെക്കുറവും, കുടിയേറ്റം സാധാരണവുമായ ബീഡ് ജില്ലയിലെ ഗ്രാമങ്ങളിൽ ഇതൊന്നും ബാധകമാവാറില്ല. ബീഡിൽ, 20-24 വയസ്സിനിടയിലുള്ള 51.3 ശതമാനം സ്ത്രീകൾ 18 തികയുന്നതിനുമുൻപ് വിവാഹിതരാവുന്നുണ്ടെന്നും, 15-19 വയസ്സിനിടയിലുള്ള 18.2 ശതമാനം പെൺകുട്ടികൾ സർവ്വേ നടക്കുന്ന സമയത്ത് അമ്മമാരോ ഗർഭിണികളോ ആയിട്ടുണ്ടെന്നും എൻ.എഫ്.എച്ച്.എസ് ചൂണ്ടിക്കാട്ടി.

കുടിയേറ്റം പലപ്പോഴും മറാത്ത്‌വാഡ പ്രദേശങ്ങളിൽ ചെറുപ്രായത്തിലുള്ള വിവാഹങ്ങൾ നിർബന്ധിതമാക്കുന്നു. ട്രേഡ് യൂണിയൻ കണക്കുകളനുസരിച്ച്, കൊയ്ത്തുകാലത്ത്, 300,000 കർഷകരും തൊഴിലാളികളും ബീഡിൽനിന്ന് പുറത്തേക്ക് പോവുന്നുണ്ട്. പടിഞ്ഞാറൻ മഹാരാഷ്ട്രയുടെ കോലാപ്പുർ, സാംഗ്ലി, സത്താര ജില്ലകളിലേക്കും, കർണ്ണാടകയുടെ ബെൽഗാം ജില്ലയിലേക്കും കരിമ്പുവെട്ടുന്ന പണിക്കാണ് അവർ പോവുന്നത്. (ഈ കഥ വായിക്കുക).

വർഷങ്ങളായി വർദ്ധിച്ചുവരുന്ന ഉത്പാദനച്ചിലവും, തക്കതായ പ്രതിഫലത്തിന്റെ ഏതാണ്ട് പൂർണ്ണമായ അഭാവവും മൂലം മറാത്ത്‌വാഡയിൽനിന്നുള്ള കാലാനുസൃതമായ കുടിയേറ്റം വർദ്ധിക്കുകയാണ്. ഒട്ടുമിക്ക വിളകളിലുമുള്ള നിക്ഷേപവും പ്രതിഫലവും തമ്മിൽ യാതൊരു പൊരുത്തവുമില്ലെന്ന് കമ്മീഷൻ ഫോർ ആഗ്രിക്കൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് പുറത്തിറക്കിയ ഖാരിഫ് വിളകളുടെ വിലനയം (2017-18) എന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കുടുംബങ്ങൾ തൊഴിലിനായി കുടിയേറ്റം നടത്തുമ്പോൾ പെൺകുട്ടികളെ സംരക്ഷിക്കുന്നത് ഒരു വലിയ വിഷയമാവുന്നുണ്ടെന്ന് അഹമ്മദ്നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസപ്രവർത്തക ഹീരാംഭ് കുൽക്കർണി പറയുന്നു. “കുടിയേറ്റം നടത്തുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം കൌമാരപ്രായമാവുന്ന പെൺകുട്ടികളുടെ സുരക്ഷ ഒരു വലിയ തലവേദനയാണ്. അതുകൊണ്ട് അവരെ വേഗം കല്യാണം കഴിച്ചുകൊടുക്കുകയും ഉത്തരവാദിത്തം നിറവേറ്റിയതായി അവർ ആശ്വസിക്കുകയും ചെയ്യുന്നു”.

A woman in a field with a young girl
PHOTO • Parth M.N.

വിജയയും പേരക്കുട്ടി ജ്ഞാനേശ്വരിയും: മാമൂലുകൾ ഭേദിക്കുന്നു

ബീഡിലെ ശിരൂർ താലൂക്കിലെ ശിരാപുർ ഗ്രാമത്തിൽ വിജയയുടെ രക്ഷിതാക്കൾക്ക് രണ്ടേക്കർ കൃഷിഭൂമിയുണ്ട്. അവർ കുട്ടിയായിരുന്നപ്പോൾ, കുടുംബം എല്ലാ വർഷവും അഞ്ച് മാസത്തോളം – നവംബർ മുതൽ മാർച്ചുവരെ – കരിമ്പുവെട്ടുന്ന പണിക്കായി കുടിയേറ്റം നടത്താറുണ്ടായിരുന്നു (ഇപ്പോഴും അവർ അത് ചെയ്യുന്നുണ്ട്). “ഞങ്ങൾ പരുത്തി കൃഷി ചെയ്തിരുന്നു. പക്ഷേ അധികം ഭൂമിയില്ലാത്തതിനാൽ മറ്റെന്തെങ്കിലുമൊരു ഉപജീവനമാർഗ്ഗം നോക്കേണ്ടിവന്നു”, വിജയ പറയുന്നു. അവർക്ക് സഹോദരിമാരൊന്നുമില്ല. “കുടിയേറ്റ ജീവിതത്തെക്കുറിച്ച് എനിക്ക് അവ്യക്തമായ ഓർമ്മകളുണ്ട്. അച്ഛനുമമ്മയും കരിമ്പ് വെട്ടാൻ പാടത്ത് പോവും. താത്ക്കാലികമായി കെട്ടിപ്പൊക്കിയ കുടിലിൽ ഞാൻ ഇരിക്കും”, അവർ ഓർമ്മിച്ചു. (ആ കഥ ഇവിടെ വായിക്കാം)

കൌമാരപ്രായത്തിലേക്ക് കടക്കുന്ന ഒരു പെൺകുട്ടി വിവാഹിതയാവുമ്പോൾ നിയമം തെറ്റിക്കുക മാത്രമല്ല സംഭവിക്കുന്നത്. ആരോഗ്യത്തെയും അത് പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യയിലെ കൌമാരക്കാരികളായ അമ്മമാരുടെയിടയിലെ മാതൃമരണങ്ങളും, കുട്ടികളിലെ പോഷകാഹാരക്കുറവുമൊക്കെ ഇതിന്റെ അനന്തരഫലങ്ങളാണെന്ന് പല റിപ്പോർട്ടുകളും ആവർത്തിച്ചാവർത്തിച്ച് തെളിയിക്കുന്നു. അതിനുപുറമേ, ഗർഭം അലസിപ്പോവലും, ചാപിള്ളകളെ പ്രസവിക്കലും, ശിശുക്കളുടെ ഭാരക്കുറവുമൊക്കെ, ഇത്തരം ചെറുപ്രായത്തിലുള്ള ഗർഭധാരണത്തിന്റെ മാരകമായ മറ്റ് പ്രത്യാഘാതങ്ങളാണ്

20-24 വയസ്സിനിടയിലുള്ള സ്ത്രീകളേക്കാൾ, അഞ്ചിരട്ടിയാണ്, ഗർഭധാരണകാലത്തും പ്രസവസമയത്തും മരിക്കാൻ സാധ്യതകളുള്ള 10-14 വയസ്സിനിടയിലുള്ളവരുടെ എണ്ണമെന്ന് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന്റെ (ബാലാവകാശസംരക്ഷത്തിനായുള്ള ദേശീയസമിതി) എ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് ഓഫ് ചൈൽഡ് മാര്യേജ് ഇൻ ഇന്ത്യ ബേസ്ഡ് ഓൺ സെൻസസ് 2011 (2011-ലെ സെൻസസിനെ ആധാരമാക്കിയുള്ള ഇന്ത്യയിലെ ബാല്യവിവാഹത്തെക്കുറിച്ചുള്ള സ്ഥിതിവിവരാവലോകനം) എന്ന റിപ്പോർട്ട് പറയുന്നു

കൌമാരക്കാരികളായ അമ്മമാരുടെ പോഷകാഹാരക്കുറവും പോഷകാഹാരയില്ലായ്മയും ബാല്യവിവാഹവും പ്രസവവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇവ, മാതൃമരണത്തിലേക്കും ശിശുക്കളുടെ ഭാരക്കുറവിലേക്കും പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളിലേക്കും സമയത്തിന് മുമ്പുള്ള പ്രസവത്തിലേക്കും നയിക്കുന്നുവെന്നും” റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ബാല്യവിവാഹവും ഗാർഹികപീഡനവും തമ്മിലുള്ള ബന്ധത്തിലേക്കാണ് മറ്റ് ചിലർ വിരൽ ചൂണ്ടുന്നത്. “ബാലികാവധുക്കൾക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. മാത്രമല്ല, അതൊക്കെ സഹിക്കാൻ അവരോട് ആവശ്യപ്പെടുന്നതുമൂലം ഒരിക്കലും അവർക്കൊരിക്കലും തലയുയർത്തി നിൽക്കാനും സാധിക്കുന്നില്ല. മാത്രമല്ല, അഭിമാനമോർത്തും, അറിവില്ലായ്മ കൊണ്ടും ഭൂരിപക്ഷം കുടുംബങ്ങളും പീഡനം കഴിയുന്നതും മറച്ചുവെക്കുകയേ ഉള്ളൂ” എന്ന് പുണെ ആസ്ഥാനമായ ബാലാവകാശപ്രവർത്തക രാമ സാരോദ് പറയുന്നു. “ചെറുപ്രായത്തിലുള്ള വിവാഹം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് അറുതിവരുത്തുകയും സാമ്പത്തികമായ ആശ്രിതത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ചാക്രികമായ ഒരു പ്രക്രിയയാണ്”. അവർ പറയുന്നു.

10 വർഷമോ കൂടുതലോ സ്കൂളിൽ പഠിച്ചിട്ടുള്ള മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലെ പെൺകുട്ടികൾ 32.6 ശതമാനമാണ്. ബീഡിലാകട്ടെ, അത് വെറും 31 ശതമാനവും. എൻ.എഫ്.എച്ച്.എസ്സിന്റെ കണക്കാണ്.

രണ്ടാം ക്ലാസ്സുവരെ മാത്രമാണ് വിജയ പഠിച്ചിട്ടുള്ളത്. ഗ്രാമത്തിലെ സ്കൂളിൽ. “ഞാൻ വളരുമ്പോൾ എന്റെ രക്ഷിതാക്കൾക്ക് എന്റെ സുരക്ഷയെക്കുറിച്ചായിരുന്നു ആശങ്ക. അവർ ഒരാളെ കണ്ടുപിടിക്കുകയും അങ്ങിനെ ഞാൻ വിവാഹിതയാവുകയും ചെയ്തു”. അവർ പറയുന്നു. അവരുടെ ഭർത്താവ് ബണ്ടുവിന്റെ കുടുംബം അർവിയിലാണ് താമസിക്കുന്നത്. വിജയയുടെ ഗ്രാമത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ. ഭാഗം കിട്ടിയ രണ്ടേക്കറിൽ അവർ പരുത്തി കൃഷി ചെയ്യുന്നു. “ഒരു സീസൺ മുഴുവൻ (6 മുതൽ 8 മാസം വരെ) അദ്ധ്വാനിച്ചാൽ എട്ട് ക്വിന്റൽ വിളവെടുക്കാം”, അവർ പറയുന്നു. അതിൽനിന്ന് 22,000 രൂപ ലാഭിക്കാനാവും. “പക്ഷേ കരിമ്പ് വെട്ടാൻ പോയാൽ കരാറുകാരൻ 50,000 മുൻ‌കൂർ ഞങ്ങൾക്ക് തരും. അഞ്ച് മാസം അദ്ധ്വാനിക്കേണ്ടിവന്നാലെന്താ, അതൊരു വലിയ സംഖ്യയാണ്”, വിജയ കൂട്ടിച്ചേർത്തു.

കരിമ്പ് കരാറുകാർ വിവാഹിതരായവരെ മാത്രമേ ജോലിക്കെടുക്കാറുള്ളു എന്നതിനാൽ, ഒരാൺകുട്ടിയും പെൺകുട്ടിയും വിവാഹിതരായാൽ, കരിമ്പുവെട്ടാൻ ഒരു കുടുംബം കൂടി തയ്യാറായി എന്നാണർത്ഥം. കുടുംബത്തിനാകട്ടെ, ഒരു വരുമാനമാർഗ്ഗവുമായി

വീഡിയോ കാണൂ: ബാല്യവിവാഹങ്ങളെക്കുറിച്ച് വിജയ പറയുന്നു. ഇനിയെങ്കിലും കുടുംബങ്ങൾ അതിൽനിന്ന് മാറിച്ചിന്തിക്കുമെന്ന പ്രതീക്ഷയിൽ

കരിമ്പ് കരാറുകാർ വിവാഹിതരായവരെ മാത്രമേ ജോലിക്കെടുക്കാറുള്ളു എന്നതിനാൽ, ഒരാൺകുട്ടിയും പെൺകുട്ടിയും വിവാഹിതരായാൽ, കരിമ്പുവെട്ടാൻ ഒരു കുടുംബം കൂടി തയ്യാറായി എന്നാണർത്ഥം. കുടുംബത്തിനാകട്ടെ, ഒരു വരുമാനമാർഗ്ഗവുമായി. വിവാഹം കഴിഞ്ഞതിനുശേഷം വിജയയും ബണ്ടുവും എല്ലാ വർഷവും കരിമ്പ് വെട്ടാൻ പോകുന്നുണ്ട്. “ഞങ്ങളുടെ പെണ്മക്കൾ വളരാൻ തുടങ്ങിയപ്പോൾ, ഞങ്ങളുടെ രക്ഷിതാക്കളുടെ അതേ ആശങ്കകൾ ഞങ്ങൾക്കുമുണ്ടായി. അതുകൊണ്ട് അവരുടെ തെറ്റ് ഞങ്ങളും ആവർത്തിച്ചു” വിജയ പറയുന്നു. “ഇത്ര ചെറിയ വരുമാനം‌കൊണ്ട് എങ്ങിനെ അവരെ പോറ്റാനാവും എന്ന് ഞങ്ങൾക്ക് ആധിയായി. അതുകൊണ്ട് അവരെ കല്യാണം കഴിച്ചയയ്ക്കാൻ ഞങ്ങളും തീരുമാനിച്ചു”.

പിന്നീട് സ്വാതിയും ഭർത്താവിനോടൊപ്പം കരിമ്പ് വെട്ടാൻ കുടിയേറി. പക്ഷേ അവർക്ക് ഒരേയൊരു തവണ മാത്രമേ അതിന് സാധിച്ചുള്ളു. കല്യാണം കഴിഞ്ഞ് രണ്ട് വർഷത്തിനുള്ളിൽ അവളുടെ ഭർത്താവ് കിഷോർ അയാളുടെ ഗ്രാമമായ ചിഖാലിയിൽ‌വെച്ച് നടന്ന ഒരു ബൈക്കപകടത്തിൽ മരിച്ചു. ബീഡിലെത്തന്നെ പട്ടോഡ് താലൂക്കിൽ‌പ്പെട്ട ഒരു ഗ്രാമമാണ് അത്. സ്വാതി അപ്പോൾ ഏഴുമാസം ഗർഭിണിയായിരുന്നു. “ജ്ഞാനേശ്വരിയെ പ്രസവിച്ചതിനുശേഷം അവളുടെ ഭർത്താവിന്റെ അച്ഛനമ്മമാർ അവളെ സ്വീകരിക്കാൻ വിസമ്മതിച്ചു“ വിജയ പറയുന്നു. അങ്ങിനെ അവൾ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നു.

ശാന്തിവനം എന്ന പേരിൽ അർവി ഗ്രാമത്തിൽ ഒരു സന്നദ്ധസംഘടന നടത്തുന്ന ദീപക്ക് നാഗർജോഗെ സ്വാതിയേയും കുടുംബത്തിനേയും ആ ദുരന്തത്തിൽനിന്ന് കരകയറ്റുന്നതിനുവേണ്ടി മുന്നോട്ടുവന്നു. പുണെയിൽ ഒരു നഴ്സ് പരിശീലനത്തിന് ചേരാൻ സ്വാതിക്ക് അവർ സാമ്പത്തികസഹായം നൽകി. ജ്ഞാനേശ്വരിയുടെ ചുമതല ഏറ്റെടുത്തുകൊണ്ട് വിജയയും ബണ്ടുവും മുന്നോട്ട് വന്നു. അർവിയിലെ ശാന്തിവനത്തിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന 15 വയസ്സുള്ള സ്വന്തം മകൻ രാമേശ്വറിനോടൊപ്പം മകളുടെ കുട്ടിയേയും നോക്കി വളർത്തുകയാണ് വിജയയും ബണ്ടുവും.

കുട്ടികളെ വളർത്തുന്നതിനുവേണ്ടി വിജയയും ബണ്ടുവും ഇപ്പോൾ നാട്ടിൽത്തന്നെ കിട്ടുന്ന പണികളും ചെയ്ത് കഴിഞ്ഞുകൂടുകയാണ്. അവരിപ്പോൾ വിളവുകാലത്ത് കരിമ്പ് വെട്ടാൻ പോകാറില്ല. നിർമ്മാണത്തൊഴിലാളിയായ ഭർത്താവിന്റെ കൂടെ ബീഡ് പട്ടണത്തിൽത്തന്നെ വിജയയുടെ ഇളയമകൾ ശീതളും ജീവിക്കുന്നു.

ചുറ്റുമുള്ള ഗ്രാമങ്ങളിൽന്നിനുള്ള ഉപേക്ഷിക്കപ്പെട്ടവരും പീഡനം അനുഭവിച്ചവരുമായ നിരവധി ബാലികാവധുക്കളെ കഴിഞ്ഞ 15 വർഷത്തിനുള്ളിൽ തനിക്ക് സഹായിക്കാനായിട്ടുണ്ടെന്ന് നാഗർജോഗെ പറഞ്ഞു. “ധാരാളം ബാല്യവിവാഹങ്ങൾ നടക്കുന്നുണ്ട്. പക്ഷേ കുടുംബം ആവശ്യപ്പെടാത്ത പക്ഷം സഹായിക്കാൻ നമുക്കാവില്ല. രഹസ്യമായിട്ടാണ് അവയെല്ലാം നടക്കുന്നത്”, അയാൾ പറഞ്ഞു.

തൊഴിലന്വേഷിച്ച് പോവുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഗ്രാമത്തിൽത്തന്നെ താമസിച്ച് പഠിക്കാനുള്ള സൌകര്യത്തിനായി, ഗ്രാമത്തിലെ പല വിദ്യാലയങ്ങളേയും വിവിധ സന്നദ്ധസംഘടനകൾ റസിഡൻഷ്യൽ സ്കൂളുകളാക്കി മാറ്റിയെടുത്തിട്ടുണ്ട്. പക്ഷേ എണ്ണം കുറവും സൌകര്യങ്ങൾ പരിതാപകരവുമായതിനാൽ പെണ്മക്കളെ അവിടെയാക്കി പോകാൻ പല രക്ഷിതാക്കളും മടിക്കുന്നു.

പഠനകാലത്ത് ഹോസ്റ്റലിൽ താമസിക്കുന്നതിനായി, ഹംഗാമി വസ്തിഗൃഹ് യോജന എന്ന പദ്ധതിയുടെ കീഴിൽ സംസ്ഥാന സർക്കാർ ഓരോ കുട്ടിക്കും 1,416 രൂപ സഹായധനം നൽകുന്നുണ്ടെന്ന് നൂതൻ മഗധെ പറഞ്ഞു. സർവ്വ ശിക്ഷാ അഭിയാൻ എന്ന സർക്കാർ സംവിധാനം  നടപ്പാക്കുന്ന “സാർവ്വത്രിക വിദ്യാഭ്യാസം’ എന്ന പദ്ധതിയുടെ പ്രവർത്തകയായ നൂതൻ മഗധെ പുണെ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ആ പദ്ധതിപ്രകാരം കുട്ടിയുടെ താമസത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നില്ല. പകരം, മുത്തച്ഛന്മാരുടേയും മുത്തശ്ശിമാരുടേയും കൂടെ ഗ്രാമത്തിൽത്തന്നെ താമസിക്കുന്ന കുട്ടികളുടെ ഭക്ഷണത്തിന്റേയും മറ്റും ചിലവുകൾ സംസ്ഥാനത്തിലെ എയ്‌ഡഡ് സ്കൂൾ കമ്മിറ്റികളെ ഏൽ‌പ്പിക്കുകയാണ് ചെയ്യുന്നത് ( ഇവിടെ വായിക്കാം).

അർവിയിൽ ഞാൻ സംസാരിച്ച രക്ഷിതാക്കളെല്ലാം ഒന്നുകിൽ സ്കൂളിൽ പഠിക്കാത്തവരോ, അതല്ലെങ്കിൽ കുറച്ച് മാത്രം പഠിച്ചവരോ ആയിരുന്നു. അവരുടെ പെണ്മക്കൾക്കും ചെറിയ പ്രായത്തിൽത്തന്നെ സ്കൂൾ ഉപേക്ഷിക്കേണ്ടിവന്നു. അവരിൽ, വിജയയൊഴിച്ച് മറ്റാരും ക്യാമറയെ അഭിമുഖീകരിക്കാനോ സംഭാഷണം പകർത്താനോ മുന്നോട്ട് വന്നില്ല. ബാല്യവിവാഹം നിയമവിരുദ്ധമാണെന്ന് ഒരുപക്ഷേ അവർക്കറിയാമായിരിക്കാം. പക്ഷേ വിജയ സൂചിപ്പിച്ച അതേ ധർമ്മസങ്കടം അവരെല്ലാവരും ഒരുപോലെ ആവർത്തിച്ചു.

പക്ഷേ വിജയയ്ക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ താത്പര്യമുണ്ട്. അങ്ങിനെയെങ്കിലും ഇനി മുതൽ അവളുടേതുപോലുള്ള കുടുംബങ്ങൾ ഇതിനെ ഭേദിച്ച് പുറത്തുവരുമെന്ന് അവൾ പ്രതീക്ഷിക്കുന്നു. “ഞങ്ങളുടെ പെൺകുട്ടികളെ പഠിപ്പിക്കാനുള്ള പൈസ കൈയ്യിലുണ്ടായിരുന്നില്ല, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഞങ്ങൾക്ക് അറിയുമായിരുന്നില്ല. എന്തായാലും ഞങ്ങൾക്ക് സംഭവിച്ചത് അവൾക്ക് അനുഭവിക്കേണ്ടിവരില്ല,” തന്റെ മടിയിലിരിക്കുന്ന ജ്ഞാനേശ്വരിയെ നോക്കിക്കൊണ്ട് അവർ പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

पार्थ एम एन हे पारीचे २०१७ चे फेलो आहेत. ते अनेक ऑनलाइन वृत्तवाहिन्या व वेबसाइट्ससाठी वार्तांकन करणारे मुक्त पत्रकार आहेत. क्रिकेट आणि प्रवास या दोन्हींची त्यांना आवड आहे.

यांचे इतर लिखाण Parth M.N.
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat