ഓരോ തവണ തന്‍റെ കൃഷിസ്ഥലത്തേക്ക് പോവുമ്പോഴും അയാൾക്ക് അന്താരാഷ്ട്ര അതിർത്തി കടക്കേണ്ടിവരുന്നു. അതിനുമുൻപ് വിശദമായ സുരക്ഷാപരിശോധനകളും നടപടിക്രമങ്ങളും പാലിക്കുകയും വേണം. തന്‍റെ തിരിച്ചറിയൽ കാർഡ് (വോട്ടർ കാർഡാണ് അയാൾ കൈയ്യിൽ വെക്കുന്നത്) അവിടെ കൊടുത്ത്, രജിസ്റ്ററിൽ ഒപ്പിട്ട്, ദേഹപരിശോധനയ്ക്ക് വ്ധേയനാവണം. കൊണ്ടുപോകുന്ന പണിസാമഗ്രികൾ പരിശോധിപ്പിക്കണം. തന്നെ അനുഗമിക്കുന്ന പശുക്കളുടെ ഫോട്ടോകൾപോലും കൈയ്യിൽ കരുതണം.
“രണ്ട് പശുക്കളിൽക്കൂടുതൽ ഒരു സമയത്ത് അനുവദിക്കില്ല” അനറുൽ പറയുന്നു. തിരിച്ചുവരുമ്പോഴും വീണ്ടും ഒപ്പിടണം. അപ്പോഴേ രേഖകൾ തിരിച്ചുതരൂ. തിരിച്ചറിയൽ രേഖയില്ലെങ്കിൽ പോകാൻ അനുവദിക്കില്ല”
അനറുൽ ഇസ്ലാം –ബാബുൽ എന്ന പേരിലാണ് എല്ലാവരും അയാളെ അറിയുക- മേഘാലയയിലെ സൌത്ത് വെസ്റ്റ് ഗാരോ ഹിൽ ജില്ലയിലെ ബാഗിച്ച് ഗ്രാമത്തിലാണ് തന്‍റെ കുടുംബത്തോടൊപ്പം താമസിക്കുന്നത്. സംസ്ഥാനത്തിന്‍റെ മൊത്തം അതിർത്തിയിലെ 443 കിലോമീറ്ററുകൾ ബംഗ്ലാദേശുമായിട്ടാണ് പങ്കിടുന്നത്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിലുള്ള 4,140 കിലോമീറ്റർ അന്താരാഷ്ട്രാതിർത്തിയിലെ അഞ്ചാമത്തെ ഏറ്റവും വലിയ അതിർത്തിയാണ് ഇന്ത്യയ്ക്കും മേഘാലയയ്ക്കുമിടയിലുള്ളത്. പിണച്ചുവെച്ച കമ്പികളും കോൺക്രീറ്റും ഉപയോഗിച്ച് നിർമ്മിച്ച അതിർത്തിയാണത്.
കുടിയേറ്റമെന്നത്, നൂറ്റാണ്ടുകളായി ആ പ്രദേശത്തിന്‍റെ സമ്പത്തിന്‍റെയും ഗ്രാമജീവിതത്തിന്‍റെയും ഭാഗമായിരുന്നുവെങ്കിലും 1980--കളിലാണ് വേലി കെട്ടാൻ തുടങ്ങിയത്. ഉപഭൂഖണ്ഡത്തിന്‍റെ വിഭജനവും, ബംഗ്ലാദേശിന്‍റെ സൃഷ്ടിയും ഈ ദേശാന്തരഗമനത്തെ അവസാനിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർപ്രകാരം, അതിർത്തിയോട് ചേർന്ന് 150 വാര ഭൂമി ബഫർ സോൺ (ഇടഭൂമി) എന്ന മട്ടിൽ നിലനിർത്തി.
47 വയസ്സായ അനറുൽ ഇസ്ലാമിന് പൈതൃകമായി കൈമാറിക്കിട്ടിയത് ഈ അവസ്ഥയാണ്. ഏഴ് വയസ്സുള്ളപ്പോൾ സ്കൂൾ പഠനം നിർത്തി അച്ഛന്‍റെ കൂടെ കൃഷിപ്പണിക്കിറങ്ങിയതാണ്. മൂന്ന് സഹോദരന്മാരും അവരവർക്ക് ഭാഗത്തിൽ കിട്ടിയ സ്ഥലം കൃഷി ചെയ്യുകയോ പാട്ടത്തിന് കൊടുക്കുകയോ ചെയ്യുന്നു. നാല് സഹോദരിമാരുണ്ട് അനറുലിന്. അവർ വീട്ടമ്മമാരാണ്.
കൃഷിയെക്കൂടാതെ, പലിശക്കാരനായും നിർമ്മാണത്തൊഴിലാളിയായും ഇടയ്ക്ക് ഉപജീവനം കണ്ടെത്താറുണ്ട് അനറുൽ. എന്നാലും, അയാളുടെ വൈകാരികമായ അടുപ്പം കൃഷിസ്ഥലത്തോടാണ്. “ഇത് എന്‍റെ അച്ഛന്‍റെ സ്ഥലമാണ്. കുട്ടിക്കാലം മുതലേ ഞാൻ ഇവിടെ വരാറുണ്ട്. എനിക്ക് വേണ്ടപ്പെട്ട സ്ഥലമാണിത്. ഇവിടെ കൃഷി ചെയ്യുമ്പോൾ എനിക്ക് സുഖം തോന്നുന്നു” അനറുൽ പറഞ്ഞു.
അതിർത്തിയോട് ചേർന്ന് ഏഴ് ബിഗ (2.5 ഏക്കർ) സ്ഥലമാണ് അയാൾക്കുള്ളത്. പക്ഷേ അതിർത്തിയുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ ആ ബഫർ സോണുകളിലേക്ക് പോകാൻ ധാരാളം തടസ്സങ്ങൾ സൃഷ്ടിച്ചതിനാൽ, ചില കർഷകരൊക്കെ കാലക്രമത്തിൽ കൃഷി ഉപേക്ഷിക്കുകയായിരുന്നു. അതിർത്തിയിലെ ഗേറ്റിനടുത്തായതുകൊണ്ട് വൈകാരികമായ ഒരു ബന്ധത്താലും അനറുൽ പക്ഷേ ഇപ്പോഴും കൃഷി നടത്തുന്നു. “എന്‍റെ പൂർവ്വികന്മാരെല്ലാം ഈ അതിർത്തിയിലാണ് ജീവിച്ചത്”, അയാൾ പറയുന്നു.
സ്വാധീനമുള്ള ഒരു കുടുംബമായിർന്നു ഒരുകാലത്ത് അനറുലിന്‍റേത്. ‘ദഫദർസ്ഭിഡ’ (ഭൂവുടമകളുടെ ദേശം) എന്ന് അറിയപ്പെടുന്ന വലിയൊരു പാർപ്പിടപ്രദേശത്ത് അവരുടെ കുടുംബത്തിന്‍റെ ശാഖകൾ പരന്നുകിടന്നിരുന്നു. 1970-കളിലെ യുദ്ധത്തിനുശേഷം, അതിർത്തിപ്രദേശങ്ങളിലെ കൊള്ളക്കാരിൽനിന്ന് രക്ഷ തേടിയാണ് അവരിൽപ്പലരും മഹേന്ദ്രഗഞ്ചിലെ ഗ്രാമങ്ങളിലേക്കും പരിസരപ്രദേശങ്ങളിലേക്കും മാറിത്താമസിച്ചത്. 600 ആളുകളോളം ജനസംഖ്യയുള്ള അനറുലിന്‍റെ ബാഗീച്ച ഗ്രാമമടങ്ങുന്ന സിക്ക്സാക്ക് ബ്ലോക്കിലെ വലിയ നഗരസഭയാണ് മഹേന്ദ്രഗഞ്ച്. അതിർത്തിയിലെ വേലി കെട്ടൽ ആരംഭിച്ചപ്പോൾ സർക്കാർ വാഗ്ദാനം ചെയ്ത വിവിധ സംഖ്യകളുടെ നഷ്ടപരിഹാരം, അവരിൽ പലർക്കും ഇപ്പോഴും കിട്ടിയിട്ടില്ല.
അതിർത്തിയിലെ ഗേറ്റ് 8 മണിക്ക് തുറക്കും. 4 മണിക്ക് അടയ്ക്കും. ആ സമയങ്ങൾക്കിടയ്ക്ക് ഗേറ്റ് അടഞ്ഞുകിടക്കുകയായിരിക്കും. പണിക്ക് പോവുന്ന കർഷകർ അവരവരുടെ പേർ രജിസ്റ്റർ ചെയ്ത് തിരിച്ചറിയൽ കാർഡ് കാണിച്ച്, ഒപ്പിടുകയോ വിരലടയാളം പതിക്കുകയോ ചെയ്യണം. എല്ലാ വരവും പോക്കും ബി.എസ്.എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ് - അതിർത്തി രക്ഷാസേന) കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. “വളരെ കർശനമാണ്. തിരിച്ചറിയൽ രേഖയില്ലെങ്കിൽ കടക്കാൻ പറ്റില്ല. അത് മറന്നാൽ, നിങ്ങളുടെ ഒരു ദിവസം മുഴുവൻ പാഴായി എന്നർത്ഥം”. അയാൾ പറയുന്നു.
പണിസ്ഥലത്ത് പോവുമ്പോൾ ഭക്ഷണം അയാൾ കൂടെ കൊണ്ടുപോവുന്നു. “ചോറും, ചപ്പാത്തിയും, ദാലും, കറിയും, മീനും പോത്തിറച്ചിയും” എല്ലാം ഒരു അലുമിനിയം പാത്രത്തിലാക്കി, മറ്റൊരു പാത്രംകൊണ്ട് അടച്ച്, ഗംച്ച എന്നറിയപ്പെടുന്ന ഒരു ടവൽകൊണ്ട് കെട്ടി, കൂടെ കൊണ്ടുപോകും. അതിർത്തിയിലെ ഗേറ്റിനടുത്തുള്ള ഒരു ദേവാലയത്തിലെ കിണറിൽനിന്ന് വെള്ളവും കൂടെ കരുതും. “വെള്ളം തീർന്നാൽ പിന്നെ 4 മണിവരെ കാത്തിരിക്കണം. അല്ലെങ്കിൽ ഈ പരിശോധനകളെല്ലാം വീണ്ടും ആവർത്തിക്കണം”. ചിലപ്പോൾ ബി.എസ്.എഫ് ആളുകൾ സഹായിക്കാറുണ്ടെന്ന് അനറുൽ പറഞ്ഞു. “വെള്ളം കുടിക്കണമെങ്കിൽ ഇക്കണ്ട വഴിയെല്ലാം പിന്നെയും നടന്ന്, രേഖകളൊക്കെ പരിശോധിപ്പിച്ച്, പേരെഴുതി ഒപ്പിട്ട്, ഗേറ്റ് തുറക്കുന്നതും നോക്കി കാത്തിരിക്കണം. എന്നെപ്പോലെയുള്ള കർഷകർക്ക് ഇതിനൊക്കെ സാധിക്കുമോ?”
രാവിലെ 8 മണിമുതൽ വൈകീട്ട് 4 മണിവരെ എന്ന കർശനമായ സമയവ്യവസ്ഥയും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മഹേന്ദ്രഗഞ്ചിലെ കർഷകർ പരമ്പരാഗതമായി കൃഷി ചെയ്യുന്നത്, അതിരാവിലെയാണ്. തലേന്ന് ബാക്കിവന്ന ഭക്ഷണവും ചോറും മറ്റും പുളിപ്പിച്ചതിനുശേഷം, രാവിലെ 4 മണിയോടെയാണ് ഞങ്ങൾ പാടത്ത് പണി തുടങ്ങുക. വെയിൽ തുടങ്ങുന്നതിനുമുൻപ് ജോലി അവസാനിപ്പിക്കും. പക്ഷേ ഗേറ്റ് 8 മണിക്ക് മാത്രമേ തുറക്കൂ. അതിനാൽ നല്ല വെയിലത്ത് ജോലിചെയ്യേണ്ടിവരുന്നു. അത് എന്‍റെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്”, അനറുൽ പറയുന്നു.
കൊല്ലം മുഴുവനും ഈ സുരക്ഷാമുൻകരുതലുകൾ പാലിക്കണം. അകത്തേക്ക് പ്രവേശനം നൽകുന്നതിനുമുൻപ് ബി.എസ്.എഫ്. ദേഹപരിശോധന നടത്തും. മൊബൈൽ ഫോണുപോലും അനുവദിക്കില്ല. അത് ഗേറ്റിൽ കൊടുത്ത്, തിരിച്ചുപോവുമ്പോൾ വാങ്ങണം. എല്ലാ കാർഷികോപകരണങ്ങളും മറ്റ് സാധനങ്ങളും വിശദമായി പരിശോധിക്കും. ട്രാക്ടറുകളും കൊയ്ത്തുയന്ത്രങ്ങളും അനുവദിക്കും. ഇവ വാടകയ്ക്ക് എടുക്കുകയാണ് പതിവ്. പക്ഷേ ഏതെങ്കിലും ഉന്നതോദ്യോഗസ്ഥൻ അതിർത്തിയിൽ സന്ദർശനം നടത്തുകയാണെങ്കിൽ അതും അനുവദിക്കില്ല. ചിലപ്പോൾ പശുക്കളേയും തടഞ്ഞുവെക്കും. അപ്പോൾ അതില്ലാതെ പണിയെടുക്കേണ്ടിവരും. കഴിഞ്ഞവർഷം മൂന്ന് പശുക്കളെ അനറുൽ വിറ്റു. ഒരു പശുവിനെയും കിടാവിനെയും പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ആവശ്യം വരുമ്പോൾ പശുവിനെ വാടകയ്ക്കെടുത്താണ് അതിർത്തി കടത്തി കൃഷിസ്ഥലത്തേക്ക് കൊണ്ടുപോവുന്നത്.
വിത്തുകളും പരിശോധിക്കും. ചണത്തിന്‍റെയും കരിമ്പിന്‍റെയും വിത്തുകൾ നിരോധിച്ചിട്ടുണ്ട്. കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്ന കാരണം പറഞ്ഞ്, മൂന്നടിയിൽ കൂടുതൽ വളരുന്ന ഒന്നും അകത്തേക്ക് കടത്തിവിടില്ല.
അതുകൊണ്ട്, തണുപ്പ് കാലത്ത് പയർവർഗ്ഗങ്ങൾ, മഴക്കാലത്ത് നെല്ല്, കൊല്ലം മുഴുവനും മുഴുവൻ പപ്പായ, മുള്ളൻകിഴങ്ങ്, വഴുതനങ്ങ, മുളക്, മുരിങ്ങക്കായ, ഇലവർഗ്ഗങ്ങൾ, കയ്പ്പക്ക തുടങ്ങിയ പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. ജൂലായ് മുതൽ നവംബർവരെ നെല്ലിന്‍റെ കാലത്ത്, ഇടയ്ക്ക് അനറുൽ കുറച്ച് കൃഷിസ്ഥലം പാട്ടത്തിന് കൊടുത്ത്, ബാക്കി സ്ഥലത്ത് സ്വയം കൃഷി ചെയ്യും.
ഉത്പന്നങ്ങൾ കൊണ്ടുപോകലാണ് മറ്റൊരു കടമ്പ. ചില ആഴ്ചകളിൽ, 25 ക്വിന്‍റൽ നെല്ലും 25 മുതൽ 30 ക്വിന്‍റൽ ഉരുളക്കിഴങ്ങും വിളവെടുക്കും. “അപ്പോൾ അത് പല തവണയായി തലയിൽ ചുമന്നുവേണം കൊണ്ടുപോകാൻ” അനറുൽ പറഞ്ഞു. ആദ്യം അത് ഗേറ്റിൽ കൊണ്ടുവന്ന് അപ്പുറത്തേക്ക് നീക്കിവെക്കും. പിന്നെ അത് റോഡിലേക്കെത്തിക്കണം. എന്നിട്ടുവേണം വണ്ടി പിടിച്ച് വീട്ടിലേക്കോ മഹേന്ദ്രഗഞ്ചിലെ ചന്തയിലേക്കോ എത്തിക്കാൻ”.
ചിലപ്പോൾ കന്നുകാലികൾ അതിർത്തിക്കപ്പുറത്തേക്ക് കടക്കുകയോ, കൂട്ടിയിട്ട വൈക്കോൽ നഷ്ടപ്പെടുകയോ ചെയ്താൽ വഴക്ക് പൊട്ടിപ്പുറപ്പെടും. അതിർത്തിയെക്കുറിച്ചും ചിലപ്പോൾ വഴക്കുണ്ടാവാറുണ്ട്. “പത്ത് കൊല്ലം മുൻപ് ഞാനും ചില ബംഗ്ലാദേശികളും തമ്മിൽ ഒരു വലിയ വഴക്കുണ്ടായി. ഞാൻ എന്‍റെ സ്ഥലത്തെ കുറച്ച് പൊക്കമുള്ള ഭാഗം നിരപ്പാക്കുകയായിരുന്നു.” അനറുൽ പറഞ്ഞു. “ബംഗ്ലാദേശിന്‍റെ അതിർത്തിരക്ഷാസേനയിലെ ചില ആളുകൾ വന്ന്, അത് ബംഗ്ലാദേശിന്‍റെ സ്ഥലമാണ്, പണി നിർത്തിവെക്കണമെന്ന് പറഞ്ഞു” അനറുൽ ബി.എസ്.എഫിനെ വിവരമറിയിച്ചു. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സുരക്ഷാവിഭാഗങ്ങൾ തമ്മിൽ പലവട്ടം ചർച്ചകളും (ഫ്ലാഗ് മീറ്റിംഗ് എന്നാണ് അതിന് പറയുക) തർക്കങ്ങളുമൊക്കെ നടത്തിയിട്ടാണ് ഒടുവിൽ പ്രശ്നം പരിഹരിച്ച് അതിർത്തിയിൽ മുളകൾ നാട്ടിയത്. പക്ഷേ മുളകൾ ഒരു ദിവസം അപ്രത്യക്ഷമായി. തന്‍റെ രണ്ട് ബിഗ സ്ഥലം നഷ്ടപ്പെട്ടുവെന്നും, ഇപ്പോഴും ആ വിഷയം ബാക്കിയാണെന്നും അയാൾ പറഞ്ഞു. പൈതൃകമായി കിട്ടിയ ഏഴ് ബിഗയിൽ ഇപ്പോൾ അഞ്ചെണ്ണത്തിൽ മാത്രമേ അയാൾ കൃഷി നടത്തുന്നുള്ളു.
അതിർത്തിക്കപ്പുറത്തുമിപ്പുറത്തുമുള്ള പാടങ്ങളിൽ ജോലി ചെയ്യുന്ന കർഷകർക്കിടയിൽ അധികം ദൂരമില്ല. എങ്കിലും “അവരോട് സംസാരിക്കുന്നത് ഞാൻ ഒഴിവാക്കും. കാരണം, അതിർത്തിരക്ഷാസേനയ്ക്ക് അത് ഇഷ്ടമല്ല. അവർക്കെന്തെങ്കിലും സംശയം തോന്നിയാൽപ്പിന്നെ എന്‍റെ കൃഷിസ്ഥലത്തേക്കുള്ള പോക്കിനെ അത് ബാധിക്കും. അവരെന്തെങ്കിലും ചോദിച്ചാലും ഞാൻ മറുപടി പറയാൻ പോകാറില്ല”, അനറുൽ പറഞ്ഞു.
“കള്ളന്മാർ എന്‍റെ പച്ചക്കറികൾ മോഷ്ടിക്കാറുണ്ട്. ഞാൻ പരാതിപ്പെടാനൊന്നും പോകാറില്ല” അയാൾ കുറ്റപ്പെടുത്തി. “അവർക്ക് ധാർമ്മികതയൊന്നുമില്ല. എനിക്ക് അള്ളാഹുവിന്‍റെ അനുഗ്രഹമുണ്ട്. കന്നുകാലിക്കടത്തിന് കുപ്രസിദ്ധമാണ് അതിർത്തി പ്രദേശങ്ങൾ. മയക്കുമരുന്ന് കള്ളക്കടത്തും വർദ്ധിച്ചിട്ടുണ്ടെന്ന് മഹേന്ദ്രഗഞ്ചിലെ ആളുകൾ പറയുന്നു. 2018-ൽ ഒരു ചെറുപ്പക്കാരന് അനറുൽ 70,000 രൂപ കടം കൊടുത്തു. 20,000 പലിശയായി കിട്ടുമെന്ന പ്രതീക്ഷയിൽ. മയക്കുമരുന്നിന് അടിമപ്പെട്ട അയാൾ പെട്ടെന്ന് മരിച്ചു. അതിർത്തിക്കപ്പുറത്തുനിന്നാണ് ‘ഗുളികകൾ’ വരുന്നതെന്ന് ഇവിടെയുള്ളവർ പറയുന്നു. “മയക്കുമരുന്നുകൾ കിട്ടാൻ വളരെ എളുപ്പമാണ്. വേലിക്കപ്പുറത്തുനിന്ന് എറിഞ്ഞുകൊടുത്താൽ മതി. നന്നായി എറിയാൻ അറിയാമെങ്കിൽ, അത് എളുപ്പത്തിൽ കൈമാറാം” അനറുൽ അഭിപ്രായപ്പെട്ടു. ആ മരിച്ചുപോയ ചെറുപ്പക്കാരന്‍റെ വീട്ടുകാരോട് കിട്ടാനുള്ള കടത്തിനെക്കുറിച്ച് അനറുൽ സൂചിപ്പിച്ചു. ഒടുവിൽ, 50,000 രൂപ തിരിച്ചുതരാമെന്ന് അവർ ഉറപ്പുകൊടുത്തിട്ടുണ്ടത്രെ.
തന്‍റെ പലിശയിടപാടിനെക്കുറിച്ച് അനറുൽ പറയുന്നു. “വലിയ കുടുംബമാണ് എന്‍റേത്. നോക്കിനടത്താൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട്, കൈയ്യിൽ പണം വരുമ്പോൾ മറ്റുള്ളവർക്ക് പലിശയ്ക്ക് കൊടുക്കുന്നു. പണം ആവശ്യമാണ്. അതുകൊണ്ടാണ് അത് ചെയ്യുന്നത്”.
ജലസേചനത്തിനും ചാലുകൾക്കും തടസ്സം സൃഷ്ടിക്കാറുണ്ട് ഈ മുള്ളുവേലികൾ. ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ നല്ല മഴ പെയ്താൽ അനറുലിന്‍റെ കൃഷിസ്ഥലം വെള്ളത്തിൽ മുങ്ങും. വെള്ളം ഒഴുക്കിക്കളയാനൊന്നും മാർഗ്ഗമില്ല. സ്ഥലത്ത് പമ്പോ മറ്റോ കൊണ്ടുവരാനും കടമ്പകളുണ്ട്. ചിലപ്പോൾ മോഷണം പോവുകയും ചെയ്തേക്കാം. ഭാരമുള്ള സാധനമായതിനാൽ കൊണ്ടുവരാനും കൊണ്ടുപോകാനും ബുദ്ധിമുട്ടാണ്. കൃഷിസ്ഥലം നിരപ്പാക്കാൻ ജെ.സി.ബി.യും മറ്റും കൊണ്ടുവരാനും അനുവദിക്കില്ല. അതുകൊണ്ട് വെള്ളം ഒഴുകിപ്പോവുന്നതുവരെ, ഒന്നോ രണ്ടോ ദിവസം കാത്തിരിക്കേണ്ടിവരും. നല്ല മഴക്കാലമാണെങ്കിൽ ചിലപ്പോൾ അത് രണ്ടാഴ്ചവരെ നീണ്ടുപോവുകയും ചെയ്തേക്കാം. അത് വിളവിനെ ബാധിക്കുകയും ചെയ്യും. ആ നഷ്ടം എന്തായാലും അയാൾ സഹിക്കുകയും വേണം.
കൃഷിപ്പണിക്കാരെ വെക്കാനും ബുദ്ധിമുട്ടാണ്. തിരിച്ചറിയൽ രേഖയുള്ളവരെ വേണം കൊണ്ടുപോകാൻ. എല്ലാവർക്കും വെള്ളമെത്തിച്ചുകൊടുക്കാനും ബുദ്ധിമുട്ടാണ്. മാത്രമല്ല, വിശ്രമിക്കണമെങ്കിൽ വലിയ മരങ്ങളൊന്നുമില്ല ആ സ്ഥലത്ത്. “പണിക്കാർക്ക് ഈ നിബന്ധനകളൊക്കെ അനുസരിക്കാൻ ബുദ്ധിമുട്ടാണ്. ഇവിടെയാണ് ജോലി എന്ന് പറഞ്ഞാൽ വരാനും ആരും തയ്യാറല്ല.” അതിനാൽ അനറുൽ ഒറ്റയ്ക്കാണ് പണിക്ക് പോവുക. ചിലപ്പോൾ ഭാര്യയേയോ ബന്ധുക്കളെയോ സഹായത്തിന് കൊണ്ടുപോവും.
സ്ത്രീകളാവുമ്പോൾ വേറെയും ബുദ്ധിമുട്ടുകളുണ്ട്. കക്കൂസൊന്നും ഇല്ല. കുട്ടികളെ ബഫർ സോണിൽ കൊണ്ടുപോകാനും പറ്റില്ല. ചിലപ്പോൾ സ്ത്രീകളെ ആരെയെങ്കിലും സഹായത്തിന് വിളിച്ചാൽ, കുട്ടികളുമായിട്ടാവും അവർ വരിക.
തന്‍റെ മൂന്നാമത്തെ ജോലിയിൽ - കെട്ടിട നിർമ്മാണ സൈറ്റുകളിൽ - സ്ഥിരമായ വരുമാനം കിട്ടാറുണ്ടെന്ന് അനറുൽ പറഞ്ഞു. പ്രദേശത്തെ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള പല പദ്ധതികളും തുടർച്ചയായ നിർമ്മാണജോലികൾ നൽകുന്നുണ്ട്. 15-20 കിലോമീറ്ററിനുള്ളിൽ. ചിലപ്പോൾ 80 കിലോമീറ്റർ അപ്പുറത്തുള്ള ടുറ എന്ന സ്ഥലത്ത് അയാൾ തൊഴിലിന് പോകാറുണ്ട് )കോവിഡ് 19-ന്‍റെ അടച്ചുപൂട്ടൽ കാരണം കഴിഞ്ഞ വർഷം അത് നിന്നു). ഏകദേശം മൂന്ന് വർഷം മുൻപ്, 3 ലക്ഷം രൂപ അയാൾ സമ്പാദിച്ചുവത്രെ. ആ പൈസ കൊണ്ട് ഒരു പഴയ ബൈക്കും മകൾക്കാവശ്യമുള്ള സ്വർണ്ണവും അയാൾ വാങ്ങി. സാധാരണയായി, ദിവസത്തിൽ 700 രൂപവരെ സമ്പാദിക്കാറുണ്ടെന്ന് അനറുൽ പറഞ്ഞു. കെട്ടിടനിർമ്മാണ ജോലിയിൽനിന്ന് വർഷത്തിൽ ഒരുലക്ഷം രൂപവരെ സമ്പാദിക്കാറുണ്ട് അയാൾ. “അവിടെ പൈസ പെട്ടെന്ന് കിട്ടും. കൃഷിസ്ഥലത്താണെങ്കിൽ, മൂന്ന് മാസം കാത്തിരിക്കണം ആ പൈസ കിട്ടാൻ” അയാൾ വിശദീകരിച്ചു.
വിദ്യാഭ്യാസത്തിന് അനറുൽ വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. അയാളുടെ ജ്യേഷ്ഠൻ ഒരു മുൻ അധ്യാപകനാണ്. 15 വയസ്സുള്ള മകൾ എട്ടാം ക്ലാസ്സിലും, 11 വയസ്സുള്ള മകൻ സദ്ദാം ഇസ്ലാം നാലാം ക്ലാസ്സിലും ആറ് വയസ്സുള്ള മകൾ സീമ ബീഗം മൂന്നാം ക്ലാസ്സിലും പഠിക്കുന്നു. 21-നും 25-നുമിടയിൽ പ്രായമുള്ള മൂന്ന് പെണ്മക്കളുടെ വിവാഹം കഴിഞ്ഞു. അനറുലിന് രണ്ട് ഭാര്യമാരാണുള്ളത്. ജിപ്സിൽ ടി. സംഗ്‌മയും ജക്കീഡ ബീഗവും. ഇരുവർക്കും 40 വയസ്സായി.
മൂത്ത പെൺകുട്ടികളെ ബിരുദംവരെ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു അയാൾ. പക്ഷേ “സിനിമയും ടിവി.യും മൊബൈൽ ഫോണും അവരെ സ്വാധീനിച്ചു. ചില പ്രണയത്തിലൊക്കെ പെട്ട് അവർ വിവാഹിതരായി. എന്‍റെ മക്കൾക്ക് ജീവിതത്തിൽ വലിയ ആഗ്രഹങ്ങളൊന്നുമില്ല. അതെന്നെ വേദനിപ്പിക്കുന്നുണ്ട്. പഠിത്തത്തിലും ജോലിയിലുമൊക്കെ അവർ മോശമാണ്. എന്തായാലും ഞാൻ ഭാഗ്യത്തിൽ വിശ്വസിക്കുന്നു. അവരുടെ ജീവിതം നല്ല രീതിയിലാവുമെന്നാണ് പ്രതീക്ഷ.
2020-ൽ കശുവണ്ടിക്കച്ചവടത്തിൽ ഭാഗ്യപരീക്ഷണം നടത്തണമെന്ന് കരുതിയതായിരുന്നു അനറുൽ. പക്ഷേ കോവിഡ്-19 തടയാൻ ഗേറ്റുകൾ അടച്ചിടാൻ പോവുകയാണെന്നും കർഷകർക്ക് കൃഷിഭൂമിയിലേക്ക് പോകാൻ തത്ക്കാലം പറ്റില്ലെന്നും ബി.എസ്.എഫ്. അറിയിച്ചതുമൂലം കുറച്ച് നഷ്ടമുണ്ടായി. എന്നാൽ, അടയ്ക്കാത്തൈ വിറ്റ് കുറച്ച് ലാഭമുണ്ടാക്കി അയാൾ.
കഴിഞ്ഞ വർഷം അതിർത്തിയിലെ ഗേറ്റ് ഏപ്രിൽ 29 വരെ പൂർണ്ണമായി അടച്ചിട്ടു. അതിനുശേഷം സ്ഥിതിഗതികൾ പൂർവ്വസ്ഥിതിയിലാവുന്നതുവരെ ദിവസവും 3 - 4 മണിക്കൂർ മണിക്കൂർ മാത്രമേ ജോലിക്ക് പോകാൻ അനുവാദമുണ്ടായിരുന്നുള്ളു.
കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയ്ക്ക്, ചില ബി.എസ്.എഫുകാരുമായി അയാൾ സൌഹൃദം സ്ഥാപിച്ചിട്ടുണ്ട്. “ചിലപ്പോൾ അവരോട് എനിക്ക് സഹതാപം തോന്നും. കുടുംബത്തിനെയൊക്കെ ദൂരെ വിട്ട്, ഞങ്ങൾക്ക് കാവലിരിക്കാൻ വന്നവരല്ലേ അവർ” അയാൾ പറഞ്ഞു. ചിലപ്പോൾ ഈദിനും മറ്റും അയാൾ അവരെ വീട്ടിലേക്ക് ക്ഷണിക്കും. മറ്റ് ചിലപ്പോൾ ചോറും ഇറച്ചിക്കറിയുമൊക്കെ അവർക്ക് കൊണ്ടുപോയി കൊടുക്കും. അതിർത്തിക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും പോവുമ്പോൾ അവരും ചിലപ്പോൾ അയാൾക്ക് ചായയൊക്കെ നൽകാറുണ്ട്
റിപ്പോർട്ടറുടെ കുടുംബം മഹേന്ദ്രഗഞ്ചിലാണ് താമസം .
പരിഭാഷ: രാജീവ് ചേലനാട്ട്