"തിരഞ്ഞെടുപ്പ് ദിവസം ഈ പ്രദേശത്ത് ഉത്സവം പോലെയാണ്", കോസടി നെയ്യുന്ന തുണികൾക്കിടയിൽ പരതിക്കൊണ്ട് മൊർജിന ഖാത്തൂൺ പറഞ്ഞു. "മറ്റു സംസ്ഥാനങ്ങളിൽ ജോലിക്കായി പോയവർ വോട്ട് ചെയ്യാനായി തിരിച്ചെത്തും".

അവർ വസിക്കുന്ന ഗ്രാമമായ രുപാകുസി 2024 മെയ് 7-ന് വോട്ടിംഗ് നടന്ന ധുബ്രി ലോക്സഭാ നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.

പക്ഷേ 48 കാരിയായ മൊർജിന വോട്ട് ചെയ്തില്ല. "ആ ദിവസം ഞാൻ ഒഴിവാക്കി. ആളുകളെ ഒഴിവാക്കാനായി വീടിനകത്ത് ഞാൻ അടച്ചിരിക്കുക പോലും ചെയ്തു."

സംശയിക്കപ്പെടുന്ന വോട്ടർ (ഡി-വോട്ടർ) എന്ന വിഭാഗത്തിലാണ് മൊർജിനയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് - ഈ വിഭാഗത്തിലെ 99,942 വോട്ടർമാരിൽ ഒരാളാണ് അവർ. ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള വിശ്വസനീയമായ തെളിവുകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. അവരിൽ മിക്കവരും ആസാമിൽ നിന്നുള്ള ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ആണ്.

ഡി-വോട്ടർമാരുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായ ആസാമിൽ ബംഗ്ലാദേശിൽ നിന്നുണ്ടായെന്ന് ആരോപിക്കപ്പെടുന്ന കുടിയേറ്റം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു പ്രധാന വിഷയമാണ്. 1997-ലാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡി-വോട്ടർ സമ്പ്രദായം അവതരിപ്പിച്ചത് - അതേ വർഷം തന്നെയാണ് മൊർജിന വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനായി തൻ്റെ പേര് ആദ്യമായി ഉദ്യോഗസ്ഥർക്ക് നൽകിയത്. "ആളുകളുടെ പേര് വോട്ടർ പട്ടികയിൽ ചേർക്കാനായി ആ സമയത്ത് സ്‌ക്കൂൾ അദ്ധ്യാപകർ വീടുകൾ സന്ദർശിക്കാറുണ്ടായിരുന്നു. ഞാനും പേര് നൽകി", മൊർജിന പറഞ്ഞു. "പക്ഷേ അടുത്ത തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി ചെന്നപ്പോൾ എന്നെ അതിനനുവദിച്ചില്ല. ഞാൻ ഡി-വോട്ടർ ആണെന്ന് അവർ പറഞ്ഞു.

PHOTO • Mahibul Hoque

മൊർജിന ഖാത്തൂൺ (ഇടത്) ആസാമിലെ രുപാകുസി ഗ്രാമത്തിൽ നിന്നുള്ള ഒരു നെയ്ത്ത് സംഘത്തിൻ്റെ ഭാഗമാണ്. ഖേത എന്ന് പ്രാദേശികമായി അറിയപ്പെടുന്ന പരമ്പരാഗത രീതിയിലുള്ള കോസടി നെയ്യുന്ന ജോലിയാണവർക്ക്. സ്വന്തമായി രൂപകൽപ്പന ചെയ്ത സമാനമായ തുന്നലോട് കൂടിയ ഒരു തലയണ കവർ അവർ പിടിച്ചിരുന്നു

ഫോറിനേഴ്സ് ട്രിബൂണലിൽ നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന് പ്രഖ്യാപിക്കപ്പെട്ട് നിരവധി ഡി-വോട്ടർമാർ 2018-19-ൽ ആസാമിൽ അറസ്റ്റ് ചെയ്യപ്പെട്ടു. മൊർജിനയുടെ വീട്ടിലേക്ക് നടക്കുന്നതിനടയിൽ അവർ ഞങ്ങളോട് പറഞ്ഞു.

എന്തുകൊണ്ടാണ് തന്നെയൊരു ഡി-വോട്ടറായി പരിഗണിച്ചതെന്ന് മൊർജിന അന്വേഷിക്കാൻ ശ്രമിച്ചത് അപ്പോഴാണ്. "കോവിഡ് 19 ലോക്ക്ഡൗണിന് മുൻപ് മൂന്നു വക്കീലന്മാർക്കായി ഞാൻ 10,000 രൂപയോളം നൽകി. രേഖകളൊക്കെ അവർ സർക്കിൾ ഓഫീസിൽ [മാണ്ഡ്യ] വച്ചും ട്രിബ്യൂണലിൽ [ബർപേട്ട] വച്ചും പരിശോധിച്ചതാണെങ്കിലും പേരിൽ ഒരു പ്രശ്നവും കണ്ടെത്താനായില്ല", തൻ്റെ സാധാരണ വീടിൻ്റെ പൂമുഖത്തിരുന്ന് രേഖകൾ പരതിക്കൊണ്ട് അവർ പറഞ്ഞു.

മൊർജിന ഭൂമി പാട്ടത്തിനെടുത്ത ഒരു കർഷകയാണ് - അവരും ഭർത്താവ് ഹാഷെം അലിയും ചേർന്ന് രണ്ട് ബിഘ (0.66 ഏക്കർ) ഭൂമി 8,000 രൂപ വീതം നൽകി പാട്ടത്തിനെടുത്ത് സ്വന്തം ഉപഭോഗത്തിനായി വഴുതന, മുളക്, വെള്ളരിക്ക എന്നിവയൊക്കെ കൃഷി ചെയ്യുന്നു.

"ഏകപക്ഷീയമായി വോട്ടവകാശം നിഷേധിക്കപ്പെട്ട് ഞാൻ കഷ്ടപ്പെടുകയല്ലേ?" തന്റെ പാൻ കാർഡും ആധാർ കാർഡും പുറത്തെടുത്തു കൊണ്ട് അവർ പറഞ്ഞു. അവരുടെ കുടുംബത്തിലെ എല്ലാവർക്കും സാധുവായ വോട്ടർ കാർഡുകൾ ഉണ്ട്. 1965-ലെ വോട്ടർ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രകാരം മൊർജിനയുടെ അച്ഛൻ നചീമുദ്ദീൻ ബാർപേട്ട ജില്ലയിലെ മാരിച ഗ്രാമത്തിലെ താമസക്കാരൻ ആണ്. "ഞങ്ങളുടെ മാതാപിതാക്കളിലാർക്കും ബംഗ്ലാദേശുമായി ഒരു ബന്ധവുമില്ല", മൊർജിന പറയുന്നു.

പക്ഷെ, വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട ജനാധിപത്യ അവകാശം വിനിയോഗിക്കുന്നത് മാത്രമല്ല മൊർജിനയെ ബുദ്ധിമുട്ടിക്കുന്നത്.

"അവരെന്നെ ഒരു തടവറ കേന്ദ്രത്തിൽ ഇടാൻ പോവുകയാണെന്ന് ഞാൻ ഭയപ്പെട്ടിരുന്നു" മൊർജിന താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. "എൻ്റെ കുട്ടികളില്ലാതെ എങ്ങനെ ജീവിക്കുമെന്ന് ഞാൻ ഭയപ്പെട്ടു, അവർക്കന്ന് ചെറിയ പ്രായമായിരുന്നു. മരണത്തെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നു."

PHOTO • Mahibul Hoque
PHOTO • Kazi Sharowar Hussain

ഇടത്: മൊർജിനയും അവരുടെ ഭർത്താവ് ഹാഷെം അലിയും ഭൂമി പാട്ടത്തിനെടുത്ത കർഷകരാണ്. ബാക്കി കുടുംബാംഗങ്ങൾക്ക് മുഴുവൻ സാധുവായ വോട്ടർ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിലും മൊർജിനയെ സംശയിക്കപ്പെടുന്ന വോട്ടർ  എന്ന വിഭാഗത്തിലാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പക്ഷെ സ്വന്തമായി സാധുവായ ഒരു വോട്ടർ ഐഡി ഇല്ലാത്തത് കാരണം സ്വന്തം ഭാവിയും കുഞ്ഞുങ്ങളുടെ ഭാവിയും ഓർത്ത് അവർ വ്യാകുലയാണ്. വലത്: മൊർജിന നെയ്ത്ത് സംഘവുമായുള്ള തൻ്റെ സംസർഗ്ഗത്തിലൂടെയാണ് ആശ്വാസം കണ്ടെത്തുന്നത്. ചൗൾഖോവ നദീതീരത്ത് സ്ഥിതി ചെയ്യുന്ന തൻ്റെ ഗ്രാമത്തിലെ ഇനുവാര ഖാത്തൂണിൻ്റെ വീട്ടിലാണ് സംഘം ചേരുന്നത്

നെയ്ത്ത് സംഘത്തിൻ്റെ ഭാഗമാകുന്നതും മറ്റ് സ്ത്രീകളുമായുള്ള സംസർഗ്ഗവും മൊർജിനയ്ക്ക് ആശ്വാസം നൽകുന്നു. കോവിഡ് 19 ലോക്ഡൗണിന്റെ സമയത്താണ് അവർ ആദ്യമായി സംഘത്തെപ്പറ്റി മനസ്സിലാക്കുന്നത്. ഗ്രാമവാസികൾക്ക് ആശ്വാസമേകാൻ അവിടെത്തിയ ബാർപേട്ട ആസ്ഥാനമായുള്ള അമ്ര പാരി എന്നൊരു സംഘടനയാണ് നെയ്ത്ത് സംഘം രൂപീകരിച്ചത്. " ബൈഡോ [മാഡം] കുറച്ച് സ്ത്രീകളോട് ഖേത [കോസടി] നെയ്യാൻ തുടങ്ങാൻ പറ്റുമോ എന്ന് ചോദിച്ചു", മൊർജിന പറഞ്ഞു. വീടിന് പുറത്തു പോകാതെ വരുമാനം നേടാനുള്ള സാദ്ധ്യത സ്ത്രീകൾ മനസ്സിലാക്കി. " ഖേത നെയ്യാൻ എനിക്ക് നേരത്തെ അറിയാമായിരുന്നു, അതുകൊണ്ട് പെട്ടെന്ന് തന്നെ എനിക്ക് അതിൻ്റെ ഭാഗമാകാൻ കഴിഞ്ഞു", അവർ കൂട്ടിച്ചേർത്തു.

ഒരു കോസടി നെയ്യുന്നതിന് അവർക്ക് 3 മുതൽ 5 വരെ ദിവസങ്ങൾ വേണം. ഒരെണ്ണം വിറ്റാൽ അവർക്ക് 400-500 രൂപ ലഭിക്കും.

രുപാകുസിയിലെ ഇനുവാര ഖാത്തൂണിൻ്റെ വീട്ടിൽ കൂടിയ മൊർജിനയേയും പത്തോളം സ്ത്രീകളെയും പാരി സന്ദർശിച്ചു. പ്രാദേശികമായി ഖേത എന്നറിയപ്പെടുന്ന പരമ്പരാഗത രീതിയിലുള്ള കോസടി നെയ്യാൻ ഒത്തുകൂടിയവരാണവർ.

സംഘത്തിലെ മറ്റു സ്ത്രീകളുമായും തന്നെ സന്ദർശിച്ച മനുഷ്യാവകാശ പ്രവർത്തകരുമായും സംഭാഷണത്തിലേർപ്പെട്ടതിലൂടെ മൊർജിനയ്ക്ക് കുറച്ചൊക്കെ ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. "ഞാൻ പാടത്ത് പണിയെടുക്കുകയും ഖേത നെയ്യുകയും അല്ലെങ്കിൽ ചിത്രത്തയ്യലിൽ ഏർപ്പെടുകയും ചെയ്യും. പകൽ ഞാൻ എല്ലാം മറക്കും. പക്ഷേ അപ്പോഴും രാത്രി മാനസിക ക്ലേശം അനുഭവിക്കും."

കുട്ടികളുടെ ഭാവിയെക്കുറിച്ചും അവർ വ്യാകുലപ്പെടുന്നു. മൊർജിനയ്ക്കും ഭർത്താവ് ഹാഷെം അലിക്കും 4 മക്കളാണുള്ളത് - മൂന്ന് പുത്രിമാരും ഒരു പുത്രനും. മൂത്ത രണ്ടു പെൺമക്കൾ വിവാഹിതരാണ്, പക്ഷേ ചെറു സഹോദരങ്ങൾ ഇപ്പോഴും സ്ക്കൂൾ വിദ്യാഭ്യാസം ചെയ്യുന്നു. ജോലി ലഭിക്കാത്തതിൽ അവർ നേരത്തെ തന്നെ വ്യാകുലരാണ്. "പൗരത്വ രേഖകൾ ഇല്ലാത്തതിനാൽ വിദ്യാഭ്യാസം ചെയ്താലും തങ്ങൾക്ക് [സർക്കാർ] ജോലി നേടാൻ കഴിയില്ലെന്ന് ചിലപ്പോൾ എൻ്റെ മക്കൾ പറയും", മൊർജിന പറഞ്ഞു.

ജീവിതത്തിൽ ഒരിക്കലെങ്കിലും വോട്ട് ചെയ്യാൻ മൊർജിനയ്ക്ക് ആഗ്രഹമുണ്ട്. "അതെന്റെ പൗരത്വം തെളിയിക്കുകയും അങ്ങനെ ഇഷ്ടമുള്ള ജോലി ചെയ്യാൻ എൻ്റെ മക്കൾക്ക് കഴിയുകയും ചെയ്യും", അവർ കൂട്ടിച്ചേർത്തു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Mahibul Hoque

महीबुल हक़, असम के एक मल्टीमीडिया पत्रकार और शोधकर्ता हैं. वह साल 2023 के पारी-एमएमएफ़ फ़ेलो हैं.

की अन्य स्टोरी Mahibul Hoque
Editor : Sarbajaya Bhattacharya

सर्वजया भट्टाचार्य, पारी के लिए बतौर सीनियर असिस्टेंट एडिटर काम करती हैं. वह एक अनुभवी बांग्ला अनुवादक हैं. कोलकाता की रहने वाली सर्वजया शहर के इतिहास और यात्रा साहित्य में दिलचस्पी रखती हैं.

की अन्य स्टोरी Sarbajaya Bhattacharya
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

की अन्य स्टोरी Rennymon K. C.