സയ്ദ് ഖുർഷിദ് ബഡ്ജറ്റ് ശ്രദ്ധിച്ചതേയില്ല. “ഞാൻ ന്യൂസ് ചാനൽപോലും കേൾക്കാൻ മിനക്കെട്ടില്ല” 72 വയസ്സുള്ള അയാൾ പറയുന്നു. “അതിൽ എത്രത്തോളം സത്യമുണ്ട്, എത്രത്തോളം പതിരുണ്ട് എന്നൊന്നും നമുക്കറിയില്ല.”
ആരോ പറഞ്ഞുകേട്ടിട്ടാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവിനെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്. “എന്നാൽ, ഈ മൊഹ ല്ലയിൽ ഇതുകൊണ്ട് ഒരാൾക്കുപോലും പ്രയോജനമുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല,” ചിരിച്ചുകൊണ്ട് അയാൾ പറയുന്നു. “വിശപ്പടക്കാൻ വേണ്ടിയാണ് ഞാൻ പണിയെടുക്കുന്നത്.”
മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ ഗംഗാഖേദ് പട്ടണത്തിൽ 60 വർഷത്തിലേറെയായി തയ്യൽക്കാരനായി ജോലിയെടുക്കുകയാണ് സയ്ദ്. അച്ഛനിൽനിന്ന് എട്ടാമത്തെ വയസ്സിൽ പഠിച്ച തൊഴിലാണ്. പണ്ടത്തെപ്പോലെ കച്ചവടം അത്ര ലാഭകരമല്ല. “പുതിയ തലമുറയൊക്കെ റെഡിമേയ്ഡ് തുണികളാണ് ഇഷ്ടപ്പെടുന്നത്”
![](/media/images/02a-IMG20250203145616-PMN-Workers_like_us_.max-1400x1120.jpg)
![](/media/images/02b-IMG20250203145628-PMN-Workers_like_us_.max-1400x1120.jpg)
ആറ് മക്കളിൽ - 4 ആണും 2 പെണ്ണും – ഒരു മകൻ മാത്രമാണ് അദ്ദേഹത്തോടൊപ്പം തയ്യൽക്കടയിൽ സഹായിക്കുന്നത്. മറ്റുള്ളവർ നാട്ടിലെ ചെറിയ കരാർ പണികൾ ചെയ്ത് ജീവിക്കുന്നു. പെണ്മക്കളൊക്കെ വിവാഹം കഴിഞ്ഞ് വീട്ടമ്മമാരാണ്
ഒരു മുറി മാത്രമുള്ള ഒരു കടയിലിരുന്ന് ജോലി ചെയ്ത്, മാസത്തിൽ 20,000 രൂപ സമ്പാദിക്കുന്നുണ്ട് സയ്ദ്. കൂടെ ജോലി ചെയ്യുന്നവർക്കുള്ള കൂലി കൊടുത്തതിനുശേഷം ബാക്കിവരുന്ന സംഖ്യയാണത്. “അച്ഛൻ വാങ്ങിയ കടയായത് ഭാഗ്യമായി. വാടക കൊടുക്കേണ്ടതില്ല. അല്ലായിരുന്നെങ്കിൽ, ഇത്രപോലും വരുമാനമുണ്ടാവില്ല.” “ഞാനധികം പഠിച്ചിട്ടില്ലാത്തതിനാൽ നന്നായി വായിക്കാനൊന്നും അറിയില്ല,” തുന്നിക്കൊണ്ടിരിക്കുന്ന തുണിയിൽനിന്ന് കണ്ണെടുക്കാതെ അയാൾ കൂട്ടിച്ചേർക്കുന്നു.
വരുമാനം കുറവുള്ളവരെ സഹായിക്കുന്ന ബഡ്ജറ്റാണെന്നൊക്കെയാണ് സർക്കാരിന്റെ വാദം. “പക്ഷേ ഇതൊക്കെ ഒരു പ്രത്യേക വിഭാഗത്തിനെ മാത്രമാണ് യഥാർത്ഥത്തിൽ സഹായിക്കുന്നത്. ഞങ്ങളെപ്പോലുള്ളവർക്ക് ഒന്നും കിട്ടാറില്ല,” സയ്ദ് പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്