"എല്ലാ വർഷവും ബഡ്ജറ്റിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന ഈ കോലാഹലം ഞങ്ങളുടെ ജീവിതത്തിൽ ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കുമോ?" രണ്ട് മക്കളുടെ അമ്മയായ കെ. നാഗമ്മ ചോദിക്കുന്നു. 2007-ൽ, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഭർത്താവ് മരണപ്പെട്ടതിന് പിന്നാലെ സഫായി കർമചാരി ആന്ദോളൻ എന്ന സംഘടനയുടെ ഭാഗമായ നാഗമ്മ ഇപ്പോൾ അതിന്റെ കൺവീനറായി പ്രവർത്തിക്കുകയാണ്. അവരുടെ മൂത്ത മകളായ ഷൈല നഴ്‌സായി ജോലി ചെയ്യുന്നു; ഇളയ മകൾ ആനന്ദിയ്ക്ക് താത്കാലിക സർക്കാർ ജോലിയുണ്ട്.

"ഞങ്ങളെ സംബന്ധിച്ചിടത്തോളം ബഡ്ജറ്റ് എന്നത് ആലങ്കാരികമായ ഒരു വാക്ക് മാത്രമാണ്. ഞങ്ങൾ സമ്പാദിക്കുന്നതുവെച്ച് വീട്ടിലെ ബഡ്ജറ്റുപോലും കൈകാര്യം ചെയ്യാൻ കഴിയാറില്ലെന്ന് മാത്രമല്ല, സർക്കാരിന്റെ ഒരു പദ്ധതികളിലും ഞങ്ങൾ ഉൾപ്പെടാറുമില്ല. പിന്നെ ബഡ്ജറ്റുകൊണ്ട് ഞങ്ങൾക്കെന്താണ് മെച്ചം? എന്റെ പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ ഈ ബഡ്ജറ്റ് സഹായിക്കുമോ?"

നാഗമ്മ ജനിക്കുന്നതിന് മുൻപേ അവരുടെ രക്ഷിതാക്കൾ ചെന്നൈയിലേക്ക് കുടിയേറിയിരുന്നതിനാൽ, നാഗമ്മ ജനിച്ചുവളർന്നത് ചെന്നൈ നഗരത്തിലാണ്. 1995-ൽ നാഗമ്മയുടെ അച്ഛൻ അവരെ, തന്റെ സ്വദേശമായ നാഗുലപുരത്ത് താമസിക്കുന്ന സഹോദരിയുടെ മകന് വിവാഹം കഴിച്ചുകൊടുത്തു. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിലുള്ള പാമുരുവിനു സമീപത്തുള്ള നാഗുലപുരം ഗ്രാമത്തിൽ കൽ‌പ്പണിക്കാരനായി ജോലി ചെയ്തുവരികയായിരുന്നു നാഗമ്മയുടെ ഭർത്താവ് കണ്ണൻ. പട്ടികജാതിയായി കണക്കാക്കപ്പെടുന്ന മഡിഗ സമുദായക്കാരാണ് ഇവരുടെ കുടുംബങ്ങൾ. "ഞങ്ങൾക്ക് രണ്ടു പെൺമക്കൾ ജനിച്ചതിന് ശേഷം, 2004-ൽ, അവരുടെ വിദ്യാഭ്യാസാവശ്യങ്ങൾക്കായി ചെന്നൈയിലേക്ക് വരാൻ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു," നാഗമ്മ ഓർത്തെടുക്കുന്നു. ചെന്നൈ നഗരത്തിലേക്ക് വന്നതിന് ശേഷം മൂന്ന് വർഷത്തിനുള്ളിൽ കണ്ണൻ മരണപ്പെട്ടു.

PHOTO • Kavitha Muralidharan
PHOTO • Kavitha Muralidharan

കെ. നാഗമ്മ തന്റെ മക്കളായ ശൈലയ്ക്കും ആനന്ദിയ്ക്കുമൊപ്പം

ഇതിനുമുൻപ് ഞാൻ നാഗമ്മയെ കണ്ടത് അഞ്ചുവർഷം മുൻപാണ്. ചെന്നൈയിലെ ഗിണ്ടിയ്ക്ക് സമീപം, സെന്റ് തോമസ് മൗണ്ടിനരികെയുള്ള ഇടുങ്ങിയ നിരത്തുകളിലൊന്നിൽ, ഒരു കുടുസ്സു വീട്ടിൽ താമസിക്കുന്ന നാഗമ്മയുടെ ജീവിതം അന്നത്തേതിൽനിന്ന് കാര്യമായിട്ടൊന്നും മാറിയിട്ടില്ല. "സ്വർണ്ണം പവന് 20-30,000 രൂപ വിലയുണ്ടായിരുന്നപ്പോൾപ്പോലും, കുറച്ച് കുറച്ചായി പണം മിച്ചം പിടിച്ച് ഒന്നോ രണ്ടോ പവൻ സ്വർണ്ണമെങ്കിലും വാങ്ങാമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു (ഒരു പവൻ ഏകദേശം 8 ഗ്രാം വരും.) എന്നാൽ ഇപ്പോൾ പവന് 60-70,000 രൂപ വിലയുള്ളപ്പോൾ, ഞാനെങ്ങനെയാണ് എന്റെ പെൺമക്കളുടെ വിവാഹം നടത്തുക? സ്വർണ്ണം കല്യാണങ്ങളുടെ ഭാഗമല്ലാതെയായാൽ മാത്രമേ ഞങ്ങൾക്ക് പിടിച്ചുനിൽക്കാനാകുകയുള്ളൂ."

ഒരു നിമിഷത്തെ അർത്ഥഗർഭമായ മൗനത്തിനുശേഷം അവർ പതിയെ കൂട്ടിച്ചേർത്തു: "സ്വർണ്ണത്തിന്റെ കാര്യം പോകട്ടെ, ഭക്ഷണത്തിന്റെ കാര്യമോ? ഗ്യാസ് കുറ്റിയും, അരിയും എന്തിന് ഒരു പാൽ പാക്കറ്റുപോലും അത്യാവശ്യത്തിന് വാങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ഒരുവർഷം മുൻപ് 1,000 രൂപയ്ക്ക് കിട്ടിയിരുന്ന അരി വാങ്ങാൻ ഇന്ന് 2,000 രൂപ കൊടുക്കണം. അതേസമയം ഞങ്ങളുടെ വരുമാനത്തിൽ മാറ്റമൊന്നും വന്നിട്ടുമില്ല."

തോട്ടിപ്പണി ചെയ്യുന്നവരുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോൾ നാഗമ്മ വീണ്ടും ക്രുദ്ധയാകുന്നു. അവരുടെ ക്ഷേമാർത്ഥം പ്രവർത്തിക്കുന്നതിനായാണ് നാഗമ്മ പൂർണ്ണമായും ആക്ടിവിസത്തിലേയ്ക്ക് തിരിഞ്ഞത്. "തോട്ടിപ്പണി ചെയ്യുന്നവരുടെ ജീവിതത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. എസ്.ആർ.എം.എസ്* എന്നത് ‘നമസ്തെ‘ ആയിട്ട് എന്താണ് പ്രയോജനമുണ്ടായത്? എസ്.ആർ.എം.എസ്സി-നു കീഴിൽ ഞങ്ങൾക്ക് സംഘങ്ങൾ രൂപീകരിക്കാനും വായ്പയെടുത്ത് അല്പമെങ്കിലും അന്തസ്സുള്ള ജീവിതം നയിക്കാനുമുള്ള സാധ്യതയെങ്കിലും ഉണ്ടായിരുന്നു. എന്നാൽ നമസ്തെക്ക് കീഴിൽ, അവർ ഞങ്ങൾക്ക് യന്ത്രങ്ങൾ നൽകുകയാണ് ചെയ്യുന്നത്-എന്റെ ഭർത്താവ് എന്ത് ജോലി ചെയ്യുന്നതിനിടെയാണോ മരണപ്പെട്ടത്, അതേ ജോലി ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കുകയാണ്. നിങ്ങൾ പറയൂ, ഒരു യന്ത്രം ഞങ്ങൾക്ക് അന്തസ്സുള്ള ജീവിതം നൽകുമോ?"

SRMS: 2007-ലെ ദി സെൽഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോർ  റീഹാബിലിറ്റേഷൻ ഓഫ് മാനുവൽ സ്കാവഞ്ചേഴ്‌സ് എന്ന പദ്ധതി,  2023-ൽ NAMASTE അഥവാ നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. എന്നാൽ നാഗമ്മ ചൂണ്ടിക്കാണിക്കുന്നതുപോലെ, അത് തോട്ടിപ്പണിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് പകരം അതേ ജോലിതന്നെ ചെയ്യാൻ അവരെ നിർബന്ധിതരാക്കുകയാണ് ഉണ്ടായത്.

പരിഭാഷ: പ്രതിഭ ആര്‍. കെ .

Kavitha Muralidharan

Kavitha Muralidharan is a Chennai-based independent journalist and translator. She was earlier the editor of 'India Today' (Tamil) and prior to that headed the reporting section of 'The Hindu' (Tamil). She is a PARI volunteer.

Other stories by Kavitha Muralidharan

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.