മാനസികമോ ശാരീരികമോ ആയ വെല്ലുവിളികൾ നേരിടുന്ന പെൺകുട്ടികളും സ്ത്രീകളും ഇന്ത്യയിൽ ലൈംഗികാക്രമണങ്ങൾക്ക് കൂടുതൽ വിധേയരാവുന്നുണ്ടെന്ന് ഈ റിപ്പോർട്ട് പറയുന്നു. ആശയവിനിമയത്തിലുള്ള തടസ്സങ്ങളും, സംരക്ഷിക്കുന്നവരിലുള്ള അവരുടെ ആശ്രിതത്വവുമാണ് അതിന് കാരണമാവുന്നത്. ഇനി അഥവാ പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടാൽത്തന്നെ നിയമനടപടികൾ അവരെ സംബന്ധിച്ചിടത്തോളം ഒരു ശിക്ഷയാവുകയാണ് ചെയ്യുന്നതെന്ന് 21 വയസ്സുള്ള കാജ്രിയുടെ കഥയിൽനിന്ന് മനസ്സിലാവും. 2010-ൽ തട്ടിക്കൊണ്ടുപോവപ്പെട്ട്, ലൈംഗിക ചൂഷണത്തിനും ബാലവേലയ്ക്കും ഇരയായി 10 വർഷം തള്ളിനീക്കേണ്ടിവന്ന കാജ്രി മാനസികമായ വെല്ലുവിളിയാണ് നേരിടുന്നത്. “കാജ്രിയെ തെളിവെടുപ്പിനും പരിശോധനകൾക്കും കൊണ്ടുപോകേണ്ടിവരുന്നതിനാൽ ഏതെങ്കിലുമൊരിടത്ത് സ്ഥിരമായി ജോലി ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് അവധി ചോദിക്കുന്നതിനാൽ അവരെന്നെ പിരിച്ചുവിടുകയാണ്,” കാജ്രിയുടെ അച്ഛൻ പറയുന്നു.
(സ്ത്രീകളെ) നിരന്തരമായും ഫലപ്രദമായും നിയന്ത്രിക്കുകയും സംരക്ഷിച്ചുവെക്കുകയും ചെയ്യുന്ന ഒരു സംവിധാനം സൃഷ്ടിക്കേണ്ടതിനെക്കുറിച്ചുള്ള അതിരുകവിഞ്ഞ ആധി”യെപ്പറ്റി, കൺസെപ്ച്വലൈസിംഗ് ബ്രാഹ്മണിക്കൽ പാട്രിയാർക്കി ഇൻ ഏളി ഇന്ത്യ (പ്രാചീന ഇന്ത്യയിൽ സങ്കല്പനം ചെയ്യപ്പെട്ടിരുന്ന ബ്രാഹ്മണ്യ പുരുഷമേധാവിത്തം) എന്ന ലേഖനത്തിൽ പ്രൊഫസ്സർ ഉമ ചക്രവർത്തി പറയുന്നുണ്ട്. പുരുഷമേധാവത്തത്തിനോട് സ്വയം വിധേയരാകുന്ന സ്ത്രീകൾക്ക് ഉചിതമായ പ്രതിഫലം നൽകുകയും അല്ലാത്തവരെ നിന്ദിക്കുകയും ചെയ്തുകൊണ്ടാണ് ഈ നിയന്ത്രണം നടപ്പാക്കിയിരുന്നതെന്ന് ലേഖനം നിരീക്ഷിക്കുന്നു. സ്ത്രീകളുടെ ചലനാത്മകതയെ നിയന്ത്രിക്കുന്ന ഇത്തരം നിയമങ്ങളുടെ വേരുകൾ നീളുന്നത്, അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനോടും അവരുടെ ലൈംഗികതയോടുമുള്ള പുരുഷസമൂഹത്തിന്റെ ഭയത്തിലേക്കാണ്. “ഗ്രാമത്തിലെ ഏതെങ്കിലും ഗർഭിണിയായ സ്ത്രീയെ സന്ദർശിക്കാനോ, ആശുപത്രിയിൽ പോകാനോ ഒക്കെ ഞാൻ വീടിന് പുറത്ത് പോകുമ്പോൾ ഞാൻ മറ്റ് പുരുഷന്മാരെ കാണാൻ പോകുന്നുവെന്നാണ് ആദ്യമൊക്കെ അവർ (ഭർത്തൃവീട്ടുകാർ) കരുതിയിരുന്നത്. ആശ പ്രവർത്തക എന്ന നിലയ്ക്ക് എന്റെ ജോലിയാണത്,” 30 വയസ്സുള്ള ഗിരിജ പറയുന്നു. അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തക – ആശ) എന്ന ഈ തൊഴിൽ ഉപേക്ഷിക്കാൻ ഭർത്തൃവീട്ടുകാരിൽനിന്ന് നല്ല സമ്മർദ്ദമുണ്ടെന്ന്, ഉത്തർ പ്രദേശിലെ മഹോബ ജില്ലക്കാരിയായ അവർ പറയുന്നു. “ഇന്നലെ എന്റെ ഭർത്താവിന്റെ മുത്തച്ഛൻ ഒരു വടിയെടുത്ത് എന്നെ തല്ലുകയും കഴുത്ത് പിടിച്ച് ഞെരിക്കുകയും ചെയ്തു”, അവർ കൂട്ടിച്ചേർത്തു.
ഏതെങ്കിലുമൊരു ജോലിയിൽ കയറിപ്പറ്റി സമ്പാദിക്കാൻ തുടങ്ങുന്നതോടെ, തൊഴിലിടത്തിലുള്ള ഉപദ്രവവും ആരംഭിക്കുകയായി. നാഷണൽ ക്യാപിറ്റൽ റീജിയണിലും ബംഗളൂരുവിലുമുള്ള വസ്ത്രമേഖലയിലെ തൊഴിലാളികളെ സർവേ ചെയ്തതിൽനിന്ന് മനസ്സിലായത്, 17 ശതമാനം സ്ത്രീത്തൊഴിലാളികളും തൊഴിലിടത്തിലെ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ്. “പുരുഷന്മാരായ മാനേജർമാർ, സൂപ്പർവൈസർമാർ, മെക്കാനിക്കുകൾ തുടങ്ങിയവർ എന്തെങ്കിലും കാര്യം പറഞ്ഞ് ദേഹത്ത് സ്പർശിക്കും. ഞങ്ങൾക്ക് പരാതിപ്പെടാനും ആരുമില്ല.” വസ്ത്രനിർമ്മാണ മേഖലയിലെ തൊഴിലാളിയായ ലത പറയുന്നു (വായിക്കുക: ദിണ്ടിഗലിലെ ദളിത് സ്ത്രീകൾ ഒരുമിക്കുമ്പോൾ). അവകാശങ്ങൾ നേടിയെടുക്കാനുള്ള സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ ശ്രമങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട വിശാഖ മാർഗ്ഗനിർദ്ദേശങ്ങളുടെ (1997) ശുപാർശ പ്രകാരം, ഓരോ സ്ഥാപനത്തിലും ഒരു സ്ത്രീയുടെ നേതൃത്വത്തിലുള്ള ഒരു പരാതി കമ്മിറ്റി രൂപവത്കരിക്കുകയും അതിലെ അംഗങ്ങളിൽ പകുതിയോളം സ്ത്രീകളായിരിക്കുകയും വേണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. അത്തരം നിർദ്ദേശങ്ങളൊക്കെ കടലാസ്സിലുണ്ടെങ്കിലും നടപ്പാക്കൽ അപൂർവ്വമാണ്. വീട്ടിലും തൊഴിലിടത്തിലും സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങൾ പതിവായി തുടർന്നുപോരുന്നു.