“എവിടെപ്പോയാലും ഞങ്ങളൊരുമിച്ചാണ് പോവുക” തൊട്ടടുത്ത് നിൽക്കുന്ന തന്റെ സുഹൃത്ത് സകുനിയെ സ്നേഹപൂർവ്വം നോക്കി ഗീതാദേവി പറയുന്നു.
അടുത്തുള്ള കാട്ടിൽനിന്ന് ഇരുവരും ചേർന്ന് സാല (ഷോരിയ റോബസ്റ്റ) ഇലകൾ പറിച്ച് പാത്രങ്ങളും കുമ്പിളുകളും നിർമ്മിച്ച്, പലാമൊയുടെ ജില്ലാ തലസ്ഥാനമായ ഡാൽട്ടൺഗഞ്ച് പട്ടണത്തിൽ കൊണ്ടുപോയി വിൽക്കുന്നു.
കോപ്പ് ഗ്രാമത്തിലെ ചെറിയൊരു കോളണിയായ നദിടോലയിൽ കഴിഞ്ഞ 30 കൊല്ലമായി അയൽക്കാരായി കഴിയുന്നവരാണ് ഗീതയും സകുനി ദേവിയും. ജാർഘണ്ടിലെ മറ്റ് പല ഗ്രാമങ്ങളിലെയും ജനങ്ങളെപ്പോലെ, ഉപജീവനത്തിനായി കാടിനെ ആശ്രയിക്കുന്നവരാണ് ഇവരും.
കാട്ടിൽ ഏഴെട്ട് മണിക്കൂർ ചിലവഴിക്കുന്ന ഇവർ, തിരിച്ചുപോകുന്നത്, മേയാൻ പോയ കന്നുകാലികൾ തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്. ആവശ്യത്തിനുള്ള ഇലകൾ കിടാൻ അവർക്ക് രണ്ട് ദിവസങ്ങൾ വേണം. മണിക്കൂറുകൾ പെട്ടെന്ന് പോകും. ഇടയ്ക്കിടയ്ക്ക് അവർ ചെറിയ ഇടവേളകളെടുക്കും. നാട്ടുവർത്തമാനങ്ങളും വീട്ടുവർത്തമാനങ്ങളും പങ്കുവെക്കും.
എല്ലാ ദിവസവും രാവിലെ ഗീത, തന്റെ അയൽക്കാരിയുടെ “പുറപ്പെടൂ” എന്ന വിളി കേൾക്കാൻ കാത്തുനിൽക്കും. അധികം താമസിയാതെ അവർ പുറപ്പെടുകയായി. പഴയ സിമൻ്റ് ചാക്കുകളും കുടിക്കാനുള്ള വെള്ളവും ഒരു ചെറിയ മഴുവും പഴയ ഒരു കഷണം തുണിയും കൈയ്യിൽ ഇവർ സൂക്ഷിക്കും. ജാർഘണ്ടിലെ പലാമൊ ടൈഗർ റിസർവിന്റെ സംരക്ഷിതമേഖലയിലുള്ള ഹെഹെഗാര വനത്തിലേക്കാണ് അവർ നീങ്ങുന്നത്.
വിവിധ സമുദായങ്ങളിൽനിന്നുള്ളവരാണ് ഈ സുഹൃത്തുക്കൾ. ഗീത ഒരു ഭുയ്യ ദളിതും സകുനി ഒരു ഒറാംവ് ഗോത്രസമുദായക്കാരിയുമാണ് ഞങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഗീത മുന്നറിയിപ്പ് തരുന്നുണ്ടായിരുന്നു. “ഒരിക്കലും ഇങ്ങോട്ട് ഒറ്റയ്ക്ക് വരരുത്. ചിലപ്പോൾ വന്യമൃഗങ്ങൾ പതിയിരിക്കുന്നുണ്ടാകും. ഞങ്ങൾ കടുവകളെ കണ്ടിടുണ്ട്”. പാമ്പുകളും തേളുകളുമൊക്കെ ഉണ്ടാവുമെന്ന് കൂട്ടിച്ചേർത്ത് സകുനി പറയുന്നു. പലപ്പോഴും ആനകളേയും കണ്ടിടുണ്ട്”. പലാമോ ടൈഗർ റിസർവിൽ 73 കടുവകളും ഏകദേശം 267 ആനകളുമുണ്ട്. (2021-ലെ വൈൽഡ് ലൈഫ് സെൻസസ്)






















