“ഞാനും എന്റെ അമ്മയും ഇന്നലെ രാത്രികൂടി അതിനെച്ചൊല്ലി വഴക്കടിച്ചു,” 21 വയസ്സുള്ള ആശ ബാസ്സി പറഞ്ഞു. “വിദ്യാഭ്യാസം അവസാനിപ്പിച്ച് വിവാഹം കഴിക്കാൻ കഴിഞ്ഞ മൂന്ന് കൊല്ലമായി എന്റെ അച്ഛനമ്മമാർ എന്നെ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണ്,” 21 വയസ്സുള്ള അവർ പറഞ്ഞു.

യവത്‌മാൽ പട്ടണത്തിലെ സാവിത്രി ജ്യോതിറാവു സമാജ്കാരിയ മഹാവിദ്യാലയത്തിൽ, സോഷ്യൽ വർക്കിൽ അവസാനവർഷ ബിരുദ വിദ്യാർത്ഥിനിയാണ് ആശ. കുടുംബത്തിൽ ഔപചാരിക വിദ്യാഭ്യാസം ലഭിച്ച ആദ്യത്തെയാളാണ് അവൾ. “നേരത്തേ വിവാഹം ചെയ്യുന്ന പെൺകുട്ടികളെ എല്ലാവരും പ്രശംസിക്കും. എന്നാൽ, എനിക്ക് പഠിക്കണം. അങ്ങിനെ മാത്രമേ എനിക്ക് സ്വതന്ത്ര്യയാകാൻ കഴിയൂ”, അവൾ കൂട്ടിച്ചേർത്തു.

മഹാരാ‍ഷ്ട്രയിലെ യവത്‌മാൽ ജില്ലയിലെ ജെവലി ഗ്രാമത്തിൽനിന്നുള്ള മതുര ലഭാൻ സമുദായക്കാരിയാണ് ആശ. സംസ്ഥാനത്ത്, വിമുക്തജാതി (ഡീനോട്ടിഫൈഡ്) ഗോത്രക്കാരായി പട്ടികപ്പെടുത്തപ്പെട്ടവരാണ് ആ സമുദായക്കാർ. ജെവാലിയിലെ സ്വന്തം സ്ഥലത്ത് സോയ, പരുത്തി, ഗോതമ്പ്, ചെറുധാന്യങ്ങൾ എന്നിവ കൃഷി ചെയ്യുന്നവരാണ് അവളുടെ മാതാപിതാക്കൾ.

മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടങ്ങുന്ന ആ കുടുംബം കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മൂത്ത മകളായ ആശ, അമ്മാവന്റേയും അമ്മായിയുടേയും കൂടെ യവത്‌മാൽ പട്ടണത്തിൽ താമസിച്ചാണ് ബിരുദത്തിന് പഠിക്കുന്നത്.

നാട്ടിലെ ചില അദ്ധ്യാപകരുടെ പ്രേരണയാൽ, മാതാപിതാക്കൾ അവളെ 7-ആമത്തെ വയസ്സിൽ വീട്ടിനടുത്തുള്ള ജില്ലാ പരിഷദ് (ഇസഡ്.പി) സ്കൂളിൽ ചേർത്തു. 3-ആം ക്ലാസ്സുവരെ അവിടെ പഠിച്ച അവൾ പിന്നീട്, ജെവലിയിൽനിന്ന് 112 കിലോമീറ്റർ അകലെയുള്ള യവത്‌മാലിലേക്ക് മാറി. അവിടെ മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡിന്റെ കീഴിലുള്ള ഒരു സ്കൂളിൽ ചേർന്ന്, പിന്നീട് സമീപത്തുള്ള ഒരു കൊളേജിൽ ചേരുകയായിരുന്നു.

Savitri Jyotirao Samajkarya Mahavidyalaya in Yavatmal city where Asha is pursuing her Bachelor’s Degree in Social Work
PHOTO • Akshay Gadilkar
Savitri Jyotirao Samajkarya Mahavidyalaya in Yavatmal city where Asha is pursuing her Bachelor’s Degree in Social Work
PHOTO • Akshay Gadilkar

സോഷ്യൽ വർക്കിൽ ബിരുദത്തിനായി ആശ പഠിക്കുന്ന യവത്‌മാൽ പട്ടണത്തിലെ സാവിത്രി ജ്യോതിറാവു സമാജ്കാരിയ മഹാവിദ്യാലയ

“ഞങ്ങളുടെ സമുദായത്തിലെ പെൺകുട്ടികൾ സാധാരണയായി 7-ആം ക്ലാസ്സുവരെ മാത്രമേ പഠിക്കാറുള്ളു, അതിനുശേഷം അവരെ സ്കൂളിലയയ്ക്കുന്നത് പതുക്കെ നിർത്തും. വളരെക്കുറച്ചുപേരേ കൊളേജിൽ പോയിട്ടുള്ളു,” ആശ പറഞ്ഞു. അവളുടെ ചെറിയ അനിയത്തിപോലും മൂന്നുവർഷം മുമ്പ് വിവാഹിതയായി.

“ഞങ്ങളുടെ സമുദായം യാഥാസ്ഥിതികരാണ്,” ആശ പറഞ്ഞു. പെൺകുട്ടികൾ മറ്റ് ജാതികളിലെ ആളുകളെ പ്രേമിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുമെന്ന സാമൂഹികമായ ഭയം മൂലം, വിവാഹം കഴിക്കാനുള്ള സമ്മർദ്ദം പെൺകുട്ടികൾക്ക് അനുഭവിക്കേണ്ടിവരുന്നു. “ഒരു പെൺകുട്ടി അവളുടെ പങ്കാളിയുടെ കൂടെ ഒളിച്ചോടിപ്പോയാൽ, അവളുടെ കൂട്ടുകാരികളെയൊക്കെ സ്കൂളിൽനിന്ന് രക്ഷിതാക്കൾ പിൻ‌വലിക്കുന്നു,” ആശ പറയുന്നു. “എന്റെ സമുദായത്തിലെ ഒരു പെൺകുട്ടിയും ജാതിക്ക് പുറത്തുനിന്ന് വിവാഹം കഴിച്ചതായി എനിക്കറിവില്ല.”

വിവാഹം കഴിക്കാനുള്ള സമ്മർദ്ദം കോവിഡ്-19 കാലത്ത് ഏറെ വർദ്ധിച്ചപ്പോൾ അവൾ ജെവലി ഗ്രാമത്തിലേക്ക് മടങ്ങി. വിവാഹയോഗ്യതയുള്ള ചില ചെക്കന്മാരെ അവൾ കാണുകയുമുണ്ടായി. “മഹാവ്യാധിയുടെ കാലത്ത്, എന്റെ പ്രദേശത്തുള്ള, 21 വയസ്സിന് താഴെയുള്ള 30-ഓളം പെൺകുട്ടികളെ വിവാഹം കഴിച്ചയപ്പിച്ചു”

ജെവലിയിൽ പൊതുവെ പെൺകുട്ടികളെ ഉപരിപഠനത്തിനായി പ്രോത്സാഹിപ്പിക്കാറില്ലാത്തതിനാൽ, വിവാഹം വൈകിപ്പിക്കാനുള്ള കാരണമല്ല വിദ്യാഭ്യാസം. “എന്റെ ചെറിയ അനിയത്തിയുടെ വിവാഹം കഴിയുകയും ഞാൻ അവിവാഹിതയായി തുടരുകയും ചെയ്യുന്നതിനാൽ ആളുകളെ എന്നെ സംശയത്തോടെയാണ് കാണുന്നത്,” ആശ കൂട്ടിച്ചേർത്തു.

“വിദ്യാഭ്യാസത്തിനായി ഞാൻ എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം ഞാൻ സ്വയം ചെയ്യുന്നതാണ്,” ആശ പറഞ്ഞു. അവളുടെ ശബ്ദത്തിൽ നിരാശ നിഴലിച്ചിരുന്നു. ഉപരിപഠനം നേടുന്ന കുടുംബത്തിലെ ആദ്യത്തെ വ്യക്തിയായതിനാൽ, അവർക്ക് അവളെ വേണ്ടവിധത്തിൽ നയിക്കാനാവുന്നില്ല. അവളുടെ അച്ഛൻ ബൽ‌സിംഗ് ബാസ്സി 11-ആം ക്ലാസ്സുവരെയാണ് പഠിച്ചത്. അമ്മ വിമൽ 5-ആം ക്ലാസ്സുവരെയും. “ഇപ്പൊഴും എന്റെ വിദ്യാഭ്യാസത്തിൽനിന്ന് അവർ വലുതായിട്ടൊന്നും പ്രതീക്ഷിക്കുന്നില്ല, ഞാനൊരു പെൺകുട്ടിയായതുകൊണ്ട്,” പഠനമെന്നത്, ശാരീരികവും മാനസികവുമായ ഒരു സംഘർഷമായിട്ടുണ്ടെന്ന് കൂട്ടിച്ചേർത്തുകൊണ്ട് അവൾ പറഞ്ഞു.

“വീട്ടിലാരും എന്റെ പഠനവുമായി ഇടപെടാറില്ല,” ആശ പറഞ്ഞു. ‘നീ പഠിച്ചോളൂ, ഞാൻ പിന്തുണയ്ക്കാം’ എന്ന്, എന്റെ അമ്മ പറഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആശിക്കാറുണ്ട്.” എന്നാൽ തന്റെ വിദ്യാഭ്യാസത്തെ ഏറ്റവുമധികം വിമർശിക്കുന്നതും അമ്മയാണെന്ന് അവൾ സൂചിപ്പിച്ചു.

Asha in her college library (left). She has been inspired by the struggle of Savitribai Phule for women's right to education
PHOTO • Akshay Gadilkar
Asha in her college library (left). She has been inspired by the struggle of Savitribai Phule for women's right to education
PHOTO • Akshay Gadilkar

ആശ അവളുടെ കൊളേജ് ലൈബ്രറിയിൽ (ഇടത്ത്). സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി പൊരുതിയ സാവിത്രി ഫൂലെ അവളെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്

ജെവലിയിലെ ഏറ്റവുമടുത്ത കൊളേജ് 12 കിലോമീറ്റർ അകലെയുള്ള ബിട്ടർഗാംവ് ഗ്രാമത്തിലാണ്. “പെൺകുട്ടികൾ സ്കൂളിലേക്കും തിരിച്ചും ഒറ്റയ്ക്ക് പോവുന്നത് വീട്ടുകാർ ഭയപ്പെടുന്നു. അതിനാൽ പെൺകുട്ടികൾ സംഘമായാണ് സഞ്ചരിക്കുക,” ആശ പറഞ്ഞു. ശക്തമായ ഒരു വിദ്യാഭ്യാസ അടിസ്ഥാന പ്രവർത്തനം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ എങ്ങിനെ സഹായിക്കുമെന്ന് അടിവരയിടുകയായിരുന്നു ആശ. “ഒരു പെൺകുട്ടി പഠനം നിർത്തിയാൽ മറ്റ് അച്ഛനമ്മമാരും അവരുടെ മക്കളോട് പഠനം അവസാനിപ്പിക്കാൻ ആവശ്യപ്പെടാറുണ്ട്. കൂടെപ്പോവുന്നവരുടെ അംഗബലം കുറയുന്നതിലെ പേടി കാരണം.”

സ്കൂൾ പഠനത്തിനായി യവത്‌മാൽ നഗരത്തിലേക്കുള്ള പറിച്ചുനടൽ അത്ര എളുപ്പമായിരുന്നില്ലെന്ന് അവൾ ഓർത്തെടുത്തു. സ്കൂളിലെ അധ്യയന മാധ്യമമായ മറാത്തിയിൽനിന്ന് വ്യത്യസ്തമായിരുന്നു അവളുടെ മതുര ലഭാൻ നാട്ടുമൊഴി. ക്ലാസ്സുകൾ മനസ്സിലാക്കാനും, അവയിൽ പങ്കെടുക്കാനും തന്മൂലം ബുദ്ധിമുട്ട് നേരിട്ടു “എന്റെ സമുദായത്തിന്റെ ഭാഷ സംസാരിച്ചാൽ അവർ എന്നെ പരിഹസിക്കുമോ എന്ന് പേടിയുണ്ടായിരുന്നു,” ആശ പറഞ്ഞു.

ഈ ഭയം ആശയുടെ പഠനത്തിന്റെ പുരോഗതിയെ ബാധിച്ചു. “6-ആം ക്ലാസ്സുവരെ എനിക്ക് മറാത്തി അക്ഷരമാല മാത്രമേ എഴുതാൻ കഴിഞ്ഞിരുന്നുള്ളു. മുഴുവൻ വാചകം എഴുതാൻ അറിഞ്ഞിരുന്നില്ല. 5-ആം ക്ലാസ്സുവരെ, എനിക്ക് കുത്ര (നായ), മാഞ്ജർ (പൂച്ച) തുടങ്ങിയ അടിസ്ഥാനവാക്കുകൾ പോലും അറിയില്ലായിരുന്നു.”

എന്നാൽ 10-ആം ക്ലാസ്സിൽ, മഹാരാഷ്ട്ര സ്റ്റേറ്റ് ബോർഡ് സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ 79 ശതമാനം മാർക്ക് കിട്ടിയതോടെ തുടർന്ന് പഠിപ്പിക്കാൻ അമ്മാവനെ അവൾ പ്രേരിപ്പിച്ചു. 12-ആം ക്ലാസ്സിൽ അവൾക്ക് 63 ശതമാനം മാർക്ക് കിട്ടി.

ആശയുടെ വിദ്യാഭ്യാസ നേട്ടങ്ങൾ വലിയ കാര്യമായി ഇപ്പോഴും ചുറ്റുമുള്ളവർക്ക് തോന്നിയിട്ടില്ല. “മകൾ പട്ടണത്തിൽ ബിരുദപഠനം നടത്തുകയാണെന്ന് അഭിമാനത്തോടെ പറയാൻ ഇപ്പോഴും എന്റെ അച്ഛനമ്മമാർക്ക് കഴിയുന്നില്ല. കാരണം ഞങ്ങളുടെ സമുദായത്തിൽ ഇപ്പോഴും അത് വിലയുള്ള ഒരു കാര്യമല്ല.”

ചെറുപ്രായത്തിൽ വിവാഹിതരാവുമെന്ന് വരുന്നതോടെ പഠിക്കാനുള്ള എല്ലാ ആവേശവും പെൺകുട്ടികൾക്ക് നഷ്ടമാവുന്നു. “16 വയസ്സിലും മറ്റും വിവാഹം ചെയ്ത് അയക്കപ്പെടുമെന്ന് ഉറപ്പുള്ളപ്പോൾ, എന്തിനാണ് പെൺകുട്ടികൾ ബുദ്ധിമുട്ടി വിദ്യാഭ്യാസം നേടുന്നതെന്നാണ് അവർ ആലോചിക്കുന്നത്,” ആശ പറയുന്നു. പക്ഷേ അപ്പോഴും അവളുടെ അഭിലാഷങ്ങൾക്ക് കുറവില്ല. “വിദ്യാഭ്യാസമുള്ളതുകൊണ്ട് മാത്രമാണ് സുരക്ഷിതമായ ഭാവിയെക്കുറിച്ച് ഞാൻ സ്വപ്നം കാണുന്നത്,” എന്ന് പറയുകയാണ് വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ള ആ പെൺകുട്ടി.

Asha with Professor Ghanshyam Darane (left) who has been her mentor. ' Even though my relatives deem a degree in Social Work inferior, it has been very rewarding for me,' she says
PHOTO • Akshay Gadilkar
Asha with Professor Ghanshyam Darane (left) who has been her mentor. ' Even though my relatives deem a degree in Social Work inferior, it has been very rewarding for me,' she says
PHOTO • Akshay Gadilkar

തന്റെ ഗുരുവായ പ്രൊഫസ്സർ ഘൻശ്യാം ദരണെയോടൊപ്പം (ഇടത്ത്) ആശ. ‘സാമൂഹ്യപ്രവർത്തനത്തിൽ ഒരു ബിരുദമെന്നത് മോശപ്പെട്ട ഒരു കാര്യമായി എന്റെ ബന്ധുക്കൾ കാണുന്നുവെങ്കിലും എനിക്കത് വളരെ പ്രയോജനകരമായി തോന്നുന്നു,’ അവൾ പറഞ്ഞു

വായന, ആശ ആസ്വദിക്കുന്നുണ്ട്. സരിത അവ്ഹദ് എഴുതിയ ഹം‌രസ്ത നകർതാന, സുനിത ബാർദെ എഴുതിയ ഫിൻ‌ദ്രി തുടങ്ങിയ, സമൂഹത്തിലെ പാർശവത്കൃതരായ സ്ത്രീകളെക്കുറിച്ചുള്ള ചില പുസ്തകങ്ങളാണ് അവളുടെ പ്രിയപ്പെട്ടവ. സ്ത്രീ പഠനത്തിൽ ഒരു മാസ്റ്റർ ബിരുദം നേടണമെന്നതാണ് അവളുടെ ആഗ്രഹം. സോണിപട്ടിലെ അശോക യൂണിവേഴ്സിറ്റിയിൽ യംഗ് ഇന്ത്യാ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു ആശ.

യവത്‌മാൽ നഗരത്തിലേക്ക് മാറിയത്, അവളുടെ ആത്മവിശ്വാസത്തെ പൂർവ്വാധികം വളർത്തിയിട്ടുണ്ട്. “സാമൂഹ്യപ്രവർത്തനത്തിൽ ഒരു ബിരുദമെന്നത് മോശപ്പെട്ട ഒരു കാര്യമായി എന്റെ ബന്ധുക്കൾ കാണുന്നുവെങ്കിലും എനിക്കത് വളരെ പ്രയോജനകരമായി തോന്നുന്നു,” അവൾ പറഞ്ഞു. ജെവലിയിൽ, ആശയുടെ മതുര ലഭാൻ സമുദായക്കാരുടെ വീടുകൾക്ക് പൊതുവെ പറയുന്ന പേർ താണ്ടെ എന്നാണ്. പ്രധാന വാസകേന്ദ്രത്തിൽനിന്ന് അകലെയാണ് അവ സ്ഥിതി ചെയ്യുന്നത്. “ഈ ഒറ്റപ്പെടൽ കാരണം, ആധുനികവും പുരോഗമനപരവുമായ ചിന്തകളുമായി ബന്ധപ്പെടാൻ ഞങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നു,“ കൊളേജിലെ അവളുടെ അദ്ധ്യാപകർ, വിശേഷിച്ചും മറാത്തി പഠിപ്പിച്ച പ്രൊഫസ്സർ ഘൻ‌ശ്യാം ദരണെ അവളെ പ്രത്യേകം താത്പര്യമെടുത്ത് പഠിപ്പിച്ചു.

“സ്ത്രീകൾക്ക് ഒന്നും നേടാനാവില്ലെന്നൊരു വിശ്വാസമുണ്ട്. അത് എനിക്ക് മാറ്റണം,” സങ്കടത്തേക്കാളേറെ, രോഷത്തോടെ അവൾ പറഞ്ഞു. “ഒരു നല്ല നിലയിലെത്തിയാൽ, ഗ്രാമത്തിലേക്ക് തിരിച്ചുവന്ന്, പെൺകുട്ടികൾക്കായി എന്തെങ്കിലും പുരോഗമനപരമായ കാര്യങ്ങൾ ചെയ്യണമെന്നുണ്ട് എനിക്ക്. ഓടിയൊളിക്കാൻ എനിക്ക് താത്പര്യമില്ല.”

എന്നാൽ ആദ്യം അവൾക്ക് ചെയ്യാനുള്ളത്, വരാൻ പോകുന്ന വിവാഹ സീസണിൽ, വീട്ടിൽനിന്നുള്ള സമ്മർദ്ദത്തെ കൈകാര്യം ചെയ്യുക എന്നതാണ്. “പിടിച്ചുനിൽക്കാൻ എനിക്ക് നല്ല ശക്തി വേണ്ടിവരും.”

പരിഭാഷ: രാജീവ് ചേലനാട്ട്

Akshay Gadilkar

Akshay Gadilkar is currently pursuing his Master’s Degree in Development Studies at Tata Institute of Social Sciences, Mumbai.

Other stories by Akshay Gadilkar
Editor : Dipanjali Singh

Dipanjali Singh is an Assistant Editor at the People's Archive of Rural India. She also researches and curates documents for the PARI Library.

Other stories by Dipanjali Singh
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat