മോൺപ വിവാഹങ്ങൾക്ക് പാടിക്കഴിഞ്ഞ് മടങ്ങുമ്പോൾ, പ്രതിഫലമായി കർചുംഗിന് പാചക ചെയ്ത ഒരു ആട്ടിൻകാൽ ലഭിക്കുന്നു. വിവാഹത്തിനെ ആർഭാടമാക്കുന്നത്, അദ്ദേഹത്തിന്റെ പാട്ടാണെന്ന് ആളുകൾ കരുതുന്നു. പെണ്ണിന്റെ വീട്ടുകാരാണ് അദ്ദേഹത്തെ ക്ഷണിക്കുന്നത്.
മോൺപ സമുദായത്തിലെ രണ്ട് അംഗങ്ങൾ വിവാഹത്തിന് സമ്മതിച്ചുകഴിഞ്ഞാൽ, രണ്ട് ദിവസത്തെ ആചാരം അവർ അനുഷ്ഠിക്കാൻ തുടങ്ങും. ചെക്കൻ പെണ്ണിന്റെ വീട്ടിൽ പോവുന്നതോടെയാണ് അത് ആരംഭിക്കുക. അവിടെ കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് ഒപ്പിടുകയും, നാടൻ വാറ്റായ ആര സേവിക്കുകയും ആടിപ്പാടുകയും ചെയ്യുന്നു. ഇവിടെയാണ്, യാതൊരു സംഗീതോപകരണത്തിന്റേയും അകമ്പടിയില്ലാതെ കാർചുംഗ് ഗാനമാലപിക്കുക. ' പിറ്റേന്ന്, വരൻ വധുവുമായി വീട്ടിലേക്ക് മടങ്ങുന്നു.
കാർചുംഗിന്റെ യഥാർത്ഥ പേര് റിൻചിൻ താഷി എന്നാണെങ്കിലും ‘കാർചുംഗ്’ എന്ന വിളിപ്പേര് വേഗം പതിഞ്ഞു. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെംഗ് ജില്ലയിലെ ചാംഗ്പ റോഡിൽ ഒരു ചെറിയ പലചരക്കുകട നടത്തുകയാണ് അദ്ദേഹം. ജോലി ചെയ്യുമ്പോൾ പശ്ചാത്തലമായി അദ്ദേഹം കേട്ടുകൊണ്ടിരിക്കുന്ന റേഡിയോയിൽനിന്നുള്ള പ്രചാരമുള്ള ഹിറ്റ് പാട്ടുകൾ, അദ്ദേഹത്തിന്റെ സംഗീതാഭിരുചിയുടെ തെളിവാണ്. "ആരയെ"ക്കുറിച്ചും പാടാൻ കാർചുംഗിന് സാധിക്കും. “കൃഷി ചെയ്യുമ്പോഴും കൂട്ടുകാരൊത്ത് സൊറ പറഞ്ഞിരിക്കുമ്പോഴും ഞാനത് പാടാറുണ്ട്,” അദ്ദേഹം പറയുന്നു.
53 വയസ്സുള്ള അദ്ദേഹം ഭാര്യ പേം ജോംബയോടൊപ്പമാണ് കഴിയുന്നത്. വീട്ടിൽ അവരാണ് ‘ബോസ്’ എന്ന് അദ്ദേഹം പറയുന്നു. വളക്കൂറുള്ള താഴ്വരയിൽ അവർക്ക് സ്വന്തമായുള്ള ഒരേക്കർ ഭൂമി കൃഷി ചെയ്യുന്നത് അവരാണ്. “ഞങ്ങൾ അരി, ചോളം, വഴുതനങ്ങ, കയ്പ്പക്ക, കടുക് ഇല, സവാള, കോളിഫ്ലവർ എന്നിവയൊക്കെ കൃഷി ചെയ്യുന്നു,” അദ്ദേഹം പറയുന്നു. കൃഷി ചെയ്യുന്നതിലധികവും സ്വന്തമാവശ്യത്തിന് കുടുംബം ഉപയോഗിക്കാറുണ്ടെങ്കിലും ബാക്കി വരുന്നത്, ദിരാംഗ് ബ്ലോക്കിലെ റാമ ക്യാമ്പിലെ ആഴ്ചച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്നു.





