രാത്രിയും പകലും തീയുടെ നടുവിലാണ് ഗോകുലിന്റെ ജോലി. ഇരുമ്പ് ചുട്ടുപഴുപ്പിച്ച്, പതം വരുത്തി അയാൾ ആകൃതി വരുത്തുന്നു. തീപ്പൊരി വീൺ, തുണിയിലും ഷൂസിലും ചെറുതും വലുതുമായ സുഷിരങ്ങൾ വീണിട്ടുണ്ട്. ഇന്ത്യൻ സമ്പദ്‌രംഗത്തിന്റെ ചക്രം ചലിപ്പിക്കുന്ന അയാളുടെ കഠിനാദ്ധ്വാനത്തിന്റെ പങ്കിന്റെ തെളിവുകളാണ് അയാളുടെ കൈകളിൽ പൊള്ളൽപ്പാടുകൾ.
“അതെന്ത് സാധനമാണ്?" ബഡ്ജറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള അയാളുടെ മറുചോദ്യമായിരുന്നു അത്.
പാർലമെന്റിൽ ബഡ്ജറ്റ് പാസ്സാവുകയും രാജ്യമൊട്ടാകെ അത് സംപ്രേഷണം നടത്തുകയും ചെയ്തിട്ട് 48 മണിക്കൂർ തികഞ്ഞിരുന്നില്ല. എന്നാൽ, ബാഗ്‌രിയയിലെ ഒരു നാടോടിയായ ഇരുമ്പുപണിക്കാരൻ ഗോകുലിനെ സംബന്ധിച്ചിടത്തോളം ഒന്നിനും ഒരു മാറ്റവുമുണ്ടായിട്ടില്ല.
“നോക്കൂ, ആരും ഞങ്ങൾക്കുവേണ്ടി ഒന്നും ചെയ്ത് തന്നിട്ടില്ല. ഏകദേശം 700-800 കൊല്ലങ്ങൾ ഇതുപോലെ കടന്നുപോയിട്ടുണ്ട്. ഞങ്ങളുടെ എത്രയോ തലമുറകൾ പഞ്ചാബിലെ മണ്ണിൽ മറവ് ചെയ്യപ്പെട്ടിരിക്കുന്നു. ഞങ്ങൾക്കാരും ഒന്നും തന്നിട്ടില്ല,” നാൽപ്പതുകളിലെത്തിയ ആ കൊല്ലപ്പണിക്കാരൻ പറയുന്നു.
പഞ്ചാബിലെ മൊഹാലി ജില്ലയിലെ മോലി ബൈദ്‌വാൻ ഗ്രാമത്തിന്റെ പുറമ്പോക്കിൽ താത്ക്കാലികമായി കെട്ടിയ ഒരു കൂരയിൽ തങ്ങുകയായിരുന്നു ഗോകുൽ. തങ്ങളുടെ വംശത്തിന്റെ വേരുകൾ രാജസ്ഥാനിലെ ചിറ്റോർഗറിലാണെന്ന് വിശ്വസിക്കുന്ന അയാളും അയാളുടെ ഗോത്രക്കാരും ഇപ്പോൾ ഇവിടെയാണ് തത്ക്കാലത്തേക്ക് തങ്ങുന്നത്.
“അവർ ഇനി എന്ത് തരും?,” അയാൾ അത്ഭുതപ്പെടുന്നു. ഗോകുലിനെപ്പോലുള്ളവർക്ക് സർക്കാർ ഒന്നും കൊടുക്കുന്നുണ്ടാവില്ല. എന്നാൽ, താൻ വാങ്ങുന്ന ഓരോ ഇരുമ്പ് കഷണങ്ങൾക്കും അയാൾ 18 ശതമാനം നികുതിയായി സർക്കാരിന് കൊടുക്കുന്നുണ്ട്. തന്റെ ആലയിൽ ഉപയോഗിക്കുന്ന കൽക്കരിക്ക് അഞ്ച് ശതമാനവും. ചുറ്റികയും അരിവാളുമടക്കമുള്ള അയാളുടെ പണിയായുധങ്ങൾക്കും, കഴിക്കുന്ന ഓരോ തരി ധാന്യത്തിനും അയാൾ സർക്കാരിന് നികുതി കൊടുക്കുന്നുണ്ട്.
പരിഭാഷ : രാജീവ് ചേലനാട്ട്