ബർഹ്വാർ ഗ്രാമത്തിലെ സുരേഷ് കോലി ചന്ദേരി തുണി നെയ്താണ് ജീവിക്കുന്നത്. കോലി പറയുന്നു “എന്‍റെ പക്കലുണ്ടായിരുന്ന നൂലെല്ലാം തീർന്നിരിക്കുന്നു. ഒപ്പം പണവും. ഞാൻ നെയ്തുവച്ചിരിക്കുന്ന സാരികൾ സേട്ടിന് കൊടുക്കാനും കഴിയുന്നില്ല. ലോക്ക്ഡൗൺതന്നെ കാരണം”

കോവിഡ്-19 ലോക്ക്ഡൗൺ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും സുരേഷ് കോലി തന്‍റെ പക്കൽ അവശേഷിച്ച അവസാനത്തെ പിടി നൂലും നെയ്ത് കഴിഞ്ഞിരുന്നു. നെയ്ത് പൂർത്തിയാക്കിയ മൂന്ന് സാരികൾ 31-കാരനായ കോലിയുടെ കൈവശമുണ്ട്. പ്രാൺപൂർ ഗ്രാമത്തിലെ ചന്ദേരി തുണിവ്യാപാരിയായ ആനന്ദിലാലിന് അവ എത്തിച്ചുകൊടുക്കാൻ അയാൾക്ക് കഴിയുന്നില്ല.

ഉത്തർപ്രദേശിലെ ലളിത്പുർ ജില്ലയിൽ ബെട്വാ നദിയിലെ രാജ്ഘട്ട് അണക്കെട്ടിനടുത്താണ് ഈ നെയ്ത്തുകാരന്‍റെ സ്വദേശം. നദിയുടെ മറുകരയിലെ ചന്ദേരി നഗരം അതേ പേരിലുള്ള കൈത്തറിത്തുണിയുടെ നിർമ്മാണകേന്ദ്രമാണ്.  മദ്ധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലുള്ള ചന്ദേരി നഗരത്തിനടുത്തുതന്നെയാണ് സേട്ടിന്‍റെ ഗ്രാമമായ പ്രാൺപൂർ.

ബുർഹ്വാറും ചന്ദേരിയും തമ്മിൽ റോ‍ഡ് മാർഗം 32 കിലോമീറ്റർ ദൂരമുണ്ട്. ഉത്തർ പ്രദേശിനും മദ്ധ്യ പ്രദേശിനും ഇടയ്ക്കുള്ള അതിർത്തി, ബാരിക്കേ‍ഡുകളുയർത്തി പൊലീസ് തടഞ്ഞിരിക്കുകയാണ്. ഈ ബാരിക്കേ‍ഡുകളാണ് സുരേഷിന് ആനന്ദിലാലിനടുത്തെത്താൻ കഴിയാത്തതിന്‍റെ കാരണം. “എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. ദൽഹിയിൽനിന്ന് സ്വദേശത്തേക്ക് മടങ്ങിവന്നവരെയെല്ലാം പോലീസ് പിടിച്ചുകൊണ്ടുപോയി. ഞങ്ങളുടെ ഗ്രാമത്തിൽ എങ്ങനെയാണ് ഈ രോഗം വരിക? പക്ഷേ സർക്കാർ ഞങ്ങളുടെ ജില്ലയിലും ലോക്ക‍്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ഞങ്ങളുടെ ജീവിതം താറുമാറായി” സുരേഷ് പറയുന്നു.

പൂർത്തിയായ മൂന്ന് സാരികൾക്കായി 5,000 രൂപ സുരേഷ് ആനന്ദിലാലിനോട് ആവശ്യപ്പെട്ടിരുന്നു. “അദ്ദേഹം 500 രൂപ കൊടുത്തയച്ചു. കമ്പോളം പൂർവസ്ഥിതിയിലായിട്ടുമാത്രമേ മുഴുവൻ തുക നൽകാൻ കഴിയൂ എന്നാണ് സേട്ട് പറയുന്നത്” സുരേഷ് കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണിന് മുമ്പ് സ്ഥിതി വ്യത്യസ്തമായിരുന്നു. പരുത്തിനൂലും പട്ടുനൂലും സാരിക്കാവശ്യമായ മറ്റ് അസംസ്കൃതവസ്തുക്കളും സാരിയുടെ ഡിസൈനും സേട്ട് തന്നെയാണ് സുരേഷിന് നൽകിയിരുന്നത്. സാരി, ദുപ്പട്ട, മറ്റ് വിവിധ തുണിത്തരങ്ങൾ എന്നിവ നെയ്യാനായി സുരേഷിനെ ഏൽപിക്കുമ്പോൾത്തന്നെ ഓരോ ജോലിയുടെയും നിരക്ക് നിശ്ചയിച്ചിരുന്നു. നെയ്ത്ത് പൂർത്തിയാക്കി തുണി കൈമാറുമ്പോൾ തന്നെ പണം ലഭിച്ചിരുന്നു.

Suresh and Shyambai Koli had steady work before the lockdown. 'I enjoy weaving. Without this, I don’t know what to do,' says Suresh
PHOTO • Astha Choudhary
Suresh and Shyambai Koli had steady work before the lockdown. 'I enjoy weaving. Without this, I don’t know what to do,' says Suresh
PHOTO • Mohit M. Rao

ലോക്ക്ഡൗണിന് മുമ്പ് സുരേഷ് കോലിക്കും ശ്യാമാബായി കോലിക്കും സ്ഥിരമായി പണി ലഭിച്ചിരുന്നു. ‘ഞാൻ നെയ്ത്ത് ആസ്വദിക്കുന്നു. ഇതില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല’ സുരേഷ് പറയുന്നു

നെയ്ത്തുകാരും കച്ചവടക്കാരും പിന്തുടർന്നിരുന്ന ഈ രീതികളെല്ലാം ലോക്ക്ഡൗൺ വന്നതോടെ തകിടം മറിയുകയായിരുന്നു. ഏപ്രിൽ ആരംഭമായപ്പോഴേക്കും സുരേഷിന്‍റെ കൈവശമുണ്ടായിരുന്ന നൂലും മറ്റും തീർന്നു. കുടുംബത്തിന് കഴിഞ്ഞുകൂടാള്ള പണം പോലും കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അവസ്ഥയായതോടെ പരിഭ്രാന്തനായ സുരേഷ് നിരന്തരം സേട്ടിനെ ഫോൺ ചെയ്യാൻ തുടങ്ങി. ഒടുവിൽ ഏപ്രിൽ 27-ന് ബാരിക്കേഡിനടുത്തുവെച്ച് സുരേഷിനെ നേരിൽ കാണാമെന്ന് സേട്ട് സമ്മതിച്ചു. മേയ് അവസാനത്തോടെ സാരി നെയ്ത് നൽകാമെന്ന ഉറപ്പിൽ അതിനാവശ്യമായ നൂലും അഡ്വാൻസായി 4,000 രൂപയും അയാൾ സുരേഷിന് നൽകി. ബാക്കി പണം പിന്നീട് നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

സുരേഷും കുടുംബവും കോലി (അഥവാ കോരി) സമുദായത്തിൽപ്പെട്ടവരാണ്. പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട ഈ സമുദായം പരമ്പരാഗതമായി നെയ്ത്തുകാരാണ്. 14 വർഷങ്ങൾക്ക് മുമ്പ് സ്വന്തം പിതാവിൽനിന്നാണ് സുരേഷ് നെയ്ത്ത് പഠിച്ചത്. ചന്ദേരി നഗരത്തിലും സമീപപ്രദേശത്തുമുള്ള നെയ്ത്തുകാരിൽ ഭൂരിഭാഗവും കോലി സമുദായത്തിലോ മുസ്ലീം ഒ.ബി.സി വിഭാഗമായ അൻസാരി സമുദായത്തിലോ ഉൾപ്പെട്ടവരാണ്.

2019 ഡിസംബറിലാണ് ഞങ്ങൾ സുരേഷ് കോലിയെ കണ്ടത്. തറിയിൽ അയാളുടെ കൈകൾ മുകളിലേക്കും താഴേക്കും ഇരുവശങ്ങളിലേക്കും താളാത്മകമായി ചലിച്ചുകൊണ്ടിരുന്നു. പരുത്തിയും പട്ടും ഊടും പാവുമായി നെയ്തുവരുമ്പോൾ അയാളുടെ കരചലനങ്ങൾ പിയാനോ വായിക്കുന്ന സംഗീതജ്ഞനെ അനുസ്മരിപ്പിച്ചു. ലോക്ക്ഡൗണിന് മുമ്പ് ദിവസവും 10 മണിക്കൂർവരെ സുരേഷ് ജോലി ചെയ്തിരുന്നു. കൂടുതൽ പണി തീർക്കാനുണ്ടെങ്കിൽ 14 മണിക്കൂർവരെ ജോലി ചെയ്ത ദിവസങ്ങളുമുണ്ട്.

ഡീഗമ്മിംഗ് പ്രക്രിയക്ക് വിധേയമാക്കാത്ത പട്ടുനൂലിന്‍റെ ഉപയോഗമാണ് ചന്ദേരി തുണിത്തരങ്ങൾക്ക് പ്രത്യേകമായ നേർമ്മ നൽകുന്നത്. പലതരം തുണിത്തരങ്ങൾ ഇവിടെ നെയ്തെടുക്കുന്നുണ്ടെങ്കിലും ചന്ദേരി സാരിയാണ് ഇതിൽ പ്രസിദ്ധം. കണ്ണിന് ഇമ്പമുള്ള നിറവും പട്ടിന്‍റെ ശോഭയും സ്വർണബോർഡറും പ്രത്യേകമായ അലങ്കാരങ്ങളും ഈ സാരിയുടെ മാറ്റ് കൂട്ടുന്നു. 500 വർഷത്തിലേറെയായി ചന്ദേരിയിൽ സാരി നെയ്യുന്നുണ്ട്. 2005-ൽ ഭൌമസൂചികാപദവി (ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ) സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ചന്ദേരി എന്ന പേര് സാരിയുടെ പേരിന്‍റെ ഭാഗമായിത്തീർന്നു.

വീഡിയോ കാണാം: കോവിഡ് 19-ൽ കുടുങ്ങിപ്പോയ ചന്ദേരി നെയ്ത്തുകാ

ചന്ദേരി നഗരത്തിൽ വ്യാപാരം നിശ്ചലമാണ്. എന്തെങ്കിലും തുക പ്രതിഫലം കിട്ടാനായി സേട്ടുമാരോട് കെഞ്ചേണ്ട ഗതികേടിലാണ് നെയ്ത്തുകാ‍ർ. ചില്ലറ വ്യാപാരത്തിന് ആവശ്യക്കാർ കുറഞ്ഞതിന്‍റെ ദുരിതം അവരാണ് അനുഭവിക്കുന്നത്

ഒരു സാധാരണ സാരി നെയ്തെടുക്കാൻ നാലുദിവസം വേണ്ടിവരുമെന്ന് സുരേഷ് പറയുന്നു. എന്നാൽ സാരി ബട്ടി (കൈകൊണ്ട് തുന്നിയ കസവ് ചിത്രപ്പണികൾ) കൂടിയുള്ള മുന്തിയ ഇനം സാരി നെയ്യാൻ 8 മുതൽ 30 ദിവസംവരെ വേണ്ടിവരും. ഓരോ സാരിയും നെയ്യാൻ ഒരേ താളത്തിൽ, മണിക്കൂറുകൾ നീളുന്ന ശ്രദ്ധാപൂർവമായ പരിശ്രമം ആവശ്യമാണ്.

കോവിഡിന് മുമ്പ് വർഷം മുഴുവൻ സുരേഷിന് പണി ലഭിച്ചിരുന്നു. ജൂൺ അവസാനം മുതൽ ഓഗസ്റ്റ് അവസാനംവരെ നീളുന്ന മൺസൂൺ കാലത്ത് ഈർപ്പംമൂലം പരുത്തിനൂൽ വീർത്തുവരും. അതിനാൽ ആ സമയത്ത് മാത്രം തുണി നെയ്യാൻ കഴിയില്ല. “മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ശ്രമകരമായ പ്രവൃത്തിയാണിത്. പക്ഷേ നെയ്ത്ത് ഞാൻ ആസ്വദിച്ച് ചെയ്യുന്ന ജോലിയാണ്. അതാണെനിക്ക് അന്നവും ജീവിതമാർഗവും തരുന്നത്. ഇതില്ലെങ്കിൽ പിന്നെ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. കൃഷി ചെയ്ത് ജീവിക്കാൻ ഞങ്ങൾക്ക് ഭൂമിയില്ല. ഈ പ്രതിസന്ധി ഘട്ടം മുറിച്ചുകടക്കാനാവശ്യമായ സമ്പാദ്യവും ഞങ്ങൾക്കില്ല” സുരേഷ് പറയുന്നു.

നെയ്ത തുണിയുടെ കമ്പോളവിലയുടെ 20-30 ശതമാനമാണ് ചന്ദേരി നെയ്ത്തുകാർക്ക് പ്രതിഫലമായി ലഭിക്കുന്നത്. സാധാരണ പല്ലു ഉള്ള ഒരു സാധാരണ സാരി 2,000 രൂപക്കാണ് സേട്ട് വ്യാപാരികൾക്ക് വിൽക്കുന്നത്. അതിന് സുരേഷിന് 600 രൂപ ലഭിക്കും. നാല് ദിവസത്തെ അദ്ധ്വാനത്തിന്‍റെ ഫലമാണത്. സുരാഷ് നെയ്യുന്ന മിക്ക സാരികളുടെയും മൊത്തവ്യാപാരവില ഏതാണ്ട് 5,000 രൂപയാണ്. ഇതിന് എട്ടുദിവസം പണിയെടുക്കേണ്ടി വരും. സങ്കീർണമായ ബട്ടി വർക്കുള്ള സാരികൾ നെയ്യാൻ ഒരുമാസം സമയം വേണം. വില 20,000 വരും. ചില സാരികൾക്ക് നെയ്ത്തുകാരന് 12,000 രൂപ വരെ പ്രതിഫലം ലഭിക്കും. ബുർഹ്വാറിൽ സുരേഷിന്‍റെ വീട്ടിൽ രണ്ട് കൈത്തറികളുണ്ട്. സുരേഷും ഭാര്യ ശ്യാമാബായിയും അഞ്ച് വയസ്സുള്ള മകളും സുരേഷിന്‍റെ അമ്മ ചാമുബായിയും താമസിക്കുന്ന വീട്ടിന്‍റെ ഒരു മുറി മുഴുവൻ നിറഞ്ഞുനിൽക്കുകയാണ് ഈ തറികൾ.

സ്ഥിരമായി ഓർഡറുകൾ കിട്ടിക്കൊണ്ടിരിക്കുമ്പോൾ രണ്ട് തറികളും ഒരേ താളത്തിൽ ചലിച്ചുകൊണ്ടിരിക്കും. എന്നും സാരികൾ നെയ്തുകൊണ്ടിരിക്കും. സുരേഷ് ഉപയോഗിക്കുന്ന തറി അയാളുടെ അച്ഛൻ വാങ്ങിയതാണ്. രണ്ടാമത്തെ തറിയിൽ ശ്യാമാബായിയാണ് പണിയെടുക്കുന്നത്. ഇരുവരും ചേർന്ന് പ്രതിമാസം 10,000 -15,000 രൂപ സമ്പാദിക്കുന്നു.

Left: A design card for a  zari butti, given to Suresh by the seth to weave. Right: The two looms in Suresh and Shyambai's home face each other
PHOTO • Astha Choudhary
Left: A design card for a  zari butti, given to Suresh by the seth to weave. Right: The two looms in Suresh and Shyambai's home face each other
PHOTO • Astha Choudhary

ഇടത്ത്: സാരിയിൽ തുന്നിച്ചേർർക്കാനായി സേട്ട് സുരേഷിന് നൽകിയ ഡിസൈൻ. വലത്ത്: സുരേഷിന്‍റെയും ശ്യാമാബായിയുടെയും വീട്ടിലെ രണ്ട് തറികൾ

ചന്ദേരിയിൽ നെയ്ത്തുകാരുടെ ഒരു കുടുംബത്തിലാണ് ശ്യാമാബായി വളർന്നത്. സ്വന്തം പിതാവിൽനിന്നും സഹോദരനിൽനിന്നുമാണ് അവർ നെയ്ത്തിന്‍റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. “സുരേഷിനെ വിവാഹം കവിച്ച് ഞാനിവിടെയെത്തുമ്പോൾ ഒരു തറി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അദ്ദേഹത്തെ സഹായിച്ചിരുന്നു. പക്ഷേ ഞങ്ങൾക്ക് വരുമാനം വളരെ കുറവായിരുന്നു രണ്ടുവർഷം മുമ്പ് 50,000 രൂപ കടമെടുത്താണ് എനിക്കുവേണ്ടി പുതിയ തറി വാങ്ങിയത്. അതുവഴി ഞങ്ങൾക്ക് കൂടുതൽ സാരികൾ നെയ്യാൻ കഴിഞ്ഞു” ശ്യാമാബായി പറയുന്നു. നെയ്ത്തുകാർക്കുള്ള ഒരു പ്രത്യേക പദ്ധതിയിലാണ് അവർ വായ്പ എടുത്തത്. പ്രതിമാസം 1,100 രൂപ ബാങ്കിന് വായ്പാ തിരിച്ചടവുണ്ട്.

സേട്ടിന്‍റെ ഭാഗത്തുനിന്ന് ഓർഡറുകൾ കുറയുന്ന സമയത്ത് ശ്യാമാബായി ചാമുബായിയോടൊപ്പം തെണ്ടു ഇലകൾ ശേഖരിക്കാനായി പോകും. ബീഡിതെറുപ്പാണ് ചാമുബായിയുടെ ജോലി. 1,000 ബീഡി തെറുക്കുന്നതിന് 110 രൂപ കൂലി കിട്ടും. ലോക്ക്ഡൗണായതോടെ അവരുടെ വരുമാനവും നിലച്ചു. ചന്ദേരി നഗരത്തിൽ എല്ലാ വ്യാപാരികളും പ്രതിസന്ധിയിലാണ്. ചെറിയൊരു തുകയെങ്കിലും പ്രതിഫലം കിട്ടാനായി നെയ്ത്തുകാർ സേട്ടുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുന്നു. ചില്ലറക്കച്ചവടം സ്തംഭിച്ചതോടെ നെയ്ത്തുകാരുടെ ജീവിതം പ്രതിസന്ധിയിലായി. മിക്ക നെയ്ത്തുകാരും വ്യാപാരികൾക്കോ വലിയ തോതിൽ നെയ്ത്തും വ്യാപാരവും നടത്തുന്നവർക്കോവേണ്ടി പണിയെടുക്കുന്നവരാണ്.

ചന്ദേരിയിലെ മറ്റൊരു നെയ്ത്തുകാരനാണ് 33 വയസ്സുള്ള പ്രദീപ് കോലി. അയാളുടെ പ്രതിഫലം കുറയ്ക്കുകയാണെന്ന് ഏപ്രിൽ പകുതിയോടെ സേട്ട് അയാളെ അറിയിച്ചു. “മഹോൾ (അന്തരീക്ഷം) മെച്ചപ്പെടുന്നതുവരെ” അയാളുടെ കൂലി ആഴ്ച തോറും 1,500 രൂപയിൽ നിന്ന് 1,000 രൂപയായി കുറയ്ക്കുമെന്നായിരുന്നു സേട്ട് അയാളെ അറിയിച്ചത്. “ഞങ്ങൾ ഒരുപാട് തർക്കിച്ചു. ഒടുവിൽ പുതുതായി നൽകുന്ന ഓർഡറുകൾക്ക് മാത്രമേ കൂലി കുറയ്ക്കൂ എന്നും നേരത്തേയുള്ള ഓർഡറുകൾക്ക് പഴയ കൂലിതന്നെ തരാമെന്നും അയാൾ സമ്മതിച്ചു. പക്ഷേ ഇതേ അവസ്ഥ തുടർന്നാൽ ഞങ്ങൾ വലിയ പ്രതിസന്ധിയിലാകും” പ്രദീപ് പറയുന്നു.

ലോക്ക്ഡൗൺ കാലത്ത് സൗജന്യമായി റേഷൻ നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ചന്ദേരിയിലെ നെയ്ത്തുകാർക്ക് ഏപ്രിലിൽ 10 കിലോ അരി മാത്രമാണ് ലഭിച്ചത്. “നഗർപാലിക അധികൃതർ ഞങ്ങളുടെ മൊഹല്ല സന്ദർശിച്ചിരുന്നു. ദാൽ, അരി, ആട്ട (ഗോതമ്പ് പൊടി) എന്നിവ അടങ്ങുന്ന റേഷൻ നൽകാമെന്നാണ് അവർ ഞങ്ങൾക്ക് വാഗ്ദാനം നൽകിയത്. എന്നാൽ യഥാർത്ഥത്തിൽ അവർ അരി മാത്രമാണ് ഞങ്ങൾക്ക് തന്നത്”. ദീപ് കുമാർ പറയുന്നു. 42 വയസുള്ള ദീപ് കുമാർ 24 വർഷമായി നെയ്ത്ത് ജോലി ചെയ്തുവരുന്നു. റേഷനായി ലഭിക്കുന്ന സാധനങ്ങൾ ആറുപേരടങ്ങുന്ന തന്‍റെ കുടുംബത്തിന് വളരെ ശ്രദ്ധാപൂർവം അയാൾ പങ്കുവെക്കുന്നു. “മുമ്പൊക്കെ ചായയിൽ പഞ്ചസാര ഇടുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിച്ചിക്കേണ്ട കാര്യമില്ലായിരുന്നു. എന്നും ഗോതമ്പ് റോട്ടി കഴിക്കാൻ സാധിക്കില്ലെന്നും ഞാൻ ചിന്തിച്ചിട്ടേയില്ല” അയാൾ പറയുന്നു.

A weaver (left) who works for Aminuddin Ansari. Chanderi weavers are finding it difficult to get raw materials and to earn money now
PHOTO • Aminuddin Ansari
A weaver (left) who works for Aminuddin Ansari. Chanderi weavers are finding it difficult to get raw materials and to earn money now
PHOTO • Aminuddin Ansari

അൻസാരിക്കുവേണ്ടി പണിയെടുക്കുന്ന മുഹമ്മദ് റയിസ് മുസാവർ (ഇടത്ത്) എന്ന നെയ്ത്തുകാരൻ. ചന്ദേരിയിലെ നെയ്ത്തുകാർ നെയ്ത്തുസാധനങ്ങളും കൂലിയും കിട്ടാതെ കഷ്ടപ്പെടുകയാണ്

ദീപ് കുമാറിന്‍റെ വീട്ടിൽ രണ്ട് തറികളുണ്ട്. അയാളുടെ സഹോദരനാണ് രണ്ടാമത്തെ തറി പ്രവർത്തിപ്പിക്കുന്നത്. നൂല് തീർന്നുപോയത് കാരണം അയാളുടെ തറികൾ ഇന്ന് നിശ്ചലമാണ്. ലോക്ക്ഡൗണിന് മുമ്പ് ഈ കുടുംബത്തിന് ആഴ്ചതോറും 4,500 രൂപ വരുമാനം ലഭിച്ചിരുന്നു. ഇന്നത് 500 രൂപയായി കുറഞ്ഞിരിക്കുന്നു. “എല്ലാശനിയാഴ്ചയും ഞാൻ കൂലി വാങ്ങാനായി സേട്ടിനെ സമീപിക്കും. ബുധനാഴ്ചയോടെ എന്‍റെ കീശ കാലിയാകും” കുമാ‍ർ പറയുന്നു.

“യന്ത്രത്തറി വ്യാപകമായതോടെ ചന്ദേരി സാരികൾക്ക് ആവശ്യക്കാർ കുറഞ്ഞു. എന്നാലും ഞങ്ങൾ പിടിച്ചുനിന്നു. പക്ഷേ ഇപ്പോഴത്തെ പ്രതിസന്ധി എനിക്ക് മനസിലാക്കാനേ കഴിയുന്നില്ല. നൂല് കിട്ടാനില്ല, ആവശ്യക്കാരില്ല, പണവുമില്ല” തുൾസീറാം കോലി പറയുന്നു. അയാൾ നെയ്ത്ത് ജോലി ആരംഭിച്ചിട്ട് 50 വ‌ർഷം കഴിഞ്ഞു. 1985ൽ അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിച്ചു. ചന്ദേരിയിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ ആറ് തറികളുണ്ട്. അയാൾക്കും ഭാര്യക്കും ഒപ്പം രണ്ട് ആൺമക്കളും അവരുടെ ഭാര്യമാരും ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്.

അശോക് നഗർ ജില്ലയിൽ ഇതുവരെ കോവിഡ്-19 രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ലോക്ക്ഡൗൺ കഴിഞ്ഞാലും ഇവരുടെ ജീവിതം പൂർവസ്ഥിതിയിലാവാൻ ഏറെ സമയം വേണ്ടിവരും.

“അടുത്ത 6-7 മാസത്തേക്ക് പുതിയ ഓർഡറുകൾ കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ല. അതു കഴിഞ്ഞാലും വലിയ പ്രതിസന്ധിയായിരിക്കും. കൈത്തറി സാരി വാങ്ങാൻ ആളുകളുടെ കൈയിൽ പണമുണ്ടാകില്ല. വില കുറഞ്ഞ പവർലൂം സാരികൾക്കായിരിക്കും ആവശ്യക്കാരുണ്ടാവുക” അമീനുദ്ദീൻ അൻസാരി പറയുന്നു. ചന്ദേരി നഗരത്തിലെ വ്യാപാരിയായ അമീനുദ്ദീൻ നൂറോളം നെയ്ത്തുകാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ലോക്ക്ഡൗണിന് മുമ്പ് ഓരോ മാസവും 8-9 ലക്ഷം രൂപയുടെ ഓർഡർ അയാൾക്ക് ലഭിച്ചിരുന്നു. ദൽഹിയിലെ ഷോറൂമുകളും വലിയ തുണിക്കമ്പനികളും അയാളുടെ ഇടപാടുകാരായിരുന്നു. നൂലും മറ്റും വാങ്ങാനായി അഡ്വാൻസ് നൽകാനും അവർ തയ്യാറായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ പല നെയ്ത്തുകാരും നെയ്ത്തുപേക്ഷിച്ച് ദിവസക്കൂലിക്ക് പണിയെടുക്കാൻ പോയേക്കുമെന്ന് അമീനുദ്ദീൻ കരുതുന്നു. കാരണം അവിടെ അവർക്ക് കൂടുതൽ വരുമാനം ലഭിക്കും.

PHOTO • Aminuddin Ansari

തുണിയുടെ നേർമ്മയും പട്ടിന്‍റെ തിളക്കവും ചിത്രപ്പണികളും ചന്ദേരി സാരിയുടെ മാറ്റ് കൂട്ടുന്നു. എന്നാൽ ലോക്ക്ഡൗൺ ആയതോടെ വിൽപന ഇല്ലാതായിരിക്കുന്നു

ഷോറൂമുകളും വലിയ കമ്പനികളും ഓർഡറുകൾ റദ്ദാക്കാൻ തുടങ്ങിയിരിക്കുകയാണ്. സുരേഷിന്‍റെ സേട്ടായ ആനന്ദിലാലിനോടൊപ്പം 120 നെയ്ത്തുകാർ ജോലി ചെയ്യുന്നുണ്ട്. മുൻകാലങ്ങളിൽ വലിയ കമ്പനികളുടെയും ഷോറൂമുകളുടെയും പ്രതിനിധികൾ നേരിട്ടുവന്നാണ് ഓർഡർ നൽകിയിരുന്നതെന്ന് ആനന്ദിലാൽ പറയുന്നു. “വലിയ ഒരു കമ്പനിയിൽനിന്ന് ഈ ജനുവരിയിൽ ഞങ്ങൾക്ക് ഒരു കോടി രൂപയുടെ ഓർഡർ ലഭിച്ചു. ഞാൻ 10-15 ലക്ഷം രൂപ ചിലവാക്കി നെയ്ത്തിനുള്ള സാധനങ്ങളും വാങ്ങി. എന്നാൽ ലോക്ക്ഡൗൺ തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞപ്പോൾ അവർ ഞങ്ങളെ ഫോൺ ചെയ്തു. പണി എത്രത്തോളം മുന്നോട്ട് പോയി എന്നാണ് അവർ അന്വേഷിച്ചത്” അയാൾ പറയുന്നു. അത് കഴിഞ്ഞ് 10 ദിവസം കഴിഞ്ഞപ്പോൾ നെയ്ത്ത് ആരംഭിച്ചതൊഴികെയുള്ള ഓർഡറുകളെല്ലാം കമ്പനി റദ്ദാക്കി.

സാരി വ്യാപാരികൾ അമിതലാഭമെടുക്കുകയാണെന്ന പരാതി കോവിഡിന് മുമ്പ് നെയ്ത്തുകാർക്കിടയിൽ വ്യാപകമായിരുന്നു. എല്ലാ ചിലവുകളും നെയ്ത്തുകാർക്കുള്ള കൂലിയും കഴിച്ച് മൊത്തവ്യാപാരികൾക്ക് 40 ശതമാനംവരെ ലാഭമുണ്ടാകുമായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് ദിൽഷാദ് അൻസാരിയും 12-13 കുടുംബങ്ങളും ചേർന്ന് നെയ്ത്തുകാരുടെ അനൗപചാരിക കൂട്ടായ്മയുണ്ടാക്കി. ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുകയായിരുന്നു 34-കാരനായ അൻസാരിയുടെയും സഹപ്രവർത്തകരുടെയും ലക്ഷ്യം. അവർ ഹാന്‍റ്ലൂം കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത് ഓർഡറുകൾ സ്വീകരിക്കാൻ തുടങ്ങി. “വാട്സാപ്പ് മുഖേനയും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ മുഖേനയും ഓർഡറുകൾ സ്വീകരിക്കാൻ ഞങ്ങൾ പഠിച്ചു” അയാൾ പറയുന്നു. ഈ കൂട്ടായ്മയിൽ ഇപ്പോൾ 74 നെയ്ത്തുകാരുണ്ട്.

എന്നാൽ കോവിഡ്-19 വന്നതോടെ സ്ഥിതി ആകെ മാറി. കരകൗശലവും കൈത്തൊഴിലും പ്രോത്സാഹിപ്പിക്കാനും കരകൗശലപണിക്കാരെ സഹായിക്കാനുമായി പ്രവർത്തിക്കുന്ന ദസ്താകർ എന്ന സന്നദ്ധസംഘടന ദൽഹിയിൽ നടത്തിയ ഒരു പ്രദർശനമേളയിൽ പങ്കെടുക്കാൻ മാർച്ചിൽ ദിൽഷാദ് പോയിരുന്നു. 12-15 ലക്ഷത്തിന്‍റെ വിൽപന നടക്കുമെന്നായിരു്ന്നു അയാളുടെ പ്രതീക്ഷ. എന്നാൽ മാർച്ച് 13-ന് ദൽഹി സർക്കാർ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചു. “ഞങ്ങൾക്ക് 75,000 രൂപയുമായി മടങ്ങേണ്ടിവന്നു” അയാൾ പറയുന്നു.

വർഷം മുഴുവൻ സാരികൾക്കായി ഓർഡർ നൽകിയിരുന്നവർ ഏപ്രിൽ ആദ്യവാരത്തോടെ അവ റദ്ദാക്കാൻ തുടങ്ങി. ദിൽഷാദ് ഇന്ന് നിരാശനാണ്. “എനിക്കിപ്പോൾ ഉറക്കമില്ല. ഇനി എന്ന് സാരികൾ വിൽക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. അതുവരെ ഞങ്ങൾ എന്ത് ചെയ്യും?” അയാൾ ചോദിക്കുന്നു. കമ്പോളങ്ങൾ വിണ്ടും സജീവമാകുമ്പോൾ സാധനങ്ങൾ വാങ്ങാനും വലിയ ഓർഡറുകളെടുക്കാനും വ്യാപാരികൾക്ക് കഴിഞ്ഞേക്കും. ”പക്ഷേ ഞങ്ങൾ സേട്ടിന്‍റെ പിടിയിലേക്ക് മടങ്ങിപ്പോകേണ്ടിവരും” ദിൽഷാദ് പ്രവചിക്കുന്നു. “അല്ലെങ്കിൽ ഞങ്ങളെപ്പോലുള്ള നെയ്ത്തുകാർ ചന്ദേരിക്ക് പുറത്ത് മറ്റ് കൂലിപ്പണികൾ അന്വേഷിക്കേണ്ടിവരും”

പരിഭാഷ: ബൈജു വി.

Mohit M. Rao

Mohit M. Rao is an independent reporter based in Bengaluru. He writes primarily on environment, with interests in labour and migration.

Other stories by Mohit M. Rao
Translator : Byju V

Byju V. is a writer and translator interested in science, technology, inclusion, inequality, economics and politics.

Other stories by Byju V