അരി പൊടിക്കൽ യന്ത്രത്തിന്റെ സമീപത്തിരുന്ന്, കുടുംബജീവിതത്തിന്റെ ദു:ഖങ്ങളെക്കുറിച്ചും, സഹനങ്ങളെക്കുറിച്ചും അമ്മ പാടാറുണ്ടായിരുന്ന പാട്ടുകളും നാടോടിക്കഥകളും ഛായ ഉബാലെ ഓർത്തെടുക്കുന്നു
“എന്റെ അമ്മ ധാരാളം പാട്ടുകൾ പാടാറുണ്ടായിരുന്നെങ്കിലും അതൊക്കെ ഓർത്തെടുക്കാൻ എനിക്ക് സാധിക്കുന്നില്ല,” മഹാരാഷ്ട്രയിലെ പുണെയിലെ ശിരൂർ താലൂക്കിൽവെച്ച് കണ്ടപ്പോൾ ച്ഛായ ഉബാലെ പാരിയോട് പറഞ്ഞു. ഗ്രൈൻഡ് മിൽ പാട്ട് പ്രൊജക്ടിലേക്ക് (ജി.എസ്.പി.) പാട്ടുകൾ സംഭാവന ചെയ്തവരെ ബന്ധപ്പെടാണ് ഞങ്ങൾ 2017 ഒക്ടോബറിൽ സാവിന്ദനെ ഗ്രാമത്തിലെ പവാർ കുടുംബത്തിന്റെ വാതിലിൽ ചെന്ന് മുട്ടിയത്. ആണ്മക്കളും, പെണ്മക്കളും, പുത്രവധുക്കളും കുട്ടികളുമെല്ലാമടങ്ങുന്ന ഒരു വലിയ കുടുംബമാണ് അവിടെയുണ്ടായിരുന്നത്.
എന്നാൽ, പാട്ടുകാരിയായ ഗീത പവാർ നാലുവർഷം മുമ്പ് മരിച്ചുപോയിരുന്നു. അമ്മയുടെ പാട്ടുകൾ ഓർത്തെടുക്കേണ്ട ചുമതല ഛായ ഉബാലെയുടെ തലയിലായി. അമ്മയുടെ ഫ്രെയിം ചെയ്ത ഫോട്ടോക്കരികെ വെച്ചിരുന്ന അവരുടെ കാൽവിരൽ മോതിരങ്ങൾ, 43 വയസ്സുള്ള ച്ഛായ ഞങ്ങൾക്ക് കാണിച്ചുതന്നു.
അമ്മയിൽനിന്ന് കേട്ട ഈരടികൾ ഓർത്തെടുക്കാൻ ശ്രമിച്ച്, ച്ഛായ നാല് ഗ്രൈൻഡ് മിൽ പാട്ടുകൾ പാടി. അവയ്ക്കിടയിൽ രണ്ട് ചെറിയ നാടൻപാട്ടുകളും. ഒന്ന് ഒരു സങ്കടപ്പാട്ടായിരുന്നു. മറ്റൊന്ന് സന്തോഷത്തിന്റേയും. ഭാദ്രയുടെ അനുഗ്രഹീതനായ രാജാവ് അശ്വപതിയുടെ മകളും ഇതിഹാസനായികയുമായ സാവിത്രിയുടെ ഗുണഗണങ്ങൾ വർണ്ണിക്കുന്ന ഒരു രണ്ടുവരി കഥ പറഞ്ഞുകൊണ്ടാണ് ച്ഛായ തുടങ്ങിയത്. പാടേണ്ട പാട്ടുകൾക്ക് ഈണം പകരാൻ ഈയൊരു ഗാല യോടെ (മധുരസംഗീതം) പാടിത്തുടങ്ങുന്നതാണ് നാട്ടുപതിവ്.
ആദ്യത്തെ നാടൻ പാട്ടിൽ, നൂറ് കൌരവരുമായി യുദ്ധത്തിലേർപ്പെടുന്ന അഞ്ച് പാണ്ഡവ സഹോദരന്മാരേയും, തന്റെ വലിയ കൂട്ടുകുടുംബത്തിൽ എല്ലാവരുടേയും ജോലികൾ ഒറ്റയ്ക്ക് ചെയ്യുന്ന ഏകയായ സ്ത്രീയേയും തമ്മിൽ താരതമ്യം ചെയ്യുന്നു. പന്ധാർപുർ മന്ദിരത്തിലെ വിത്തൽ-രുഗ്മിണിമാരെ ആരാധിച്ച്, അവരെ സ്വന്തം അച്ഛനമ്മമാരുമായി താദാത്മ്യം ചെയ്യുന്നു. അച്ഛനേയും അമ്മയേയും കുറിച്ച് സൂചിപ്പിച്ചപ്പോൾ, അവരുടെ ശബ്ദം ഇടറി. കണ്ണുനീർ കവിളിലൂടെ ഒഴുകി. പെട്ടെന്ന്, എന്തോ ഒരു അടയാളം പോലെ, ഇടി മുഴങ്ങുകയും, വീടിന്റെ തകരഷീറ്റിൽ മഴ ചനുപിനെ ശബ്ദത്തോടെ വീഴാനും തുടങ്ങി.
വീട്ടിലെ നാല് മുതിർന്ന ഭർത്തൃസഹോദരന്മാരിൽനിന്നും അവരുടെ ഭാര്യമാരിൽനിന്നും അനുഭവിക്കേണ്ടിവരുന്ന സമ്മർദ്ദങ്ങൾ, സ്വന്തം സഹോദരനോട് പറയുന്ന പാട്ടാണ് അടുത്ത ഖണ്ഡികയിൽ അവർ ആലപിച്ചത്.
നാടൻപാട്ടിന് പിന്നാലെ വരുന്ന നാല് ഈരടികളിൽ, ച്ഛായ പാടുന്നത്, അമ്മാവന്മാരിൽനിന്നും അമ്മായിമാരിൽനിന്നും ഒരു കുട്ടിക്ക് കിട്ടുന്ന സമ്മാനങ്ങളെക്കുറിച്ചാണ്. കുട്ടിയുടെ അമ്മാവനിൽനിന്ന് കിട്ടിയ ചുവന്ന നിറമുള്ള വസ്ത്രവും തൊപ്പിയും. വിശപ്പുകൊണ്ടായിരിക്കാം കുട്ടി കരയാൻ തുടങ്ങുമ്പോൾ കുഞ്ഞിന് തൈരിൽ കുഴച്ച ചോറ് കൊടുക്കുന്നതിനെക്കുറിച്ച് ഗായിക സൂചിപ്പിക്കുന്നു.
കണ്ണുനീർ തുടച്ച്, വിഷാദത്തിൽനിന്ന് പെട്ടെന്ന് മുക്തി നേടി, തമാശകൾ നിറഞ്ഞ ഒരു നാടൻപാട്ട് ച്ഛായ പാടാൻ ആരംഭിച്ചു. കയ്പക്കപോലുള്ള അമ്മായിയമ്മയെ സന്തോഷിപ്പിക്കാൻ, പുത്രവധു ബുദ്ധിമുട്ടുന്നതിനെക്കുറിച്ചുള്ള ഒരു പാട്ട്. അവസാനത്തെ പാട്ടിലെ ചിരിയിൽ ഞങ്ങളും പങ്കുചേർന്നു.
നാടൻപാട്ട്:
गिरीजा आसू गाळिते
भद्र देशाचा अश्वपती राजा पुण्यवान किती
पोटी सावित्री कन्या सती केली जगामध्ये किर्ती
एकशेएक कौरव आणि पाची पांडव
साळीका डाळीका गिरीजा कांडण कांडती
गिरीजा कांडण कांडती, गिरीजा हलक्यानं पुसती
तुमी कोण्या देशीचं? तुमी कोण्या घरचं?
आमी पंढरपूर देशाचं, काय विठ्ठलं घरचं
विठ्ठल माझा पिता, रुक्मिनी माझी माता
एवढा निरोप काय, सांगावा त्या दोघा
पंचमी सणाला काय ये बंधवा न्यायाला
ए बंधवा, ए बंधवा, तुझं पाऊल धुईते
गिरीजा पाऊल धुईते, गिरीजा आसू जी गाळिते
तुला कुणी बाई नि भुलीलं, तुला कुणी बाई गांजिलं
मला कुणी नाही भुलीलं, मला कुणी नाही गांजिलं
मला चौघे जण दीर, चौघे जण जावा
एवढा तरास मी कसा काढू रे बंधवा
ഗിരിജ കണ്ണുനീർ വാർക്കുന്നു
അശ്വപതി, ഭദ്രയുടെ രാജാവ്, ഭാഗ്യവാനായിരുന്നു
മകൾ സാവിത്രി, ഭൂലോക പ്രശസ്ത
നൂറ്റുവർ കൌരവരും, പാണ്ഡവരഞ്ചുപേരും
ഗിരിജ അരയ്ക്കുന്നു അരിയോ ധാന്യങ്ങളോ
അരയ്ക്കുമ്പോൾ അവൾ ചോദിപ്പൂ,
ഏത് നാട്ടിൽനിന്ന് വരുന്നൂ നിങ്ങൾ? വീടേത്?
പന്ധർപുരിൽനിന്ന് വരുന്നൂ ഞങ്ങൾ
വിത്തലിന്റെ വീട്ടിൽനിന്ന്
വിത്തലെന്റെ താതൻ, അമ്മ രുഗ്മിണിയും
പഞ്ചമിയിലെ ഉത്സവത്തിന്,
എന്നെ കൊണ്ടുപോകാൻ വരണമെന്ന്
എന്റെ ഉടപ്പിറന്നോനൊരു സന്ദേശമയയ്ക്കാൻ
അവരോടൊന്ന് പറയണേ
ഉടപ്പിറന്നോനേ, നിന്റെ പാദങ്ങൾ ഞാൻ കഴുകട്ടെ,
ഗിരിജ നിന്റെ പാദങ്ങൾ കഴുകുന്നു, കണ്ണുനീർ വാർക്കുന്നു,
നിന്നെയലട്ടുന്നതെന്ത്? നിന്നെ മറന്നുപോയവനാര്?
ഭർത്താവിന്റെ നാല് സഹോദരന്മാരും
അവരുടെ ഭാര്യമാരുമല്ലാതെ
ആരുമെന്നെ അലട്ടുന്നില്ല,
ആരുമെന്നെ മറന്നിട്ടുമില്ല.
പരിഹാരമെങ്ങിനെ ഞാൻ കാണുമെന്റെ
ഉടപ്പിറന്നോനേ
ഓവിസ് ( ഗ്രൈൻഡ്മിൽ സോംഗ്സ്):
अंगण-टोपडं सीता घालिती बाळाला
कोणाची लागी दृष्ट, काळं लाविती गालाला
अंगण-टोपडं हे बाळ कुणी नटविलं
माझ्या गं बाळाच्या मामानं पाठविलं
माझ्या गं योगेशच्या मामानं पाठविलं
अंगण-टोपडं गं बाळ दिसं लालं-लालं
माझ्या गं बाळाची मावशी आली कालं
रडतया बाळ त्याला रडू नको देऊ
वाटीत दहीभात त्याला खायला देऊ
സീത കുഞ്ഞിനെയൊരു ഉടുപ്പിടീച്ചിട്ട്, തൊപ്പിയും
ചാർത്തീട്ട്,
കണ്ണുതട്ടാതിരിക്കാൻ കവിളിൽ മഷിയും കുത്തീട്ട്
ആരാണ് കുഞ്ഞിനെ ഉടുപ്പും തൊപ്പിയും ഇടീച്ചത്
അമ്മാവൻ കുഞ്ഞിനയച്ച സമ്മാനങ്ങൾ
എന്റെ യോഗേഷിന്റെ അമ്മാവൻ അയച്ചത്
തൊപ്പിയുമുടുപ്പും, ചുവന്നയുടുപ്പിട്ട കുഞ്ഞ്
ഇന്നലെ അവന്റെ ചിറ്റമ്മ വന്നു
കുഞ്ഞ് കരയുന്നു, ചാഞ്ചക്കമാട്ടൂ
തൈരും ചോറും കുഴച്ച് അവനെയൂട്ടാം
നാടൻപാട്ട്:
सासू खट्याळ लई माझी
सासू खट्याळ लई माझी सदा तिची नाराजी
गोड करू कशी बाई कडू कारल्याची भाजी (२)
शेजारच्या गंगीनं लावली सासूला चुगली
गंगीच्या सांगण्यानं सासूही फुगली
पोरं करी आजी-आजी, नाही बोलायला ती राजी
गोड करू कशी बाई कडू कारल्याची भाजी
सासू खट्याळ लई माझी सदा तिची नाराजी
എൻ്റെ ശല്യക്കാരിയായ അമ്മായിയമ്മ
എപ്പോഴും മുഖം കറുപ്പിച്ച് നാശം പിടിച്ചോരു അമ്മായിയമ്മ
കയ്പ്പക്കയെ മധുരമുള്ളതാക്കുന്നതെങ്ങിനെ (2)
അയൽക്കാരി ഗാംഗി എന്നെക്കുറിച്ച്
കുറ്റം പറഞ്ഞുകൊടുത്തതുകേട്ട് അമ്മായിയമ്മയ്ക്ക് ദേഷ്യം
കുട്ടികൾ, ‘അമ്മൂമ്മേ, അമ്മൂമ്മേ’ എന്ന്
വിളിച്ചടുത്തേക്ക് പോയിട്ടും
മിണ്ടാൻ കൂട്ടാക്കുന്നില്ലമ്മായമ്മ
എപ്പോഴും മുഖം കറുപ്പിച്ച് നാശം പിടിച്ചോരു അമ്മായമ്മ
കയ്പ്പക്കയെ മധുരമുള്ളതാക്കുന്നതെങ്ങിനെ
അവതരണം/ഗായിക : ച്ഛായ ഉബാലെ
ഗ്രാമം : സാവിന്ദനെ
താലൂക്ക് : ശിരൂർ
ജില്ല : പുണെ
തീയ്യതി : 2017 ഒക്ടോബറിലാണ് ഈ പാട്ട് റിക്കാർഡ് ചെയ്തതും ചിത്രങ്ങളെടുത്തതും
പോസ്റ്റർ: സിഞ്ചിത പർബത്
ഹേമ റൈർകറും ഗയ് പൊയ്ട്ടെവിനും ആരംഭിച്ച ഗ്രൈൻഡ്മിൽ സോംഗ്സ് പ്രോജക്ടിനെക്കുറിച്ച് വായിക്കാം
പരിഭാഷ: രാജീവ് ചേലനാട്ട്