ഡും-ഡും-ഡും! ശാന്തി നഗർ ബസ്തിയിലൂടെ നടക്കുമ്പോൾ നിങ്ങളെ വിടാതെ പിന്തുടരുകയാന് ധോലക്കുണ്ടാക്കുന്നതിന്റേയും അതിലെ ശ്രുതി-നാദങ്ങളെ മിനുക്കുന്നതിന്റേയും അനിർവചനീയമായ ശബ്ദം. 37 വയസ്സുള്ള ഒരു ധോലക് നിർമ്മാതാവായ ഇർഫാൻ ഷെയ്ക്കിന്റെ കൂടെ നടക്കുകയായിരുന്നു ഞങ്ങൾ. മുംബൈയിലെ വടക്കൻ പ്രദേശങ്ങളിലെ കുടിയേറ്റക്കാരുടെ ബസ്തിയിലെ മറ്റ് കരകൌശലക്കാരെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം.
ഇവിടെയുള്ള ഒട്ടുമിക്ക കരകൌശലവിദഗ്ദ്ധരും അവരുടെ വേരുകൾ തേടി പോകുന്നത് ഉത്തർ പ്രദേശിലെ ബാരാബങ്കി ജില്ലയിലേക്കാണ്. ഇവിടെ ഈ തൊഴിൽ ചെയ്യുന്ന 50-ഓളംപേരുണ്ട്. “എവിടെ നോക്കിയാലും, ഈ സംഗീതോപകരണമുണ്ടാക്കുന്ന തിരക്കിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളുടെ ബിരദാരിയെ (സമുദായത്തെ) നിങ്ങൾക്ക് കാണാം,” അയാൾ പറയുന്നു. മുംബൈയിലേക്കും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ധോലക്കുകൾ സഞ്ചരിക്കുന്നത് ഇവിടെനിന്നാണെന്ന് അഭിമാനത്തോടെ പറയുന്നു അയാൾ (ബിരദാരിയെന്നതിന് സാഹോദര്യം എന്നാണ് ശരിക്കുള്ള അർത്ഥമെങ്കിലും, സമുദായം, കുലം തുടങ്ങിയവയും ഇത് സൂചിപ്പിക്കുന്നു)
കുട്ടിക്കാലംതൊട്ട് ഇർഫാൻ ഈ തൊഴിലിലാണ്. ഇടത്തരം വലിപ്പവും, ഇരുതലകളുമുള്ള ഈ ഉപകരണമുണ്ടാക്കുന്ന കല, തലമുറകളിലൂടെ കൈമാറിവന്നതാണ്. അദ്ധ്വാനമുള്ള ജോലിയാണ്. മരം മുതൽ കയറും പെയിന്റുംവരെയുള്ള എല്ലാ സാമഗ്രികളും ഉത്തർ പ്രദേശിൽനിന്നാണ് ഇർഫാനും കൂട്ടരും സംഘടിപ്പിക്കുന്നത്. “ഞങ്ങൾ ഉണ്ടാക്കുകയും, നന്നാക്കുകയും ചെയ്യുന്നു...ഞങ്ങൾ എൻജിനീയർമാരാണ്,” അല്പം അഭിമാനത്തോടെ അയാൾ പറയുന്നു.
ഭാവനാശാലിയാണ് ഇർഫാൻ. ഗോവയിൽവെച്ച് ഒരു ആഫ്രിക്കക്കാരൻ ജെംബെ എന്ന ഉപകരണം വായിക്കുന്നത് കണ്ടപ്പോൾ, ഇർഫാൻ അത് നിർമ്മിക്കുന്ന വിദ്യയും വശത്താക്കി. “ഇവിടെയുള്ളവർ ഇത് കണ്ടിട്ടില്ല. എന്തൊരു ഗംഭീരമായ സംഗീതോപകരണമാണ്,” അയാൾ ഓർമ്മിക്കുന്നു.
ഭാവനാശാലിത്വവും കരകൌശലവൈദഗ്ദ്ധ്യവും ഉണ്ടെങ്കിലും, ഈ കല താൻ അർഹിക്കുന്ന ബഹുമാനം നേടിത്തന്നിട്ടില്ല എന്നാണ് അയാളുടെ തോന്നൽ. വലിയ ലാഭവും ഇതിൽനിന്ന് കിട്ടുന്നില്ല. ഇന്നത്തെ മുംബൈയിൽ, ധോലക് നിർമ്മിക്കുന്നവർ കടുത്ത മത്സരം നേടുന്നത് ഓൺലൈൻ വില്പനക്കാരിൽനിന്നാണ്. ഇവിടെയാകട്ടെ, അവർ വിലപേശുകയും, ഓൺലൈനായി കൂടുതൽ വിലക്കുറവിന് ഇതേ സാധനം കിട്ടുമെന്ന് വാദിക്കുകയും ചെയ്യാറുണ്ട്.
“ധോലക്ക് വായിക്കുന്നവർക്ക് അവരുടെ പാരമ്പര്യമുണ്ട്. എന്നാൽ ഞങ്ങളുടെ സമുദായത്തിൽ, ഞങ്ങളിത് വായിക്കാറില്ല. വിൽക്കുക മാത്രമേ ചെയ്യൂ,” ഇർഫാൻ പറയുന്നു. മതപരമായ വിലക്കുകൾ, ഈ ഉപകരണ നിർമ്മാതാക്കളെ, അത് വായിക്കുന്നതിന് അനുവദിക്കുന്നില്ല. പക്ഷേ ഗണേശ പൂജയ്ക്കും, പൂജാ ആഘോഷങ്ങൾക്കും ഈ വാദ്യം വായിക്കുന്നവർക്കുവേണ്ടി അവർ ഈ ധോലക്കുകൾ നിർമ്മിക്കുന്നു.
ധോലക്ക് വായിക്കാനും പാടാനും താത്പര്യമുള്ള സ്ത്രീകൾ ബസ്തിയിലുണ്ടെങ്കിലും, മതപരമായ കാരണങ്ങളാൽ, അതൊന്നും ചെയ്യാൻ അവർക്ക് അനുവാദമില്ല.
“ഈ ജോലി നല്ലതാണെങ്കിലും കച്ചവടമില്ല. ലാഭവുമില്ല. ഇന്ന് ഒന്നുമില്ല. ഇന്നലെ റോട്ടിലായിരുന്നു. ഇന്നും ഞാൻ റോട്ടിലാണ്,” ഇർഫാൻ പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്