“ഇപ്പോഴത്തെ ബഡ്ജറ്റ് ഒരുതരത്തിലും ഞങ്ങളുടെ അതിജീവന സമരങ്ങളെ കണക്കിലെടുക്കുന്നില്ല. ഇത് പ്രധാനമായും മധ്യവർഗത്തെ പ്രീണിപ്പിക്കുന്ന ബഡ്ജറ്റാണ്. വിശേഷിച്ചും, അതിലെ ശമ്പളക്കാരുടെ വിഭാഗത്തെ,” ഗീത വാഴച്ചാൽ പറയുന്നു
അതീവ ദുർബ്ബല ഗോത്രവിഭാഗമായി (പർട്ടിക്കുലർലി വൾനറബിൾ ട്രൈബൽ ഗ്രൂപ്പ് -പി.വി.ടി.ജി) പട്ടികപ്പെടുത്തിയിട്ടുള്ള കാടർ സമുദായത്തിലെ അംഗമാണ് 36 വയസ്സുള്ള ഗീത. കേരളത്തിലെ തൃശൂർ ജില്ലയിലെ നിർദിഷ്ട അതിരപ്പിള്ളി ഹൈഡ്രോ ഇലക്ട്രിക്ക് പവർപ്രോജക്ടിന്റെ വൃഷ്ടിപ്രദേശത്താണ് അവരുടെ താമസസ്ഥലം.
ചാലക്കുടി നദീതടമേഖലയിലുള്ള ഈ നിർദിഷ്ട പദ്ധതി, ഗീതയേയും അവരുടെ ആദിവാസി സമൂഹത്തെ നാലാംവട്ടവും കുടിയിറക്കാൻ സാധ്യതയുള്ള ഒന്നാണ്. “രാജ്യമെങ്ങും ഞങ്ങൾ ആദിവാസികൾ വലിയ നിലയിലുള്ള കുടിയിറക്കൽ ഭീഷണി നേരിടുകയാണ്. ഞങ്ങളുടെ വനങ്ങളും ഭൂമിയും വിഭവങ്ങളും കോർപ്പറേറ്റുകൾ കയ്യേറുന്നതിനെക്കുറിച്ച് ബഡ്ജററ്റിൽ ഒന്നും പറയുന്നില്ല,'' അതിരപ്പള്ളി പദ്ധതിക്കെതിരായ പോരാട്ടത്തിന്റെ മുൻനിരകളിലുള്ള ഗീത പറയുന്നു.
“കാട്ടിൽ ജീവിക്കുന്ന ആദിവാസികളെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാവ്യതിയാനം കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പ്രതികൂല പരിസ്ഥിതി, വനനശീകരണം, ഉപജീവനമാർഗ്ഗത്തിന്റെ നഷ്ടം എന്നിവയാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നത്,'' കേരളത്തിലെ ഏക വനിതാ ആദിവാസി ഊര് മൂപ്പത്തിയായ ഗീത പറയുന്നു.
![](/media/images/02a-IMG008-2-KAS-Cosmetic_changes_for_Adiv.max-1400x1120.jpg)
![](/media/images/02b-IMG015-1-KAS-Cosmetic_changes_for_Adiv.max-1400x1120.jpg)
ഇടത്ത്: ഗീത തന്റെ വിദ്യാർത്ഥികൾക്കൊപ്പം വലത്ത്: ഗീത താമസിക്കുന്നത് കേരളത്തിലെ തൃശൂർ ജില്ലയിലെ നിർദിഷ്ട അതിരപ്പിള്ളി ഹൈഡ്രോ ഇലക്ട്രിക്ക് പവർ പ്രോജക്ടിന്റെ വൃഷ്ടിപ്രദേശത്താണ്
അന്നത്തെ കാടർ സമൂഹത്തിലെ മറ്റ് അംഗങ്ങളെപ്പോലെ ഗീതയുടെ പൂർവികരും 1905-ൽ ഇന്നത്തെ പറമ്പിക്കുളം ടൈഗർ റിസർവിൽനിന്ന് ഇറങ്ങിപ്പോരാൻ നിർബന്ധിക്കപ്പെട്ടവരാണ്. ഗ്രേറ്റ് ബ്രിട്ടനിലേക്ക് കപ്പൽമാർഗം കൊണ്ടുപോകാനുള്ള തടി കൊച്ചിതുറമുഖത്ത് എത്തിക്കാൻ ബ്രിട്ടീഷുകാർ ട്രാംവേ നിർമ്മിച്ചപ്പോഴായിരുന്നു അത്.
ആദ്യം പെരിങ്ങൽകുത്തിലേക്കും അവിടെനിന്ന് ഷോളയാറിലേക്കും ഗീതയുടെ കുടുംബം പറിച്ചുനടപ്പെട്ടു. വീണ്ടും മറ്റൊരു പറിച്ചുനടൽ ഭീഷണിയെ നേരിടുകയാണ് അവർ.
ബഡ്ജറ്റിലെ ആദിവാസിക്ഷേമത്തിനുള്ള പദ്ധതിവിഹിതത്തിൽ വർധനവുണ്ടെന്നത് ഗീത അംഗീകരിക്കുന്നു. “മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ, അടിസ്ഥാനസൗകര്യവികസനം, കണക്ടിവിറ്റി എന്നിവയ്‌ക്കെല്ലാമാണ് പ്രധാനമായും ആ ബഡ്ജറ്റ് വിഹിതങ്ങൾ. എന്നാൽ അവകൊണ്ട് ബാഹ്യമായ മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂ. ഉപജീവനവും ജലവിഭവങ്ങളും കാടുകളും കൃഷിഭൂമിയും അപഹരിക്കപ്പെട്ടുപോയ നിസ്വരായ ആദിവാസിസമൂഹങ്ങൾക്ക് റോഡും അടിസ്ഥാനസൗകര്യങ്ങളും വികസിക്കുന്നതുകൊണ്ട് എന്തെകിലും നേട്ടമുണ്ടാകുമെന്ന് പറയുന്നത് നിരർത്ഥകമാണ്,” ഗീത പറയുന്നു.
വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കയിലുമുണ്ടായ ഉരുൾപൊട്ടലുകളിൽ അതിജീവിക്കുന്നവർക്ക് ബഡ്ജറ്റിൽ വലിയൊരു പദ്ധതിവിഹിതം മാറ്റിവെക്കപ്പെടുമെന്ന പ്രതീക്ഷ ഒരുപാട് മനുഷ്യർക്കുണ്ടായിരുന്നു. “എന്നാൽ ഇന്ത്യയുടെ തെക്കേയറ്റം മൊത്തത്തിൽത്തന്നെ അവഗണിക്കപ്പെട്ടു.''
ഇതിലുൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ കൊച്ചിയിലെ മാധവൻ നായർ ഫൌണ്ടേഷന്റെ കീഴിലുള്ള കേരള മ്യൂസിയത്തിന്റെ ജനൽ ആർക്കൈവിന്റെ അനുവാദത്തോടെയുള്ളതാണ്