പാക്കിസ്ഥാന്‍ അതിർത്തിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ മാറി ശംശേർ സിംഗ് തൻ്റെ സഹോദരൻ്റെ ഗാരേജിൽ തൊഴിലുപകരണങ്ങൾ പരിശോധിക്കുന്ന പണിയിലാണ്. അദ്ദേഹം കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇവിടെ മെക്കാനിക്കായി ജോലി ചെയ്യുന്നു. പക്ഷെ, താൽപര്യത്തോടെയല്ല ഈ ജോലി തിരഞ്ഞെടുത്തത്.

ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ അട്ടാരി-വാഗാ അതിർത്തിയിൽ ജോലി ചെയ്തിരുന്ന ചുമട്ടുതൊഴിലാളികളിലെ മൂന്നാം തലമുറയിൽപെട്ട ആളാണ് 35-കാരനായ ശംശേർ. അദ്ദേഹത്തിന്‍റെ കുടുംബം സംസ്ഥാനത്ത് മറ്റ് പിന്നോക്ക വിഭാഗത്തിൽ (ഒ.ബി.സി.) ഉൾപ്പെട്ടവരുടെപട്ടികയിലെ പ്രജാപതി സമുദായത്തിൽ പെടുന്നു.

പാക്കിസ്ഥാനുമായി പഞ്ചാബ് പങ്കുവയ്ക്കുന്ന ഈ അതിർത്തിയിൽ, സിമന്‍റ്, ജിപ്സം, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ കയറ്റിയ നൂറുകണക്കിന് ട്രക്കുകൾ ദിവസവും ഇന്ത്യയിലെത്തിയിരുന്നു. തക്കാളി, ഇഞ്ചി, വെളുത്തുള്ളി, സോയാബീൻ സത്ത്, പരുത്തി നൂൽ എന്നിവയുൾപ്പെടെ മറ്റു സാധനങ്ങളുമായി സമാനമായ രീതിയിൽ ട്രക്കുകൾ പാക്കിസ്ഥാനിലേക്കും പോയിരുന്നു.

അവിടുത്തെ ഏതാണ്ട് 1,500 ചുമട്ടുതൊഴിലാളികളിൽ ഒരാളായിരുന്ന ശംശേറിൻ്റെ ജോലി "അതിർത്തി കടന്നു നീങ്ങുന്ന ട്രക്കുകളിൽ ഈ സാധനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുക" എന്നതായിരുന്നു. ഈ പ്രദേശത്ത് ഫാക്ടറികളോ വ്യവസായങ്ങളോ ഒന്നുമില്ല. അട്ടാരി-വാഗാ അതിർത്തിയുടെ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നുള്ള ഭൂരഹിതരായ ഗ്രാമീണർ തങ്ങളുടെ ഉപജീവനത്തിനായി അതിർത്തി കടന്നുള്ള വ്യാപാരത്തെ വളരെയധികം ആശ്രയിക്കുന്നു.

PHOTO • Sanskriti Talwar

ഇന്ത്യ-പാക്കിസ്ഥാൻ അട്ടാരി-വാഗാ അതിർത്തിയിലെ ചുമട്ടുതൊഴിലാളിയായിരുന്നു ശംശേർ. പക്ഷെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ഇദ്ദേഹം തൻ്റെ സഹോദരന്‍റെ ഗാരേജിലാണ് ജോലി ചെയ്യുന്നത്

ന്യൂഡല്‍ഹി പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്ന, 2019-ലെ പുൽവാമ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടപ്പോൾ പല മാറ്റങ്ങളുമുണ്ടായി. ഇതെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാന് നല്‍കിയിരുന്ന ‘മോസ്റ്റ് ഫേവേർഡ് നേഷൻ’ (എം.എഫ്.എൻ.) വ്യാപാര പദവി പിൻവലിക്കുകയും ഇറക്കുമതിക്ക് 200 ശതമാനം കസ്റ്റംസ് തീരുവ ചുമത്തുകയും ചെയ്തു. നാല് വര്‍ഷങ്ങള്‍ക്കുശേഷം ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട 370-ാം വകുപ്പ് ഇന്ത്യ പിന്‍വലിച്ചതിനെത്തുടര്‍ന്ന് വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പാക്കിസ്ഥാന്‍ തിരിച്ചടിച്ചു.

ബ്യൂറോ ഓഫ് റിസർച്ച് ഓൺ ഇൻഡസ്ട്രി ആൻഡ് ഇക്കണോമിക് ഫണ്ടമെന്‍റൽസ് (BRIEF) 2020-ൽ നടത്തിയ പഠനം അനുസരിച്ച് അടുത്തുള്ള അതിർത്തി ഗ്രാമങ്ങളിലെ ചുമട്ടുതൊഴിലാളികൾക്കും അമൃത്സർ ജില്ലയിലെ 9,000-ത്തിലധികം വരുന്ന കുടുംബങ്ങൾക്കും ഇതുമൂലം കനത്ത ആഘാതം ഏറ്റിട്ടുണ്ട്.

അമൃത്‌സർ നഗരത്തിൽ ജോലി ചെയ്യണമെങ്കിൽ പ്രാദേശിക ബസിൽ 30 കിലോമീറ്റർ യാത്ര ചെയ്യാനുള്ള അധികച്ചിലവ് വഹിക്കണം - അതിന് ഏകദേശം 100 രൂപയാകും. അവിടുത്തെ കൂലിപ്പണിക്ക് കിട്ടുന്നത് ഏകദേശം 300 രൂപയാണ്. അതിനാൽ ശംശേർ ചോദിക്കുന്നത് "ഒരു ദിവസം 200 രൂപ വീട്ടിലേക്ക് കൊണ്ടുവരുന്നതിൽ എന്തർത്ഥം?" എന്നാണ്.

നയതന്ത്ര തീരുമാനങ്ങൾ എടുക്കുന്ന ഡൽഹിയിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തങ്ങളെ സർക്കാർ കേൾക്കുന്നതായി ചുമട്ടുതൊഴിലാളികൾക്ക് തോന്നുന്നില്ല. എന്നാൽ ഭരണകക്ഷിയിൽ നിന്നുള്ള ഒരു പാർലമെന്‍റ് അംഗത്തിന് തങ്ങളുടെ ശബ്ദത്തെ ഉച്ചത്തിലാക്കാൻ കഴിയുമെന്നവർ കരുതുന്നു. കൂടാതെ, അതിർത്തി വീണ്ടും തുറന്ന് അവരുടെ ജോലികൾ പുനഃസ്ഥാപിക്കാൻ ഒരു എം.പി.ക്ക് സമ്മർദ്ദം ചെലുത്താനുമാകും.

PHOTO • Sanskriti Talwar
PHOTO • Sanskriti Talwar

ഇടത്: ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും ദേശീയപതാകകള്‍ അട്ടാരി-വാഗ അതിര്‍ത്തിയില്‍. വലത്: അട്ടാരി ഇന്‍റഗ്രേറ്റഡ് ചെക്ക്പോസ്റ്റില്‍ എല്ലാദിവസവും പാക്കിസ്ഥാനില്‍നിന്നും വിവിധ സാധനങ്ങള്‍ വഹിച്ചുകൊണ്ടുള്ള ട്രക്കുകള്‍ ഇന്ത്യയില്‍ എത്തിയിരുന്ന കാലത്ത്, സമാനമായ രീതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ട്രക്കുകള്‍ പാക്കിസ്ഥാനിലേക്കും പോയിരുന്നു. എന്നാൽ 2019-ലെ പുൽവാമ സംഭവത്തിന് ശേഷം അയൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം തകരുകയും ചുമട്ടുതൊഴിലാളികൾക്ക് അത് കനത്ത ആഘാതമാവുകയും ചെയ്തു

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ട്രക്കുകൾ വിളകളുമായി എത്തുമ്പോൾ മാത്രമാണ് നിലവിൽ അതിർത്തിയിൽ കാലാനുസൃതമായി ജോലി ഉണ്ടാകുന്നത്. മറ്റ് സാധാരണ ജോലികൾ കണ്ടെത്താൻ കൂടുതൽ ബുദ്ധിമുട്ടുള്ള പ്രായമായ ചുമട്ടുതൊഴിലാളികൾക്ക് തങ്ങൾ ഈ ജോലി നൽകുമെന്ന് ശംശേർ പറഞ്ഞു.

അതിർത്തി അടച്ചിടുന്നത് തിരിച്ചടിക്കുന്നതിനായിരുന്നുവെന്ന് ഇവിടത്തെ ചുമട്ടുതൊഴിലാളികൾക്കു മനസ്സിലായി. “പർ ജെദാ എതെ 1,500 ബന്ദെ ഓന ദ ദേ ചുലേ തണ്ടേ കരൺ ലഗേ സോ ബാരി സോചന ചാഹിദാ [എന്നാൽ ഇവിടുത്തെ പല കുടുംബങ്ങളുടെയും അടുപ്പിലെ തീ കെടുത്താൻ അവ എങ്ങനെ കാരണമായെന്നുകൂടി ആലോചിക്കണം],” ശംശേർ പറയുന്നു.

അഞ്ചുവർഷമായി ചുമട്ടുതൊഴിലാളികൾ അധികൃതർക്ക് പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ല.  “കഴിഞ്ഞ അഞ്ച് വർഷങ്ങളായി അതിർത്തി വീണ്ടും തുറക്കാൻ മാംഗ് പത്രയുമായി [മെമ്മോറാണ്ടം] ഞങ്ങൾ സമീപിക്കാത്ത ഒരു സർക്കാരും സംസ്ഥാനത്തും കേന്ദ്രത്തിലും ഇല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.

“അമൃത്‌സറിൽ നിന്നുള്ള സിറ്റിംഗ് എം.പി., കോൺഗ്രസ് പാർട്ടിയിൽ നിന്നുള്ള ഗുർജീത് സിംഗ് ഓഝ്ല, സ്ഥലം നിവാസികളുടെ ഉപജീവനത്തിനായി അതിർത്തി വീണ്ടും തുറക്കുന്നതിനെക്കുറിച്ച് മോദി സർക്കാരിനോട് പലപ്പോഴും പാർലമെന്‍റിൽ സംസാരിച്ചിട്ടുണ്ട്. എന്നിരിക്കിലും അദ്ദേഹത്തിന്‍റെ പാർട്ടി കേന്ദ്രത്തിൽ അധികാരത്തിലില്ലാത്തതിനാൽ സർക്കാർ അതിൽ നടപടിയെടുത്തില്ല”, കോങ്കെ ഗ്രാമത്തിൽ നിന്നുള്ള ദളിത് വിഭാഗത്തിൽപ്പെട്ട ചുമട്ടുതൊഴിലാളിയായ സുച്ച സിംഗ് പറയുന്നു.

PHOTO • Sanskriti Talwar
PHOTO • Sanskriti Talwar

ഇടത്: അതിർത്തിക്കടുത്തുള്ള കോങ്കെ എന്ന ഗ്രാമത്തിൽ നിന്നുള്ള ചുമട്ടുതൊഴിലാളിയായ സുച്ച സിംഗ് തൻ്റെ മകനോടൊപ്പം നിലവിൽ കൽപ്പണിക്കാരനായി ജോലി ചെയ്യുന്നു. വലത്: ഹർജീത് സിംഗും അയൽവാസിയായ സന്ദീപ് സിംഗും ചുമട്ടുതൊഴിലാളികളായിരുന്നു. ഹർജീത് ഇപ്പോൾ ഒരു തോട്ടത്തിൽ ജോലി ചെയ്യുന്നു, സന്ദീപ് ദിവസക്കൂലിക്കാരനായും. അവർ അട്ടാരിയിലെ ഹർജീത്തിന്‍റെ വീടിന്‍റെ മേല്‍ക്കൂര നന്നാക്കുകയാണ്

PHOTO • Sanskriti Talwar
PHOTO • Sanskriti Talwar

ഇടത്: റോറൻവാലായിലെ താമസക്കാരാണ് ബൽജിത്തും (നിൽക്കുന്നയാൾ) മൂത്ത സഹോദരൻ സഞ്ജിത് സിംഗും (ഇരിക്കുന്നയാൾ‌). ബൽജിത്തിന് അതിർത്തിയിലെ പോർട്ടർ ജോലി നഷ്ടമായി. വലത്: അവരുടെ അമ്മ മഞ്ജിത് കൗറിന് എല്ലാ മാസവും ലഭിക്കുന്ന 1,500 രൂപ വിധവാ പെൻഷൻ മാത്രമാണ് ഈ ഏഴംഗ കുടുംബത്തിന്റെ സ്ഥിരവരുമാനം

ചുമട്ടുതൊഴിലാളിയുടെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ദളിതനായ 55-കാരൻ മാസാബി സിഖ് മകനോടൊപ്പം കൽപ്പണിക്കാരനായി പ്രതിദിനം 300 രൂപയ്ക്ക് ജോലി ചെയ്യുന്നു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരുന്ന സമയത്ത്  എല്ലാവർക്കുമിടയിലുണ്ടായിരുന്ന ഒരു പൊതു അഭിപ്രായം ശ്രദ്ധേയമായിരുന്നു. ഇതേക്കുറിച്ച് ശംശേർ വിശദീകരിക്കുന്നു: “ഈ തിരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് കുത്താൻ ഞങ്ങൾ ആഗ്രഹിച്ചു, എന്നാൽ [ചുമട്ടുതൊഴിലാളികൾ എന്ന നിലയിലുള്ള] ഞങ്ങളുടെ ഉപജീവനമാർഗ്ഗം തികച്ചും കേന്ദ്രസർക്കാരിനെ ആശ്രയിച്ചിരിക്കുന്നു. ബി.ജെ.പി.ക്ക് (ഭാരതീയ ജനതാ പാർട്ടി) വോട്ട് ചെയ്യാൻ ഞങ്ങൾക്ക് ആഗ്രഹമില്ല, എന്നിരിക്കലും അതാവശ്യമായി വന്നു.”

2024 ജൂൺ 4-ന് പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസ് സ്ഥാനാർത്ഥി ഗുർജീത് സിംഗ് ഓഝ്ല തന്‍റെ സീറ്റ് നിലനിർത്തിയെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. അതിർത്തി രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് സ്വാധീനം ചെലുത്താനാവുമോ എന്നത് കാണാനിരിക്കുന്നതേയുള്ളൂ.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Sanskriti Talwar

Sanskriti Talwar is an independent journalist based in New Delhi, and a PARI MMF Fellow for 2023.

Other stories by Sanskriti Talwar
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Editor : Sarbajaya Bhattacharya

Sarbajaya Bhattacharya is a Senior Assistant Editor at PARI. She is an experienced Bangla translator. Based in Kolkata, she is interested in the history of the city and travel literature.

Other stories by Sarbajaya Bhattacharya
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.