മർഹായ് മാതാ ക്ഷേത്രത്തിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്ന മിക്ക വിശ്വാസികൾക്കും, നാലടി മാത്രം പൊക്കമുള്ള അതിന്റെ വാതിലിലൂടെ കടക്കുമ്പോൾ ചെറുതായെങ്കിലും ഒന്ന് തല കുനിക്കേണ്ടിവരും. ഇനി അതല്ലെങ്കിൽക്കൂടിയും, രോഗസൗഖ്യം നൽകുന്ന ദേവതയോടുള്ള ആരാധനയാൽ മർഹ ഗ്രാമത്തിൽനിന്നും ചുറ്റുവട്ടത്തുനിന്നും ക്ഷേത്രത്തിലെത്തുന്ന നൂറുകണക്കിന് ഭക്തർ സമാദരപൂർവ്വം ഇവിടെ തല കുമ്പിടുന്നു.
"നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും രോഗബാധിതരാണെങ്കിൽ, ഇവിടെ വന്ന് ഭഗവതിയോട് പ്രാർത്ഥിച്ചാൽ മതി," ബാബു സിംഗ് പറയുന്നു. അദ്ദേഹം ഉൾപ്പെടെ ഒരു കൂട്ടം ആളുകൾ പടർന്ന് പന്തലിച്ച ആൽ മരത്തിന് കീഴിൽ പൂജ തുടങ്ങുന്നത് കാത്തിരിക്കുകയാണ്. ഇവിടത്തെ ക്ഷേത്രത്തിലെ ദേവതയാണ് ഭഗവതി. "രോഗമോ ഭൂതബാധയോ മന്ത്രവാദിനികളുടെ ശല്യമോ-പ്രശ്നം എന്തുതന്നെയായാലും ഭഗവതി പരിഹരിക്കും," അദ്ദേഹം ആത്മവിശ്വാസത്തോടെ കൂട്ടിച്ചേർക്കുന്നു.
ബുധനാഴ്ച ദിവസത്തെ ദർശനം കുറച്ചധികം വിശിഷ്ടമാണ്- അന്നേദിവസം, പ്രാദേശികമായി പാണ്ട എന്ന് അറിയപ്പെടുന്ന ക്ഷേത്രപൂജാരിയുടെ ദേഹത്ത് ദേവത ആവേശിക്കും. അയാളിലൂടെ ദേവത തന്റെ ഭക്തരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അവരുടെ പ്രശ്നനങ്ങൾക്ക് - മിക്കതും ആരോഗ്യവുമായി ബന്ധപ്പെട്ടവയാകും - പരിഹാരം നിർദ്ദേശിക്കുകയും ചെയ്യും.
ക്ഷേത്രത്തിൽ വന്നിട്ടുള്ള ഭക്തരിലേറെയും ഗഹദ്ര, കോനി, കൂടൻ, ഖാംരി, മജോഹി, മർഹ, രക്‌സേഹ, കഠേരി ബിൽഹാട്ട എന്നീ ഗ്രാമങ്ങളിൽനിന്നുള്ള പുരുഷന്മാരാണ്. പിന്നെയുള്ള ഏതാനും സ്ത്രീകൾ സാരിത്തുമ്പുകൊണ്ട് മുഖം മറച്ചിരുന്നു.
"എട്ട് ഗ്രാമങ്ങളിൽനിന്നുള്ള ആളുകൾ ഇവിടെ വരാറുണ്ട്," പ്രാദേശിക പുരോഹിതനും രോഗങ്ങളുടെ വ്യാഖ്യാതാവുമായ ഭയ്യാ ലാൽ ആദിവാസി ഉച്ചത്തേയ്ക്കുള്ള തയ്യാറെടുപ്പിനിടെ പറയുന്നു. ഗോണ്ട് ആദിവാസി സമൂഹത്തിലെ അംഗമായ അദ്ദേഹത്തിന്റെ കുടുംബം പല തലമുറകളായി ദേവതയെ ഉപാസിക്കുന്നവരാണ്.
ക്ഷേത്രത്തിനകത്ത്, ഒരു കൂട്ടം പുരുഷന്മാർ ധോലക്, ഹാർമോണിയം എന്നീ ഉപകരണങ്ങൾ വായിക്കുകയും രാമന്റെയും സീതയുടെയും നാമം ജപിക്കുകയും ചെയ്യുന്നുണ്ട്.
ക്ഷേത്രത്തിന്റെ ഒരു മൂലയിൽ, ഒരു സാധാരണ കുടവും അതിനുമേൽ ഒരു തട്ടും വച്ചിരിക്കുന്നത് കാണാം. "ഇന്ന് തട്ട് കൊണ്ടുള്ള മേളമുണ്ടാകും," ഇപ്പോൾ നിശബ്ദമായിരിക്കുന്ന തട്ട് പരാമർശിച്ച് പന്ന നിവാസിയായ നീലേഷ് തിവാരി പറഞ്ഞു.
ക്ഷേത്രത്തിൽ പ്രവേശിച്ച് ദേവതയുടെ മുന്നിൽ നിന്ന ഭയ്യാ ലാൽ പതിയെ മുന്നോട്ടും പുറകോട്ടും ആടാൻ തുടങ്ങി. അദ്ദേഹത്തിന്റെ ചുറ്റും നിൽക്കുന്ന ഇരുപതോളം ആളുകളും ഒപ്പം കൂടുന്നുണ്ട്. തട്ട് കൊണ്ടുള്ള മേളത്തിന്റെ താളവും ചന്ദനത്തിരികളിൽ നിന്നുയരുന്ന പുകയും കോവിലിന് മുന്നിൽ കത്തിച്ചുവെച്ചിരിക്കുന്ന ചെറുവിളക്കിന്റെ പ്രഭയും എല്ലാം ചേർന്ന് ഭക്തിമുഖരിതമായ അന്തരീക്ഷത്തിൽ ദേവത പൂജാരിയുടെ ശരീരത്തിൽ ആവേശിച്ചു.
മേളം ഉച്ചസ്ഥായിയിലെത്തുമ്പോൾ പാണ്ട ചലിക്കുന്നത് നിർത്തി നേരെ നിൽക്കുന്നു. ആരും ഒന്നും പറയുന്നില്ലെങ്കിലും ദേവത പൂജാരിയിൽ പ്രകടമായിരിക്കുന്നുവെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്. ഇതിനുപിന്നാലെ വിശ്വാസികൾ ദേവതയോട് തങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾ ചോദിക്കാൻ തിരക്ക് കൂട്ടുന്നു. ഭക്തരുടെ മനസ്സിലുള്ള ആശങ്കകൾ ഭയ്യാ ലാലിന്റെ ചെവിയിൽ മന്ത്രിക്കുമ്പോൾ അദ്ദേഹം ഒരു പിടി ധാന്യം കയ്യിലെടുത്ത് നിലത്തേക്കെറിയും. ഇങ്ങനെ എറിയുന്ന ധാന്യങ്ങളുടെ അളവ് നോക്കിയാണ് ദേവത സന്തുഷ്ടയാണോ അല്ലയോ എന്ന് മനസ്സിലാക്കുന്നത്.
ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന ചന്ദനത്തിരിയിൽനിന്ന് വീഴുന്ന ചാരം വിശുദ്ധമാണെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം. ഭക്തർ അത് ശേഖരിച്ച് തങ്ങളെ അലട്ടുന്ന രോഗത്തിന് ഔഷധമായി കഴിക്കുന്നു. മർഹായ് മാതയുടെ പ്രസാദത്തിന് ശക്തമായ ഔഷധ ഗുണമുണ്ടെന്നാണ് പരക്കെയുള്ള വിശ്വാസം. "എന്റെ അറിവിൽ അത് ഒരിക്കൽപ്പോലും ഫലിക്കാതിരുന്നിട്ടില്ല," പാണ്ട ഒരു പുഞ്ചിരിയോടെ പറയുന്നു.
'പ്രസാദം കഴിച്ചതിന് ശേഷം എട്ട് ദിവസത്തിനുള്ളിൽ രോഗസൗഖ്യം ഉണ്ടാകുമെന്ന് ഇവിടത്തുകാർ പറയുന്നു. അതിനുശേഷം, "നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടമനുസരിച്ച് എന്ത് വഴിപാട് വേണമെങ്കിലും ദേവതയ്ക്ക് സമർപ്പിക്കാം: തേങ്ങയോ അട്ട്വായിയോ (ചെറിയ ഗോതമ്പ് പൂരികൾ). കന്യാ ഭോജനോ ഭഗ്വതോ - അത് വിശ്വാസിയുടെ താത്പ്ര്യം പോലെയാണ്."
'ഞങ്ങളുടെ ഭൂമി നഷ്ടപ്പെടുമല്ലോ എന്ന് ഓർത്താണ് എല്ലാവരും വിഷമിക്കുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അതിലും വിഷമകരമായത് ഞങ്ങളുടെ ഈ വിശുദ്ധ ഇടം നഷ്ടപ്പെടുമെന്നതാണ്. ജോലി തേടി ദൂരേയ്ക്ക് പോകാൻ ഗ്രാമീണർ തീരുമാനിച്ചാൽ, ഞങ്ങളുടെ ജനതയ്ക്ക് എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം?'
ഈ പ്രദേശത്ത് അഞ്ചാംപനി (പ്രാദേശികമായി ബാബാജു കീ ബീമാരി എന്ന് അറിയപ്പെടുന്നു; ബാബാജു ഒരു ദൈവീക ചൈതന്യമാണ്) വ്യാപകമാണെന്ന് പ്രദേശവാസികൾ പറയുന്നു. സ്ത്രീകളുടെ ആരോഗ്യാവസ്ഥയും പ്രസവവും സംസ്ഥാനത്തുടനീളം അവഗണിക്കപ്പെടുന്ന സ്ഥിതിയാണ്. 1,000 ജനനങ്ങളിൽ 41 മരണം എന്ന തോതിൽ, രാജ്യത്ത് ഏറ്റവും ഉയർന്ന ശിശുമരണനിരക്ക് മധ്യപ്രദേശിലാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേ 5, 2019-21 വ്യക്തമാക്കുന്നു.
പന്ന കടുവാസങ്കേതത്തിന് അകത്തും ചുറ്റുമുള്ള ഗ്രാമങ്ങളിൽ പ്രവർത്തനക്ഷമമായ ആരോഗ്യസംവിധാനങ്ങൾ തീർത്തും അപര്യാപ്തമാണ് - ഏറ്റവുമടുത്തുള്ള സർക്കാർ ആശുപത്രി 54 കിലോമീറ്റർ അകലെയുള്ള പന്ന പട്ടണത്തിലാണുള്ളത്. 22 കിലോമീറ്റർ അകലെയുള്ള അമൻഗഞ്ജ് ഗ്രാമത്തിൽ ഒരു പ്രാഥമികാരോഗ്യ കേന്ദ്രവുമുണ്ട്.
"ഇവിടത്തുകാർക്ക് ആശുപത്രിയിൽ പോയി ഡോക്ടറെ കാണാനും അവർ കൊടുക്കുന്ന മരുന്നുകൾ കഴിക്കാനും മടിയാണ്," കഴിഞ്ഞ ഏഴ് വർഷമായി പന്നയിൽ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കോശിക എന്ന സർക്കാരിതര സംഘടനയുടെ പ്രവർത്തകയായ ദേവശ്രീ സോമാനി പറയുന്നു. "ഇവിടെയുള്ളവർ പിന്തുടരുന്ന ഗോത്ര-വൈദ്യ സമ്പ്രദായങ്ങളെ ബഹുമാനിച്ച് കൊണ്ട് അവരെ ഡോക്ടർമാരുടെ അടുക്കൽ പോകാൻ സമ്മതിപ്പിക്കുക എന്നതാണ് ഞങ്ങൾക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി," അവർ കൂട്ടിച്ചേർക്കുന്നു. "രോഗം വരുന്നത് ഒരു ലക്ഷണം മാത്രമാണെന്നാണ് ഗ്രാമീണർ വിശ്വസിക്കുന്നത്; ദൈവീക ചൈതന്യത്തിന്റെയോ മരിച്ചുപോയ പൂർവ്വികരുടെയോ കോപമാണ് അതിന് കാരണമെന്ന് അവർ കരുതുന്നു."
അലോപ്പതി ചികിത്സാസംവിധാനത്തിന് കീഴിലും, അവർക്ക് ലഭിക്കുന്ന 'ചികിത്സയുടെ' നിലവാരം അവരുടെ ജാതിയെ അടിസ്ഥാനമാക്കിയായിരിക്കും എന്നത് ആശുപത്രിയിൽ ചികിത്സ തേടുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്, ദേവശ്രീ വിശദീകരിക്കുന്നു.
*****
പദ്ധതി നടപ്പിലാക്കിയാൽ പന്ന, ഛത്തർപൂർ എന്നീ പ്രദേശങ്ങളിലെ പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാകും. പദ്ധതിയ്ക്കായുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ട് ദശാബ്ദങ്ങളായെങ്കിലും, എപ്പോൾ,എവിടേയ്ക്ക് പോകേണ്ടിവരുമെന്ന് ഇവിടങ്ങളിലെ താമസക്കാർക്ക് ഉറപ്പില്ല. "കൃഷി നിലച്ചിരിക്കുകയാണ്," അടുത്ത് തന്നെ ഗ്രാമം ഒഴിയേണ്ടിവരുമെന്ന് വിശദീകരിച്ചുകൊണ്ട് പ്രദേശവാസികൾ പറയുന്നു. (വായിക്കുക: പന്ന കടുവാസങ്കേതത്തിലെ ആദിവാസികൾ: ഇരുളിലാണ്ട ഭാവി )
"ഞങ്ങൾ ഞങ്ങളുടെ ഭഗവതിയെ കൂടെ കൊണ്ടുപോകും" എന്ന് മാത്രമാണ് അവർക്ക് ഉറപ്പുള്ളതെന്ന് ഭയ്യാ ലാൽ പറയുന്നു. "ഞങ്ങളുടെ ഭൂമി നഷ്ടപ്പെടുമല്ലോ എന്ന് ഓർത്താണ് എല്ലാവരും വിഷമിക്കുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അതിലും വിഷമകരമായത് ഞങ്ങളുടെ ഈ വിശുദ്ധ ഇടം നഷ്ടപ്പെടുമെന്നതാണ്. ജോലി തേടി ദൂരേയ്ക്ക് പോകാൻ ഗ്രാമീണർ തീരുമാനിച്ചാൽ, ഞങ്ങളുടെ ജനതയ്ക്ക് എന്ത് സംഭവിക്കുമെന്ന് ആർക്കറിയാം? ഈ സമൂഹം ചിതറിപ്പോകും. ഭഗവതിയെ മാറ്റിപ്രതിഷ്ഠിക്കാൻ കഴിയുന്ന, ഞങ്ങൾക്ക് താമസിക്കാനാകുന്ന ഒരു ഇടം ലഭിക്കുകയാണെങ്കിൽ, ഞങ്ങൾ സുരക്ഷിതരായിരിക്കും," അദ്ദേഹം പറയുന്നു.
10 കിലോമീറ്റർ അകലെയുള്ള മജ്ഗാവാ പ്രദേശത്തുനിന്ന് വന്നതാണ് സന്തോഷ് കുമാർ. ഏതാണ്ട് 40 വർഷമായി അദ്ദേഹം പതിവായി ഈ ക്ഷേത്രത്തിലെത്തുന്നുണ്ട്. "ഇവിടെ വന്നാൽ മനസമാധാനം ലഭിക്കും," ആ 58 വയസ്സുകാരൻ പറയുന്നു.
"ഇവിടെനിന്ന് പോകേണ്ട സാഹചര്യം വന്നാൽ, ഒന്ന് രണ്ടു വർഷത്തിനുശേഷം പിന്നെ ഭഗവതിയെ കാണാൻ കഴിയാതെ വരും; അതിനാലാണ് ഞാൻ ഇക്കുറി വന്നത്," തന്റെ ആറേക്കർ കൃഷിയിടത്തിൽ പയർ, കടല, ഗോതമ്പ് എന്നീ വിളകൾ കൃഷി ചെയ്യുന്ന ആ കർഷകൻ പറഞ്ഞു.
ദേവതയെ ഉപാസിക്കുന്ന പാരമ്പര്യം പിന്തുടരാൻ തന്റെ ഇരുപതുകളിലുള്ള മകൻ തയ്യാറാകുമോ എന്ന് ഭയ്യാ ലാലിന് സംശയമാണ്. "അത് അവരുടെ തീരുമാനമാണ്." ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. ഭയ്യാ ലാലിൻറെ കുടുംബത്തിന് സ്വന്തമായുള്ള അഞ്ചേക്കർ കൃഷിയിടത്തിൽ ജോലി ചെയ്യുകയാണ് അദ്ദേഹത്തിന്റെ മകൻ.
"ഇവിടെ വരുന്നത് ഒരു ആശ്വാസമാണ്," അമൻഗഞ്ജിൽനിന്ന് വന്നിട്ടുള്ള കർഷകയായ മധു ഭായി പറയുന്നു. "ഞാൻ ഇവിടെ ദർശനത്തിന് വന്നതാണ്," മറ്റു സ്ത്രീകൾക്കൊപ്പം നിലത്തിരിക്കുന്ന ആ 40 വയസ്സുകാരി പറഞ്ഞു. ക്ഷേത്രത്തിൽനിന്ന് ഭജനകളുടെയും വാദ്യങ്ങളുടെയും താളാത്മകമായ സംഗീതം പശ്ചാത്തലത്തിൽ നിറഞ്ഞുനിന്നു.
അവർ സംസാരിച്ചുകൊണ്ടിരിക്കെ ധോലിന്റെയും ഹാർമോണിയത്തിന്റെയും നേർത്ത ശബ്ദം ഉച്ചസ്ഥായിയിലായി, തൊട്ടടുത്തുനിന്ന് സംസാരിക്കുന്നതുപോലും പരസ്പരം കേൾക്കാനാകാത്ത സ്ഥിതിയായി. "ഞാൻ ദേവിയെ തൊഴുത്തിട്ട് വരാം," എഴുന്നേറ്റ് നിന്ന് സാരി ശരിയാക്കുന്നതിനിടെ അവർ പറഞ്ഞു.
പരിഭാഷ: പ്രതിഭ ആര്‍. കെ .