ദിവ്യൻ എന്റെ കണ്ണുകളിലേക്ക് നോക്കി
അള്ളാഹുവിന്റെ അമൃത് കുടിപ്പിച്ചു
പാപിയായിരുന്നോരു എന്നെയന്ന -
ദ്ദേഹം ഒരു സൂഫിയാക്കി മാറ്റി
എന്റെ മുഖത്ത് ഒരു യോഗിയുടെ തിളക്കം
ഓ, എന്റെ ദിവ്യന്റെ കണ്ണുകളിലെ ആ നോട്ടം

കൈയ്യിൽ മണികൾ കെട്ടി, മടിയിൽ ഒരു കുഞ്ഞിനെപ്പോലെ വെച്ച ഡോലക്കു മായി, പുനെ നഗരത്തിലെ ഒരു ദർഗ്ഗയിലിരുന്ന് ഒരാൾ ഖവാലി പാടുകയാണ്

ദർഗ്ഗയുടെ താഴികക്കുടത്തിലേക്കുവരെയെത്തുന്ന വലിയ, തെളിഞ്ഞ ശബ്ദത്തിൽ മൈക്കോ കൂടെപ്പാടാൻ മറ്റ് ഗായകരോ മുമ്പിൽ സദസ്സോ ഇല്ലാതെ, ഒരു ഖവാൽ ഒറ്റയ്ക്ക് പാടുകയാണ്,

ഒരു ഖവാലി ക്കുശേഷം അടുത്തത്. സഹർ , മഗ് രിബ് പ്രാർത്ഥനകൾക്കുമാത്രമാണ് അദ്ദേഹം പാട്ടിനൊരു ഇടവേള കൊടുക്കുന്നത്. പ്രാർത്ഥനാ സമയത്ത് പാട്ട് പാടുന്നത് അനുചിതമായിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രാർത്ഥനയ്ക്കുശേഷം വീണ്ടും രാത്രി എട്ടുമണിവരെ അദ്ദേഹം പാട്ട് തുടർന്നു.

“ഞാൻ അംജദ്. അംജദ് മുറാദ് ഗോണ്ട്. ഞങ്ങൾ രാജ്ഗോണ്ട് ആദിവാസികളാണ്,” അദ്ദേഹം സ്വയം പരിചയപ്പെടുത്തി. പേരുകൊണ്ടും കാഴ്ചയിലും മുസ്ലിമും, ജനനംകൊണ്ട് ആദിവാസിയുമാണെന്ന് അദ്ദേഹം ഞങ്ങളോട് പറയുന്നു. “ ഖവാലി ഞങ്ങളുടെ തൊഴിലാണ്!”

PHOTO • Prashant Khunte

പുനെ നഗരത്തിലെ ഒരു ദർഗ്ഗയിൽ അംജദ് ഗോണ്ട് ഖവാലി പാടുന്നു. സഹർ, മഗ്‌രിബ് പ്രാർത്ഥനകൾക്കുമാത്രമാണ് അദ്ദേഹം വിശ്രമിക്കുന്നത്. പ്രാർത്ഥനാസമയത്ത് പാട്ട് പാടുന്നത് അനുചിതമായി കണക്കാക്കുന്നതിനാൽ. പ്രാർത്ഥന കഴിഞ്ഞതോടെ, വീണ്ടും, രാത്രി എട്ടുമണിവരെ അദ്ദേഹം പാട്ട് തുടർന്നു

ഖവാലി ആസ്വദിക്കാത്ത ഒരാളെയെങ്കിലും എനിക്ക് കാണീച്ചുതരൂ. എല്ലാവർക്കും ഇഷ്ടമുള്ള ഒരു കലയാണത്,’ പാൻ ചവച്ചുകൊണ്ട് അദ്ദേഹം പറയുന്നു. പാൻ വായിലലിയുമ്പോൾ, അദ്ദേഹം തന്റെ ഖവാലി അഭിനിവേശത്തെക്കുറിച്ച് പറയാൻ തുടങ്ങി. “ആളുകളെ സന്തോഷിപ്പിക്കുക. അത്രേയുള്ളു.”

പാവോം മേം ബേഡീ , ഹാത്തോൺ മേം കഡ രഹ്നേ ദോ , ഉസ്കോ സർകാർ കി ചൌഖത്ത് പേ പഡ രഹ്നേ ദോ ..’ ആ പാട്ടിന്റെ ഈണം, ഹിന്ദി സിനിമയിലെ പ്രചാരമുള്ള ഒരു പാ‍ട്ടിനെ ഓർമ്മിപ്പിച്ചു.

ദർഗ്ഗയിൽ വരുന്ന ഭക്തർക്ക്, അദ്ദേഹം ബോളിവുഡ് ഈണങ്ങൾ ഉപയോഗിക്കുന്നതിനോട് എതിർപ്പൊന്നുമില്ല. അവർ പാട്ട് ആസ്വദിച്ച്, 10 രൂപയോ, 20 രൂപയോ ഒക്കെ കൊടുക്കും. ദിവ്യന്റെ അനുഗ്രഹം തേടിയെത്തി, ചാദർ (ശവക്കച്ച) സംഭാവന ചെയ്യുന്നവർക്ക്, ദർഗ്ഗയുടെ കാത്തുസൂക്ഷിപ്പുകാർ ശർക്കരയും എള്ളും പ്രസാദമായി നൽകുന്നു. മയിൽ‌പ്പീലി കൈയ്യിലേന്തിയ ഒരു മുജാവാർ അതുകൊണ്ട് ഭക്തരുടെ ചുമലുകളും പുറവും ഉഴിയുന്നു. ദോഷങ്ങൾ നീങ്ങിപ്പോവാനാണ് അത്. ദിവ്യനുവേണ്ടി വഴിപാടുകൾ വരാറുണ്ട്. അതിലൊരു ചെറിയ ഭാഗം ഖവാലി ഗായകനും നീക്കിവെക്കുന്നു.

ധനികരായവരും ദർഗ്ഗ സന്ദർശിക്കാറുണ്ടെന്ന് അംജദ് പറയുന്നു. ശവകുടീരത്തിലേക്കുള്ള വഴിയിൽ, ചാദറും ചുൻ രി യും വിൽക്കുന്ന ചെറിയ കടകളുണ്ട്. എല്ലാ ആരാധനാലയങ്ങളും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നിരവധിപേർക്ക് തൊഴിലും ഭക്ഷണവും നൽകുന്നു

ഹസ്രത്ത് പീർ ഖമർ അലി ദർവേഷ് ആരോടും വിവേചനം കാട്ടാറില്ല. ദർഗ്ഗയിലേക്കുള്ള പടിയിൽ, സഹായം യാചിച്ചുകൊണ്ട് ഒരു ഫക്കീർ (സന്ന്യാസി) ഇരിക്കുന്നു. കരുണയും പൈസയും അഭ്യർത്ഥിച്ചുകൊണ്ട്, ഭിന്നശേഷിക്കാരായ മറ്റ് ചിലരും അവിടെയുണ്ട്. ഒമ്പത് മുഴം നീളമുള്ള സാരി ചുറ്റിയ പ്രായമായ ഒരു ഹിന്ദു സ്ത്രീയും പതിവായി അവിടെ വന്ന് ദിവ്യന്റെ അനുഗ്രഹം തേടുന്നു. ഭിന്നശേഷിക്കാർ, അനാഥർ, ഖവാലു കൾ, എല്ലാവരും അദ്ദേഹത്തിന്റെ അനുഗ്രഹം കാംക്ഷിച്ച് അവിടെയിരിക്കുന്നു.

അംജദ് ഒരു യാചകനല്ല. ഒരു കലാകാരനാണ്, രാവിലെ 11 മണിയാവുമ്പോൾ ശവക്കല്ലറയ്ക്ക് സമീപത്ത് ഒരു സ്ഥലം കണ്ടെത്തി, തന്റെ ‘വേദി’ അയാൾ ഒരുക്കുന്നു. പതുക്കെപ്പതുക്കെ ഭക്തർ എത്തിത്തുടങ്ങുകയായി. മാർബിളും കരിങ്കല്ലും പാകിയ നിലം ഉച്ചയോടെ ചൂടാവാൻ തുടങ്ങും. കാലുകൾ പൊള്ളാതിരിക്കാൻ ഭക്തർ ഓടുകയും ചാടിനടക്കുകയും ചെയ്യും. മുസ്ലിങ്ങളേക്കാൾ കൂടുതൽ ഹിന്ദു ഭക്തരാണ് അവിടെ വരുന്നത്.

സ്ത്രീകൾക്ക് മസറി ന്റെ (ദിവ്യന്റെ ശവക്കല്ലറ) സമീപത്ത് പോകാൻ അനുവാദമില്ല. മുസ്ലിം സ്ത്രീകളടകം നിരവധിപേർ, വരാന്തയിലിരുന്ന് കണ്ണുകൾ പ്രാർത്ഥനാനിർഭരമായി അടച്ച്, ഖുർ‌ആനിൽനിന്നുള്ള ആയത്തു കൾ പാരായണം ചെയ്യുന്നുണ്ടാവും. അവരുടെ തൊട്ടടുത്തിരിക്കുന്ന, സമീപത്തെ ഗ്രാമത്തിൽനിന്നുള്ള ഒരു ഹിന്ദു യുവതിക്ക് ‘ബാധ’ കയറിയിരിക്കുന്നു. “ദിവ്യന്റെ ആത്മാവാണ്,” ആളുകൾ പറയുന്നു.

PHOTO • Prashant Khunte
PHOTO • Prashant Khunte

ഇടത്ത്: പൂന നഗരത്തിനടുത്തുള്ള ഖേദ് ശിവ്പുരിലെ പീർ ഖമർ അലി ദർവേഷ് ദർഗ പ്രസിദ്ധമാണ്. പാവപ്പെട്ടവരും പണക്കാരും ഒരുപോലെ സന്ദർശിക്കുന്ന ഒരിടം. വലത്ത്: സ്ത്രീകൾക്ക് മസറിന്റെ സമീപത്തേക്ക് പോകാൻ വിലക്കുള്ളതുകൊണ്ട്, അവരിൽ പലരും പുറത്ത് നിന്നാണ് പ്രാർത്ഥിക്കുന്നത്

PHOTO • Prashant Khunte

എല്ലാ മാസവും അംജദ് ഗോണ്ട് ഇവിടെ വരാറുണ്ട്.  ‘വിശന്നിരിക്കാൻ കരുണാമയൻ ഇടയാക്കാറില്ല,‘ അയാൾ പറയുന്നു

ശവക്കല്ലറയിലെ വിളക്കിലെ എണ്ണ, പാമ്പ്, തേൾ എന്നിവയുടെ വിഷത്തിനുള്ള പരിഹാരമാണെന്ന് ഭക്തർ വിശ്വസിക്കുന്നു. അത്തരം വിഷങ്ങൾക്ക് ചികിത്സയില്ലാതിരുന്ന ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇത്തരം വിശ്വാസങ്ങൾ. ഇപ്പോൾ നമുക്ക് ക്ലിനിക്കുകളും ചികിത്സകളുമുണ്ട്ങ്കിലും പലർക്കും അത് ഇപ്പൊഴും പ്രാപ്യമല്ല. ഇതുകൂടാതെ, പ്രശ്നങ്ങളിൽ‌പ്പെട്ട് ഉഴലുന്നവർ, കുട്ടികളില്ലാത്ത സ്ത്രീകൾ, ഭർത്താവിന്റേയും അമ്മായിയമ്മായുടേയും ഉപദ്രവങ്ങൾ നേരിടുന്നവർ ഇവരെല്ലാം ഇവിടെയെത്തുന്നു. കാണാതെ പോയ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ഇവിടെ വന്ന് പ്രാർത്ഥിക്കുന്നവരും നിരവധിയാണ്.

മാനസികരോഗമുള്ളവരും, ദിവ്യന്റെ ഇടപെടൽ പ്രതീക്ഷിച്ച് ഈ മന്ദിരത്തിലെത്തുന്നു. അവർ അനുഗ്രഹം തേടുമ്പോൾ, അംജദിന്റെ ഖവാലി അവരുടെ ആ പ്രാർത്ഥനകൾക്ക് താളവും ഈണവും നൽകുന്നു. മറ്റേതൊരു പ്രാർത്ഥനയിലുമെന്നപോലെ, ഈ പാട്ടും നമ്മെ ഉന്മാദത്തിലേക്ക് നയിക്കാൻ പര്യാപ്തമാണ്.

എപ്പോഴെങ്കിലും പാട്ട് നിർത്താറുണ്ടോ? തൊണ്ടയ്ക്ക് ക്ഷീണം തോന്നാറുണ്ടോ? അയാളുടെ ശ്വാസകോശം ഒരു ജോടി ഹാർമോണിയം‌പോലെ തോന്നിച്ചു. രണ്ട് പാട്ടുകൾക്കിടയ്ക്ക് അയാൾ ഒന്ന് വിശ്രമിക്കുന്നു. ആ സമയത്ത്, ഒരു അഭിമുഖം തേടി ഞാനയാളെ സമീപിച്ചു. “ഞാൻ എന്തെങ്കിലും തരേണ്ടിവരുമോ?” വിരലുകൾകൊണ്ട്, പൈസയെ സൂചിപ്പിച്ച് അയാൾ ചോദിക്കുന്നു. എനിക്ക് മറുപടിയില്ല. ഞാൻ വീണ്ടും അയാളോട് അല്പം സമയമ ചോദിച്ച്, ആ പാട്ടും കേട്ട് ഇരുന്നു.

ഖവാലി റൂഹാനി യാണ് – ആത്മാവിനെ സ്പർശിക്കുന്നത്. സൂഫി പാരമ്പര്യം അതിനെ പരമാത്മാവുമായി ബന്ധിപ്പിച്ചു. റിയാലിറ്റി ഷോകളിൽ നമ്മൾ കാണുന്നത് മറ്റൊന്നാണ്. റൂമാനി അഥവാ, കാല്പനികമായ രൂപം. മൂന്നാമതൊരു വിഭാഗവുമുണ്ട് ഖവാലി യിൽ. നമുക്കതിനെ ഖാനാ ബദോഷി എന്ന് വിളിക്കാം. അതിജീവനത്തിനായി അലയുന്ന അംജദിനെപ്പോലെയുള്ളവരിലേക്ക് എത്തുന്നത് അതാണ്.

അംജദിന്റെ ശബ്ദം അന്തരീക്ഷത്തിൽ പ്രതിദ്ധ്വനിക്കുന്നു

തജ്ദർ - . ഹരാം , ഹോനിഗാഹ് - - കരാം
ഹം ഗരീബോൻ കേ ദിൻ ഭിസൻ വർ ജാ‍യേംഗേ
ആപ്കേ ദർ സേ ഖാലി അഗർ ജായേംഗേ

അവസാനത്തെ വരി അംജദ് പാടിയപ്പോൾ, അതിന്റെ അർത്ഥം അഗാധമായതുപോലെ അനുഭവപ്പെട്ടു. അദ്ദേഹത്തോട് സംസാരിച്ചേ മതിയാവൂ എന്നായി എനിക്കപ്പോൾ. അദ്ദേഹത്തെ അപ്പോൾ ശല്യപ്പെടുത്താൻ ആഗ്രഹമില്ലാത്തതുകൊണ്ട്, പിറ്റേ ദിവസത്തേക്ക് ഞാൻ സമയം ചോദിച്ചു. പീർ ഖമർ അലി ദർവേഷിന്റെ ചരിത്രം മനസ്സിലാക്കുന്നതിൽ വ്യാപൃതനായി ഞാൻ പിറ്റേന്നുവരെ സമയം തള്ളിനീക്കി.

ഖവാലി ഗായകനായ അംജദ് ഗോണ്ടിനെ കേൾക്കാം

ശവക്കല്ലറയ്ക്ക് മുമ്പിൽ തന്റെ ‘സ്റ്റേജ്’ ഒരുക്കി അതിൽ അംജദ് ഗോണ്ട് സ്ഥലം കണ്ടെത്തി. സാവധാനത്തിൽ, ഭക്തർ വന്നുതുടങ്ങി. മുസ്ലിം ഭക്തരേക്കാൾ കൂടുതൽ ഹിന്ദുക്കളാണ്

*****

കഥ ഇതാണ്. പുനെ നഗരത്തിൽനിന്ന് 25 കിലോമീറ്റർ ദൂരത്തായി, സിംഘഡ് കോട്ടയുടെ ചുവട്ടിലായി സ്ഥിതി ചെയ്യുന്ന ഖേദ് ശിവപുരിലേക്ക് ഒരുദിവസം ഹസ്രത്ത് ഖമർ അലി എത്തി. ഗ്രാമത്തിലുള്ള ഒരു പിശാചിനെക്കൊണ്ട് പൊറുതിമുട്ടിയ ഗ്രാമീണർ സഹായമഭ്യർത്ഥിച്ച് ഹസ്രത്ത് ഖമർ അലിയെ സമീപിച്ചു. ആ ദിവ്യൻ, പിശാചിനെ ഒരു കല്ലിൽ തളച്ച് ഇങ്ങനെ ശപിച്ചു: “അന്തിമവിധിയുടെ നാൾവരെ ആളുകൾ നിന്നെയെടുത്ത് നിലത്ത് ശക്തിയായി അടിക്കും. നീ ഇത്രകാലം അവരെ ഉപദ്രവിച്ചു. ഇനി എന്റെ അനുഗ്രഹം തേടി വരുന്നവർ നിന്നെ നിലത്തടിക്കും.”

ശവക്കല്ലറയുടെ മുമ്പിലുള്ള കല്ലിന് 90 കിലോഗ്രാമിലധികം ഭാരമുണ്ട്. 11 പേർ ഒരുമിച്ച് ചേർന്നാൽ, ഒറ്റവിരൽകൊണ്ട് അതിനെ ഉയർത്താനാകും. ‘ യാ ഖമർ അലി ദർവേഷ് ’ എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് അവർ എല്ലാ ശക്തിയുമുപയോഗിച്ച്, ആ കല്ല് നിലത്തിടുന്നു.

നിരവധി ഗ്രാമങ്ങളിൽ ദർഗ്ഗകളുണ്ടെങ്കിലും, ഖേദ് ശിവപുരിലെ ദർഗ്ഗയിലെ ആൾത്തിരക്ക് മറ്റൊരിടത്തുമില്ല. ഈ ഭാരമുള്ള കല്ലിന്റെ കഥ കേട്ട് വളരെയധികം ആളുകൾ ഇവിടെയെത്തുന്നു. അതിനാൽ, അംജദിനെപ്പോലെയുള്ളവർക്ക് നിത്യവൃത്തിക്കുള്ളത് ലഭിക്കുകയും ചെയ്യുന്നു. കുട്ടികളില്ലാത്തവർക്ക് ഔലിയ കുട്ടികളെ നൽകുമെന്നും ഭക്തർ വിശ്വസിക്കുന്നു. “ഔഷധസസ്യങ്ങൾ നൽകി ഞങ്ങൾ വന്ധ്യതയെ ചികിത്സിക്കുന്നു,” അംജദ് പറയുന്നു.

PHOTO • Prashant Khunte

പീർ ഖമർ അലി ദർവേഷിന്റെ ദർഗ്ഗയിലെ 90 കിലോഗ്രാം ഭാരംവരുന്ന ഒരു കല്ല് ഭക്തർ ഒരുമിച്ചുയർത്തി നിലത്തിടുന്നു. പല ദർഗ്ഗകളിലും കാണുന്ന ഒരു ചടങ്ങ്

*****

ഇതേ വളപ്പിൽ ഒരു മസ്ജിദും അതിനോട് ചേർന്ന് വസൂഖാന യുമുണ്ട്. അംജദ് അവിടെപ്പോയി, വൃത്തിയായി ദേഹം കഴുകി, തലമുടി ഒരു കൊണ്ടയായി കെട്ടിവെച്ച്, തന്റെ ഓറഞ്ച് നിറമുള്ള തൊപ്പിയുമിട്ട് സംസാരിക്കാൻ തയ്യാറായി വന്നു. “എല്ലാ മാസവും ഒരാഴ്ച ഞാൻ ഇവിടെ വന്ന് താമസിക്കുന്നു,” അയാൾ പറയുന്നു. കുട്ടിയായിരുന്നപ്പോൾ അയാൾ അച്ഛനോടൊപ്പമാണ് ഇവിടേക്ക് വന്നിരുന്നത്. “എനിക്കന്ന് 10-15 വയസ്സുണ്ടാകും. അച്ഛനാണ് ആദ്യമായി എന്നെ ഇവിടെ കൊണ്ടുവന്നത്. ഇപ്പോൾ എനിക്ക് 30 കഴിഞ്ഞു. എന്റെ മകനെ ഞാനും ചിലപ്പോൾ ഇവിടെ കൊണ്ടുവരാറുണ്ട്.”

ദർഗ്ഗ യുടെ താഴത്തെ നിലയിൽ, പായയിൽ ദർവേഷി സമുദായത്തിലെ ചിലർ കിടന്നുറങ്ങുന്നു. ഒരു മതിലിനടുത്ത് അംജദും തന്റെ ബാഗ് വെച്ചിട്ടുണ്ട്. ഒരു പായ പുറത്തെടുത്ത് വിരിച്ച്, അയാളിരുന്നു. ജൽഗാംവ് ജില്ലയിലെ പചോരയിലെ ഗോണ്ട് ബസ്തിയിലാണ് തന്റെ വീട് എന്ന് അയാൾ എന്നോട് പറഞ്ഞു.

ഹിന്ദുവോ മുസ്ലിമോ ആയി സ്വയം കാണാൻ അംജദ് മിനക്കെടുന്നില്ല. ഞാൻ അയാളുടെ കുടുംബത്തെക്കുറിച്ച് ചോദിച്ചു. “എന്റെ അച്ഛനും രണ്ട് അമ്മമാരും. ഞങ്ങൾ നാല് സഹോദരങ്ങളാണ്. ഞാനാണ് ആൺകുട്ടികളിൽ മൂത്തത്. അതിന് താഴെ, ഷാറൂഫ്, സേഥ്, ഇളയവൻ ബാബർ. അഞ്ച് പെൺകുട്ടികൾക്കുശേഷമാണ് ഞാൻ ജനിച്ചത്.” ഞാൻ അവരുടെ മുസ്ലിം പേരുകളെക്കുറിച്ച് ചോദിച്ചു. “ഞങ്ങൾ ഗോണ്ടുകൾക്ക് ഹിന്ദു, മുസ്ലിം പേരുകളുണ്ട്. ഞങ്ങൾക്ക് മതമില്ല. ജാതിയിലും ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞങ്ങളുടെ മതം അല്പം വ്യത്യസ്തമാണ്. ഞങ്ങൾ രാജ്ഗോണ്ടുകളാണ്.”

പൊതുവിടത്തിലെ വിവരപ്രകാരം, 300 വർഷം മുമ്പ്, ഒരു വിഭാഗം രാജഗോണ്ട് ആദിവാസികൾ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. മുസൽമാൻ / മുസ്ലിം ഗോണ്ട് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. മഹാരാഷ്ട്രയുടെ നാഗ്പുർ, ജൽഗാംവ് ജില്ലകളിലെ ആ സമുദായക്കാരിൽ ചിലരെ കാണാൻ കഴിയും. എന്നാൽ അംജദിന് ഈ ചരിത്രം അറിയില്ല.

“ഞങ്ങൾ മുസ്ലിങ്ങളെ വിവാ‍ഹം കഴിക്കാറില്ല. ഗോണ്ടുകളെ മാത്രം. എന്റെ ഭാര്യ ചാന്ദനി ഗോണ്ട് ആണ്. എന്റെ പെണ്മകളുടെ പേരുകൾ ലാജ്ജൊ, ആലിയ, ആലിമ എന്നാണ്.” പേര് നോക്കി ഒരാളുടെ മതം കണ്ടുപിടിക്കാനാവുമെന്ന് അംജദ് കരുതുന്നില്ല. തന്റെ സഹോദരിമാരെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “എന്റെ മൂത്ത സഹോദരി നിഷോരി, പിന്നെ രഷ്മ. സൌസലും ദിദോലിയും രശ്മിയുടെ താഴെയാണ്. നോക്കൂ, ഇതൊക്കെ ഗോണ്ടുകളുടെ പേരുകളാണ്. എന്നാൽ ഒടുവിലത്തേത് മേരിയാണ്. അതൊരു ക്രിസ്ത്യൻ പേരാണ്. അതിൽ ഒരു കുഴപ്പവുമില്ല. ഞങ്ങൾക്കിഷ്ടമുള്ള പേരുകളിടുന്നു.” നിഷോരിക്ക് 45 വയസ്സായി ഏറ്റവും ഇളയ മേരി മുപ്പതുകളിലാണ്. എല്ലാവരും ഗോണ്ട് പുരുഷന്മാരെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ആരും സ്കൂളിൽ പോയിട്ടേയില്ല.

അംജദിന്റെ ഭാര്യ ചാന്ദനിക്കും പഠിപ്പില്ല. പെണ്മക്കളുടെ സ്കൂളുകളെക്കുറിച്ച് ചോദിച്ചപ്പോൾ, “എന്റെ പെണ്മക്കൾ സർക്കാർ സ്കൂളിൽ പോവുന്നു. പക്ഷേ ഞങ്ങളുടെ സമുദായത്തിൽ സ്ത്രീകളെ പഠിക്കാൻ അധികം പ്രോത്സാഹിപ്പിക്കാറില്ല” എന്നായിരുന്നു അംജദിന്റെ മറുപടി.

PHOTO • Prashant Khunte
PHOTO • Prashant Khunte

മഹാരാഷ്ട്രയിലെ പചോരയിലാണ് അംജദ് ഗോണ്ടിന്റെ താമസം. മുസ്ലിം പേരും കാഴ്ചയിൽ മുസ്ലിമുമായ ഈ രാജ്ഗോണ്ട് ആദിവാസി മതപരമായ വിഭജനങ്ങളിൽ വിശ്വസിക്കുന്നില്ല

“എന്റെ ഒരു മകൻ നവാസും മറ്റൊരാൾ ഗരീബിയുമാണ്!” ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയെ ‘ ഗരീബ് നവാസ് , പാവങ്ങളുടെ രക്ഷകൻ എന്നാണ് വിളിക്കുന്നത്. ഈ പേരുകളാണ് അംജദ് തന്റെ മക്കൾക്ക് നൽകിയിരിക്കുന്നത്. “നവാസിന് ഒരു വയസ്സുപോലും തികഞ്ഞിട്ടില്ല. എന്നാൽ, ഗരീബിന് നല്ല വിദ്യാഭ്യാസം ഞാൻ ഉറപ്പാക്കും. എന്നെപ്പോലെ അലഞ്ഞുതിരിയാൻ അവനെ ഞാൻ ഇടവരുത്തില്ല.” എട്ടുവയസ്സായ ഗരീബ് 3-ആം ക്ലാസ്സിലാണ്. എന്നാൽ അവൻ തന്റെ ഖവാൽകാരൻ അച്ഛനോടൊപ്പം അലയാറുണ്ട്.

അയാളുടെ വീട്ടിലെ എല്ലാ പുരുഷന്മാരും അവരുടെ തൊഴിലായി ഖവാലി തിരഞ്ഞെടുത്തവരാണ്.

“നിങ്ങൾക്കറിയാമോ, ഞങ്ങൾ ഗോണ്ടുകൾ എല്ലാം വിൽക്കും. ഒരു പിടി മണ്ണ് കിട്ടിയാൽ അതും. ഞങ്ങൾ ചെവികൾ വൃത്തിയാക്കുന്ന ജോലി ചെയ്യും. ഞങ്ങൾ ഈത്തപ്പഴം വിൽക്കും. ജോലിക്കായി വീട് വിട്ടാൽ, തിരിച്ചെത്തുമ്പോൾ, 1,000 രൂപയോ 500 രൂപയോ കൈയ്യിലുണ്ടാവും,” അയാൾ പറയുന്നു. എന്നാൽ, “ആളുകൾ ആഡംബരം കാണിക്കാൻ പൈസ ചിലവാക്കുന്നു. ആരും സൂക്ഷിച്ചുവെക്കുന്നില്ല. ഞങ്ങൾക്ക് പ്രത്യേകമായ തൊഴിലൊന്നുമില്ല. ആർക്കും സർക്കാർ ഉദ്യോഗവുമില്ല,” അയാൾ തുടർന്നു.

ഇത്തരത്തിൽ, സ്ഥിരമായ ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തതുകൊണ്ടാണ് അംജദിന്റെ അച്ഛന് ഖവാലി യിലേക്ക് തിരിയേണ്ടിവന്നത്. “എന്റെ മുത്തച്ഛനെപ്പോലെ, എന്റെ അച്ഛനും ഗ്രാമങ്ങളിൽ ചുറ്റിനടന്ന്, ഔഷധസസ്യങ്ങളും ഈത്തപ്പഴങ്ങളും വിറ്റ് ജീവിച്ചു. അദ്ദേഹത്തിന് സംഗീതം ഇഷ്ടമായതുകൊണ്ട് ഖവാലി യുടെ വഴി തിരഞ്ഞെടുത്തു. അച്ഛൻ പോകുന്നിടത്തെല്ലാം ഞാനും പോകും. പതുക്കെപ്പതുക്കെ അദ്ദേഹം പരിപാടികൾക്ക് പാടാൻ തുടങ്ങി. അത് കണ്ടുകണ്ട്, ഞാനും ആ കല പഠിച്ചു.”

“സ്കൂളിൽ പോയിട്ടില്ലേ?” ഞാൻ ചോദിച്ചു.

ഒരു സഞ്ചിയിൽനിന്ന്, വിരലിൽ തേക്കാൻ മാത്രമുള്ള അല്പം ചുണ്ണാമ്പെടുത്ത്, നാക്കിൽ തേച്ചു അയാൾ. “ഞാൻ 2-ഓ 3—ഓ ക്ലാസ്സുവരെ മാത്രമേ പോയിട്ടുള്ളു. അതിനുശേഷം പോയില്ല. പക്ഷേ എനിക്ക് എഴുതാനും വായിക്കാനും അറിയാം. എനിക്ക് ഇംഗ്ലീഷും നിശ്ചയമുണ്ട്.” കൂടുതൽ പഠിച്ചിരുന്നെങ്കിൽ ജീ‍വിതത്തിൽ മുന്നോട്ട് പോയേനേ എന്ന് അയാൾക്ക് തോന്നുന്നുണ്ട്. അതിനായില്ലല്ലോ എന്ന സങ്കടവും കൂടെയുണ്ട്. “അതുകൊണ്ടാണ് ഞാൻ പിന്നിലായത്.” അംജദിന്റെ സഹോദരന്മാരുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. അത്യാവശ്യത്തിനുള്ള എഴുത്തും വായനയും മാത്രം അറിയാം. അതുതന്നെ. അതിനുശേഷം ജോലിക്കിറങ്ങി.

PHOTO • Prashant Khunte

മൈക്കും, കൂടെ പാടാൻ ആരും ഇല്ലാതെയും അയാളുടെ തെളിഞ്ഞ, ഉച്ചത്തിലുള്ള ശബ്ദം, താഴികക്കുടത്തിന്റെ അറ്റംവരെ എത്തുന്നുണ്ടായിരുന്നു ഖവാലി പാടുമ്പോൾ

“ഞങ്ങളുടെ ഗ്രാമത്തിൽ 50 ഗോണ്ട് കുടുംബങ്ങളുണ്ട്. ബാക്കിയുള്ളവർ ഹിന്ദുക്കളും മുസൽമാന്മാരും ‘ജയ് ഭീം’-ഉം (ദളിതർ) ആണ്. എല്ലാവരുമുണ്ട്. ഞങ്ങളൊഴിച്ച് ബാക്കിയുള്ള സമുദായക്കാരിൽ വിദ്യാഭ്യാസമുള്ളവരെ കാണാൻ കഴിയും. പക്ഷേ എന്റെ മരുമകന് പഠിപ്പുണ്ട്. ശിവ എന്നാണ് അവന്റെ പേര്.” ശിവ 15-16 വയസ്സുവരെ പഠിച്ചു. സൈന്യത്തിൽ ചേരാനായിരുന്നു ആഗ്രഹമെങ്കിലും അത് നടന്നില്ല. ഇപ്പോൾ പൊലീസ് റിക്രൂട്ട്മെന്റിന് ശ്രമിക്കുന്നുവെന്ന് അംജദ് പറയുന്നു. ചുരുങ്ങിയത്, കുടുംബത്തിൽ ഒരാളെങ്കിലും വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ചിന്തിക്കുന്നുണ്ട്.

അംജദിനും സ്വന്തമായി ഒരു തൊഴിലുണ്ട്. “ഞങ്ങൾക്കൊരു പാർട്ടിയുണ്ട്. കെ.ജി.എൻ ഖവാലി പാർട്ടി.” കെ.ജി.എൻ. എന്നത്, ഖ്വാജാ ഗരീബ് നവാസ് എന്നതിന്റെ ചുരുക്കമാണ്. വിവാഹങ്ങൾക്കും മറ്റ് പരിപാടികൾക്കും അവർ പോവും. “എത്ര വരുമാനമുണ്ട്” ഞാൻ ചോദിച്ചു. “അത് സംഘാടകരെ ആശ്രയിച്ചിരിക്കും. 5,000 മുതൽ 10,000 രൂപവരെ കിട്ടും. പ്രേക്ഷകരും എന്തെങ്കിലുമൊക്കെ തരും. ഒരു പ്രോഗ്രാമിന് 15,000 മുതൽ 20,000 രൂപവരെ ഞങ്ങൾ സമ്പാദിക്കുന്നു,” അംജദ് പറയുന്നു. പൈസ എല്ലാവരും തമ്മിൽ പങ്കെട്ടെടുക്കുന്നു. ഓരോരുത്തർക്കും 2,000-3,000 രൂപവെച്ച് കിട്ടും. വിവാഹ സീസൺ കഴിഞ്ഞാൽ പിന്നെ പരിപാടികളുണ്ടാവാറില്ല. അപ്പോൾ അംജദ് പൂനയിലേക്ക് വരും

ഇവിടെ, ഹസ്രത്ത് ഖമർ അലി ദർവേഷ് ദർഗ യിൽനിന്ന് അയാൾക്ക് അല്പം വരുമാനമുണ്ട്. രാത്രി താഴത്തെ നിലയിൽ താമസിക്കും. “വിശന്നിരിക്കാൻ കരുണാമയൻ ഇടയാക്കാറില്ല.” ആഗ്രഹം സഫലമായാൽ ആളുകൾ സദ്യയോ ഭക്ഷണമോ നൽകും. ഇവിടെ ഒരാഴ്ച തങ്ങി, ഖവാലി അവതരിപ്പിച്ച്, കിട്ടിയ പൈസയുമായി വീട്ടിലേക്ക് മടങ്ങും. അതാണ് ജീവിതരീതി. ഇവിടെനിന്ന് എന്ത് കിട്ടുമെന്ന് ചോദിച്ചപ്പോൾ, 10,000-ത്തിനും 20,000-ത്തിനും ഇടയിൽ കിട്ടാറുണ്ടെന്ന് അയാൾ പറയുന്നു. “പക്ഷേ നമുക്ക് ആർത്തി പാടില്ല. കൂടുതൽ പണം കിട്ടിയാൽത്തന്നെ അതെവിടെ സൂക്ഷിക്കും. അതുകൊണ്ട്, കൈയ്യിൽ കിട്ടിയ പൈസയുമായി ഞാൻ വീട്ടിലേക്ക് മടങ്ങും,” അയാൾ പറയുന്നു.

“ജീവിക്കാൻ അത് മതിയാവുമോ?” “ഉവ്വ്, മതിയാവും,” അയാൾ പറയുന്നു. “ഗ്രാമത്തിൽ തിരിച്ചെത്തിയാലും ഞാൻ ജോലി ചെയ്യും” എന്ന് കൂട്ടിച്ചേർക്കുന്നു അയാൾ. ഭൂമിയോ മറ്റ് സ്വത്തോ ഇല്ലാത്ത അയാൾ എന്ത് ജോലിയാവും ചെയ്യുക എന്ന് ഞാൻ ആലോചിച്ചു.

അംജദ് എന്റെ സംശയം തീർത്തുതന്നു. “റേഡിയം ജോലി. ആർ.ടി.ഒ.യിൽ (റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ്) പോയി വാഹനങ്ങൾക്ക് പേരും നമ്പറും പെയിന്റ് ചെയ്തുകൊടുക്കും. ഖവാലി പരിപാടികൾ വല്ലപ്പോഴുമൊക്കെയേ ഉണ്ടാവൂ അതുകൊണ്ട്, ജോലിയന്വേഷിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ ബാഗുമെടുത്ത്, കുറച്ക് റേഡിയം പെയിന്റ് വാങ്ങി. വഴിയിൽ ഞാൻ ഒരു വാഹനം തടഞ്ഞുനിർത്തി, വധുവിനെപ്പോലെ അതിനെ അലങ്കരിച്ചു.” ഇത് ഭാഗികമായ ഒരു ജോലി മാത്രമാണ്. കല ഉപയോഗിച്ചുള്ള ഒരു തൊഴിൽ. അതും, തെരുവിൽത്തന്നെ. അതിലൂടെ എന്തെങ്കിലും തുച്ഛമായ വരുമാനം അയാളുണ്ടാക്കുന്നു.

PHOTO • Prashant Khunte
PHOTO • Prashant Khunte

കുട്ടിയായിരുന്നപ്പോൾ, പാട്ടുകാരനായിരുന്ന അച്ഛന്റെ കൂടെ അലഞ്ഞുനടന്ന അംജദ് ഗോണ്ടിന് പഠനം നഷ്ടമായി

ഉപജീവനമാർഗ്ഗങ്ങളുടെ അഭാവം, കലയ്ക്ക് അധികം ആസ്വാദകരില്ലാത്തത്, ഇതെല്ലാം മൂലം, അംജദിന്റെ സമുദായത്തിന് വലിയ പ്രതീക്ഷയ്ക്കൊന്നും വകുപ്പില്ല. എന്നാൽ കാര്യങ്ങൾക്ക് മാ‍റ്റം വരുന്നു. ഇന്ത്യൻ ജനാധിപത്യം അവരുടെ ജീവിതത്തിലും പ്രതീക്ഷകൾ കൊണ്ടുവരുന്നു. “എന്റെ അച്ഛൻ ഗ്രാമത്തലവനാണ്. ഗ്രാമത്തിനുവേണ്ടി കുറേ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മുമ്പൊക്കെ മൺപാതയായിരുന്നു എല്ലായിടത്തും. അദ്ദേഹം റോഡുകൾ പണിതു.”

പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ ആദിവാസികൾക്കുള്ള സംവരണമാന് ഇതെല്ലാം സാധ്യമാക്കിയത്. സ്വന്തം ആളുകളെ ഓർത്താണ് അംജദിന്റെ ഉത്കണ്ഠ. “ആരെങ്കിലും ഗ്രാമത്തലവനെ ധിക്കരിക്കുമോ? പക്ഷേ ഞങ്ങളുടെ ആളുകൾ അത് ചെയ്യുന്നു. അവരുടെ കൈയ്യിൽ അല്പം പൈസ വന്നാൽ അവരുടനെ കോഴിയിറച്ചിയും മീനും വാങ്ങും. പൈസ മുഴുവൻ പൊടിച്ചുകളഞ്ഞ് ആഘോഷിക്കും. ഭാവിയെക്കുറിച്ച് ഒരു ചിന്തയുമില്ല,” അയാൾ പരിഭവിക്കുന്നു.

“ആർക്കാണ് നിങ്ങൾ വോട്ട് ചെയ്യാറുള്ളത്?” വോട്ട് ചെയ്യുന്നത് രഹസ്യമാണെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ഞാൻ ചോദിച്ചു. “മുമ്പ് ഞാൻ കൈപ്പത്തി ക്കാണ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചിഹ്നം) വോട്ട് ചെയ്തിരുന്നത്, ഇപ്പോൾ ബി.ജെ.പി.യാണ് മുന്നിട്ട് നിൽക്കുന്നത്. ഖാപ്പ് പഞ്ചായത്തിന്റെ തീരുമാനമനുസരിച്ചുവേണം ഞങ്ങൾക്ക് വോട്ട് ചെയ്യാൻ. ചുറ്റും നടക്കുന്നതൊക്കെ ഞങ്ങൾ അറിയുന്നത്. എനിക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല,” അയാൾ സമർത്ഥമായി ഒഴിഞ്ഞുമാറി.

PHOTO • Prashant Khunte

നിരവധി ഗ്രാമങ്ങളിൽ ദർഗ്ഗകളുണ്ടെങ്കിലും, ഖേദ് ശിവപുരിയിലേതുപോലെയുള്ള തിരക്ക് എവിടെയുമില. അംജദിനെപ്പോലെയുള്ള ഗായകർക്ക് ഇവിടെ കൂടുതൽ സമ്പാദിക്കാനുള്ള അവസരങ്ങളുണ്ട്

“മദ്യപിക്കാറുണ്ടോ?” ഞാൻ ചോദിച്ചു. അയാൾ അത് കൈയ്യോടെ നിഷേധിച്ചു. “ഒരിക്കലുമില്ല. ബീഡിയോ മദ്യമോ ഒന്നുമില്ല. എന്റെ സഹോദരന്മാർ ബീഡി വലിക്കും, പുകയില ( ഗുഡ്ക ) കഴിക്കും. പക്ഷേ ഞാൻ തൊടാറില്ല. അത്തരം ഒരു ദുശ്ശീലവുമില്ല.” ഈ ശീലങ്ങളിൽ എന്താണ് തെറ്റെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്.

“ഞാൻ പൂർണ്ണമായും മറ്റൊരു മാർഗ്ഗത്തിലാണ്. ഒരാൾ കുടിച്ച് ഖവാലി പാടിയാൽ, പിന്നെ എന്ത് മാന്യതയാണ് അയാൾക്കുണ്ടാവുക? എന്തിനാണ് അത്തരം സ്വഭാവത്തിൽച്ചെന്ന് ചാടുന്നത്? അതുകൊണ്ടാണ് ഞാൻ ഈ ശീലങ്ങളൊന്നും പിന്തുടരാത്തത്.”

ഏത് ഖവാലി യാണ് നിങ്ങൾക്കിഷ്ടം? “സംസ്കൃതത്തിലുള്ളത്. അത് പാടാനും കേൾക്കാനും എനിക്കിഷ്ടമാണ്,” അയാൾ പറയുന്നു. സംസ്കൃതത്തിലുള്ള ഖവാലി യോ? എനിക്ക് അത്ഭുതമായി. “അസ്ലം സാബ്രി പാടുന്നുണ്ട്, ‘ കൃപാ കരോ മഹാരാജ് ..’ എന്തൊരു മനോഹരമായ രചനയാണ്. എന്റെ മനസ്സിൽ തൊടുന്നത് സംസ്കൃതമാണ്. ഖവാലി പാടുന്നത് ദൈവങ്ങൾക്കും പ്രവാചകന്മാർക്കുംവേണ്ടിയാണ്. അത് നിങ്ങളെ സ്പർശിക്കുന്നുവെങ്കിൽ അതുതന്നെ ധാരാളം,” അയാൾ വ്യക്തമാക്കുന്നു.

അംജദിനെ സംബന്ധിച്ചിടത്തോളം, ഹിന്ദു ദൈവങ്ങളെ വാഴ്ത്തുന്ന ഖവാലി കളെല്ലാം ‘സംസ്കൃത’മാണ്. ലിപികളെക്കുറിച്ചും ഭാഷകളെക്കുറിച്ചുമുള്ള വഴക്കുകൾ നമ്മെപ്പോലുള്ള മനുഷ്യർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്.

ഉച്ചയോടടുത്തപ്പോൾ, തിരക്ക് കൂടിവന്നു. ഒരുകൂട്ടം ആളുകൾ ശവക്കല്ലറയുടെ മുമ്പിൽ കൂടിനിന്നു. ചിലർ തൊപ്പി വെച്ചിരുന്നു. ചിലർ തൂവാലകൊണ്ട് തല മറച്ചിരുന്നു. ‘ യാ .. ഖാർ അലി ദർവേഷ് ..’ എന്ന് ഉച്ചത്തിലുള്ള മന്ത്രം മുഴങ്ങി..എല്ലാവരും ചേർന്ന് തങ്ങളുടെ വിരലുകൾകൊണ്ട് ഭാരിച്ച ആ കല്ല് പൊക്കി, ശക്തിയോടെ നിലത്തടിച്ചു.

അംജദ് മുറാദ് ഗോണ്ട് പാടിക്കൊണ്ടേയിരുന്നു. ദൈവങ്ങൾക്കും പ്രവാചകന്മാർക്കുംവേണ്ടി.

പരിഭാഷ: രാജീവ് ചേലനാട്ട്

Prashant Khunte

Prashant Khunte is an independent journalist, author and activist reporting on the lives of the marginalised communities. He is also a farmer.

Other stories by Prashant Khunte
Editor : Medha Kale

Medha Kale is based in Pune and has worked in the field of women and health. She is the Marathi Translations Editor at the People’s Archive of Rural India.

Other stories by Medha Kale
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat