പശ്ചിമ ഘട്ടത്തിലെ പരുക്കന്‍ മലനിരകൾക്കു പിന്നിൽ സൂര്യൻ അസ്തമിക്കുമ്പോൾ അടുത്തുള്ള വനത്തിലെ മലമൈനകളുടെ നിലവിളികൾ അർദ്ധസൈനിക സേനകളുടെ ബൂട്ടുകളുടെ വലിയ ശബ്ദത്തിൻകീഴിൽ ആഴ്ന്നു പോകുന്നു. ഒരിക്കൽകൂടി അവർ ഗ്രാമങ്ങളിൽ റോന്ത് ചുറ്റുകയാണ്. ഈ സന്ധ്യകളാണ് അവൾ ഏറ്റവും കൂടുതൽ ഭയക്കുന്നത്.

എന്തുകൊണ്ടാണ് തനിക്ക് ദേമതി എന്ന് പേരിട്ടത് എന്ന് അവൾക്കറിയില്ല. "നമ്മുടെ ഗ്രാമത്തിൽ നിന്നുള്ള നിർഭയയായ ഒരു സ്ത്രീയായിരുന്നു അവർ, ഒറ്റയ്ക്കവർ ബ്രിട്ടീഷ് സേനയെ ഓടിച്ചിട്ടുണ്ട്”, ആവേശത്തോടെ അവളുടെ അമ്മ കഥ പറഞ്ഞു കൊടുക്കുമായിരുന്നു. പക്ഷെ അവൾ ഒട്ടുംതന്നെ ദേമതിയെപ്പോലെ അല്ലായിരുന്നു - അവൾ ഭീരുവായിരുന്നു.

വയറു വേദന, പട്ടിണി, ആവശ്യത്തിന് വെള്ളമില്ലാത്ത അവസ്ഥ, ദിവസങ്ങളോളം വീട്ടില്‍ പണമില്ലാത്ത അവസ്ഥ, സംശയ ദൃഷ്ടികള്‍, ഭീഷണി കലര്‍ന്ന തുറിച്ചുനോട്ടം, തുടര്‍ച്ചയായുണ്ടാകുന്ന അറസ്റ്റുകള്‍, പീഡനം, ആളുകള്‍ മരിക്കുന്നത് എന്നിവയുമായൊക്കെ പൊരുത്തപ്പെട്ടു പോകാന്‍ അവള്‍ പഠിച്ചു. പക്ഷെ എല്ലാ സമയത്തും അവള്‍ക്കൊപ്പം കാടും മരങ്ങളും വസന്തവും ഉണ്ടായിരുന്നു. കൈമരുതിന്‍റെ പൂക്കളില്‍ അവള്‍ക്ക് അമ്മയുടെ ഗന്ധം അനുഭവിക്കാന്‍ കഴിഞ്ഞു. കാടുകളില്‍ അവള്‍ക്ക് മുത്തശ്ശിയുടെ പാട്ടുകള്‍ പ്രതിധ്വനിക്കുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു. അവയൊക്കെ ഉള്ള കാലത്തോളം അതിജീവനം സാദ്ധ്യണെന്ന് അവള്‍ മനസ്സിലാക്കി.

പക്ഷെ, എന്തൊക്കെ അറിയാമെന്ന് തെളിയിക്കുന്ന രേഖ കാണിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അവര്‍ക്ക് അവളെ പുറത്താക്കണം - അവളുടെ കുടിലില്‍നിന്ന്, ഗ്രാമത്തില്‍നിന്ന്, ഭൂമിയില്‍നിന്ന്. അസുഖങ്ങള്‍ സുഖപ്പെടുത്താന്‍ ശേഷിയുള്ള വിവിധ മരങ്ങള്‍, കുറ്റിച്ചെടികള്‍, ഇലകള്‍, തോലുകള്‍ എന്നിവയുടെയൊക്കെ പേരുകള്‍ അവളുടെ അച്ഛന്‍ അവളെ പഠിപ്പിച്ചിരുന്നു എന്നതിന് ഇവിടെ ഒരു കാര്യവുമില്ല. അമ്മയോടൊപ്പം ഫലങ്ങളും കായ്കളും വിറകും ശേഖരിക്കാന്‍ പോയപ്പോഴൊക്കെ അവര്‍ അവള്‍ ജനിച്ച മരച്ചുവട് കാണിച്ചുകൊടുക്കുമായിരുന്നു. കാടുകളെക്കുറിച്ചുള്ള പാട്ടുകള്‍ അവളുടെ മുത്തശ്ശി അവളെ പഠിപ്പിച്ചു. ആ പ്രദേശത്ത് സഹോദരനോടൊപ്പം പക്ഷികളെ കണ്ടും വിളികള്‍ മുഖരിതമാക്കിയും അവള്‍ ഓടിനടന്നിരുന്നു.

പക്ഷെ അത്തരം അറിവുകള്‍, കഥകള്‍, പാട്ടുകള്‍, കുട്ടിക്കാലത്തെ കഥകള്‍ എന്നിവയ്ക്ക് എന്തിന്‍റെയെങ്കിലും തെളിവാകാന്‍ കഴിയുമോ? തന്‍റെ പേരിന്‍റെ അര്‍ത്ഥവും ആ പേരിന് കാരണക്കാരിയായ സ്ത്രീയെക്കുറിച്ചും ആലോചിച്ചുകൊണ്ട് അവള്‍ ഇരുന്നു. എങ്ങനെയാണ് ദേമതിക്ക് താന്‍ കാടിന്‍റേതാണെന്ന് തെളിയിക്കാന്‍ പറ്റുമായിരുന്നത്?

സുധന്‍വ ദേശ്‌പാണ്ഡെ കവിത ചൊല്ലുന്നത് കേള്‍ക്കുക

Demathi Dei Sabar is known as ‘Salihan’ after the village in Nuapada district where she was born. She was closing in on 90 when PARI met her in 2002. Her incredible courage unrewarded and – outside her village – largely forgotten, living in degrading poverty
PHOTO • P. Sainath

നുവാപാഡ ജില്ലയില്‍ താന്‍ ജനിച്ച ‘സാലിഹാന്‍’ എന്ന ഗ്രാമത്തിന്‍റെ പേരിലാണ് ദേമതി ദേയി സബര്‍ അറിയപ്പെടുന്നത്. 2002-ല്‍ പി. സായ്‌നാഥ് കണ്ടുമുട്ടിയപ്പോള്‍ അവര്‍ക്ക് 90 വയസ്സ് തികയാറായിരുന്നു (അവരെക്കുറിച്ചുള്ള കഥയുടെ ലിങ്ക് താഴെച്ചേരത്തിരിക്കുന്നു). അവിശ്വസനീയമായ ധൈര്യത്തിന് പ്രതിഫലമൊന്നും ലഭിക്കാതെ, ഗ്രാമത്തിനു പുറത്ത് വലിയരീതിയില്‍ അത് വിസ്മരിക്കപ്പെട്ട്, കടുത്ത ദാരിദ്ര്യത്തില്‍ അവര്‍ ജീവിക്കുന്നു

വിശ്വരൂപദർശനം

ചിത്രത്തിൽ ചെളി ചായം പൂശിയ
കുടിലിന്‍റെ വാതിൽപടിമേൽ
അവർ ഇരിക്കുന്നു.
അലസമായി ചുറ്റിയ
കുങ്കുമ നിറത്തിലെ സാരിയിൽ
അവരുടെ ചിരി പടർത്തിയ
ഇരുണ്ട നിറങ്ങൾ തെളിഞ്ഞു കാണാം.

അവരുടെ ചിരിയിൽ നഗ്നമായ
ചുമലുകളും തോളെല്ലുകളും
വെള്ളി പോലെ വെട്ടിത്തിളങ്ങി.
ചിരിയുടെ ചുവടുപിടിച്ച്
കൈയിലെ പച്ചകുത്തൽ.
ആ ചിരിയിൽ ചീകിയൊതുക്കാത്ത
നരച്ച മുടിച്ചുരുളുകൾ അലകളായ് മാറി.

അവരുടെ ചിരി തിമിരത്തിന് പിന്നിൽ
മറവു ചെയ്ത ഓർമ്മകളാകുന്ന
കണ്ണുകൾക്ക് തീ കൊളുത്തി.
കുറേ നേരം ഞാനവരെ നോക്കിനിന്നു,
വൃദ്ധയായ ദേമതി ചിരിക്കുന്നു,
തൂങ്ങിയാടുന്ന അവരുടെ പല്ലുകൾ.
മുന്നിലെ രണ്ട് വലിയ പല്ലുകൾക്കിടയിലൂടെ
അവരെന്നെ വിശക്കുന്ന വയറിന്‍റെ
പടുകുഴിയിലേക്ക് വലിച്ചുകൊണ്ട് പോയി.

കാഴ്ചയ്ക്കും അതിനുമപ്പുറവും
പരക്കുന്ന പൊള്ളിക്കുന്ന ഇരുട്ട്.
ദൈവിക കിരീടങ്ങളില്ല,
ചെങ്കോലുകളും ചക്രായുധങ്ങളുമില്ല,
തിളങ്ങുന്ന ഒരു ഊന്നുവടിമാത്രം,
അതിൽ അസംഖ്യം സൂര്യൻമാരുടെ
കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവുമായി
ലോലാകാരത്തിൽ അവർ നിൽക്കുന്നു.
അവരിൽ നിന്ന് പുറപ്പെടുന്നതും അവരിൽ അലിഞ്ഞില്ലാതാവുന്നതുമായവരേറെ:

പതിനൊന്ന് രുദ്രർ, പന്ത്രണ്ട് ആദിത്യൻമാർ,
വസുവിന്‍റെ എട്ട് കുട്ടികൾ,
രണ്ട് അശ്വിനികുമാരൻമാർ,
നാൽപത്തി ഒൻപത് മരുതർ,
ഗന്ധർവ്വഗണങ്ങൾ, യക്ഷഗണങ്ങൾ,
അസുരർ, എല്ലാ സന്യാസിവര്യരും.

അവളിൽ നിന്നും നാൽപത് സാലിഹ പെൺകുട്ടികൾ, എൺപത്തിനാല് ലക്ഷം ചാരണ്‍ കന്യകൾ,
എല്ലാ കലാപങ്ങളും കലാപകാരികളും,
എല്ലാ സ്വപ്ന ജീവികളും അവരുടെ സ്വപ്നങ്ങളും,
അമർഷത്തിന്‍റെയും നിഷേധത്തിന്‍റെയും
എല്ലാ ശബ്ദങ്ങളുമുതിരുന്നു.
വഴങ്ങാത്ത പർവ്വതശിഖരങ്ങൾ; ആരവല്ലി, ഗിരിനർ.
അവളിൽ നിന്നുതിർന്ന് അവളിലേക്കലിയുന്ന
അമ്മമാർ, അച്ഛൻമാർ, എന്‍റെ, എന്‍റെ മഹാ പ്രപഞ്ചം!


യഥാര്‍ത്ഥ ദേമതിയുടെ കഥ നിങ്ങള്‍ക്ക് ഇവിടെ വായിക്കാം.

ഓഡിയോ : ജനനാട്യ മഞ്ചിൽ അഭിനേതാവും സംവിധായകനുമായ സുധൻവ ദേശ്‌പാണ്ഡെ ലെഫ്റ്റ് വേഡ് ബുക്‌സില്‍ എഡിറ്ററായും പ്രവർത്തിക്കുന്നു .

കവര്‍ ചിത്രീകരണം: പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ഒരു ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബനി ജംഗി കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച് . ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.

* ഭഗവത്ഗീതയുടെ 11-ാം അദ്ധ്യായത്തില്‍ കൃഷ്ണന്‍ അര്‍ജ്ജുനന്‍റെ മുന്‍പില്‍ തന്‍റെ യഥാര്‍ത്ഥവും അനശ്വരവുമായ രൂപത്തില്‍ വെളിപ്പെടുന്നതാണ് വിശ്വരൂപം.

** ചാരണ്‍ കന്യ എന്നത് ജാവേര്‍ചന്ദ് മേഘാനിയുടെ വളരെയധികം ആഘോഷിക്കപ്പെടുന്ന കവിതകളില്‍ ഒന്നാണ്. തന്‍റെ ഗ്രാമത്തെ ആക്രമിക്കാന്‍വന്ന സിംഹത്തിന്‍റെ പിന്നാലെ ഒരുവടിയുമെടുത്ത് പായുന്ന ചാരണ്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 14-കാരിയുടെ ശൗര്യത്തെക്കുറിച്ചുള്ളതാണ് ഈ കവിത.

പരിഭാഷ (കവിത): അഖിലേഷ് ഉദയഭാനു

പരിഭാഷ (വിവരണം): റെന്നിമോന്‍ കെ. സി.

Pratishtha Pandya

Pratishtha Pandya is a Senior Editor at PARI where she leads PARI's creative writing section. She is also a member of the PARIBhasha team and translates and edits stories in Gujarati. Pratishtha is a published poet working in Gujarati and English.

Other stories by Pratishtha Pandya
Translator : Akhilesh Udayabhanu

Akhilesh Udayabhanu teaches English language and literature at the Institute for Multidisciplinary Programmes in Social Sciences, Mahatma Gandhi University, Kottayam, Kerala.

Other stories by Akhilesh Udayabhanu
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.