“ഞാനൊന്നും ചോദിക്കുന്നില്ല”, അവര്‍ പറഞ്ഞു. “ഞാനെന്റെ രാജ്യത്തിനുവേണ്ടിയാണ് പൊരുതിയത്, പ്രതിഫലത്തിനല്ല. കുടുംബത്തിനുവേണ്ടിയും ഞാനൊന്നും തേടിയില്ല. പക്ഷെ ഇപ്പോള്‍, ഈ അദ്ധ്യായത്തിന്റെ അവസാനം, എന്റെ സംഭാവനയെങ്കിലും അംഗീകരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.”
ദാരിദ്ര്യവും അനാരോഗ്യവും കൂടിച്ചേര്‍ന്ന് കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ ആകെത്തകര്‍ന്നു. അപ്പോഴാണ് ജെയ്പൂരില്‍ നിന്നുള്ള യുവപത്രപ്രവര്ത്തകന് പരേശ് രഥ് അവരുടെ കഥകള്‍ പുറത്തുകൊണ്ടുവന്നത്. രഥ് അവരെ ചേരിയില്‍നിന്നും ഇപ്പോഴത്തെ ഒറ്റമുറി വാസസ്ഥലത്ത് എത്തിക്കുകയും അവരുടെ വൈദ്യപരിചരണത്തിനുള്ള ചിലവുകള്‍ വഹിക്കുകയും ചെയ്തു. ഒരു അസുഖത്തെത്തുടര്‍ന്ന് പാണ്ഡയെ അടുത്തിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്റെ ശീലങ്ങളെപ്പറ്റി സന്ദേഹങ്ങളുണ്ടെങ്കിലും ഇപ്പോള്‍ അയാളുടെ കൂടെയാണ് അവര്‍ താമസിക്കുന്നത്. രഥിന്റെ കഥകള്‍ക്കുശേഷം അവരെക്കുറിച്ച് മറ്റു കഥകളും പുറത്തുവന്നു. ഒരിക്കല്‍ അവര്‍ ഒരു ദേശീയ പ്രസിദ്ധീകരണത്തിന്റെ കവര്സ്റ്റോറിയില് സ്ഥാനം പിടിക്കുകപോലും ചെയ്തു.
“ഞങ്ങള്‍ ആദ്യത്തെ കഥ ചെയ്തപ്പോള്‍ അവര്‍ക്ക് കുറച്ചുസഹായം ലഭിച്ചു”, രഥ് പറഞ്ഞു. “അന്നത്തെ കോരാപുട് കളക്ടര്‍ ആയിരുന്ന ഉഷ പാധിക്ക് അനുകമ്പ തോന്നി. അവര്‍ ലക്ഷ്മിയുടെ വൈദ്യസഹായത്തിനായി റെഡ് ക്രോസ് ഫണ്ടില്‍നിന്നും 10,000 രൂപ ലഭ്യമാക്കി. ചെറിയൊരു തുണ്ട് സര്‍ക്കാര്‍വക സ്ഥലവും അവര്‍ക്ക് നല്‍കുമെന്ന് ഉറപ്പുകൊടുത്തു. പക്ഷെ പാധി ജില്ലയില്‍നിന്നും സ്ഥലം മാറിപ്പോയി. ബംഗാളിലെ ചില ആളുകളും അവര്‍ക്ക് കുറച്ച് സംഭാവനകള്‍ നല്കി.” പെട്ടെന്നുതന്നെ എല്ലാം അവസാനിക്കുകയും കാര്യങ്ങളെല്ലാം പഴയപടി ആവുകയും ചെയ്തു. “പക്ഷെ, ഇത് പണത്തിന്റെ മാത്രം കാര്യമല്ല”, രഥ് ചൂണ്ടിക്കാട്ടി. “കേന്ദ്ര പെന്ഷന് ലഭിച്ചാല്‍പോലും എത്രവര്‍ഷം അവര്‍ക്കതിന്റെ ഫലമുണ്ടാവും? ഇത് യഥാര്‍ത്ഥത്തില്‍ അവരുടെ അഭിമാനത്തിന്റെയും അവരോടുള്ള ആദരവിന്റെയും വിഷയമാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.”
വിഫലമായ നിരവധി പരിശ്രമങ്ങള്‍ക്കുശേഷം ഒരുതുണ്ട് സര്‍ക്കാര്‍വക ഭൂമി ജില്ലയിലെ പാണ്ജിയഗുഡ ഗ്രാമത്തില്‍ കഴിഞ്ഞവര്‍ഷം അവസാനം ലക്ഷ്മിക്ക് അനുവദിച്ചു. പക്ഷെ ഈ ഭൂമിയില്‍ സര്‍ക്കാര്‍ പദ്ധതിയിന്‍കീഴില്‍ ഒരു വീട് പണിയുന്നതിനായി അവര്‍ ഇപ്പോഴും കാത്തിരിക്കുന്നു. നിലവില്‍, പഴയ മുറിക്കടുത്ത് കുറച്ചുകൂടി മെച്ചപ്പെട്ട ഒരുമുറി പണിയുന്നതിനായി രഥ് പണം നല്‍കിയിട്ടുണ്ട്. അവിടേക്ക് അവര്‍ക്ക് ഉടനെതന്നെ മാറാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
ഇപ്പോഴവര്‍ക്ക് പ്രാദേശികമായി ചെറിയ രീതിയില്‍ അംഗീകാരം ലഭിക്കുന്നുണ്ട്. കുറച്ചു സംഘടനകള്‍ അവരുടെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുന്നോട്ടു വന്നിരിക്കുന്നു. “നാളെ ഇവിടെയുള്ള ദീപ്തി സ്ക്കൂളില്‍ ഞാന്‍ പതാക ഉയര്‍ത്തും. അവര്‍ എന്നോടത് ആവശ്യപ്പെട്ടു”, ഓഗസ്റ്റ് 14-ന് അവര്‍ എന്നോടു പറഞ്ഞു. അവര്‍ക്കതില്‍ അഭിമാനമുണ്ട്. പക്ഷെ, “ചടങ്ങിന്റെ സമയത്തുടുക്കാന് നല്ലൊരു സാരിയില്ല” എന്നത് അവരെ ദുഃഖിതയാക്കി.
പ്രായമേറിക്കൊണ്ടിരിക്കുന്ന ഈ ഐ.എന്‍.എ. സൈനിക ഇതിനിടയില്‍ മറ്റൊരു പോരാട്ടം ആസൂത്രണം ചെയ്യുകയായിരുന്നു. “നേതാജി പറഞ്ഞു, ‘ദില്ലി ചലോ’ [ഡല്‍ഹിലേക്ക് നീങ്ങുക]. ഓഗസ്റ്റ് പതിനഞ്ചോടുകൂടി എന്നെ സ്വാതന്ത്ര്യസമര സേനാനിയായി കേന്ദ്രം അംഗീകരിച്ചില്ലെങ്കില്‍ അതുതന്നെ ഞാന്‍ ചെയ്യും. പാര്‍ലമെന്റില്‍ ഞാന്‍ ധര്‍ണ്ണ ഇരിക്കും”, ആ വയോധിക പറഞ്ഞു. “ദില്ലി ചലോ, അതുതന്നെ ഞാന്‍ ചെയ്യും.”
അങ്ങനെ അവര്‍ ചെയ്യും, ആറ് ദശകങ്ങള്‍ താമസിച്ചാണെങ്കിലും. പക്ഷെ മനസ്സില്‍ പ്രതീക്ഷയുണ്ട്. അവര്‍ പാടുകയാണ്,“കദ്ം കദ്ം ബഢായെ ജാ...”
ഫോട്ടൊ: പി. സായ്നാഥ്