രാവിലെ 9 മണിക്ക് ഉത്തര മുംബൈ പ്രാന്തപ്രദേശത്തുള്ള ബോരിവലി സ്റ്റേഷനിലെത്താനായി ആളുകൾ തിരക്കുകൂട്ടുകയും കടക്കാര്‍ കടകളുടെ ഷട്ടറുകൾ ഉയർത്താൻ തുടങ്ങുകയും ചെയ്യുമ്പോൾ 24-കാരനായ ലക്ഷ്മൺ കടപ്പയും തന്‍റെ ജോലി ചെയ്യാന്‍ തുടങ്ങുകയാണ്.
തോളിൽ ഒരു കറുത്ത പരുത്തിസഞ്ചിയുമായി നഗ്നപാദനായി ഭാര്യ രേഖയോടും ഇളയ സഹോദരൻ 13-കാരനായ ഏലപ്പയോടുമൊപ്പം നടന്ന് പൂട്ടിയിട്ട ഒരു കടയുടെ മുമ്പിൽ അദ്ദേഹം നില്‍ക്കുന്നു. തന്‍റെ സഞ്ചി തുറന്ന് അദ്ദേഹം ഒരു പച്ച ഘാഘരയും (നീളമുള്ള പാവാട) തലപ്പട്ടയും (ഹെഡ് ബാൻഡ്) ചെറുപെട്ടിയും പുറത്തെടുക്കുന്നു. മഞ്ഞപ്പൊടി, ചുവന്ന കുങ്കുമം, മുത്തുകൾ കോർത്ത കഴുത്തിലണിയുന്ന ആഭരണങ്ങൾ, ഒരു ചെറിയ കണ്ണാടി, ചാട്ട, കണങ്കാലിൽ അണിയുന്ന ഘും ഗ്രൂ (കാല്‍ചിലമ്പ്) എന്നിവയടങ്ങിയതായിരുന്നു ചെറിയപെട്ടി.
അടച്ച കടയുടെ മുമ്പിൽ നിന്നുകൊണ്ട് ലക്ഷ്മൺ തന്‍റെ പാന്‍റ്സിനു മുകളിലൂടെ പാവാട ധരിക്കുകയും ടി-ഷർട്ട് ഊരുകയും ചെയ്യുന്നു. പിന്നീടദ്ദേഹം തന്‍റെ നഗ്നമായ മാറിൽ മഞ്ഞയും ചുവപ്പും നിറം പൂശുകയും ആഭരണങ്ങൾ അണിയുകയും ചെയ്യുന്നു. ഏലപ്പയും അതുതന്നെ ചെയ്യുന്നു. കൂടാതെ, വലിയ മണികളുള്ള അരപ്പട്ട അവർ പാവാടയിൽ കെട്ടുകയും കാലുകളിൽ ചിലമ്പുകള്‍ അണിയുകയും ചെയ്യുന്നു. രേഖ ഒരു ധോലകും പിടിച്ചുകൊണ്ട് അവർക്കരികിൽ ഇരിക്കുന്നു.
പ്രകടനം തുടങ്ങുകയാണ്. ഇത് ലോക്ക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് 2020 മാർച്ചിൽ ആയിരുന്നു.
![](/media/images/02-20191206_101811-A.width-1440.jpg)
ലക്ഷ്മണും ( മദ്ധ്യത്തിൽ ) ഏലപ്പയും ലോക്ക് ഡൗണി നു മുമ്പുള്ള ഒരു പ്രഭാതത്തിൽ പ്രകടനത്തിനായി തയ്യാറെടുക്കുന്നു. ലക്ഷ്മണിന്‍റെ ഭാര്യ രേഖ ധോലകുമായി കാത്തിരിക്കുകയാണ്
ഏകദേശം 22 വയസ്സുള്ള രേഖ കമ്പുകൊണ്ട് ധോലക് വായിക്കാൻ തുടങ്ങുന്നു. വായിക്കുന്നതിനൊത്ത് മണ്ണിൽ ശക്തിയായി ചവിട്ടി, ചിലമ്പുകൾ ഉച്ചത്തിൽ ചലിപ്പിച്ച് ലക്ഷ്മണും ഏലപ്പയും നൃത്തം ചെയ്യാൻ തുടങ്ങുന്നു. പിന്നെ ലക്ഷ്മൺ ചാട്ടയെടുത്ത് അന്തരീക്ഷത്തിൽ വീശുകയും തന്‍റെ പുറത്ത് അതിൽനിന്നുള്ള അടി ഏറ്റുവാങ്ങുകയും ചെയ്യുന്നു. അടിക്കുമ്പോള്‍ വലിയ ശബ്ദമുണ്ടാകുന്നു. ഈ പ്രകടനം അത്ര പരിചിതമല്ലാത്ത അദ്ദേഹത്തിന്‍റെ സഹോദരന്‍ ശബ്ദമുണ്ടാക്കാനായി നിലത്തടിക്കുന്നു.
പിന്നീടവർ ആളുകൾക്കരികിലേക്ക് നീങ്ങിക്കൊണ്ട് പണം ചോദിക്കുന്നു. “ ഏക് രൂപയ , ദോ രൂപയ ദേ ദേ , ഭഗ്‌വാൻ കഷ്ട് സീ ദൂർ രഖേഗാ [ഞങ്ങൾക്ക് ഒന്നോ രണ്ടോ രൂപ തരൂ, ദൈവം നിങ്ങളെ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കും].” ആളുകൾ നോട്ടം നിർത്തുന്നു, അടുത്തു ചെല്ലാൻ മടിക്കുന്നു, ചിലർ നോക്കാതെ നടന്നുപോകുന്നു, ചിലർ നാണയങ്ങളും നോട്ടുകളും പ്രദർശനം നടത്തുന്നവർക്ക് എറിഞ്ഞു കൊടുക്കുന്നു, കുറച്ചു കുട്ടികൾ ഭയന്നോടുന്നു.
ലക്ഷ്മണും ഏലപ്പയും കടക്കാരോടും പച്ചക്കറിവിൽപനക്കാരോടും പണം ചോദിച്ചു. ചിലർ അവർക്ക് ഭക്ഷണം നൽകി. രേഖ ഒരു കടക്കാരൻ നൽകിയ ചായ വാങ്ങിക്കുടിച്ചു. “ചിലർ ഞങ്ങൾക്ക് ഭക്ഷണം നൽകുന്നു, പക്ഷെ ദൈവത്തിനുവേണ്ടി പ്രകടനം നടത്തുമ്പോൾ എനിക്ക് കഴിക്കാൻ കഴിയില്ല”, ലക്ഷ്മൺ പറഞ്ഞു. “വീട്ടിലെത്തുന്നതുവരെ ഞങ്ങള്‍ ഭക്ഷണം കഴിക്കില്ല.” വൈകുന്നേരം അഞ്ചുമണിയോടെ അവർ വീട്ടിലെത്തും.
ലക്ഷ്മണും ഈ വഴിയോര പ്രകടനങ്ങൾ നടത്തുന്ന മറ്റുള്ളവരും പോട്‌രാജ് (പോത്തുരാജ് എന്നും പറയും) അഥവാ കടക് ലക്ഷ്മി (മാരിയമ്മ എന്ന ദേവിയുടെ പേരിനോട് ചേർത്ത്) എന്നും അറിയപ്പെടുന്നു. അസുഖം ഭേദമാക്കാനുള്ള ശേഷി ദേവിക്കുണ്ടന്നും, അസുഖങ്ങളെ ദേവി തടയുമെന്നും സമുദായത്തിലെ മറ്റുള്ളവരെപ്പോലെ ലക്ഷ്മൺ വിശ്വസിക്കുന്നു.
കർണ്ണാടകയിലെ ബീദർ ജില്ലയിലെ ഹുംനാബാദ് ബ്ലോക്കിലാണ് ഈ കുടുംബത്തിന്‍റെ ഗ്രാമമായ കൊടമ്പൽ സ്ഥിതിചെയ്യുന്നത്. പട്ടികജാതിയിൽ പെടുന്ന ധേഗു മേഗു സമുദായക്കാരാണിവര്‍. സ്ത്രീകൾ ഡ്രം വായിക്കുമ്പോൾ അല്ലെങ്കിൽ ദേവിയുടെ വിഗ്രഹമോ ചിത്രമോ അവരുടെ കൈകളിലോ സ്റ്റീൽ അല്ലെങ്കിൽ അലൂമിനിയം പ്ലേറ്റിലോ പിടിക്കുമ്പോൾ പുരുഷന്മാർ നൃത്തം ചെയ്യുന്നു. ചിലപ്പോൾ തങ്ങളുടെ തലയിലേന്തിയ ചെറിയൊരു തടിപ്പെട്ടിയിലോ അല്ലെങ്കിൽ പലകയിലോ അവർ വിഗ്രഹം വഹിക്കുന്നു.
മഹാമാരി തുടങ്ങുന്നതിനു മുമ്പുതന്നെ അവരുടെ പ്രകടനത്തിന്‍റെ നിലനില്‍പ്പ് ബുദ്ധിമുട്ടിലായിരുന്നു. “നേരത്തെ എന്‍റെ പൂർവ്വപിതാക്കന്മാർ ആളുകളുടെ അസുഖങ്ങളും പാപങ്ങളും തടയാനായി പ്രകടനം നടത്തി. എന്നാൽ ഇന്ന് ഞങ്ങളിത് ചെയ്യുന്നത് വയർ പിഴയ്ക്കാനാണ്”, ലോക്ക്ഡൗണിന് മുൻപ് കണ്ടസമയത്ത് ലക്ഷ്മമണിന്‍റെ അമ്മ ഏലമ്മ ഞങ്ങളോട് പറഞ്ഞിരുന്നു. “എന്‍റെ മുതുമുത്തച്ഛനും അദ്ദേഹത്തിന്‍റെ അച്ഛനും പ്രകടനം നടത്താനായി ചുറ്റിത്തിരിഞ്ഞു നടന്നു. മാരിയമ്മ ഞങ്ങളോട് നൃത്തം ചെയ്യാൻ പറയുന്നു. അവർ ഞങ്ങളെ പരിപാലിക്കുന്നു.”
ആറ് വയസ്സുള്ളപ്പോൾ മുതൽ ലക്ഷ്മൺ അച്ഛനോടൊപ്പം മുംബൈയിലെ തെരുവുകളിൽ പ്രകടനം നടത്തി തുടങ്ങിയതാണ്. ലക്ഷ്മണിന്‍റെ അമ്മ അവരുടെ തലയിൽ മാരിയമ്മയുടെ വിഗ്രഹം വച്ച ഒരു തടിപ്പലക ബാലൻസ് ചെയ്ത് വയ്ക്കുമായിരുന്നു. “ചാട്ടയുപയോഗിച്ച് സ്വയം പ്രഹരിക്കാന്‍ എനിക്ക് വലിയ പേടിയായിരുന്നു. ഒച്ചയുണ്ടാക്കാനായി ഞാനത് മണ്ണിലടിച്ചിരുന്നു”, അദ്ദേഹം പറഞ്ഞു. “ഞങ്ങളുടെ പുറത്ത് ഞങ്ങൾ ഒന്നും തേക്കില്ല, കാരണം വേദന സഹിക്കുന്നത് ഞങ്ങളുടെ ദേവതയ്ക്കു വേണ്ടിയായിരുന്നു. ചിലപ്പോൾ എന്‍റെ പുറം തടിച്ചു വരുമായിരുന്നു, പക്ഷെ ഞങ്ങൾ മാരിയമ്മയിൽ വിശ്വസിക്കുന്നു. ഓരോ ദിവസത്തെയും ജോലികൊണ്ട് എന്‍റെ അവസ്ഥ മെച്ചപ്പെട്ടു വന്നു. ഇപ്പോൾ എനിക്ക് അധികം വേദന തോന്നില്ല.”
ലോക്ക്ഡൗണിനു മുന്‍പ് ഈ കുടുംബം ഉത്തര മുംബൈയിലെ ബാന്ദ്ര ടെര്‍മിനസിന് എതിര്‍വശത്തായിരുന്നു ജീവിച്ചത്. ഒരേ ഗ്രാമത്തിലും സമുദായത്തിലും പെട്ട അമ്പതോളം കുടുംബങ്ങള്‍ ഈ ബസ്തിയില്‍ താമസിച്ച് ഒരേജോലി ചെയ്യുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടശേഷം ഏതാണ്ട് 8 വര്‍ഷങ്ങളായി അവരിവിടെ താമസിക്കുന്നു.
അവരുടെ വാസസ്ഥലങ്ങള്‍ മുളകള്‍, ടാര്‍പോളിന്‍, പ്ലാസ്റ്റിക് അല്ലെങ്കില്‍ തുണിക്കഷണങ്ങള്‍ എന്നിവകൊണ്ട് നിര്‍മ്മിച്ചവയാണ്. അകത്ത് ഉറങ്ങാനൊരു ഷീറ്റും കുറച്ച് പാത്രങ്ങളും തുണികളും ഉണ്ടാകുമായിരുന്നു. ചാട്ടയും ധോലകും ഒരുമൂലയില്‍ വയ്ക്കുമായിരുന്നു. ലക്ഷ്മണും രേഖയും അവരുടെ 3 മക്കളും ഒരു കൂടാരത്തിലും അദ്ദേഹത്തിന്‍റെ മാതാപിതാക്കളും ഇളയ സഹോദരന്മാരായ ഏലപ്പയും ഹനുമന്തയും അതിനടുത്തുള്ള മറ്റൊരു കൂടാരത്തിലുമായിരുന്നു താമസിച്ചിരുന്നത്.
ഞങ്ങള്‍ ആദ്യംകണ്ടുമുട്ടിയ സമയത്ത് (2019 ഡിസംബറില്‍) 8 മാസം ഗര്‍ഭിണിയായിരുന്ന രേഖ നഗ്നപാദയായി കൂടുതല്‍ ദൂരം നടക്കാന്‍ പാടുപെടുകയായിരുന്നു. ഇടവേളകളെടുത്ത് ഇരുന്ന് വിശ്രമിച്ചാണ് അവര്‍ നടന്നത്. “എനിക്ക് കുഴപ്പമൊന്നുമില്ല, ഇതെന്‍റെ മൂന്നാമത്തെ കുട്ടിയാണ്. ഈ ജോലിയെനിക്ക് പരിചിതമാണ്. ഞാനിത് നിര്‍ത്തിയാല്‍ ആരെന്‍റെ കുഞ്ഞിനെ ഊട്ടും?”, അവര്‍ ചോദിച്ചു.
![](/media/images/03-20191206_091627Ellapa-A.width-1440.jpg)
മുംബൈയില്‍ ആയിരിക്കുമ്പോള്‍ ലക്ഷ്മണും സമുദായത്തില്‍പെട്ട മറ്റ് കുടുംബങ്ങളും ബാന്ദ്ര ടെര്‍മിനസിനടുത്തുള്ള ഈ ബസ്തിയിലാണ് താമസിക്കുന്നത്
കുടുംബത്തിന്‍ എത്ര വരുമാനം ലഭിക്കുമെന്ന് മുൻകൂട്ടി പറയാൻ പറ്റില്ല. ഉത്സവകാലത്ത് (പ്രധാനമായും ജന്മാഷ്ടമി, ഗണേശ് ചതുർത്ഥി, നവരാത്രി, ദീപാവലി), ആളുകൾ ദൈവത്തിന്‍റെ പേരിൽ താൽപര്യത്തോടെ കൊടുക്കുന്ന സമയത്ത്, ഒരുദിവസം മുഴുവൻ പ്രകടനം നടത്തിയാൽ കുടുംബത്തിന് ചിലപ്പോൾ 1,000 രൂപ ഉണ്ടാക്കാൻ പറ്റുമായിരുന്നു (ലോക്ക്ഡൗണിന് മുമ്പ്). മറ്റു ദിവസങ്ങളിൽ ഇത് 150 മുതൽ 400 രൂപ വരെയായിരുന്നു.
ചില സമയങ്ങളിൽ ലക്ഷ്മണും അദ്ദേഹത്തിന്‍റെ കുടുംബവും ദിവസവേതനത്തിനും പണിയെടുത്തിരുന്നു. “ മുകദത്തിന് തൊഴിലാളികളെ വേണ്ടിവരുമ്പോൾ ഞങ്ങളെപ്പോലുള്ള ആളുകൾ തയ്യാറാകുമെന്നവർക്കറിയാം, അവർ ഞങ്ങളെ വിളിക്കും”, അദ്ദേഹം എന്നോടു പറഞ്ഞു. "എത്ര മണിക്കൂർ ജോലി ചെയ്തു എന്നതിന്‍റെ അടിസ്ഥാനത്തിൽ ഒരുദിവസം ഞങ്ങൾക്ക് 200 മുതൽ 400 രൂപവരെ ലഭിക്കും. ഈ ജോലി ആകുന്നതുവരെ ഞങ്ങൾ അത് ചെയ്യും, പിന്നെ ഇതിലേക്ക് തിരിച്ചുവരും”, ഹനുമന്ത കൂട്ടിച്ചേർത്തു.
അടുത്തുള്ള കിരാന കടയിൽ നിന്നായിരുന്നു അവർ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയിരുന്നത് (റേഷൻ കാർഡിന് അപേക്ഷിക്കാനുള്ള രേഖകൾ അവർക്കില്ലായിരുന്നു). വെള്ളവും അവരുടെ ബസ്തിയിൽ പരിമിതമായിരുന്നു. ടെർമിനസിനടുത്തുള്ള പൈപ്പുകളായിരുന്നു ഈ കുടുംബം ഉപയോഗിച്ചിരുന്നത്. അല്ലെങ്കിൽ അടുത്തുള്ള തെരുവിൽ കുടിവെള്ളം ലഭ്യമാകുന്ന സമയത്ത് (രാവിലെ 5 മുതൽ 9 മണിവരെ) അവിടെനിന്നും കുടിവെള്ളം എടുക്കുമായിരുന്നു. സ്റ്റേഷനിലെ കക്കൂസാണ് ഓരോ ഉപയോഗത്തിനും ഒരുരൂപ വീതം നൽകി അവർ ഉപയോഗിച്ചിരുന്നത്. കുളിക്കുന്നതിനും തുണിയലക്കുന്നതിനും 5 രൂപ നൽകണമായിരുന്നു. രാത്രിയിൽ അവർ അടുത്തുള്ള തുറസ്സായ സ്ഥലം ഉപയോഗിക്കുമായിരുന്നു.
അവരുടെ കുടിലിൽ വൈദ്യുതി കണക്ഷൻ ഇല്ലായിരുന്നു. അടുത്തുള്ള കടകളിലായിരുന്നു അവർ ഫോൺ ചാർജ് ചെയ്തിരുന്നത് – ഒരു ഫോണിന് 10 രൂപവീതം ഉടമകൾ വാങ്ങുമായിരുന്നു. ബാന്ദ്ര ടെർമിനസിനടുത്ത് വസിക്കുന്ന മിക്ക ധേഗു മേഗു കുടുംബങ്ങളും എല്ലാ വർഷവും ജനുവരിയിൽ അവരുടെ ഗ്രാമത്തിലേക്ക് മടങ്ങും. അവർ താമസിച്ചിരുന്ന തെരുവുകൾ ശൂന്യമാകും. കുറച്ച് വസ്ത്രങ്ങൾ മാത്രം ഭിത്തിയിൽ തൂങ്ങിക്കിടപ്പുണ്ടാവും.
![](/media/images/04-IMG_34722-A.width-1440.jpg)
കുടുംബചിത്രം ( ഇടത്തുനിന്ന് വലത്തേക്ക് ): കടപ്പ ( ലക്ഷ്മണിന്‍റെ അച്ഛൻ ), ഏലപ്പ , രേഖ , മകൾ രേശ്മ , ലക്ഷ്മൺ , മകൻ രാഹുൽ ( ബസ്തിയിൽ നിന്നുള്ള മറ്റ് രണ്ട് കുട്ടികളും )
ലോക്ക്ഡൗൺ സമയത്ത് ലക്ഷ്മണിന്‍റെ കുടുംബവും ബസ്തിയിലെ മറ്റ് നിരവധി കുടുംബങ്ങളും തൊഴിലോ വരുമാനമോ ഇല്ലാതെ കഷ്ടപ്പെടുകയും വീണ്ടും തങ്ങളുടെ ഗ്രാമത്തിലേക്ക് തിരിച്ചുപോവുകയും ചെയ്തു. അവിടെയും അവർ ചിലപ്പോൾ പ്രകടനം നടത്താറുണ്ട്. കഷ്ടിച്ച് അമ്പതോ നൂറോ രൂപയാണ് കിട്ടുക. ലോക്ക്ഡൗൺ സമയത്തെ രാത്രികളിൽ വിശപ്പ് സഹിച്ചെന്നും ഒരു സമുദായാംഗം എന്നോടു പറഞ്ഞു. ബാന്ദ്ര ടെർമിനസ് ബസ്തിയിലെ കുറച്ച് കുടുംബങ്ങൾ തിരിച്ചെത്തി. ലക്ഷ്മണും അദ്ദേഹത്തിന്‍റെ കുടുംബവും ഇപ്പോഴും ഗ്രാമത്തിൽ തന്നെയാണ്. മാർച്ച് അവസാനത്തോടെ തിരിച്ചെത്തുമായിരിക്കും.
ലക്ഷ്മണിന് തന്‍റെ കുട്ടികൾ ഗ്രാമത്തിൽ പഠിക്കുന്നതാണ് താൽപര്യം. “എന്‍റെ മകൻ പഠിക്കുകയും ഓടിപ്പോകാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അവന് നല്ലൊരു ജീവിതം ഉണ്ടാകും", തന്‍റെ സഹോദരൻ ഹനുമന്ത സ്ക്കൂളിൽ കയറാതെ വീട്ടിൽ തിരിച്ചെത്തിക്കൊണ്ടിരുന്ന കാര്യം പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സമുദായത്തിൽ നിന്നുള്ള നിരവധി കുട്ടികൾ ഗ്രാമത്തിലെ സ്ക്കൂളിൽനിന്നും കൊഴിഞ്ഞു പോകുന്നു. ഒരു ടീച്ചർ മാത്രമുള്ള അവിടെ ക്ലാസ്സുകളും സ്ഥിരമായി നടക്കാറില്ല. “അവർ ഗ്രാമത്തിൽ പഠിച്ച് കടയുടമകളാവുകയോ കോൾ സെന്‍ററിൽ ജോലി ചെയ്യുകയോ ചെയ്യണമെന്നാണ് എന്‍റെയാഗ്രഹം”, രേഖ പറഞ്ഞു. “പോലീസിന്‍റെ ബലപ്രയോഗം നിമിത്തം മുംബൈയിൽ ഞങ്ങൾക്ക് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കേണ്ടി വരും. അപ്പോള്‍ എന്‍റെ കുട്ടികൾ എവിടെ പഠിക്കും?”
ലക്ഷ്മണിന്‍റെയും രേഖയുടെയും മകൾ രേശ്മയ്ക്ക് ഇപ്പോൾ 5 വയസ്സുണ്ട്, രാഹുലിന് 3 വയസ്സും. 2020 ജനുവരിയിലാണ് ആൺകുഞ്ഞായ കരൺ ജനിച്ചത്. കുട്ടികളെ സ്ക്കൂളിൽ ചേർത്തിട്ടില്ല. രേഖയും ലക്ഷ്മണും ഒരിക്കലും സ്ക്കൂളിൽ പോയിട്ടില്ല. അദ്ദേഹത്തിന്‍റെ ഇളയ സഹോദരനായ ഏലപ്പയെ ഗ്രാമത്തിലെ സ്ക്കൂളിൽ ചേർത്തിട്ടുണ്ട്. പക്ഷെ പ്രകടനങ്ങള്‍ നടത്താന്‍ ഇടയ്ക്കിടെ മുംബൈയിലും വരും. “ശരിക്കും എനിക്കറിയില്ല, പക്ഷെ വലിയ ആരെങ്കിലും ആയിത്തീരണമെന്നെനിക്കുണ്ട്”, ഏലപ്പ പറഞ്ഞു.
അവരുടെ ഗ്രാമമായ കൊടമ്പലിൽ ഒരുകുട്ടി പ്രകടനം നടത്താന്‍ തുടങ്ങുന്നതിനു മുൻപ് കുടുംബം മാരിയമ്മയെ ആരാധിച്ച് അനുഗ്രഹം നേടുന്നു. ഇത് ചടങ്ങുകളോടു കൂടിയ ഒരു മേളപോലെയാണെന്ന് അവർ പറഞ്ഞു. അപ്പോൾ ആടിനെ ബലിയർപ്പിക്കും. “ജീവിതമാർഗ്ഗം തേടി മുംബൈയിൽ പോവുകയാണെന്നും ഞങ്ങൾ ദേവിയോട് പറയും. ഞങ്ങളെ സംരക്ഷിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്യും”, ലക്ഷ്മൺ പറഞ്ഞു. “ഈയൊരു വിശ്വാസത്തോടും വിശ്വസ്തതതയോടും കൂടിയാണ് ഞങ്ങളിവിടെ മടങ്ങിയെത്തുന്നത്.”
അദ്ദേഹവും അദ്ദേഹത്തിന്‍റെ കുടുംബവും ഇപ്പോഴും ഗ്രാമത്തിൽ തന്നെയാണ്. മാർച്ച് അവസാനത്തോടെ തിരിച്ചെത്തുമായിരിക്കും.
![](/media/images/05-IMG_35692-A.width-1440.jpg)
തോളിലൊരു കറുത്ത പരുത്തിസഞ്ചിയമായി നഗ്നപാദനായി ഭാര്യ രേഖയോടും ഇളയ സഹോദരൻ 13-കാരനായ ഏലപ്പയോടുമൊപ്പം നടന്ന 24- കാരൻ ലക്ഷ്മൺ പൂട്ടിക്കിടന്ന ഒരു കടയുടെ മുമ്പിൽ നിന്നു. തന്‍റെ സഞ്ചി തുറന്ന് അദ്ദേഹം അന്നത്തെ ജോലിക്ക് തയ്യാറെടുക്കുകയാണ്. അതിനായി അദ്ദേഹം ആദ്യം തന്‍റെ നഗ്നമായ മാറിടത്തിലും പിന്നീട് മുഖത്തും മഞ്ഞയും പച്ചയും പൊടി കുഴച്ചത് തേക്കുന്നു
![](/media/images/06-IMG_4413-A.width-1440.jpg)
പിന്നീടദ്ദേഹം തന്‍റെ കാല്‍ചിലമ്പ് മുറുക്കുന്നു
![](/media/images/07-20191206_102614-A.width-1440.jpg)
13 വയസ്സുകാരനായ ഏലപ്പയും അതുതന്നെ ചെയ്യുന്നു – അവനും പൊടി കുഴച്ചത് തേച്ച് , പാവാടയണിഞ്ഞ് , ചിലമ്പ് ധരിക്കുന്നു
![](/media/images/08-IMG_3604-A.width-1440.jpg)
പ്രദര്‍ശനത്തിനുള്ള സമയം: പ്രകടനം നടത്തുന്ന രണ്ടുപേരും തയ്യാറാണ്. രേഖ ഉടന്‍തന്നെ ധോലക് എടുത്ത് അവരുടെ നൃത്തത്തിനൊത്ത് താളം പിടിക്കും
![](/media/images/09-IMG_3664-A.width-1440.jpg)
2019 ഡിസംബറില്‍ അന്ന് 8 മാസം ഗര്‍ഭിണിയായിരുന്ന രേഖ പറഞ്ഞു: ‘എനിക്ക് ചിലപ്പോള്‍ ക്ഷീണം തോന്നും, ഇതെന്‍റെ മൂന്നാമത്തെ കുട്ടിയാണ്. ഈ ജോലിയെനിക്ക് പരിചിതമാണ്. ഞാനിത് നിര്‍ത്തിയാല്‍ ആരെന്‍റെ കുഞ്ഞിനെ ഊട്ടും?’
![](/media/images/10-IMG_3688Ellapa-A.width-1440.jpg)
ഏലപ്പ ഈ പ്രകടനത്തില്‍ താരതമ്യേന പുതിയ ആളാണ്. അതുകൊണ്ട് വലിയ ഒച്ചകേള്‍പ്പിക്കാന്‍ അവന്‍ ചാട്ടകൊണ്ട് മണ്ണിലടിക്കും
![](/media/images/11-IMG_3719-A.width-1440.jpg)
ലക്ഷ്മൺ ചാട്ടയെടുത്ത് അന്തരീക്ഷത്തിൽ വീശി ശബ്ദത്തോടുകൂടി അതിൽനിന്നുള്ള അടി തന്‍റെ പുറത്ത് ഏറ്റുവാങ്ങുന്നു. അദ്ദേഹം പറയുന്നു: ‘ ഞങ്ങളുടെ പുറത്ത് ഞങ്ങൾ ഒന്നും തേക്കില്ല, കാരണം വേദന സഹിക്കുന്നത് ഞങ്ങളുടെ ദേവതയ്ക്കു വേണ്ടിയാണ്. ചിലപ്പോൾ എന്‍റെ പുറം തടിച്ചു വരുമായിരുന്നു . പക്ഷെ മാരിയമ്മ ഞങ്ങളെ രക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. ഓരോ ദിവസത്തെയും ജോലികൊണ്ട് എന്‍റെ അവസ്ഥ മെച്ചപ്പെട്ടു വന്നു. ഇപ്പോൾ എനിക്ക് അധികം വേദന തോന്നുന്നില്ല’
![](/media/images/12-IMG_3699-A.width-1440.jpg)
അവർ ആളുകൾക്കരികിലേക്ക് നീങ്ങിക്കൊണ്ട് പണം ചോദിക്കും. ‘ഏക് രൂപയ , ദോ രൂപയ ദേ ദേ , ഭഗ്‌വാൻ കഷ്ട് സീ ദൂർ രഖേഗാ [ ഞങ്ങൾക്ക് ഒന്നോ രണ്ടോ രൂപ തരൂ , ദൈവം നിങ്ങളെ എല്ലാ ആപത്തിൽ നിന്നും രക്ഷിക്കും ] ’
![](/media/images/13-IMG_38392-A.width-1440.jpg)
ലക്ഷ്മണും ഏലപ്പയും കടക്കാരോടും പച്ചക്കറിവിൽപനക്കാരോടും പണം ചോദിക്കും. ‘ചിലർ ഞങ്ങൾക്ക് ഭക്ഷണം നൽകും , പക്ഷെ ദൈവത്തിനുവേണ്ടി പ്രകടനം നടത്തുമ്പോൾ എനിക്ക് കഴിക്കാൻ കഴിയില്ല’ , ലക്ഷ്മൺ പറയുന്നു . ‘വീട്ടിലെത്തുന്നതുവരെ ഞങ്ങള്‍ കഴിക്കില്ല’
![](/media/images/14-IMG_3939-A.width-1440.jpg)
ആളുകൾ നോട്ടം നിർത്തും , അടുത്തു ചെല്ലാൻ മടിക്കും , ചിലർ നോക്കാതെ നടന്നുപോകും , ചിലർ നാണയങ്ങളും നോട്ടുകളും പ്രദർശനം നടത്തുന്നവർക്ക് എറിഞ്ഞു കൊടുക്കും , കുറച്ചു കുട്ടികൾ ഭയന്നോടും
![](/media/images/15-IMG_3804-A.width-1440.jpg)
അന്ന് 8 മാസം ഗര്‍ഭിണിയായിരുന്ന രേഖ ഒരു കടക്കാരനില്‍ നിന്നും ചായ വാങ്ങി കുടിക്കുന്നു
![](/media/images/16-IMG_40872-A.width-1440.jpg)
‘എന്‍റെ മുതുമുത്തച്ഛനും അദ്ദേഹത്തിന്‍റെ അച്ഛനും പ്രകടനം നടത്താനായി ചുറ്റിത്തിരിഞ്ഞു നടന്നിരുന്നു . മാരിയമ്മ ഞങ്ങളോട് നൃത്തം ചെയ്യാൻ പറയുന്നു, അവർ ഞങ്ങളെ പരിപാലിക്കുന്നു’, ലക്ഷ്മണ്‍ പറയുന്നു
![](/media/images/17-IMG_4186-A.width-1440.jpg)
വേണ്ടത്ര പണം കിട്ടുന്നതുവരെ അവര്‍ വഴിയോരപ്രകടനം തുടരുന്നു. പക്ഷെ വരുമാനത്തിന്‍റെ കാര്യം മുൻകൂട്ടി പറയാൻ പറ്റില്ല. പ്രധാന ഉത്സവ ങ്ങളുടെ സമയത്ത് ആളുകൾ ദൈവത്തിന്‍റെ പേരിൽ താൽപര്യത്തോടെ പണം നല്‍കുമ്പോള്‍ ഒരുദിവസം മുഴുവൻ പ്രകടനം നടത്തിയാൽ കുടുംബത്തിന് ചിലപ്പോൾ 1,000 രൂപ ഉണ്ടാക്കാൻ പറ്റുമായിരുന്നു ( ലോക്ക്ഡൗണിന് മുമ്പ് ). മറ്റു ദിവസങ്ങളിൽ ഇത് 150 മുതൽ 400 രൂപ വരെയാകാം
![](/media/images/18-IMG_4275-A.width-1440.jpg)
ദേവതയ്ക്കുവേണ്ടി നൃത്തം ചെയ്തുകഴിഞ്ഞ് ലക്ഷ്മൺ മുഖത്തുനിന്ന് ചമയങ്ങൾ തുടച്ചുകളയും
![](/media/images/19-A.width-1440.jpg)
പിന്നീട് കുടുംബം ബാന്ദ്ര ടെർമിനസി നടുത്തുള്ള അവരുടെ കുടിലിലേക്ക് തിരിക്കുന്നു . അവരുടെ സമുദായത്തിൽ നിന്നുള്ള ഏകദേശം 50 കുടുംബങ്ങൾ അവിടെ മുള , ടാർപോളിൻ , പ്ലാസ്റ്റിക് , തുണി എന്നിവകൊണ്ടുണ്ടാക്കിയ താത്കാലിക കൂടാരങ്ങളിൽ താമസിക്കുന്നു
![](/media/images/20-A.width-1440.jpg)
വെള്ളം, മറ്റവശ്യവസ്തുക്കളെപ്പോലെ, അവരുടെ ബസ്തിയിൽ പരിമിതമാണ്. ടെർമിനസിനടുത്തുള്ള പൈപ്പുകളായിരുന്നു ഈ കുടുംബം കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്നത്. അല്ലെങ്കിൽ അടുത്തുള്ള തെരുവിൽ വെള്ളം ലഭിക്കുന്ന സമയത്ത് (5 മുതൽ 9 മണിവരെ) അവിടെനിന്നും എടുക്കുമായിരുന്നു. അവരുടെ കുടിലുകളില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലായിരുന്നു. അടുത്തുള്ള കടകളില്‍ കുറച്ച് പണം കൊടുത്തായിരുന്നു അവര്‍ ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നത്
![](/media/images/21-IMG_47692-A.width-1440.jpg)
രേഖ, മകള്‍ രേഷ്മ, ഭര്‍തൃമാതാവ്
ഏലമ്മ, രേഖയുടെ മകന്‍ രാഹുല്‍. കുട്ടികളെ ഇതുവരെ സ്ക്കൂളിൽ ചേർത്തിട്ടില്ല. പക്ഷെ
മാതാപിതാക്കള്‍ക്ക് അവര്‍ പഠിക്കണമെന്നാഗ്രഹമുണ്ട്. ‘അവർ ഞങ്ങളുടെ ഗ്രാമത്തിൽ പഠിക്കണമെന്നാണെന്‍റെ
യാഗ്രഹം’, രേഖ
പറയുന്നു. ‘എന്‍റെ മകന്‍ പഠിച്ചാല്‍ അവന് നല്ലൊരു ജീവിതമുണ്ടാവും’ ലക്ഷ്മണ്‍
കൂട്ടിച്ചേര്‍ക്കുന്നു
പരിഭാഷ: റെന്നിമോന്‍ കെ. സി.