“ഹൈദരബാദിലേക്ക് കുടിയേറിയപ്പോൾ കൈയ്യിൽ കിട്ടുന്ന എല്ലാ പണിയും ഞങ്ങൾ ഏറ്റെടുത്തിരുന്നു. മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ ആവശ്യമായ പൈസ സമ്പാദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു”, ഗുഡ്‌ല മങ്കമ്മ പറയുന്നു. അവരും ഭർത്താവ് ഗുഡ്‌ല കോട്ടയ്യയും 2000-ലാണ് തെലങ്കാനയിലെ മഹ്ബുബ്നഗർ ജില്ലയിലെ അവരുടെ ഗ്രാമം ഉപേക്ഷിച്ച് തലസ്ഥാനമായ ഹൈദരബാദിലെത്തിയത്. ആദ്യത്തെ കുട്ടി, കല്പന ജനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അത്.

എന്നാൽ നഗരം അവരോട് ദയാരഹിതമായിട്ടാണ് പെരുമാറിയത്. ഒരു പണിയും കിട്ടാതായപ്പോൾ തോട്ടിപ്പണിയെടുക്കാൻ കോട്ടയ്യ നിർബന്ധിതനായി. ഓവുചാലുകൾ വൃത്തിയാക്കുന്ന പണി ചെയ്യാൻ തുടങ്ങി അയാൾ.

തെലങ്കാനയിലെ മറ്റ് പിന്നാക്കവിഭാഗത്തിൽ‌പ്പെട്ട ചക്ക്ലി സമുദായക്കാരനായ അയാളുടെ പരമ്പരാഗത തൊഴിലായ തുണിയലക്കിന് ഹൈദരബാദിൽ ആവശ്യക്കാരില്ലായിരുന്നു. “ഞങ്ങളുടെ പൂർവ്വികർ തുണിയലക്കലും ഇസ്ത്രിയിടലുമായി ജീവിച്ചു. എന്നാൽ ഇന്ന് ഞങ്ങൾക്ക് ആവശ്യത്തിനുള്ള പണിയില്ല. എല്ലാവർക്കും വീട്ടിൽ വാഷിംഗ് മെഷീനും ഇസ്ത്രിപ്പെട്ടിയുമുണ്ട്”, ജോലി കിട്ടാതിരുന്നതിനുള്ള കാരണം മങ്കമ്മ വിശദീകരിച്ചു.

നിർമ്മാണസ്ഥലങ്ങളിൽ ദിവസക്കൂലിക്കും കോട്ടയ്യ ശ്രമിച്ചിരുന്നു. “നിർമ്മാണ സൈറ്റുകളൊക്കെ വീട്ടിൽനിന്ന് ദൂരത്തായിരുന്നതിനാൽ, അവിടേക്ക് യാത്ര ചെയ്യാനും പൈസ കൊടുക്കണമായിരുന്നു. അതുകൊണ്ടാണ്, തൊട്ടടുത്ത് ലഭ്യമായ തോട്ടിപ്പണി ചെയ്യാമെന്ന് കരുതിയത്”, മങ്കമ്മ പറയുന്നു. ആഴ്ചയിൽ മൂന്ന് ദിവസം അയാൾ ആ ജോലി ചെയ്തിരുന്നു എന്ന് അവർ സൂചിപ്പിച്ചു. ദിവസത്തിൽ 250 രൂപ അതിൽനിന്ന് സമ്പാദിക്കാൻ സാധിച്ചിരുന്നു അയാൾക്ക്.

2016 മേയ് മാസത്തെ ആ പ്രഭാതം മങ്കമ്മയ്ക്ക് ഓർമ്മയുണ്ട്. രാവിലെ 11 മണിക്കാണ് കോട്ടയ്യ വീട്ടിൽനിന്ന് പോയത്. ഒരു അഴുക്കുചാൽ വൃത്തിയാക്കാനുണ്ടെന്നും, തിരിച്ചുവരുമ്പോൾ വീട്ടിൽ കയറുന്നതിനുമുൻപ് കുളിക്കാനായി ഒരു ബക്കറ്റ് വെള്ളം കരുതിവെക്കാനും ഭാര്യയോട് അയാൾ പറഞ്ഞേൽ‌പ്പിച്ചിരുന്നു. “എന്റെ ഭർത്താവ് മുനിസിപ്പാലിറ്റിയുടെ ശുചീകരണത്തൊഴിലാളിയായിരുന്നില്ല. പൈസയ്ക്ക് വേണ്ടി ചെയ്തിരുന്നതാണ് ആ പണി”, മങ്കമ്മ പറഞ്ഞു.

PHOTO • Amrutha Kosuru
PHOTO • Amrutha Kosuru

ഇടത്ത്: ഹൈദരബാദിലെ കോട്ടി പ്രദേശത്ത് താൻ താമസിക്കുന്ന തെരുവിൽ നിൽക്കുന്ന ഗുഡ്‌ലു മങ്കമ്മ. വലത്ത്: 2016 മേയ് 1-ന്, ഒരു ആൾക്കുഴിയിൽ പെട്ടുപോയ സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മരണപ്പെട്ട ഭർത്താവ് ഗുഡ്‌ല കോട്ടയ്യയുടെ ചിത്രം തൂക്കിയ മങ്കമ്മയുടെ വീട്ടുച്ചുമർ

ആ ദിവസം, സുൽത്താൻ ബസാറിലെ ഒരു പണിക്ക് കോട്ടയ്യയെ വിളിച്ചിരുന്നു. പഴയ നഗരത്തിന്റെ തിരക്കുള്ള ആ ഭാഗത്തെ ഓടകൾ ഇടയ്ക്കിടയ്ക്ക് അടഞ്ഞുപോകാറുണ്ടായിരുന്നു. അങ്ങിനെയുള്ള സമയത്ത്, ഹൈദരബാദ് മെട്രോപ്പോളിറ്റൻ വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡിലെ കരാറുകാർ ആളുകളെ വാടകയ്ക്കെടുക്കാറുണ്ട്. ഓടകൾ വൃത്തിയാക്കാനും അഴുക്കുകൾ എടുത്തുകളയാനും.

അതിലൊരാൾ കോട്ടയ്യയുടെ സഹപ്രവർത്തകനും സുഹൃത്തുമായ ബൊംഗു വീര സ്വാ‍മിയായിരുന്നു. അയാൾ പ്രത്യേകിച്ചൊരു സുരക്ഷാ മുൻ‌കരുതലുമെടുക്കാതെ ആൾക്കുഴിയിലിറങ്ങുകയും ഏതാനും മിനിറ്റുകൾക്കുള്ളിൽ ബോധരഹിതനായി വീഴുകയും ചെയ്തു. ഇത് കണ്ട കോട്ടയ്യ, അയാളെ രക്ഷിക്കാൻ ചാടിയിറങ്ങി. അധികം താമസിയാതെ, കോട്ടയ്യയും ബോധരഹിതനായി വീണു.

മുഖാവരണമോ, കൈയ്യുറയോ ഒന്നും ഈ ആളുകൾക്ക് കരാറുകാർ കൊടുത്തിരുന്നില്ല. ഓവുചാലുകൾ വൃത്തിയാക്കുമ്പോൾ മരണപ്പെട്ട ആളുകളുടെ എണ്ണത്തിൽ ഈ ഇരുവരും ഉൾപ്പെട്ടു. 1993-നും 2022-നും ഇടയിൽ, ഓടകളും സെപ്റ്റിക്ക് ടാങ്കുകളും വൃത്തിയാക്കുന്നതുപോലുള്ള അപകടകരമായ തൊഴിലുകൾ ചെയ്യുന്നതിനിടയ്ക്ക് മരണപ്പെട്ടവരുടെ എണ്ണം 971 ആണെന്ന് സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ (സോഷ്യൽ ജസ്റ്റീസ് ആൻഡ് എം‌പവർമെന്റ് മിനിസ്ട്രി) കണക്കുകൾ പറയുന്നു.

മരണപ്പെട്ട് ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് കോട്ടയ്യയുടേയും വീര സ്വാമിയുടേയും മൃതദേഹങ്ങൾ കാണുമ്പോഴും, “ആൾക്കുഴിയുടെ വൃത്തികെട്ട മണമുണ്ടായിരുന്നുവെന്ന്’ മങ്കമ്മ ഓർത്തെടുക്കുന്നു.

2016 മേയ് 1-നാണ് ഗുഡ്‌ലി കോട്ടയ്യ മരിച്ചത്. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന മേയ് ദിനത്തിന്റെയന്ന്. തോട്ടിപ്പണി ചെയ്യാൻ ആളെ വാടകയ്ക്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് കോട്ടയ്യയിക്കോ ഭാര്യയ്ക്കോ അറിയില്ലായിരുന്നു. 1993-മുതൽ ആ തൊഴിൽ നിയമവിരുദ്ധമാണ്. 2013-ലെ തോട്ടിപ്പണി തൊഴിൽ നിരോധ, പുനരധിവാസ ആക്ട് പ്രകാരം ( പ്രൊഹിബിഷൻ ഓഫ് എം‌പ്ലോയ്മെന്റ് ആസ് മാനുവൽ സ്കാവഞ്ചർ ആൻഡ് ദെയർ റീഹാബിലിറ്റേഷൻ ആക്ട് 2013 ) ആ തൊഴിൽ ശിക്ഷാർഹമാണ്. അത് ലംഘിച്ചാൽ രണ്ടുവർഷം‌വരെ തടവോ, ഒരുലക്ഷം രൂപവരെ പിഴയോ, രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതുമാണ്.

“തോട്ടിപ്പണി നിയമവിരുദ്ധമാണെന്ന് എനിക്കറിയില്ലായിരുന്നു. കുടുംബത്തിന് നഷ്ടപരിഹാരം കിട്ടാനുള്ള നിയമങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ മരണശേഷവും, ഞാൻ മനസ്സിലാക്കിയില്ല”, മങ്കമ്മ പറയുന്നു.

PHOTO • Amrutha Kosuru
PHOTO • Amrutha Kosuru

ഇടത്ത്: ഹൈദരബാദിലെ കോട്ടി പ്രദേശത്ത്, ഒരു കെട്ടിടത്തിന്റെ ഭൂഗർഭ ഭാഗത്തിലൂടെ ചെന്നുകയറാവുന്ന മങ്കമ്മയുടെ ഇപ്പോഴത്തെ വീടിന്റെ വാതിൽ. അന്തരിച്ച കോട്ടയ്യയുടെ കുടുംബം (ഇടത്തുനിന്ന്): വംശി, മങ്കമ്മ, അഖില

കോട്ടയ്യയുടെ മരണം ഏതുവിധത്തിലാണെന്ന് അറിഞ്ഞാൽ, ബന്ധുക്കൾ തന്നെ കൈയ്യൊഴിയുമെന്നും മങ്കമ്മയ്ക്ക് അറിയില്ലായിരുന്നു. “ഇതുവരേയ്ക്കും അവരിലാരും എന്നെ ആശ്വസിപ്പിക്കാൻ വന്നില്ലെന്നതാണ് എന്നെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത്. അഴുക്കുചാൽ വൃത്തിയാക്കുമ്പോഴാണ് ഭർത്താവ് മരിച്ചത് എന്നറിഞ്ഞപ്പോൾ അവർ എന്നോടും മക്കളോടും സംസാരിക്കുന്നതുപോലും നിർത്തി”, അവർ പറഞ്ഞു.

തെലുഗുഭാഷയിൽ, തോട്ടിപ്പണി ചെയ്യുന്നവരെ ‘പാക്കി‘ എന്നാണ് വിളിക്കുന്നത്. ഒരു അധിക്ഷേപ പദമാണത്. താൻ ഈ ജോലിയാണ് ചെയ്യുന്നതെന്ന് വീര സ്വാമി തന്റെ ഭാര്യയോട് പറഞ്ഞിരുന്നില്ല. “അദ്ദേഹം ഈ പണിയാണ് ഏറ്റെടുത്തതെന്ന് എനിക്കറിയില്ലായിരുന്നു. ഇതിനെക്കുറിച്ചൊന്നും അദ്ദേഹം എന്നോട് സംസാരിച്ചിരുന്നില്ല”, വീര സ്വാമിയുടെ ഭാര്യ ബൊംഗു ഭാഗ്യലക്ഷ്മി പറഞ്ഞു. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഏഴുവർഷമായിരുന്നു. ഭർത്താവിനെക്കുറിച്ച് സ്നേഹത്തോടെയാണ് അവർ ഓർക്കുന്നത്. “എനിക്ക് എപ്പോഴും വിശ്വസിക്കാൻ പറ്റുന്ന ആളായിരുന്നു”.

കോട്ടയ്യയെപ്പോലെ, വീര സ്വാമിയും ഹൈദരബാദിലേക്ക് കുടിയേറിയ ആളാണ്. 2007-ൽ, അയാളും ഭാര്യ ഭാഗ്യലക്ഷ്മിയും മക്കളായ 15 വയസ്സുള്ള മാധവും 11 വയസ്സുള്ള ജഗദീഷും വീര സ്വാമിയുടെ അമ്മ രാജേശ്വരിയും തെലങ്കാനയിലെ ഒരു പട്ടണമായ നഗർകുർണൂലിൽനിന്ന് ഹൈദരബാദിലേക്ക് വന്നു. മഡിഗ വിഭാഗക്കാരാണ് അവർ. സംസ്ഥാനത്ത് പട്ടികജാതിവിഭാഗത്തിൽ ഉൾപ്പെടുന്നവർ. “ഞങ്ങളുടെ സമുദായം ചെയ്യുന്ന ജോലി എനിക്ക് ഇഷ്ടമായിരുന്നില്ല. വിവാഹം കഴിഞ്ഞതിനുശേഷം അദ്ദേഹം അത് നിർത്തിയെന്നായിരുന്നു ഞാൻ കരുതിയത്” അവർ പറയുന്നു.

ആൾക്കുഴിയിലെ വിഷവാതകം ശ്വസിച്ച് കോട്ടയ്യയും വീര സ്വാമിയും മരിച്ച് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ അവരെ വാടകയ്ക്കെടുത്തിരുന്ന കരാറുകാരൻ മങ്കമ്മയ്ക്കും ഭാഗ്യലക്ഷ്മിക്കും 2 ലക്ഷം രൂപവീതം കൊടുത്തു.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ, ഇന്ത്യയിൽ തോട്ടിപ്പണി ഉന്മൂലനം ചെയ്യാനായി പ്രവർത്തിക്കുന്ന സഫായി കർമ്മചാരി ആന്ദോളൻ (എസ്.കെ.എ) എന്ന സംഘടന മങ്കമ്മയെ ബന്ധപ്പെട്ടു. 10 ലക്ഷം രൂപവരെ ആശ്വാസധനമായി കിട്ടാൻ കുടുംബത്തിന് അർഹതയുണ്ടെന്ന് അവർ മങ്കമ്മയെ അറിയിച്ചു. 1993 മുതൽ, അഴുക്കുചാലുകളും  സെപ്റ്റിക്ക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടയിൽ മരണപ്പെട്ടിട്ടുള്ളവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരുകൾ ഈ തുക കൊടുക്കണമെന്ന് സുപ്രീം കോടതി 2014-ൽ വിധി പുറപ്പെടുവിച്ചിരുന്നു. കൂടാതെ, തോട്ടിപ്പണി ചെയ്യുന്നവരുടെ പുനരധിവാസത്തിനുള്ള സ്വയംസഹായ പദ്ധതിയിലൂടെ ആ തൊഴിലെടുക്കുന്നവരുടേയും, അവരുടെ ആശ്രിതരുടേയും നൈപുണ്യം വികസിപ്പിക്കുന്നതിനുള്ള പരിശീലനത്തിനായി, 15 ലക്ഷം രൂപ, സാമ്പത്തിക സഹായവും, കാപ്പിറ്റൽ സബ്സിഡിയും സർക്കാർ നൽകിവരുന്നുമുണ്ടായിരുന്നു.

തെലങ്കാന ഹൈക്കോടതിയിൽ എസ്.കെ.എ. ഹരജി ഫയൽ ചെയ്തപ്പോൾ, അത്തരത്തിൽ മരണപ്പെട്ട ഒമ്പത് തോട്ടിപ്പണിക്കാരുടെ കുടുംബങ്ങൾക്ക് 2020-ൽ പൂർണ്ണമായ നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തു. കോട്ടയ്യയുടേയും വീര സ്വാമിയുടേയും കുടുംബങ്ങൾ ഒഴിച്ച്. ഈ രണ്ട് കുടുംബങ്ങളുടെ കേസുകൾ നടത്താൻ ഒരു അഭിഭാഷകനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന്, എസ്.കെ.എ.യുടെ തെലങ്കാന ചാപ്റ്ററിന്റെ അദ്ധ്യക്ഷയായ കെ. സരസ്വതി അറിയിച്ചു.

PHOTO • Amrutha Kosuru
PHOTO • Amrutha Kosuru

ഇടത്ത്: ഭാഗ്യലക്ഷ്മി, ഭർത്തൃമാതാവായ രാജേശ്വരിയോടൊപ്പം. വലത്ത്: ഭഗ്യലക്ഷ്മിയുടെ മരിച്ചുപോയ ഭർത്താവ് ബൊംഗു വീര സ്വാമിയുടെ ചിത്രം

എന്നാൽ മങ്കമ്മ സന്തോഷവതിയല്ല. “വഞ്ചിക്കപ്പെട്ടതുപോലെ എനിക്ക് തോന്നുന്നു. പൈസ കിട്ടുമെന്ന പ്രതീക്ഷ അവർ എനിക്ക് നൽകി. ഇപ്പോൾ ആ പ്രതീക്ഷ നശിച്ചു”, അവർ പറയുന്നു.

ധാരാളം ആക്ടിവിസ്റ്റുകളും, മാധ്യമക്കാരും ഇവിടെ വന്നിരുന്നു. കുറച്ചുകാലം എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഇനി ആ പണം കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല”, ഭാഗ്യലക്ഷ്മി കൂ‍ട്ടിച്ചേർക്കുന്നു.

*****

ഹൈദരബാദിലെ കോട്ടി പ്രദേശത്തെ ഒരു പഴയ കെട്ടിടത്തിന്റെ പാർക്കിംഗിന്റെ മുമ്പിലെ ചെരിഞ്ഞ സ്ഥലത്ത്, ഈ വർഷം ഒക്ടോബർ അവസാനം, മങ്കമ്മ ഒരു താത്ക്കാലിക അടുപ്പ് ഉണ്ടാക്കുകയായിരുന്നു. പത്തുപന്ത്രണ്ട് ഇഷ്ടികകൾ ഈരണ്ടെണ്ണമായി ഓരോ ഭാഗത്തുംവെച്ച് ത്രികോണാകൃതിയിൽ. “ഇന്നലെ ഗ്യാസ് (എൽ.പി.ജി.) തീർന്നു. നവംബർ ആദ്യത്തെ ആഴ്ചയിലേ പുതിയത് കിട്ടൂ. അതുവരെ ഇതുതന്നെ ശരണം. ഭർത്താവ് മരിച്ചതിനുശേഷം ഞങ്ങളുടെ സ്ഥിതി ഇതൊക്കെത്തന്നെയാണ്”, അവർ പറഞ്ഞു.

കോട്ടയ്യ മരിച്ചിട്ട് ആറ് വർഷമാകുന്നു. “എന്റെ ഭർത്താവ് മരിച്ചതോടെ കുറേക്കാലത്തേക്ക് എനിക്കൊരു മരവിപ്പായിരുന്നു. നെഞ്ച് തകർന്നുപോയി”, 30 വയസ്സ് കഴിയാറായ മങ്കമ്മ പറഞ്ഞു.

ഒരു ബഹുനിലക്കെട്ടിടത്തിന്റെ ഭൂഗർഭനിലയുടെ ചവിട്ടുപടികളോട് ചേർന്നുള്ള അധികം വെളിച്ചമില്ലാത്ത ഒരു കുടുസ്സുമുറിയിലാണ് മങ്കമ്മയും രണ്ട് പെണ്മക്കൾ, വംശിയും അഖിലയും കഴിയുന്നത്. ഇതേ പ്രദേശത്തെ മറ്റൊരു വീട്ടിൽ 5000 – 7000 രൂപ മാസവാടകയ്ക്ക് കഴിഞ്ഞിരുന്ന അവർക്ക് അത് താങ്ങാനാവാതെ വന്നതോടെ 2020-ലാണ് അവർ ഇങ്ങോട്ട് താമസം മാറ്റിയത്. ആ അഞ്ചുനില കെട്ടിടത്തിന്റെ സൂക്ഷിപ്പുകാരിയാണവർ. കെട്ടിടത്തിന്റെ പരിസരമൊക്കെ വൃത്തിയാക്കിവെക്കുന്നതും അവരുടെ ചുമതലയിലാണ്. മാസം 5,000 രൂപയും മക്കളോടൊത്ത് താമസിക്കാൻ ഈ മുറിയുമാണ് അവർക്ക് അതിനുള്ള പ്രതിഫലമായി കിട്ടുന്നത്.

“ഞങ്ങൾ മൂന്നുപേർക്ക് ഈ സ്ഥലം തീരെ കഷ്ടിയാണ്”, അവർ പറഞ്ഞു. നല്ല തെളിച്ചമുള്ള പകൽ‌സമയത്തുപോലും മുറിയിൽ ഇരുട്ടാണ്. പഴകി ദ്രവിച്ച ചുവരിൽ കോട്ടയ്യയുടെ ഒരു ചിത്രമുണ്ട്. മുറിയുടെ തട്ടിൽ ഒരു ഫാനും.”ഞാൻ കല്പനയെ (മൂത്ത മകളെ) ഇങ്ങോട്ട് വിളിക്കാറില്ല. അവൾക്കുകൂടി ഇരിക്കാനും കിടക്കാനും ഇവിടെ എവിടെയാണ് സ്ഥലം?”

PHOTO • Amrutha Kosuru
PHOTO • Amrutha Kosuru

ഇടത്ത്: കെട്ടിടത്തിന്റെ ഭൂഗർഭനിലയിലെ മങ്കമ്മയുടെ വീടിന്റെ ഉൾവശം. വലത്ത്: ഗ്യാസ് തീർന്നപ്പോൾ ഇഷ്ടികകൾകൊണ്ട്, കെട്ടിടത്തിന്റെ പാർക്കിംഗിന്റെ സമീപം ഉണ്ടാക്കിയ താത്ക്കാലിക അടുപ്പ്

2020-ൽ, കല്പനയ്ക്ക് 20 വയസ്സായപ്പോൾ അവളെ കല്യാണം കഴിപ്പിക്കാൻ മങ്കമ്മ തീരുമാനിച്ചു. കരാറുകാരനിൽനിന്ന് കിട്ടിയ 2 ലക്ഷം രൂപ കല്യാണത്തിന് ചിലവിട്ടു. ഗോഷാമഹലിലെ ഒരു സ്വകാര്യ പണമിടപാടുകാരനിൽനിന്ന് കടം വാങ്ങിക്കേണ്ടിവരികയും ചെയ്തു. മാസം 3 ശതമാനം പലിശയാണ് അയാൾ ചുമത്തുന്നത്. അസംബ്ലി മണ്ഡലത്തിന്റെ ഓഫീസ് കെട്ടിടം വൃത്തിയാക്കുന്നതിന് കിട്ടുന്ന തുകയുടെ പകുതി കടം അടച്ചുതീർക്കാൻ ചിലവാകും.

ആ കല്ല്യാണത്തോടെ കുടുംബം പാപ്പരായി. “6 ലക്ഷം രൂപ കടമുണ്ട് ഞങ്ങൾക്ക്. എനിക്ക് കിട്ടുന്ന പണംകൊണ്ട് നിത്യവൃത്തി കഴിക്കാൻ തന്നെ ബുദ്ധിമുട്ടാണ്”, അവർ പറഞ്ഞു. താമസിക്കുന്ന കെട്ടിടത്തിലെ തൂപ്പുപണിക്ക് പുറമേ, ഹൈദരബാദിലെ പഴയ പട്ടണത്തിലുള്ള ഗോഷാമഹൽ നിയമസഭാമണ്ഡലത്തിന്റെ ഓഫീസ് ശുചീകരണത്തിന് മാസം അവർക്ക് 13,000 രൂപ കിട്ടുന്നുണ്ട്.

17-ഉം, 16-ഉം യഥാക്രമം വയസ്സുള്ള വംശിയും അഖിലയും അടുത്തുള്ള കൊളേജിൽ പഠിക്കുന്നു. രണ്ടുപേരുടേയും വിദ്യാഭ്യാസത്തിനായി വർഷത്തിൽ 60,000 രൂപ ചിലവുണ്ട്. അക്കൌണ്ടന്റായി പാർട്ട് ടൈം ജോലി ചെയ്തിട്ടാണ് വംശി പഠനം നടത്തുന്നത്. ആഴ്ചയിൽ ആറുദിവസം വൈകീട്ട് 3 മണിമുതൽ 9 മണിവരെ. ഈ ജോലിയിൽനിന്ന് കിട്ടുന്ന ശമ്പളംകൊണ്ട് ഫീസ് അടച്ചുപോകും.

അഖിലയ്ക്ക് മെഡിസിന് ചേരാനാണ് ആഗ്രഹം. പക്ഷേ അതിന് സാധിക്കുമോ എന്ന് അവരുടെ അമ്മയ്ക്ക് ഉറപ്പില്ല. “അവളുടെ വിദ്യാഭ്യാസം തുടരാനുള്ള ശേഷി എനിക്കില്ല. പുതിയ ഉടുപ്പ് വാങ്ങാൻ‌പോലും എന്റെ കൈയ്യിൽ പണമില്ല”, നിരാശ കലർന്ന ശബ്ദത്തോടെ മങ്കമ്മ പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ കുട്ടികൾ ചെറുപ്പമാണ്. സ്വകാര്യ സ്കൂളിൽ പഠിക്കുന്ന അവരുടെ ചിലവ്, വർഷത്തിൽ ഏതാണ്ട് 25,000 രൂപ വരും. “അവർ നന്നായി പഠിക്കും. അവരെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമാണ്”, പുഞ്ചിരിച്ചുകൊണ്ട് ആ അമ്മ പറയുന്നു.

PHOTO • Amrutha Kosuru
PHOTO • Amrutha Kosuru

ഇടത്ത്: വീര സാമിയുടെ കുടുംബം (ഇടത്തുനിന്ന്): ഭാഗ്യലക്ഷ്മി, ജഗദീഷ്, മാധവ്, രാജേശ്വരി. വലത്ത്: ഹൈദരബാദിലെ ഒരു കെട്ടിടത്തിന്റെ ഭൂഗർഭനിലയിലെ അവരുടെ വീട്

PHOTO • Amrutha Kosuru
PHOTO • Amrutha Kosuru

ഇടത്ത്: ഭാഗ്യലക്ഷ്മിയുടെ വീട്ടുസാധനങ്ങൾ ചിലത് പാർക്കിംഗ് സ്ഥലത്തിന്റെ പുറത്ത് കിടക്കുന്നു. വലത്ത്: പ്ലാസ്റ്റിക്ക് തുണിയിട്ട് മറച്ച അടുക്കള

ഭാഗ്യലക്ഷ്മിയും തൂപ്പുജോലി ചെയ്യുന്നു. വീര സ്വാമിയുടെ മരണത്തിനുശേഷമാണ് അവർ ആ ജോലി ഏറ്റെടുത്തത്. കോട്ടിയിലെ മറ്റൊരു കെട്ടിടത്തിന്റെ ഭൂഗർഭനിലയിലാണ് അവരും മക്കളും ഭർത്തൃമാതാവും താമസിക്കുന്നത്. മറ്റുള്ളവർ നൽകിയതും, ഉപേക്ഷിച്ചതുമായ സാധനങ്ങൾകൊണ്ട് നിറഞ്ഞ അവരുടെ വീട്ടിലെ മുറിയിലെ ഒരു മേശപ്പുറത്ത് വീര സ്വാമിയുടെ ചിത്രം വെച്ചിട്ടുണ്ട്.

വീട്ടിനുള്ളിൽ സ്ഥലം പോരാഞ്ഞ്, കുറേ സാധനങ്ങൾ വീടിന്റെ പുറത്ത്, പാർക്കിംഗ് സ്ഥലത്ത് കിടക്കുന്നുണ്ടായിരുന്നു. പുറത്ത് വെച്ചിട്ടുള്ള ഒരു തയ്യൽ മെഷീനിന്റെ മുകളിൽ ബ്ലാങ്കറ്റുകളും തുണികളും കുമിഞ്ഞുകൂടിക്കിടക്കുന്നു. അതിന്റെ കാരണം ഭാഗ്യലക്ഷ്മി വിശദീകരിച്ചു. “2014-ൽ ഞാനൊരു തുന്നൽ ക്ലാസ്സിൽ ചേർന്നു. കുറച്ചുകാലം ബ്ലൌസും മറ്റും തുന്നുകയുമൊക്കെ ചെയ്തു”. എല്ലാവർക്കും ഒരുമിച്ച് വീട്ടിൽ കിടക്കാനുള്ള സ്ഥലമില്ലാത്തതിനാൽ, ആൺകുട്ടികളായ മാധവും ജഗദീഷും വീട്ടിലെ മുറിയിൽ കിടക്കും. രാജലക്ഷ്മിയും രാജേശ്വരിയും പുറത്ത്, പ്ലാസ്റ്റിക്ക് ഷീറ്റും പായയും വിരിച്ചാണ് ഉറങ്ങുക. കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്താണ് അടുക്കള. പ്ലാസ്റ്റിക്ക് ഷീറ്റിട്ട് മറച്ചുവെച്ച ഒരു ഇടുങ്ങിയ സ്ഥലമാണത്.

കെട്ടിടം വൃത്തിയാക്കുന്നതിന് ഭാഗ്യലക്ഷ്മിക്ക് 5,000 രൂപ മാസം കിട്ടും. കെട്ടിടത്തിലെ ഫ്ലാറ്റുകളിലും ഞാൻ ജോലി ചെയ്യുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം അതുകൊണ്ടൊക്കെ കഴിഞ്ഞുപോവും”. അവർ പറഞ്ഞു. കഴിഞ്ഞ ചില വർഷങ്ങളിൽ സ്വകാര്യ പണമിടപാടുകാരിൽനിന്ന് അവർ 4 ലക്ഷം രൂപയോളം കടമെടുത്തിട്ടുണ്ടായിരുന്നു. മാസം‌തോറും വായ്പയുടെ തിരിച്ചടവിലേക്ക് 8,000 രൂപ വേണം”.

കെട്ടിടത്തിലുള്ള ചില ഓഫീസുകളിലെ തൊഴിലാളികൾ ഉപയോഗിക്കുന്ന താഴത്തെ നിലയിലുള്ള ശുചിമുറിയാണ് ഇവരും ഉപയോഗിക്കുന്നത്. “ആണുങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നതിനാൽ, പകൽ‌സമയങ്ങളിൽ ഞങ്ങൾക്കത് മിക്കവാറും ഉപയോഗിക്കാൻ സാധിക്കാറില്ല”, അവർ പറഞ്ഞു. കക്കൂസ് വൃത്തിയാക്കാൻ പോകുന്ന ദിവസങ്ങളിൽ “എന്റെ ഭർത്താവിനെ കൊന്ന ആ ആൾക്കുഴിയിലെ മണം മാത്രമാണ് എന്റെ മനസ്സിൽ വരിക. എന്നോട് അദ്ദേഹം അത് തുറന്ന് പറഞ്ഞിരുന്നെങ്കിൽ, ആ പണി ചെയ്യാൻ ഞാനദ്ദേഹത്തെ സമ്മതിക്കുമായിരുന്നില്ല. എങ്കിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. ഞാൻ ഈ ഭൂഗർഭ നിലയിൽ കുടുങ്ങുകയുമില്ലായിരുന്നു”, അവർ പറഞ്ഞുനിർത്തി.

രംഗ്‌ദേ നൽകുന്ന ഗ്രാന്റിന്റെ പിന്തുണയോടെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്

പരിഭാഷ: രാജീവ് ചേലനാട്ട്

Amrutha Kosuru

Amrutha Kosuru is a 2022 PARI Fellow. She is a graduate of the Asian College of Journalism and lives in Visakhapatnam.

Other stories by Amrutha Kosuru
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat