നാലുവർഷത്തിനിടയ്ക്ക് ജീവൻഭായ് ബാരിയയ്ക്ക് രണ്ട് തവണ ഹൃദയാഘാതമുണ്ടായി. 2018-ൽ ആദ്യം അതുണ്ടായത്, വീട്ടിൽ‌വെച്ചായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഗഭി ബെൻ അദ്ദേഹത്തെ ഉടനടി ആശുപത്രിയിലേക്ക് കൊണ്ടുപോയി. 2022 ഏപ്രിലിൽ, അറേബ്യൻ സമുദ്രത്തിൽ ഒരു യന്ത്രബോട്ട് ഓടിക്കുമ്പോഴാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. കൂടെയുണ്ടായിരുന്ന ആൾ വേഗം ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും മറ്റൊരാൾ അയാളെ എങ്ങിനെയൊക്കെയോ നിലത്തിറക്കി കിടത്തുകയും ചെയ്തു. കരയിൽനിന്ന് അഞ്ച് മണിക്കൂർ ദൂരത്തായിരുന്നു അവരപ്പോൾ. രണ്ട് മണിക്കൂറോളം വേദന സഹിച്ചതിനുശേഷമാണ് ഒടുവിൽ ജീവൻഭായ് മരണപ്പെട്ടത്.

ഗാഭി ബെന്നിന്റെ ഭയം യാഥാർത്ഥ്യമാവുകയായിരുന്നു.

ആദ്യത്തെ ഹൃദയാഘാതത്തിനുശേഷം ഒരുവർഷം കഴിഞ്ഞ് വീണ്ടും ജീവൻ ഭായ് തൊഴിലിലേക്ക് മടങ്ങിയപ്പോൾ, അയാളുടെ ഭാര്യയ്ക്ക് വലിയ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല. അപകടം പിടിച്ച പണിയാണെന്ന് അവർക്കറിയാമായിരുന്നു. ജീവൻ ഭായിക്കും അതറിയാമായിരുന്നു. “വേണ്ടെന്ന് ഞാൻ പറഞ്ഞു”, ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ജാഫ്രബാദ് എന്ന തീരദേശ പട്ടണത്തിലെ അധികം വെളിച്ചമില്ലാത്ത കുടിലിലിരുന്ന് ഗഭി ബെൻ പറയുന്നു.

എന്നാൽ, പട്ടണത്തിലെ മിക്കവരെയുംപോലെ, മീൻ പിടിക്കലല്ലാതെ മറ്റൊരു പണിയും 60 വയസ്സായ ജീവൻ ഭായിക്ക് അറിയില്ലായിരുന്നു. ഈ തൊഴിലിൽനിന്ന് വർഷത്തിൽ അയാൾ ഏകദേശം 2 ലക്ഷം രൂപ സമ്പാദിച്ചിരുന്നു. “40 വർഷമായി അദ്ദേഹം ഈ തൊഴിലാണ് ചെയ്തിരുന്നത്”, 55 വയസ്സായ ഗഭി ബെൻ പറയുന്നു. “അദ്ദേഹം ഒരുവർഷം വിശ്രമത്തിലായിരുന്നപ്പോൾ കുടുംബം പോറ്റാൻ‌വേണ്ടി ഞാൻ കൂലിപ്പണിക്ക് പോയി (മറ്റ് മുക്കുവരുടെ മീനുകൾ ഉണക്കുന്ന ജോലി). അസുഖമൊക്കെ ഭേദമായെന്ന് തോന്നിയപ്പോൾ അദ്ദേഹം പിന്നെയും ജോലിക്ക് പോകാൻ തുടങ്ങി”.

ജാഫ്രബാദിലെ ഒരു വലിയ മത്സ്യക്കച്ചവടക്കാരന്റെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന ബോട്ടിലായിരുന്നു ജീവൻഭായ് ജോലി ചെയ്തിരുന്നത്. മഴക്കാലമൊഴിച്ച് ബാക്കിയുള്ള എട്ടുമാസക്കാലം, തൊഴിലാളികൾ ഈ ബോട്ടുകളിൽ അറേബ്യൻ സമുദ്രത്തിലേക്ക് പോവും. ഒറ്റയടിക്ക് 10-15 ദിവസങ്ങൾ വരെ അവർ സമുദ്രത്തിൽത്തന്നെയായിരിക്കും. അത്രയും ദിവസം തങ്ങാനാവശ്യമായ വെള്ളവും ഭക്ഷണവും അവർ ബോട്ടിൽ കരുതിയിട്ടുണ്ടാവും.

“അടിയന്തിരഘട്ടങ്ങളിൽ ആവശ്യമായ സംവിധാനങ്ങളില്ലാതെ, ഇത്രയധികം ദൂരം കടലിൽ പോവുക എന്നത് ഒട്ടും സുരക്ഷിതമല്ല”, ഗഭി ബെൻ പറയുന്നു. “അവരുടെ കൈയ്യിൽ ആകെയുള്ളത് ഒരു പ്രഥമസുരക്ഷാ പെട്ടി (ഫസ്റ്റ് എയ്ഡ് കിറ്റ്) മാത്രമാണ്. ഹൃദ്രോഗികളെ സംബന്ധിച്ച് ഇത് വളരെ അപകടകരമാണ്”.

Gabhiben holding a portrait of her late husband, Jeevanbhai, at their home in Jafrabad, a coastal town in Gujarat’s Amreli district
PHOTO • Parth M.N.

ഗഭിബെൻ, മരിച്ചുപോയ തന്റെ ഭർത്താവ് ജീവൻഭായിയുടെ ചിത്രവുമായി, ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ജാഫ്രബാദ് എന്ന തീരദേശ പട്ടണത്തിലെ വീട്ടിൽ

ഏറ്റവും ദൈർഘ്യമുള്ള തീരദേശമുള്ള സംസ്ഥാനമാണ് ഗുജറാത്ത് – 39 താലൂക്കുകളിലും 13 ജില്ലകളിലുമായി നീണ്ടുകിടക്കുന്ന 1,600 കിലോമീറ്ററുകൾ. രാജ്യത്തിന്റെ സമുദ്രോത്പന്നത്തിൽ 20 ശതമാനവും ലഭിക്കുന്നത് ഇവിടെനിന്നാണ്. 1,000 ഗ്രാമങ്ങളിലായി അഞ്ച് ലക്ഷത്തിലേറെയാളുകൾ, മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നതായി, ഫിഷറീസ് കമ്മീഷണറുടെ വെബ്‌സൈറ്റ് പറയുന്നു.

ഓരോ വർഷവും നാലുമാസത്തോളം സമുദ്രത്തിൽ കഴിയേണ്ടിവരുന്ന ഇവരിൽ മിക്കവർക്കും ഫലത്തിൽ ഒരു വൈദ്യപരിരക്ഷയും പ്രാപ്യമല്ല.

ആദ്യത്തെ ഹൃദയാഘാതത്തിനുശേഷം ജീവൻ ഭായ് കടലിലേക്ക് ജോലിക്ക് പോകാൻ തുടങ്ങിയതിൽ‌പ്പിന്നെ ഗഭി ബെന്നിന് ഉത്കണ്ഠയും മാനസികസംഘർഷവും അനുഭവപ്പെടാറുണ്ടായിരുന്നു. സീലിംഗ് ഫാനിലേക്കും നോക്കി രാത്രി മുഴുവൻ, ഭയത്തിനും പ്രതീക്ഷയ്ക്കുമിടയിൽ ചാഞ്ചാടിക്കൊണ്ട് തന്റെ ചിന്തകളുമായി അവർ ഒറ്റയ്ക്ക് കഴിഞ്ഞുകൂടി. ജീവൻഭായ് സുരക്ഷിതമായി വീട്ടിലെത്തിയാൽ, അവർ ആശ്വാസത്തിന്റെ നെടുവീർപ്പിടും.

ഒടുവിൽ ഒരുനാൾ അയാൾ തിരിച്ചുവരാതിരുന്ന ദിവസം‌വരെ.

*****

ഹൈക്കോടതിയിൽ നൽകിയ അഞ്ച് വർഷം പഴക്കമുള്ള വാഗ്ദാനം ഗുജറാത്ത് സംസ്ഥാനം പാലിച്ചിരുന്നെങ്കിൽ ജീവൻ‌ഭായിയുടെ വിധി ഒരുപക്ഷേ മറ്റൊന്നായേനേ.

2017 ഏപ്രിലിൽ, ജന്തൂർഭായ് ബലധിയ എന്നൊരാൾ ഗുജറാത്ത് ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹരജി ഫയൽ ചെയ്തിരുന്നു. ജാഫ്രബാദ് തീരത്തിൽനിന്ന് ദൂരെയുള്ള ഷിയാൽ ബേട്ട് എന്ന ദ്വീപിൽ താമസിക്കുന്ന 70 വയസ്സുള്ള ആ മനുഷ്യൻ, ബോട്ട് ആംബുലൻസ് എന്ന ഏറെക്കാലമായുള്ള ആവശ്യം ഉന്നയിച്ചാണ് ആ ഹരജി ഫയൽ ചെയ്തിരുന്നത്. ദുർബ്ബല സമൂഹങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന അഹമ്മദാബാദ് ആസ്ഥാനമായ സെന്റർ ഫോർ സോഷ്യൽ ജസ്റ്റീസ് എന്ന സംഘടനയുടെ അഭിഭാഷക ആക്ടിവിസ്റ്റായ അർവിന്ദ്ഭായ് ഖുമാൻ എന്ന 43 വയസ്സുകാരന്റെ സഹായത്തോടെയാണ് ജന്തൂർഭായ് അപേക്ഷ നൽകിയത്.

ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21-നെ അവഗണിക്കുന്നതിലൂടെ, മുക്കുവരുടെ “മൌലികവും ഭരണഘടനാപരവുമായ അവകാശങ്ങൾ സംസ്ഥാനം ലംഘിക്കുന്നു’ എന്നായിരുന്നു പെറ്റീഷനിൽ അവർ ഉന്നയിച്ച വാദം.

“തൊഴിൽ‌പരമായ സുരക്ഷയും, ആരോഗ്യ സംരക്ഷണവും വൈദ്യസഹായവും സംബന്ധിച്ച മിനിമം ആവശ്യങ്ങൾ’ സൂചിപ്പിക്കുന്ന 2007-ലെ വർക്ക് ഇൻ ഫിഷിംഗ് കൺവെൻഷനെക്കുറിച്ചും (മത്സ്യബന്ധന സമ്പ്രദായത്തിലെ തൊഴിൽ) അതിൽ സൂചിപ്പിച്ചിരുന്നു.

Standing on the shore of Jafrabad's coastline, 55-year-old Jeevanbhai Shiyal says fisherfolk say a silent prayer before a trip
PHOTO • Parth M.N.

യാത്രയ്ക്ക് മുമ്പ് മുക്കുവർ നിശ്ശബ്ദമായി പ്രാർത്ഥിക്കാറുണ്ടെന്ന്, ജാഫ്രബാദിലെ തീരദേശത്ത് നിന്നുകൊണ്ട്, 55 വയസ്സുള്ള ജീവൻഭായ് ഷിയാൽ പറയുന്നു

സംസ്ഥാന സർക്കാരിൽനിന്ന് ചില ഉറപ്പുകൾ കിട്ടിയതിനെത്തുടർന്ന്, 2017- ഓഗസ്റ്റിൽ ഹൈക്കോടതി പെറ്റീഷൻ തീർപ്പാക്കി. “മുക്കുവരുടേയും, തീരദേശങ്ങളിൽ താമസിക്കുന്നവരുടേയും അവകാശങ്ങളെക്കുറിച്ച് ഉറച്ച ബോദ്ധ്യമുണ്ട്” എന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ മനീഷ് ലവ്‌കുമാർ കോടതിയെ അറിയിച്ചു.

1,600 കിലോമീറ്റർ തീരത്താകമാനം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ “ഏതൊരു അടിയന്തിരസാഹചര്യത്തെയും കൈകാര്യം ചെയ്യാൻ കഴിയുന്ന മുഴുവൻ സംവിധാന”ങ്ങളുമുള്ള ഏഴ് ബോട്ട് ആംബുലൻസ് വാങ്ങാൻ സംസ്ഥാ‍നം തീരുമാനിച്ചു എന്ന് കോടതി രേഖപ്പെടുത്തി എന്നതാണ് ഏറെ പ്രധാനം.

എന്നാൽ, അഞ്ചുവർഷങ്ങൾക്കിപ്പുറവും, മുക്കുവജനത ആരോഗ്യസംബന്ധമായ അടിയന്തിരസന്ദർഭങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. വാഗ്ദാനം ചെയ്ത ഏഴ് ആംബുലൻസുകളിൽ രണ്ടെണ്ണം മാത്രമേ ഇതുവരെ യാഥാർത്ഥ്യമായുള്ളു. ഓഖയിലും പോർബന്ദറിലും ഓരോന്നുവീതം.

“തീരദേശം ഏതാണ്ട് മുഴുവനും അപകടസാധ്യതയുള്ളവയാണ്. മത്സ്യബന്ധന ബോട്ടുകൾ ദൂരം സഞ്ചരിക്കാനെടുക്കുന്ന സമയത്തിന്റെ പകുതി മതി ബോട്ട് ആംബുലൻസുകൾക്ക്. മുക്കുവർ മിക്കവാറും ദിവസങ്ങളിൽ തീരത്തിനോട് ചേർന്നാവില്ല സഞ്ചരിക്കുന്നത് എന്നതിനാൽ, നമുക്ക് ഇത്തരം ബോട്ട് ആംബുലൻസുകൾ വളരെ അത്യാവശ്യമാണ്”, ജാഫ്രബാദിന്റെ 20 കിലോമീറ്റർ വടക്കുള്ള രജുല എന്ന പട്ടണത്തിലെ അർവിന്ദ്ബായ് പറയുന്നു.

തന്റെ ജീവനെടുത്ത ഹൃദയാഘാതം സംഭവിക്കുമ്പോൾ ജീവൻ‌ഭായ്, തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ, അഥവാ 75 കിലോമീറ്റർ അകലെയായിരുന്നു. 20 വർഷങ്ങൾക്കുമുൻപ്, മുക്കുവർ ഇത്രയൊന്നും ദൂരത്തേക്ക് സഞ്ചരിക്കുക പതിവില്ലായിരുന്നു.

“ഞങ്ങൾ മീൻ പിടിക്കാൻ ആരംഭിച്ച സമയത്ത്, നാലോ അഞ്ചോ നോട്ടിക്കൽ മൈലിനകത്തുനിന്നുതന്നെ അദ്ദേഹത്തിന് ആവശ്യത്തിനുള്ള മീൻ കിട്ടിയിരുന്നു. തീരത്തുനിന്ന് പരമാവധി ഒന്നോ രണ്ടോ മണിക്കൂർ ദൂരം മാത്രം. കഴിഞ്ഞ കുറേ വർഷങ്ങളായി അത് കൂടിക്കൂടി വന്നു. ഇന്നത്തെ കാലത്ത്, തീരത്തുനിന്ന് 12 മണിക്കൂർ ദൂരം വരെ സഞ്ചരിക്കേണ്ടിവരുന്നുണ്ട്”, ഗഭിബെൻ പറയുന്നു.

Gabhiben recalls the stress and anxiety she felt every time Jeevanbhai set off to sea after his first heart attack. Most fisherfolk in Gujarat are completely cut off from medical services during time they are at sea
PHOTO • Parth M.N.

ആദ്യത്തെ ഹൃദയാഘാതത്തിനുശേഷം ജീവൻഭായ് വീണ്ടും ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ തനിക്കനുഭവപ്പെട്ട ആശങ്കയും സംഘർഷവും ഗഭിബെൻ ഓർത്തെടുക്കുന്നു. കടലിലായിരിക്കുന്ന സമയത്ത് യാതൊരു വൈദ്യസഹായവും കിട്ടാറില്ല, ഗുജറാത്തിലെ മിക്ക മുക്കുവർക്കും

*****

ദൂരേക്ക് പോകാൻ മുക്കുവരെ നിർബന്ധിതരാക്കുന്ന രണ്ട് ഘടകങ്ങളുണ്ട്. തീരപ്രദേശത്തിന്റെ മലിനീകരണം. മറ്റൊന്ന്, കണ്ടൽക്കാടുകളിൽ വന്ന ശോഷണം.

തീരപ്രദേശത്തുണ്ടായിട്ടുള്ള വലിയതോതിലുള്ള വ്യാവസായിക മലിനീകരണം, സമുദ്രത്തിലെ പരിസ്ഥിതിയെ വളരെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് നാഷണൽ ഫിഷ്‌വർക്കേഴ്സ് ഫോറത്തിന്റെ സെക്രട്ടറി ഉസ്മാൻ ഗാനി പറയുന്നു. “മീനുകളെ തീരത്തുനിന്ന് അകറ്റാനാന് ഇത് സഹായിക്കുന്നത്. അതിനാൽ മുക്കുവർക്ക് കൂടുതൽ ആഴങ്ങൾ തേടി പോകേണ്ടിവരുന്നു. കൂടുതൽ ദൂരത്തേക്ക് പോവുന്തോറും അടിയന്തരമായ സേവനങ്ങളുടെ ആവശ്യവും വർദ്ധിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റേറ്റ് ഓഫ് എൻ‌വയൺ‌മെന്റ് റിപ്പോർട്ട് (എസ്.ഒ.ഇ.), 2013 അനുസരിച്ച്, ഗുജറാത്തിലെ തീരദേശ ജില്ലകളിൽ 58 പ്രമുഖ വ്യവസായങ്ങളുണ്ട്. രാസപദാർത്ഥങ്ങൾ, പെട്രോ കെമിക്കൽ, സ്റ്റീൽ, ലോഹ വ്യവസായങ്ങളടക്കം. 822 മൈനിംഗ് പട്ടയങ്ങളും 3156 ക്വാറി പട്ടയങ്ങളും ഈ ഭാഗത്തുണ്ട്. 2013-ൽ ഈ റിപ്പോർട്ട് വന്നതിനുശേഷം ഇനിയും സംഖ്യ ഗണ്യമായി വർദ്ധിച്ചിട്ടുണ്ടാവുമെന്നാണ് ആക്ടിവിസ്റ്റുകൾ പറയുന്നത്.

സംസ്ഥാനത്തിലെ ഊർജ്ജോത്പാദന പ്രോജക്ടുകളുടെ 70 ശതമാനവും 13 തീരദേശ ജില്ലകളിലാണെന്നും, 30 ശതമാനം പ്രോജക്ടുകൾ ബാക്കിയുള്ള 20 ജില്ലകളിൽ വ്യാപിച്ചുകിടക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

“വ്യവസായങ്ങൾ പലപ്പോഴും പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നു. മിക്കവരും അവരുടെ മാലിന്യങ്ങൾ കടലിലേക്ക് നേരിട്ട് തള്ളുകയോ പുഴകളിലേക്ക് ഒഴുക്കുകയോ ചെയ്യുന്നു”, ബറോഡ ആസ്ഥാനമാക്കിയ പരിസ്ഥിതി പ്രവർത്തകനായ രോഹിത് പ്രജാപതി പറയുന്നു. മലിനമായ 20-ഓളം  പുഴകളുണ്ട് ഗുജറാത്തിൽ. അവയിൽ പലതും അറേബ്യൻ സമുദ്രത്തിൽ ചെന്നുചേരുന്നു”, അദ്ദേഹം സൂചിപ്പിക്കുന്നു.

തീരദേശത്തിന്റെ വികസനമെന്ന പേരിൽ സംസ്ഥാനം കണ്ടൽക്കാടുകളുടെ വളർച്ചയേയും തടസ്സപ്പെടുത്തിയെന്ന് ഗാനി പറയുന്നു. “തീരങ്ങളെ സംരക്ഷിക്കുകയും, മത്സ്യങ്ങൾക്ക് മുട്ടകളിടാൻ സുരക്ഷിതമായ സ്ഥലം ഒരുക്കുകയുമാണ് കണ്ടൽക്കാടുകൾ ചെയ്യുന്നത്. എന്നാൽ വ്യവസായങ്ങൾ വന്നിട്ടുള്ള തീരപ്രദേശങ്ങളിലെല്ലാം, കണ്ടൽക്കാടുകൾ വെട്ടിനശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവയില്ലെങ്കിൽ മത്സ്യങ്ങൾ തീരപ്രദേശത്ത് വരികയുമില്ല”, അദ്ദേഹം വിശദീകരിക്കുന്നു.

Jeevanbhai Shiyal on a boat parked on Jafrabad's shore where rows of fish are set to dry by the town's fishing community (right)
PHOTO • Parth M.N.
Jeevanbhai Shiyal on a boat parked on Jafrabad's shore where rows of fish are set to dry by the town's fishing community (right)
PHOTO • Parth M.N.

ഉണങ്ങാനായി , മുക്കുവകുടുംബങ്ങൾ മീനുകൾ നിരനിരയായി വിരിച്ചിട്ടിരിക്കുന്ന തീരത്ത് ( വലത്ത് ) നങ്കൂരമിട്ടിരിക്കുന്ന ബോട്ടിൽ നിൽക്കുന്ന ജീവൻ ഭായ് ഷിയാൽ

2021-ലെ ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് പ്രകാരം, ഗുജറാത്തിലെ കണ്ടൽക്കാടുകൾ 2019-നുശേഷം 2 ശതമാനത്തോളം ചുരുങ്ങിയിട്ടുണ്ട്. ദേശീയതലത്തിലാകട്ടെ, ഇതേ കാലയളവിൽ കണ്ടൽക്കാടുകൾ വർദ്ധിച്ചത് 17 ശതമാനമായിരുന്നു.

ഗുജറാത്തിലെ 39 തീരദേശ താലൂക്കുകളിൽ 38-ഉം തീരശോഷണം വിവിധ അളവിൽ അഭിമുഖീകരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. കണ്ടൽക്കാടുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇത് ഒരുപരിധിവരെ തടയാൻ കഴിഞ്ഞേനേ.

“ഗുജറാത്തിന്റെ തീരങ്ങളിൽ കടൽനിരപ്പ് ഉയരുന്നതിനുള്ള കാരണങ്ങളിലൊന്ന്, കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ കഴിയാതെ പോയതാണ്. കടലിലേക്ക് നമ്മളിടുന്ന മാലിന്യങ്ങളൊക്കെ കടൽ തിരിച്ച് തള്ളുന്നു. മലിനീകരണവും, തന്മൂലമുള്ള കണ്ടൽക്കാടുകളുടെ അഭാവവും മൂലം തീരത്തോടടുത്തുള്ള ജലം എപ്പോഴും മലിനമാവുന്നു”, പ്രജാപതി പറയുന്നു.

തീരത്തുനിന്ന് ഏറെ ദൂരം കടലിനുള്ളിലേക്ക് പോകാൻ നിർബന്ധിതരായ മുക്കുവർക്ക്, ശക്തിയായ അടിയൊഴുക്കുകളേയും, വന്യമായ കാറ്റിനേയും, പ്രവചനാതീതമായ കാലാവസ്ഥയേയും നേരിടേണ്ടിവരുന്നു. ദരിദ്രരായ മുക്കുവരാണ് കൂടുതലും ഇതൊക്കെ അനുഭവിക്കുന്നത്. കാരണം, അവർ ഓടിക്കുന്ന ചെറിയ മീൻ‌പിടുത്ത ബോട്ടുകൾക്ക് കടലിലെ പരുക്കൻ സാഹചര്യങ്ങളെ നേരിടാൻ സാധിക്കാറില്ല.

2016 ഏപ്രിലിൽ, സനഭായി ശിയാലിന്റെ ബോട്ട്, നടുക്കടലിൽ‌വെച്ച് തകർന്നു. ശക്തിയായ ഒരു ഒഴുക്ക് ബോട്ടിൽ ഒരു ചെറിയ വിള്ളൽ വീഴ്ത്തുകയും, വെള്ളം ഉള്ളിലേക്ക് കയറുകയും ചെയ്തു. ബോട്ടിലുണ്ടായിരുന്ന എട്ട് മുക്കുവർ എത്രതന്നെ പരിശ്രമിച്ചിട്ടും അത് നിർത്താനായില്ല. വിളിച്ചാൽ എത്താൻ പാകത്തിൽ ആരുമുണ്ടായിരുന്നില്ല. അവരൊറ്റയ്ക്കായിരുന്നു.

ബോട്ട് തകർന്ന് മുങ്ങാൻ തുടങ്ങിയതോടെ സ്വയരക്ഷ നോക്കി, മുക്കുവർ പേടിച്ച് കടലിലേക്കെടുത്ത് ചാടി. കിട്ടാവുന്ന മരക്കഷണങ്ങളിൽ അവർ പിടിച്ചുതൂങ്ങി. ആറുപേർ രക്ഷപ്പെട്ടു. 60 വയസ്സുള്ള സനഭായ് അടക്കം രണ്ടുപേർ മുങ്ങിമരിച്ചു.

അവശേഷിച്ചവർ കടലിൽ ഏകദേശം 12 മണിക്കൂർ എങ്ങിനെയൊക്കെയോ പൊങ്ങിക്കിടന്നു. ഒടുവിൽ ഒരു മത്സ്യബന്ധന ട്രോളർ വന്നാണ് അവരെ രക്ഷിച്ചത്.

Jamnaben's husband Sanabhai was on a small fishing boat which broke down in the middle of the Arabian Sea. He passed away before help could reach him
PHOTO • Parth M.N.

ജം നബെന്നിന്റെ ഭർത്താവ് ജോലി ചെയ്തിരുന്ന ചെറിയ മത്സ്യബന്ധന ബോട്ട് അറേബ്യൻ സമുദ്രത്തിൽ വെച്ച് തകർന്നു . സഹായമെത്തുന്നതിനുമുന്നേ അദ്ദേഹം മരണപ്പെട്ടു

“മൂന്ന് ദിവസം കഴിഞ്ഞാണ് ശരീരം കണ്ടെത്തിയത്”, സനഭായിയുടെ ഭാര്യ, ജാഫ്രബാദ് സ്വദേശിനിയായ 65 വയസ്സുള്ള ജം‌നാബെൻ പറയുന്നു. “സ്പീഡ് ബോട്ട് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം രക്ഷപ്പെടുമായിരുന്നോ എന്ന് എനിക്കറിയില്ല. എങ്കിലും ഒരുപക്ഷേ ജീവനോടെയിരുന്നേനേ. ബോട്ടിന് എന്തോ അപകടം സംഭവിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോളെങ്കിലും, അടിയന്തരസഹായം ആവശ്യപ്പെടാൻ അദ്ദേഹത്തിനൊരുപക്ഷേ സാധിക്കുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാവാതെ കഴിച്ചുകൂട്ടേണ്ടിവന്നതാണ് ഏറ്റവും കഷ്ടം”.

അവരുടെ രണ്ട് മക്കൾ - 30 വയസ്സുള്ള ദിനേശും, 35 വയസ്സുള്ള ഭൂപദും – ഇരുവരും മുക്കുവരാണ്. വിവാഹം കഴിഞ്ഞ അവർക്ക് ഓരോർത്തർക്കും ഈരണ്ട് മക്കളുമുണ്ട്. എന്നാൽ, സനഭായിയുടെ മരണത്തിനുശേഷം, അവർ ചെറിയ അങ്കലാപ്പിലാണ്.

“ദിനേഷ് ഇപ്പോഴും പതിവായി മീൻ പിടിക്കാൻ പോകാറുണ്ട്. ഭൂപദ് കഴിയുന്നത്ര പോകാതിരിക്കാൻ നോക്കും. എന്നാൽ കുടുംബത്തെ പോറ്റാതിരിക്കാൻ പറ്റില്ലല്ലൊ. ഒരേയൊരു വരുമാനമാർഗ്ഗമേ ഞങ്ങൾക്കുള്ളു. കടലിന് സമർപ്പിക്കപ്പെട്ടതാണ് ഞങ്ങളുടെ ജീവിതം”, ജം‌നബെൻ പറയുന്നു.

*****

കടലിലേക്ക് യാത്ര പുറപ്പെടും മുമ്പ്, മുക്കുവർ നിശ്ശബ്ദരായി പ്രാർത്ഥിക്കുമെന്ന്, സ്വന്തമായൊരു മത്സ്യബന്ധന ട്രോളറുള്ള 55 വയസ്സുള്ള ജീവൻഭായ് ഷിയാൽ പറയുന്നു.

“ഏകദേശം ഒരുവർഷം മുൻപ്, എന്റെ ജോലിക്കാരിൽ ഒരാൾക്ക്, ബോട്ടിൽ‌വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടു”, അയാൾ ഓർക്കുന്നു. “ഞങ്ങൾ വേഗം തീരത്തേക്ക് വെച്ചുപിടിച്ചു”, അഞ്ച് മണിക്കൂറോളം ആ തൊഴിലാളി, നെഞ്ചിൽ കൈചേർത്തുപിടിച്ച്, ശ്വാസം കിട്ടാനുള്ള മരണവെപ്രാളത്തിൽ പിടഞ്ഞു. ആ അഞ്ച് മണിക്കൂറുകൾ അഞ്ച് ദിവസങ്ങളെപ്പോലെ തോന്നിച്ചു എന്ന് ഷിയാൽ പറയുന്നു. ഓരോ നിമിഷത്തിനും കഴിഞ്ഞുപോയ നിമിഷത്തേക്കാൾ ദൈർഘ്യമുള്ളതുപോലെ. കരയിലെത്തിയയുടൻ ആശുപത്രിയിലാക്കിയതുകൊണ്ട് ആ തൊഴിലാളി രക്ഷപ്പെട്ടു”.

കടലിൽ‌പ്പോയി, ഒരൊറ്റ ദിവസത്തിനുശേഷം തിരിച്ചുവരേണ്ടിവന്നതുകൊണ്ട്, ആ ഒരൊറ്റ ട്രിപ്പിന് ഷിയാലിന് 50,000 രൂപ ചിലവഴിക്കേണ്ടിവന്നു. “ഒരുതവണ പോയി തിരിച്ചുവരാൻ 400 ലിറ്റർ ഇന്ധനം വേണം. ഒരൊറ്റ മീൻ പോലും പിടിക്കാതെയാണ് ഞങ്ങൾ തിരിച്ചുവന്നത്”, അയാൾ പറയുന്നു.

When one of Jeevanbhai Shiyal's workers suddenly felt chest pains onboard his trawler, they immediately turned back without catching any fish. The fuel expenses for that one trip cost Shiyal over Rs. 50,000
PHOTO • Parth M.N.

ജീവൻഭായിയുടെ ഒരു തൊഴിലാളിക്ക് ട്രോളറിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ , അവർ ഉടനെ , കരയീലേക്ക് തിരിച്ചുപോയി , ഒരൊറ്റ മീൻ പോലും പിടിക്കാനാകാതെ . ഒരു യാത്രയ്ക്കുതന്നെ ഷിയാലിന് 50,000 രൂപയുടെ ഇന്ധനം ചിലവഴിക്കേണ്ടിവന്നു

'We bear the discomfort when we fall sick on the boat and get treated only after we are back home,' says Jeevanbhai Shiyal
PHOTO • Parth M.N.

ബോട്ടിൽ വെച്ച് എന്തെങ്കിലും വയ്യായ തോന്നിയാൽ ഞങ്ങളത് കാര്യമാക്കാ റില്ല. തിരിച്ച് വീട്ടിലെത്തിയാൽ മാത്രം ചികിത്സ നടത്തും ജീവൻഭായ് ഷിയാൽ പറയുന്നു

എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാൽ, മത്സ്യബന്ധനത്തിലെ വർദ്ധിക്കുന്ന ചിലവ് ഓർത്ത്, അതിനെ അവഗണിക്കാനാണ് ആദ്യം ആലോചിക്കുക എന്ന് ഷിയാൽ പറയുന്നു. “അങ്ങിനെ ചെയ്യാൻ പാടില്ലെങ്കിലും ഒടുവിൽ അതാണ് സംഭവിക്കുന്നത്”.

“ഇത് അപകടമായേക്കാം. എന്നാൽ, ഞങ്ങളൊക്കെ ജീവിക്കുന്നത്, ഒരു സമ്പാദ്യവുമില്ലാതെ, വളരെ ബുദ്ധിമുട്ടിയിട്ടാണ്. ആരോഗ്യത്തെ അവഗണിക്കാൻ സാഹചര്യങ്ങൾ ഞങ്ങളെ നിർബന്ധിതരാക്കുന്നു. അതിനാൽ ബോട്ടിൽ‌വെച്ച് എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽത്തന്നെ ഞങ്ങളത് അവഗണിക്കുകയും കരയിലെത്തിയതിനുശേഷം ചികിത്സ നോക്കുകയും ചെയ്യുന്നു”.

ഷിയാൽ ബേട്ടിലെ താമസക്കാർക്കാകട്ടെ, വീട്ടിൽ‌പ്പോലും ആരോഗ്യപരിരക്ഷ ഇല്ല. 15 മിനിറ്റ് ഫെറിയിൽ യാത്ര ചെയ്താലേ ദ്വീപിലേക്ക് എത്തിപ്പെടാൻ പറ്റൂ. ബോട്ടിൽനിന്ന് ഇറങ്ങാനും കയറാനും വീണ്ടും ഒരു അഞ്ച് മിനിറ്റ് അദ്ധ്വാനിക്കേണ്ടിവരും.

ബോട്ട് ആംബുലൻസിന് പുറമേ, ഷിയാൽ ബേട്ടിലെ 5,000-ത്തോളം വരുന്ന താമസക്കാർക്കുവേണ്ടി പ്രവർത്തനക്ഷമമായ ഒരു മുഴുവൻസമയ പ്രാഥമികാരോഗ്യകേന്ദ്രം വേണമെന്നും ബലധിയയുടെ പെറ്റീഷനിൽ ആവശ്യപ്പെട്ടിരുന്നു. ആ ദ്വീപിലെ എല്ലാവരുടേയും വരുമാനമാർഗ്ഗം മത്സ്യബന്ധനം മാത്രമാണ്.

ആ ആവശ്യത്തിനുള്ള മറുപടിയായി, ആഴ്ചയിൽ അഞ്ച് ദിവസം, രാവിലെ 10 മുതൽ 4 മണിവരെ, ജില്ലയിൽനിന്നും ചുറ്റുവട്ടത്തുനിന്നുമുള്ള മെഡിക്കൽ ഓഫീസർമാരെ സബ് ഹെൽത്ത് സെന്ററിൽ നിയോഗിക്കുമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.

ഇവയൊന്നും ഇതുവരെ നടപ്പായിട്ടില്ലെന്നാണ് ദ്വീപിലെ താമസക്കാർ പറയുന്നത്.

Kanabhai Baladhiya outside a Primary Health Centre in Shiyal Bet. He says, 'I have to get on a boat every time I need to see a doctor'
PHOTO • Parth M.N.

ഷിയാൽ ബേട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിന് മുന്നിൽ നിൽക്കുന്ന കനാ ഭായ് ബലധിയ . ‘ ഡോക്ടറെ കാണണമെന്ന് തോന്നുമ്പോഴൊക്കെ ഒരു ബോട്ട് പിടിച്ച് പോകേണ്ടിവരുന്നു എന്ന് അയാൾ പറയുന്നു

Hansaben Shiyal is expecting a child and fears she won’t get to the hospital on time
PHOTO • Parth M.N.

ഹൻസാബെൻ ഷിയാൽ ഗർഭിണിയാണ് സമയത്തിന് ആശുപത്രിയിലെത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് അവർ

തുടർച്ചയായി ഉണ്ടാവുന്ന കാൽമുട്ട് പ്രശ്നം ചികിത്സിക്കാൻ ജാഫ്രബാദിലേക്കോ രജുലയിലേക്കോ പോകേണ്ടിവരാറുണ്ടെന്ന്, കനാഭായി ബലധിയ എന്ന തൊഴിലിൽനിന്ന് വിരമിച്ച മുക്കുവൻ പറഞ്ഞു. “ഇവിടെയുള്ള പി.എച്ച്.സി. മിക്കപ്പോഴും അടച്ചിട്ടുണ്ടാവും”, 75 വയസ്സുള്ള അദ്ദേഹം പറയുന്നു. “ആഴ്ചയിൽ 5 ദിവസം ഇവിടെ ഡോക്ടറുണ്ടാകണമെന്ന് കോടതി ആവശ്യപ്പെട്ടതാണ്. വാരാന്ത്യത്തിൽ ആളുകൾക്ക് അസുഖമൊന്നും വരില്ലെന്നാണോ ആ പറഞ്ഞതിന്റെ അർത്ഥം? എന്നാൽ, ബാക്കി ദിവസങ്ങളിലും വലിയ വ്യത്യാസമൊന്നുമില്ല. ഓരോ തവണ ഡോക്ടറെ കാണാനും എനിക്ക് ബോട്ടിൽ പോകേണ്ടിവരാറുണ്ട്”.

ഗർഭിണികളുടെ പ്രശ്നം ഇതിനേക്കാൾ രൂക്ഷമാണ്.

എട്ടുമാസം ഗർഭിണിയായ 28 വയസ്സുള്ള ഹൻസാബെൻ ഷിയാലിന് അക്കാലത്തിനുള്ളിൽ, ആരോഗ്യപ്രശ്നങ്ങൾ കാരണം മൂന്ന് തവണ ജാഫ്രബാദിലെ ആശുപത്രിയിലേക്ക് പോകേണ്ടിവന്നു. ആറുമാസം ഗർഭിണിയായിരുന്നപ്പോൾ കടുത്ത വയറുവേദന അനുഭവപ്പെട്ടത് അവർ ഓർത്തെടുത്തു. രാത്രിയായിരുന്നു അത്. എല്ലാ ഫെറികളും അന്നത്തെ ഓട്ടം അവസാനിപ്പിച്ചിരുന്നു. രാവിലെയാവാൻ വേണ്ടി കാത്തിരുന്ന് വേദന സഹിക്കാൻതന്നെ അവർ തീരുമാനിച്ചു. നീണ്ട, ഉത്കണ്ഠാഭരിതമായ രാത്രിയായിരുന്നു അത്.

രാവിലെ നാലുമണിയായതോടെ, ഇനി ഒട്ടും സഹിക്കാൻ പറ്റില്ലെന്നായി അവർക്ക്. തന്നെ സഹായിക്കാൻ ഒരു ബോട്ടുകാരൻ മനസ്സ് കാണിച്ചത് അവർ ഓർമ്മിക്കുന്നു. “ഗർഭിണിയായിരിക്കുമ്പോൾ, വേദന സഹിച്ച് ബോട്ടിൽ കയറുകയും ഇറങ്ങുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വഞ്ചി ഇളകിക്കൊണ്ടിരിക്കും. നമ്മൾ ബാലൻസ് ചെയ്ത് ഇരിക്കണം. എന്തെങ്കിലും ചെറിയ അബദ്ധം കാണിച്ചാൽ മതി, വെള്ളത്തിൽ വീഴാൻ. ജീവിതം ഒരു തലനാരിഴയിൽ തൂങ്ങിനിൽക്കുന്നതുപോലെ തോന്നും”, അവർ പറയുന്നു.

ബോട്ടിൽ കയറിക്കഴിഞ്ഞപ്പോൾ, അവരുടെ ഭർത്തൃമാതാവ്, 60 വയസ്സുള്ള മഞ്ജുബെൻ ആംബുലൻസുകാരെ വിളിച്ചു. “അങ്ങിനെയെങ്കിലും സമയം ലാഭിക്കാമല്ലോ എന്ന് ഞങ്ങൾ കരുതി. എന്നാൽ അവരെ വിളിച്ചപ്പോൾ, ജാഫ്രബാദ് പോർട്ടിൽ ഇറങ്ങിയതിനുശേഷം വീണ്ടും വിളിക്കാനാണ് അവർ പറഞ്ഞത്”. അവർ പറയുന്നു.

അതായത്, ആംബുലൻസ് വന്ന് ആശുപത്രിയിലേക്ക് പോകാൻ വീണ്ടും 5-7 മിനിറ്റുകൾ കാത്തിരിക്കണമെന്നർത്ഥം.

Passengers alighting at Shiyal Bet (left) and Jafrabad ports (right)
PHOTO • Parth M.N.
Passengers alighting at Shiyal Bet (left) and Jafrabad ports (right)
PHOTO • Parth M.N.

യാത്രക്കാർ ഷിയാൽ ബേട്ടിലും ( ഇടത്ത് ) ജാഫ്രബാദ് പോർട്ടിലും ( വലത്ത് ) ഇറങ്ങുന്നു

ആ അനുഭവം ഹൻസാബെന്നിനെ ഭയപ്പെടുത്തി. “പ്രസവത്തിന് സമയത്ത് ആശുപത്രിയിലെത്താൻ പറ്റില്ലെന്ന് ഞാൻ പേടിച്ചു. പ്രസവവേദന മൂലം ബോട്ടിൽനിന്ന് വെള്ളത്തിലേക്ക് വീഴുമോ എന്നായിരുന്നു പേടി. സമയത്തിന് ആശുപത്രിയിലെത്താൻ കഴിയാത്തതിനാൽ എന്റെ ഗ്രാമത്തിലെ ചില സ്ത്രീകൾ മരിച്ചുപോയത് എനിക്കറിയാം. ഗർഭസ്ഥരായ കുട്ടികൾ മരിച്ച ചില കേസുകളും കേട്ടിട്ടുണ്ട്”.

അടുത്തകാലത്തായി, ഷിയാൽ ബേട്ടിൽനിന്ന് ധാരാളമാളുകൾ ഒഴിഞ്ഞുപോകാനുണ്ടായ പ്രധാന കാരണം, ആരോഗ്യപരിരക്ഷയുടെ അഭാവമാണെന്ന് അഭിഭാഷക-ആക്ടിവിസ്റ്റായ അർവിന്ദ്ഭായ് പറയുന്നു. “കൈയ്യിലുണ്ടായിരുന്ന എല്ലാ വിറ്റ് ഇവിടെനിന്ന് പോയ കുടുംബങ്ങളുണ്ട്. ആരോഗ്യപരിരക്ഷയില്ലാത്തതിനാൽ ദുരന്തങ്ങൾ നേരിട്ടവരായിരുന്നു അവരിൽ പലരും. അവർ കരയിലേക്ക് താമസം മാറ്റുകയും ഇനിയൊരിക്കലും ഇവിടേക്ക് തിരിച്ചുവരില്ലെന്നും ശപഥം ചെയ്തു”.

തീരദേശത്ത് താമസിക്കുന്ന ഗഭിബെൻ ഒരുകാര്യം ഉറപ്പിച്ചിട്ടുണ്ട്. തങ്ങളുടെ അടുത്ത തലമുറ അവരുടെ പരമ്പരാഗതതൊഴിലിൽനിന്ന് വിട്ടുനിൽക്കുമെന്ന്. ജീവൻഭായിയുടെ മരണത്തിനുശേഷം, ഉപജീവനത്തിനായി അവർ മറ്റ് മത്സ്യത്തൊഴിലാളികൾക്കുവേണ്ടി മീൻ ഉണക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ്. നല്ല അദ്ധ്വാനമുള്ള പണിയാണത്. പ്രതിദിനം 200 രൂപയാണ് ഇട്ടുക. കിട്ടുന്ന ഓരോ രൂപയും, തന്റെ 14 വയസ്സുള്ള മകൻ രോഹിതിന്റെ വിദ്യാഭ്യാസത്തിനായി അവർ ചിലവഴിക്കുന്നു. ജാഫ്രബാദിലെ ഒരു സർക്കാർ സ്കൂളിലാണ് അവൻ പഠിക്കുന്നത്. മുക്കുവജോലിയൊഴിച്ച് മറ്റെന്ത് ജോലി അവൻ ചെയ്താലും സന്തോഷമേയുള്ളു എന്ന് അവർ പറയുന്നു.

ഇനി അതിനായി, വയസ്സുകാലത്ത് ഗാഭിബെന്നിനെ ഒറ്റയ്ക്കാക്കി, രോഹിതിന് ജാഫ്രബാദിൽനിന്ന് പുറത്തേക്ക് പോകേണ്ടിവന്നാൽ‌പ്പോലും അവർക്ക് വിഷമമില്ല. ഭയപ്പാടോടെ ജീവിക്കുന്ന നിരവധി പേരുണ്ട് ജാഫ്രബാദിൽ. എന്തായാലും, അതിലൊരാളാകാൻ ഗഭിബെൻ ആഗ്രഹിക്കുന്നില്ല.

താക്കൂർ ഫാമിലി ഫൌണ്ടേഷന്റെ സ്വതന്ത്രപത്രപ്രവർത്തനത്തിനുള്ള ഗ്രാ ന്റു പയോഗിച്ച് ജനകീയാരോഗ്യം , പൌരാസ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകനാണ് . ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ താക്കൂർ ഫാമിലി ഫൌണ്ടേഷൻ ഒരുവിധത്തിലുമുള്ള ഇടപെടലുകളും നടത്തിയിട്ടില്ല.

പരിഭാഷ: രാജീവ് ചേലനാട്ട്

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Editor : Sangeeta Menon

Sangeeta Menon is a Mumbai-based writer, editor and communications consultant.

Other stories by Sangeeta Menon
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat