ഭുവനേശ്വറില്‍ റിപ്പബ്ലിക് ദിന പരിപാടിയിലും അതിനുശേഷം തങ്ങളോടൊപ്പം രാജ്ഭവനില്‍ നടക്കുന്ന ചായസല്‍ക്കാരത്തിലും പങ്കെടുക്കാനുള്ള ഒഡീഷ ഗവര്‍ണ്ണറുടെയും അദ്ദേഹത്തിന്‍റെ ഭാര്യയുടെയും ക്ഷണം ലക്ഷ്മി ‘ഇന്ദിര’ പാണ്ഡ സ്വീകരിച്ചില്ല. പ്രത്യേക അവകാശമായ ‘പാര്‍ക്കിംഗ് പാസ്’ പോലും അവര്‍ ലക്ഷ്മിയുടെ കാറിന് നല്‍കിയിരുന്നു. പക്ഷെ അവര്‍ മറുപടി നല്‍കാന്‍ മെനക്കെട്ടില്ല. അവരുടെ സ്വാതന്ത്ര്യദിന പരിപാടിയിലും ലക്ഷ്മി പങ്കെടുത്തില്ല.
ലക്ഷ്മി പാണ്ഡയ്ക്ക് കാറില്ല, കോരാപുട് ജില്ലയിലെ ജയ്പൂര്‍ പട്ടണത്തില്‍ ഒരു കെട്ടിടത്തിന്‍റെ ചെറിയ മുറിയിലാണ് അവര്‍ താമസിക്കുന്നത്. മുന്‍പ് രണ്ട് ദശകങ്ങളുടെ ഭൂരിഭാഗം സമയവും ചിലവഴിച്ചിരുന്ന വൃത്തിഹീനമായ ചേരിയില്‍ നിന്നും മെച്ചപ്പെട്ട സ്ഥലത്തേക്കുള്ള മാറ്റം. കഴിഞ്ഞവര്‍ഷം പ്രാദേശിക അഭ്യുദയകാംക്ഷികള്‍ ട്രയിന്‍ ടിക്കറ്റ് എടുത്തു നല്‍കിയതിനാല്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഈ വര്‍ഷം ലക്ഷ്മിക്കത് താങ്ങാന്‍ പറ്റുന്നില്ല. ക്ഷണക്കത്തും പാര്‍ക്കിംഗ് പാസും ഞങ്ങളെ കാണിച്ചുകൊണ്ട് അവര്‍ ചിരിച്ചു. അവര്‍ക്ക് കാറുമായി ഒരേയൊരു ബന്ധമാണുണ്ടായിരുന്നത്: “മരിച്ചുപോയ എന്‍റെ ഭര്‍ത്താവ് നാല് ദശകങ്ങള്‍ക്കുമുന്‍പ് ഒരു ഡ്രൈവര്‍ ആയിരുന്നു. ഇന്‍ഡ്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ.) ഈ പോരാളി തോക്കേന്തിയ തന്‍റെ ഒരുഫോട്ടൊ ഇപ്പോഴും അഭിമാനപൂര്‍വ്വം കൈവശം വച്ചിരിക്കുന്നു.





