“ഇതാണ് സ്കൂൾ,” മഹാരാഷ്ട്രയിൽ ഗുണ്ടെഗാംവ് ഗ്രാമത്തിന്റെ അറ്റത്തുള്ള തരിശുഭൂമിയുടെ നടുവിലുള്ള ഇരുമുറി കോൺക്രീറ്റ് കെട്ടിടത്തിലേക്ക് വിരൽചൂണ്ടിക്കൊണ്ട് അതുൽ ഭോസലെ പറയുന്നു. ഗ്രാമത്തിലേക്കുള്ള യാത്രയിൽ, ചളിനിറഞ്ഞ വഴിയിലൂടെ, ഒരു കിലോമീറ്റർ ദൂരെയുള്ള പർധി സെറ്റിൽമെന്റിലേക്ക് നടക്കുമ്പോൾ നിങ്ങൾക്കത് കാണാതിരിക്കാനാവില്ല.
നീല ജനാലകളും, നിറപ്പകിട്ടുള്ള കാർട്ടൂണുകളും, ഇന്ത്യൻ സ്വാതന്ത്ര്യസമരഭടന്മാരുടെ മുഖങ്ങൾ വരച്ച ചുമരുമുള്ള, നരച്ച മഞ്ഞ നിറത്തിലുള്ള ആ സ്കൂൾ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റും. 20-ഓളം പർധി കുടുംബങ്ങൾ താമസിക്കുന്ന ടർപാളിൻ മേൽക്കൂരയുള്ള മൺകുടിലുകളും താത്ക്കാലിക കൂരകൾക്കുമിടയിൽ അത് വേറിട്ടുനിൽക്കുന്നു.
“വികസനത്തിന്റെ പേരിൽ ഞങ്ങൾക്ക് ആകെയുള്ള ഒരു സ്കൂളാണിത്,” പൌട്കാവസ്തിയെക്കുറിച്ച് 46 വയസ്സുള്ള അതുൽ ഭോസലെ പറയുന്നു. അഹമ്മദ് നഗർ ജില്ലയിലെ നഗർ താലൂക്കിലുള്ള ഈ കോളണി അറിയപ്പെടുന്നത് ആ പേരിലാണ്.
“ഇവിടെ ഒന്നുമില്ല. റോഡോ, വെള്ളമോ, വെളിച്ചമോ, അടച്ചുറപ്പുളള വീടോ ഒന്നും. സ്കൂൾ അടുത്തായതുകൊണ്ട്, ഒന്നുമില്ലെങ്കിലും ഞങ്ങളുടെ കുട്ടികൾക്ക് എഴുത്തും വായനയും പഠിക്കാനാവും,” അതുൽ പറയുന്നു. വിദ്യയുടെ ഈ ചെറിയ ഇടത്തെക്കുറിച്ച് അതുലിന് അഭിമാനമുണ്ട്. ഏഴ് പെൺകുട്ടികളും ഒമ്പത് ആൺകുട്ടികളുമടക്കം 16 കുട്ടികളോടൊപ്പം, അയാളുടെ മക്കളായ സാഹിലും ശബനവും പഠിക്കുന്ന സ്കൂളാണത്.
ഇതേ സ്കൂളിനെയാണ് മറ്റൊരിടത്തേക്ക് മാറ്റി ലയിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ദാരിദ്ര്യരേഖയ്ക്കും താഴെയുള്ള ഈ സമുദായത്തിന് ഇതൊരു കനത്ത പ്രഹരമാണ്. നാടോടിവിഭാഗക്കാരും, ഡീനോട്ടിഫൈഡ് ട്രൈബുമായ പർധികൾ മഹാരാഷ്ട്രയിൽ പട്ടികഗോത്രവിഭാഗത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
ഒന്നരനൂറ്റാണ്ടോളം കാലം കടുത്ത വിവേചനവും ചൂഷണവും അനുഭവിച്ചവരാണ് ഈ ഗോത്രജനത. ബ്രിട്ടീഷ് പരമാധികാരത്തെ അംഗീകരിക്കാതിരുന്ന 200-നടുത്ത് ആദിവാസികളേയും ഇതരജാതിക്കാരേയും അടിച്ചമർത്താൻ ഉദ്ദേശിച്ചുകൊണ്ട് 1871-ൽ ബ്രിട്ടീഷ് രാജ് ഒരു ക്രിമിനൽ ട്രൈബ്സ് ആക്ട് (കുറ്റവാളിഗോത്ര നിയമം – സിടിഎ) പ്രാബല്യത്തിൽ കൊണ്ടുവന്നു. പർധികൾ അതിലുൾപ്പെട്ടിരുന്നു. ഇത്തരം ഗോത്രങ്ങളിൽ ജനിച്ചുവീണാൽപ്പോലും സ്വാഭാവികമായി നിങ്ങളൊരു കുറ്റവാളിയാകുമെന്നതായിരുന്നു ഈ നിയമത്തിന്റെ പ്രത്യേകത. 1952-ൽ സ്വതന്ത്ര ഇന്ത്യയിൽ ഈ നിയമം എടുത്തുകളയുകയും ഇരകളായിരുന്ന സമുദായങ്ങളെ പട്ടികയിൽനിന്ന് ഒഴിവാക്കുകയും ചെയ്തുവെങ്കിലും സാമൂഹികമായ ഭ്രഷ്ട് മാറിയില്ല. സ്ഥിരമായ ഉദ്യോഗം പർധികൾക്ക് ഒരിക്കലും ലഭിച്ചില്ല. റെഗുലർ സ്കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് പരിഹാസവും പലപ്പോഴും മർദ്ദനം പോലും അനുഭവിക്കേണ്ടിവരികയും ചെയ്തു.
















