10 വയസ്സ് തികയാത്ത ഇജാസും ഇമ്രാനും യാസിറും ഷമീമയും ഏതാനും വർഷങ്ങൾ മാത്രമേ സ്കൂളിൽ പോയിട്ടുള്ളൂ. എല്ലാ വർഷവും കുടുംബത്തോടൊപ്പം മറ്റിടങ്ങളിലേയ്ക്ക് കുടിയേറുന്ന നാല് മാസക്കാലം അവർക്ക് ക്ലാസ് നഷ്ടപ്പെടാറുണ്ട്. ഇതുമൂലം അടിസ്ഥാന ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം, പദാവലി, എഴുത്ത് പരിശീലനം എന്നിങ്ങനെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നിർണ്ണായക മേഖലകളിൽ ഈ വിദ്യാർഥികൾ പിന്നിലാവുന്നു.
ഈ കുട്ടികൾക്ക് 10 വയസ്സ് തികയുമ്പോഴേക്കും, സ്കൂളിൽനിന്ന് മൊത്തം ഒരു വർഷക്കാലം അവർ വിട്ടുനിന്നിട്ടുണ്ടാവും. പഠിത്തത്തിൽ മിടുക്കരായ വിദ്യാർത്ഥികൾക്കുപോലും ഈ പഠന നഷ്ടം നികത്തുക പൊതുവേ ബുദ്ധിമുട്ടായിരിക്കും.
എന്നാൽ ഇപ്പോൾ ഈ സ്ഥിതിയ്ക്ക് മാറ്റം വന്നിരിക്കുന്നു. ഇന്ന്, സ്കൂളിൽനിന്ന് അകലേക്ക് സഞ്ചരിക്കുന്ന ഈ കുട്ടികളുടെ തൊട്ട് പിറകേതന്നെ അലി മുഹമ്മദ് എന്ന സഞ്ചരിക്കുന്ന അധ്യാപകനുമുണ്ട്. 25 വയസ്സുകാരനായ അലി ഇത് മൂന്നാം വർഷമാണ് കൊടുമുടികൾ കയറി കശ്മീരിലെ ലിഡ്ഡർ താഴ്വരയിലുള്ള, ഖലാൻ എന്ന ഗുജ്ജർ അധിവാസപ്രദേശത്ത് എത്തുന്നത്. ഇനിയുള്ള നാല് വേനൽക്കാലമാസങ്ങൾ (ജൂൺമുതൽ സെപ്റ്റംബർവരെ), ഗുജ്ജർ കുടുംബങ്ങളിലെ ചെറിയ കുട്ടികളെ പഠിപ്പിക്കാനായി അദ്ദേഹം ഈ പ്രദേശത്ത് തങ്ങും. വേനൽമാസങ്ങളിൽ, തങ്ങളുടെ കാലികൾക്ക് മേയാൻ പുൽമേടുകൾ തേടിയാണ് ഗുജ്ജറുകൾ ഈ പ്രദേശത്തേക്ക് കുടിയേറുന്നത്.
"എനിക്കും ഒരു അദ്ധ്യാപികയാകാനാണ് ആഗ്രഹം," സര്ക്കാർ നല്കിയ വര്ക്ക്ബുക്ക് മുന്നിൽ തുറന്നുവെച്ച് വായന തുടരവേ, നാണംകുണുങ്ങിയായ ഷമീമ ജാൻ പറയുന്നു. ചിലപ്പോഴെല്ലാം അലി സ്വന്തം പണം ഉപയോഗിച്ചാണ് കുട്ടികൾക്ക് അടിയന്തരമായി ആവശ്യമുള്ള പഠനസാമഗ്രികൾ എത്തിച്ചുകൊടുക്കുന്നത്.
ഇടയസമൂഹമായ ഗുജ്ജറുകൾ പൊതുവെ കാലി വളർത്തലുകാരാണ്; ചിലപ്പോഴെല്ലാം അവർ ആടുകളെയും ചെമ്മരിയാടുകളെയും വളർത്താറുണ്ട്. എല്ലാ വർഷവും വേനൽക്കാലത്ത്, കാലികൾക്ക് മേയാൻ മെച്ചപ്പെട്ട മേച്ചിൽപ്രദേശങ്ങൾ തേടി ഇക്കൂട്ടർ ഹിമാലയ പർവ്വതത്തിന്റെ ഉയർന്ന പ്രദേശങ്ങളിലേക്ക് കുടിയേറും. ഈ വാർഷിക കുടിയേറ്റംമൂലം അവർക്കിടയിലെ ചെറിയ കുട്ടികളുടെ പഠിത്തം മുടങ്ങുകയും അവരുടെ അടിസ്ഥാനവിദ്യാഭ്യാസം അവതാളത്തിലാകുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്
എന്നാൽ ഈ കുടുംബങ്ങളോടൊപ്പം സഞ്ചരിക്കുന്ന അലിയെപ്പോലെയുള്ള അധ്യാപകർ, കുട്ടികളുടെ പഠനം മുടങ്ങുന്നില്ലെന്നും സ്കൂളിൽനിന്ന് വിട്ടുനിൽക്കുന്ന കുട്ടികൾ എല്ലാവരുംതന്നെ പഠനം തുടരുന്നുവെന്നും ഉറപ്പ് വരുത്തുന്നു. "ഏതാനും വർഷങ്ങൾക്ക് മുൻപ്, ഞങ്ങളുടെ സമുദായത്തിന്റെ സാക്ഷരതാനിരക്ക് വളരെ കുറവായിരുന്നു. ഇവിടെ, പർവതങ്ങളുടെ ഉയർന്ന പ്രദേശങ്ങളിലേയ്ക്ക് കുടിയേറുന്ന മാസങ്ങളിൽ വിദ്യാഭ്യാസം തുടരാൻ ഒരു മാർഗ്ഗവും ഇല്ലെന്നത് കൊണ്ടുതന്നെ വളരെ കുറച്ചുപേർ മാത്രമേ സ്കൂളിൽ പോയിരുന്നുള്ളൂ," ഗുജ്ജറുകളായ അച്ഛനമ്മമാരോടൊപ്പം ചെറുപ്പത്തിൽ ഇതുപോലെ സഞ്ചരിച്ചിട്ടുള്ള ഈ യുവ അധ്യാപകൻ പറയുന്നു.
"എന്നാൽ ഇപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി, ഈ കുട്ടികൾക്ക് ഒരു അധ്യാപകനെ ലഭിക്കുന്നുണ്ട്. ഇതുമൂലം കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ തുടരാൻ കഴിയുകയും തന്മൂലം ഞങ്ങളുടെ സമുദായം അഭിവൃദ്ധിപ്പെടുകയും ചെയ്യും", അദ്ദേഹം കൂട്ടിച്ചേർക്കുന്നു. "ഈ പദ്ധതി ഇല്ലായിരുന്നെങ്കിൽ, നാലുമാസക്കാലം ഇവിടെ തങ്ങുന്ന കുട്ടികൾ താഴെ ഗ്രാമത്തിലെ വിദ്യാലയത്തിലുള്ള (അനന്ത്നാഗ് ജില്ലയിലുള്ളത്) ബാക്കി കുട്ടികളേക്കാൾ പിന്നിലാവുമായിരുന്നു".
2018-19 ൽ കേന്ദ്ര സർക്കാർ ആരംഭിച്ചതും "സർവ്വശിക്ഷാ അഭിയാൻ (എസ്.എസ്. എ.), രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം. എസ്. എ), ടീച്ചർ എജുക്കേഷൻ ട്രി. ഇ)" എന്നിവയെ ഉൾക്കൊള്ളുന്നതുമായ സമഗ്ര ശിക്ഷയെയാണ് അലി ഉദ്ദേശിച്ചത്. " പഠനത്തിനും തുല്യമായ പഠനഫലത്തിനുമുള്ള അവസരം " ആണ് അതുകൊണ്ട് ലക്ഷ്യമാക്കിയിട്ടുള്ളത്.
അനന്ത്നാഗ് ജില്ലയിലെ പഹൽഗാം തെഹ്സിലിലൂടെ കുതിച്ചൊഴുകുന്ന ലിഡ്ഡർ നദിയുടെ കരയിൽ ഉയർത്തിയിട്ടുള്ള ഒരു പച്ച ടെന്റാണ് ഇവിടത്തെ വിദ്യാലയം. എന്നാൽ വെയിൽ ഉദിച്ചുനിൽക്കുന്ന ദിവസങ്ങളിൽ, വിശാലമായ പച്ചപ്പുൽമേടുകളും ഈ അധ്യാപകന് ക്ലാസ്സ്മുറിയായി മാറും. ജീവശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള അലിയ്ക്ക് ഈ ജോലിയ്ക്കായി മൂന്നുമാസത്തെ പരിശീലനം ലഭിച്ചിരുന്നു. "എന്തെല്ലാം പഠനലക്ഷ്യങ്ങൾ കൈവരിക്കാനാണ് ഞങ്ങൾ ശ്രമിക്കണ്ടത്, എങ്ങനെയാണ് പഠിപ്പിക്കേണ്ടത്, കുട്ടികൾ പഠിക്കുന്ന പാഠങ്ങൾ ജീവിതത്തിൽ അവർക്ക് എങ്ങനെ സഹായകമാകും എന്നിങ്ങനെയുള്ള കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞുതന്നിരുന്നു."
ജൂൺ മാസത്തിലെ ചൂടുള്ള ഈ പ്രഭാതത്തിൽ ക്ലാസ് തുടങ്ങിയിരിക്കുന്നു- നിലത്ത് പുല്ലിൽ ഇരിക്കുന്ന അലിക്ക് ചുറ്റും 5-10 വയസ്സ് പ്രായമുള്ള കുട്ടികൾ ഇരിക്കുന്നു. ഒരു മണിക്കൂറിന് ശേഷം സമയം ഉച്ചയ്ക്ക് 12 മണിയാകുന്നതോടെ, മൂന്ന് ഗുജ്ജർ കുടുംബങ്ങൾ താമസിക്കുന്ന ഖലാൻ ഗ്രാമത്തിലെ ക്ലാസുകൾ അലി അവസാനിപ്പിക്കും. പുഴയിൽനിന്ന് അല്പദൂരം മാറി, ഉയർന്ന ഒരു പ്രദേശത്താണ് അവരുടെ മൺവീടുകളുള്ളത്. അവിടെ താമസിക്കുന്ന ചുരുക്കം ആളുകളിൽ മിക്കവരും കാലാവസ്ഥ ആസ്വദിച്ചും വഴിയേ പോകുന്നവരോട് കുശലം പറഞ്ഞും പുറത്ത് തന്നെയുണ്ട്. ഈ കുടുംങ്ങളുടെ പക്കൽ ,മൊത്തം 20 പശുക്കളും എരുമകളും 50 ആടുകളും ചെമ്മരിയാടുകളും ഉണ്ടെന്ന് കുട്ടികൾ പാരിയോട് പറയുന്നു.
"ഈ പ്രദേശത്ത് മഞ്ഞ് മൂടിക്കിടന്നതുകൊണ്ട് ക്ലാസുകൾ വൈകിയാണ് തുടങ്ങിയത്. 10 ദിവസം മുൻപാണ് (2023 ജൂണ് 12) ഞാൻ ഇവിടെ എത്തിയത്", അദ്ദേഹം പറയുന്നു.
ലിഡ്ഡർ ഹിമാനിയിലേക്കുള്ള പാതയിലാണ് ഖലാൻ സ്ഥിതി ചെയ്യുന്നത്. 15 കിലോമീറ്റർ കൂടി മുകളിലേയ്ക്ക് സഞ്ചരിച്ചാൽ എത്തുന്ന, ഏതാണ്ട് 4,000 മീറ്റർ ഉയരത്തിലുള്ള അവിടം, ഖലാനിലെ മറ്റ് ഗുജ്ജർ യുവാക്കൾക്കൊപ്പം അലി സന്ദർശിച്ചിട്ടുണ്ട്. നാലുപാടും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന ഈ പ്രദേശത്ത് കാലികൾക്ക് മേയാൻ പാകത്തിലുള്ള മേച്ചിൽപ്രദേശങ്ങൾ സുലഭമാണ്. നദിയുടെ ഇരുകരകളിലുമായി ഗുജ്ജർ, ബക്കർവാൾ സമുദായങ്ങൾ താമസം ഉറപ്പിച്ചിരിക്കുന്നു.
"ഉച്ചയ്ക്ക് ഞാൻ അവിടെയുള്ള കുട്ടികളെ പഠിപ്പിക്കാൻ പോകും," നദിയുടെ മറുകരയിൽ നാല് ഗുജ്ജർ കുടുംബങ്ങൾ താമസിക്കുന്ന സലാർ ഗ്രാമം ചൂണ്ടിക്കാണിച്ച് അലി പറയുന്നു. ഭയാനകമായ വേഗത്തിൽ കുതിച്ചൊഴുകുന്ന നദിയ്ക്ക് കുറുകെ പണിതിട്ടുള്ള തടിപ്പാലം കടന്നുവേണം അദ്ദേഹത്തിന് മറുകരയെത്താൻ.
നേരത്തെ, ഇരുഗ്രാമങ്ങൾക്കുംകൂടി ഒരേയൊരു സ്കൂൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ ഏതാനും വർഷങ്ങൾ മുൻപ്, ഒരു സ്ത്രീ നദിയ്ക്ക് കുറുകെയുള്ള പാലത്തിൽനിന്ന് വഴുതി വെള്ളത്തിൽ വീണ് മരിച്ച ഒരു സംഭവമുണ്ടായി. അതോടെ സർക്കാർ നിയമങ്ങൾ ശക്തമായി നടപ്പിലാക്കാൻ തുടങ്ങി. പ്രൈമറി സ്കൂൾ വിദ്യാർഥികൾ പാലം മുറിച്ചുകടക്കരുതെന്ന നിർദ്ദേശം വന്നതോടെ അദ്ധ്യാപകൻ മറുകരയിലേയ്ക്ക് പോകേണ്ട സ്ഥിതിയായി. "അതുകൊണ്ട് കഴിഞ്ഞ വേനൽക്കാലംതൊട്ട്, ഞാൻ രണ്ടു ഷിഫ്റ്റായാണ് പഠിപ്പിക്കുന്നത്", അലി വിശദീകരിക്കുന്നു.
നദിയ്ക്ക് കുറുകെ നേരത്തെയുണ്ടായിരുന്ന പാലം ഒഴുകിപ്പോയതിനാൽ, ഏകദേശം ഒരു കിലോമീറ്റർ മാറിയുള്ള മറ്റൊരു പാലത്തിലൂടെയാണ് അലി ഇപ്പോൾ മറുകരയെത്തുന്നത്. ഇന്ന്, അക്കരെനിന്നുള്ള കുട്ടികൾ തങ്ങളുടെ അധ്യാപകനെ കൊണ്ടുപോകാൻ തയ്യാറായി കാത്തുനിൽക്കുന്നുണ്ട്!
അലിയെപ്പോലെയുള്ള, ഓരോ സഞ്ചരിക്കുന്ന അധ്യാപകനും നാലുമാസത്തെ കരാറിലാണ് ജോലിചെയ്യുന്നത്. ഈ കാലയളവിൽ അവർ ഏകദേശം 50,000 രൂപ സമ്പാദിക്കും. ആഴ്ചയിലുടനീളം അലി സലാറിലാണ് താമസിക്കുന്നത്. "എന്റെ താമസവും ഭക്ഷണവും ഞാൻതന്നെ ഒരുക്കേണ്ടതിനാൽ ഇവിടെയുള്ള ബന്ധുക്കളുടെ ഒപ്പമാണ് ഞാൻ താമസിക്കുന്നത്," അദ്ദേഹം വിശദീകരിക്കുന്നു. "ഞാൻ ഒരു ഗുജ്ജർ ആണ്. ഇവരെല്ലാം എന്റെ ബന്ധുക്കളും. ഇവിടെ കഴിയുന്ന എന്റെ ഒരു സഹോദരനും കുടുംബത്തോടും ഒപ്പമാണ് ഞാൻ താമസിക്കുന്നത്”.
40 കിലോമീറ്റർ അകലെ, അനന്ത്നാഗ് ജില്ലയിലുള്ള ഹിലാൻ ഗ്രാമത്തിലാണ് അലിയുടെ വീട്. വാരാന്ത്യങ്ങളിൽ വീട്ടിലേയ്ക്ക് പോകുമ്പോഴാണ് അദ്ദേഹം ഭാര്യ നൂർജഹാനെയും തന്റെ കുഞ്ഞിനേയും കാണുന്നത്. അധ്യാപികയായ നൂർജഹാൻ വീട്ടിൽവെച്ചും സമീപപ്രദേശങ്ങളിലും കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട്. "എനിക്ക് ചെറുപ്പം തൊട്ടേ അധ്യാപനത്തിലായിരുന്നു താത്പര്യം."
"സർക്കാർ നല്ലൊരു കാര്യമാണ് ഇവിടെ ചെയ്യുന്നത്. ഇതിൽ ഭാഗമാകുകവഴി, എന്റെ സമുദായത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്," നദിയ്ക്ക് കുറുകെയുള്ള തടിപ്പാലത്തിന് അരികിലേക്ക് നടക്കുന്നതിനിടെ അദ്ദേഹം പറയുന്നു.
വിദ്യാർത്ഥിയായ ഇജാസിന്റെ പിതാവ്, 50 വയസ്സുകാരനായ അജീബ അമാനും സന്തുഷ്ടനാണ്. "എന്റെ മകനും എന്റെ സഹോദരന്റെ മക്കളുമെല്ലാം ഇപ്പോൾ പഠിക്കുന്നുണ്ട്. ഞങ്ങളുടെ കുട്ടികൾക്ക് ഇത്തരത്തിലൊരു അവസരം ലഭിക്കുന്നത് നല്ലൊരു കാര്യമാണ്."
പരിഭാഷ: പ്രതിഭ ആര്. കെ .