2023 തിരക്കുള്ള ഒരു വർഷമായിരുന്നു.
ജനുവരിക്കും സെപ്റ്റംബറിനുമിടയിൽ മിക്ക ദിവസങ്ങളിലും ഇന്ത്യ, അതിതീവ്ര കാലാവസ്ഥ അനുഭവിക്കുകയുണ്ടായി. കൂടുതൽ സ്ത്രീകളെ ലോകസഭയിലും സംസ്ഥാന നിയമസഭകളിലും കൊണ്ടുവരുന്നതിനായി, സെപ്റ്റംബറിൽ ലോകസഭ വനിതാ സംവരണ ബിൽ പാസ്സാക്കി. എന്നാൽ 2029-ൽ മാത്രമേ അത് നടപ്പാവുകയുള്ളു. അതേസമയം, നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾപ്രകാരം, 2022-ൽ സ്ത്രീകൾക്കെതിരേ നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം 445,256 ആണ്. ഒരേ ലിംഗത്തിൽപ്പെട്ടവരുടെ വിവാഹത്തിന് നിയമസാധുത നൽകാൻ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഓഗസ്റ്റിൽ വിസമ്മതിച്ചുവെങ്കിലും, ലിംഗപരമായ വാർപ്പുമാതൃകകളെ നേരിടുന്നതിനാവശ്യമായ ഒരു കൈപ്പുസ്തകം കോടതി പ്രസിദ്ധീകരിക്കുകയുണ്ടായി. നിലവിലുള്ള ചില ലിംഗപരമായ വാർപ്പുമാതൃകാപദങ്ങൾക്ക് പകരമുള്ള വാക്കുകളും ആ പുസ്തകത്തിൽ കോടതി നിർദ്ദേശിച്ചു. ഒമ്പത് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയും, വർഗ്ഗീയവും ജാതീയവുമായ സംഘർഷങ്ങൾ വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു. 2022 മാർച്ചിനും 2023 ജൂലായ്ക്കുമിടയിൽ, ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 166-ൽനിന്ന് 174 ആയി. 15-നും 29-നുമിടയിൽ പ്രായമുള്ള ആളുകൾക്കിടയിലെ ശരാശരി തൊഴിലില്ലായ്മാ നിരക്ക് വർഷത്തിന്റെ ആദ്യത്തെ അഞ്ച് മാസങ്ങളിൽ 17.3 ശതമാനത്തിന്റെയടുത്തായിരുന്നു.








