ബാങ്കുകൾ ‘ട്രാക്ടർ വായ്പ’ വിൽ‌പ്പനയുടെ തിരക്കിലായിരുന്ന കാലത്ത്, 2010-ൽ ഒരു പുതിയ വാഹനം വാങ്ങാൻ ഹീറാബായ് ഫക്കീറ റാത്തോഡ് നിർബന്ധിതയായി. “വായ്പ കിട്ടാനും തിരിച്ചടക്കാനും വളരെ എളുപ്പമാണെന്ന് ട്രാക്ടർ കടയിലെ വിൽ‌പ്പനക്കാരൻ എന്നോട് പറഞ്ഞു” ഔറംഗബാദ് ജില്ലയിലെ കന്നഡ് തെഹ്സിലിലെ പൊളിഞ്ഞുവീഴാറായ വീട്ടിലിരുന്ന് അവർ പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദിന്റെ പ്രാദേശിക ശാഖ വായ്പ എളുപ്പത്തിൽ ശരിയാക്കിക്കൊടുക്കുകയും ചെയ്തു. ഹീരാബായ് എന്ന ബഞ്ജാരാ ആദിവാസിയുടെ ഭർത്താവ് വനപാലകനായി റിട്ടയർ ചെയ്തിരുന്നു. അവർക്കും അവരുടെ കുടുംബത്തിനും അതേ തെഹ്സിലിൽ 3.5 ഏക്കർ സ്ഥലമുണ്ടായിരുന്നു. “ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെന്നതിനു പുറമെ, മറ്റുള്ളവരുടെ വയലുകളിൽ ഉപയോഗിച്ച് കുറച്ചെന്തെങ്കിലും അധികം നേടാൻ കഴിയുമെന്നായിരുന്നു കണക്കുകൂട്ടൽ” അവർ പറയുന്നു.


635,000 രൂപ വില വരുന്ന ട്രാക്ടർ വാങ്ങാൻ 575,000 രൂപ അവർക്ക് വായ്പ കിട്ടി. 15.9 ശതമാനം പലിശയിൽ ഏഴു വർഷം കൊണ്ട് തിരിച്ചടക്കേണ്ടതായിരുന്നു വായ്പ. “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നു അത്”. വായ്പയുടെ മുഴുവൻ കണക്കുകളും ഞങ്ങളെ കാണിച്ച് രോഷത്തോടെ അവർ പറഞ്ഞു. ഈ വർഷം മാർച്ച് മാസം വരെ 7.5 ലക്ഷത്തിനു മീതെ തിരിച്ചടക്കേണ്ടിവന്ന് അവർ തകർന്നിരിക്കുകയായിരുന്നു. ആ സമയത്ത്, ബാങ്ക് അവർക്ക് 1.25 രൂപയുടെ ‘ഒറ്റത്തവണ അടവ്‘ (One-time settlement – OTS) അനുവദിച്ചുകൊടുക്കുകയും അത് അവർ, ബന്ധുക്കളിൽനിന്നും മറ്റും കടമെടുത്ത് അടച്ചുതീർക്കുകയും ചെയ്തു. “ഈ ചുമട് എന്റെ കുട്ടികളുടെ തലയിൽ കെട്ടിവെക്കാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല”, അവർ പറയുന്നു.


ചുരുക്കത്തിൽ, ധനികയോ, സാമ്പത്തികമായി ഭേദം പോലുമോ അല്ലാത്ത ഈ ബഞ്ജാരയ്ക്ക് 5.75 ലക്ഷത്തിന്റെ വായ്പ തിരിച്ചടക്കാൻ 9 ലക്ഷം രൂപയ്ക്ക് അടിമപ്പണി ചെയ്യേണ്ടിവന്നു. മഹാരാഷ്ട്രയിലെ വരൾച്ച ബാധിത പ്രദേശമായ ഈ മറാത്തവാഡാ പ്രദേശത്തെ കാർഷികത്തകർച്ച കാരണം, ‘ട്രാക്ടറിന് ഞങ്ങളുടേതൊഴിച്ചുള്ള മറ്റ് കൃഷിഭൂമികളിൽ അധികം പണിയും കിട്ടുന്നില്ല“. ഔറംഗബാദ് ജില്ലയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നിരവധി ഹീരാഭായിമാരുണ്ട്. ഹീരാഭായിയിൽനിന്ന് വ്യത്യസ്തമായി, തിരിച്ചടക്കാൻ അധികമൊന്നും കഴിയാത്തവരും നിരവധിയാണ്. അതും, കടബാധ്യത മൂലം ധാരാളം കർഷക ആത്മഹത്യകൾ കാണേണ്ടിവന്ന ഒരു സംസ്ഥാനത്ത്. 2005-2006 മുതൽക്ക് മറാത്ത്‌വാഡാ പ്രദേശത്തു മാത്രം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരബാദ് ഇത്തരത്തിലുള്ള 1000 വായ്പകൾ നൽകിക്കഴിഞ്ഞിട്ടുണ്ട്.


“ബാങ്കുകൾ ട്രാക്ടർ വായ്പാ ആഘോഷത്തിമർപ്പിലായിരുന്നു” ആൾ ഇന്ത്യാ ബാങ്ക് ഓഫ് മഹാരാഷ്ട്രാ എം‌പ്ലോയീസ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറി ദേവീദാസ് തുൽജാപുർകാർ പറയുന്നു. “മുൻ‌ഗണനാ വിഭാഗത്തിനുള്ള കടം കൊടുക്കലിന് അവർക്ക് അവരുടെ നിശ്ചിതവീതം ഉണ്ടായിരുന്നു - അതിനെ കാർഷിക വായ്പയായി കാണിക്കുകയും ചെയ്യാമായിരുന്നു, മാത്രമല്ല, ഒരിക്കലും അമിത പലിശ ഈടാക്കാൻ പാടില്ലാത്തവർക്കുപോലും, ആ നിരക്കിലാണ് കടം കൊടുത്തിരുന്നത്. കടം അടച്ചുതീർത്ത ഹീരാഭായിയെ ഒഴിച്ചുനിർത്തിയാൽ, കൂടുതൽ തുക അടച്ചവരും, അതിന് ‘ഒറ്റത്തവണ അടവ്’ സൌകര്യം കിട്ടാത്തവരും ഉണ്ടായിരുന്നു. ഒന്നും തിരിച്ചടക്കാൻ കഴിയാത്തവരും. എസ്.ബി.എച്ചിന്റെ കന്നട് തെഹ്സിലിലെ ശാഖയിൽനിന്നു മാത്രം അവസാനം പറഞ്ഞ വിഭാഗത്തിൽ‌പ്പെട്ട 45 ആളുകളുടെ  വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. ബാങ്കിന് അവർ 2.7 കോടി രൂപ കടപ്പെട്ടിരിക്കുന്നു. ഇത്, ഒരു സംസ്ഥാനത്തിലെ, ഒരു ചെറിയ പട്ടണത്തിലെ, ഒരു ബാങ്കിന്റെ ഒറ്റ ശാഖയുടെ മാത്രം കണക്കാണ്. രാജ്യത്തിന്റെ വിവിധ ബാങ്കുകളിൽനിന്ന് ആയിരക്കണക്കിന് ഇത്തരം വായ്പകൾ കൊടുത്തിട്ടുണ്ട്.


02-IMG_1208-PS-The Benz and the Banjara.jpg

ഒരു മുംബൈ ബാങ്കിലെ ഈ ‘കൌണ്ടർ‘ കാണിക്കുന്നതുപോലെ നഗരങ്ങളിൽപോലും വാഹനവായ്പകൾ ഭീമമാണ്. ആ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് ഒരിക്കൽ ഒരു ചെറിയ ട്രാക്ടർ ഉണ്ടായിരുന്നിരിക്കുമോ?


15.9 ശതമാനം പലിശയിൽ ഹീരാഭായിക്ക് വായ്പ കിട്ടുമ്പോൾ, ഔറംഗബാദ് പട്ടണത്തിൽനിന്ന് വെറും 65 കിലോമീറ്റർ അകലെ മറ്റൊരു വലിയ കടം‌കൊടുക്കൽ മേള നടക്കുന്നുണ്ടായിരുന്നു. നഗരത്തിലെ വമ്പൻ വ്യവസായികളും, ഉയർന്ന ഉദ്യോഗസ്ഥരും, ഭിഷഗ്വരന്മാരും, അഭിഭാഷകരും ഒക്കെ അടങ്ങുന്ന ‘ഔറംഗബാദ് ഗ്രൂപ്പ്’ 2010 ഒക്ടോബറിൽ ഒരൊറ്റ ദിവസത്തിനുള്ളിൽ 150 മെഴ്സിഡസ് ബെൻസ് കാറുകൾ വാങ്ങി. (അതിലൊരാൾ കിഴക്കൻ ഔറംഗബാദിൽ നിന്ന് പിന്നീട് എം.എൽ.എ ആവുകയും ചെയ്തു). ‘ഔറംഗബാദ് വന്നു കഴിഞ്ഞു”, എന്ന് കാണിക്കാനുള്ള ഒരു അടവായിരുന്നു അതെന്ന് അന്ന് ഒരാൾ സൂചിപ്പിച്ചു. “ആഗോള നിക്ഷേപക ഭൂപട’ത്തിലാണ് ഔറംഗബാദ് എന്നു കാണിക്കാൻ. ആ ഭൂപടത്തിൽ കയറിപ്പറ്റാൻ അവർക്ക് ഒരു ചെറിയ സഹായവും ലഭിക്കുകയുണ്ടായി. ആ ദിവസം വിറ്റിരുന്ന ബെൻസ് മോഡലുകളുടെ വില 30 ലക്ഷത്തിനും 70 ലക്ഷത്തിനും ഇടയിലായിരുന്നു. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 150 കാറുകൾ വിൽക്കാൻ പോകുന്നതുകൊണ്ട് കമ്പനി വലിയ ഇളവ് കൊടുത്തിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ അന്നത്തെ ചെയർമാന്റെ പ്രത്യേക നിർദ്ദേശപ്രകാരം, ഒട്ടും കുറയാതെ, ഔറംഗബാദിലെ ഭാരതീയ സ്റ്റേറ്റ് ബാങ്ക്, മൊത്തം വായ്പാത്തുകയായ 65 കോടിയുടെ, മൂന്നിൽ രണ്ടു ഭാഗം തുക, വെറും 7 ശതമാനം പലിശയ്ക്ക് കൊടുക്കുകയും ചെയ്തു എന്നതാണ് ഏറ്റവും പ്രധാനം. രാജ്യത്തിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളുടെ ബൃഹത്തായ സാമ്പത്തിക ശക്തിയ്ക്ക് താൻ അഭിവാദ്യമർപ്പിക്കുന്നുവെന്ന് ഹർഷോന്മത്തനായ മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ വിൽ‌ഫ്രഡ് ആൽ‌‌ബറിനെ ഉദ്ധരിച്ച്, മാധ്യമങ്ങൾ എഴുതിയിരുന്നു. “ഒറ്റയടിക്ക് 150 മെഴ്സിഡസ്-ബെൻസ് കാറുകളുടെ വിൽ‌പ്പനയോടെ, അത് ധീരവും ചലനാത്മകവും ഊർജ്ജസ്വലവുമായ രീതിയിൽ മുന്നോട്ട് വന്നു“.


ഔറംഗബാദിലെ ഹീരാബായിമാർക്ക് വ്യത്യസ്തമായ ഒരു പ്രഹരമായിരുന്നു കിട്ടിയത്. രണ്ട് സംഘങ്ങളും വാഹന വായ്പ എടുക്കുകയായിരുന്നു. ഇരുവർക്കും പൊതുമേഖലാ ബാങ്കുകളിൽനിന്ന് വായ്പയും കിട്ടി. പക്ഷേ നഗരത്തിലെ വമ്പന്മാരുടേതിനേക്കാൾ ഇരട്ടിയിലധികം പലിശയാണ് ഹീരാബായ് അടച്ചുകൊണ്ടിരുന്നത്. ഒരുപക്ഷേ അവർ ഔറംഗബാദിനെ ആഗോള നിക്ഷേപക ഭൂപടത്തിൽ വെയ്ക്കുകയല്ലായിരിക്കാം ചെയ്തത്. 12.5- 15.9 പലിശ നിരക്കിൽ ട്രാക്ടർ കിട്ടിയിരുന്നവർ മിക്കവരും ആദിവാസികളോ ദളിതുകളോ ആയിരുന്നു. ബെൻസ് വാങ്ങുന്നവരിൽ അക്കൂട്ടരെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. തേൽ‌വാഡി തണ്ടയിലെ വസന്ത് ദൾപത് റാത്തോഡ് എന്ന ബഞ്ജാര കന്നഡ് തെഹ്സിലിലെ എസ്.ബി.എച്ചിലേക്ക് 7,53 ലക്ഷം രൂപ തിരിച്ചടച്ചു (1,7 ലക്ഷം രൂപ ഒറ്റയടവ് ഉൾപ്പെടെ). അംബ തണ്ടയിലെ അതേ ആദിവാസി സംഘത്തിലെ അമർസിംഗ് മുഖറാം റാത്തോഡ്, ബാങ്കിന് 11.14 ലക്ഷത്തിനു മീതെ കൊടുക്കാനുണ്ട്. അതിന്റെ പകുതിയോളം വരുന്ന വായ്പാത്തുക മേടിച്ചതിന്. അയാൾ മിക്കവാറും ഒന്നും തിരിച്ചടച്ചിട്ടില്ല. മിക്കവാറും അയാളക്കതിനു കഴിയുകയുമില്ല. അയാളുടെ തണ്ട (കോളനി) സന്ദർശിച്ച ഞങ്ങളോട് അയാളുടെ അയൽക്കാർ അങ്ങിനെയൊരാളെക്കുറിച്ച് കേട്ടിട്ടേയില്ലെന്ന വലിയ നുണ പറഞ്ഞു. ബാങ്കിന്റെ ആളുകൾ ചുറ്റിനടക്കുന്നുണ്ടെന്ന് വാർത്ത പരന്നിരുന്നു. ഞങ്ങൾ അയാളുടെ വീട് കണ്ടെത്തി. വിലപിടിപ്പുള്ള ഒന്നും അവിടെ കാണാനായില്ല. ട്രാക്ടർ അവിടെ തീർച്ചയായും ഉണ്ടായിരുന്നില്ല. പാവപ്പെട്ടവരുടെ പേരിൽ സ്വാധീനമുള്ളവർ വായ്പയെടുക്കുന്നത് ചിലപ്പോൾ സാധാരണമായിരുന്നു. ഇവിടെയും അതു സംഭവിച്ചിട്ടുണ്ടാവാം. കന്നഡിലെ 45 കേസുകൾക്കു പുറമെ, മറ്റു തെഹ്സിലുകളിലെയും ശാഖകളിലെയും അത്തരത്തിലുള്ള നിരവധി വായ്പകളുടെ വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചു.

“ഈ വായ്പകളൊന്നും പ്രവർത്തനരഹിതമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല” എന്ന് തുൽജാപുർക്കർ പറയുന്നു. ‘യഥാർത്ഥത്തിൽ ഇത് സംഖ്യ കോടികൾ വരും. പക്ഷേ ബാങ്കുകൾ മിക്കവാറും ഇവയെ പ്രവർത്തിക്കുന്ന അക്കൌണ്ടുകളായി കടലാസ്സിൽ കാണിക്കും. അതുകൊണ്ട്, ഒരു പൈസ പോലും പിരിഞ്ഞുകിട്ടിയില്ലെങ്കിലും, യഥാർത്ഥ വായ്പാത്തുകയുടെ ഇരട്ടി പിരിഞ്ഞുകിട്ടാത്ത സംഖ്യയായി കണക്കിൽ കാണിക്കും. തിരിച്ചടവിന്റെ കാലാവധി കഴിഞ്ഞാലും പ്രശ്നങ്ങളൊന്നുമില്ലാത്ത, പ്രവർത്തിക്കുന്ന ആസ്തിയായി ഇവയെ കാണിച്ചിട്ടുണ്ടാകും. എപ്പോഴെങ്കിലും ഒരിക്കൽ ഈ യാഥാർത്ഥ്യത്തെ നേരിടേണ്ടിവരികയും ചെയ്യും”. മാത്രമല്ല, ഇടനിലക്കാരനും വ്യാപാരിയും പലപ്പോഴും വാങ്ങുന്നവനെ വഞ്ചിക്കുകയും ചെയ്യും. “ബാങ്കിന്റെ പൈസ ഒരുപക്ഷേ ട്രാക്ടറിനും ട്രോളിക്കും അതിന്റെ അനുബന്ധ സാമഗ്രികൾക്കുമായിരിക്കും. അതിൽ കർഷകന് ആവശ്യമുള്ളതും അവനു കിട്ടുന്നതും ട്രാക്ടർ മാത്രമായിരിക്കുകയും ചെയ്യും. മറ്റുള്ളവ ഭംഗിയായി ഇടനിലക്കാർ സ്വന്തമാക്കുകയും ചെയ്യും”.


ബെൻസ് കൂട്ടായ്മയും വീഴ്ച വരുത്തുന്നതായി കണ്ടിട്ടുണ്ടെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. “ഇതിലെ പല കാറുകളും രണ്ടോ മൂന്നോ അതിലധികം തവണയോ മറിച്ചു വിൽക്കപ്പെട്ടിട്ടുണ്ട്” എന്ന് ഔറംഗബാദിലെ ഒരു പ്രമുഖ വ്യവസായി ഞങ്ങളോട് പറഞ്ഞു. വായ്പ്പക്കുള്ള കിഴിവുകളും കുറഞ്ഞ പലിശനിരക്കും മുതലെടുത്ത് രണ്ടുമൂന്നാളുകൾ ഒരു ചെറിയ ലാഭം കൈക്കലാക്കി കാറുകൾ വിറ്റിട്ടുണ്ടെന്നും മറ്റൊരാൾ പറഞ്ഞു. 2004-നും 2014-നും ഇടയിൽ ട്രാക്ടറിന്റെ വിൽ‌പ്പന മൂന്നിരട്ടിയായി. 2013-ൽ ഇന്ത്യ 619,000 ട്രാക്ടറുകൾ ഉത്പാദിപ്പിച്ചു – ലോകത്തിലെ ഉത്പാദനത്തിന്റെ ഏതാണ്ട് മൂന്നു ഭാഗം – എന്ന് വ്യാവസായിക കണക്കുകൾ സൂചിപ്പിക്കുന്നു. പലരും ഇതിനെ കണ്ടത് “കാർഷിക പുരോഗതിയുടെ കണ്ണാടി’യായിട്ടാണ്. അഥവാ, ‘പ്രധാനപ്പെട്ട അളവുകോൽ’ ആയിട്ടാണ്. ഇന്ത്യൻ ഉൾനാടുകൾ എത്തരത്തിലാണെന്നതിന്റെ സൂചകമായി. വരുമാനത്തിലെ വർദ്ധനവും തീർച്ചയായും ചില വിഭാഗങ്ങളെ സഹായിച്ചിരിക്കാം. പക്ഷേ ഇത് സാധിച്ചത്, ഭ്രാന്തെടുത്ത വായ്പാ വിൽ‌പ്പനയിലൂടെയാണ്. ഗ്രാമീണ ഭവനങ്ങളിൽ, മാസത്തിൽ 10,000 രൂപയിൽ കൂടുതൽ സമ്പാദിക്കുന്ന കുടുംബാംഗങ്ങൾ വെറും 8 ശതമാനമാണെന്ന് സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് കാണിക്കുന്നു. (ട്രാക്ടർ സ്വന്തമായിട്ടുള്ള കുടുംബങ്ങൾ ഈ 8 ശതമാനത്തിലും താഴെയാണ്). കാർഷിക ഇന്ത്യയുടെ പുരോഗതിയാണ് ഈ ട്രാക്ടർ വിൽ‌പ്പനക്കണക്കുകൾ കാണിക്കുന്നതെന്നാണ് എന്നിട്ടും ചില സാമ്പത്തിക വിദഗ്ദ്ധരും കോളമെഴുത്തുകാരും അവകാശപ്പെടുന്നത്. അപ്പോൾ ഇന്ന്, ഔറംഗബാദിലെ വ്യാപാരികൾ തങ്ങളുടെ വിൽ‌പ്പനയിൽ ഒരു 50 ശതമാനം ഇടിവ് റിപ്പോർട്ട് ചെയ്താൽ, ചാരുകസേര വിദഗ്ദ്ധർക്ക് അത്, ‘കാർഷിക തകർച്ച’യുടെ അടയാളമാണ്.

മെഴ്സിഡസ് ബെൻസ് ആഡംബര വസ്തുവാണെങ്കിൽ, അതിൽ നിന്ന് വ്യത്യസ്തമായി, ട്രാക്ടർ ഒരു ഉത്പാദനക്ഷമതയുള്ള ഉപകരണമാണെന്നത് സത്യം. പക്ഷേ വായ്പയാൽ ചലിക്കപ്പെടുന്ന ട്രാക്ടറുകളുടെ 2004-2014 കാലഘട്ടത്തിലെ വിൽ‌പ്പനയെ കാർഷിക പുരോഗതിയുടെ അടയാളമായി കാണുന്നത്, ഒറ്റദിവസം കൊണ്ട് 150 മെഴ്സിഡസ് ബെൻസുകൾ വിറ്റത് ആഗോള ഭൂപടത്തിൽ ഔറംഗബാദിന്റെ പ്രവേശനമായി കാണുന്നതുപോലെത്തന്നെ ബാലിശമാണ്. മറാത്തവാഡയുടെ 64,330 രൂപ പ്രതിശീർഷ വരുമാനം മഹാരാഷ്ട്രയിലെ മറ്റേതൊരു പ്രദേശത്തേക്കാളും താഴെയാണ്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളേക്കാൾ 40 ശതമാനം താഴെയാണ് അത്. മുംബൈയേക്കാൾ എഴുപത് ശതമാനം താഴെയും.


അതേസമയം  ഒരു പുതിയ സാമ്പത്തിക പ്രതിസന്ധി നിർമ്മിക്കപ്പെടുകയാണ്. കൂടുതൽ യന്ത്രങ്ങളും കുറവ് മനുഷ്യാദ്ധ്വാനവും ഉപയോഗിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ഇത്തവണ ഇത് മണ്ണുമാന്തി യന്ത്രങ്ങളിലൂടെയാണ് വരുന്നത്. “വളരെയധികം പൈസ നഷ്ടപ്പെട്ട ആളുകൾ പാപ്പരാവാൻ പോകുന്നു’ എന്നാണ് കരാറുകാരനും ഔറംഗബാദ് ജില്ലയിലെ ഖുൽതാബാദി മുൻസിപ്പൽ കൌൺസിൽ മുഖ്യനുമായ ഹാജി അക്ബർ ബയ്ഗ് പറയുന്നത്. “19000 ആളുകളുള്ള എന്റെ ചെറിയ പട്ടണത്തിൽ, ചുരുങ്ങിയത് 30 ജെ,സി.ബികളെങ്കിലുമുണ്ട് (ജെ.സി.ബാംഫോർഡ് മണ്ണുമാന്തികൾ). സംസ്ഥാനത്ത് എത്രയെണ്ണമുണ്ടെന്ന് ആർക്കറിയാം? ഇത് ഉപയോഗിക്കുന്നത് ജൽ‌യുക്ത് ശിവാർ അഭിയാൻ (സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട ജലസംരക്ഷണ പദ്ധതി) പോലുള്ള പദ്ധതിയിലായതുകൊണ്ട് ധാരാളമാളുകൾ അതിൽ‌പ്പെട്ടുപോയി. സ്വകാര്യ ബാങ്കുകളിൽനിന്നും പണമിടപാട് സ്ഥാപനങ്ങളിൽനിന്നും ആളുകൾ ഭീമമായ വായ്പയെടുത്ത് ഒന്നിന് 29 ലക്ഷം രൂപ വരുന്ന ജെ.എസി.ബികൾ വാങ്ങിയിട്ടുണ്ട്. ആദ്യം മേടിച്ചവരിൽ ഞാനും ഉൾപ്പെടുന്നു. പക്ഷേ ഞാൻ പൈസ സംഘടിപ്പിച്ചത് ബാങ്ക് വായ്പയുടെ സഹായമില്ലാതെയും മറ്റു പല പഴയ സാമഗ്രികൾ വിറ്റും, കുടുംബാംഗങ്ങളിൽനിന്ന് പണമെടുത്തും ഒക്കെയാണ്. വായ്പ അടവുകളും പരിപാലന ചിലവുകളും എല്ലാം കഴിഞ്ഞ് തരക്കേടില്ലാത്ത ഒരു സംഖ്യ കയ്യിൽ വരണമെങ്കിൽ മാസത്തിൽ ചുരുങ്ങിയത് ഒരു ലക്ഷത്തിന്റെ പണിയെങ്കിലും കിട്ടണം. ഈ കാലാവസ്ഥയിൽ അത് കിട്ടുമായിരിക്കും. പക്ഷേ കാലവർഷം കഴിയുന്നതോടെ അത് അവസാനിക്കും.30 പോയിട്ട്, ഈ പട്ടണത്തിൽ മൂന്നു ജെ.സി.ബിക്കുള്ള പണിപോലും ഇല്ല. അപ്പോൾ നിങ്ങളെന്തു ചെയ്യും? ഈ രംഗത്ത് പരിചയമില്ലാത്തവർ പോലും, ജെ.സി.ബിയുടെ ഇരട്ടിവിലയുള്ള പോക്ലെയിൻ ഹൈഡ്രോളിക്ക് മണ്ണുമാന്തികളിൽ നിക്ഷേപം നടത്തുന്നു. നടുവൊടിക്കുന്ന വായ്പ വീണ്ടുമെടുത്ത്. എല്ലായിടത്തും ഇതുതന്നെയായിരിക്കും സ്ഥിതി എന്ന് എനിക്ക് തോന്നുന്നു. സ്വാധീനമുള്ള, തമ്മിൽത്തമ്മിൽ അറിയാവുന്ന ചില കച്ചവടക്കാർക്ക് മാത്രമേ കരാറുകൾ കിട്ടൂ. നൂറിൽ പത്തു പേർ ഒരുപക്ഷേ രക്ഷപ്പെട്ടേക്കാം. ബാക്കിയെല്ലാവരും പാപ്പരാവും”


03-P1040127(Crop)-PS-The Benz and the Banjara.jpg

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽനിന്നുള്ള ബഞ്ജാരാ (നാടോടി) സമുദായാംഗമായ ഹീരാബായ്


ഞങ്ങൾ ബാങ്കുദ്യോഗസ്ഥരായിരിക്കുമോ എന്ന്, കന്നഡിലെ തന്റെ വീട്ടിലിരുന്ന് ഹീരാബായ് അത്ഭുതപ്പെടുന്നു. “എനിക്കെന്താണിനി സംഭവിക്കുക” എന്ന് അവർ ഭീതിയോടെ ചോദിക്കുന്നു. അതും, 6.35 ലക്ഷം രൂപ വിലവരുന്ന (ഒരുപക്ഷേ അതിലും കുറവുമാത്രം) ഒരു ട്രാക്ടർ വാങ്ങാൻ കിട്ടിയ 5.75 ലക്ഷം രൂപയുടെ വായ്പായിലേക്ക് 9 ലക്ഷം രൂപ തിരിച്ചടച്ചതിനു ശേഷം. “ഇനി ഞാൻ എന്തെങ്കിലും അടയ്ക്കാനുണ്ടോ” എന്ന് അവർ ചോദിക്കുന്നു. ഇല്ല, ഞങ്ങൾ പറഞ്ഞു. നിങ്ങൾ വിലകൊടുത്തു കഴിഞ്ഞിരിക്കുന്നു. മുഴുവനായും, കൂടുതലും.



കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാളം ബ്ലോഗ്ഗിലും ഓൺലൈൻ എഴുത്തു രംഗത്തും സജീവമാണ് രാജീവ് ചേലനാട്ട്. [email protected] –ൽ ബന്ധപ്പെടാവുന്നതാണ്

പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സ്ഥാപക പത്രാധിപരാണ് പി.സായ്നാഥ്. ഗ്രാമകാര്യ ലേഖകനായി പതിറ്റാണ്ടുകൾ പ്രവർത്തിച്ചുവന്ന അദ്ദേഹം ‘എല്ലാവരും ഒരു നല്ല വരൾച്ചയെ ആഗ്രഹിക്കുന്നു” എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്. അദ്ദേഹത്തെ ബന്ധപ്പെടാൻ @psainath_org-ൽ ബന്ധപ്പെടുക.

P. Sainath

ପି. ସାଇନାଥ, ପିପୁଲ୍ସ ଆର୍କାଇଭ୍ ଅଫ୍ ରୁରାଲ ଇଣ୍ଡିଆର ପ୍ରତିଷ୍ଠାତା ସମ୍ପାଦକ । ସେ ବହୁ ଦଶନ୍ଧି ଧରି ଗ୍ରାମୀଣ ରିପୋର୍ଟର ଭାବେ କାର୍ଯ୍ୟ କରିଛନ୍ତି ଏବଂ ସେ ‘ଏଭ୍ରିବଡି ଲଭସ୍ ଏ ଗୁଡ୍ ଡ୍ରଟ୍’ ଏବଂ ‘ଦ ଲାଷ୍ଟ ହିରୋଜ୍: ଫୁଟ୍ ସୋଲଜର୍ସ ଅଫ୍ ଇଣ୍ଡିଆନ୍ ଫ୍ରିଡମ୍’ ପୁସ୍ତକର ଲେଖକ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ପି.ସାଇନାଥ