അലങ്കാരങ്ങളുണ്ടാക്കാൻ ഞാൻ ഷോലാപീത് (പൊങ്ങുചെടിയുടെ - തൂവെള്ളനിറവും മാർദ്ദവമുള്ള തണ്ട്) ഉപയോഗിക്കുന്നു പല ആകൃതിയിലും വലിപ്പത്തിലും വെട്ടിയെടുക്കാവുന്ന ധാരാളം സാധ്യതകളുള്ള ഒരു വസ്തുവാണത്. ഭാരവും കുറവാണ്. ഒഡിഷയിൽ ഞങ്ങളിതിനെ ഷോലാപീത്കാമ (ഷോലാപീത ജോലി) എന്ന് വിളിക്കുന്നു.
നെക്ലസ്സുകൾ, ദസറയ്ക്ക് ആവശ്യമായ അലങ്കാരത്തുന്നലുകൾ, പൂക്കൾ, ഷോപ്പീസുകൾ എല്ലാം എനിക്കുണ്ടാക്കാനറിയാം. എന്നാൽ തഹിയയാണ് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്നത്. സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുന്ന ഒഡിഷി കലാകാരന്മാർ ഉപയോഗിക്കുന്ന തലപ്പാവാണ് തഹിയ.
പ്ലാസ്റ്റിക്ക് തഹിയകളും ലഭ്യമാണെങ്കിലും അത് നൃത്തക്കാർക്ക് അലോസരമുണ്ടാക്കും. കൂടുതൽ നേരം തലയിൽ ധരിക്കാനാവില്ല. മാത്രമല്ല, പ്ലാസ്റ്റിക്കാവുമ്പോൾ എല്ലാ ആകൃതിയിലും വെട്ടിയെടുക്കാനുമാവില്ല.
മറ്റ് പല കരകൌശലക്കാരും തഹിയ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചുകഴിഞ്ഞു. എന്നാൽ എനിക്ക് ആ പണി ഇഷ്ടമാണ്.
ഷോലാപീതിൽനിന്ന് തഹിയ ഉണ്ടാക്കുന്ന ആശയം കാശി മൊഹപത്രയിൽനിന്നാണ് ലഭിച്ചത്. ഒഡിഷി നൃത്തരൂപത്തിന്റെ സമുന്നതനായ കലാകാരൻ കേളുചരൺ മോഹപത്രയുടെ സുഹൃത്താണ് കാശി മൊഹപത്ര. ക്ലാസ്സിക്കൽ നർത്തകർ തലയിൽ വെച്ചിരുന്ന പൂക്കൾക്ക് പകരമായിട്ടാണ് തഹിയ രംഗപ്രവേശം ചെയ്തത്. ഞാൻ പല രൂപങ്ങളുണ്ടാക്കി.
ഷോലാപീതിന് പുറമേ, കട്ടിയുള്ള പരുത്തിത്തുണി, കമ്പി, ഫെവിക്കോൾ, കറുത്ത നൂൽ, ചുണ്ണാമ്പ്, കറുത്ത കടലാസ്സ്, പച്ച കടലാസ്സ് എന്നിവയും ആവശ്യമാണ് തഹിയ നിർമ്മിക്കാൻ. തഹിയ ഉണ്ടാക്കുന്ന എല്ലാ പ്രക്രിയയും ഒരാൾ മാത്രം ചെയ്താൽ, ഒരു ദിവസം രണ്ടിൽക്കൂടുതൽ തഹിയകൾ നിർമ്മിക്കാൻ സാധ്യമല്ല. അതിനാൽ, ഓരോരോ ഭാഗങ്ങൾ ചെയ്യുന്ന നിരവധിയാളുകൾ ഞങ്ങൾക്കുണ്ട്. ചിലപ്പോൾ ആറേഴാളുകൾവരെ.
തഹിയ നിർമ്മാണത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത് നാഗേശ്വർ, ജമന്തി എന്നീ രണ്ട് പൂക്കളാണ്. മറ്റ് പൂക്കളുമായി തട്ടിച്ചുനോക്കിയാൽ ജമന്തിപ്പൂക്കൾ എട്ടുദിവസംവരെ കേടുകൂടാതെ നിൽക്കും. നാഗേശ്വർ പൂക്കളാകട്ടെ ചുരുങ്ങിയത് 15 ദിവസംവരെയും. അതുകൊണ്ടാണ് ഈ രണ്ട് പൂക്കൾ ഉപയോഗിക്കുന്നത്.
തഹിയയുടെ മുനപോലെയുള്ള ഭാഗം സൃഷ്ടിക്കാൻ പൂക്കളുടെ, വിശേഷിച്ചും മല്ലിപ്പൂക്കളുടെ മൊട്ടുകളാണ് ഉപയോഗിക്കുക. പൂക്കുന്നതിന് മുമ്പ് മൊട്ടുകൾ മിക്കവാറും വെള്ളയായിരിക്കും. അതുകൊണ്ട്, താഹിയകൾ നിർമ്മിക്കുമ്പോൾ മൊട്ടുകൾ വെളുത്തിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.
ചില മൊട്ടുകളുടെ അറ്റം ഞെക്കിയാൽ ഒരു പ്രത്യേക രൂപം കിട്ടും. ശ്രദ്ധ ആവശ്യമുള്ള ഈ പണി സാധാരണയായി ചെയ്യുന്നത് സ്ത്രീകളാണ്.
ജഗന്നാഥ ഭഗവാനെ ആരാധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരിയിൽ ഷോലാപീതിന്റെ കല ആരംഭിച്ചതെന്ന് പറയപ്പെടുന്നു. എന്നാലിന്ന്, ഹോട്ടലുകളിലും വിശേഷാവസരങ്ങളിലും മറ്റും, പ്രാദേശികമായ രൂപങ്ങൾ പ്രദർശിപ്പിക്കാനായി അത് ഉപയോഗിക്കുന്നുണ്ട്.
ഈ പണി ചെയ്യാൻ നിയതമായ സമയമോ ഷിഫ്റ്റുകളോ ഒന്നും ഇല്ല. ഞങ്ങൾ രാവിലെ 6 മണിക്കോ, 7 മണിക്കോ, ചിലപ്പോൾ 4 മണിക്കുപോലും എഴുന്നേൽക്കും. പകൽ 1 മണിവരെ, അല്ലെങ്കിൽ 2 മണിവരെ ജോലിചെയ്യും. ഒരൊറ്റ താഹിയ നിർമ്മിച്ചാൽ ഒരാൾക്ക് 1,500 രൂപമുതൽ 2,000 രൂപവരെ ലഭിക്കും.
ഒഡിഷയിലെ സംബാൽപുരിലെ ശരത് മൊഹന്തിയുടെ കീഴിൽ പരിശീലനം നടത്തുമ്പോൾ 1996-ൽ എനിക്ക് ഒരു അവാർഡ് ലഭിച്ചിട്ടുണ്ട്.
“കരകൌശലക്കാരല്ല, കലതന്നെയാണ് യഥാർത്ഥ സമ്പത്തിന്റെ സ്രോതസ്സ്. അത് അവയ്ക്കുവേണ്ടിതന്നെയാണ്, അവയെക്കുറിച്ചുതന്നെയാണ് സംസാരിക്കുന്നത്”.
“എന്റെ സമ്പത്തെന്നത്, 37 കൊല്ലത്തെ എന്റെ ഈ കൈത്തൊഴിലാണ്. എന്റെ കുടുംബം പട്ടിണി കിടക്കാത്തത് ഈ കലകൊണ്ടാണ്”, ഉപേന്ദ്ര കുമാർ പുരോഹിത് പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്