കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.
എങ്ങനെയാണ് ഒരു ചുരുങ്ങിയ കാലയളവിൽ നിങ്ങളുടെ വയലുകളിൽ നിന്ന് ഒരു ഏക്കർ ജോവർ അപ്രത്യക്ഷമാകുന്നത് ? “രണ്ടു വർഷത്തിനിടെ, ആദ്യമായാണു ഞാൻ ഈ സമയത്ത് ഒരാഴ്ച എൻറെ ഗ്രാമത്തിൽ നിന്നു വിട്ടു നിന്നത്. ആ സമയം കൊണ്ട് അവർ അതെല്ലാം വിഴുങ്ങി, ”ആനന്ദ സാൽവി പറഞ്ഞു. ‘അവർ’ എന്നതു കാട്ടുപോത്തുകളുടെ ഒരു കൂട്ടമാണ് (ഗൗർ/ബോസ് ഗൗറൂസ് ചിലപ്പോൾ ഇന്ത്യൻ ബൈസൺ എന്നും അറിയപ്പെടുന്നു) - ലോകത്തിൽ നിലവിലുള്ള കന്നുകാലികളിൽ ഏറ്റവും വലുതാണിത്. ആൺ പോത്തുകൾക്ക് ആറടിയിൽ അധികം തോൾപൊക്കവും 500 മുതൽ 1,000 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും.
മഹാരാഷ്ട്രയിലെ കൊൽഹാപ്പൂർ ജില്ലയിലെ രാധാനഗരി വന്യജീവി സങ്കേതത്തിൽ വസിക്കുന്ന ഈ അസാമാന്യ വലുപ്പമുള്ള പോത്തുകൾ പൊതുവെ സമാധാനപ്രിയർ ആണ്. എന്നാൽ ഈയിടെയായി ഇവർ ദേശീയപാതകളിലേക്ക് ഇറങ്ങുകയും ചുറ്റുമുള്ള കൃഷിഭൂമികൾ നശിപ്പിക്കുകയുമാണ്.
“എൻറെ വയലിൽ കാവലിന് ആരും ഉണ്ടായിരുന്നില്ല,” രക്ഷി ഗ്രാമത്തിലെ സാൽവി സങ്കടത്തോടെ പറഞ്ഞു. “ഭാഗ്യവശാൽ, എൻറെ ഒരു ഏക്കർ കരിമ്പ് (ഏകദേശം 80 ടൺ കരിമ്പ്) രക്ഷിക്കാൻ എനിക്കു കഴിഞ്ഞു.” എന്നാൽ ആയിരം കിലോ വരെ തൂക്കമുള്ള ഭീമാകാരമായ ഈ ജീവികളുടെ കൂട്ടത്തിൽ നിന്ന് എങ്ങനെയാണ് വെറും പടക്കങ്ങൾ ഉപയോഗിച്ച് എന്തിനെയെങ്കിലും രക്ഷിക്കുന്നത്?
രണ്ടു വർഷം മുമ്പ് സാൽവി എല്ലാ രാത്രിയിലും വയലിൽ ഉറങ്ങാൻ തുടങ്ങി. “ഞങ്ങൾ ദിവസവും രാത്രി എട്ട് മണിക്കു വരും. എല്ലാ ഗാവയും (കാട്ടുപോത്തിൻറെ പ്രാദേശിക പേര്) പോയതിനുശേഷം പുലർച്ചെ നാല് മണിക്കു മടങ്ങും,”അദ്ദേഹം വിശദീകരിക്കരിച്ചു. "ഞങ്ങൾ രാത്രി പാടങ്ങളിൽ പടക്കം പൊട്ടിക്കും.” അതിനാൽ കാട്ടുപോത്ത് തൻറെ അഞ്ച് ഏക്കർ കൃഷിയിടത്തിൽ പ്രവേശിക്കുന്നതിൽ നിന്നു ഭയപ്പെട്ടു പിന്മാറുന്നു എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻറെ അയൽക്കാരിൽ പലരും അതുപോലെ ചെയ്യുന്നു. കാട്ടുപോത്ത് മൂലം പൻഹള താലൂക്കിലെ രക്ഷി ഗ്രാമത്തിൽ ഇപ്പോൾ കുറഞ്ഞതു രണ്ടു വർഷമായി വിളകൾ നഷ്ടപ്പെട്ടു.
"സീസണിൽ ഓരോ ദിവസവും ഏകദേശം 50 രൂപയാണ് ഞങ്ങൾ ആ പടക്കങ്ങൾ വാങ്ങാൻ ചെലവഴിക്കുന്നത്,” സാൽവിയുടെ ഭാര്യ സുനിത പറഞ്ഞു. ഇത് കൃഷിച്ചെലവിലേക്ക് ഒരു പുതിയ ഘടകം ചേർക്കുന്നു. “കർഷകർ രാത്രിയിൽ വയലിൽ ഉറങ്ങുന്നത് എന്നാലും ഒരു അപകടമാണ്.” ആ നേരത്തു മറ്റു വന്യജീവികൾ വയലുകളിൽ സജീവമായിരിക്കും. ഉദാഹരണത്തിന് പാമ്പുകൾ.
പടക്കങ്ങൾ തങ്ങൾക്കു വലിയ ഉപദ്രവം ചെയ്യില്ല എന്ന് കാട്ടുപോത്തുക്കൾ ഉടൻ മനസ്സിലാക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നു. അതിനാൽ രാധാനഗരി താലൂക്കിലെ ചില കർഷകർ വൈദ്യുതീകരിച്ച വേലികൾ ഉപയോഗിക്കാൻ തുടങ്ങി. “പക്ഷേ, അവർക്ക് അതും ശീലമായിരിക്കുന്നു,” രാധാനഗരി ആസ്ഥാനമായുള്ള ഒരു വന്യജീവി സന്നദ്ധ സംഘടനയായ ബൈസൺ നേച്ചർ ക്ലബിൻറെ സഹസ്ഥാപകൻ സാമ്രാട്ട് കെർക്കർ പറഞ്ഞു. “വൈദ്യുതാഘാതം ഏൽക്കുമോ എന്നു പരിശോധിക്കാൻ കാട്ടുപോത്തുക്കൾ അവരുടെ കുളമ്പുകളോ കാലുകളോ വേലിയിൽ പതുക്കെ വയ്ക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. നേരത്തെ, അവർ മനുഷ്യരെ ഭയപ്പെട്ടിരുന്നു, പക്ഷേ ഇപ്പോൾ അവർ ഞങ്ങളെ കണ്ടാൽ അത്ര എളുപ്പത്തിൽ ഓടിപ്പോകാറില്ല. ”
“ഞങ്ങൾ ഗാവയെ കുറ്റപ്പെടുത്തില്ല,” സുനിത പറഞ്ഞു. “ഇതു വനംവകുപ്പിൻറെ തെറ്റാണ്. വനങ്ങൾ ശരിയായി പരിപാലിക്കുന്നില്ലെങ്കിൽ മൃഗങ്ങൾ പുറത്തേക്കിറങ്ങും.”
ഭക്ഷണവും വെള്ളവും തേടി കാട്ടുപോത്തുക്കൾ കൂടുതലായി വന്യജീവി സങ്കേതത്തിൽ നിന്ന് പുറത്തുവരുന്നുണ്ട് . അവർ തിരയുന്നതിൽ ഒന്ന് കുറിഞ്ഞി ഇനത്തിൽപെട്ട കാർവി (സ്ട്രോബിലാന്റസ് കാലോസ) ഇലകളാണ്. വരളുന്ന വനങ്ങളിൽ ഈ ഇലകൾ വാടിപ്പോകുകയാണെന്നു തോന്നുന്നു. കൂടാതെ, വന്യജീവിസങ്കേതത്തിലെ കുളങ്ങൾ വറ്റുന്നതു കാരണം ഈ പോത്തുകൾ മറ്റ് ജലസ്രോതസ്സുകൾ തേടുകയാണ്. പിന്നെ, വനപാലകരും ഫീൽഡ് ഗവേഷകരും പറയുന്നതു വന്യജീവി സങ്കേതത്തിനുള്ളിലെ പുൽമേടുകൾ കുറഞ്ഞുകൊണ്ടിരിക്കുന്നതു കാട്ടുപോത്തുകൾ പുറത്തു വരാൻ ഒരു കാരണമാണ് എന്നാണ്.
കേന്ദ്ര ഭൂഗർഭജല ബോർഡിൻറെ കണക്കുകൾ പ്രകാരം രാധാനഗരി താലൂക്കിൽ 2004-ൽ 3,510 മില്ലിമീറ്റർ 2008-ൽ 3,684-ഉം 2012-ൽ 3,072-ഉം മഴ ലഭിച്ചു. എന്നാൽ, 2018-ൽ വെറും 2,120 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത് - ഒരു കുത്തനെയുള്ള ഇടിവ്. മഹാരാഷ്ട്രയുടെ മറ്റു പല ഭാഗങ്ങളിലെയും പോലെ ഒരു ദശാബ്ദത്തിലധികമായി കൊൽഹാപ്പൂർ ജില്ലയിലുടനീളം മഴ പെയ്യുന്നതു ക്രമം തെറ്റിയാണ്.
50 വയസ്സുള്ള ഇടയനായ രാജു പാട്ടീൽ ഒരു ദശാബ്ദത്തിനു മുമ്പാണു ദേവ്ഗഡ്-നിപാനി സംസ്ഥാനപാതയിൽ 12 കാട്ടുപോത്തുകളുടെ ഒരു സംഘത്തെ ആദ്യമായി കണ്ടത്. തൻറെ ഗ്രാമത്തിൻറെ പ്രാന്തപ്രദേശത്തുള്ള രാധാനഗരി എന്ന വന്യജീവി സങ്കേതത്തെക്കുറിച്ച് അദ്ദേഹം കേട്ടിരുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും ഗാവയെ കണ്ടിട്ടുണ്ടായിരുന്നില്ല.
“ഈ കഴിഞ്ഞ ദശാബ്ദത്തിൽ മാത്രമേ അവ കാട്ടിൽ നിന്നു പുറത്തുവരുന്നതു ഞാൻ കണ്ടിട്ടുള്ളൂ,” അദ്ദേഹം പറഞ്ഞു. അതിനുശേഷം, രാധാനഗരി ഗ്രാമത്തിലെ ജനങ്ങൾക്ക് ഈ ഭീമാകാരരായ സസ്യഭുക്കുകൾ പാതകൾ മുറിച്ചുകടക്കുന്ന കാഴ്ച സാധാരണമായി. മൃഗങ്ങളുടെ വീഡിയോകൾ ഗ്രാമവാസികൾ അവരുടെ സെൽഫോണുകളിൽ ചിത്രീകരിച്ചിട്ടുണ്ട്. കരിമ്പ്, ശാലു (ജോവർ അല്ലെങ്കിൽ സോർഗം), ചോളം, നെല്ല് എന്നിവ ഭക്ഷിക്കാൻ ഗൗർ കൊൽഹാപ്പൂർ ജില്ലയിലെ രാധാനഗരി, ഷാഹുവാഡി, കാർവിർ, പൻഹള താലൂക്കുകളിലെ കൃഷിയിടങ്ങളിൽ പ്രവേശിക്കാൻ തുടങ്ങി.
പിന്നെ, വനത്തിനുള്ളിൽ അവയ്‌ക്കു കൂടുതൽ ദുർലഭമായികൊണ്ടിരിക്കുന്ന വെള്ളം കുടിക്കാനും.
കഴിഞ്ഞ 10-15 വർഷങ്ങളിൽ മാത്രമാണു ഗാവ കാടിനു പുറത്തു കടന്നാക്രമിക്കാൻ തുടങ്ങിയത് എന്നു രാധാനഗരി താലൂക്കിലെ ഗ്രാമവാസികൾ ഉറപ്പിച്ചു പറഞ്ഞു. പൻഹള താലൂക്കിൽ, ഇത് ഒരു പുതിയ സംഭവമാണ്. രക്ഷി ഗ്രാമത്തിലെ 42 വയസ്സുള്ള യുവരാജ് നിരുഖെയുടെ കൃഷിത്തോട്ടം കാടിനു സമീപത്താണ്. “ഞങ്ങൾ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മാത്രമാണു ഗാവയെ കണ്ടത്. മുമ്പ്, കാട്ടുപന്നികൾ ഞങ്ങളുടെ വിളകളെ ആക്രമിക്കാറുണ്ടായിരുന്നു," അദ്ദേഹം പറഞ്ഞു. ജനുവരി മുതൽ അദ്ദേഹത്തിൻറെ 0.75 ഏക്കർ സ്ഥലത്ത് 12 കാട്ടുപോത്തുകളടങ്ങിയ ഒരു സംഘത്തിൻറെ ആക്രമണം മൂന്നു തവണ ഉണ്ടായി. “കുറഞ്ഞത് നാല് ക്വിൻറൽ ജോവർ എനിക്കു നഷ്ടമായി. ഇപ്പോൾ ഈ മഴക്കാലത്തു നെൽകൃഷി ചെയ്യാൻ ഞാൻ ഭയപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.
രാധാനഗരി താലൂക്കിലെ ആളുകൾ വന്യജീവി സങ്കേതത്തിൽ നിന്നു കാട്ടുപോത്തുകൾ പുറത്തു വരുന്നതും റോഡുകളും ദേശീയ പാതകളും മുറിച്ചുകടക്കുന്നതും തങ്ങളുടെ സെൽഫോണുകളിൽ ചിത്രീകരിച്ചിട്ടുണ്ട്.
“കാലാവസ്ഥാ ചക്രം പൂർണ്ണമായും മാറിയിരിക്കുന്നു,” രാധാനഗരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രശാന്ത് തെൻണ്ടുൽക്കർ പറഞ്ഞു. "മുമ്പ്, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു തവണയെങ്കിലും മഴ പെയ്യാറുണ്ടായിരുന്നു. അത് കുളങ്ങൾ നിറയ്ക്കും. നാം പ്രകൃതിക്ക് എതിരാണ് പോകുന്നതെങ്കിൽ ആരെയാണു കുറ്റപ്പെടുത്തേണ്ടത്? ഏകദേശം 50-60 വർഷം മുമ്പ് അവിടെ വനഭൂമിയും പിന്നെ മേച്ചിൽസ്ഥലങ്ങളും കൃഷിയിടങ്ങളും ഗ്രാമവും ഉണ്ടായിരുന്നു. ഇപ്പോൾ ആളുകൾ ഈ സ്ഥലങ്ങളിൽ താമസിക്കാൻ തുടങ്ങി, അവർ പതുക്കെ കാട്ടിലേക്ക് എത്തുകയാണ്. വനത്തിനും ഗ്രാമത്തിനുമിടയിലുള്ള ഭൂമി കൈയേറ്റം ചെയ്യപ്പെടുകയാണ്."
ബോക്സൈറ്റ് ഖനനം - കൂടുതൽ വിനാശകരമായ ഈ ‘കൈയ്യേറ്റം’ കുറച്ച് പതിറ്റാണ്ടുകളായി ഇടവിട്ടിടവിട്ടു തുടരുന്നു.
“തുറന്ന കുഴികളെടുത്തുള്ള [ഓപ്പൺ കാസ്റ്റ്] ബോക്സൈറ്റ് ഖനനം നിരവധി വർഷങ്ങളായി രാധാനഗരിയെ തകർത്തിരിക്കുകയാണ്,” സാങ്ച്വറി ഏഷ്യയുടെ സ്ഥാപക എഡിറ്റർ ബിട്ടു സഹഗൽ പറഞ്ഞു. “ഇതിനെതിരെ വലിയ ചെറുത്തുനിൽപ്പ് ഉണ്ടായിരുന്നു, എന്നാൽ ഇൻഡാൽ [പിന്നീട് ഹിൻഡാൽകോയുമായി ലയിപ്പിച്ചു] പോലുള്ള ഖനന കമ്പനികൾക്ക് അധികാരത്തിൻറെ ഇടനാഴികളിൽ പ്രതിഷേധക്കാരെ അപേക്ഷിച്ചു വളരെഅധികം സ്വാധീനമുണ്ടായിരുന്നു. സർക്കാർ ഓഫീസുകളിൽ നയം എഴുതിയിരുന്നത് ഈ കമ്പനികൾ ആയിരുന്നു. ഖനന പ്രവർത്തനങ്ങൾ മേച്ചിൽസ്ഥലങ്ങൾ, ജലസ്രോതസ്സുകൾ എന്നിവയ്‌ക്കെല്ലാം കനത്ത നാശനഷ്ടങ്ങൾ വരുത്തി."
1998 മുതൽ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ഇത്തരം പ്രവർത്തനങ്ങളെ ഒന്നിലധികം തവണ ശക്തമായി വിമർശിച്ചിട്ടുണ്ട്. 2018 ഒക്ടോബറിൽ സുപ്രീംകോടതി ഈ വിഷയത്തിൽ സംസ്ഥാനത്തിൻറെ "തികച്ചും താൽപര്യം ഇല്ലാത്ത" നിലപാടിൽ മഹാരാഷ്ട്ര സർക്കാറിൻറെ ചീഫ് സെക്രട്ടറിയോട് ഹാജരാകാൻ ഉത്തരവിട്ടു.
കോൽഹാപ്പൂരിലെ ശിവാജി സർവകലാശാലയിലെ ഗവേഷകർ 2012-ൽ നടത്തിയ ഒരു പഠനം ഖനനത്തിൻറെ തുടർന്നുകൊണ്ടിരിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാണിച്ചു. കോൽഹാപ്പൂർ ജില്ലയിലെ പരിസ്ഥിതിയിൽ ബോക്സൈറ്റ് ഖനന പ്രവർത്തനങ്ങളുടെ ആഘാതത്തെക്കുറിച്ചുള്ള പഠനങ്ങൾ എന്ന അവരുടെ പ്രബന്ധത്തിൽ പറയുന്നത് ഇങ്ങനെയാണ്: “നിയമപരവും നിയമവിരുദ്ധവുമായ ഖനന പ്രവർത്തനങ്ങൾ ഈ മേഖലയിൽ
ഗുരുതരമായ
പാരിസ്ഥിതിക തകർച്ചയ്ക്കു തുടക്കമിട്ടിരിക്കുകയാണ്. തുടക്കത്തിൽ ഖനനം കുറച്ചു നാട്ടുകാർക്കു തൊഴിലവസരങ്ങൾ നൽകുകയും സർക്കാരിനു വരുമാനം നേടിക്കൊടുക്കുകയും ചെയ്യുമെങ്കിലും, അത് ഒരു ഹ്രസ്വകാലത്തേക്കു മാത്രമേ നിലനിൽക്കൂ. എന്നിരുന്നാലും, മാറിയ ഭൂവിനിയോഗത്തിൻറെ ഫലമായി പ്രാദേശിക പരിസ്ഥിതിക്കു സംഭവിച്ച ഹാനി ശാശ്വതമാണ്.”
രാധാനഗരിയിൽ നിന്ന് വെറും 24 കിലോമീറ്റർ അകലെയുള്ള മറ്റൊരു വന്യജീവി സങ്കേതമാണ് - ഡാജീപൂർ. 1980-കളുടെ പകുതിയിൽ വിഭജിക്കപ്പെടുന്നതു വരെ ഇവ രണ്ടും ഒന്നായിരുന്നു. ഇവ ഒരുമിച്ചു 351.16 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. സവ്രായ് സാഡ എന്നറിയപ്പെടുന്ന ഡാജീപൂരിലെ ലാറ്ററൈറ്റ് പീഠഭൂമിയുടെ ഒരു ഭാഗത്ത് ഒരു തടാകവും ഉണ്ട്. ഇപ്പോഴും ഈ മേഖലയിലെ മൃഗങ്ങൾക്കും പക്ഷികൾക്കും ഭക്ഷണത്തിനും വെള്ളത്തിനുമുള്ള മുഖ്യ സ്രോതസ്സുകളിൽ ഒന്നാണ് അത്. എന്നാൽ ഈ വർഷം മെയ് മാസത്തോടെ തടാകത്തിൻറെ ഭൂരിഭാഗവും വരണ്ടുണങ്ങി.
കൂടാതെ, “ഇവിടെയുണ്ടായ വനനശീകരണത്തിൻറെ ഭൂരിഭാഗവും കഴിഞ്ഞ ദശാബ്ദത്തിലാണു സംഭവിച്ചത്. ഇതു [കാലാവസ്ഥ] ചക്രങ്ങളെ ബാധിച്ചു, ” വന്യജീവി ഗവേഷകനും വന്യജീവി പ്രൊട്ടെക്ഷൻ ആൻഡ് റിസർച്ച് സൊസൈറ്റിയുടെ പ്രസിഡണ്ടുമായ അമിത് സയ്യിദ് പറഞ്ഞു.
മൃഗങ്ങൾക്കായി കൃത്രിമ ‘ഉപ്പ് ലിക്കുകൾ’ (ഉപ്പു നക്കിയെടുക്കാനുള്ള ഇടം) വനംവകുപ്പു സൃഷ്ടിച്ച സ്ഥലങ്ങളിൽ ഒന്നാണു സവ്രായ് സാഡ. മൃഗങ്ങൾക്ക് അവശ്യ പോഷകങ്ങൾ കഴിക്കാൻ കഴിയുന്ന സ്ഥലമാണ് ഉപ്പ് അല്ലെങ്കിൽ മിനറൽ ലിക്ക്. ഡാജീപൂരിലെയും രാധാനഗരിയിലെയും ചില ഇടങ്ങളിൽ ഉപ്പും കോണ്ടയും (ഉമി / തവിട്) സൂക്ഷിച്ചിട്ടുണ്ട്.
എന്നാൽ കരിമ്പിൻറെ വ്യാപനം ഉപ്പു ലിക്കുകളേ പോലെ ഹിതകരമായ ഒരു മനുഷ്യ ഇടപെടൽ അല്ല. സമൃദ്ധമായ മഴയുള്ള ചില താലൂക്കുകളുള്ള കോൽഹാപ്പൂർ ജില്ല പതിറ്റാണ്ടുകളായി കരിമ്പിന് ആതിഥ്യമരുളുന്നു. എന്നിരുന്നാലും, അതിൻറെ വളർച്ച അൽപ്പം ഭയപ്പെടുത്തുന്നതാണ്. 1971-72 കാലഘട്ടത്തിൽ കോൽഹാപ്പൂരിൽ 40,000 ഹെക്ടറിൽ കരിമ്പു കൃഷി ചെയ്തിരുന്നതായി സംസ്ഥാന പഞ്ചസാര കമ്മീഷണറേറ്റിൽ നിന്നും ഗസറ്റിയർമാരിൽ നിന്നുമുള്ള വിവരങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം, 2018-19, ഇത് 155,000 ഹെക്ടർ വ്യാപിച്ചു - 287 ശതമാനം വർധന. (മഹാരാഷ്ട്രയിലെ കരിമ്പു കൃഷിക്കു ഏക്കറിന് 18-20 ദശലക്ഷം ലിറ്റർ വെള്ളം ചെലവാകും).
ഈ പ്രക്രിയകളെല്ലാം ഈ മേഖലയിലെ ഭൂമി, ജലം, വനം, സസ്യജന്തുജാലങ്ങൾ, കാലാവസ്ഥ, പരിസ്ഥിതി എന്നിവയിൽ തീർച്ചയായും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ വന്യജീവി സങ്കേതത്തിലെ കാടുകൾ തെക്കൻ അർദ്ധ നിത്യഹരിതം, നനവുള്ളതും ഇലപൊഴിയുന്ന മരങ്ങൾ ഉള്ളതും, തെക്കൻ നിത്യഹരിതം എന്നിങ്ങനെ പല തരത്തിലുള്ളവയാണ്. എല്ലാ മാറ്റങ്ങളുടെയും ആഘാതം ഈ വന്യജീവി സങ്കേതങ്ങൾക്കപ്പുറത്തേക്ക് എത്തുമെങ്കിലും , ഇവിടുത്തെ നിവാസികൾക്ക് അവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യൻറെ പ്രവർത്തനം വളരുകയാണ്, പക്ഷേ കാട്ടുപോത്തിൻകൂട്ടങ്ങൾ വളരുന്നില്ല.
ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പ് ആയിരത്തിലധികം മൃഗങ്ങൾ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്ന രാധാനഗരി വന്യജീവി സങ്കേതത്തിൽ ഇപ്പോൾ 500 എണ്ണം മാത്രമാണുള്ളതെന്നു മഹാരാഷ്ട്ര വനംവകുപ്പു പറയുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രശാന്ത് തെൻണ്ടുൽക്കറുടെ വ്യക്തിഗത കണക്കിൽ ഇത് 700 ആണ്. ഇന്ത്യയിൽ, 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 1 -ലാണു കാട്ടുപോത്ത് ഉൾപ്പെടുന്നത്. ഷെഡ്യൂൾ 1 അതിലുൾപ്പെടുന്ന ജീവികൾക്കു സമ്പൂർണ്ണ സംരക്ഷണം നൽകുന്നതാണ്. ഈ മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടിയ ശിക്ഷാനടപടികളെ ക്ഷണിച്ചുവരുത്തും. ഇൻറ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിൻറെ ഭീഷണി നേരിടുന്ന ജീവികളുടെ ‘റെഡ് ലിസ്റ്റിൽ’ കാട്ടുപോത്ത് ഉൾപ്പെടുന്നു. അതിൽ അവയെ “വംശനാശ സാധ്യതയുള്ളത്” (വൾനേറബിൾ) എന്ന് തരംതിരിച്ചിരിക്കുന്നു.
കാട്ടുപോത്തുകൾ സഞ്ചരിക്കുകയാണ്. പക്ഷേ: “അവർക്ക് [വനംവകുപ്പിന്] അവരുടെ കുടിയേറ്റ രേഖയിൽ വിവരങ്ങളില്ല,” അമിത് സയ്യിദ് പറഞ്ഞു. "അവ എങ്ങോട്ടാണു പോകുന്നത്? ഏതു തരം ഇടനാഴിയാണ് അവ ഉപയോഗിക്കുന്നത്? ഏത്തരത്തിലുള്ള സംഘങ്ങളാണ്? ഒരു സംഘത്തിൽ എത്ര മൃഗങ്ങളുണ്ട്? അവർ ഈ സംഘങ്ങളെ നിരീക്ഷിക്കുകയാണെങ്കിൽ, ഇത്തരം കാര്യങ്ങൾ സംഭവിക്കില്ല. ഈ ഇടനാഴികളിൽ ജല സ്രോതസ്സുകൾ സ്ഥാപിക്കണം.”
2014 ജൂൺ മാസത്തിൽ കോൽഹാപ്പൂർ ജില്ലയിൽ പെയ്ത മഴ ആ മാസത്തിൻറെ സാധാരണ ശരാശരിയേക്കാൾ 64 ശതമാനം കുറവാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. 2016-ൽ 39 ശതമാനം കുറവായിരുന്നു. 2018-ൽ ഇതു ശരാശരിയേക്കാൾ ഒരു ശതമാനം അധികമായിരുന്നു. 2014 ജൂലൈയിൽ ഇത് ആ മാസത്തിൻറെ ശരാശരിയേക്കാൾ അഞ്ച് ശതമാനം കൂടുതലായിരുന്നു. അടുത്ത വർഷം ജൂലൈയിൽ ഇത് 76 ശതമാനം കുറവായിരുന്നു. ഈ വർഷം, ജൂൺ 1 മുതൽ ജൂലൈ 10 വരെയുള്ള കാലയളവിൽ പെയ്ത മഴ ആ കാലത്തിൻറെ ശരാശരിയേക്കാൾ 21 ശതമാനം അധികമായിരുന്നു. എന്നാൽ, ഇവിടെ പലരും ചൂണ്ടിക്കാണിക്കുന്നതു പോലെ, ഈ ഏപ്രിൽ, മെയ് മാസങ്ങളിൽ കാലാവർഷത്തിനു മുമ്പുള്ള മഴ കാര്യമായി ഉണ്ടായില്ല. “കഴിഞ്ഞ ദശകത്തിൽ മഴയുടെ രീതി ക്രമം തെറ്റിപ്പോയി,” കെർക്കർ പറഞ്ഞു. അത് ഈ വനങ്ങളിലെ വറ്റാത്ത ജലസ്രോതസ്സുകൾ കുറഞ്ഞു വരുന്നു എന്ന പ്രശ്നത്തിൻറെ മൂർച്ച കൂട്ടുന്നു.
രാധാനഗരി, ഡാജീപൂർ വനങ്ങളിലെ ചില കുളങ്ങൾ ആദ്യമായി ടാങ്കറുകളിൽ നിന്നുള്ള വെള്ളം കൊണ്ടു കൃത്രിമമായി നിറച്ചതു 2017 ഏപ്രിൽ, മെയ് മാസങ്ങളിലാണ് . കെർക്കറിൻറെ ബൈസൺ നേച്ചർ ക്ലബ് രണ്ടു വനങ്ങളിലെയും മൂന്നു സ്ഥലങ്ങളിലായി ഏകദേശം 20,000 ലിറ്റർ വെള്ളം ഈ രീതിയിൽ വിതരണം ചെയ്തു. 2018-ൽ അത് 24,000 ലിറ്ററായി ഉയർന്നു. (വനംവകുപ്പു തന്നെ പരിപാലിക്കുന്ന മറ്റു പല കുളങ്ങളും വനങ്ങളിലുണ്ട്).
എന്നാൽ, “ഈ വർഷം അജ്ഞാതമായ കാരണങ്ങളാൽ വനംവകുപ്പു രാധാനഗരി പ്രദേശത്തെ ഒരു കുളത്തിൽ മാത്രം വെള്ളം എത്തിക്കാൻ മാത്രമേ ഞങ്ങളെ അനുവദിച്ചുള്ളു,” കെർക്കർ പറഞ്ഞു. ഈ വർഷം ആ സന്നദ്ധസംഘടന 54,000 ലിറ്റർ വിതരണം ചെയ്തു. എന്തായാലും, “ജൂൺ മാസത്തിലെ ആദ്യത്തെ രണ്ട് മൺസൂൺ മഴയ്ക്ക് ശേഷം വിതരണം ചെയ്യുന്നത് ഞങ്ങൾ നിർത്തും,” കെർക്കർ പറഞ്ഞു.
വനനശീകരണം, ഖനനം, വിള രീതികളിലെ വലിയ മാറ്റങ്ങൾ, വരൾച്ച, പൊതുവായ വരൾച്ച, ജലത്തിൻറെ ഗുണനിലവാരം കുറയുന്നതു, ഭൂഗർഭജലം വലിച്ചെടുക്കൽ - ഈ പ്രക്രിയകളെല്ലാം രാധാനഗരിയിലെയും അതു സ്ഥിതിചെയ്യുന്ന വലിയ പ്രദേശത്തെയും വനം, കൃഷി, മണ്ണു, കാലാവസ്ഥ എന്നിവയെ ബാധിച്ചിട്ടുണ്ട്.
പക്ഷേ, സ്വാഭാവിക കാലാവസ്ഥ മാത്രമല്ല, വഷളാകുന്നത്.
കാട്ടുപോത്തുകളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. “20 ഗുന്തയിൽ (ഏകദേശം അര ഏക്കറിൽ) ഞാൻ കൃഷി ചെയ്ത ആന പ്പുല്ലെല്ലാം ഗാവ ഭക്ഷിച്ചു,” പൻഹള താലൂക്കിലെ നികംവാഡി ഗ്രാമത്തിൽ ആറ് ഏക്കറിൻറെ ഉടമയായ 40 വയസ്സുള്ള മാരുതി നികം പറഞ്ഞു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മറ്റൊരു 30 ഗുന്തയിലുണ്ടായിരുന്ന എൻറെ ചോളം അവർ തുടച്ചുമാറ്റി.
“മഴക്കാലത്ത്, കാട്ടിൽ ധാരാളം വെള്ളം ഉണ്ടാകും, പക്ഷേ ഭക്ഷണം കണ്ടെത്തിയില്ലെങ്കിൽ, അവ ഞങ്ങളുടെ വയലുകളിലേക്ക് മടങ്ങും.”
കവർ ഫോട്ടോ: രോഹൻ ഭാട്ടെ. അദ്ദേഹത്തിൻറെ ചിത്രങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയതിന് അദ്ദേഹത്തിനും സാങ്ച്വറി ഏഷ്യയ്ക്കും പ്രത്യേക നന്ദി.
സങ്കേത് ജെയിൻ മഹാരാഷ്ട്രയിലെ കോൽഹാപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനും 2019-ലെ പരി ഫെല്ലോയുമാണ് .
PARI-യുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ റിപ്പോർട്ടിങ് പ്രൊജക്റ്റ് ആ പ്രതിഭാസത്തെ സാധാരണക്കാരുടെ മൊഴികളിലൂടെയും അവരുടെ ജീവിതാനുഭവങ്ങളിലൂടെയും ചിത്രീകരിക്കാനുള്ള യൂഎൻഡിപി-പിന്തുണയുള്ള ഒരു സംരംഭത്തിൻറെ ഭാഗമാണ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണോ? ദയവായി [email protected], ഒരു കോപ്പി [email protected], എന്ന അഡ്രസ്സിലേക്കു മെയിൽ അയക്കുക.
പരിഭാഷ: ജ്യോത്സ്ന വി.