ഫെബ്രുവരി 26 – ഷൈലയുടെ പതിനെട്ടാം പിറന്നാളാണിന്ന്. പുതിയ ഉടുപ്പും മുടിയിൽ മുല്ലപ്പൂവുമണിഞ്ഞു ഒരുങ്ങിനിൽക്കുകയാണവൾ. അവൾക്കു പ്രിയപ്പെട്ട ചിക്കൻ ബിരിയാണിയാണ് ഇന്ന് അമ്മ തയ്യാറാക്കിയിരിക്കുന്നത്, മാത്രമല്ല കോളേജിലെ കൂട്ടുകാർക്ക് ചെറിയൊരു ട്രീറ്റും കൊടുത്തിട്ടുണ്ട്.

ചെന്നൈയിലെ പ്രസിദ്ധമായ ശ്രീ ശാസ്ത കോളേജ് ഓഫ് നഴ്സിംഗിലാണ് ഷൈല പഠിക്കുന്നത്. അവൾക്ക് ഇത്തരമൊരു പ്രൈവറ്റ് ഇംഗ്ലീഷ്-മീഡിയം കോളേജിൽ അഡ്മിഷൻ കിട്ടുകയെന്നത് ഒട്ടേറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അവിടെ സ്വീകാര്യയാവുക എന്നത് അതിലേറെ കഠിനവും.

അവളുടെ അച്ഛൻ, ഐ.കണ്ണൻ, ഒരു സെപ്റ്റിക് ടാങ്ക് ശുചീകരിക്കവേ മരണപ്പെട്ടതായി വാർത്ത വന്നപ്പോൾ, അവരുടെ ചോദ്യങ്ങൾ പെട്ടെന്ന് അവളുടെ ജാതിയെക്കുറിച്ചായി.

“പെട്ടെന്ന്, ഞങ്ങൾക്കിടയിൽ അദൃശ്യമായ ഒരു മതിലുള്ളതായി എനിക്കനുഭവപ്പെട്ടു”, ഷൈല പറയുന്നു.

2007 സെപ്റ്റംബർ 27 -ന് മറ്റ് 2 തൊഴിലാളികൾക്കൊപ്പം കണ്ണൻ ആ ദുരന്തത്തിൽ മരിച്ചതുമുതൽ ഷൈലയും അവളുടെ അമ്മയും ആ അദൃശ്യമായ മതിൽ തകർക്കുവാനുള്ള പോരാട്ടത്തിലാണ്. മുഖ്യമായും തോട്ടിപ്പണിക്കായി ചൂഷിതരാവുന്ന പട്ടികജാതിയായ, ആദി ദ്രാവിഡ മാഡിഗ സമുദായത്തിൽപ്പെട്ട കണ്ണൻ, കല്ലാശാരിയും കൂലിപ്പണിക്കാരനുമായിരുന്നു. എപ്പോൾ വിളിച്ചാലും, സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്ന പണിക്കും പോകുമായിരുന്നു.

‘My mother is a fearless woman’
PHOTO • Bhasha Singh

നാഗമ്മയുടെ മൂത്ത മകൾ, ഇപ്പോൾ 18 വയസ്സുള്ള ഷൈല പറയുന്നു, ‘അതൊരു വലിയ സമരമായിരുന്നു’

"വളരെ കഠിനമായ വഴികളായിരുന്നു", ഷൈല പറയുന്നു. "ഇപ്പോൾ ഇംഗ്ലീഷ് ഭാഷ പഠിച്ചെടുക്കുവാനുള്ള പ്രയത്നത്തിലാണ് ഞാൻ. ഞാനൊരു ഡോക്ടറായി കാണണമെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം, പക്ഷേ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഞങ്ങൾക്കു താങ്ങാവുന്നതിലുമപ്പുറമായിരുന്നു ആ സ്വപ്നം. പകരം ഞാൻ ഒരു നഴ്സിംഗ് കോളേജിൽ ചേർന്നു. എന്റെ പ്രദേശത്തിലാരും ഇത്തരമൊരു കോഴ്സിതുവരെ പഠിച്ചിട്ടില്ല. ഞാൻ ഒരു നഴ്‌സായി യോഗ്യത നേടുകയാണെങ്കിൽ, അത് അച്ഛനോടുള്ള ആദരസൂചകമായിട്ടായിരിക്കും. എനിക്ക് ജാതിവ്യവസ്ഥയിൽ വിശ്വാസമില്ല, ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഒരു വിവേചനത്തെയും ഞാൻ പിന്തുണയ്ക്കുന്നുമില്ല. എന്റെ അച്ഛന് സംഭവിച്ചതുപോലെ മാറ്റാർക്കുമുണ്ടാവരുത് എന്നുമാത്രമേ എനിക്ക് ലോകത്തോട് പറയാനുള്ളൂ."

"അങ്ങനെ പതിയെപ്പതിയെ, കോളേജിലെ കൂട്ടുകാരോട് തുല്യനിലയിൽ ഇടപഴകുവാൻ എനിക്ക് സാധിച്ചുതുടങ്ങി. ഇപ്പോൾ എന്നെയവർ പഠനത്തിൽ സഹായിക്കുകപോലും ചെയ്യുന്നുണ്ട്. ഞാൻ പഠിച്ചത് തമിഴ് മീഡിയത്തിലായതുകൊണ്ട് എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല. എല്ലാവരും കോച്ചിംഗ് ക്ലാസ്സുകൾ വഴി പഠിക്കാൻ എല്ലാവരും ഉപദേശിക്കുമെങ്കിലും, അതിനുള്ള സാമ്പത്തികസ്ഥിതി എനിക്കില്ല. അതിനാൽ ഞാനെന്റെ സ്വന്തം നിലയ്ക്ക് സ്വയം പഠിച്ചെടുക്കുകയാണ്. അതായത്, എന്നെപ്പോലൊരു കുട്ടിക്ക് തോൽക്കുക എന്നത് ചിന്തിക്കാൻപോലും പറ്റാത്ത കാര്യമാണ്."

പന്ത്രണ്ടാം ക്ലാസ്സിൽ നന്നായി പഠിച്ച് പരിസരപ്രദേശങ്ങളിൽ മുൻപെങ്ങുമില്ലാത്ത നേട്ടം കൈവരിച്ചതിൽ ഷൈലക്ക് അഭിമാനമാണ്. മാധ്യമങ്ങൾ അവളുടെ വിജയകഥ റിപ്പോർട്ട്‌ ചെയ്തപ്പോൾ, തുടർന്നുള്ള നഴ്സിംഗ് പഠനത്തിനുള്ള സാമ്പത്തികസഹായവും കണ്ടെത്താനായി.

വീഡിയോ കാണുക: കെ. ഷൈല: ‘എന്റെ അച്ഛൻ ചെയ്ത തൊഴിൽ ആരും ചെയ്യരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു’

ഷൈല വിശേശഷങ്ങളോരോന്നായി ഉത്സാഹത്തോടെ പങ്കുവെക്കുന്നത് കണ്ട് അവളുടെ അമ്മ, കെ. നാഗമ്മ ആശ്ചര്യപ്പെട്ടിരിക്കുകയാണ്. അവൾ ഇത്രയും തുറന്ന് സംസാരിക്കുന്നത് ആദ്യമായാണവർ കാണുന്നത്. തന്റെ പെൺമക്കൾക്ക് കൂടുതൽ സന്തോഷവും സുരക്ഷിതത്വവുമുള്ള ഭാവി ഉറപ്പാക്കാനായാണ് നാഗമ്മ തന്റെ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നത്. അവരുടെ ഇളയമകൾ ആനന്ദിക്ക് 16 വയസ്സായി, അവൾ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്.

ഭർത്താവിന്റെ മരണവിവരം കേട്ടതോടെ നാഗമ്മയുടെ സമനില തെറ്റി. ആ സമയത്ത് അവരുടെ മാതാപിതാക്കളാണ് നാഗമ്മയെ പരിപാലിച്ചത്. ഷൈലയ്ക്കപ്പോൾ വെറും 8 വയസ്സേ ആയിരുന്നുള്ളു, ആനന്ദിക്ക് വെറും 6 വയസ്സും, അവൾ സ്കൂളിൽ പോകുവാൻപോലും തുടങ്ങിയിരുന്നില്ല.

‘My mother is a fearless woman’
PHOTO • Bhasha Singh

നാഗമ്മ, ഇന്ദിര നഗറിലെ തന്റെ വീടിന്റെ അടുത്തുള്ള സ്വന്തം കടയിൽ. ‘എന്റെ ദു:ഖത്തെ ഞാൻ എന്റെ കരുത്താക്കി മാറ്റി’

“അദ്ദേഹത്തിന്റെ മൃതശരീരവുംകൊണ്ട് ഞാനെങ്ങനെയാണ് ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലുള്ള ഞങ്ങളുടെ പമരു എന്ന ഗ്രാമത്തിലേക്ക് എത്തിയതെന്ന് എനിക്കിപ്പോഴും അറിയില്ല. എങ്ങനെയാണ് അവസാനത്തെ ചടങ്ങുകൾ നടന്നതെന്നും അറിയില്ല. അതിനുശേഷം എന്നെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുപോയത് ഭർത്തൃപിതാവാണ്, അവിടെവെച്ച് എനിക്ക് വൈദ്യതഷോക്കുകളും (ഇലക്ട്രോകൺവൾസീവ് തെറാപ്പി) മറ്റ് ചില ചികിത്സകളും തന്നു. എനിക്ക് സ്വബോധം തിരിച്ചുകിട്ടിയത് അപ്പോൾ മാത്രമാണ്. എന്റെ ഭർത്താവ് മരണപ്പെട്ടു എന്ന സത്യവുമായി പൊരുത്തപ്പെടാൻ എനിക്ക് 2 കൊല്ലത്തോളം വേണ്ടിവന്നു.”

10 വർഷങ്ങൾക്കിപ്പുറവും ഭർത്താവിന് സംഭവിച്ച ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് നാഗമ്മ മുക്തയായിട്ടില്ല. “ഞാനിനിയെന്റെ മക്കൾക്കുവേണ്ടിയാണ് ജീവിക്കേണ്ടതെന്ന് അപ്പോൾ ബന്ധുക്കൾ എന്നെ ഓർമിപ്പിച്ചു; അന്നുമുതൽ തുടങ്ങിയ ജീവിതസമരമാണ്. അടുത്തുള്ള ഒരു ഫാക്ടറിയിൽ ചെറിയൊരു ജോലി കിട്ടിയെങ്കിലും, എനിക്കതുമായി പൊരുത്തപ്പെടാനായില്ല. എന്റെ അച്ഛനുമമ്മയും ശുചീകരണത്തൊഴിലാളികളായിരുന്നു - എന്റെ അച്ഛന് സെപ്റ്റിക് ടാങ്ക്/ആൾത്തുള വൃത്തിയാക്കുക, ആക്രി പെറുക്കുക മുതലായ ജോലികളും, അമ്മക്ക് ശുചീകരണ ജോലിയുമായിരുന്നു.”

തമിഴ്നാട്ടിലെ ഭൂരിഭാഗം ശുചീകരണത്തൊഴിലാളികളും ആന്ധ്രാപ്രദേശിൽനിന്നുള്ളവരാണ്; തെലുങ്കിലാണ് അവർ സംസാരിക്കുക. അവിടെ പല ഭാഗങ്ങളിലും, ശുചീകരണത്തൊഴിലാളികളുടെ സമുദായങ്ങൾക്കായി പ്രത്യേകം തെലുങ്ക്-മീഡിയം സ്കൂളുകൾ സ്ഥാപിച്ചിട്ടുണ്ട്.

പമുരു ഗ്രാമമാണ് നാഗമ്മയുടെയും ഭർത്താവിന്റെയും സ്വദേശം. “ഞങ്ങളുടെ കല്യാണം നടന്നത് 1995-ലാണ്, എനിക്കു 18 വയസ്സുള്ളപ്പോൾ”, നാഗമ്മ പറയുന്നു. “ഞാൻ ജനിക്കുന്നതിനുമുൻപേതന്നെ എന്റെ മാതാപിതാക്കൾ ചെന്നൈയിലേക്ക് കുടിയേറിയിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലേക്ക് പിന്നെ തിരിച്ചുചെല്ലുന്നത് എന്റെ കല്യാണത്തിനായാണ്, ശേഷം കുറച്ച് വർഷങ്ങൾ അവിടെത്തന്നെ ചിലവഴിച്ചാണ് ഞങ്ങൾ ചെന്നൈയിലേക്ക് മടങ്ങിയത്. എന്റെ ഭർത്താവ് കെട്ടിടനിർമാണത്തിൽ കല്ലുപണിക്കാരനായി ജോലിയെടുത്തുതുടങ്ങി. പക്ഷേ, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലിക്കും എപ്പോൾ വിളിച്ചാലും അദ്ദേഹം പോകുമായിരുന്നു. അദ്ദേഹം ഓടകളിൽ പണിയെടുക്കുന്നത് അറിഞ്ഞപ്പോൾ എന്റെ സകല ശക്തിയുമെടുത്ത് ഞാൻ അതിനെ എതിർത്തു. അതിനുശേഷം ഇത്തരം ജോലികൾക്ക് പോവുന്നത് എന്നോട് പറയാതെയായി. 2007-ൽ അദ്ദേഹവും മറ്റു 2 പേരും സെപ്റ്റിക് ടാങ്കിനുള്ളിൽപ്പെട്ട് മരിച്ചപ്പോൾ, ആരും അറസ്റ്റ് ചെയ്യപ്പെട്ടില്ല; അവരുടെ മരണത്തിന്റെ ഉത്തരവാദിത്വം ആർക്കുമേലും ചാർത്തപ്പെട്ടില്ല. ഈ രാജ്യം ഞങ്ങളെ കാണുന്നതിങ്ങനെയാണ്; ഇവിടെ ഞങ്ങളുടെ ജീവനും ജീവിതങ്ങൾക്കും ഒരു വിലയുമില്ല. ഒരു ഗവണ്മെന്റും ഉദ്യോഗസ്ഥരും ഞങ്ങളുടെ സഹായത്തിനുണ്ടായിരുന്നില്ല. അവസാനം എന്റെ അവകാശങ്ങൾക്കായി പോരാടേണ്ടത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് സഫായി കർമ്മചാരി ആന്ദോളനാണ് ( ശുചീകരണത്തൊഴിലാളി പ്രസ്ഥാനം). 2013 ആയപ്പോഴാണ് ഞാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുതുടങ്ങിയത്.”

തന്റെ അവകാശങ്ങളെക്കുറിച്ച് കൈവന്ന ബോധ്യത്തിൽ, നാഗമ്മയുടെ സ്വരം ഉറച്ചതും ഉച്ചത്തിലുമായി. ഇതുപോലെ സെപ്റ്റിക് ടാങ്കുകളിലും ഓടകളിലുമായി പങ്കാളികളെയും ഉറ്റവരെയും നഷ്ടപെട്ട മറ്റൊരുപാട് സ്ത്രീകളെ അവർ കണ്ടുമുട്ടി. “ഓടയിൽ ജീവിതപങ്കാളിയെ നഷ്ടപ്പെട്ടിട്ടുള്ളത് എനിക്കു മാത്രമല്ലെന്നറിഞ്ഞപ്പോൾ, എന്റെയതേ ദുഃഖം പേറുന്ന മറ്റ് നൂറുകണക്കിന് സ്ത്രീകളുണ്ടെന്നു മനസ്സിലായപ്പോൾ, ഞാൻ എന്റെ വേദനയിൽ എന്റെ കരുത്ത് കണ്ടെത്താൻ തുടങ്ങി.”

വീഡിയോ കാണുക: കെ. നാഗമ്മ: ‘ആ ജോലിക്ക് ഇനി താൻ പോവില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകി’

ആ കരുത്താണ് നാഗമ്മയെ തന്റെ ഫാക്ടറിയിലെ ജോലി ഉപേക്ഷിക്കാനും, തന്റെ അച്ഛന്റെയും SKA എന്ന ദേശീയതലത്തിലുള്ള പ്രസ്ഥാനത്തിന്റെയും സഹായത്തോടെ 20,000 രൂപയുടെ ലോണെടുക്കുവാനും പ്രാപ്തയാക്കിയത്. തുടർന്ന് ഇന്ദിരനഗറിലെ തന്റെ വീടിന് മുന്നിൽത്തന്നെ നിത്യോപയോഗസാധങ്ങൾ വിൽക്കുന്ന ഒരു കടയുമാരംഭിച്ചു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിൽ ആഴത്തിൽ വേരോടുന്ന ജാതീയത അവർ അനുഭവിച്ചറിഞ്ഞത്, അവരുടെ ഭർത്താവിന്റെ മരണത്തിന് നഷ്ടപരിഹാരം തേടിക്കൊണ്ട് നടത്തിയ നിയമപോരാട്ടത്തിൽനിന്നായിരുന്നു. 2014-ലെ സുപ്രീം കോടതിയുത്തരവ് പ്രകാരം, ഓടകൾ ശുചീകരിക്കവേ മരിച്ച എല്ലാവർക്കും ലഭ്യമാക്കേണ്ടിയിരുന്ന നഷ്ടപരിഹാരത്തുകയായ 10 ലക്ഷം രൂപ, 2016 നവംബറിലാണ് മുനിസിപ്പൽ കോർപറേഷനിൽനിന്നും നാഗമ്മക്ക് ലഭിച്ചത്. നാഗമ്മ ഈ തുകയോപയോഗിച്ച് തന്റെ ലോൺ തിരിച്ചടക്കുകയും, തന്റെ കടയുടെ നടത്തിപ്പിന് വേണ്ടി കുറച്ചു ഭാഗം മാറ്റിവെക്കുകയും, മക്കളുടെ പേരിൽ സ്ഥിരനിക്ഷേപ അക്കൗണ്ടുകൾ തുടങ്ങുകയും ചെയ്തു.

‘My mother is a fearless woman’
PHOTO • Bhasha Singh

അമ്മ അദ്ധ്വാനിച്ച് നേടിയ ആത്മവിശ്വാസവും നിർബന്ധബുദ്ധിയും ഓർത്ത് ചെറിയ മകൾ 16 വയസ്സുള്ള ആനന്ദിക്ക് അഭിമാനമുണ്ട്

“എന്റെയമ്മ വളരെ ധീരയായ വനിതയാണ്.” ആനന്ദി അഭിമാനപൂർവം പറയുന്നു. “നിരക്ഷരയാണെങ്കിലും, എത്ര വലിയ ഉദ്യോഗസ്ഥരോടും സംസാരിക്കാനുള്ള ആത്മവിശ്വാസം അമ്മയ്ക്കുണ്ട്. ഞങ്ങളുടെ അപേക്ഷ  എല്ലാ ഭാഗത്തേക്കും അവരെത്തിച്ചു. ഓഫീസുകളിൽ അമ്മയെ കാണുമ്പോൾത്തന്നെ ഉദ്യോഗസ്ഥർ അസ്വസ്ഥരാവാറുണ്ട്, എന്തെന്നാൽ അമ്മ തന്റെ അവകാശങ്ങൾക്കായി എത്ര മണിക്കൂറുകൾ വേണമെങ്കിലും കാത്തുനിൽക്കുകയും ശബ്ദമുയർത്തുകയും ചെയ്യുമെന്നവർക്കറിയാമായിരുന്നു."

“എന്റെ ഭർത്താവ് മരിച്ചത് 2007-ലാണ്, പിന്നീട് ഏറെ പോരാട്ടങ്ങൾക്കുശേഷം, ഒരു ദേശീയപ്രസ്ഥാനത്തിന്റെ സഹായത്തോടെ, 2016-ന്റെ അവസാനത്തിൽ മാത്രമാണ് എനിക്ക് നഷ്ടപരിഹാരത്തുക കിട്ടുന്നത്.”, നാഗമ്മ പറയുന്നു. “2014-ലെ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചായിരുന്നെങ്കിൽ, ഞങ്ങൾക്ക് ആ കൊല്ലംതന്നെ അത് കിട്ടേണ്ടതായിരുന്നു. പക്ഷേ ഞങ്ങൾക്ക് നീതി ലഭ്യമാക്കാനുള്ള ഒരു സംവിധാനവുമിവിടെയില്ല. ഞങ്ങളുടെ ഈ അവസ്ഥ ആരെയും അലട്ടുന്നുമില്ല. ഈ വ്യവസ്ഥയാണ് എന്നെ തോട്ടിപ്പണി ചെയ്യാൻ നിർബന്ധിതയാക്കിയത്. എന്തുകൊണ്ട്? ഞാൻ ഇതിനെ അങ്ങേയറ്റം എതിർക്കുന്നു. എനിക്കും എന്റെ മക്കൾക്കും ജാതിരഹിതമായ ജീവിതങ്ങൾ ഉണ്ടാവാനായി ഞാൻ പോരാടുകയാണ്. നിങ്ങളാരുടെ പക്ഷത്താണ്?

പരിഭാഷ: ആർദ്ര ജി. പ്രസാദ്

Bhasha Singh

ଲେଖକ ପରିଚୟ: ଭାଷା ସିଂହ ଜଣେ ସ୍ୱାଧୀନ ସାମ୍ବାଦିକ , ଲେଖକ ଏବଂ ୨୦୦୭ ପରି ବ୍ୟକ୍ତିତ୍ୱ। ହାତରେ ମଇଳା ସଫାକୁ ନେଇ ହିନ୍ଦିରେ ଲିଖିତ ତାଙ୍କର ପୁସ୍ତକ ‘ଅଦୃଶ୍ୟ ଭାରତ’ ୨୦୧୨ ମସିହାରେ ପ୍ରକାଶିତ ହୋଇଥିଲା। ୨୦୧୪ରେ ପେଙ୍ଗୁଇନ୍ ଦ୍ୱାରା ଏହାର ଇଂରାଜୀ ଅନୁବାଦ ‘ଅନସିନ୍’ ପ୍ରକାଶ ପାଇଥିଲା। ତାଙ୍କ ସାମ୍ବାଦିକତା ଉତ୍ତର ଭାରତରେ କୃଷକମାନଙ୍କ ଦୂରବସ୍ଥା ଏ ନ୍ୟୁକ୍ଲିୟର୍ ପ୍ଲାଣ୍ଟର ରାଜନୈତିକ ଓ ଭୂ-ବାସ୍ତବିକତା ଏବଂ ଦଳିତ, ଲିଙ୍ଗଗତ ଓ ସଂଖ୍ୟାଲଘୁ ଅଧିକାର ଉପରେ ପର୍ଯ୍ୟବେସିତ।

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Bhasha Singh
Editor : Sharmila Joshi

ଶର୍ମିଳା ଯୋଶୀ ପିପୁଲ୍ସ ଆର୍କାଇଭ୍‌ ଅଫ୍‌ ରୁରାଲ ଇଣ୍ଡିଆର ପୂର୍ବତନ କାର୍ଯ୍ୟନିର୍ବାହୀ ସମ୍ପାଦିକା ଏବଂ ଜଣେ ଲେଖିକା ଓ ସାମୟିକ ଶିକ୍ଷୟିତ୍ରୀ

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ ଶର୍ମିଲା ଯୋଶୀ
Translator : Ardra G. Prasad

Ardra is a graduate in Economics from Calicut University, Kerala. She is currently pursuing a postgraduate degree, and is interested in music, stories, films, research and art.

ଏହାଙ୍କ ଲିଖିତ ଅନ୍ୟ ବିଷୟଗୁଡିକ Ardra G. Prasad