ജനുവരിയിലെ തണുപ്പുള്ള ഒരു രാത്രി സമയം 9 മണി. ഒരു മണിക്കൂർ മുമ്പേ തുടങ്ങേണ്ട നാടകം കാണാൻ അപ്പോഴും ഏകദേശം 400-ഓളം വരുന്ന ആളുകൾ കാത്തിരിക്കുകയാണ്.
താത്ക്കാലികമായി കെട്ടിയുയർത്തിയ സ്റ്റേജിന്റെ മുൻഭാഗത്ത് പെട്ടെന്നൊരു ബഹളം. ഒരു മുളയിൽ കുത്തിനിർത്തിയ ഉച്ചഭാഷിണിയിൽനിന്ന് ശബ്ദം പുറപ്പെട്ടു. “ദുഷ്ടശക്തികളിൽനിന്ന് നമ്മെ രക്ഷിക്കുന്ന മാ ബോൺബീബിക്ക് സമർപ്പിക്കപ്പെട്ട നാടകം ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആരംഭിക്കും.
അതുവരെ, ഗോസാബ ബ്ലോക്കിലെ ജവഹർ കോളണി ഗ്രാമത്തിന് ചുറ്റും അലസമായി അലഞ്ഞുനടന്നിരുന്നവർ വേഗം തിരിച്ചെത്തി നാടകം കാണാനിരുന്നു. പ്രേതങ്ങൾ, പാമ്പുകൾ, മുതലകൾ, കടുവകൾ, തേനീച്ചകൾ തുടങ്ങിയ ‘ദുഷ്ടശക്തികളെ’ അഠാരോ ഭാട്ടിർ ദേശിലെ (18പ്രവാഹങ്ങളുടെ നാട്) മാ ബോൺബീബി നശിപ്പിക്കുന്നത് കാണാൻ. ഇത് സുന്ദർബൻ. ഉപ്പുവെള്ളവും ശുദ്ധജലവുമുള്ള ജലാശയങ്ങളും എണ്ണമറ്റ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും സസ്തനജീവികളും തിങ്ങിപ്പാർക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനം. ഇവിടെ, ബോൺബീബിയുടെ കഥകൾ തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. പ്രദേശത്തിന്റെ വാമൊഴിപാരമ്പര്യത്തിന്റ് ഭാഗമാണത്.
തെരുവിൽനിന്ന് കർട്ടനുകളാൽ വേർതിരിക്കപ്പെട്ട അണിയറയിൽ തിരക്കിനിൽക്കുന്ന കാഴ്ചക്കാരും അഭിനേതാക്കളും ബോൺബീബിയുടെ പാലാ ഗാൻ (സംഗീതനാടകം) തുടങ്ങാനുള്ള തിരക്കിലാണ്. രാത്രിയിലെ നാടകത്തിനുപയോഗിക്കേണ്ട ടെറാക്കോട്ടകൊണ്ടുണ്ടാക്കിയ മുഖംമൂടികളും വലിയ തേനീച്ചക്കൂടുകളും, അവയുറ്റെ ഊഴവും കാത്ത് ടർപ്പോളിനുകളിൽ തൂങ്ങിക്കിടക്കുന്നു. സുന്ദർബനിലെ ജനങ്ങളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രമേയങ്ങളായി അവതരിപ്പിക്കപ്പെടുക. 2020-ൽ 96 കടുവകളുണ്ടായിരുന്നു സുന്ദർബനിൽ.
കർഷകരും മീൻപിടുത്തക്കാരും തേൻ ശേഖരിക്കുന്നവരും ഉൾപ്പെടുന്ന നടന്മാർ അവരുടെ അവസാന മിനുക്കുപണിയുടെ തിരക്കുകളിലാണ്. കാഴ്ചക്കാരായ ചിലർ അണിയറയിൽ ചുറ്റിനടക്കുന്നു, ചിലർ നടന്മാരെ അവരുടെ ഭാഗങ്ങൾ വായിച്ച് പഠിക്കാൻ സഹായിക്കുന്നു, ചിലർ അവരെ വേഷം ധരിക്കാൻ സഹായിക്കുന്നു, സമുദായത്തിന്റെ ഒത്തൊരുമ വളരെ പ്രത്യക്ഷമാണ്.
ഒരു സാങ്കേതികവിദഗ്ദ്ധൻ സ്പോട്ട്ലൈറ്റുകളിൽ നിറമുള്ള കടലാസ്സുകൾ ഘടിപ്പിക്കുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, അവരുടെ നാടകം – രാധാകൃഷ്ണ ഗീതി നാട്യയും ബോൺബീബി ജാത്രപാലയു – അരങ്ങേറാൻ പോവുകയാണ്. ജനുവരി-ഫെബ്രുവരി മാസങ്ങൾ കൂടിച്ചേരുന്ന ബംഗാളി മാസമായ മാഘത്തിന്റെ ആദ്യദിവസമാണ് ബോൺബീബി പാലാ ഗാൻ - ദുഖേ ജാത്ര എന്നും അതിനെ വിളിക്കുന്നു – അവതരിപ്പിക്കപ്പെടുന്നത്.
ബോൺബീബി പാലാ ഗാൻ കാണാനായി പശ്ചിമ ബംഗാളിന്റെ സൌത്ത് 24 പർഗാനയിലെ ഗ്രാമങ്ങളിൽനിന്ന് എല്ലാ വർഷവും ആളുകളെത്താറുണ്ട്.
ട്രൂപ്പിന്റെ ആസ്ഥാന മേക്കപ്പ്മാനാണ് നിത്യാനന്ദ ജോട്ദാർ. ചെറിയ വിശദാംശങ്ങളിൽപ്പോലും ശ്രദ്ധചെലുത്തി ഉണ്ടാക്കിയ ഒരു കിരീടം (മകുടം) അദ്ദേഹം ഒരു നടന്റെ തലയിൽ വെച്ചുപിടിപ്പിക്കുന്നു. തലമുറകളായി അദ്ദേഹത്തിന്റെ കുടുംബം ഈ പാലാ ഗാനിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ ഈയടുത്തകാലത്തായി, ഇതിൽനിന്നുള്ള വരുമാനംകൊണ്ട് ജീവിതം നിലനിർത്താൻ പാടുപെടുകയാണ് അദ്ദേഹം. “പാലാ ഗാനിൽനിന്നുള്ള വരുമാനംകൊണ്ട് കുടുംബം നോക്കിനടത്താൻ ഇപ്പോൾ സാധ്യമല്ല. ബിഹാറിലും ഉത്തർ പ്രദേശിലും ഞാൻ ജോലി ചെയ്യാൻ പോവാറുണ്ട്. അവിടെയുള്ള കാറ്ററിംഗ് മേഖലയിൽ” അദ്ദേഹം പറയുന്നു. എന്നാൽ കോവിഡ് 19 കാലത്തെ ലോക്ക്ഡൌൺ ആ വരുമാനവും ഇല്ലാതാക്കി.
പാലാ ഗാൻ അവതരണങ്ങളിൽനിന്നുള്ള വരുമാനംകൊണ്ട് കുടുംബം നടത്താൻ ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് സംഘത്തിലെ വിവിധ അംഗങ്ങൾ പാരിയോട് സംസാരിച്ചു. “പാലാ ഗാൻ നാടകങ്ങൾക്കുള്ള ബുക്കിംഗുകൾ കഴിഞ്ഞ കുറേ വർഷങ്ങളായി സുന്ദർബനിൽ കുറഞ്ഞുവരുന്നു“ അരുൺ മണ്ഡൽ എന്ന നടൻ പറയുന്നു.
കാലാവസ്ഥാ വ്യതിയാനവും കണ്ടൽവനങ്ങളുടെ ശോഷണവും നാടൻ തിയറ്ററുകളുടെ പ്രചാരത്തിൽ വന്ന കുറവും മൂലം നിരവധി പാലാ ഗാൻ കലാകാരന്മാർ നഗരങ്ങളിലേക്ക് തൊഴിൽ തേടി കുടിയേറിയിരിക്കുന്നു. കൊൽക്കൊത്തയിലും ചുറ്റിലുമുള്ള നിർമ്മാണ സൈറ്റുകളിൽ തൊഴിലാളിയായി ജോലി ചെയ്യുകയാണ് 30-കളുടെ തുടക്കത്തിലുള്ള നിത്യാനന്ദ. “പാലാ ഗാൻ ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല, അതിനാൽ ഈ രാത്രി ഞാൻ കലാകരന്മാർക്ക് മേക്കപ്പിടാൻ വന്നതാണ്”, അയാൾ പറയുന്നു.
7,000 മുതൽ 15,000 രൂപവരെ പ്രതിഫലമായി കിട്ടുന്ന ഇത്തരം അവതരണങ്ങളിൽനിന്ന്, നടീനടന്മാർക്ക് വ്യക്തിപരമായി കിട്ടുന്ന പണം വളരെ കുറച്ചുമാത്രമാണ്. “ഈ ബോൺബീബി പാലാ ഗാനിൽനിന്ന് 12,000 രൂപ കിട്ടും. അത് 20 കലാകാരന്മാർക്കായി വീതിച്ചുകൊടുക്കണം”, അരുൺ ചൂണ്ടിക്കാട്ടി.
അണിയറയിൽ, ഉഷാറാണി ഘരാനി തന്റെ കൂടെ അഭിനയിക്കുന്ന കലാകാരന് കണ്മഷി എഴുതിക്കൊടുക്കുകയാണ്. ‘നഗരത്തിലെ അഭിനേതാക്കളിൽനിന്ന് വ്യത്യസ്തമായി, ഇവിടെ ഞങ്ങൾ ഞങ്ങളുടെ മേക്കപ്പൊക്കെ സ്വയം ഏറ്റിനടക്കുകയാണ്”, പുഞ്ചിരിച്ചുകൊണ്ട് ആ നടി പറയുന്നു. ജവഹർ കോളനി ഗ്രാമത്തിലെ താമസക്കാരിയായ ഉഷാറാണി ഏകദേശം ഒരു പതിറ്റാണ്ടായി പാലാ ഗാൻ അവതരിപ്പിച്ചുവരുന്നു. ഇന്ന് രാത്രി അവർ, മാ ബോൺബീബിയുടെ പ്രധാന റോൾ ഉൾപ്പെടെ മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്
അണിയറയുടെ മറ്റൊരറ്റത്ത്, ബനമാലി ബ്യാപാരിയെ കാണാം. അനായാസം അഭിനയിക്കുന്ന ഒരു നടന്റെ ഭാവമാണ് അയാളുടെ മുഖത്ത്. കഴിഞ്ഞ വർഷം രജത് ജൂബിലി ഗ്രാമത്തിൽവെച്ച്, അദ്ദേഹം മാ മാനസ പാലാ ഗാൻ അഭിനയിക്കുന്നത് ഞാൻ കണ്ടിരുന്നു. അദ്ദേഹത്തിന് എന്നെ ഓർമ്മയുണ്ടായിരുന്നു. സംഭാഷണത്തിനിടയിൽ ബനമാലി ചോദിച്ചു “എന്റെ കൂടെ സംഘത്തിൽ അഭിനയിച്ചവരെ അന്ന് ഫോട്ടോ എടുത്തത് ഓർമ്മയില്ലേ? അവരൊക്കെ ഇപ്പോൾ ആന്ധ്രാ പ്രദേശിൽ നെൽപ്പാടത്ത് തൊഴിലാളികളായി പണിയെടുക്കുകയാണ്”.
2021-ലെ യാസ്സും 2020-ലെ ആംഫാനുമടക്കം വിനാശകരമായ കാലവർഷങ്ങൾ സുന്ദർബനിലെ കലാകാരന്മാരുടെ സ്ഥിതി കൂടുതൽ ദുരിതത്തിലാക്കി. പ്രദേശത്തുനിന്ന് ധാരാളംപേർ അന്യനാടുകളിലേക്ക് പോയി. സ്ഥിരവരുമാനമില്ലാത്ത പാലാ ഗാനിൽ അഭിനയിക്കാൻ തിരിച്ചുവരിക എന്നത്, ദിവസക്കൂലിക്കാരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പാണ്.
“എന്റെ സഹനടന്മാർ മൂന്ന് മാസം ആന്ധ്ര പ്രദേശിലായിരിക്കും. ഫെബ്രുവരിയിൽ അവർ മടങ്ങും”, ബനമാലി പറയുന്നു. “സാധാരണയായി ഒരാൾക്ക് നെൽപ്പാടത്തെ പണിയിൽനിന്ന് 70,000 മുതൽ 80,000 രൂപവരെ സമ്പാദിക്കാനാവും. കേൾക്കുമ്പോൾ നല്ല തുകയാണെങ്കിലും, നടുവൊടിക്കുന്ന പണിയാണ്”, അദ്ദേഹം പറയുന്നു.
അതുകൊണ്ടാണ് ഇത്തവണ ബനമാലി ആന്ധ്ര പ്രദേശിലേക്ക് പോകാത്തത്. “ഇവിടെ പാലാ ഗാനിൽനിന്ന് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ഞാൻ സന്തോഷവാനാണ്”, അയാൾ പറയുന്നു.
ഒരു ബോൺബീബി നാടകം അവതരിപ്പിക്കാൻ സംഘാടകർക്ക് 20,000 രൂപയോളം ചിലവുണ്ട്. അതിൽ 12,000 രൂപ നാടകസംഘത്തിനും ബാക്കിയുള്ളത് സ്റ്റേജ് കെട്ടാനും ഉച്ചഭാഷിണികൾ വാടകയ്ക്കെടുക്കാനും ചിലവാകും. അവതരണങ്ങളിൽനിന്നുള്ള വരുമാനം ക്ഷയിച്ചുതുടങ്ങിയിട്ടും, നാട്ടുകാരുടെ പങ്കാളിത്തവും സംഭാവനയും സജീവമായ പ്രോത്സാഹനവുംകൊണ്ട് ബോൺബീബി പാലാ ഗാനം ഇന്നും നിലനിന്നുപോരുന്നു. എല്ലാവർഷവും അതിൽ പങ്കെടുക്കാൻ നാട്ടുകാർ കൂട്ടമായെത്തുന്നുമുണ്ട്.
സ്റ്റേജ് ഒരുങ്ങിക്കഴിഞ്ഞു, ഇരിപ്പിടങ്ങൾ നിറഞ്ഞുകവിഞ്ഞു, സംഗീതം കൊഴുത്തുതുടങ്ങി, ഇനി അവതരണത്തിനുള്ള സമയമായി!
“മാ ബോൺബീബിയുടെ അനുഗ്രഹാശിസ്സുകളോടെ ഞങ്ങൾ, കവി ജസിമുദ്ദിൻ തിരക്കഥയെഴുതിയ നാടകം ആരംഭിക്കുന്നു” എന്ന് ഉഷാറാണി അറിയിക്കുന്നു. മണിക്കൂറുകളോളം ക്ഷമയോടെ കാത്തിരുന്ന ആളുകൾ അടുത്ത അഞ്ച് മണിക്കൂറുകൾ അവതരണത്തിൽ മുഴുകാൻ തയ്യാറെടുക്കുന്നു.
ഇനിയുള്ള സായാഹ്നത്തിന്റെ വരവറിയിച്ചുകൊണ്ട്, മാ ബോൺബീബിക്കും മാ മാനസയ്ക്കും ശിബ് താക്കൂറിനും സ്തുതിയർപ്പിച്ചുള്ള പ്രാർത്ഥനാഗീതം മുഴങ്ങുന്നു. സുന്ദർബനിലെ പ്രമുഖ നടനാണ് ദിലീപ് മണ്ഡൽ. ഇടയ്ക്കിടയ്ക്ക് കടുവയായും മറ്റും വേഷം മാറുന്ന ദഖിൻ റായുടെ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
ദഖിൻ റായുടെ കരാളഹസ്തങ്ങളിൽനിന്ന് ദുഖെ എന്ന ചെറിയ ബാലനെ മാ ബോൺബീബി രക്ഷപ്പെടുത്തുന്ന ഭാഗം കാഴ്ചക്കാരിൽ പലരേയും കണ്ണീരിലാഴ്ത്തുന്നു. 1994-നും 2014-നും ഇടയ്ക്ക് സുന്ദർബനിലെ കാടുകളിലേക്ക് പോവുകയും പ്രവേശിക്കേണ്ടിവരികയും ചെയ്ത 437 ആളുകളെ കടുവകൾ ആക്രമിച്ചിട്ടുണ്ട്. കാടുകളിലേക്കുള്ള യാത്രയ്ക്കിടയിൽ കടുവകളുടെ ആക്രമണം നേരിടുന്ന നാട്ടുകാർക്ക്, ദുഖെയുടെ ഭയത്തോടും മാ ബോൺബീബിയുടെ അനുഗ്രഹത്തോടും പെട്ടെന്ന് താദാത്മ്യം പ്രാപിക്കാനാവും.
പെട്ടെന്ന് ആൾക്കൂട്ടത്തിൽനിന്നൊരാൾ ഒച്ചയെടുക്കുന്നു “ആ നശിച്ച മൈക്കുകാരൻ എന്തുചെയ്യുകയാണ്? കുറേ സമയമായിട്ട് ഒന്നും കേൾക്കാൻ പറ്റുന്നില്ല”, ടെക്നീഷ്യൻ വയറുകൾ ശരിയാക്കാൻ പരക്കം പായുമ്പോൾ അവതരണം തത്ക്കാലത്തേക്ക് നിർത്തിവെക്കുന്നു. അഭിനേതാക്കൾക്ക് അല്പം വിശ്രമം കിട്ടുകയും 10 മിനിറ്റിനുശേഷം തടസ്സം മാറി, നാടകം പുനരാരംഭിക്കുകയും ചെയ്യുന്നു.
നടീനടന്മാർ എന്തെങ്കിലും കാരണവശാൽ സംഭാഷണം മറന്നുപോയാൽ സഹായിക്കുന്നതിനായി ജാത്രപാലാ ട്രൂപ്പിന്റെ മാനേജർ ജോഗീന്ദ്ര മണ്ഡൽ സ്റ്റേജിന്റെ മുമ്പിലിരിക്കുന്നുണ്ട്. പാലാ ഗാനുള്ള ആവശ്യക്കാർ കുറഞ്ഞുവരുന്നതിൽ അയാളും അസംതൃപ്തനാണ്. “എവിടെയാണ് ബുക്കിംഗ്? പണ്ടൊക്കെ ഒന്ന് കഴിഞ്ഞാൽ മറ്റൊന്നായി ഞങ്ങൾക്ക് ഒട്ടും ഒഴിവ് കിട്ടിയിരുന്നില്ല. ആ കാലമൊക്കെ പോയി”.
ഇതിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കാൻ പറ്റാതായതൊടെ, ജോഗീന്ദ്രയെപ്പോലെയുള്ള മാനേജർമാർക്ക് ട്രൂപ്പിലേക്ക് ആളുകളെ കിട്ടാതായിരിക്കുന്നു. ദൂരസ്ഥലങ്ങളിൽനിന്ന് അഭിനേതാക്കളെ കൊണ്ടുവരേണ്ടിവരുന്നുവെന്ന് അയാൾ സൂചിപ്പിച്ചു. “എവിടെനിന്ന് കിട്ടാനാണ് നടീനടന്മാരെ? പാലാ ഗാൻ അവതരിപ്പിക്കുന്നവരൊക്കെ ഇപ്പോൾ കൂലിപ്പണിക്കാരായി മാറി”.
മണിക്കൂറുകൾ കൊഴിഞ്ഞുപോയി. ബോൺബീബി പാലാ ഗാൻ അവസാന രംഗത്തേക്ക് കടന്നു. വീണ്ടും ഉഷാറാണിയുമായി സംസാരിക്കാൻ ഞാൻ സമയം കണ്ടെത്തി. പാലാ ഗാനിനുപുറമേ, അവർ ഗോസാബാ ബ്ലോക്കിലെ വിവിധ ഗ്രാമങ്ങളിൽ രാമായണത്തെ അടിസ്ഥാനമാക്കിയ ‘കൊഥ’കളും അവതരിപ്പിക്കാറുണ്ട്. പക്ഷേ ഒരു സ്ഥിരവരുമാനം അവർക്കില്ല. “ചില മാസങ്ങളിൽ ഞാൻ 5,000 രൂപ ഉണ്ടാക്കും. ചില മാസങ്ങളിൽ ഒന്നുമുണ്ടാവില്ല”.
“കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഞങ്ങൾക്ക് കാലവർഷത്തെയും കോവിഡ് 19-നേയും ലോക്ക്ഡൌണുകളേയും നേരിടേണ്ടിവന്നു” ഉഷാറാണി പറയുന്നു. ഇതൊക്കെയായിട്ടും “പാലാ ഗാൻ മരിക്കാൻ ഞങ്ങളനുവദിച്ചില്ല”, അടുത്ത വർഷം വീണ്ടും തുടങ്ങാനായി, സാധനങ്ങൾ കെട്ടിപ്പൂട്ടുമ്പോൾ അവർ പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്