വലതു കൈയിൽ ഒരു വാളും ഇടതു കൈയിൽ കുതിരയുടെ കടിഞ്ഞാണും ഏന്തിയ ഐതിഹാസികയായ റാണി വേലു നാച്ചിയാർ ചെന്നൈയിൽ സംഘടിപ്പിക്കപ്പെട്ട തമിഴ്നാടിന്റെ റിപ്പബ്ലിക് ദിന പരേഡില്‍ വളരെയധികം ചിത്രങ്ങൾ എടുക്കപ്പെട്ട (കൂടാതെ, സംസാരിക്കപ്പെടുകയും ചെയ്ത) ചരിത്ര വ്യക്തിത്വങ്ങളിൽ ഒന്നാണ്. തമിഴിലെ മറ്റ് മഹത്തുക്കളായ വി. ഓ. ചിദംബരം പിള്ളൈ, സുബ്രമണിയ ഭാരതി, മരുത് സഹോദരങ്ങൾ എന്നിവരെക്കൂടി ഉൾപ്പെടുത്തിയ നിശ്ചല ദൃശ്യങ്ങളിലാണ് നാച്ചിയാരെയും അവതരിപ്പിച്ചത്.
സ്വാതന്ത്ര്യ സമരത്തിൽ തമിഴ്നാടിനെ പ്രതിനിധീകരിച്ച അതേ നിശ്ചലദൃശ്യം ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേന്ദ്ര സർക്കാരിന്റെ ’വിദഗ്ദ്ധ’ സമിതി തള്ളിക്കളഞ്ഞു. പ്രശ്നത്തില്‍ ഇടപെടാനായി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന് പ്രധാനമന്ത്രിയോടു നടത്തിയ അഭ്യര്‍ത്ഥന ശ്രദ്ധിക്കപ്പെട്ടുമില്ല. അവസാനം ഇത് ചെന്നൈയിൽ നടന്ന തമിഴ്നാടിന്റെ സ്വന്തം റിപ്പബ്ലിക് ദിന പരേഡിൽ അസാധാരണമാം വണ്ണം ജനകീയമായ ഒരു കാഴ്ചയായി മാറുകയും ചെയ്തു.
കേന്ദ്രത്തിന്റെ ’വിദഗ്ദ്ധ’ സമിതി പറഞ്ഞ പലകാര്യങ്ങളിൽ ഒന്ന് ചില മാതൃകകൾ "ദേശീയ പ്രേക്ഷകർക്ക്” അറിയില്ലാത്തവയായിരുന്നു എന്നാണ്. അക്ഷയ കൃഷ്ണമൂർത്തി ഇതിനോട് ശക്തമായി വിയോജിക്കുന്നു. അവള് വിശ്വസിക്കുന്നത് അവയിലൊന്നുമായി തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നാണ്: ബ്രിട്ടീഷുകാരോട് പൊരുതി 1796-ല്‍ തന്റെ മരണം വരെ ശിവഗംഗ (ഇപ്പോൾ തമിഴ്നാട്ടിലെ ഒരു ജില്ല) ഭരിച്ച വേലു നാച്ചിയാർ ആയിരുന്നു അത്.
"പതിനൊന്നാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ നടന്ന സ്ക്കൂൾ നൃത്ത നാടകത്തിലെ മുഖ്യ വേഷമായ വേലു നാച്ചിയാരെ ഞാൻ ചെയ്തതായിരുന്നു എന്റെ ജീവിതത്തിലെ വഴിത്തിരിവ്”, അവള് പറഞ്ഞു.
"ഇത് പക്ഷെ വെറും അഭിനയവും നൃത്തവും ആയിരുന്നില്ല എന്ന് നിങ്ങളറിയണം”, അക്ഷയ വിശദീകരിച്ചു. പാട്ടിലൂടെയും വരികളിലൂടെയും അവള്‍ക്ക് ‘വീരമങ്ക’യുടെ (രാജ്ഞിയെ അങ്ങനെ വിളിച്ചിരുന്നു) ശക്തിയും ധൈര്യവും അനുഭവപ്പെട്ടു. ഇന്റർ സ്ക്കൂൾ മത്സരത്തിന്റെയന്ന് സുഖമില്ലാതിരുന്ന ആ വേഷം ചെയ്യാൻ പറ്റുമോയെന്ന് തനിക്ക് ഉറപ്പില്ലായിരുന്നുവെന്ന കാര്യവും പരിശീലനം സിദ്ധിച്ച ശാസ്ത്രീയ നർത്തകി കൂടിയായ അക്ഷയ ഓർമിക്കുന്നു. പക്ഷെ ഏറ്റവും നല്ല രീതിയിൽ അവളത് ചെയ്തു.
വേദിയിൽ നിന്നിറങ്ങിയപ്പോൾ അവള് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ച് അവള്‍ക്ക് സലൈൻ ഡ്രിപ്പ് നൽകി. "കൈയിൽ ഐ.വി.ലൈനുമായി (ഡ്രിപ്പ് ഇടുന്നതിനായി കൈയിലെ ഞരമ്പിൽ ഘടിപ്പിക്കുന്ന സംവിധാനം) ചെന്ന് ഞാൻ സമ്മാനം വാങ്ങി (ഞങ്ങൾക്ക് രണ്ടാം സമ്മാനം ഉണ്ടായിരുന്നു).” ആ സംഭവം സ്വന്തം കഴിവിൽ വിശ്വസിക്കാൻ അവളെ പഠിപ്പിച്ചു. അവള് "ധീരയായി മാറി”, ബൈക്കും കാറും ഓടിക്കാൻ പഠിക്കുകയും ചെയ്തു.
തന്റെ കുടുംബത്തിൽ നിന്നും ആദ്യം ബിരുദം നേടിയത് അക്ഷയയാണ്. അവള് ഒരു സംരംഭകയും പുതുമകളുടെ സ്രഷ്ടാവും മോട്ടിവേഷണൽ സ്പീക്കറുമാണ്.
ഇതെല്ലാം ഒരു 21-കാരിയുടെ കാര്യമാണ്.
തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ സത്യമംഗലത്തിനടുത്തുള്ള അരിയപ്പംപാളയമാണ് അവളുടെ പട്ടണം. അവിടെ അവള് മാതാപിതാക്കളോടും ഇളയ സഹോദരനോടും ആന്റിയോടും ഒരു നായയോടും നിരവധി പക്ഷികളോടുമൊപ്പം (ഒരിനം തത്തകൾ) വസിക്കുന്നു. സംസ്ഥാന ഭൂപടത്തിൽ ചെറിയ ഒരു കുത്ത് മാത്രമാണിത്. ഒരുദിവസം അതിനെ ദേശീയപ്രാധാന്യമുള്ളതാക്കി മാറ്റാമെന്ന് ഈ ബി.ബി.എ. (ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ) ബിരുദധാരിണി പ്രതീക്ഷിക്കുന്നു.
കോയമ്പത്തൂർ, കരൂർ, തിരുപ്പൂർ എന്നിവ കൂടിയുൾപ്പെട്ട തമിഴ്നാടിന്റെ ഈ പ്രദേശത്തിന് താഴെത്തട്ടിൽ നിന്നുമുയര്‍ന്നു വന്നിട്ടുള്ള ഹൃദയഹാരിയായ ഒരു സംരംഭകത്വത്തിന്റെ ചരിത്രമുണ്ട്. അതുകൊണ്ട് അക്ഷയ (പത്താം ക്ലാസ്സിനു ശേഷം പഠനം അവസാനിപ്പിച്ച അവളുടെ മാതാപിതാക്കൾക്ക് ഭൂമിയൊന്നുമില്ല) പഴയ ഒരു പാരമ്പര്യത്തിലേക്ക് പുതുതായി പ്രവേശിക്കുന്ന ഒരു യുവത്വമാണ്.
"എനിക്ക് ഹിതകരമായതും അഹിതകരമായതും എന്റെ പ്രായമാണ്”, 2021 ഒക്ടോബറിൽ പാരി (PARI) കണ്ടുമുട്ടിയപ്പോൾ അക്ഷയ ചിരിച്ചുകൊണ്ട് പറഞ്ഞു. മഞ്ഞള്‍ കര്‍ഷകനായ തിരുമൂര്‍ത്തിയുടെ പാടം സന്ദർശിച്ച ശേഷം അദ്ദേഹത്തിന്റെ സ്വീകരണമുറിയിൽ ഒരു ചായയും കുടിച്ച് ബജിയും കഴിച്ച് ഞങ്ങൾ ഇരിക്കുകയായിരുന്നു. കണ്ടുമുട്ടൽ അവിസ്മരണീയമായിരുന്നു. മുഖത്തേക്ക് ഇടയ്ക്കിടെ വീഴുന്ന മുടിയിഴകൾ തട്ടിയകറ്റിക്കൊണ്ട് തന്റെ വലിയ, സുന്ദര സ്വപ്നങ്ങൾ വിശദീകരിക്കുമ്പോൾ അക്ഷയ വാചാലയായി.
അവൾക്ക് പ്രിയപ്പെട്ട വാക്കുകളും ഇതേക്കുറിച്ചുള്ളതാണ്: "സ്വപ്നത്തിലുള്ളത് ഇന്നുതന്നെ ചെയ്തുകൊണ്ട് ജീവിക്കുക.” വിവിധ കോളേജുകളിൽ താൻ നൽകുന്ന മോട്ടിവേഷണൽ പ്രസംഗങ്ങളിൽ അവള് ഇത് ഉപയോഗിക്കുന്നു. തന്റെ ബ്രാൻഡ് പേരായ ‘സുരുക്കുപായ് ഫുഡ്സ്’ സ്ഥാപിക്കുമ്പോൾ അവള് അത് തന്റെ ജീവിതത്തിലും ബിസിനസിലും പകർത്തുകയായിരുന്നു. ‘സുറുക്കുപായ്’ എന്നത് ചരട് വലിച്ചു മുറുക്കുന്ന സഞ്ചിക്ക് തമിഴിൽ പറയുന്ന പേരാണ് – ഗൃഹാതുരത്വം, മിതവ്യയം, സുസ്ഥിരത എന്നിവയെയൊക്കെ ഒരേസമയത്ത് സൂചിപ്പിക്കുന്ന വാക്കുകൾ.
സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള അവളുടെ അഭിനിവേശം അപ്രതീക്ഷിതമായിരുന്നില്ല. "ഞങ്ങൾ കോളേജിൽ ആയിരുന്നപ്പോൾ എന്റെ സുഹൃത്തുക്കളും ഞാനും ചേർന്ന് ഉളിയിൻ ഉരുവം ട്രസ്റ്റ് സ്ഥാപിച്ചു (കൊത്തുപണിക്കാരന്റെ ഉപകരണമായ ഉളിയിൽ നിന്നാണ് ഈ പേര് വന്നത്). ജീവിതത്തിൽ മുന്നോട്ടുപോകാൻ ഞങ്ങളെപ്പോലുള്ള ആളുകളെ സഹായിക്കുന്നതിനായി സ്ഥാപിച്ച, വിദ്യാർത്ഥികൾ നയിക്കുന്ന, ഒരു സംഘടനയാണ് ഇത്. 2,025 ആകുമ്പോഴേക്കും 2,025 നേതാക്കന്മാരെ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിമോഹമാകാം. എങ്കിൽ അക്ഷയയും അങ്ങനെയാണ്.
ഒരു സംരംഭക ആകണമെന്ന് അക്ഷയയ്ക്ക് തോന്നിയ സമയത്ത്, 2020 മാർച്ചിൽ (ബിരുദം നേടുന്നതിന് തൊട്ടുമുൻപ്), ദേശീയ വ്യാപകമായി ലോക്ക്ഡൗൺ ആരംഭിച്ചത് അവളുടെ സാദ്ധ്യതകളെ വല്ലാതെ പരിമിതപ്പെടുത്തി. സത്യം മംഗലത്തിനടുത്തുള്ള ഉപ്പുപള്ളം എന്ന സ്ഥലത്തെ ജൈവകർഷകനായ തിരുമൂർത്തിയെ അപ്പോഴാണ് അവള് കണ്ടുമുട്ടിയത്. അവരുടെ മാതാപിതാക്കളുടെ ഗൃഹോപകരണ വിൽപന ശാലയിലെ ഒരു പഴയ ഉപഭോക്താവും സുഹൃത്തുമായിരുന്നു അദ്ദേഹം. "അപ്പായ്ക്ക് [അച്ഛൻ] ഒരു റേഡിയോ കാസറ്റ് കട ഉണ്ടായിരുന്ന കാലം മുതൽ അവര്‍ക്ക് പരസ്പരം അറിയാം”, അക്ഷയ ഓർമ്മിച്ചു.
അവള് അങ്കിൾ എന്നു വിളിക്കുന്ന തിരു തന്റെ വിളകൾക്ക് മൂല്യവർദ്ധനവ് വരുത്തിക്കൊണ്ടും അവ നേരിട്ട് ഉപഭോക്താക്കൾക്ക് വിറ്റുകൊണ്ടും ലാഭകരമായ ഒരു മഞ്ഞൾ ബിസിനസ് നടത്തുകയായിരുന്നു. അത് വീണ്ടും പാക്ക് ചെയ്ത് വിൽക്കാൻ പറ്റുമെന്ന കാര്യം അക്ഷയ ചിന്തിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം പ്രോത്സാഹജനകമായിരുന്നു: " എടുത്തു പണ്ണുങ്ക " , [എടുത്തു ചെയ്തുകൊള്ളൂ]. "അങ്കിൾ വളരെ പോസിറ്റീവ് ആയിരുന്നു”, അക്ഷയ പുഞ്ചിരിച്ചു. അങ്ങനെ 'സുരുക്കുപായ് ഫുഡ്സ്’ ജനിച്ചു.
തന്റെ പുതിയ കമ്പനിയുമായി അവള് നടത്തിയ ആദ്യത്തെ പ്രദർശനം പ്രതീക്ഷ നൽകുന്നതായിരുന്നു. റ്റാൻ ഫുഡ്’ 21 എക്സ്പോ എന്ന പേരിൽ 2021 ഫെബ്രുവരിയിൽ മധുരയിൽ സംഘടിപ്പിച്ച പരിപാടി ഒരു വലിയ സംഭവമായി മാറി. രണ്ടായിരത്തിലധികം ആളുകൾ സ്റ്റാൾ സന്ദർശിച്ചു. ബ്രാൻഡ് ചെയ്യുന്നതിന്റെയും പാക്ക് ചെയ്യുന്നതിന്റെയും പ്രാധാന്യം അവള് മനസ്സിലാക്കി (സന്ദർശകരുടെ പ്രതികരണത്തിൽ നിന്നും പിന്നീട് വിപണികളെക്കുറിച്ച് നടത്തിയ ഗവേഷണത്തിൽ നിന്നും).
"ഞങ്ങളുടെ ബ്രാൻഡ് പേരുമായി ഉപഭോക്താക്കൾക്ക് വ്യക്തിപരമായ ഒരു ബന്ധമുണ്ട്”, അക്ഷയ പറഞ്ഞു. "കൂടാതെ ഇത് പുതുമ നിറഞ്ഞതായിരുന്നു. അതുവരെ മഞ്ഞൾ പ്ലാസ്റ്റിക് പാക്കറ്റുകളിൽ മാത്രമേ വിറ്റിട്ടുള്ളൂ. ആരും അവ കടലാസ് സഞ്ചികളിൽ, ചരട് വലിച്ചു മുറുക്കാവുന്ന സഞ്ചികളിൽ (drawstring pouch), കണ്ടിട്ടുണ്ടായിരുന്നില്ല. എഫ്.എം.സി.ജിയിലെ പ്രമുഖരോ ജൈവോൽപന്ന വിൽപന ശാലകളോ അക്ഷയയുടെ ലളിതമായ ആശയത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അവളിൽ ഒരു വിജയി ഉണ്ടായിരുന്നു. അവള്‍ക്ക് കൂടുതൽ വളരണമായിരുന്നു.
തന്റെ ബിസിനസ് വളർത്തുന്നതിനായി അവള് നിരവധി ആളുകളുടെയും സംഘടനകളുടെയും ഉപദേശങ്ങൾ തേടി. അവരിലൊരാളായിരുന്നു അവളുടെ ഉപദേശകനായ പോടൻ സൂപ്പർ ഫുഡ്സിന്റെ ഡോ. എം. നാച്ചിമുത്തു. മധുരൈ അഗ്രി ബിസിനസ് ഇൻകുബേഷൻ ഫോറം (Madurai Agri Business Incubation Forum - MABIF) ട്രേഡ്മാർക്കും എഫ്.എസ്.എസ്.എ.ഐ. (FSSAI) സർട്ടിഫിക്കേഷനും നേടാൻ അവളെ സഹായിച്ചു. തനിയെ കാര്യങ്ങള്‍ പഠിക്കാൻ പറ്റുന്ന ഗ്രന്ഥങ്ങളും അക്ഷയ വായിച്ചിട്ടുണ്ട്. അവയിൽ അവസാനത്തേതിന്റെ പേര് ആറ്റിറ്റ്യൂഡ് ഈസ് എവരിതിംഗ് എന്നായിരുന്നു.
"എന്റെ ബി.ബി.എ. കോഴ്സ് ഒരു ബിസിനസ് തുടങ്ങാനും നടത്തിക്കൊണ്ടുപോകാനുമുള്ള അറിവോ പരിചയമോ തന്നില്ല”, അവള് പറഞ്ഞു. വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് അവള്‍ക്ക് വലിയ പരാതിയുണ്ട്. "അവര്‍ എന്തുകൊണ്ട് കോളേജിൽ ഏറ്റവും അടിസ്ഥാനപരമായ ബാങ്ക് ഇടപാടുകൾ പോലെയുള്ള കാര്യങ്ങൾ ആളുകളെ പഠിപ്പിക്കുന്നില്ല? ഒരു ബാങ്ക് ലോണിന് എങ്ങനെ അപ്ലൈ ചെയ്യണമെന്ന് ബി.ബി.എ.ക്ക് പഠിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ് എച്.ഓ.ഡിക്കും അദ്ധ്യാപകർക്കും പോലും യഥാർത്ഥ ലോകത്തെ കുറിച്ചുള്ള അനുഭവപരിചയം ഇല്ലാത്തത്?"
അത്തരം വിടവുകളൊക്കെ തനിയെ നികത്താനുള്ള പരിശ്രമത്തിലാണവർ. "ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാനുണ്ട്.”
അത് ഫലപ്രദമായി ചെയ്യുന്നതിനായി, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക എല്ലാ ദിവസവും അവള് എഴുതുന്നു. “ഒരു ചെറു ഡയറിയിൽ ഞാൻ കാര്യങ്ങൾ കുറിച്ചിടുന്നു. ദിനാന്ത്യത്തിൽ ‘വെട്ടാൻ’ പറ്റാത്ത കാര്യങ്ങൾ അടുത്ത ദിവസത്തേക്കായി ഞാൻ അടയാളപ്പെടുത്തുന്നു.” അത് അവരിൽ ‘കുറ്റബോധം’ അവശേഷിക്കുകയും അവള് കുറച്ചുകൂടി നന്നായി പരിശ്രമിക്കുകയും ചെയ്യുന്നു.
തന്റെ ബിരുദാനന്തര ബിരുദത്തിന്റെ മൂന്ന് സെമസ്റ്ററുകൾക്കുള്ള ചിലവുകൾ അവള്‍ക്ക് വഹിക്കാൻ കഴിഞ്ഞത് തന്റെ പരിശ്രമങ്ങളിൽ നിന്നാണ്. അവള് തിരഞ്ഞെടുത്ത കോഴ്സ് താൽപര്യജനകമാണ്. "വിദൂര വിദ്യാഭ്യാസത്തിലൂടെ ഞാൻ സോഷ്യൽ വർക്കിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നു. ഓരോ സെമസ്റ്ററിലെയും ഫീസ് 10,000 രൂപയാണ്. പരീക്ഷാഫീസായി വീണ്ടുമൊരു 5,000 കൂടി. അപ്പാ എനിക്ക് തുടക്കത്തിൽ 5,000 നൽകി. ബാക്കി എന്റെ സ്വന്തം പണമാണ്”, അവള് പറഞ്ഞു. തികഞ്ഞ അഭിമാനം കൊണ്ട് അവരുടെ ശബ്ദം ചിലമ്പിച്ചിരുന്നു. 'ബാക്കി’ കണ്ടെത്തിയത് 10,000 രൂപ മുതൽമുടക്കി ബിസിനസ് തുടങ്ങി നേടിയ 40,000 രൂപ ലാഭത്തിൽ നിന്നാണ്.
അവരുടെ ഉപഭോക്താക്കൾ ഉൽപന്നങ്ങൾ വാങ്ങുന്നത് 'വലിയ അളവിൽ’ ആണ്. അക്ഷയ അവര്‍ക്കിഷ്ടപ്പെട്ട രീതിയിൽ സാധനങ്ങൾ നൽകുന്നു. ഇപ്പോൾ ഏറ്റവും വേഗം വിറ്റഴിക്കപ്പെടുന്നത് തികച്ചും ജൈവ മഞ്ഞൾ ഉൽപന്നങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു വിവാഹക്ഷണ സമ്മാനക്കൂട്ടാണ്. മിക്കവാറും ഇത് നൽകുന്ന ആദ്യത്തെ ആൾ - ഒരേയൊരാളും - താനായിരിക്കും എന്ന് അവള് വിശ്വസിക്കുന്നു. "50-100 രൂപയാണ് ഞാനതിന് വിലയിട്ടിരിക്കുന്നത്. ഒരോ കൂട്ടിലും ചരട് വലിച്ചു മുറുക്കാവുന്ന സഞ്ചി (drawstring pouch), മഞ്ഞൾ പൊടിയുടെ സഞ്ചി, 5 ഗ്രാം വിത്ത് പാക്കുകൾ (വഴുതന, ഉരുളക്കിഴങ്ങ്, വെണ്ട, മുളക്, ചീര എന്നീ തദ്ദേശീയ ഇനങ്ങൾ), ‘താങ്ക് യു’ കാർഡ് എന്നിവ ഓരോന്നു വീതം കാണും.
"വിവാഹത്തിന് ക്ഷണിക്കാനായി ആളുകൾ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുക്കൽ പോകുമ്പോൾ ക്ഷണിക്കുന്നതോടൊപ്പം അവര്‍ ഈ കൂട്ടും നൽകുന്നു. ഇത് മംഗളദായകവും ആരോഗ്യകരവും മണ്ണിന് കുഴപ്പം ഉണ്ടാകാത്തതുമാണ്”, അക്ഷയ പറഞ്ഞു. അവള് ഇടപാടുകാർക്ക് ഇഷ്ടപ്പെട്ട കൂട്ടുകൾ നൽകുന്നു. അവര്‍ പണം നൽകാൻ തയ്യാറാവുകയും ചെയ്യുന്നു. കൂടുതൽ അളവ് മഞ്ഞൾപ്പൊടി അവള് മനോഹരമായ ഗ്ലാസ് കുപ്പികളിൽ ആക്കുന്നു. കുറച്ച് വിവാഹങ്ങൾക്ക് അക്ഷയ ഈ വലിയ പാക്കറ്റുകൾ നൽകുകയും അതെപ്പറ്റി പറഞ്ഞറിയിച്ച് കൂടുതൽ ഓർഡറുകൾ നേടിയെടുക്കുകയും ചെയ്തു. "ഏറ്റവും അവസാനത്തേത് 200 കൂട്ടുകൾക്കായിരുന്നു, ഒരോന്നിനും 400 രൂപ വീതം.”
സത്യമംഗലത്തെത്തി മാസങ്ങൾക്ക് ശേഷം ഞാൻ അക്ഷയയോട് ഫോണിൽ സംസാരിച്ചു. ഞങ്ങളുടെ സംസാരം പാതി ആയപ്പോൾ അവള് നിർത്തി: "ബാങ്ക് മാനേജർ വിളിക്കുന്നു”. അതൊരു പരിശോധന സന്ദർശനമായിരുന്നു എന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവള് വിശദീകരിച്ചു. ഒരു പൊതുമേഖലാ ബാങ്കിൽ നിന്നും അവള്‍ക്ക് 10 ലക്ഷം രൂപ വായ്പ അനുവദിച്ചിരിക്കുന്നു. എല്ലാ രേഖകളും ശരിയാക്കി തനിയെയാണ് അവള് ഇതിനപേക്ഷിച്ചത്. ഈടൊന്നും നൽകാതെ 9 ശതമാനം പലിശ നിരക്കിൽ അത് ലഭിക്കുകയും ചെയ്തു. മഞ്ഞൾ വളരെ വൃത്തിയുള്ള രീതിയിൽ യന്ത്രസഹായത്തോടെ പൊടിച്ച് പാക്ക് ചെയ്യുന്ന ഒരു യൂണിറ്റ് തുടങ്ങാൻ ആണ് അവള് ഈ ബാങ്ക് വായ്പ ഉപയോഗിക്കുന്നത്. അവള്‍ക്ക് കൂടുതൽ വളരണം. വളരെ വേഗം.
"ഒരു ടൺ മഞ്ഞൾപൊടി ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാൻ വ്യാപാരികളിൽ നിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള മഞ്ഞൾ വാങ്ങി”, അവള് പറഞ്ഞു. യന്ത്രസംവിധാനങ്ങൾ തന്നെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. "എങ്ങനെ പരസ്യങ്ങൾ നൽകണമെന്ന് ഞാൻ കോളേജിൽ പഠിച്ചിട്ടുണ്ട്. പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന യന്ത്രങ്ങളിലെ സെൻസറുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും പേപ്പർ എവിടെയാണ് വയ്ക്കേണ്ടതെന്നും എങ്ങനെയാണ് വലിക്കേണ്ടതെന്നും എനിക്കറിയില്ല. അത് കൃത്യമായി ചെയ്തില്ലെങ്കിൽ ആ ഒരുകൂട്ടം പേപ്പറുകള്‍ പാഴായി പോകും.”
തെറ്റായി പോകാന്‍ സാദ്ധ്യതയുള്ള ഒരുപാട് കാര്യങ്ങൾ അവള് പട്ടികപ്പെടുത്തിയിരിക്കുന്നു. പക്ഷെ തെറ്റായി പോകാനുള്ള സാദ്ധ്യതകൾക്ക് മൂല്യമുണ്ടെന്ന് അവള് വിശ്വസിക്കുന്നു. യന്ത്രസഹായത്താൽ (അത് പ്രവർത്തിപ്പിക്കാൻ ഭാഗിക സമയങ്ങളിൽ ജോലി ചെയ്യുന്ന രണ്ടു സഹായികളെ അവള് വയ്ക്കുന്നു) വളരെ അടുത്ത കാലത്ത് തന്നെ പ്രതിമാസ വിറ്റുവരുമാനം 2 ലക്ഷം ആക്കാമെന്ന് അവള് കരുതുന്നു. അങ്ങനെ ബിരുദ പഠനകാലത്ത് കണ്ടതിനേക്കാൾ വളരെ ഉയർന്ന ലാഭം നേടാം.
എന്നിരിക്കലും അക്ഷയ ചെയ്തുകൊണ്ടിരിക്കുന്നത് വ്യക്തിപരമായ നേട്ടത്തിന് അപ്പുറത്താണ്. അവരുടെ പ്രയത്നങ്ങൾ കാർഷിക രംഗത്തെ ബിസിനസ് ശൃംഖലയിലെ (അതായത് പുരുഷ നിയന്ത്രിത ബിസിനസ്സുകളോ കോർപ്പറേറ്റുകളോ സാധാരണയായി മേധാവിത്വം പുലർത്തുന്ന ഇടങ്ങളിലെ) ശ്രേണീപരമായ ഘടനകളെ കീഴ്മേൽ മറിക്കുന്നതാണ്.
"ഈ മഞ്ഞൾ സംസ്കരണം നടക്കുന്നത് ഏറ്റവും പ്രാദേശികതലത്തിൽ, വിളകൾ വളരുന്നതിനു തൊട്ടടുത്തുതന്നെ, ആണെന്നുള്ളത് വലിയൊരു വാർത്തയാണ്”, കൃഷി ജനനിയുടെ സ്ഥാപകയും സി.ഇ.ഓ.യും ആയ ഉഷാദേവി വെങ്കടാചലം പറയുന്നു (കാങ്കേയം കേന്ദ്രീകരിച്ചുള്ള ഒരു സാമൂഹ്യ സംരംഭമായ കൃഷി ജനനി ലാഭകരവും പുനരുൽപാദിപ്പിക്കാവുന്നതുമായ കാർഷിക പരിസ്ഥിതിക്ക് വേണ്ടി പ്രവർത്തിക്കുന്നു). "കൂടാതെ കാർഷിക സംസ്കരണ കമ്പനികളിൽ ചെറുപ്പക്കാരികളായ അധികം സ്ത്രീകളൊന്നും പ്രവർത്തിക്കുന്നില്ല. സ്ത്രീകളുടെ പങ്കിനെ, പ്രത്യേകിച്ച് കൊയ്ത്തിന് ശേഷമുള്ള സംസ്കരണത്തിൽ, യന്ത്രവൽക്കരണത്തിന്റെയും കേന്ദ്രീകരണത്തിന്റെയും പേരിൽ എടുത്തു മാറ്റിക്കൊണ്ടിരിക്കുന്നു.”
ഭക്ഷ്യ പ്രദാന ശൃംഖലയുടെ ഒരു പ്രശ്നമെന്തെന്നാൽ, ഉഷ തുടരുന്നു, "അവ അത്രമാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നുവെന്നും സംസ്കരണവുമായി ബന്ധപ്പെട്ട നിരവധി ഭ്രാന്തമായ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്നും ഉള്ളതാണ്. യു.എസിൽ വളരുന്ന ആപ്പിൾ ഇന്ത്യയിൽ ഉപഭോഗത്തിന് എത്തുന്നതിന് മുൻപ് സൗത്ത് ആഫ്രിക്കയിൽ പോളിഷ് ചെയ്യാനായി കൊണ്ടു പോകുന്നു. മഹാമാരി ക്ക് ശേഷമുള്ള സമയത്ത് ഇത് നടക്കുന്ന കാര്യമല്ല. ഈ കയറ്റിഅയയ്ക്കല്‍ കാലാവസ്ഥാ പ്രതിസന്ധിക്ക് എത്രമാത്രം കാരണമാകുന്നുവെന്ന് ചിന്തിച്ചാൽ ഇത് കൂടുതൽ ഗൗരവതരമാകുന്നു.” ഉദാഹരണമായി ഊർജ്ജത്തിന്റെയും ഇന്ധനങ്ങളുടെയും ചിലവ്.
അക്ഷയയുടെ ദീർഘകാല പദ്ധതികൾ ഈ പ്രശ്നങ്ങളെയെല്ലാം അഭിസംബോധന ചെയ്യണമെന്നില്ല. പക്ഷെ മഞ്ഞൾ ചോക്ലേറ്റുകളും മഞ്ഞൾ ചിപ്സും നിർമ്മിക്കാനുള്ള അവരുടെ നൂതനാശയം പരമ്പരാഗത വിപണിയെ തകർക്കുമെന്ന് ഉറപ്പാണ്. കുറഞ്ഞത് പ്രാദേശികമായെങ്കിലും അത് നന്നായി മുന്നോട്ട് പോകുമെന്ന് അവള് കരുതുന്നു.
"ഇതിനാവശ്യക്കാർ ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, ആർജ്ജിത താൽപര്യം (acquired taste) സൃഷ്ടിച്ചുകൊണ്ട് ഒരു പ്രത്യേക വിഭാഗത്തിനിഷ്ടമുള്ള ഉൽപന്നമായി (niche product) ഇത് മാറുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവള് പറഞ്ഞു. "ആളുകൾ പെപ്സിയും കോക്കും കുടിക്കുന്നു. അവര്‍ നന്നാറി സർബത്തും പനീർ സോഡയും ഇഷ്ടപ്പെടുന്നു. മഞ്ഞൾ ഉൽപന്നങ്ങളും ഇഷ്ടപ്പെടാം. അവ ആരോഗ്യത്തിനും നല്ലതായിരിക്കും”, അവള് ദൃഢമായി പറഞ്ഞു.
ഗ്രാമീണ വിപണികളിലെ കുതിപ്പ് പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്ന അവള് 2025-ഓടെ അത് നേടുമെന്നുതന്നെ പ്രതീക്ഷിക്കുന്നു. "അതിന്, വാങ്ങാൻ പറ്റുന്ന വിലയിലും ചെറിയ അളവിലും ആയിരിക്കണം ഉൽപന്നങ്ങൾ. വലിയ അളവിൽ ജൈവ മഞ്ഞൾ അടങ്ങിയിരിക്കുന്ന പാക്കറ്റുകൾ ചിലവേറിയതായിരിക്കും – 250 ഗ്രാമിന് 165 രൂപ വില വരും. അതുകൊണ്ട് ഒറ്റത്തവണ ഉപയോഗിക്കാൻ പറ്റുന്ന പാക്കറ്റായി ഞാൻ അതിനെ മാറ്റി.”
‘ഇത്’ അവളുടെടെ മാതാപിതാക്കളുടെ കടയിലെ ഷെൽഫിൽ നിന്നുള്ള ഒരു സുരുക്കുപായ് പാക്കറ്റാണ്. അതിൽ നിന്നും അവള് 6 ഗ്രാം മഞ്ഞൾ മുഖ പാക്കുകളുടെ 12 കടലാസ് സഞ്ചികൾ പുറത്തെടുത്തു. "ഉപഭോക്താക്കൾക്ക് ഇത് 120 രൂപയ്ക്ക് വാങ്ങാം - അല്ലെങ്കിൽ അവര്‍ക്ക് ഓരോ സഞ്ചികളും 10 രൂപ വീതം മുടക്കി വാങ്ങാം.” വലിയ സഞ്ചി നിർമ്മിച്ചിരിക്കുന്നത് പരുക്കന്‍ പരുത്തി തുണികൾ കൊണ്ടാണ്. സഞ്ചികൾ ജൈവ വിഘടനത്തിന് വിധേയമാകാവുന്ന കടലാസുകൾ കൊണ്ട് നിർമ്മിച്ചതാണ്. ഈർപ്പം നിയന്ത്രിക്കുന്നതിനായി വളരെ നേരിയ പ്ലാസ്റ്റിക് ആവരണങ്ങൾ ഈ കടലാസുകളിലുണ്ട്.
അതിന്റെ രൂപവൽക്കരണവും ഉൽപാദനവും തിരുമൂർത്തിയാണ്. വെള്ള ലേബലുകൾ ചെയ്തിരിക്കുന്നത് അക്ഷയയും. മേൻമകളുടെ പട്ടികകൾ അവള് നിരത്തുന്നു. "ഇത് പാഴായി പോകാനുള്ള സാദ്ധ്യതകള്‍ കുറയ്ക്കുന്നു. ഈർപ്പം മൂലമുള്ള നഷ്ടം ഉണ്ടാവില്ല. 10 രൂപയായതുകൊണ്ട് ഉപഭോക്താക്കൾക്ക് വാങ്ങി നോക്കാനും പറ്റും.” അവള് നിർത്താതെ സംസാരിച്ചു. "എല്ലായ്പ്പോഴും ഞാൻ ഊർജ്ജസ്വലയാണ്”, അവള് ചിരിച്ചു.
അക്ഷയയ്ക്ക് മാതാപിതാക്കളുടെ പിന്തുണയുമുണ്ട്. ഇടത്തരം വലിപ്പമുള്ള അവരുടെ ഗൃഹോപകരണശാലകളാണ് (അവര്‍ക്ക് രണ്ട് കടകളുണ്ട്) അക്ഷയയുടെ ഉൽപന്നങ്ങൾ വിപണയിലെത്തിക്കുന്നതിനുള്ള ആദ്യ ഇടങ്ങൾ. അവളുടെ തീരുമാനങ്ങളേയും വഴികളേയും മാതാപിതാക്കൾ ബഹുമാനിക്കുന്നു. സ്വന്തം സംരംഭം തുടങ്ങാൻ അവള് തീരുമാനിച്ചപ്പോൾ മാതാപിതാക്കാൾ അങ്ങനെയാണ് ചെയ്തത്.
ഒന്നുരണ്ട് വർഷങ്ങൾക്കു മുൻപ് കുടുംബ ദേവതയുടെ മുന്നിൽ വച്ച് അവള് തന്റെ തല മുണ്ഡനം ചെയ്തപ്പോൾ നിരവധി ആളുകളും അനുകൂലാഭിപ്രായം പറഞ്ഞില്ല. മാതാപിതാക്കൾ അവള്‍ക്കൊപ്പം നിന്നു. അവൾ സുന്ദരിയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. “അസുഖം വന്നതുകൊണ്ടാണ് ഞാനിങ്ങനെ ചെയ്തത്. എന്റെ മുടി ക്യാൻസർ രോഗികൾക്ക് നൽകാൻ ഞാൻ ഇഷ്ടപ്പെടുമായിരുന്നു, പക്ഷെ അപ്പോൾ എനിക്ക് കഴിഞ്ഞില്ല. അത് വടിച്ചുമാറ്റിയത് എനിക്ക് ആത്മവിശ്വാസം നൽകി”, അവൾ പറഞ്ഞു. "എന്റെ സ്വത്വം മുടിയിലല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഏതുതരത്തിലായാലും മാതാപിതാക്കൾ എന്നെ ഇഷ്ടപ്പെടുന്നുവെന്നുള്ളത് എന്നെ സന്തോഷവതിയാക്കുന്നു.”
മാതാപിതാക്കളുടെ സ്വപ്നങ്ങളോട് ചേർന്ന് അവൾ നിൽക്കുന്നു. അവളുടെ ബാച്ചിൽ ബിരുദ വിദ്യാർത്ഥികളായിരുന്ന 60 സ്ത്രീകളിൽ നിരവധി പേരും വിവാഹിതരായി. "ലോക്ക്ഡൗൺ കാരണം അവര്‍ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചു. ചിലർ ജോലിക്ക് പോകുന്നു. ആരും ബിസിനസ് തുടങ്ങിയിട്ടില്ല.”
ഉഷാദേവി വെങ്കടാചലം വിശ്വസിക്കുന്നത് അക്ഷയയുടെ വിജയത്തിന് അത് മാറ്റാൻ കഴിയും എന്നാണ്. "പ്രദേശത്ത് ജനിച്ച ഒരു യുവതി ദേശീയ, അന്തർദേശീയ താൽപര്യങ്ങളോടെ ഒരു സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ മുതിരുന്നു എന്നത് തന്നെ പ്രചോദനാത്മകവും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് തന്റെ പ്രായത്തിലുള്ളവർക്ക്, ആശയങ്ങൾ പകർന്നു നൽകുന്നതുമാണ്”, അവള് ചൂണ്ടിക്കാട്ടി.
അക്ഷയ അടുത്തതായി ലക്ഷ്യമിടുന്നത് എം.ബി.എ. ആണ്. "നിരവധി ആളുകൾ അത് ചെയ്യുന്നു, പിന്നെ ബിസിനസ് ആരംഭിക്കുന്നു. ഞാനതിന് നേരെ എതിരായി ചെയ്യുന്നു”, അത് പ്രയോജനകരമായിരിക്കുന്നുവെന്നും അവള് വിശ്വസിക്കുന്നു. തന്റെ പട്ടണത്തിൽ തന്നെ നിലനിൽക്കണമെന്നും അവിടെ നിന്നും ബ്രാൻഡ് കെട്ടിപ്പടുക്കണമെന്നുമുള്ള കാര്യത്തിൽ അവള്‍ക്ക് വ്യക്തതയുണ്ട്. അവള്‍ക്കൊരു വെബ്സൈറ്റ് ഉണ്ട്. അവള് ഇൻസ്റ്റഗ്രാമിലും ലിങ്ക്ഡ്ഇനിലും (LinkedIn) ഉണ്ട്. ചേരുവകളെക്കുറിച്ച് പോസ്റ്റ് ഇടുകയും ഹാഷ്ടാഗുകൾ ഉപയോഗിക്കുകയും ചെയ്യുന്നു (മറ്റ് പലതിനുമൊപ്പം #turmericlatte എന്ന പദം വീണ്ടെടുത്തുകൊണ്ട്). കൂടാതെ അവള്‍ക്ക് എഫ്.പി.ഓ.മാരുമായും കയറ്റുമതിക്കാരുമായും ബന്ധപ്പെടണമെന്നുമുണ്ട്. "കർഷകർക്ക് അവരുടെ നിലങ്ങൾ പരിപാലിക്കാം, ഞങ്ങളെപ്പോലുള്ളവർക്ക് വിൽപനയെ ആശ്രയിക്കാം”, അവള് പറഞ്ഞു - കൃഷിക്കും വിപണിക്കും വീടിനും ഇടയിലുള്ള നിർണ്ണായകമായ വിടവുകൾ ഫലപ്രദമായി നികത്തിക്കൊണ്ട്.
“ഇക്കാലത്ത് എല്ലാം കഥപറച്ചിലുകളാണ്”, അവൾ ദൃഢമായി പറഞ്ഞു. "ഉപഭോക്താക്കൾ എന്റെ പാക്കേജിംഗ് അവരുടെ വീട്ടിൽ സൂക്ഷിക്കുമ്പോൾ - പണം സൂക്ഷിക്കാനായി അവര്‍ ചരട് സഞ്ചി ഉപയോഗിക്കുകയാണെങ്കിൽ - ഞങ്ങളുടെ ബ്രാൻഡുകളെപ്പറ്റി അവര്‍ ഓർമ്മിക്കുകയും വീണ്ടുമത് അത് വാങ്ങുകയും ചെയ്യും.” തിരിച്ച് തമിഴ്നാടിന്റെ മഞ്ഞൾ വളരെ അകലേക്ക് എത്തുമെന്നും അവള് വിചാരിക്കുന്നു. വളരെയധികം വ്യാപിക്കുമെന്നും...
ഈ ഗവേഷണ പഠനത്തിനു വേണ്ട ധനസഹായം നൽകിയിരിക്കുന്നത് 2020- ലെ ഗവേഷണ ധനസഹായ പദ്ധതിയുടെ ഭാഗമായി അസിം പ്രേംജി സർവകലാശാലയാണ്.
കവർ ചിത്രം : എം . പളനികുമാർ
പരിഭാഷ: റെന്നിമോന്‍ കെ. സി.