രാജസ്ഥാനിലെ ഹൈക്കോടതി വളപ്പ് തീർത്തും പ്രശാന്തസുന്ദരമാണ്. അവിടത്തെ പൂന്തോട്ടത്തിലുള്ള ഒരു ഘടകം മാത്രമാണ് രാജസ്ഥാനിൽ നിന്നുള്ള നിരവധി പേർക്ക് അരോചകമായി തോന്നുന്നത്. ഒരുപക്ഷെ രാജ്യത്ത് തന്നെ ഈയൊരു കോടതി വളപ്പിൽ മാത്രമാണ് 'നിയമജ്ഞനായ മനു' വിന്റെ പ്രതിമ അഭിമാനപൂർവ്വം ഉയർന്നു നിൽക്കുന്നത്. (കവർ ചിത്രം കാണുക)
മനു എന്ന വ്യക്തി ഏതെങ്കിലും കാലത്ത് ജീവിച്ചിരുന്നതായി തെളിവൊന്നുമില്ലെന്നിരിക്കെ, ശില്പിയുടെ ഭാവനയ്ക്കനുസരിച്ചാണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പക്ഷെ ആ ഭാവന തീർത്തും പരിമിതമായി പോയെന്നതാണ് മനസ്സിലാക്കേണ്ടത്. ഇവിടെ മനുവിന്റെ രൂപം സിനിമകളിൽ കാണുന്ന ' ഋഷി ' യുടെ വാർപ്പ് മാതൃകകളെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്.
ഐതിഹ്യമനുസരിച്ച്, മനു എന്ന് പേരുള്ള വ്യക്തിയാണ് മനുസ്മൃതിയുടെ രചയിതാവ്. നൂറ്റാണ്ടുകൾക്ക് മുൻപ്, ബ്രാഹ്മണർ ഈ സമൂഹത്തിനുമേൽ കെട്ടിവെക്കാൻ ശ്രമിച്ച നിയമങ്ങളും ചിട്ടകളുമാണ് സ്മൃതികളിൽ പ്രതിപാദിച്ചിട്ടുള്ളത്. കടുത്ത ജാതീയതയിൽ അടിസ്ഥാനമാക്കിയ നിയമാവലികൾ. ബി.സി 200-നും എ.ഡി 1000-നും ഇടയിൽ രചിക്കപ്പെട്ട സ്മൃതികൾ നിരവധി എഴുത്തുകാർ അനേകം വർഷങ്ങളെടുത്താണ് സമാഹരിച്ചത്. ഇവയിൽ ഏറ്റവും പ്രശസ്തമായ മനുസ്മൃതിയുടെ സവിശേഷത, അത് ഒരേ കുറ്റകൃത്യത്തിന് വിവിധ ജാതിയിലുള്ളവർക്ക് വ്യത്യസ്തമായ ശിക്ഷ വിധിക്കുന്നുവെന്നതാണ്.
ഈ സ്മൃതി അനുസരിച്ച്, താഴ്ന്ന ജാതിക്കാരുടെ ജീവന് പുല്ലുവിലയാണ്. "ഒരു ശൂദ്രനെ കൊലപ്പെടുത്തിയാൽ ചെയ്യേണ്ട പ്രായശ്ചിത്തം” എന്ന ഭാഗം തന്നെയെടുക്കാം. "തവള, നായ, മൂങ്ങ അല്ലെങ്കിൽ കാക്ക” എന്നിവയെ കൊല്ലുന്ന ഒരു വ്യക്തി ചെയ്യേണ്ടുന്ന പ്രായശ്ചിത്തംതന്നെ മതിയാകും ഒരു ശൂദ്രനെ കൊന്നവനും. ഇനി 'ഗുണവാനായ ശൂദ്രനെ' കൊല്ലുന്നയാൾപോലും ഒരു ബ്രാഹ്മണനെ കൊലപ്പെടുത്തിയ ആൾക്ക് നേരിടേണ്ടിവരുന്ന ശിക്ഷയുടെ പതിനാറിലൊന്ന് മാത്രം അനുഭവിച്ചാൽ മതിയാകും.
നിയമത്തിന് മുന്നിലെ തുല്യതയിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥ ഒരുകാരണവശാലും പിൻപറ്റാൻ പാടില്ലാത്ത ഒരു സംവിധാനമാണിത്. അതുകൊണ്ടുതന്നെ, തങ്ങൾ നേരിടുന്ന അടിച്ചമർത്തലിന്റെ പ്രതിരൂപമായ മനുവിന്റെ പ്രതിമ കോടതിവളപ്പിൽ ഉയർന്നുനിൽക്കുന്നത് രാജസ്ഥാനിലെ ദളിതരെ രോഷാകുലരാക്കുനു. അതിലും സ്തോഭജനകമായ വസ്തുത, ഇന്ത്യൻ ഭരണഘടനയുടെ ശില്പിക്ക് കോടതിവളപ്പിൽ സ്ഥാനമില്ലെന്നതാണ്. ബി.ആർ. അംബേദ്കറിന്റെ പ്രതിമ തെരുവിന്റെ ഒരു മൂലയിൽ വാഹനഗതാഗതത്തെ അഭിമുഖീകരിച്ച് നിൽക്കുന്നവിധമാണ് സ്ഥാപിച്ചിട്ടുള്ളത്. മനുവാകട്ടെ തികഞ്ഞ ഗാംഭീര്യത്തോടെ കോടതിയിലെത്തുന്ന എല്ലാവരേയും വരവേൽക്കുന്നു.
മനുവിന്റെ ആദർശങ്ങൾക്കൊത്തുതന്നെയാണ് രാജസ്ഥാൻ ജീവിക്കുന്നത്. ഈ സംസഥാനത്ത് ശരാശരി ഓരോ 60 മണിക്കൂറിലും ഒരു ദളിത് സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ ഒൻപതു ദിവസത്തിലും ഒരു ദളിതൻ കൊല്ലപ്പെടുന്നു. ഓരോ 65 മണിക്കൂറിലും ഒരു ദളിതന് ഗുരുതരമായി പരിക്കേൽക്കുന്നു. ഓരോ അഞ്ച് ദിവസവും ദളിതരുടെ ഉടമസ്ഥതയിലുള്ള വീടോ സ്വത്തോ തീവയ്പ്പിന് ഇരയാകുന്നു. ഓരോ നാല് മണിക്കൂറിലും 'മറ്റു ഐ.പി.സി (ഇന്ത്യൻ പീനൽ കോഡ്)' വിഭാഗത്തിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു. അതായത് കൊലപാതകം, ബലാത്സംഗം, തീവയ്പ്പ്, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നിവയൊഴിച്ചുള്ള കേസുകൾ.
ഈ കേസുകളിലെ പ്രതികൾ അപൂർവ്വമായേ ശിക്ഷിക്കപ്പെടാറുള്ളു. 2 മുതൽ 3 ശതമാനം മാത്രമാണ് ശിക്ഷാനിരക്ക്. ദളിതർക്കുനേരെ നടക്കുന്ന ഒട്ടുമിക്ക അതിക്രമങ്ങളും കോടതിയിൽപ്പോലുമെത്താതെ ഒടുങ്ങുകയും ചെയ്യുന്നു.
അസംഖ്യം കേസുകളാണ് എഫ്.ആർ (FR- Final Report) - ഫൈനൽ റിപ്പോർട്ടുകളോടെ അവസാനിക്കുന്നത്. യാഥാർത്ഥവും ഗുരുതരവുമായ നിരവധി കേസുകളുടെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു.
"പ്രശ്നം തുടങ്ങുന്നത് ഗ്രാമത്തിൽവെച്ചുതന്നെയാണ്.", ഭൻവാരി ദേവി പറയുന്നു. അജ്മീർ ജില്ലയിലെ ഒരു ഗ്രാമത്തിലെ താമസക്കാരിയായ അവരുടെ മകൾ ബലാത്സംഗത്തിന് ഇരയാകുകയുണ്ടായി. "ഗ്രാമവാസികൾ ചേർന്ന് ജാതിപഞ്ചായത്ത് വിളിച്ചുകൂട്ടും. അവരാകട്ടെ, അക്രമികളുമായി ഒത്തുതീർപ്പിലെത്താൻ ഇരകൾക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ് ചെയ്യുക. അവർ പറയും: ‘എന്തിനാണ് പോലീസിന്റെ അടുക്കൽ പോകുന്നത്? നമുക്കിടയിൽത്തന്നെ ഈ പ്രശ്നം പരിഹരിക്കാം‘.
പരിഹാരം എന്നത് മിക്കപ്പോഴും ഇരകൾ അക്രമികളുടെ ആവശ്യം അംഗീകരിക്കുക എന്നതാണ്. ഭൻവാരി ദേവിയെയും പോലീസിന്റെ അടുക്കൽ പോകുന്നതിൽനിന്നും പിന്തിരിപ്പിക്കുകയാണ് ചെയ്തത്.
എന്തുതന്നെയായാലും, ഒരു ദളിതൻ അല്ലെങ്കിൽ ആദിവാസി പോലീസ് സ്റ്റേഷനിൽ കാല് കുത്തുന്നതുതന്നെ അപകടം വിളിച്ചുവരുത്തുന്ന പ്രവൃത്തിയാണ്. ഇനി അവർ പോകാൻ ധൈര്യപ്പെട്ടാൽ, പിന്നെ എന്താണ് സംഭവിക്കുക? ഭരത്പ്പൂർ ജില്ലയിലെ കുംഹേർ ഗ്രാമത്തിൽവെച്ച് ഇരുപതോളം ആളുകൾ ഒറ്റസ്വരത്തിൽ മറുപടി പറഞ്ഞു: "ഇരുനൂറ്റി ഇരുപത്തഞ്ചു രൂപ പ്രവേശന ഫീസ് കൊടുക്കണം. ഇനി നിങ്ങളുടെ പരാതിയിൽ പോലീസുകാർ നടപടി സ്വീകരിക്കണമെങ്കിൽ അതിന്റെ പതിന്മടങ്ങ് തുക പുറമെയും."
ഉയർന്ന ജാതിക്കാരനായ ഒരാൾ ഒരു ദളിതനെ ആക്രമിച്ചാൽ, പോലീസ് ഇരയെ പരാതി കൊടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കും. "അവർ ഞങ്ങളോട് ചോദിക്കും", ഹരി രാം പറയുന്നു. “അച്ഛൻ മക്കളെ അടിക്കാറില്ലേ? ഒരു സഹോദരൻ മറ്റൊരു സഹോദരനെ ഇടയ്ക്കൊക്കെ അടിക്കാറില്ലേ? അതുകൊണ്ട് ഈ വിഷയം മറന്ന് പരാതി പിൻവലിച്ചുകൂടെ?"
ഇവിടെ മറ്റൊരു പ്രശ്നവുമുണ്ട്.", രാം ഖിലാഡി ചിരിച്ചുകൊണ്ട് പറയുന്നു." പോലീസ് മറുപക്ഷക്കാരുടെ കയ്യിൽനിന്നും പണം വാങ്ങിയിട്ടുണ്ടാകും. അവർ കൂടുതൽ തുക കൊടുത്താൽ, ഞങ്ങളുടെ ശ്രമം അവിടെ അവസാനിക്കും. ഞങ്ങളുടെ ആളുകൾ ദരിദ്രരായതിനാൽ ഇത്ര വലിയ തുകയൊന്നും കൊടുക്കാനാകില്ല." ചുരുക്കത്തിൽ, 2,000 മുതൽ 5,000 രൂപ വരെ കൊടുത്താലും, അതും വെറുതെ നഷ്ടമാകാൻ സാധ്യതയുണ്ട്.
അടുത്ത വിഷയം, കേസന്വേഷിക്കാനായി വരുന്ന പോലീസുകാരൻ പരാതിക്കാരനെത്തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നതാണ്. ഉയർന്ന ജാതിക്കാരനായ ഒരാൾക്കെതിരേ പരാതി കൊടുക്കുന്നത് ഒരു ദളിതനാണെങ്കിൽ ഇതിനുള്ള സാധ്യത കൂടും. മിക്കപ്പോഴും കോൺസ്റ്റബിൾ ഉയർന്ന ജാതിക്കാരനായിരിക്കും.
"ഒരിക്കൽ ഉയർന്ന ജാതിക്കാർ എന്നെ ആക്രമിച്ചപ്പോൾ, ഡി.ഐ.ജി എന്റെ വാതിലിനു പുറത്ത് കാവലിനായി ഒരു പോലീസുകാരനെ നിയോഗിച്ചു.", അജ്മീറിലെ ഭൻവാരി ദേവി പറയുന്നു. "എന്നാൽ ആ ഹവിൽദാർ സദാസമയവും കള്ള് കുടിച്ചും യാദവ്മാരുടെ വീടുകളിൽനിന്ന് ഭക്ഷണം കഴിച്ചുമാണ് സമയം നീക്കിയിരുന്നത്. എന്നെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അയാൾ അവർക്ക് നിർദ്ദേശം കൊടുക്കുകപോലുമുണ്ടായി. മറ്റൊരിക്കൽ എന്റെ ഭർത്താവിനെ അവർ ക്രൂരമായി മർദ്ദിച്ചപ്പോൾ, ഞാൻ ഒറ്റയ്ക്ക് സ്റ്റേഷനിൽ പോയി. എഫ്.ഐ.ആർ. ഫയൽ ചെയ്യാൻ വിസമ്മതിച്ച പോലീസുകാർ പകരം എന്നെ അധിക്ഷേപിക്കുകയാണ് ചെയ്തത്: 'ഒരു സ്ത്രീയായ (അതും ദളിത) നിനക്ക് ഇവിടെ ഒറ്റയ്ക്ക് വരാൻ എങ്ങനെ ധൈര്യം വന്നു?’ അവരെ അത് അരിശം കൊള്ളിച്ചു."
കുംഹേറിലെ ചുന്നി ലാൽ ജാദവ് സാഹചര്യത്തെ ഇങ്ങനെ ഉപസംഹരിക്കുന്നു: "സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാർക്ക് ഒരുമിച്ച് പോലും ഒരു പോലീസ് കോൺസ്റ്റബിളിന്റെ അധികാരമില്ല."
"ആ കോൺസ്റ്റബിളിന് ഞങ്ങളെ വളർത്താനും തകർക്കാനും കഴിയും.", അദ്ദേഹം പറയുന്നു. "ജഡ്ജിമാർക്ക് നിയമം മാറ്റിയെഴുതാനാകില്ല; തന്റെ മുന്നിലുള്ള കക്ഷികളുടെ ഭാഗത്തുനിന്ന് വാദിക്കുന്ന അറിവുള്ള അഭിഭാഷകരുടെ വാദങ്ങൾ അവർക്ക് കേൾക്കുകയും വേണം. എന്നാൽ, ഒരു ഹവിൽദാർ ലളിതമായി സ്വന്തം നിയമങ്ങൾ ഉണ്ടാക്കും. അയാൾക്ക് എന്തുവേണമെങ്കിലും ചെയ്യാനും കഴിയും."
ഇനി ഒരുപാട് പരിശ്രമങ്ങൾക്കുശേഷം ഒരു എഫ്.ഐ.ആർ. ഫയൽ ചെയ്താൽ, അടുത്ത പ്രശ്നങ്ങൾ ആരംഭിക്കുകയായി. 'പ്രവേശന ഫീസും' ഒടുക്കേണ്ട മറ്റു തുകകൾക്കും പുറമെയാണ് ഈ പുതിയ പ്രശ്നങ്ങൾ. സാക്ഷികളുടെ മൊഴിയെടുക്കുന്നതിൽ പോലീസ് പരമാവധി കാലതാമസം വരുത്തും. ഭൻവാരി കൂട്ടിച്ചേർക്കുന്നു: "കുറ്റാരോപിതരിൽ ചിലരെ പോലീസ് മനപ്പൂർവ്വം അറസ്റ്റ് ചെയ്യാതിരുന്ന സംഭവങ്ങളുമുണ്ട്." അവർ ''ഒളിവിൽ' പോയതായി പ്രഖ്യാപിക്കുകയാണ് ചെയ്യുക. ഇതിനുപിന്നാലെ, അവരെ പിടികൂടാൻ കഴിയുന്നില്ലെന്ന് പോലീസ് ബോധിപ്പിക്കുകയും ചെയ്യും.
പല ഗ്രാമങ്ങളിലും ഇത്തരത്തിൽ 'ഒളിവിൽ' പോയവർ സ്വതന്ത്രരായി നടക്കുന്നത് ഞങ്ങൾക്ക് കാണാൻ സാധിച്ചിരുന്നു. ഇതും സാക്ഷികളുടെ മൊഴിയെടുക്കാനുണ്ടാകുന്ന കാലതാമസവും കൂടിയാകുമ്പോൾ, ഗുരുതരമായ സമയനഷ്ടമാണ് സംഭവിക്കുന്നത്.
ഇതിന്റെ മറ്റൊരു വശം, ദളിതർ തങ്ങളെ അക്രമിച്ചവരെ പേടിച്ച് ഗ്രാമത്തിൽ കഴിയേണ്ടി വരുമെന്നതാണ്. അതുകൊണ്ടുതന്നെ സ്വന്തം കേസിൽ വിട്ടുവീഴ്ച ചെയ്യാൻ പലരും നിർബന്ധിതരാകുന്നു. ധോൽപ്പൂർ ജില്ലയിലെ നക്സോദയിൽ, ഉയർന്ന ജാതിക്കാർ വിചിത്രമായ പീഡനമുറയാണ് രാമേശ്വർ ജാദവിന് മേൽ നടത്തിയത്. അവർ അദ്ദേഹത്തിന്റെ മൂക്ക് തുളച്ച്, ഒരു മീറ്റർ നീളവും രണ്ട് മില്ലീമീറ്റർ വീതിയുമുള്ള ഒരു ചണനാരുകൊണ്ട് വളയമുണ്ടാക്കി മൂക്കിൽ കെട്ടി. വളയത്തിൽ പിടിച്ചുവലിച്ച് അദ്ദേഹത്തെ ആ ഗ്രാമത്തിലുടനീളം പ്രദർശിപ്പിച്ചു.
ഈ കേസിന് വ്യാപകമായ മാധ്യമശ്രദ്ധ ലഭിച്ചെങ്കിലും, വിചാരണാവേളയിൽ, എല്ലാ സാക്ഷികളും-രാമേശ്വറിന്റെ പിതാവ് മൻജി ലാൽ ഉൾപ്പെടെ - കൂറുമാറുകയാണുണ്ടായത്. എന്തിന്, കുറ്റകൃത്യത്തിന് ഇരയായ ആൾപോലും കുറ്റാരോപിതരെ കോടതിയിൽ നിരപരാധികളായി പ്രഖ്യാപിച്ചു.
എന്താണ് കാരണം? "ഞങ്ങൾക്ക് ഈ ഗ്രാമത്തിൽ ഇനിയും ജീവിക്കണം. അതുതന്നെ", മൻജി ലാൽ പറയുന്നു. "ആരാണ് ഞങ്ങളെ സംരക്ഷിക്കുക? ഓരോ നിമിഷവും ഞങ്ങൾ മരിച്ചു ജീവിക്കുകയാണ്."
"ഏതൊരു ആക്രമണ കേസിലും എത്രയും വേഗത്തിൽ നടപടിയെടുക്കേണ്ടതുണ്ട്.", ദളിത് വിഭാഗത്തിൽനിന്നുള്ള മുതിർന്ന അഭിഭാഷകനായ ഭൻവർ ബാഗ്രി ജയ്പ്പൂരിലെ ഒരു കോടതിയിൽവെച്ച് എന്നോട് പറഞ്ഞു. "ആറ് മാസത്തിനുമപ്പുറം നീണ്ടുപോയാൽ, കുറ്റവാളികൾ ശിക്ഷിക്കപ്പെടാനുള്ള സാധ്യത തീരെ കുറവാണ്. സാക്ഷികളെ ഗ്രാമത്തിലുള്ളവർ ഭയപ്പെടുത്തും. അവർ കൂറുമാറുകയും ചെയ്യും."
സാക്ഷികളെ സംരക്ഷിക്കാനുള്ള പദ്ധതികൾ ഒന്നുംതന്നെ നിലവിലില്ല. ഇതിനുപുറമേ, കേസിൽ കാലതാമസമുണ്ടാകുമ്പോൾ, തുടക്കംമുതലേ മുൻവിധിയോടെ ശേഖരിക്കപ്പെട്ട തെളിവുകൾ വീണ്ടും വളച്ചൊടിക്കപ്പെടും. ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ മിക്കപ്പോഴും പോലീസുകാരുമായി ധാരണയിലെത്തിയിട്ടുണ്ടാകും എന്നതിനാലാണത്.
ഇനി കേസ് കോടതിയിലെത്തിയാൽത്തന്നെ അടുത്ത വെല്ലുവിളി അഭിഭാഷകരാണ്. എല്ലാ വക്കീലന്മാരും അപകടകാരികളാണ്,", ചുന്നി ലാൽ ജാദവ് പറയുന്നു. "നിങ്ങളുടെ എതിർകക്ഷിയുമായി വിലപേശൽ നടത്തുന്ന വക്കീലിനെയാകും ചിലപ്പോൾ നിങ്ങൾക്ക് ലഭിക്കുക. അവർ അയാൾക്ക് പണം കൊടുത്താൽ, നിങ്ങളുടെ കഥ തീർന്നതുതന്നെ."
കേസ് നടത്താനാവശ്യമായ പണം ഗുരുതരമായ ഒരു പ്രശ്നം തന്നെയാണ്. "കുറഞ്ഞ ചിലവിൽ നിയമസഹായം നൽകാനുള്ള പദ്ധതിയുണ്ടെങ്കിലും അത് വളരെ സങ്കീർണമാണ്.", ജയ്പ്പൂർ ഹൈക്കോടതിയിലെ ചുരുക്കം ചില ദളിത് വിഭാഗക്കാരിലൊരാളായ ചേതൻ ബൈർവ പറയുന്നു. "സഹായം ലഭിക്കാനായി പൂരിപ്പിക്കേണ്ട അപേക്ഷകളിൽ വാർഷിക വരുമാനം പോലെയുള്ള വിശദാംശങ്ങൾ ചേർക്കേണ്ടതുണ്ട്. ദിവസക്കൂലിക്കും വർഷത്തിൽ ചില മാസങ്ങളിൽ മാത്രം ലഭിക്കുന്ന ശമ്പളത്തിനും ജോലി ചെയ്യുന്ന അനേകം ദളിതരിൽ ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നു. കൂടാതെ, സ്വന്തം അവകാശങ്ങളെക്കുറിച്ചുള്ള അവബോധം കുറവായതുകൊണ്ടുതന്നെ, പലർക്കും ഇത്തരം ഒരു പദ്ധതി ഉള്ളതായിപ്പോലും അറിയില്ല.
നിയമമേഖലയിൽ പ്രവർത്തിക്കുന്നവരിൽ ദളിത് പ്രാതിനിധ്യം തീരെ കുറവാണെന്നതും ഒരു തിരിച്ചടിയാണ്. ജയ്പ്പൂർ ഹൈക്കോടതിയിലെ 1,200 അഭിഭാഷകരിൽ 8 പേർ മാത്രമാണ് ദളിത് വിഭാഗത്തിൽനിന്നുള്ളവർ. ഉദയ്പ്പൂരിൽ 450-ൽ 9 പേരും ഗംഗാനഗറിൽ 435-ൽ 6 പേരും മാത്രമാണുള്ളത്. ഉയർന്ന തലങ്ങളിലെത്തുമ്പോൾ പ്രാതിനിധ്യത്തിന്റെ തോത് ഇതിലും മോശമാകും. പട്ടികജാതി വിഭാഗത്തിൽനിന്നുള്ള ഒരു ജഡ്ജിപോലും ഹൈക്കോടതിയിലില്ല.
രാജസ്ഥാനിൽ ദളിത് ജുഡീഷ്യൽ ഉദ്യോഗസ്ഥരും മുൻസിഫുകളും ഉണ്ടെങ്കിലും അതുകൊണ്ട് വലിയ മെച്ചമില്ലെന്നാണ് ചുന്നി ലാൽ ജാദവിന്റെ അഭിപ്രായം. "എണ്ണത്തിൽ തീരെ കുറവായ അവർക്ക്, തങ്ങൾ ശ്രദ്ധിക്കപ്പെടണമെന്ന് ആഗ്രഹമില്ലെന്ന് മാത്രമല്ല, അങ്ങിനെ ആലോചിക്കുക പോലുമില്ല."
ഒരു കേസ് കോടതിയിലെത്തുമ്പോൾ, പേഷ്ക്കാറിനെ (കോടതിയിലെ ക്ലാർക്ക്) പ്രത്യേകം പരിഗണിക്കണം. "അയാൾക്ക് പണം കൊടുത്തില്ലെങ്കിൽ, കേസ് പരിഗണിക്കുന്ന തീയതി തീരുമാനിക്കുന്നതിൽ അയാൾ നിങ്ങളെ കഷ്ട്പ്പെടുത്തും." പലയിടത്തുനിന്നും ഞാൻ ഇത് കേൾക്കുകയുണ്ടായി. "വ്യവസ്ഥ പൂർണമായും ജന്മിത്വത്തിന് കീഴിലാണ്.", ചുന്നി ലാൽ പറയുന്നു. "അതിനാലാണ് പേഷ്ക്കാർക്ക് പോലും പങ്ക് കൊടുക്കേണ്ടിവരുന്നത്. പല മജിസ്ട്രേറ്റ് ഓഫിസുകളിലും ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് ഉച്ചഭക്ഷണം ഏർപ്പാടാക്കുന്നത് പേഷ്ക്കാർമാരാണ് . ഈയിടെ ഈ വസ്തുത ഞാൻ പുറത്ത് കൊണ്ടുവന്നതിനുപിന്നാലെ, പത്രക്കാർ ഇതേക്കുറിച്ച് എഴുതിയിരുന്നു."
ഏറ്റവും ഒടുവിലായി, തീർത്തും കുറഞ്ഞ നിലയിൽ തുടരുന്ന ശിക്ഷാനിരക്കും ഒരു പ്രശ്നമായി അവശേഷിക്കുന്നു. എന്നാൽ അവിടെയും വാസ്തവത്തിൽ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല.
"നിങ്ങൾക്ക് നീതിപൂർവ്വകമായ ഒരു വിധി ലഭിച്ചാലും, അത് നടപ്പിലാക്കുന്ന അധികാരികളുടെ കാഴ്ചപ്പാട് വളരെ മോശമാകാനുള്ള സാധ്യതയുണ്ട്.", ജയ്പ്പൂർ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ പ്രേം കൃഷ്ണ പറയുന്നു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് രാജസ്ഥാൻ ഘടകത്തിലെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. "പട്ടികജാതിക്കാരുടെ കാര്യത്തിൽ സാമ്പത്തികമായ പരാധീനതയ്ക്ക് പുറമെ, രാഷ്ട്രീയമായ സംഘടിതശക്തിയുടെ കുറവുമുണ്ട്. ദളിത് സർപഞ്ചുമാർപോലും തങ്ങൾക്ക് മനസ്സിലാക്കാനാകാത്ത ഒരു നിയമവ്യവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണ്."
കേസ് നടത്താൻ ആയിരക്കണക്കിന് രൂപ ചിലവഴിക്കേണ്ടിവന്നതിനാൽ ടോങ്ക് ജില്ലയിലെ രാഹോലിയിൽ സർപഞ്ച് പദവിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അഞ്ജു ഫൂൽവാരിയ ഭീമമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. "നിലവാരമുള്ള സ്വകാര്യ സ്കൂളിൽ പഠിച്ചിരുന്ന ഞങ്ങളുടെ പെണ്മക്കളെ ഇപ്പോൾ അവിടെനിന്ന് മാറ്റി സർക്കാർ സ്കൂളിൽ ചേർത്തിരിക്കുകയാണ്." ഇതേ സർക്കാർ സ്കൂളിലെ അധ്യാപകരാണ് വിദ്യാർത്ഥികളെ ദളിതരുടെ സ്വത്തുവകകൾ നശിപ്പിക്കാൻ പ്രേരിപ്പിച്ചത്.
നക്സോദയിൽ രാമേശ്വർ ജാദവിന്റെ മൂക്ക് തുളച്ചതുമായി ബന്ധപ്പെട്ട കേസ് നടത്താൻ അദ്ദേഹത്തിന്റെ പിതാവ് മൻജി ലാൽ 30,000 രൂപയോളം ഇതിനകം ചിലവിട്ടുകഴിഞ്ഞു. അദ്ദേഹവും അതിക്രമത്തിന് ഇരയായ അദ്ദേഹത്തിന്റെ മകനും പ്രതീക്ഷ കൈവിട്ട മട്ടാണ്. കുടുംബത്തിന് സ്വന്തമായുള്ള ഇത്തിരി ഭൂമിയിൽനിന്ന് മൂന്നിലൊരു ഭാഗം വിറ്റിട്ടാണ് അവർ പണം കണ്ടെത്തിയത്.
രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ട് നിലവിലെ അവസ്ഥയ്ക്ക് കുറച്ചെങ്കിലും മാറ്റം കൊണ്ടുവരണമെന്ന് താത്പര്യപ്പെടുന്നയാളാണ്. തന്റെ സർക്കാർ എഫ്.ആറുകളുടെ (FR- Final Report - ഫൈനൽ റിപ്പോർട്ടുകളുടെ) അഥവാ അവസാനിപ്പിച്ച കേസുകളുടെ ഒരു സർവ്വേ നടത്തുന്നത് പരിഗണിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറയുന്നു. മനപ്പൂർവം കേസുകൾ ഒതുക്കിത്തീർത്തതായി കണ്ടെത്തിയാൽ, "അന്വേഷണം അട്ടിമറിച്ചവർ ശിക്ഷിക്കപ്പെടും.", ജയ്പ്പൂരിൽവെച്ച് അദ്ദേഹം എന്നോട് പറഞ്ഞു. "പഞ്ചായത്ത് നിയമങ്ങളിൽ ഭേദഗതി കൊണ്ടുവന്ന്, ദുർബലവിഭാഗത്തിൽനിന്നുള്ളവർ സർപഞ്ച് പോലെയുള്ള പദവികളിൽനിന്ന് തെറ്റായ രീതിയിൽ പുറത്താക്കപ്പെടാതിരിക്കാൻ" നടപടിയെടുക്കാനും ഗെഹ്ലോട്ട് പദ്ധതിയിടുന്നുണ്ട്.
അഞ്ജു ഫൂൽവാരിയയെപ്പോലുള്ള ഒട്ടനവധി സർപഞ്ചുമാർ ബി.ജെ.പി. സർക്കാരുകളുടെ ഭരണകാലത്താണ് ദ്രോഹിക്കപ്പെട്ടത്. ഈയൊരു പ്രക്രിയയ്ക്ക് തടയിടാനായാൽ, ഗെഹ്ലോട്ടിന് അത് രാഷ്ട്രീയമായും ഗുണം ചെയ്യും. പക്ഷെ, കഠിനവും ക്ലേശകരവുമായ ഒരു പ്രവൃത്തിയാണത്. വ്യവസ്ഥിതിയുടെ വിശ്വാസ്യത ഇത്രയും തകർന്ന ഒരു കാലഘട്ടം മുൻപ് ഉണ്ടായിട്ടില്ല.
"നിയമത്തിലോ നീതിന്യായ പ്രക്രിയയിലോ ഞങ്ങൾക്ക് തരിമ്പ് പോലും വിശ്വാസമില്ല.", രാം ഖിലാഡി പറയുന്നു. "നിയമം വലിയ ആളുകൾക്ക് വേണ്ടിയുള്ളതാണെന്ന് ഞങ്ങൾക്ക് അറിയാം."
എന്ത് തന്നെയായാലും ഇത് രാജസ്ഥാനാണ്. മനുവിന്റെ നിഴൽ കോടതിയ്ക്കുള്ളിലേയ്ക്ക് നീളുന്ന, അംബേദ്ക്കർക്ക് ഇടമില്ലാത്ത രാജസ്ഥാൻ.
രണ്ട് ഭാഗങ്ങളായുള്ള ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കുറ്റകൃത്യനിരക്കുകൾ 1991-1996 കാലയളവിലേതും ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മീഷന്റെ 1998ലെ രാജസ്ഥാൻ റിപ്പോർട്ടിൽ നിന്നുള്ളവയുമാണ്. നിലവിൽ, ഈ നിരക്കുകൾ അന്നുള്ളതിലും മോശമായിട്ടുണ്ടാകാൻ സാധ്യതയുണ്ട്.
രണ്ട് ഭാഗങ്ങളിലായുള്ള ഈ ലേഖനം, 1996 ജൂൺ 13-ന് ദി ഹിന്ദു ദിനപ്പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. 2000-ൽ ആംനസ്റ്റി ഇന്റർനാഷണൽ ഗ്ലോബൽ അവാർഡ് ഫോർ ഹ്യൂമൻ റൈറ്സ് ജേർണലിസത്തിനുള്ള പ്രഥമ പുരസ്കാരം ഈ ലേഖനത്തിന് ലഭിക്കുകയുണ്ടായി.
പരിഭാഷ: പ്രതിഭ ആര്.കെ.