2021 ജൂലൈ മാസത്തിലെ മഞ്ഞ് മൂടിയ ഒരു പ്രഭാതം. കർഷകനായ ശിവ്റാം ഗവാരി, ഭീമാശങ്കർ വന്യജീവി സങ്കേതത്തോട് ചേർന്നുകിടക്കുന്ന തന്റെ കൃഷിയിടത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച്ച, ഏതാണ്ട് അഞ്ച് ഗുൺഠ (ഏകദേശം 0.125 ഏക്കർ) വിസ്തൃതിയിൽ വിളഞ്ഞുകിടന്നിരുന്ന നെല്ലിന്റെ പകുതിയോളം വന്യജീവികൾ തിന്നുതീർത്തിരിക്കുന്നതാണ്. ബാക്കിയുള്ളത് ചവിട്ടിമെതിക്കപ്പെട്ടും കിടന്നിരുന്നു.
"ഞാൻ അതിന് മുൻപ് അങ്ങനെയൊരു കാഴ്ച കണ്ടിട്ടേയില്ല," അന്നത്തെ സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ അദ്ദേഹം പറഞ്ഞു. കൃഷിയിടത്തിൽ ഇറങ്ങിയ ജീവികളുടെ കാലടിപ്പാടുകൾ പിന്തുടർന്ന് കാട്ടിനകത്തേയ്ക്ക് കയറിയ അദ്ദേഹത്തിന്റെ മുന്നിൽ പൊടുന്നനെ ഗവ (ബോസ് ഗോറസ് എന്ന ശാസ്ത്രീയനാമമുള്ള ഇവയെ ചിലപ്പോൾ ഇന്ത്യൻ ബൈസൺ എന്നും വിളിക്കാറുണ്ട്) പ്രത്യക്ഷപ്പെട്ടു. കന്നുകാലികളിൽ ഏറ്റവും വലിയ ഇനമായ അവയുടെ രൂപം ആരിലും ഭയമുളവാക്കും - ആൺപോത്തുകൾക്ക് ആറടിയിൽ കൂടുതൽ പൊക്കവും 500 മുതൽ 1,000 കിലോവരെ ഭാരവും ഉണ്ടാകാറുണ്ട്.
ഭീമാകാരന്മാരായ കാട്ടുപോത്തുകളുടെ കൂട്ടം കൃഷിയിടത്തിൽ ഇറങ്ങിക്കഴിഞ്ഞാൽ, അവ നിലമാകെ ചവിട്ടിമെതിച്ച് വലിയ കുഴികൾ തീർക്കുകയും ചെടികളും വിളവുമെല്ലാം നശിപ്പിക്കുകയും ചെയ്യും. "അടുപ്പിച്ച് മൂന്ന് വർഷത്തെ സീസണിൽ ഗവ എന്റെ വിളവ് നശിപ്പിച്ചു. കൃഷി ഉപേക്ഷിക്കുകയല്ലാതെ എനിക്ക് വേറെ തരമില്ല," ശിവ്റാം പറയുന്നു. ഡോൺ ഗ്രാമത്തിലെ തന്റെ തകരഷീറ്റിട്ട വീടിന് മുന്നിൽ ഇരിക്കുകയായിരുന്നു അദ്ദേഹം. 2021 മുതൽ ഒരു കൂട്ടം ഗവ ഈ ഗ്രാമത്തിൽ താവളമുറപ്പിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ഭീമാശങ്കർ വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള അനേകം ജനവാസമേഖലകളിലൊന്നാണ് ഈ ഗ്രാമം. വന്യജീവി സങ്കേതത്തിൽ മാൻ, പന്നി, മ്ലാവ്, പുള്ളിപ്പുലി എന്നീ ജീവികൾക്ക് പുറമേ അപൂർവമായി കടുവയും ദൃശ്യമാകാറുണ്ട്. അറുപതുകളിലെത്തിയ ശിവ്റാം തന്റെ ജീവിതകാലം മുഴുവൻ അംബേഗാവിലാണ് താമസിച്ചിട്ടുള്ളത്. കാട്ടിൽനിന്ന് അലഞ്ഞുതിരിഞ്ഞെത്തുന്ന വന്യജീവികൾ വരുത്തുന്ന വിളനാശം ഇതിനുമുൻപൊരിക്കലും ഇത്രയും രൂക്ഷമായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. "ഇത്തരം മൃഗങ്ങളെ പിടികൂടി ഇവിടെനിന്ന് കൊണ്ടുപോകുകയാണ് ചെയ്യേണ്ടത്," അദ്ദേഹം പറയുന്നു.
തുടർച്ചയായ മൂന്നാം വർഷവും വന്യജീവികൾ വിളവ് നശിപ്പിച്ചേക്കുമെന്ന ഭയം കാരണം, കൃഷിയിറക്കുന്നത് കഴിഞ്ഞ വർഷം ശിവ്റാം നിർത്തിയിരുന്നു. അദ്ദേഹത്തെ കൂടാതെ മറ്റു പല കർഷകരും തങ്ങളുടെ നിലം തരിശാക്കിയിട്ട്, വിറകും ഹിർഡയും-ആയുർവേദ മരുന്നുകളുടെ ഉത്പാദനത്തിൽ ഉപയോഗിക്കുന്ന ഒരു പഴം - വില്പന നടത്തി വരുമാനം കണ്ടെത്തുന്നതിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. 2023-ൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച, ഗൈഡ്‌ലൈൻസ് ഫോർ ഹ്യൂമൻ-ഗോർ കോൺഫ്ലിക്റ്റ് മിറ്റിഗേഷൻ എന്ന റിപ്പോർട്ടിൽ പറയുന്നത്, കാലാവസ്ഥാ വ്യതിയാനവും വനവ്യാപ്തിയിലുണ്ടാവുന്ന കുറവും മൂലം ഭക്ഷണവും ആവാസവ്യവസ്ഥയും നഷ്ടപ്പെടുന്നതിനാലാണ് വന്യജീവികൾ വിളകൾ ഭക്ഷിക്കാൻ കൃഷിയിടങ്ങളിൽ ഇറങ്ങുന്നതെന്നാണ്.
*****
2021-ൽ ഡോൺ ഗ്രാമത്തിന് സമീപമുള്ള ഗവകളുടെ എണ്ണം വെറും മൂന്നോ നാലോ ആയിരുന്നു. എന്നാൽ 2024-ൽ അവയുടെ എണ്ണവും അവ നടത്തുന്ന ആക്രമണങ്ങളും ഇരട്ടിച്ചിരിക്കുന്നു. ഒഴിഞ്ഞ കൃഷിയിടങ്ങളിൽനിന്ന് ഒന്നും ലഭിക്കാതെ അവ ഗ്രാമങ്ങളിലേക്ക് കടക്കാൻ തുടങ്ങിയതോടെ, പ്രദേശവാസികൾ വല്ലാത്ത ഭീതിയിലാണ്.
ഗ്രാമത്തിലെ മിക്ക കർഷകരും ഭക്ഷ്യാവശ്യത്തിനുള്ളത് മാത്രം കൃഷി ചെയ്യുന്നവരാണ്. മലനിരകളുടെ അടിവാരത്തായി, ഏതാനും ഏക്കറുകൾ മാത്രം വിസ്തൃതിയുള്ള നിലങ്ങളിലാണ് അവർ കൃഷിയിറക്കുന്നത്. ചില കർഷകർ സ്വന്തമായി കിണറുകൾ കുഴിച്ചിട്ടുണ്ട്; വളരെ കുറച്ചുപേർ മാത്രം കുഴൽക്കിണറുകളും. പ്രധാനമായും മഴയെ ആശ്രയിച്ചാണ് ഇവിടത്തെ കൃഷി. അതുകൊണ്ടുതന്നെ, കാട്ടുപോത്തിന്റെ തുടർച്ചയായുള്ള ആക്രമണങ്ങൾ ഇവരുടെ വാർഷിക വിളവിനേയും ഭക്ഷ്യസുരക്ഷയെത്തന്നെയും അപകടത്തിലാക്കിയിരിക്കുകയാണ്.
ബുധ ഗവാരി തന്റെ വീടിന്റെ അടുത്തുന്നെയുള്ള മൂന്ന് ഗുൺഠ നിലത്താണ് കൃഷി ചെയ്യുന്നത്. ഗ്രാമത്തിലെ മറ്റ് കർഷകരെപ്പോലെ അദ്ദേഹവും നെല്ലിന്റെ പ്രാദേശികയിനങ്ങളാണ് കൃഷിയിറക്കുന്നത്. മഴക്കാലത്ത് അദ്ദേഹം റായ്ഭോഗ് എന്ന നെല്ലിനവും ശൈത്യകാലത്ത് പരിപ്പ്, പയർ, ഹർബര എന്നിവയും കൃഷി ചെയ്യുന്നു. "ഞാൻ എന്റെ പാടത്ത് പുതിയ ഞാറുകൾ നടാനുള്ള ഒരുക്കത്തിലായിരുന്നു. അവ (ഗവ) ഞാറുകൾ നശിപ്പിച്ചതോടെ എന്റെ വിളവ് മുഴുവൻ നഷ്ടമായി. എന്റെ കുടുംബത്തിന് ഭക്ഷണമുറപ്പാക്കുന്ന പ്രധാന വിളയാണ് ഇല്ലാതെയായത്. അരിയില്ലാതെ ഈ വർഷം മുഴുവൻ ഞങ്ങൾ പാടുപെടേണ്ടി വരും," 54 വയസ്സുകാരനായ ആ കർഷകൻ പറയുന്നു.
മഹാരാഷ്ട്രയിൽ പട്ടികവർഗ്ഗമായി പരിഗണിക്കപ്പെടുന്ന കൊഴി മഹാദേവ് സമുദായക്കാരനാണ് ബുധ. "ഞാൻ എന്റെ വിളവ് വിൽക്കാറില്ല. വിൽക്കാൻ മാത്രമുള്ളത് എനിക്ക് കൃഷി ചെയ്യാൻ പറ്റാറില്ല എന്നതാണ് വാസ്തവം," അദ്ദേഹം പറയുന്നു. തന്റെ വാർഷിക വിളവിന്റെ മൂല്യം 30,000 - 40,000 രൂപ വരുമെന്നാണ് അദ്ദേഹത്തിന്റെ അനുമാനം. കൃഷിയിറക്കാൻ ചിലവാകുന്ന 10,000-15,000 രൂപ കഴിച്ചാൽ പിന്നെ ബാക്കിയാകുന്നതുകൊണ്ട് അദ്ദേഹത്തിന്റെ അഞ്ചംഗ കുടുംബത്തെ ഒരു വർഷമൊന്നാകെ പോറ്റാനാകില്ല. ബുധയ്ക്ക് നഷ്‌ടമായ നെല്ല് കുറഞ്ഞത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമായിരുന്നു.
ശിവ്റാമും ബുധയും വിളനാശം സംഭവിച്ചതിനുശേഷം വനം വകുപ്പുമായി ബന്ധപ്പെടുകയും പഞ്ചനാമ (അന്വേഷണ റിപ്പോർട്ട്) രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആറ് മാസത്തിനുശേഷം ശിവ്റാമിന് 5,000 രൂപയും ബുധയ്ക്ക് 3,000 രൂപയും നഷ്ടപരിഹാരമായി ലഭിച്ചു - അവർക്ക് സംഭവിച്ച നഷ്ടത്തിന്റെ 10 ശതമാനത്തിൽ താഴെ മാത്രമായിരുന്നു ഈ തുക."എനിക്ക് സംഭവിച്ച നഷ്ടത്തിന് സഹായധനം ലഭിക്കാനായി ഓരോരോ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നതിനുതന്നെ എനിക്ക് ഏകദേശം 1,000-1,500 രൂപ ചിലവായിട്ടുണ്ട്," ബുധ പറയുന്നു. വിളനാശവുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് നിഷ്‌കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ഉപ സർപഞ്ച് പദവി വഹിക്കുന്ന സീതാറാം ഗവാരി പറഞ്ഞു.
"മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് ഞങ്ങൾക്ക് കുറച്ച് അധിക വരുമാനം ലഭിച്ചിരുന്നെങ്കിൽ, അത് ഏറെ ഗുണകരമാകുമായിരുന്നു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കിണറുകൾപോലെയുള്ള ജലസംഭരണികൾ പണിയാൻ അത് ഞങ്ങൾക്ക് അവസരം നൽകിയേനെ,' ബുധയുടെ മകൻ ബാൽകൃഷ്ണ ഗവാരി പറയുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ വരുന്ന ജോലികൾ കുറഞ്ഞതോടെ ഡോണിലെ കർഷകർ മഞ്ചർ, ഗോഡെഗാവ് തുടങ്ങിയ സമീപപ്രദേശങ്ങളിലെ ഭൂവുടമകളുടെ കൃഷിയിടങ്ങളിൽ തൊഴിലാളികളായി ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. അവിടത്തെ ഭൂമി കൂടുതൽ ഫലഭൂയിഷ്ഠമാണെന്ന് മാത്രമല്ല സഹ്യാദ്രി മലനിരകളിൽനിന്ന് താഴേയ്ക്ക് ഒഴുകുന്ന നീർച്ചാലുകൾ അവിടെ ജലലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു. വരൈ, സവ എന്നിങ്ങനെ അധികം പരിപാലനം ആവശ്യമില്ലാത്ത പരമ്പരാഗത ധാന്യങ്ങളുടെ വിളവ് ഒരു പരിധിവരെ അവിടത്തുകാരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
*****
വനവ്യാപ്തി കുറയുന്നതും വന്യമൃഗങ്ങൾ പെരുകുന്നതും അസാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങളും ഒരുപാട് മൃഗങ്ങളുടെ ഭക്ഷ്യലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പ്രാദേശിക ആക്ടിവിസ്റ്റും അഖിലേന്ത്യാ കിസാൻ സഭയുടെ പൂനെ ജില്ലാ പ്രസിഡന്റുമായ ഡോക്ടർ അമോൽ വാഗ്മാരെ പറയുന്നു. "ഈ മൃഗങ്ങൾ കാടിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് തീറ്റയും വെള്ളവും തേടി വന്നതാകാൻ സാധ്യതയുണ്ട്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 2021-ൽ, കാട്ടിൽ പൊതുവെ ഭക്ഷ്യലഭ്യത കുറയുന്ന വേനൽക്കാലത്തിന്റെ ആദ്യമാസങ്ങളിലാണ് ഗവ നാട്ടിൽ ഇറങ്ങിത്തുടങ്ങിയതെന്ന് ഡോണിലെ ജനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
"ഡോണിലും സമീപപ്രദേശങ്ങളിലുമായി വനം വകുപ്പിന്റെ വളരെ കുറച്ച് ചൗകികൾ (സുരക്ഷാ പോസ്റ്റുകൾ) മാത്രമാണുള്ളത്. വനം വകുപ്പിലെ മിക്ക ഉദ്യോഗസ്ഥരും ഇവിടെനിന്ന് 60-70 കിലോമീറ്റർ അകലെയുള്ള താലൂക്കയിലാണ് താമസിക്കുന്നത്." മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൽ വനം വകുപ്പിന്റെ പങ്കിനെക്കുറിച്ച് സംസാരിക്കവേ ഡോക്ടർ വാഗ്മാരെ കൂട്ടിച്ചേർത്തു. "നേരത്തെ, പുള്ളിപ്പുലികൾ ആളുകളുടെ വീടുകളിൽ കയറിയതുപോലുള്ള അടിയന്തിര സാഹചര്യങ്ങളിൽപ്പോലും അവർ (ഉദ്യോഗസ്ഥർ) ഇവിടെയെത്താൻ ഒരുപാട് സമയമെടുത്തു. രാത്രികാലങ്ങളിൽ ഗ്രാമത്തിലേക്ക് വരാൻപോലും അവർക്ക് മടിയാണ്," അദ്ദേഹം പറയുന്നു.
ഗ്രാമത്തിലെ ഉപ സർപഞ്ചായ സീതാറാം ഗവാരിയുടെ കൃഷിയിടത്തിലും കാട്ടുപോത്തുകൾ നാശം വിതച്ചിരുന്നു. ഇതേത്തുടർന്ന് താൻ പലതവണ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിഷയം ധരിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു. തുടർച്ചയായുള്ള ഓർമ്മപ്പെടുത്തലുകൾക്കൊടുവിൽ, ഗ്രാമത്തിന്റെ അതിർത്തിയിൽ ഒരു വേലി കെട്ടി കാട്ടുപോത്തുകളുടെ വരവ് നിയന്ത്രിക്കാമെന്ന നിർദ്ദേശം വനം വകുപ്പ് മുന്നോട്ടുവെച്ചു. "ഇവിടത്തെ ആളുകൾ കാടിനെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്നവർ ആയതുകൊണ്ട് തന്നെ ആ നിർദേശം ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല," അദ്ദേഹം പറയുന്നു.
വിശപ്പടങ്ങാത്ത കാട്ടുപോത്തുകൾ ഇപ്പോഴും ഈ പ്രദേശത്ത് തുടരുന്നതിനാൽ ശിവ്റാമും കൂട്ടരും വരുന്ന വിളവെടുപ്പുകാലത്തിനായി നിലം ഒരുക്കുന്നില്ല. "എന്തിനാണ് വർഷംതോറും ഒരേ തകർച്ച നേരിടുന്നത്? ഞാൻ വേണ്ടത്ര അനുഭവിച്ചുകഴിഞ്ഞു," അദ്ദേഹം പറയുന്നു.
പരിഭാഷ: പ്രതിഭ ആര്‍. കെ .