“മൊബൈലുകൾ, ടി.വി., വീഡിയോ ഗെയിമുകൾ തുടങ്ങിയവയൊക്കെ വന്നപ്പോൾ, പാവകളിയുടേയും കഥപറച്ച്ലിന്റേയും ചരിത്രപരമായ പാരമ്പര്യം നഷ്ടമായി”, രാജസ്ഥാനിലെ സികാർ ജില്ലയിലെ ദന്ത രാംഘറിലെ പാവകളിക്കാരനായ പൂരൻ ഭട്ട് പറയുന്നു. സ്വന്തമായി പാവകളുടാക്കി, കുട്ടികളുടെ പാർട്ടികൾക്കും, കല്യാണങ്ങൾക്കും, സർക്കാർ ചടങ്ങുകൾക്കും നാടകങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച്, 30 വയസ്സായ അദ്ദേഹം ഓർമ്മിക്കുന്നു.

“ഇപ്പോൾ ആളുകൾക്ക് വിവിധ ജോലികളാണ്. പണ്ടൊക്കെ സ്ത്രീകൾ ധോലക്ക് വായിച്ച് പാടുമായിരുന്നു. എന്നാൽ ഇന്ന് ആളുകൾക്ക് വേണ്ടത്, ഹാർമ്മോണിയം വായിച്ച് പാടുന്ന സിനിമാ പാട്ടുകളാണ്. സംരക്ഷിക്കാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ, ഞങ്ങളുടെ പൂർവ്വികർ പഠിപ്പിച്ച കാര്യങ്ങൾ അടുത്ത തലമുറയിലേക്ക് ഞങ്ങൾ പകർന്നുകൊടുത്തേനേ”.

ഈ വർഷം ഓഗസ്റ്റിൽ ജയ്പുരിലെ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ജവഹർ കലാകേന്ദ്രത്തിൽ ഭട്ട് വന്നിരുന്നു. സംസ്ഥാനത്തിന്റെ സഹായത്തോടെ നടക്കുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ രാജസ്ഥാനിലെ വിവിധ കലാകാരന്മാരുടെ സംഘങ്ങൾ എത്തിച്ചേർന്നിരുന്നു. തങ്ങളുടെ കലയും ഉപജീവനവും നിലനിർത്താൻ ബുദ്ധിമുട്ടുന്ന കലാകാരന്മാർക്കുവേണ്ടി സംസ്ഥാന സർക്കാർ ഒരു പുതിയ പദ്ധതി അവിടെവെച്ച് പ്രഖ്യാപിക്കുകയുണ്ടായി.

എല്ലാ നാടോടി കലാകാരന്മാർക്കും അവരവരുടെ പ്രദേശത്ത്, ദിവസവും 500 രൂപ കിട്ടുന്ന വിധത്തിൽ, വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പുവരുത്തുന്നതായിരുന്നു മുഖ്യമന്ത്രി ലോക കലാകാർ പ്രോത്സാഹൻ യോജന എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട ആ പദ്ധതി.

കൈവേലക്കാർക്കും കരകൌശലത്തൊഴിലാളികൾക്കുമുള്ള കേന്ദ്രസർക്കാരിന്റെ വിശ്വകർമ്മ യോജന 2023 സെപ്റ്റംബറിലാണ് പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ കലാകാർ യോജന എന്ന ഈ പദ്ധതി, കലാകാരന്മാർക്കുവേണ്ടി ഇത്തരത്തിൽ നടപ്പാക്കുന്ന ആദ്യത്തേതാണ്. കാൽബേലിയ, തേര താലി, ബഹുരൂപിയ തുടങ്ങിയ സമുദായങ്ങൾക്ക് സഹായകരമായ ഒന്നാണിത്. രാജസ്ഥാനിൽ 1-2 ലക്ഷം കലാകാരന്മാരുണ്ടെന്നാണ് കണക്ക്. എന്നാൽ ശരിയായ ഒരു കണക്കെടുപ്പ് ഇതുവരെ ഉണ്ടായിട്ടില്ല. ഗിഗ് തൊഴിലാളികളേയും (ഗതാഗത,  വിതരണമേഖലയിലെ) വഴിയോര കച്ചവടക്കാരേയും സാമൂഹികസുരക്ഷാ ശൃംഘലയിൽ കൊണ്ടുവരുന്ന പദ്ധതിയാണ് ഇത്.

Artist Lakshmi Sapera at a gathering of performing folk artists in Jaipur.
PHOTO • Shalini Singh
A family from the Kamad community performing the Terah Tali folk dance. Artists, Pooja Kamad (left) and her mother are from Padarla village in Pali district of Jodhpur, Rajasthan
PHOTO • Shalini Singh

ഇടത്ത്: കലാകാരിയും അവതാരകയുമായ ലക്ഷ്മി സപേര ജയ്പുരിലെ നാടോടി കലാകാരന്മാരുടെ ഒരു കൂട്ടായ്മയിൽ. വലത്ത്; തേര താലി നാടോടിനൃത്തം അവതരിപ്പിക്കുന്ന കമദ് സമുദായത്തിലെ ഒരു കുടുംബം. പൂജ കമദും (ഇടത്ത്), അമ്മയും രാജസ്ഥാനിലെ ജോധ്പുരിലെ പാലി ജില്ലയിലെ പദർള ഗ്രാമത്തിൽനിന്നുള്ളവരാണ്

Puppeteers from the Bhaat community in Danta Ramgarh, Sikar district of Rajasthan performing in Jaipur in August 2023.
PHOTO • Shalini Singh
A group of performing musicians: masak (bagpipe), sarangi (bow string), chimta (percussion) and dafli (bass hand drum)
PHOTO • Shalini Singh

രാജസ്ഥാനിലെ സികാർ ജില്ലയിലെ ദന്ത രാംഘറിലെ ഭാട്ട് സമുദായത്തിൽനിന്നുള്ള പാവകളിക്കാർ 2023 ഓഗസ്റ്റിൽ ജയ്പുരിൽ പരിപാടി അവതരിപ്പിക്കുന്നു. വലത്ത്: ഒരു കൂട്ടം കലാകാരന്മാർ: മസക് (ബാഗ്പൈപ്പ്), സാരംഗി (തന്ത്രിവാദ്യം), ചിംട്ട (താളവാദ്യം), ദഫ്തി (ബാസ് ഹാൻഡ് ഡ്രം)

“വർഷത്തിൽ, വിവാഹം നടക്കുന്ന ഏതാനും മാസങ്ങൾ മാത്രമേ ഞങ്ങൾക്ക് പണിയുള്ളു. ബാക്കി ദിവസങ്ങൾ വീട്ടിൽ വെറുതെ ഇരിക്കേണ്ടിവരുന്നു. ഈ പദ്ധതിപ്രകാരം, സ്ഥിരമായ ഒരു വരുമാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന് ലക്ഷ്മി സപേര പറയുന്നു. ജയ്പുരിനടുത്തുള്ള മെഹ്‌ലാൻ ഗ്രാമത്തിലെ 28 വയസ്സുള്ള കൽബെലിയ കലാകാരിക്ക് പ്രതീക്ഷയുണ്ടെങ്കിലും, “എന്റെ കുട്ടികൾക്ക് താത്പര്യമില്ലെങ്കിൽ ഞാൻ അവരെ ഇത് പഠിക്കാൻ നിർബന്ധിക്കില്ല. നന്നായി പഠിച്ച് വല്ല ജോലിയും കിട്ടുന്നതാണ് നല്ലത്”, എന്ന് അവർ കൂട്ടിച്ചേർത്തു.

“2021-ലെ മഹാവ്യാധികാലത്ത് ഏറ്റവും ദുരിതമനുഭവിച്ചവർ നാടോടി കലാകാരന്മാർ - ‘സംസ്ഥാനത്തിന്റെ ജീവിച്ചിരിക്കുന്ന കലകളും കരവേലകളും’ ആണ്. അവർക്കൊരു സഹായം ആവശ്യമാണ്. അതല്ലെങ്കിൽ അവർ ഈ കലകൾ ഉപേക്ഷിച്ച് തൊഴിലുറപ്പ് പണിക്ക് പോകും”, ജവർഹർ കലാകേന്ദ്രയുടെ ഡയറക്ടർ ജനറലായ ഗായത്രി എ. രാത്തോർ പറയുന്നു. കോവിഡ് 19ന്റെ സമയത്ത്, എല്ലാ കലാപരിപാടികളും ഒറ്റയടിക്ക് നിന്നുപോവുകയും കലാകാരന്മാർക്ക് ആളുകളുടെ ഔദാര്യത്തിൽ മാത്രം ജീവിക്കേണ്ടിവരികയും ചെയ്തു.

“മഹാവ്യാധികാലത്ത് ഞങ്ങളുടെ സമ്പാദ്യമെല്ലാം നഷ്ടമായി. ഈ കലാകാര കാർഡുപയോഗിച്ച്, സ്ഥിതിഗതികൾ അല്പം മെച്ചപ്പെടുമെന്ന് തോന്നുന്നു”, പൂജ കമദ് പറയുന്നു. ജോധ്പുരിലെ പാലി ജില്ലയിലെ പദർള ഗ്രാമത്തിൽനിന്നുള്ള തേര താലി കലാകാരിയാണ് 26 വയസ്സുള്ള പൂജ.

“മംഗണിയാർ പോലുള്ള നാടോടിസംഗീതത്തിൽ (പടിഞ്ഞാറേ രാജ്സ്ഥാനിലെ പഴയ ഗായകരുടെ സമുദായം) കേവലം ഒരു ശതമാനം കലാകാരന്മാർക്കുമാത്രമേ വിദേശത്തൊക്കെ പോയി പരിപാടികൾ അവതരിപ്പിക്കാൻ സാധിക്കുന്നുള്ളു. ബാക്കി 99 ശതമാനത്തിനും ഒന്നും കിട്ടുന്നില്ല”, മുകേഷ് ഗോസ്വാമി പറയുന്നു. കൽബേലിയക്കാരിൽ (പാമ്പാട്ടികളെന്നും നർത്തകരെന്നും അറിയപ്പെട്ടിരുന്ന നാടോടി സംഘങ്ങൾ) തിരഞ്ഞെടുക്കപ്പെട്ട ഏതാണ്ട് 50 കലാകാരന്മാർക്ക് മാത്രമാണ് തൊഴിലുള്ളത്. ബാക്കിയാർക്കും ഒന്നും കിട്ടുന്നില്ല.

‘മഹാവ്യാധികാലത്ത് ഞങ്ങളുടെ സമ്പാദ്യമെല്ലാം നഷ്ടമായി. ഈ കലാകാര കാർഡുപയോഗിച്ച്, കാര്യങ്ങൾ ഭേദമായേക്കാം. പാലി ജില്ലയിലെ പഡാരിയ ഗ്രാമത്തിലെ തേര താലി കലാകാരി പൂജ കമദ് പറയുന്നു

വീഡിയോ കാണുക: രാജസ്ഥാനിലെ നാടോടി കലാകാരന്മാർ ഒത്തൊരുമിക്കുന്നു

മസ്ദൂർ കിസാൻ ശക്തി സംഘടനിലെ ഒരു പ്രവർത്തകനാണ് ഗോസ്വാമി. “കലാകാരന്മാർക്ക് വർഷം മുഴുവൻ ഒരിക്കലും തൊഴിൽ കിട്ടാറില്ല. ഉപജീവനത്തിനും ആത്മാഭിമാനത്തിനും തൊഴിൽ കൂടിയേ തീരൂ”, അദ്ദേഹം പറയുന്നു. 1990-കൾ മുതൽ മധ്യ രാജസ്ഥാനിലെ തൊഴിലാളികളേയും കൃഷിക്കാരേയും ശാക്തീകരിക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജനകീയ സംഘടനയാണ് എം.കെ.എസ്.എസ്.

പാർശ്വവത്കൃതരായ കലാകാരന്മാർക്ക് സാമൂഹിക സുരക്ഷയും, അടിസ്ഥാന ഉപജീവനമാർഗ്ഗങ്ങളും സർക്കാരിൽനിന്ന് കിട്ടിയാൽ മാത്രമേ അവർ മറ്റ് നഗരങ്ങളിലേക്ക് പലായനം ചെയ്യാതിരിക്കൂ. “അദ്ധ്വാനമെന്നതും ഒരു കലയാണ്”, ഗോസ്വാമി ചൂണ്ടിക്കാണിക്കുന്നു.

പുതിയ പദ്ധതിപ്രകാരം അവർക്ക്, കലാകാരന്മാരെന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഒരു തിരിച്ചറിയൽ കാർഡ് ലഭിക്കും. സർക്കാരിന്റെ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അവർക്ക് അർഹതയുണ്ടായിരിക്കും. സർപാഞ്ച് വിവരങ്ങൾ പരിശോധിച്ച് അംഗീകരിച്ചാൽ, അവരുടെ അക്കൌണ്ടുകളിൽ പണമെത്തും.

“ഞങ്ങൾ ബഹുരൂപിരൂപങ്ങൾ അവതരിപ്പിക്കുന്നു”, അക്രം ഖാൻ പറയുന്നു. ബഹുരൂപി എന്ന കലാരൂപത്തിൽ കലാകാരന്മാർ, മതപരവും ഇതിഹാസ-പുരാണപരവുമായ വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നു. രാജസ്ഥാനിൽ ഉത്ഭവിച്ച്, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് സഞ്ചരിച്ച കലാരൂപമാണിതെന്ന് കരുതപ്പെടുന്നു. “ചരിത്രപരമായി പറഞ്ഞാൽ, ഈ കലാരൂപത്തിന്റെ സംരക്ഷകർ, അവരുടെ വിനോദത്തിനായി കലാകാരന്മാരോട് വിവിധ മൃഗങ്ങളുടെ വേഷങ്ങൾ കെട്ടാൻ പറയുകയും അത് ചെയ്താൽ, ഭക്ഷണവും ഭൂമിയും ദാനം ചെയ്ത് ഞങ്ങളെ സംരക്ഷിക്കുകയുമാണ് ചെയ്തുവന്നിരുന്നത്”, അദ്ദേഹം പറയുന്നു.

ഹിന്ദുക്കളും മുസ്ലിമുകളും പങ്കെടുക്കുന്ന ഈ കലാരൂപത്തിൽ ഇപ്പോൾ ഏകദേശം 1,000 കലാകാരന്മാർ മാത്രമേ ബാക്കിയുണ്ടാവൂ എന്ന് ഖാൻ പറയുന്നു.

Left: The Khan brothers, Akram (left), Feroze (right) and Salim (middle) are Bahurupi artists from Bandikui in Dausa district of Rajasthan.
PHOTO • Shalini Singh
Right: Bahurupi artists enact multiple religious and mythological roles, and in this art form both Hindu and Muslim communities participate
PHOTO • Shalini Singh

ഇടത്ത്: ഖാൻ സഹോദരന്മാരായ അക്രം (മഞ്ഞ മുഖം), ഫിറോസ് (നീല ഉടുപ്പ്) , സലിം എന്നിവർ രാജസ്ഥാനിലെ ദൌസ ജില്ലയിലെ ബന്ദികുയിൽനിന്നുള്ള ബഹുരൂപി കലാകാരന്മാരാണ്. വലത്ത്: മതപരവും ഇതിഹാസ-പുരാണപരവുമായ വേഷങ്ങൾ അഭിനയിക്കാറുള്ള ബഹുരൂപി കലാകാരന്മാരിൽ ഹിന്ദു, മുസ്ലിം സമുദായങ്ങളിൽനിന്നുള്ളവരുണ്ട്

Left: Members of the Bhopas community playing Ravanhatta (stringed instrument) at the folk artists' mela
PHOTO • Shalini Singh
Right: Langa artists playing the surinda (string instrument) and the been . Less than five artists left in Rajasthan who can play the surinda
PHOTO • Shalini Singh

ഇടത്ത്: നാടോടി കലാകാരന്മാരുടെ ഉത്സവത്തിൽ ഭോപാസ് സമുദായക്കാരായ അംഗങ്ങൾ രാവണഹട്ട (തന്ത്രിവാദ്യം) വായിക്കുന്നു. വലത്ത്: ലംഗ കലാകാരന്മാർ സുരിന്ദയും (തന്ത്രിവാദ്യാം) ബീനും വായിക്കുന്നു. രാജസ്ഥാനിൽ, സുരിന്ദ വായിക്കാനറിയുന്ന കലാകാരന്മാർ അഞ്ചിൽ താഴെ മാത്രമേ ഉള്ളൂ

“ഈ പദ്ധതി നിയമമായാൽ, സർക്കാർ മാറിയാലും ജോലി ഉറപ്പാവും” എന്ന് എം.കെ.എസ്.എസ്. പ്രവർത്തക ശ്വേത റാവു പറയുന്നു. ഓരോ കുടുംബത്തിനും 100 ദിവസത്തെ തൊഴിൽ എന്നതിനുപകരം, ഓരോ കലാകാരനും 100 ദിവസത്തെ തൊഴിൽ ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്ന് അവർ പറയുന്നു. “ആവശ്യമുള്ള കലാകാരന്മാർക്ക് – വിദൂര ഗ്രാമങ്ങളിൽ, ജാജ്മാനിയുടെ (സംരക്ഷണയിൽ) സഹായത്തോടെ അവതരണം നടത്തുന്നവരെ ഇതിൽ ബന്ധപ്പെടുത്തുകയും ഗുണഭോക്താക്കളാക്കുകയും വേണം”.

2023 മേയ്-ഓഗസ്റ്റിനുള്ളിൽ 13,000-ത്തിനും 14,000-ത്തിനുമിടയിൽ കലാകാരന്മാർ ഈ പുതിയ പദ്ധതിയിൽ ചേരുന്നതിന് അപേക്ഷ നൽകി. ഓഗസ്റ്റ് വരെ 3,000 അപേക്ഷകർക്ക് അംഗീകാരം കിട്ടി, ഉത്സവത്തിനുശേഷം, അപേക്ഷകരുടെ എണ്ണം 20,000-25,000 ആയി വർദ്ധിക്കുകയും ചെയ്തു.

ഓരോ കലാകാര കുടുംബത്തിനും സംഗീതോപകരണം വാങ്ങാൻ ഒറ്റത്തവണയായി 5,000 രൂപ കൊടുക്കുന്നുണ്ട്. “ഇനി ചടങ്ങുകളുടെ ഒരു കലണ്ടർ ഞങ്ങൾ തയ്യാറാക്കണം, കാരണം, കലാകാരന്മാരുടെ സ്വന്തം ജില്ലകളിൽത്തന്നെ, കലയ്ക്കും സംസ്കാരത്തിനും ഒരു ഇടവും കിട്ടുന്നില്ല. അതിനുശേഷം, സർക്കാരിന്റെ സന്ദേശങ്ങൾ ആ കലാരൂപവും പ്രാദേശിക ഭാഷയും ഉപയോഗിച്ചുതന്നെ പ്രചരിപ്പിക്കണം”, രാത്തോർ പറയുന്നു.

അവതരിപ്പിക്കപ്പെടുന്ന നാടോടി കലാരൂപങ്ങൾക്കായി ഒരു സ്ഥാപനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മുതിർന്ന കലാകാരന്മാർക്ക് അവരുടെ അറിവുകൾ സമുദായത്തിനകത്തും പുറത്തും പങ്കിടാൻ അതുവഴി സാധിക്കും.

കലാകാരന്മാരുടെ തൊഴിൽ നിലനിർത്താനും രേഖപ്പെടുത്തിവെക്കാനും, അറിവുകളൊന്നും നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കും.

പരിഭാഷ: രാജീവ് ചേലനാട്ട്

Shalini Singh

শালিনী সিং পারি-র পরিচালনের দায়িত্বে থাকা কাউন্টারমিডিয়া ট্রাস্টের প্রতিষ্ঠাতা অছি-সদস্য। দিল্লি-ভিত্তিক এই সাংবাদিক ২০১৭-২০১৮ সালে হার্ভার্ড বিশ্ববিদ্যালয়ে নিম্যান ফেলো ফর জার্নালিজম ছিলেন। তিনি পরিবেশ, লিঙ্গ এবং সংস্কৃতি নিয়ে লেখালিখি করেন।

Other stories by শালিনী সিং
Video Editor : Urja

উর্জা পিপলস্‌ আর্কাইভ অফ রুরাল ইন্ডিয়ার সিনিয়র অ্যাসিস্ট্যান্ট ভিডিও এডিটর পদে আছেন। পেশায় তথ্যচিত্র নির্মাতা উর্জা শিল্পকলা, জীবনধারণ সমস্যা এবং পরিবেশ বিষয়ে আগ্রহী। পারি’র সোশ্যাল মিডিয়া বিভাগের সঙ্গেও কাজ করেন তিনি।

Other stories by Urja
Editor : PARI Desk

আমাদের সম্পাদকীয় বিভাগের প্রাণকেন্দ্র পারি ডেস্ক। দেশের নানান প্রান্তে কর্মরত লেখক, প্ৰতিবেদক, গবেষক, আলোকচিত্ৰী, ফিল্ম নিৰ্মাতা তথা তর্জমা কর্মীদের সঙ্গে কাজ করে পারি ডেস্ক। টেক্সক্ট, ভিডিও, অডিও এবং গবেষণামূলক রিপোর্ট ইত্যাদির নির্মাণ তথা প্রকাশনার ব্যবস্থাপনার দায়িত্ব সামলায় পারি'র এই বিভাগ।

Other stories by PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat