നവശ്യ കുവ്‌ര ദക്ഷിണ മുംബൈയിലെ ആസാദ്‌ മൈദാനിയില്‍ നൃത്തം ചെയ്യുന്ന 40 പ്രതിഷേധക്കാര്‍ക്കുവേണ്ടി ദുംസി (ഡ്രം) വായിച്ചു തീര്‍ത്തതേ ഉണ്ടായിരുന്നുള്ളൂ. വിശ്രമിക്കാനിരുന്ന അദ്ദേഹത്തെ രാത്രി 11 മണിയോടുകൂടി മൂന്നുപേര്‍ സമീപിച്ചു.

“കല്യാണമാണോ? എന്നാണ്‌?” നവശ്യ ചോദിച്ചു. സംസാരിച്ചു ഫോണ്‍ നമ്പറും കൈമാറിയ ശേഷം മൂവരും നടന്നകന്നു. “എനിക്ക്‌ ഒരവസരവും കൂടി കിട്ടി”, ജനുവരി 25-ന്‌ മൈതാനിയില്‍ തനിക്കൊപ്പമുണ്ടായിരുന്ന കര്‍ഷകരുടെ നേരെ തിരിഞ്ഞുകൊണ്ട്‌ നിറഞ്ഞ പുഞ്ചിരിയോടെ നവശ്യ പറഞ്ഞു.

ഡഹാണു താലൂക്കിലെ കിന്‍വ്ലിയെന്ന ഗ്രാമത്തില്‍ നവശ്യയും ഭാര്യ ബിജ്‌ലിയും അഞ്ചേക്കര്‍ വനഭൂമിയില്‍ നെല്ലും അണിച്ചോളവും തുവരയും കൃഷി ചെയ്യുന്നു. കൃഷിഭൂമിയിലല്ലാത്ത സമയങ്ങളില്‍ 55-കാരനായ ഈ കര്‍ഷകന്‍ തന്‍റെ കലാ പ്രകടനങ്ങളുടെ തിരക്കിലായിരിക്കും. മാസത്തില്‍ 10-15 വിവാഹാഘോഷങ്ങളില്‍ അദ്ദേഹം പണമൊന്നും വാങ്ങാതെ ധുംസി കൊട്ടും. യാത്ര, ഭക്ഷണം, താമസം എന്നിവയുടെ ചിലവുകള്‍ സംഘാടകര്‍ വഹിക്കും. “മിക്കപ്പോഴും നാസിക്കിലായിരിക്കും ഞാന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്‌. പുറത്തും അവതരിപ്പിക്കാറുണ്ട്. താനെയിലും, ഗുജറാത്തിലും പോലും ഞാന്‍ പോയിട്ടുണ്ട്‌”, നവശ്യ പറഞ്ഞു.

അദ്ദേഹം ദുംസി കൊട്ടാന്‍ തുടങ്ങിയിട്ട്‌ 40 വര്‍ഷമാകുന്നു. “ഗ്രാമത്തിലെ മറ്റു സംഗീതഞ്‌ജരില്‍ നിന്ന്‌ കേട്ടു പഠിച്ചതാണ്‌ ഞാന്‍”, അദ്ദേഹം പറഞ്ഞു.

വീഡിയോ കാണുക – സംഗീതത്തിന്‍റെ അലയൊലികള്‍: ആസാദ്‌ മൈദാനിലെ കര്‍ഷക സമരത്തില്‍ താര്‍പ്പയും ദുംസിയും വായിക്കുമ്പോള്‍.

“വിവാഹമോ മറ്റ്‌ ആഘോഷങ്ങളോ ഉണ്ടെങ്കില്‍ ഞങ്ങള്‍ ഈ നൃത്തം അവതരിപ്പിക്കും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഞങ്ങള്‍ക്ക്‌ ദിവസങ്ങളോളം ഇങ്ങനെ നൃത്തം ചെയ്യാനാകും, ഒരിക്കലും മടുക്കില്ല.” കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15,000 പ്രതിഷേധക്കാര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തതുകൊണ്ടാണ് ഇത്തവണ നൃത്തം അവതരിപ്പിച്ചത്. സംയുക്ത ശേത്‌കരി കാംഗാര്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ 21 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ ജനുവരി 23-ന്‌ വൈകുന്നേരം വാഹന ജാഥയായി നാസിക്കില്‍ നിന്നു തുടങ്ങി 180 കിലോമീറ്ററുകള്‍ 2 ദിവസംകൊണ്ട്‌ സഞ്ചരിച്ചാണ്‌ എത്തിയത്‌.

ജനുവരി 23-ന്‌ പാല്‍ഘര്‍ ജില്ലയിലെ വീട്ടില്‍ നിന്നു പുറപ്പെട്ട നവശ്യ രണ്ടാം ദിനം 25-ന്‌ വൈകുന്നേരം വരെ തളരാതെ ദുംസി കൊട്ടിക്കൊണ്ടിരിക്കുകയായിരുന്നു.  “എനിക്കിത്‌ പരിചിതമാണ്‌. വിവാഹത്തിന് രാത്രിയിലും ഞാന്‍ കൊട്ടും”, അദ്ദേഹം പറഞ്ഞു.

“എന്‍റെ സമുദായത്തിലെ എല്ലാവര്‍ക്കും ഈ നൃത്തരൂപം അറിയാം”, ആദിവാസി സമുദായത്തിലെ വാര്‍ളി വിഭാഗത്തില്‍പ്പെടുന്ന നവശ്യ പറഞ്ഞു. ഇതൊരു പട്ടിക വര്‍ഗ്ഗ വിഭാഗമാണ്‌. ഡഹാണു താലൂക്കിലെ ധാമന്‍ഗാവ് ഗ്രാമത്തില്‍ നിന്നുള്ള 53-കാരിയായ തായികകഡെ ഥാപ്പര്‍ എന്ന വാര്‍ളി ആദിവാസി വിഭാഗത്തില്‍പ്പെട്ട കര്‍ഷകയായിരുന്നു അദ്ദേഹത്തോടൊപ്പം ഇരുന്നത്. “ദസറയുടെ സമയത്താണ്‌ ഗ്രാമത്തിലെ ഉത്സവങ്ങളും ആരംഭിക്കുന്നത്‌. ആ സമയത്താണ്‌ ഗ്രാമത്തിലെ വിതയും നടക്കുന്നത്”, ഥാപ്പര്‍ പറഞ്ഞു. ദസറ ആഘോഷങ്ങള്‍ തൊട്ട്‌ ദീപാവലി വരെ [നവംബര്‍] ഞങ്ങള്‍ ഈ നൃത്തം ചെയ്താഘോഷിക്കും. അങ്ങനെയാണ്‌ ഞാനും പഠിച്ചത്‌.”

ഡഹാണു താലൂക്കിലെയും അടുത്ത താലൂക്കുകളിലെയും നര്‍ത്തക-സമരക്കാര്‍ വിവിധ ആദിവാസി സമുദായങ്ങളില്‍ നിന്നുള്ളവരാണ്‌. താഴെപ്പറയുന്നവയാണ് അവര്‍ എതിര്‍ക്കുന്ന മൂന്നു നിയമങ്ങള്‍: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി നിലവിലുള്ള സര്‍ക്കാര്‍ തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

Navshya Kuvra (left), along with Taikakde Thapad (in red saree, centre) and other Adivasi women, and Navji Hadal (right) were among the performers at Azad Maidan
PHOTO • Riya Behl
Navshya Kuvra (left), along with Taikakde Thapad (in red saree, centre) and other Adivasi women, and Navji Hadal (right) were among the performers at Azad Maidan
PHOTO • Riya Behl
Navshya Kuvra (left), along with Taikakde Thapad (in red saree, centre) and other Adivasi women, and Navji Hadal (right) were among the performers at Azad Maidan
PHOTO • Riya Behl

നവശ്യ കുവ്‌ര (ഇടത്‌); തായികകഡെ ഥാപ്പറും (ചുവന്ന സാരിയില്‍, മദ്ധ്യത്തില്‍) മറ്റ്‌ ആദിവാസി സ്‌ത്രീകളും; നവ്‌ജി ഹാഡല്‍ (വലത്‌) എന്നിവരൊക്കെയായിരുന്നു ആസാദ്‌ മൈതാനത്തുണ്ടായിരുന്ന കലാകാരന്മാര്‍.

കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്കു താങ്ങാകാവുന്ന എല്ലാത്തിനെയും അവ ദുര്‍ബ്ബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

“സര്‍ക്കാരിന്‍റെ മൂന്ന്‌ നിയമങ്ങളും പാടത്തു പണിയെടുക്കുന്നവര്‍ക്കെതിരാണ്”, രാവിലെ മുതല്‍ സ്ഥിരമായി കുറഞ്ഞ ശബ്ദത്തില്‍ ഇടവിട്ട് താര്‍പ്പ (കുഴല്‍ വാദ്യം) വായിച്ചുകൊണ്ടിരുന്ന നാരായണ്‍ ഗോര്‍ഖാന പറഞ്ഞു. “അതുകൊണ്ടാണ്‌ ഞങ്ങളിവിടെ വന്നിരിക്കുന്നത്‌. പട്ടിക വര്‍ഗ്ഗമായ കോലി മല്‍ഹാര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഗോര്‍ഖാന പാല്‍ഘര്‍ പ്രദേശത്തെ ഓസര്‍വീരാ ഗ്രാമത്തിലെ ഒരേക്കറിലധികമുള്ള വനഭൂമിയില്‍ നെല്ലും റാഗിയും അരിച്ചോളവും മറ്റു വിളകളും കൃഷിചെയ്യുന്നു.

അറുപതു വയസ്സുള്ള നവ്ജി ഹാഡല്‍ ആണ് ഡഹാണുവില്‍ നിന്നും അസാദ് മൈതാനത്തെത്തി താര്‍പ്പ വായിക്കുന്ന മറ്റൊരു കലാകാരന്‍. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം കലാപ്രകടനം തുടരുന്നു. “ഞാന്‍ അഞ്ചേക്കറില്‍ കൃഷി ചെയ്യുന്നു. എന്നാല്‍ ഒരേക്കറിനു മാത്രമെ ഭൂഅവകാശ രേഖയുള്ളൂ”, 2006-ലെ വനാവകാശ നിയമ പ്രകാരം സ്വന്തമായുള്ള ഒരേക്കറിന്‍റെ കാര്യം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ നിയമപ്രക്രാരമുള്ള അവകാശങ്ങള്‍ മഹാരാഷ്ടയിലെ ആദിവാസി കര്‍ഷകര്‍ അവരുടെ സമരങ്ങളിൽ ആവർത്തിച്ചുന്നയിച്ചു കൊണ്ടിരിക്കുന്നു. “ഈ മൂന്ന്‌ നിയമങ്ങളിലൂടെ നിരവധി കമ്പനികള്‍ കൃഷി രംഗത്തേക്കു വരും. അവർ നമുക്കുവേണ്ടി വില നിശ്ചിക്കും. ഞങ്ങൾക്കതു താത്പര്യമില്ല.”

കവര്‍ ഫോട്ടോ: ഊര്‍ണ്ണ റൗട്ട്

പരിഭാഷ ചെയ്യുന്നതില്‍ സഹായിച്ചതിന് പാര്‍ത്ഥ് എം. എന്‍.-നോടു നന്ദി പറയുന്നു.

പരിഭാഷ: അനിറ്റ് ജോസഫ്

Oorna Raut

ঊর্ণা রাউত পিপলস আর্কাইভ অফ রুরাল ইণ্ডিয়ার গবেষণা সম্পাদক।

Other stories by Oorna Raut
Riya Behl

রিয়া বেহ্‌ল পিপলস্‌ আর্কাইভ অফ রুরাল ইন্ডিয়ায় (পারি) কর্মরত বরিষ্ঠ সহকারী সম্পাদক। মাল্টিমিডিয়া সাংবাদিক রিয়া লিঙ্গ এবং শিক্ষা বিষয়ে লেখালিখি করেন। এছাড়া তিনি পারির সঙ্গে কাজে আগ্রহী পড়ুয়াদের মধ্যে কাজ করেন, অন্যান্য শিক্ষাবিদের সঙ্গে পারির কাহিনি স্কুল-কলেজের শিক্ষাক্রমে অন্তর্ভুক্তির জন্যও রিয়া প্রয়াসী।

Other stories by Riya Behl
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph